Wednesday, December 31, 2008
പ്രതീക്ഷ + പ്രണയം + പ്രശംസ = ജീവിതം
കഴിഞ്ഞ ദിവസം 'സാന്ത്വന'യില്‍ കൌണ്സിലിംഗ് ഫോറം മാസം തോറും നടത്താറുള്ള യോഗം ഉണ്ടായിരുന്നു. മി.സ്ടീഫെന്‍ ആണ് വിളിച്ചു പറഞ്ഞത്. 21-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങി. 10 പേര്‍ ഉണ്ടായിരുന്നു. പ്രത്യേക അജണ്ട ഒന്നും ഇല്ല. അനുഭവങ്ങളും അറിവുകളും ചിന്തകളും പന്കുവയ്ക്കാന്‍ ഒരു വേദി. അത്രമാത്രം. യാതൊരു ഔപചാരികതകളും ഇല്ലാത്ത ഒരു കൂടിച്ചേരല്‍... നന്നായിരുന്നു.
പുതുശ്ശേരി (Fr.Varghese Puthussery) അച്ചനും ഇടയ്ക്ക് വന്നു. കേക്ക് മുറിച്ചു. ക്രിസ്തുമസ് സന്ദേശം നല്കി. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ഇതാണല്ലോ ക്രിസ്തുമസ് നല്കുന്ന സന്ദേശം. സമാധാനം എങ്ങിനെ വളര്‍ത്താം - എന്നതായിരുന്നു ഇന്നത്തെ ചിന്താവിഷയം. അച്ചന്‍ ഒരു കഥ പറഞ്ഞു:അടുത്ത വീട്ടില്‍ വലിയ ഒച്ചപ്പാടും ബഹളവും നടക്കുന്നത് കേട്ടു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. മനുഷ്യ അപ്പുറത്തെ വീട്ടില്‍ വല്യ ബഹളം കേട്ടില്ലേ, നിങ്ങള്‍ക്കൊന്നു പോയി നോക്കികൂടെ. അയാള്‍ ഗൌനിച്ചില്ല. ഭാര്യ വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
ഒടുവില്‍ അയാള്‍ വാ തുറന്നു: "എടീ ഞാന്‍ അവിടെ പോയിരുന്നു; അതാ ഈ കേള്‍ക്കുന്ന ബഹളത്തിനു കാരണം".
സമാധാനം സ്ഥാപിക്കുന്നതില്‍/വളര്‍ത്തുന്നതില്‍ കൂടുതല്‍ അന്യന്റെ സമാധാനം കെടുത്തുന്നതില്‍ നമ്മുടെ പങ്കെന്താണ്??
മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കുന്നതിലൂടെ മാത്രമെനമുക്കും സമാധാനം ലഭിക്കൂ. "കൊടുക്കുവിന്‍; നിങ്ങള്‍ക്കും നല്‍കപ്പെടും" എന്ന് യേശു ദേവന്‍ പറഞ്ഞതു ഈ അര്‍ത്ഥത്തിലാണ്.
മുകളില്‍ കൊടുത്ത സമവാക്യം നാരായണന്‍ കുട്ടി സര്‍ (ബാങ്ക് ഓഫ് ബറോഡ) പങ്കുവച്ചതാണ്. 3 പ്ര = ജീവിതം. നല്ല ആശയമായി തോന്നി. ഈ 'പ്ര' കള്‍ ഇല്ലാത്തതാണോ ഇന്നു കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണം?
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!!!
Sunday, November 23, 2008
ഒരു ദിനസരി (22 നവം. ശനിയാഴ്ച)
ചില ആത്മഹത്യചിന്തകള്‍. രാവിലെ നല്ല നടുവ് വേദന. വേദനകള്‍ മരിക്കുന്നില്ല. . . മനസിനകത്ത് ഒരു ശൂന്യത. മൂഡ് ഓഫ് ??!! ഉച്ചക്ക് കവിതയും കെസ്നയും ഒത്തു 'ലഞ്ച്' പറഞ്ഞിരുന്നു. RFC യില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ അവിടെ വല്ലാത്ത തിരക്ക്. സീറ്റ് കിട്ടിയില്ല. പിന്നെ 'ഫ്രൈസ് വില്ലജ്' - ഇല്‍ പോയി. ഭക്ഷണം കഴിച്ചു പിരിഞ്ഞു. കവിതയ്ക്ക് ഉച്ച കഴിഞ്ഞും ജോലി ഉണ്ടായിരുന്നു. ഈ get-to-gether ഒരു സുഖമായില്ല. ഒരു തരം മൂഡ് ഓഫ്!!
എന്തോ ഒരു മിസ്സിംഗ് പോലെ. (തോന്നിയതായിരിക്കാം) ഉച്ച കഴിഞ്ഞു നേരെ 'ചവറ ലൈബ്രറിയില്‍' പോയി. ഒന്നര വര്‍ഷത്തിനുശേഷം!! ഒരു 'ഓഷോ' കയ്യില്‍ ഉണ്ടായിരുന്നു. മടക്കി കൊടുത്തു 'സെറ്റില്‍മെന്റ്' നടത്തി. കുറച്ചു നേരം വാരികകള്‍ വായിച്ചിരുന്നു. രണ്ടു പുസ്തകങ്ങള്‍ എടുത്തു - സര്‍വീസ് സ്റ്റോറി (മലയാറ്റൂര്‍) താവോ (ഓഷോ) .രാവിലെ മണി ചേച്ചി (സി.മേഴ്സിലിറ്റ്) വിളിച്ചിരുന്നു. പാലാരിവട്ടത്ത് ഉണ്ട് കാണാമോ എന്ന് ചോദിച്ചു. ലൈബ്രറിയില്‍ നിന്നും നേരെ പാലാരിവട്ടം 'ലോരെട്ടോ' ആരാധനാമഠം. ചേച്ചി അവിടെ ഉണ്ടായിരുന്നു. ചായ കുടിച്ചു. കുറെ നേരം സംസാരിച്ചിരുന്നു. വീടുകാര്യം, നാട്ടുകാര്യം. പാവം കന്യാസ്ത്രീകള്‍ക്ക് മുഖമുയര്‍ത്തി നടക്കാന്‍ സാധിക്കാത്ത കാര്യം. (ആലുവ മൊബൈല്‍ ക്ലിപ്പ്, അഭയാ കേസ്) ശവത്തില്‍ കുത്തുന്ന 'മല്ലു ആറ്റിട്ട്യൂട്' - ബസിലും മറ്റും സഞ്ചരിക്കേണ്ടി വരുമ്പോള്‍ നല്ലവരായ ഈ സിസ്റ്റര്‍മാര്‍ക്ക് കേള്‍ക്കേണ്ടി വരുന്ന കമന്റ്സ് കഷ്ടം തന്നെ! ഒരാളുടെ പിഴ മൂലം ഒരായിരം പേര്ക്ക് ശിക്ഷ!! ജിബിയും ശോണിയും ജൈസിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ 7.30 pm നല്ല ഷീണം പിന്നെ മൂഡ് ഓഫ്!! ചുമ്മാ കിടന്നു. ജൈസിയുടെ വീട്ടിലേക്ക് ചെല്ലാന്‍ ജിബി കുറെ വിളിച്ചൂ. പോകാന്‍ തോന്നിയില്ല. കുളികഴിഞ്ഞു ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ വീണ്ടും ദാ... വിളി. അവരെ കൊണ്ടാക്കണം. സമയം 9.15 pm ,, പിന്നെ കാറെടുത്ത് അവിടെ ചെന്നു,,, അവരെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ കവലയില്‍ കൊണ്ടാക്കി വണ്ടി കയറ്റി വിട്ടു. (പത്തരയ്ക്കുള്ളില്‍ അവര്‍ കടുത്തുരുതി - മാന്‍വെട്ടത്തുള്ള സ്വഭവനത്തില്‍ എത്തി; വിളിച്ചു) ഞാന്‍ തിരികെ വന്നു അത്താഴം കഴിഞ്ഞു, മെയില്‍ ഒന്നു നോക്കി. ഷാഹിന ടീച്ചറുടെ ഒരു മെയില്!!?? ഞാന്‍ കുറച്ചു ദിവസം മുന്പ് ഒരു 'ഹായ്' അയച്ചതിന് മറുപടി. പത്തു വര്‍ഷത്തിനു ശേഷം ഉള്ള ഒരു 'Communication' മെയില് കണ്ടപ്പോള്‍ ശരിക്കും ത്രില്‍ ആയി.
Dear jossyyyyy
My goodness HOW CAN I EVER FORGET YOU - JOSSY VARKEY!!!
I will never forget you all .. i still have the card you all sent me when i got my Ph.D.I stii have the bread toaster in working condition.
തുടരുന്നു..
ഈ ദിവസത്തെ എല്ലാ മൂഡ് ഓഫ് -ഉം എങ്ങോട്ടോ ഓടി പോയി!!! എന്നെ കാര്ഷിക സര്‍വ്വ കലാശാലയില്‍ 'എകണോമിക്സ്' പഠിപ്പിച്ച ടീച്ചര്‍. എന്റെ 'അഡവൈസര്‍' കൂടിയായിരുന്നു 'ഷഹീന ടീച്ചര്‍' (ഞങ്ങളുടെ കോളേജില്‍ ഓരോ 10 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറുടെ advisership -നു കീഴില്‍ ആയിരുന്നു. അത് വളരെ നല്ല ഒരു system ആയിരുന്നു) ഇതു പോലെ ഉള്ള ടീച്ചര്‍മാര്‍ ഉണ്ടെങ്കില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകപോലുമില്ല എന്ന് നി:സംശയം പറയാം. അവിടെ പഠിപ്പിച്ച സുജാത മിസ്, വനജ മിസ്, പദ്മിനി മിസ് , ഉഷ മിസ് തുടങ്ങിയവരെല്ലാം അധ്യാപനത്തിലുപരി സ്നേഹം കൊണ്ടു ഞങ്ങളുടെ മനസ്സുകളെ കീഴടക്കിയ ഗുരുക്കന്മാരായിരുന്നു. സര്‍വ്വകലാശാല രാഷ്ട്രീയ അതിപ്രസരംകൊണ്ടു അസ്വസ്തമായിരുന്നെന്കിലും ചില നല്ല അധ്യാപകരുടെ മഹത്വം എടുത്തു പറയേണ്ടത് തന്നെ.
ചില നല്ല ചിന്തകളാല്‍ ഉറക്കത്തിലേക്കു പോയി.
ഞായറാഴ്ച വീട്ടില്‍ തന്നെ.
വീട് ശുചീകരണം, വസ്ത്ര ശുചീകരണം, ഒക്കെയായി പോയി. അജിത ഈ ആഴ്ച വന്നില്ല - ജൈസിയുടെ 'ഗൃഹ പ്രവേശം' കഴിഞ്ഞു വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തിന് പോയത്. ഇന്നു അവിടെ ഒരു 'Exam duty' ഉണ്ടുതാനും. ആര്‍വിനും ആര്ഷയും വീട്ടിലുണ്ടായിരുന്നു. (അവരെ വീട്ടിലാക്കി ജൈസിയും സിജിയും ഒരു മാമോദീസ കൂടാന്‍ പോയി)
ഉച്ചയുറക്കം കഴിഞ്ഞു ഞാന്‍ പ്രകാശം സാറിന്റെ കല്യാണം അനുബന്ടിച്ചു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പിറവം - അടുത്ത് ഓണക്കൂര്‍ വരെ പോയി. (ശ്രീ.പ്രകാശം ചോറ്റാനിക്കരയില്‍ ഒരുമിച്ചു പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകന്‍ ആണ്. ഇപ്പോള്‍ ട്രെഷറിയില്‍ ജോലി ചെയ്യുന്നു)
മൂഡ് ഓഫ് ... ഇതെന്തായിങ്ങനെ? [ആത്മഹത്യ ചെയ്തവരോട്]
ഇന്നലെ കുറച്ചു വൈകിയാണ് ഉറങ്ങിയത്. 'ജയ് ഹിന്ദ്' ടി.വി.യില്‍ ആലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയെ ക്കുറിച്ച് ഒരു ഡോകുമെന്ററി ഉണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്പ് സത്കാര്യങ്ങള്‍ ചിന്തിക്കണം എന്നറിയാമെങ്കിലും ആ പരിപാടി കണ്ടിരുന്നു. മനസ്സിനെ ഒരുച്ചുഴിയിലെയ്ക്ക് കൊണ്ടു പോകുന്ന ചില ചോദ്യങ്ങള്‍ നല്‍കികൊണ്ട് അര മണിക്കൂര്‍ നീണ്ടു ആ പരിപാടി . ജീവിക്കാനുള്ള ആര്‍ത്തി ഒരു വശത്ത് ; ജീവിതം മടുത്ത യൌവനം മറുവശത്ത്. ഈ അടുത്ത ദിവസങ്ങളില്‍ ഒരുപാടു 'പ്ലസ് 2' വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ടു. വീടിനടുത്തും ഒരു പതിമൂന്നു കാരി ജീവിത അവസാനിപ്പിച്ചു. അമ്മ ചീത്ത പറഞ്ഞതിന്?
കൌമാര ക്കാരുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യക്ക് പലരും പല കാരണങ്ങള്‍ പറയുന്നുണ്ട്.
ടി.വി ചാനലുകളില്‍ നിറയുന്ന സീരിയലുകള്‍ ..
അനിയന്ത്രിതമായ മൊബൈല്‍ ബന്ധങ്ങള്‍ ..
മാതാപിതാക്കളുടെ അമിത വാത്സല്യം
ജീവിതത്തില്‍ വളര്ന്നു [വളര്‍ത്തി കൊണ്ടു]വരുന്ന അമിത പ്രതീക്ഷകള്‍ ...
പ്രണയങ്ങള്‍, വാണിഭസംഘങ്ങള്‍, വളകള്‍, ഇരകള്‍ ..
ഇതിനും അപ്പുറത്ത് എന്തെങ്കിലും ഉണ്ടോ? കുറച്ചു കാലം മുന്പ് കണ്ട ഒരു സിനിമ ഓര്മ വന്നു. 'ഗ്ലൂമി സണ്‍ഡേ' ഇതു ഒരു ഗാനത്തേയും അത് പ്രചരിപ്പിച്ച ആത്മഹത്യാ പ്രവണതയെയും കുറിച്ചുള്ളതാണ്. എനിക്ക് വിശ്വസിക്കാനായില്ലെന്കിലും അതൊരു സത്യമാണെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവം ആണെന്നും പിന്നീട് 'ഇന്റര്നെറ്റ്' പരതിയപ്പോള്‍ മനസ്സിലായി.
ഈ അടുത്ത കാലത്തെ ആത്മഹത്യകള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം എന്തോ ഒരു 'ഗ്ലൂമിനെസ്' പടര്‍ന്നിട്ടുണ്ടോ എന്ന് സംശയം. ഇത്തരത്തില്‍ ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. കേരളത്തിന്റെ കാലാവസ്ഥ, പ്രവാസ ജീവിതങ്ങള്‍, പണക്കൊഴുപ്പ്, സാമൂഹിക ക്രമം .. എന്നിവയുടെ പ്രത്യേകത കൊണ്ടു ഒത്തിരി പ്രതീക്ഷകള്‍ കൂടുകയും മോഹഭംഗങ്ങള്‍ കൂടുകയും തല്‍ഭലമായി ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നതായി തോന്നുന്നു.
ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊക്കെ കിട്ടണം. ഇല്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ല. എന്ന ചിന്താഗതി വളര്ന്നു വരുന്നു. ചെറിയ ചെറിയ പരാജയങ്ങളും മോഹഭംഗങ്ങളും പോലും താങ്ങാന്‍ ഉള്ള ശക്തിയില്ലാത്ത ഒരു തലമുറ വളര്ന്നു വരുന്നു!!
ജീവിതത്തില്‍ ജീവിക്കാന്‍ പഠിക്കാന്‍ മറന്നു പോയാല്‍ പിന്നെ ജീവിതമെന്തു. എന്ത് പഠിച്ചിട്ടു എന്ത് കാര്യം??!!
ഓര്‍ക്കുട്ട് -ഉം എസ്.എം.എസ് -ഉം റിയാലിറ്റി ഷോ - കളും കെട്ടുകാഴ്ചകള്‍ മാറുമ്പോള്‍, ചിന്താശേഷി നശിച്ച, ക്രയശേഷി നശിച്ച ഒരു വരും തലമുറയെ ആണോ നമ്മള്‍ വളര്‍ത്തി കൊണ്ടു വരുന്നതു?
സ്കൂളുകളിലും കലാലയങ്ങളിലും ഇന്നു ആത്മാര്‍ഥതയുള്ള അധ്യാപകര്‍ ഉണ്ടോ? അദ്ധ്യാപനം ഒരു ജീവിത വൃത്തി മാത്രമായി തരം താഴ്ന്നിരിക്കുന്നു?!! (എന്നെ സ്കൂളില്‍ പഠിപ്പിച്ച ശോശാമ്മ, ശാരദ, ആനി, രെയ്ച്ചാല്‍ ടീച്ചര്‍മാരുടെ സ്നേഹം ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.)
അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മാതാപിതാക്കളെ ചുറ്റിലും കാണുന്നു. ജീവിതവും 'റിയല്‍റ്റി ഷോ' കളും തമ്മില്‍ വേര്‍തിരിച്ചരിയാനാവാതെ പോകുകയാണോ നമ്മുടെ കൌമാരത്തിന്. ജീവിത വെട്ടിപിടിക്കുവനുല്ലതല്ല, ആസ്വദിക്കുവാന്‍ഉള്ളതാണെന്ന് ആരും അവര്ക്കു പരഞ്ഞുകൊടുതില്ലാ? ഒരിളം കാറ്റില്‍ അലിയാനും, ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം നോക്കി നുകരാനും നമ്മുടെ കുഞ്ഞുങ്ങളെ നാമെന്തുകൊണ്ട് അനുവദിച്ചില്ല? എന്ത് കൊണ്ടു അതിന് പ്രേരിപ്പിച്ചില്ല? കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്ന ബാല്യം ആത്മഹത്യകള്‍ക്ക് ബദലാണ്. സംശയമില്ല.
ജിവിതം ഒരു ജലകണിക.
ജീവിതം ഒരു ജലകണിക ആണ്,
ആകണം.
ജലം വളരെ മൃദു ആണ്, ലോലമാണ്,,
അത്
ഏറ്റവും താഴ്‌ന്ന സ്ഥലം അന്വേഷിക്കുന്നു.
'ഏവരെസ്റ്റ്' മല മുകളില്‍ മഴ പെയ്താലും,
ജലം അവിടെ നില്‍ക്കുന്നില്ല. അത് താഴ്വാരങ്ങള്‍ തേടി യാത്രയാകുന്നു. താഴ്വാരങ്ങളുടെ ഏറ്റവും അടിത്തട്ടിലേയ്ക്ക്
ജലം - അതിന് ലക്ഷ്യങ്ങളില്ല , യാത്രകള്‍ മാത്രം.
ആഗ്രഹങ്ങളില്ല,, സാധനകള്‍ മാത്രം,,
ഒന്നുമാകാതിരിക്കലാണ് ജലത്തിന്റെ സംതൃപ്തി !!
*************
ജലം - എന്നാല്‍ ചലനമാണ്,,
അത് എപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു...
ഒഴുകാതിരിക്കുമ്പോള്‍
അത്
മലിനമാകുന്നു
അശുദ്ധമാകുന്നു
വിഷ മയമാകുന്നു ???
ഒഴുകാതിരിക്കുമ്പോള്‍ ജലം മരിക്കുന്നു!!
ജലം ജീവനാകുന്നത് ഒഴുകുമ്പോള്‍ ആണ്;
ജീവന്‍ ജലമാകുന്നത് ......
ഒഴുകുമ്പോള്‍ ആണ്
Saturday, November 01, 2008
എന്റെ ഇഷ്ടം ..... (വീണ്ടും ചില സൌഹൃദ ചിന്തകള്‍)
ഞാനെന്താണ് ഇഷ്ടപെടുന്നത്?
ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത് ??
എന്താണ് എന്റെ മനസ്സില്‍ ???
സൌഹൃദം?
സ്നേഹം?
അടുപ്പം? - ചാരെ ഒരാള്‍ ....
പരിചയം?
മോഹം?
കാമം?
കൃത്യമായി അറിയില്ല. പക്ഷെ ??!!
അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍ ...
എന്ന് ഞാന്‍ ,,,,
---------------------------------------------------------------------------
9.30 - ക്ക് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. കുറച്ചു നേരത്തെ ആയിരുന്നു. വല്ലാത്ത ബോറടി, . . .മനുകുട്ടന്‍ നേരത്തെ കിടന്നുറങ്ങി.
9.40 - നു റെയില്‍വേ സ്റ്റേഷനില്‍ എത്തി . കാറില്‍ തന്നെയിരുന്നു , റേഡിയോയില്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍ കച്ചേരി .
9.50 - അജിതയുടെ 'മിസ്ഡ് കാള്‍ ' കിട്ടി. ട്രയിന്‍ പിറവം റോഡു കഴിഞ്ഞു
10.05 - ആയി മുളന്തുരുത്തിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ .. ഇറങ്ങാന്‍ ആള്‍ കുറവായിരുന്നു.
------------------------------------------------------------------------------
മണ്ണുത്തിയില്‍ പഠിക്കാന്‍ ചേരുമ്പോള്‍ എനിക്ക് പ്രായം 17 മാത്രം. ആദ്യമായാണ് വീട്ടില്‍ നിന്നും മാറിനിന്നു താമസിക്കുന്നത്. കാര്‍ഷീക സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം കൊടികുത്തി വാഴുന്ന സമയം. എന്തിലും ഏതിലും രാഷ്ട്രീയം. ഉണ്ണുന്ന ചോറില്‍ പോലും - മെസ്സില്‍ രാഷ്ട്രീയപരമായിട്ടാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നത് !! ആകെ മടുത്തുപോയി ആദ്യത്തെ കുറച്ചു നാള്‍.
ഹോസ്റ്റലിലെ സൌഹൃദം പോലും രാഷ്ട്രീയം നോക്കി മാത്രം. ഞങ്ങളുടെ ബാച്ചില്‍ 20 പേര്‍ ആദ്യം ചേര്ന്നവരില്‍ 19 പേരും SFI ക്കാരായി !! ഞാന്‍ മാത്രം KSU ? പോരെ പൂരം. ഒറ്റപ്പെടുത്തി പീഡിപ്പിക്കുക എന്നതായിരുന്നു സഖാക്കളുടെ തന്ത്രം. റാഗിങ്ങ് -നേക്കാള്‍ ദുഷ്കരം. പ്രത്യേകിച്ച് ആദ്യമായി ഹോസ്റ്റലിലും മറ്റും താമസിക്കുമ്പോള്‍. കോള്ളേജില്‍ ചെന്നാല്‍ പെണ്‍കുട്ടികള്‍ ആരും സംസാരിക്കാന്‍ വരില്ല. കാരണം അതാണ് 'ഓര്‍ഡര്‍' !!!!!!!! KAU മണ്ണുത്തി യൂണിറ്റില്‍ ചൊല്ലികൊടുക്കുന്ന പാഠം? പിന്നെ ഞങ്ങളെ പോലുള്ള 'ആന്റി -സഖാ' വിദ്യാര്‍ത്ഥികളെ ക്കുറിച്ച് ഉളുപ്പില്ലാതെ കെട്ടുകഥകള്‍ പെണ്‍ കുട്ടികളുടെ ചെവിയില്‍ എത്തിക്കാന്‍ 'ആണും പെണ്ണും' കെട്ട് ചില മാന്യന്മാര്‍ ഉണ്ടായിരുന്നു. ഹൃദയം പ്രേമസുരഭിലവും മനസ്സു യൌവന യുക്തവുമായി കലാലയതിലെയ്ക്ക് കാല് ചവുട്ടിയ എനിക്കിതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും ഈ തിരുമോന്തയിലേക്ക് അവളുമാര്‍ ഒന്നു നോക്കുന്നു പോലുമില്ല. എന്ത് കഷ്ടം!!
പിന്നെ തമാശയും സ്നേഹവുമൊക്കെയായി ഒന്നു പച്ച പിടിക്കാന്‍ ഏകദേശം 3 വര്ഷം എടുത്തു എന്നതാണ് സത്യം. അപ്പോഴത്തെക്ക് പെണ്‍ കൊച്ചുങ്ങള്‍ക്ക് ഇത്തിരി വിവരം വച്ചു തുടങ്ങി, 'സ്റ്റഡി ക്ലാസ്സില്‍' ചൊല്ലി കൊടുക്കുന്നതില്‍ നിന്നും വേറിട്ട് സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിയ്ക്കാന്‍ തുടങ്ങി നമ്മുടെ സുന്ദരിമാര്‍.
അക്കാലത്ത് എന്റെ ഒരു 'ഐഡിയ' ആയിരുന്നു. നാട്ടില്‍ ഒരു പ്രണയം ഉണ്ടെന്നഭിനയിക്കുക എന്നത്. പെണ്‍കുട്ടിയുടെ പേരു 'രേഷ്മ ഫിലിപ്പ്' (ഈ അടിപൊളി പേരൊപ്പിച്ചത് ഒരു മേയ് മാസപ്പുലരിയില്‍ എന്ന സിനിമയില്‍ നിന്നാണ്) വെറുതെ ബുക്കില്‍ ഈ പേരെഴുതിയിടുക, ക്ലാസ്സില്‍ ഇരുന്നു ആരെയോ സ്വപ്നം കാണുന്നപോലെ അഭിനയിക്കുക, . . . തുടങ്ങിയ പരിപാടികളിലൂടെ ഈ പ്രണയം സത്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു കുറച്ചു കൂടി കൊഴുപ്പ് കൂട്ടാന്‍ ഞാന്‍ നാട്ടില്‍ പോകുമ്പൊള്‍ കുറച്ചുസ്റ്റാമ്പ് വാങ്ങി 'രേഷ്മ ഫിലിപ്പ്' എന്ന പേരില്‍ കത്തെഴുതി കോളജ് അഡ്രസ്സില്‍ അയക്കാന്‍ സുഹൃത്തിനെ എല്പ്പിക്കുമായിരുന്നു. അവന്‍ അത് ഭംഗിയായി ചെയ്തു പൊന്നു. നല്ല ചിത്രങ്ങള്‍ വരച്ച, വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ, I LOVE YOU - സ്റ്റിക്കര്‍ ഒട്ടിച്ച എഴുത്തുകള്‍ ആഴ്ചയില്‍ ആഴ്ചയില്‍ വന്നുകൊണ്ടിരുന്നു. ഇതു കണ്ടു ക്ലാസ്സിലെ പെണ്‍ കുട്ടികള്ക്ക് അസൂയയും, എന്നോട് ബഹുമാനവും, അടുപ്പവും, സൌഹൃദവും കൂടി ക്കൂടി വന്നു. (വേറെ മര്ഗ്ഗമില്ലത്തത് കൊണ്ടു ചെയ്തതാണേ ,,, ക്ഷമിക്കണം) പിന്നീട് ഞാനും പ്രീതയും ട്രീസയും ഒരുമിച്ചായി എറണാകുളത്തു നിന്നും വാരാന്ത്യങ്ങളില്‍ വരവും പോക്കും.
പിന്നെ ഒത്തിരി ഒത്തിരി 'സ്റ്റഡി ടൂറുകളും' NSS ക്യാമ്പുകളും എല്ലാം കൂടി 'പഠനം' രസകരമായി. ഞങ്ങളുടെ സൌഹൃദങ്ങള്‍ അരക്കിട്ട പോലെ ഉറച്ചു വന്നു. ഒരു രാഷ്ട്രീയത്തിനും പാര്ട്ടികള്‍ക്കും തടയനവാത്തവിധം പന പോലെ വളര്ന്നു. ഇന്നും ഒരമ്മയില്‍ ഒരിളം തെന്നലായ് ഓടിയെത്തുന്ന അനവധി നിമിഷങ്ങള്‍ ഞങ്ങളുടെ 'ക്യാമ്പസ്സില്‍' ഉണ്ടായി . . .
കഴിഞ്ഞ ദിവസം 'ഗൃഹലക്ഷ്മി' മാസികയില്‍ തിരക്കഥകൃത്ത് രണ്ജിതുമായുള്ള അഭിമുഖത്തിലെ ഒരു വാചകം ആണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്: 'സ്ത്രീകളില്‍ നിന്നുള്ള സൌഹൃദം സ്ത്രീകളില്‍ നിന്നേ കിട്ടൂ ' - (എത്ര സത്യം ,,, അതിന് വേണ്ടി പുരുഷന്‍ ദാഹിച്ചു കൊണ്ടിരിക്കും) എന്റെ കാര്യത്തിലും ഇതുവരെയുള്ള അനുഭവം മറിച്ചല്ല.
Tuesday, October 07, 2008
മാര്‍ക്സിസവും കത്തോലിക്കസഭയും - ഒരേ തൂവല്‍ പക്ഷികള്‍.
എങ്ങിനെ ഉണ്ടായി?
യേശു ക്രിസ്തു / കാള്‍ മാര്‍ക്സ് എന്നിവരുടെ പേരിലാണ് ഇവ രണ്ടും. (രണ്ടുപേര്‍ക്കും തടിയുണ്ട്) എങ്കിലും രണ്ടു നേതാക്കളും ഇതില്‍ ഉത്തരവാദികള്‍ അല്ല.
രണ്ടും വിദേശീയം.
ഭാരതത്തില്‍ ചിലയിടങ്ങളില്‍ മാത്രം വേരോടിയിരിക്കുന്ന സഭയും പാര്‍ട്ടിയും വിദേശീയം ആണ്. രണ്ടു കൂട്ടര്‍ക്കും ചെറിയ ശതമാനം ആളുകളെ മാത്രമെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ. മത പരിവര്തനത്തിലൂടെയും അക്രമരാഷ്ട്രീയത്തിലൂടെയും അണികളെ/ വിശ്വാസികളെ പിടിച്ചെടുക്കാന്‍ ഇരുവരും കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു.
ലക്ഷ്യങ്ങള്‍ ഒന്ന്:
മര്‍ദ്ദിതരെയും ചൂഷിതരെയും അധ്വാനിക്കുന്നവരെയും സഹായിക്കുക എന്നതായിരുന്നു രണ്ടു നേതാക്കളുടെയും ലക്ഷ്യം.വര്‍ഗ്ഗ ഭേദങ്ങളില്ലാത്ത സ്വര്‍ഗരാജ്യം സ്വപ്നം കണ്ടവരാണ് ക്രിസ്തുവും മാര്‍ക്സും.
പാളിപോയ പ്രവര്ത്തനം:
അദ്ധ്വനിക്കുന്നവനെ മറന്നു ധനികരുടെയും അധികാര വര്‍ഗ്ഗത്തിന്റെയും അടുക്കളയില്‍ തിന്നു സുഖിക്കുന്നവരായിപ്പോയി ഇന്നത്തെ പ്രചാരകര്‍.
സ്വത്ത് സ്വരുക്കൂട്ടല്‍:
ഇന്നു കേരളത്തില്‍ ഏറ്റവുമധികം സ്വത്തു സമ്പാദ്യങ്ങള്‍ ഉള്ള രണ്ടു പ്രസ്ഥാനങ്ങള്‍ സഭയും മാ. പാര്‍ട്ടിയും ആണ്. ഇതു ഭൂസ്വത്ത് ആയാലും കെട്ടിടങ്ങള്‍ ആയാലും ശരിയാണ്.
സ്ഥാപന വല്‍കരണം:
സഭ നടത്തുന്ന സ്ഥാപനങ്ങള്‍ ആശുപത്രികള്‍, സ്കൂളുകള്‍, കോളെജുകള്‍ എന്നിവയാണ്. ആതുരസേവനം എന്നപേരില്‍ പണമുണ്ടാക്കുകയാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം. പാര്‍ട്ടി നടത്തുന്നത് സഹകരണ സ്ഥാപനങ്ങള്‍ ആണ്. രണ്ടിടത്തും [സ്കൂള്‍, സഹകരണ സംഘം] സര്‍ക്കാര്‍ പണമാനോഴുകുന്നത്. എന്നാല്‍ നിയമനങ്ങളില്‍ കടുത്ത അഴിമതി നടത്തി ഇരു കൂട്ടരും വന്‍ ലാഭമുണ്ടാക്കുന്നു.
വിശുദ്ധന്മാര്‍:/രക്തസാക്ഷികള്‍ :
സഭ വിശുദ്ധന്മാരെ സൃഷ്ടിക്കുന്നതില്‍ വളരെ മുന്പതിയില്‍ ആണ്. നേര്ച്ച പെട്ടിയില്‍ കാശ് വീഴാന്‍ വിശുദ്ധന്മാര്‍ വളരെ ആവശ്യമാണ്. പാര്‍ട്ടി സൃഷ്ടിക്കുന്നത് രക്തസാക്ഷികളെ ആണ്. രണ്ടിടത്തും ആള്‍ദൈവങ്ങള്‍ അത്യാവശ്യമാണ്. കവലകള്‍ തോറും കപ്പേള/ കുരിശ്/ കൊടിമരം/ പ്രതിമകള്‍ എന്നിവ തീര്‍ക്കുന്നതില്‍ രണ്ടുകൂട്ടരും മത്സരത്തിലും ആണ്.
മൂലധനം:
സഭയുടെയും മാ. പാര്‍ട്ടിയുടെയും ആസ്തികള്‍ എത്രയെന്നു തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഏത് കള്ളന്റെ കയ്യില്‍ നിന്നും സംഭാവന സ്വീകരിക്കാനും അതുകൊണ്ട് മണിമന്ദിരങ്ങള്‍ കേട്ടിപോക്കാന്‍ മിടുക്കരാണിരുവരും.
കേഡര്‍ പ്രവര്ത്തന ശൈലി.
ഒരിടത്ത് കുടുംബ കൂട്ടയ്മയാണെങ്കില്‍ മറു വശത്ത് ലോക്കല്‍ (അയല്‍കൂട്ടം) കമ്മറ്റി ഉണ്ട്. പിന്നെ പല തലങ്ങളില്‍ പല കമ്മറ്റികള്‍, മീറ്റിങ്ങുകള്‍ . . . ഏറ്റവും മുകളില്‍ ഒരു മെത്രാന്‍ / പാര്‍ട്ടി സെക്രട്ടെരി. അനുസരണയുള്ള കുഞ്ഞാടുകള്‍ ആണ് ഇരുവരുടെയും ശക്തി. 'മഞ്ഞ' എന്ന് പറഞ്ഞാല്‍ 'മഞ്ഞ' എന്ന് ഏറ്റു പറയാന്‍ ലക്ഷം ലക്ഷം പിന്നാലെ.
സാമൂഹ്യനീതി / മനുഷ്യനന്മ:
നീതി, നന്മ എന്നൊക്കെ അടിക്കടി പറഞ്ഞു കൊണ്ടിരിക്കുകയും അനീതിയും അക്രമവും പ്രവര്‍ത്തിക്കുകയും ആണ് രണ്ടു പ്രസ്ഥാനങ്ങളുടെയും മുഖമുദ്ര.
തുല്യ ദു:ഖിതര്‍?
ഇന്ത്യയില്‍ കാര്യമായ വേരോടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ രണ്ടുകൂട്ടരും തുല്യദു:ഖിതരാണ്. എങ്കിലും സമ്പത്തും സ്ഥാപനങ്ങളും അധികാരവും ആവശ്യത്തിലധികം കയ്യാളാന്‍ ആയി എന്ന് സമാധാനിക്കാം.
മാധ്യമ വാഴ്ച:
സഭയ്ക്ക് ദീപികയും ശാലോം ടി.വിയും പാര്‍ട്ടിക്ക് ദേശാഭിമാനിയും കൈരളി ടി.വിയും. പിന്നെയും ഉണ്ട് ധാരാളം പ്രസിദ്ധീകരണങ്ങള്‍. ഏത് സംഭവത്തിന്റെയും ഒരു വശം മാത്രം കാണുന്ന കുറെ എഴുത്തുകാരും. വാര്‍ത്തകള്‍ വളച്ചോടിക്കുക എന്നതില്‍ വിദഗ്ദരാണീഈ പത്രങ്ങള്‍.
വൈരുദ്ധ്യാത്മകം:
എകലോക സമഭാവന, സര്‍വ്വ സാഹോദര്യത്വം, മനുഷ്യ നന്മ എന്നിവയൊക്കെയാണ് ക്രിസ്തുവും മാര്‍ക്സും പഠിപ്പിച്ചതെങ്കിലും അസഹിഷ്ണുത, ധന/ അധികാര ആര്‍ത്തി എന്നിവമൂലം മനുഷ്യനന്മ ചെയ്യാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നു.
വിപ്ലവം:
വിപ്ലവം പറയാന്‍ മാത്രമുള്ളതാണ്. യേശു ക്രിസ്തു പഠിപ്പിച്ചതും വിപ്ലവം ആണ്. പ്രാര്‍ത്ഥന /കവലപ്രസംഗം എന്നിവയില്‍ ഒതുങ്ങിപോയ വിപ്ലവം എന്താണെന്നു പോലും മനസ്സിലാക്കന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.
മൊത്തത്തില്‍ പറഞ്ഞാല്‍ സഭയും മാ. പാര്‍ടിയും കടുത്ത ശത്രുക്കള്‍ ആണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി രണ്ടുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. പുറമെ കാണിക്കുന്ന ശത്രുത ആണെന്കിലും പല കാര്യത്തിലും ഇരുവരും പരസ്പരം സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുമുണ്ട്. (ആരാ എയിഡ്ഡ്ഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളം ആദ്യമായി നടപ്പിലാക്കിയത്?)നമ്മുടെ നിത്യ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. പരസ്യമായി ചീത്ത വിളിക്കുന്ന പലരും അത് ചെയ്യുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ്.
Tuesday, September 30, 2008
അവിടുത്തെ കാരുണ്യം അനന്തമാണ്.
അജിത അടുക്കളയില്‍ ആയിരുന്നു. മനുക്കുട്ടന്‍ പടിഞ്ഞാറെ മിറ്റത്തു നിന്നും കിഴക്കേ മിറ്റത്തേക്കും തിരിച്ചും നടക്കുന്നുണ്ടായിരുന്നു. ചെവിയില്‍ അമര്‍ത്തിപിടിച്ച മൊബൈലില്‍ നിന്നും പാട്ടും കേട്ടുകൊണ്ട്. . . പെട്ടെന്ന് ആളെ കാണാതായി!!! 'വാനിഷിങ്ങ്‘ എന്നുപറയുന്ന പോലെ. മനു എവിടെ എന്ന് അനിയത്തിയാണ് ആദ്യം ചോദിച്ചത്. ഞാന്‍ ആദ്യം പടിഞ്ഞാറെ മുട്ടത്തു നോക്കി, അവിടെയില്ല? കിഴക്കെപ്രത്ത് കാണുമെന്നു കരുതി. അവിടെ ചെന്നപ്പോള്‍ അവിടെയും ആളില്ല??!! ആദി ലേശം കയറി തുടങ്ങി, വീടിനു ചുറ്റും ഓട്ടത്തില്‍ പ്രദക്ഷിണം വച്ചു. ഇല്ല ആള്‍ അവിടെയെങ്ങും ഇല്ല!!! അമ്മച്ചി ആര്‍ഷ മോളുമായി [അനിയത്തിയുടെ കുട്ടി] ഇതിനിടെ ‘ടെറസ്സിന്റെ’ മുകളിലേക്ക് കയറി പോയിരുന്നു. അമ്മച്ചിയുടെ ശബ്ദം കേട്ടാണ് മുകളിക്ക് നോക്കിയത്. ധാ . . . അപ്പോള്‍ ടെറസ്സിന്റെ താഴെ ‘സണ്‍ ഷേഡില്‍’ കൂടി ഒരാള്‍ മൊബൈല്‍ ഫോണും ചെവിയില്‍ വച്ചു മന്ദം മന്ദം . . . നടന്നു നീങ്ങുന്നു!!! ഒരു നിമിഷം സ്തംഭിച്ചുപോയി. അപ്പോഴേക്കും അമ്മച്ചി മുകളില്‍ നിന്നെത്തി അവനെ പിടിച്ചിരുന്നു. ഞാന്‍ ഓടി ഗോവണി വഴി മുകളിലെത്തി. അമ്മച്ചി വിറക്കുന്നുണ്ടായിരുന്നു. അവനോ ... പാട്ടില്‍ മുഴുകിയിരിക്കുന്നു. ഞാനും മനുക്കുട്ടനുമായി പതുക്കെ നടന്നു പടികളിറങ്ങി. ‘സണ്‍ ഷേഡില്‍’ നടക്കുമ്പോള്‍ എന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഇതൊന്നും അറിയുന്നതേയില്ല. എല്ലാവരും അന്ധാളിച്ചിരിക്കുന്നു. അപ്പോഴും അവന്‍ പാട്ടുകെട്ടുകൊണ്ട് നടക്കുകയായിരുന്നു!!!
മുകളിലേക്കുള്ള പടികള്‍ തുറന്നു കിടക്കുകയാണെങ്കിലും ഇതുവരെ കുട്ടികളാരും അങ്ങോട്ടേക്ക് കയറാറുണ്ടായിരുന്നില്ല. ഇടക്ക് അമ്മച്ചി മുകളിലേക്ക് കയറി പോകുന്നത് അവന്‍ കണ്ടിരിക്കണം. അതാണു ആശാന്‍ കൂളായി മുകളിലേക്ക് കയറിയത്. ആരുമില്ലാത്തെ സ്ഥലത്തേക്ക് അവന്‍ പോകാറില്ല. ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ പോലും ആരെങ്കിലും കൂടെയുണ്ടോയെന്ന് തിരിഞ്ഞ് നോക്കും. ആരും ഇല്ല എന്നുതോന്നിയാല്‍ തിരികെപോരുകയാണ്‍ പതിവ്.
കുളിമുറിയില്‍ ബക്കറ്റില്‍ വീണകുട്ടികളെക്കുറിച്ച് പത്രത്താളുകളില്‍ വായിക്കുമ്പോള്‍ ‘ഇതെന്താ വീട്ടുകാര്‍ക്ക് ഇത്ര ശ്രദ്ധയില്ലേ’ എന്ന് തോന്നാറുണ്ട്. ഇന്നലെ മനസ്സിലായി - അല്പം ശ്രദ്ധതെറ്റിയാല്‍ മതി; അപകടം ഓടിയെത്താന്‍ എന്നു. നിമിഷങ്ങള്‍ മതി ഇവിടെ പലതും സംഭവിക്കാന്‍…
ദൈവത്തിനു സ്തുതി, അവിടുത്തെ കാരുണ്യം വലുതാകുന്നു!!
Wednesday, September 24, 2008
ദൈവം ഉണ്ടോ? “ഉണ്ട്” - അന്‍പേ ശിവം
ദൈവത്തെ കാണാന്‍ സാധിക്കില്ല; എന്നാല്‍ അറിയാന്‍ സാധിക്കും - ഇതാണ് എന്റെ അനുഭവം।
നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ്, ഞാന്‍ മദ്രാസ്സില്‍ ജോലിനൊക്കുന്നസമയം। ‘മാര്‍ക്കറ്റ് റിസര്‍ച്ച്’ ആണു ജോലി, അതായത് യാത്രകളും സര്‍വേകളും തന്നെ - മാസം മുഴുവന്‍ പല പട്ടണങ്ങളിലും ചുറ്റിക്കറങ്ങി ആവശ്യത്തിനു ‘ഡേറ്റാ’ ശേഖരിച്ച് ഞങ്ങളുടേ കമ്പനിയുടെ ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കും। അവരത് ചെത്തിമിനുക്കി വിറ്റ് കാശാക്കും। ഇങ്ങിനെയാണു ഞാന്‍ 5 - 6 വര്‍ഷം കഞ്ഞികുടിച്ചിരുന്നത്। കമ്പനിയുടെ പേര്: ‘ഓ.ആര്‍.ജി -ഐ.എം.എസ്.’ (ഇപ്പൊ A C Nielson)
2002 -ല്‍ ഒരു മാര്‍ച്ചിലാണു സംഭവം। ഒരു സുപ്രധാന സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ എന്റെ ബൈക്കില്‍ തമിഴ്നാട്ടിലെ 8-10 ടൌണുകളില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചു। പോണ്ടിച്ചേരി, കഡല്ലൂര്‍, മായാവാരം, കുംഭകോണം, ചിദംബരം,തഞ്ചാവൂര്‍, തിരുച്ചി . . . മദ്രാസ്സില്‍ നിന്നും ഒരു ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ടു, കൂടെ എന്റെ ബോസ്സ് ശങ്കറും ഉണ്ടായിരുന്നു.
പോണ്ടിച്ചേരി, തിരുച്ചി, തഞ്ചാവൂര്‍ . . . എല്ലാ ടൌണ്‍സും ഭംഗിയായി പൂര്‍ത്തിയാക്കി। ശങ്കര്‍ പോണ്ടിച്ചേരിയില്‍ നിന്നുതന്നെ മടങ്ങിയിരുന്നു। പിന്നെ ഞാന്‍ ഒറ്റയ്കായിരുന്നു തമിഴ് പര്യടനം। വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളില്‍ കൂടി വണ്ടിയോടിച്ച് യാത്രചെയ്യുക നല്ലൊരനുഭവമാണ്। തമിഴ്നാടിന്റെ ഭൂരിഭാഗവും കൃഷിയിടങ്ങളാണല്ലോ। വൈകിട്ട് കൃഷിപ്പണിക്കാര്‍ വയലോലകളില്‍ നിന്നും കയറി തലച്ചുമടുമായി നടന്നുനീങ്ങുന്നതുകാണാം। ഈ സര്‍വ്വേ ഒരു സെന്‍സസ് ജോലിയാണ് - അതായത് നമ്മുടെ ജനസംഖ്യാ കണക്കെടുപ്പുപോലെ। വീട് വീടാന്തരം കയറുന്നതിനുപകരം ചില കടകളുടെ കണക്കെടുപ്പാണ്। പലയിടത്തും 50 മുതല്‍ 100 വരെ സന്ദര്‍ശനം നടത്തണം। അതുകൊണ്ടാണ് ഇത്തിരി റിസ്കാണെങ്കിലും ബൈക്കില്‍ തന്നെ ഈ സ്ഥലങ്ങളെല്ലാം കറങ്ങാന്‍ തീരുമാനിച്ചത്।
തിരുച്ചിയും കഴിഞ്ഞു। രണ്ടാഴ്ചയിലധികമായി ഈ കറക്കം। മുന്നൂറോളം ‘മരുന്ന് മൊത്തവിതരണക്കാരെ’ (Pharmaceutical Wholesale Distributors) സന്ദര്‍ശിച്ച് ഡേറ്റകളക്ഷന്‍ നടത്തി। ഇനി തിരിച്ച് മദ്രാസ്സിലേക്ക്। വൈകിട്ട് നാലുമണിക്ക് തിരുച്ചിയില്‍ നിന്നും തിരിച്ചു। ഏകദേശം നാലു-നാലര മണിക്കൂര്‍ യാത്രചെയ്താല്‍ പോണ്ടിച്ചേരിയില്‍ എത്താം। അവിടെ ഏതെങ്കിലും നല്ല ഹോട്ടലില്‍ റൂമെടുത്ത് കിടന്നുറങ്ങി രാവിലെ തുടര്‍ യാത്രചെയ്ത് മദ്രാസ്സിലെത്താം എന്നതായിരുന്നു പ്ലാന്‍।
ഏകദേശം എട്ട് മണിക്ക് വില്ലുപുരം എത്തി। ബൈക്കുനിര്‍ത്തി ഒരു ചായകൂടി കുടിച്ചു। പേഴ്സ് കാലിയായിരുന്നു। പത്തോ ഇരുപതോ രൂപകാണും। സാരമില്ല, അരമണിക്കൂര്‍ സമയം കൂടി യാത്രചെയ്താല്‍ പോണ്ടിച്ചേരി ആയി। ആദ്യം എ।ടി।എം, പണമെടുത്തിട്ട് ഹോട്ടല്‍, പിന്നെ കുളിച്ച് ഒന്നുരണ്ട് ബിയര്‍ അകത്താക്കി ശാപ്പാടും കഴിച്ച് സുഖമായുറങ്ങാം। । । സ്വപ്നം കണ്ട് പാട്ടൊക്കെ പാടിയായിരുന്നു ഞാന്‍ ബൈക്കോടിച്ചിരുന്നത്। കാരണം ഒരു ദീര്‍ഘദൂര-ദീര്‍ഘദിന ട്രിപ്പിന്റെ പരിസമാപ്തിയാണിത്। ഒട്ടും ബോറടിച്ചില്ല; പണിയെല്ലാം കഴിഞ്ഞതിനാല്‍ രണ്ടുദിവസം വിശ്രമിക്കാം।
വില്ലുപുരത്തുനിന്നും കൂടിവന്നാല്‍ മുപ്പത്തിയഞ്ചുകിലോമീറ്റര്‍। പോണ്ടിച്ചേരിയിലെത്താനുള്ള ത്രില്ലിലായിരുന്നു ഞാന്‍। കുറച്ച് ദൂരം വന്നു. വലവനൂര്‍ എന്ന ഊരില്‍ എത്തിയപ്പോഴാണ് ആ ദുരന്തം സംഭവിവിച്ചത്. എതിരേ വന്ന ഒരു ‘പാണ്ടി ലോറി’ എന്നെയും വണ്ടിയേയും തട്ടിയിട്ടു. എന്താണു സംഭവിച്ചതെന്ന് ഇന്നും കൃത്യമായി ഓര്‍മ്മയില്ല। എതിരേ ഒരു മരുതിക്കാര്‍ വരുന്നു, അതിനെ ഓവര്‍ട്ടേക്ക് ചെയ്ത് ദാ . . . ഒരു പാണ്ടില്ലോറീീീീീീ !!!!!!!! എന്റെ മുന്‍പിലാണെങ്കില്‍ റോഡുപണിക്കുള്ള മണ്ണിറക്കിയിട്ടിരിക്കുന്നകൂമ്പാരം। പൂഴിമണ്ണില്‍ എന്റെ ‘ബജാജ് ബോക്സര്‍’ തെന്നിത്തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ। ഹെല്‍മെറ്റ് വച്ചിട്ടുണ്ടായിരുന്നു, അത് തലയടക്കം ലോറിയുടെ സൈഡ് ബോഡിയില്‍ തട്ടി ഞാന്‍ ഇടത്തോട്ട് വീണു! ബൈക്കിന്റെ മുന്‍ ചക്രം ലോറിയുടെ വീലിനടിയില്‍ പെട്ട് ഞെരിഞ്ഞു; ഞാന്‍ പൂഴിമണ്ണില്‍ കുളിച്ച് കിടക്കുന്നു। കാര്യമായ പരിക്കൊന്നും ഇല്ല, എങ്കിലും എഴുന്നേറ്റ് നില്‍കാന്‍ കഴിയുന്നില്ല। ഇടതുകാലിന് അടികിട്ടിയിട്ടുണ്ട്। ഇടതുകാല്‍ നിലത്ത് കുത്തിയതിന്റെ ആഘാതവുമാവാം। ഒരു വിജന പ്രദേശം; ഞാന്‍ വഴിയരുകില്‍ കിടന്നാല്‍ ആ രാത്രിയില്‍ ആരും അറിയുകെയേയില്ല। എങ്കിലും ലോറി നിറിത്തു ഡ്രൈവര്‍ ഇറങ്ങി വന്നു, മാരുതി കാര്‍ നിറുത്തി ഒരാള്‍ ഇറങ്ങി വന്നു, ഇന്നെയും ആരോ വഴിയാത്രക്കാര്‍ ഓടിയെത്തി। ഒരുകുപ്പി തണുത്ത മിനറല്‍ വാട്ടര്‍ ആരോ കൊണ്ടുവന്നു തന്നു। (ആപ്പോള്‍ അതെവിറ്റേന്നു വന്നു എന്നത്ഭുതം!) ഹാവു, ആശ്വാസമായ । । । വസ്ത്രത്തിലാകെ ചുമന്നപൂഴിമണ്ണ്। മാരുതിക്കാറില്‍ അവരെന്നെ കയറ്റി അടുത്തുള്ള ജംഗ്ഷനില്‍ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചു। (മലയാളിയാണെന്നതിന്റെ എല്ലാവിധ പ്രത്യേക പരിഗണനയും അന്നാട്ടുകാരില്‍ നിന്നും കിട്ടി; നമ്മളാണെങ്കിലോ?) ഞാനാണെങ്കില്‍ വേദനകൊണ്ട് പിടയുന്നു - ഒരു കാലില്ലാത്തതുപോലെ തൊന്നുന്നു। ഡോക്ടര്‍ പ്രാഥമീകപരിശോധനകള്‍ നടത്തി ഒരു കുത്തിവയ്പ്പും തന്നിട്ട്, ഒരു കുറിപ്പുനല്‍കി (ചീഫ് ഡോക്ടര്‍ക്ക്) പോണ്ടിച്ചേരി ജെനെറല്‍ ആശുപത്രിയിലേക്ക് അയച്ചു। ഇതിനിടയില്‍ ആരൊക്കെയോ ഡോക്ടറുടെ ഫീസുകൊടുക്കുകയും (എന്റെ പേഴ്സ് കാലിയായിരുന്നല്ലോ) എന്റെ സുഹൃത്തിനെ മദ്രാസ്സില്‍ വിളിച്ചറിയിക്കുകയും വണ്ടി അറേഞ്ച് ചെയ്ത് പോണ്ടിച്ചെരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു।
അവിടെപ്പോയി അഡ്മിറ്റായി। നല്ല ആശുപത്രി, പ്രൈവറ്റിനേക്കാള്‍ വൃത്തിയും ഭംഗിയും!! ഇഞ്ചക്ഷന്‍ ഏറ്റിരുന്നു; വേദന കുറഞ്ഞുവന്നു। കട്ടിലില്‍ കിടന്ന പാടെ ഉറങ്ങിപ്പോയി। ഏകദേശം 3 മണി (രാത്രി) ആയിട്ടുണ്ടാവണം, എന്റെ സുഹൃത്തും സഹമുറിയനുമായ പദ്ദു [പത്മനാഭന്‍] മദ്രാസ്സില്‍ നിന്നും ഓടിയെത്തിയിരിക്കുന്നു। എനിക്കു വലിയ ആശ്വാസമായി। അന്യനാട്ടില്‍ ആദ്യമായി ഒരപകടത്തില്‍ പെട്ടതിന്റെ പരവേശം എന്നിലുണ്ടായിരുന്നു। അതു മാറി। പിന്നെയും ഉറങ്ങി। അങ്ങിനെ രണ്ട് ദിവസം അവിടെക്കിടന്നു। അപ്പോള്‍ ‘കണ്ണത്തില്‍ മുത്തമിട്ടാല്‍‘ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങ് [മാധവനും സിമ്രനും] അവിടെ നടക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് ഒരു കുട്ടികിടക്കുന്നുണ്ടായിരുന്നു. ദിണ്ടിവനത്തിനടുത്ത് ഒരപകടത്തില്‍ പരിക്കേറ്റ്. അവളുടെ അച്ഛനും അമ്മയും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചുപോയി. പേരുകേട്ട 'പഞ്ചവടി പഞ്ചമുഖ ആഞ്ജനേയ' കോവിലില്‍ തൊഴുവാന്‍ പോയി ബൈക്കില്‍ മടങ്ങുകയായിരുന്നു ആ കുടുംബം!! (ആ കുട്ടിയുടെ മുഖം കാണുമ്പോള്‍ അവര്‍ക്കുപകരം എന്നെ എടുക്കാഞ്ഞതെന്തേ ഈശ്വരാ എന്നുഞാനറിയാതെതന്നെ ചോദിച്ചുപോയി.) മൂന്നാം ദിവസം കാലെത്തെ പ്ലസ്റ്ററിട്ട് ഞാന്‍ മദ്രാസ്സിലേക്ക് പോന്നു. എന്റെ ഓഫീസ്സില്‍ നിന്നും സുഹൃത്തുക്കള്‍ വന്നിരുന്നു, ഒരു അംബാസിഡര്‍ കാര്‍ ഏര്‍പ്പാടാക്കി. മറ്റേ സുഹൃത്തുക്കളെ പിന്നീട് കണ്ടില്ല. മദ്രസ്സില്‍ രണ്ടുദിവസം വിശ്രമിച്ചശേഷം (ട്രെയിന്‍ ടിക്കറ്റ് ശരിയാകാന്‍) എര്‍ണാകുളത്തേക്ക് പോന്നു.
ആയിടയ്ക്ക് എന്റെ കസിന്‍ മാത്ത്യൂസ് ലിസ്സിആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലിചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ചേട്ടനെ (മാത്രം) വിളിച്ച് കാര്യം പറഞ്ഞു. ചേട്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ വണ്ടിവിളിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വിളിച്ച് ‘ന്യുമോണിയാ’ ആയിട്ട് വരികയാണ്; ലിസ്സി ആശുപത്രിയില്‍ കയറി ഡോക്ടറെ കണ്ടിട്ടേ വീട്ടിലേക്ക് വരൂ, എന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിയശേഷം ചേട്ടന്‍ വീട്ടില്‍ വിളിച്ച് ‘ജോസിയെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്’ എന്നുപറഞ്ഞു. അതനുസരിച്ച് അമ്മച്ചി ഉച്ചത്തെ ചോറുമായി എത്തി. നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ ഒരു കരച്ചില്‍ കേട്ടാണുണര്‍ന്നത്. നോക്കുമ്പോള്‍ അമ്മച്ചി!! കാലിലെ പ്ലാസ്റ്റര്‍ അത്രയ്ക്കുണ്ടായിരുന്നു. പിന്നെ വിശ്രമം, ആശുപത്രി, സ്റ്റ്രച്ചസ്സ് . . . നാലുമാസം അങ്ങിനെ പോയി. (എന്റെ ജീവിതത്തിലെ പ്രധാനമായ ഒരേട്.) ഗുരുതരമായ പരിക്കൊന്നും ഇല്ലാതെ തന്നെ. കാലിന്റെ മുട്ടിലെ ലിഗ്മെന്റ് വലിഞ്ഞ് പൊട്ടി -അത് സ്വാഭാവികമായി കൂടിച്ചേരാന്‍ കാലെത്തെ (അരമുതല്‍ പാദം വരെ) POP പ്ലാസ്റ്റര്‍ ഇട്ടു. രണ്ടുമാസം കഴിഞ്ഞ് അതുപൊട്ടിക്കുമ്പോള്‍ നടക്കാന്‍ പറ്റുന്നില്ല! പിന്നെ ഫിസിയോതെറാപ്പിയും മറ്റും. അങ്ങിനെ മാസങ്ങള്‍ നാലുകടന്നുപോയി.
തിരികെ മദ്രാസ്സിലെത്തുമ്പോള്‍ എന്റെ ബൈക്ക് /ബൈക്കിന്റെ അവശിഷ്ടം വരവാലൂരിലെ നല്ല മനുഷ്യര്‍ ഒരു പഴ്സല്‍ ലോറിയില്‍ കയറ്റി എത്തിച്ചിരുന്നു!! തിരിഞ്ഞു നോക്കുമ്പോള്‍ ആ പാതയോരത്ത് പൂഴിയില് പൂണ്ട് കിടക്കുമ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചവര്‍ ആരെല്ലാമായിരുന്നു?? എന്റെ വീട്ടുകാരോ സ്വന്തക്കാരോ സുഹൃത്തുക്കളോ അരുമല്ലായിരുന്നു. പിന്നെയോ, ഏതോ നട്ടിലെ ഏതോ മനുഷ്യര്‍ . . . ആരോരുമില്ലത്തവര്‍ക്ക് ദൈവം തുണ എന്ന് പറയാറുണ്ടല്ലോ. അത് സത്യമാണ്, നൂറുശതംമനം. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് ദൈവ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.
എല്ലാം തികഞ്ഞെന്നഭിമാനിക്കുന്നതും എനിക്കാരുമില്ലെന്നു പരിഭവിക്കുന്നതും തെറ്റാണെന്ന് ഈ സംഭവത്തിലൂടെ മനസ്സിലായി - അന്‍പേ ശിവം.
Friday, August 29, 2008
റേഡിയോ തേങ്ങ - എന്റെ സ്വന്തം എഫ്.എം. സ്റ്റേഷന്‍
റേഡിയോ മാങ്കോ - തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളിലുള്ള ആഗ്രഹമാണ് ‘റേഡിയോ തേങ്ങ’ തുടങ്ങണമെന്ന്. റേഡിയോയുമായുള്ളാ എന്റെ ചങ്ങാത്തം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു ആഡംഭര വസ്തു ‘നാലു വാല്‍വുള്ള പെട്ടി റേഡിയോ’ മാത്രമായിരുന്നു. അതിലൂടെ ലോകത്തിലെ ഏതോ കോണില്‍ നിന്നൊക്കെ പ്രക്ഷേപണം ചെയ്തിരുന്ന തരംഗങ്ങളെ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളും അതില്‍ നിന്നു കിട്ടിയിരുന്ന സുഖാനുഭൂതിയും ഒരിക്കലും പറഞ്ഞോ എഴുതിയോ അറിയിക്കാന്‍ സാധികാത്തത്രയാണ്. ബി.ബി.സി [ഇംഗ്ലീഷ് മനസ്സിലാവില്ലെങ്കിലും] റേഡിയോ വത്തിക്കാന്‍, സിലോണ്‍ റേഡിയോ, തിരുച്ചിറാപ്പിള്ളി വാനൊലിനിലയം ഇത്യാദി കേന്ദ്രങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ കടലുകള്‍ താണ്ടി എന്റെ പെട്ടിയില്‍ വന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു. പിന്നെ നമ്മുടെ തിരുവനന്തപുരം -ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങളും. ഇന്നത്തെ പുലിയായ എഫ്.എം. സ്റ്റേഷനുകള്‍ അന്ന് ഉണ്ടായിരുന്നില്ല. (25 വര്‍ഷങ്ങള്‍ക്കു മുന്‍പ്)
രഞിനി (ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍) ഗാന്ധിമാര്‍ഗ്ഗം, പ്രഭാതഭേരി, വയലും വീടും, പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍) കാവ്യാഞ്ജലി, സുഭഷിതം, നാടകവാരം, കര്‍ണടക സംഗീതപാഠം ഇവയൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ടവ.
ഈ ‘വാല്‍വ് റേഡിയോ’ അപ്പച്ചന്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കയ്യെത്താത്ത വിധത്തില്‍ ഒരു തട്ടുണ്ടാക്കി ആ തട്ടിന്‍ മുകളില്‍ ആയിരുന്നു വച്ചിരുന്നത്. തട്ട് ഒരു ജനലിന്റെ മുകളിലത്തെ പടിയിലായിരുന്നു ഫിറ്റു ചെയ്തിരുന്നത്. അതില്‍ കയറി തിരിക്കാന്‍ ഞങ്ങള്‍ക്ക് (അനുജത്തിയും) അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ റേഡിയോയിടെ ഏരിയലും ഒരു സവിശേഷത തന്നെയായിരുന്നു. ചെറിയ നാരുകമ്പി (ചെമ്പാണെന്നു തോന്നുന്നു) കൊണ്ടുള്ള ഒരു റിബ്ബണ്‍ പോലത്തെ ഒരു നെറ്റ്.
ഈ റേഡിയോവില്‍ തോടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നത്, ആ ജനലിനു താഴെ ചിലപ്പോള്‍ ഉണക്കിയ കൊപ്ര, അടക്ക, കുരുമുളക് എന്നിവ കൂമ്പാരം കൂട്ടിയിടുമ്പോഴായിരുന്നു. കൊപ്രാക്കൂനയ്ക്കു മുകളില്‍ കയറി നിന്നു ഞാന്‍ പലപ്പോഴും റേഡിയോ സിലോണ്‍ ‘ട്യൂണ്‍’ ചെയ്തെടുത്തിട്ടുണ്ട്. അക്കാലത്ത് മലയാളം പാട്ടുകള്‍ കേട്ട് കേട്ട് മടുക്കുമ്പോള്‍ തമിഴും ഹിന്ദിയും ആയിരുന്നു ആശ്രയം. അതിനു സഹായിച്ചിരുന്നത് റേഡിയോ സിലോണും തിരുച്ചി വാനോലിനിലയവും വിവിധ് ഭാരതിയും ആയിരുന്നു. അടുത്തുള്ള ഒരു വീട്ടിലേ അന്ന് ‘ടേപ്പ് റെക്കര്‍ഡര്‍‘ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞങ്ങള്‍ക്ക് ഈ ‘വാല്‍വ് റേഡിയോ’ ഇത്ര പ്രീയങ്കരിയായി തീര്‍ന്നത്. അന്ന് ‘കല്‍നായക്, ആഷികി, മേ നെ പ്യാര്‍ കിയ, ... അപൂര്‍വ്വ സഹോദരങ്ങള്‍, അഞലി ... തുടങ്ങിയ അന്യഭാഷാഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതു സ്കൂളില്‍ പോയി വിവരിക്കുമ്പോഴും ഉണ്ടയിരുന്ന ആനന്ദം പിന്നീട് ഐ-പോട്, എം.പി-3 പ്ലേയര്‍, എഫ്.എം റേഡിയോ, . . . ഇത്യാദി വഴി അത്യാധുനീക സ്റ്റീരിയോ ശബ്ദസംവിധാനത്തിലൂടെ സംഗീതമാസ്വദിക്കുമ്പോള്‍ പോലും കിട്ടിയിട്ടില്ല!! AM -ഇല്‍ ശബ്ദം മോണോ ആയിരുന്നു, SW -ഇല്‍ വളരെയധികം കര..കര.. ശബ്ദശല്യങ്ങള്‍ ഉണ്ടായിരുന്നു, FM -ഇല്‍ ഇപ്പോള്‍ നല്ല സ്റ്റീരിയൊഫോണിക് ശബ്ദമാണു കിട്ടുന്നത്.
എഫ്.എം റേഡിയോയുടെ വരവിനുശേഷമായിരിക്കണം റേഡിയോ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയത്. ഫോണ്‍-ഇന്‍ പ്രോഗ്രാമുകളാണല്ലോ ഇന്നത്തെ പ്രധാന പരിപാടികള്‍. ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോഴാണു അവിടെ ആദ്യത്തെ സ്വകാര്യ എഫ്.എം പ്രവര്‍ത്തനമാരംഭിക്കുന്നത്. പലനാള്‍ ശ്രമിച്ച് ഒരുനാള്‍ എനിക്കും സൂര്യന്‍ എഫ്.എം ഫോണ്‍-ഇന്‍ പരിപാടിയില്‍ കിട്ടി. ഓണത്തിനു തൊട്ടടുത്ത ഒരു ദിവസമായിരുന്നു. അങ്ങിനെ റേഡിയോവിലൂടെ ചെന്നൈ നഗരത്തിലെ എല്ലാ മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞു. പിന്നീട് കൊച്ചി നിലയത്തിലെ ‘ജനശബ്ദം’ പരിപാടിയില്‍ വിളിക്കുകയും സംസാരിക്കുകയും പ്രതികരണം പരിപാടിയിലേയ്ക്ക് സ്ഥിരമായി കത്തയക്കുകയും അതു വായിച്ച് (എന്റെ പേരു) കേള്‍ക്കുമ്പോള്‍ ഞാന്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്തുകൊണ്ടിരുന്നു.
ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും റേഡിയോയും തമ്മില്‍ അഭേദ്യമായൊരു ആത്മബന്ധം ഉണ്ടെന്ന് എന്റെ ശ്രോതാക്കള്‍ ... . ക്ഷമിക്കണം വായനക്കാര്‍ക്കെല്ലാം മനസ്സിലായിരിക്കുമല്ലോ. അതുകൊണ്ടാണ് രാവിലെ ഓഫീസ്സിലേക്ക് ഇറങ്ങുമ്പോള്‍ എന്റെ ചെവിയില്‍ മൊബൈല്‍ റേഡിയോയുടെ ഇയര്‍ഫോണ്‍ കൊളുത്തിയിടുന്നത്. ഓഫീലേയ്ക്കുള്ള യാത്രയില്‍ ഒരു മണിക്കൂറെങ്കിലും റേഡിയോ കേള്‍ക്കാമല്ലോ. പിന്നെ രാവിലത്തെ എന്റെ സമയക്രമീകരണം കൊച്ചി എഫ്.എം.-ന്റെ വകയാണ്.
സുഭാഷിതം കേട്ടുണരും
പ്രഭാതഗീതം കേട്ട് പ്രഭാതസവാരി
പ്രാദേശിക വാര്‍ത്തകള്‍കേട്ടുകൊണ്ട് ചായകുടി...
എഫ്.എം. ഡയറി കേട്ടുകൊണ്ട്,
പല്ലുതേയ്ക്കല്‍, ക്ഷവരം, കുളി .....
(ദേശീയ) വാര്‍ത്തകള്‍ കേട്ടുകൊണ്ട് പ്രഭാതഭക്ഷണം.
പരാതികള്‍ക്കു മറുപടി -പ്രതികരണം/ ആരോഗ്യവേദി/ഗാന്ധിദര്‍ശനം/നിയമവേദി (ഏതെങ്കിലുമൊന്ന്) കഴിയുമ്പോള്‍ എനിക്കുപേരേണ്ട സമയമാകും.
പിന്നെ ആകാശദൂത്/ഹലോ ജോയ് ............... എന്നിവ മൊബൈലിലൂടെ കേള്‍ക്കും. ആശാലത, വി.എം.ഗിരിജ, തെന്നല്‍ (AIR), പൂജ (ക്ലബ്ബ് എഫ്.എം) എന്നിവരൊക്കെയാണ് കൊച്ചിയുടെ താരങ്ങള്‍. ആശാലതയുടെ വാചക കസര്‍ത്തും ഗിരിജേച്ചിയുടെ ശബ്ദഗാംഭീര്യവും എടുത്തുപറയാതെ വയ്യ.
Friday, August 22, 2008
കുട്ടികളെ കരയിക്കരുത്.
കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ വായിച്ചു. വായനയ്ക്കു ശേഷം അല്പം നേരം ചിന്തിക്കേണ്ടിവന്നു. കാരണം കുട്ടികളേ അടിച്ചും ശാസിച്ചും ശിക്ഷിച്ചും നല്ലവരായി വളര്‍ത്താനാവില്ല എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.
എന്റെ അനിയത്തിയുടെ കുട്ടി - ആര്‍ഷാ, എല്ലാദിവസവും ഏതെങ്കിലും സമയത്ത് അകാരണമായി കരയും. നല്ല ഉച്ചത്തില്‍, വാശി പിടിച്ചാണ് കരയുന്നത്. ഇതു കാണുമ്പോള്‍ എനിക്കു ദേഷ്യം വരും. കുട്ടികളെ കരയിക്കരുത് എന്നാണ് എന്റെ പ്രമാണം. അനിയത്തിയും അമ്മച്ചിയും പറയും: ‘അവള്‍ വാശിപിടിച്ചു കരയുന്നതെല്ലേ, കരയട്ടെ. കുറച്ചു കഴിയുമ്പോള്‍ തന്നെ നിര്‍ത്തിക്കൊള്ളും’ എന്ന്. കുട്ടികള്‍ കരയുമ്പോള്‍ ‘നാശം, ശവം, ജന്മം .... #$%@@ എന്നൊക്കെ പറഞ്ഞ് വഴക്കുപറയുന്ന ചില അമ്മമാരെ കണ്ടിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഡിമാന്റ്സ് അറിയിക്കാന്‍ എളുപ്പവഴിയാണ് കരയുക എന്നത്. അതുമനസ്സിലാക്കി പെരുമാറാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. ശ്രദ്ധ തിരിച്ചുവിട്ടുക എന്നതാണ് ഏറ്റവും എളുപ്പവഴി. അതുപോലെ തന്നെ കരച്ചില്‍ തുടങ്ങുമ്പോഴേ എന്തെങ്കിലും തന്ത്രം വഴി പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്ന്. കുട്ടികളുടെ വാശിക്കു മുന്‍പില്‍ അമ്മമാരും വാശിപിടിക്കുന്നതാണ് മിക്കാവാറും രംഗം വഷളാക്കുന്നത്.
ചെന്നെയില്‍ വച്ച് ഒരിക്കല്‍ ഒരു പ്രഭാഷണത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഏതോ തമിഴ് മഹദ് ഗ്രന്ഥത്തില്‍ നിന്നെടുത്ത ഒരു ശ്ലോകം വ്യഖ്യാനിച്ച് നല്ല ഒരാശയം വിവരിച്ചത് കേള്‍ക്കുകയുണ്ടായി. അത്തിനു വേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഉമേഷിന്റെ പോസ്റ്റില്‍ നിന്നും ഈ സംസ്കൃതശ്ലോകം (കുട്ടികളെ വളര്‍ത്തേണ്ട വിധത്തേപറ്റി) ആണുകിട്ടിയത്. (തമിഴില്‍ പറഞ്ഞ അതേ വക്യവും ആശയവും):
“രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ
തുപുത്രം മിത്രവദാചരേത്”
അര്‍ത്ഥം: പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം. അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!
ആറുവയസ്സു വരെ കുട്ടികളെ രാജാക്കന്മാരെ പോലെ വളര്‍ത്തണം എന്നു പറയുന്നതില്‍ വളരെ ശരിയുണ്ടെന്നു തോന്നുന്നു. കാരണം, മനഃശാസ്ത്രത്തിന്റെ വളര്‍ന്നുവരുന്ന ശാഖയായ ‘ട്രാന്‍സക്ഷണല്‍ അനാലിസ്സിസില്‍’ പറയുന്നു ശൈശവത്തില്‍ ഒരു വ്യക്തിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ പതിക്കുന്ന ചിത്രങ്ങളാണ് (സ്ട്രോക്ക്സ്) പിന്നീട് അവന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് എന്ന്. ആ പ്രായത്തില്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നും മാധ്യമങ്ങളില്‍ (ഉദാഃ ടെലിവിഷന്‍-ഷം) നിന്നും ഒക്കെ നിരവധി ‘സ്റ്റ്രോക്കുകള്‍’ ആ കുഞ്ഞു തിരശ്ശീലയില്‍ പതിക്കുന്നു. അതാണു പിന്നീട് കൌമാരത്തിലെ റിബലുകളെയും, തെമ്മാടികളെയും, നല്ലപിള്ളമാരെയും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്. അതുകൊണ്ടാണ് സ്കൂളില്‍ പടിക്കുന്ന കുട്ടികളെ തിരുത്തുവാന്‍ അധ്യാപകരും മാതപിതാക്കളും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത്?!
കുമാരനാശാന്റെ ‘വീണപൂവിലെ’ ഈ വരികളാണ് കുഞ്ഞുങ്ങളേക്കാണുമ്പോള്‍ എനിക്കോര്‍മ്മവരാറുള്ളത്:
‘ലാളിച്ചു പെറ്റ ലത അന്പോട് ശൈശവത്തില്‍ പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെആലോല വായു ചെറു തോട്ടിലുമാട്ടിതാരാട്ടാലാപമാര്‍ന്നു മലരേ ദല മര്‍മരങ്ങള്‍‘
ഭാരതത്തിലെ ഗുരുക്കന്മാര്‍ നിര്‍ദ്ദേശിച്ച ഈ ശ്ലോകം തീര്‍ച്ചയായും പ്രസക്തമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. നിങ്ങളും പരീക്ഷിച്ചു നോക്കൂ...
Monday, August 18, 2008
വീണ്ടുണ്ടുമൊരു ചിങ്ങപ്പുലരിയില്‍
മഴക്കാലം എന്നു പറയുമ്പോള്‍ ഓര്‍മ്മവരുന്നത് പണ്ട് വീട്ടിലും വീടിനടുത്ത പറമ്പുകളിലും തെങ്ങിനുതടമെടുത്തിരുന്നതാണ്. ഈ തെങ്ങിന്‍ തടങ്ങളില്‍ ഞങ്ങള്‍ കൊച്ചുകുട്ടികള്‍ കടലാസുകൊണ്ട് വഞ്ചിയുണ്ടാക്കി ഒഴുക്കിവിടുമായിരുന്നു. ഞാനീയടുത്തകാലത്ത് ഒരിടത്തും തെങ്ങിന്‍ തടമോ അതില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതോ കുട്ടികള്‍ കളിവഞ്ചിയുണ്ടാക്കി കളിക്കുന്നതോ കണ്ടിട്ടില്ല!
ചിങ്ങമാസം പിറന്നാല്‍ പിന്നെ ഓണത്തിന്റെ ഒരു നിറവും മണവുമൊക്കെ മനസ്സില്‍ നിറയുകയായി. പണ്ട് ഓണപ്പൂവിടുന്നതിനു എന്റെ പ്രായത്തിലെല്ലാവരും (സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍) പലദിക്കിലും നടന്ന് പൂപറിക്കാന്‍ പോകുമായിരുന്നു. എന്നാല്‍ ഞങ്ങളുടെ (ഞാനും ജൈസിയും) അപ്പച്ചന്‍ അവരുടെ കൂടെ പോയി ദൂരെനിന്നും പൂപറിക്കാന്‍ ഞങ്ങളെ വിടില്ലായിരുന്നു. വളരെ ദുഃഖകരമായ ഒരു നിരോധനം ആയിരുന്നു അത്. കൂട്ടുകാരെല്ലാം ദൂരെയെങ്ങോ മലയില്‍ പോയി ചെങ്കദളി, മഞ്ഞക്കോളാമ്പി . . .ഇത്യാദി ‘അത്യപൂര്‍വ്വ’ പൂക്കള്‍ ശേഖരിച്ച് കൊണ്ടുവരുമായിരുന്നു. ഞങ്ങള്‍ക്ക് അതിന്റെ പങ്കുലഭിക്കാന്‍ അവരുടെ മുന്‍പില്‍ താണ് കേണു നില്‍ക്കുകയല്ലാതെ വേറേവഴിയില്ലായിരുന്നു.
ഇതേതു മലയില്‍ നിന്നാണുപറിച്ച് കൊണ്ടുവരുന്നതെന്നാലോചിച്ച് തലപുകക്കാറുണ്ടയിരുന്നു. ഏതോ ഹിമാലയം പോലത്തെ മലയായിരുന്നു മനസ്സിലെ ചിത്രത്തില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി സൈക്കിള്‍ (അപ്പച്ചന്റെ ഹെര്‍ക്കുലീസ്) ചവുട്ടി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ (7 -ആം ക്ലാസ്സിലെത്തി) ഞാന്‍ ഈ മല കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ അങ്ങിനെ ഒരു മലയും കാടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും അവര്‍ പറയാറുണ്ടായിരുന്ന കഥകളും വിവരണവും വച്ച് ‘കദളിപ്പൂ’ കിട്ടിരിയുന്ന ആ മലയെവിടെയാണെന്ന് ഞാന്‍ തേടാറുണ്ട്.
ഒരു ഓണവധിക്കാലത്താണ് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ പ്രതിയാക്കപ്പെട്ടത്. അക്കഥയിങ്ങനെ:
ഞാനും സന്തോഷ് ബലകൃഷ്ണനും കൂടി, മുളന്തുരുത്തി കരവട്ടെകുരിശിനു എന്തോവാങ്ങിക്കാന്‍ പോയതാണ്. ഒരിടവഴി സൈക്കിള്‍ ചവുട്ടി, റെയില്‍ വേ സ്റ്റേഷന്‍ വഴി പോയാല്‍ എളുപ്പമാണ്. റെയില്‍ വേ പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുചെന്നുകയറി, സൈക്കിള്‍ പ്ലാറ്റ്ഫോമില്‍ക്കൂടി ‘ചവുട്ടി’ ഞാനും സന്തോഷും നീങ്ങുമ്പോള്‍ അതാ സ്റ്റേഷന്‍ മസ്റ്ററേമാന്‍ ചാടിവീണു മുന്‍പില്‍...
പ്ലാറ്റ്ഫോമില്‍ ക്കൂടി സൈക്കിള്‍ ചവുട്ടിയ ധിക്കാരികളെ കയ്യോടെ പിടികൂടി!! “ഇതൊരു സര്‍ക്കാര്‍ സ്ഥലമാണ്. അനധികൃതമായി സൈക്കിള്‍ ചവുട്ടുന്നത് ശിക്ഷാര്‍ഹമാണ്” ഉടനെ എന്റെ തിരുവായില്‍ നിന്നും വന്നത്: ‘ഈ സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ ആരുടെയാ സാറെ, ജനങ്ങളുടെയല്ലെ?’ മാസ്റ്റര്‍ക്ക് ചൊറിഞ്ഞ് വരാന്‍ വേറെന്തുവേണം. സൈക്കില്‍ വാങ്ങിപൂട്ടിവച്ചിട്ട് ‘മക്കള്‍ വീട്ടില്‍ പോയ്ക്കോ‘യെന്നു പറഞ്ഞപ്പോളാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. രണ്ട് നിക്കറുപിള്ളേരും കൂടി കരഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടയില്ല. (ഹെര്‍ക്കുലീസ് ഇല്ലാതെ എങ്ങിനെ വീട്ടില്‍ ചെല്ലും?)
മുളന്തുരുത്തി പള്ളിത്താഴത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുധിയായിരുന്നു പിന്നെ ആശ്രയം. സുധിയുടെ അച്ഛന്‍ കടയിലുണ്ടായിരുന്നു. ഒന്നാലോചിച്ചശേഷം ഒരു നമ്പറില്‍ വിളിച്ചു. ഏതോ മുതിര്‍ന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ (മുളന്തുരുത്തിയില്‍ താമസിക്കുന്ന) ആയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനീ വീരന്മാരെ ഒന്നു കാണാണം!! ഞങ്ങള്‍ ചെന്നു. ഈ ചെറുപ്രായത്തില്‍ ഇത്തരം വികൃതികാണിച്ചതു ശരിയായില്ല എന്നദ്ദെഹം പറഞ്ഞു. ഞങ്ങള്‍ക്കും അതുശരിയാണെന്നു തോന്നി. പിന്നീട് ഫോണ്‍ എടുത്ത് സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് പറഞ്ഞു. ‘ചെന്ന് ക്ഷമപറഞ്ഞിട്ട്‘ സൈക്കിള്‍ വാങ്ങിക്കോളാന്‍ പറഞ്ഞു.
സൈക്കിളിന്റെ താക്കോല്‍ വാങ്ങി സൈക്കില്‍ ഉരുട്ടി സ്റ്റേഷനുവെളിയില്‍ വന്നപ്പോഴാണ് ..... ഒരു മണിക്കൂറിലേറെയായി വികടഗതിയിലായിരുന്ന ഞങ്ങളുടെ ശ്വാസം നേരെ വീണത്.
(25 കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നത്)
Saturday, August 16, 2008
കുട്ടികളുടെ ഗ്രാമം - ഒരു ഒഴിവുദിന സന്ദര്‍ശനം
Friday, July 25, 2008
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ.......
ഇന്നു ഓര്‍കുട്ടില്‍ സക്കീര്‍ ഹുസ്സൈനിന്റെ പ്രൊഫിലില്‍ ഒരു പുതിയ വീഡിയൊ ക്ലിപ്പ് കണ്ടു. സ്വന്തം ക്യാമറയില്‍ എടിത്തതായി തോന്നുന്നു. ഒരു കുന്നിന്‍ ചരുവിലിരിക്കുന്ന ദമ്പതികള്‍, കൂടെ കുഞ്ഞുമുണ്ട്. ഭാര്യ (ഷൈന എന്നാണു പേരെന്ന് അതില്‍ കൊടുത്തിട്ടുണ്ട്) മുകളില്‍ കൊടുത്തിരിക്കുന്ന കവിത മനോഹരമായി ആലപിക്കുന്നു. വളരെ മനോഹരമായിട്ടുണ്ട്. കേട്ടിരുന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയൊക്കെയോ പറന്നുപോയി.
ഞാന്‍ അജിതയും മോനുമായി ഒരിടത്ത് ഇതു പോലെ സ്വസ്ഥമായി ഇരിക്കുന്നതും അജിത പാടുന്നതും സ്വപ്നം കണ്ടു. (അജിതയ്ക്ക് പാരമ്പര്യമായി സംഗീതവാസന കിട്ടിയിട്ടുണ്ട്, എങ്കിലും ഇതു വരെ പാടിക്കേട്ടിട്ടില്ല)
ഓര്‍മ്മകള്‍ എവിടെയൊക്കെയോ എന്നെയും കൊണ്ട് പോയി: പട്ടാമ്പിയില്‍ പണ്ട് നടന്ന നാഷണല്‍ സര്‍വീസ് സ്കീം - ദശദിനക്യാമ്പ്. നല്ല മനോഹരമായ നിളാതീരം. എം.ടി.യുടെ നാട്ടിലായിരുന്നു. അവിടെ വച്ച് കവിത ചൊല്ലാറുണ്ടായിരുന്ന രാജി എന്ന സുഹൃത്തിനെ ഓര്‍മ്മവന്നു.
പിന്നെ സ്കൂള്‍ ദിനങ്ങള്‍, പാടാന്‍ നല്ല സ്വരമില്ലാത്തതിനെക്കുറിച്ചോറ്ത്തു ദുഃഖിച്ച ദിനങ്ങള്‍ ... കോളേജില്‍ മനോഹരമായി ഓടക്കുഴല്‍ വായിച്ചിരുന്ന ജോയല്‍ അസ്സറിയ്യ. ക്ലാസ്സുകള്‍ക്കിടയിലെ വിരസതയകറ്റാന്‍ തന്റെ തുണിസഞ്ചിയില്‍ നിന്നും ചെറിയ ഓടക്കുഴല്‍ എടുത്ത മനോഹരമായ ഈണങ്ങള്‍ അവന്‍ വായിക്കുമായിരുന്നു. (അസൂയ തോന്നിയിട്ടുണ്ട് - പെണ്‍കുട്ടികളുടെ കയ്യടി കാണ്ടിട്ട്) അവന്‍ ഇപ്പോല്‍ മദ്രാസ്സില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു.
ഒരു സിനിമ കാണുന്നതില്‍ കൂടുതല്‍, ഒരു വീഗാലന്റ് ട്രിപ്പില്‍ കൂടുതല്‍, ഒരു തീര്‍ഥയാത്രയില്‍ കൂടുതല്‍ . . . ഇത്തരം ഒരു നിമിഷം (ഒന്നിച്ച് ശാന്തമായിരിക്കുന്ന ഒരു നിമിഷം) ആണു ഞാനേറെ ആഗ്രഹിക്കുന്നത്.
പണ്ട് മണ്ണുത്തിയില്‍ പടിക്കുമ്പോള്‍ ഞാനും സുജയനും /ക്രിഷ്ണകുമാറും വടക്കുന്നാഥനില്‍ വന്ന് ചുറ്റമ്പലത്തിനകത്ത് ഒന്നു രണ്ട് പ്രദിക്ഷിണം വച്ച് ആല്‍ത്തറയില്‍ (ഇലഞ്ഞിത്തറമേളം നടക്കുന്നതിനടുത്ത്) ഇരുന്ന് കുറച്ച് നേരം സോപാനസംഗീതം (ഇടക്ക/അഷ്ടപദി വായിക്കുന്നത്) കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആ മനശാഃന്തി വേറൊരിടത്തുനിന്നും കിട്ടിയിട്ടില്ല.
പറഞ്ഞ് പറഞ്ഞ് വിഷയത്തില്‍ നിന്നും മാറിപ്പോയി. സക്കീര്‍ ഹുസ്സൈന്റെ ഈ വീഡിയൊ ക്ലിപ്പ് കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് ഒരു സ്ക്രാപ്പ് എഴുതി. ആ കവിതാലാപനം എനിക്കൊത്തിരി ഇഷ്ടമായി എന്നുപറഞ്ഞ്. ഞാന്‍ ഓഫീസ്സില്‍ ആയിരുന്നു. കുറേ നേരം കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സക്കീര്‍ ആണു പട്ടാമ്പിയില്‍ നിന്നും!! ഞങ്ങള്‍ തമ്മില്‍ ‘ഓര്‍ക്കുട്ടില്‍’ പരിചയമുള്ളതല്ലാതെ, നേരില്‍ പരിചയം ഇല്ല, കൂടുതല്‍ ഒന്നും അറിയുകയും ഇല്ല. “സ്ക്രാപ്പ് കണ്ടിട്ട് വിളിച്ചതാണ്. ആ കവിത ആലപിച്ചിരിക്കുന്നത് എന്റെ ഭാര്യയാണ്. അവള്‍ ഇപ്പോള്‍ ഇല്ല!! എന്നെ (ഈ ലോകത്തുനിന്നു)വേര്‍പിരിഞ്ഞിട്ട് കുറച്ച് നാളായി, കഴിഞ്ഞ ദിവസം എന്തോ തിരഞ്ഞപ്പോള്‍ ആ വീഡിയോ കണ്ടത്, ഓര്‍ക്കുട്ടില്‍ അപ്പ്ലോഡ് ചെയ്തതാണ്.” വാക്കുകള്‍ ഇടറിയിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. ഞാനും വല്ലാത്തൊരു മാനസ്സീകാവസ്ഥയിലായിപ്പോയി. എനിക്കിനിയും അതു വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവരുടെ കുടുംബചിത്രം ഓര്‍ക്കുട്ടിലൂടെ എന്നെ നോക്കിചിരിക്കുന്നു.
ആലാപനം നിങ്ങള്‍ക്കും ഈ ലിങ്കിലൂടെ കാണാം: http://www.youtube.com/watch?v=Om8rbBO5SvM (ഇപ്പോഴും സംശയം ബാക്കി, ഇനി ഞാന്‍ ഫോണിലൂടെ കേട്ടതെന്തെങ്കിലും തെറ്റിയതാണോ? ഷമിക്കണം ഷക്കീര്‍ എനിക്കിത് വിശ്വസിക്കാനാകുന്നില്ല.)
Tuesday, July 22, 2008
മോഹവും മോഹഭംഗങ്ങളും.
ഒരിക്കല്, ചെന്നൈയില്‍ നിന്നും ഒരു വാരാന്ത്യത്തില്‍ ഞാന്‍ ബാംഗ്ലൂറ് പോയി. രണ്ടു ദിവസം രാമനാഥന്റെ കൂടെ കഴിയാം, ചുറ്റിക്കറങ്ങാം എന്നതായിരുന്നു പദ്ധതി. രണ്ട് ദിവസവും വിചാരിച്ചതിനേക്കാള്‍ നന്നായി പോയി. രാമന്‍ എന്റെ ഹോസ്റ്റ്ല് മേറ്റ് ആണു. സ്വന്തം വീട് പോലെ അവനുമായി പെരുമാറാം.
പോരുന്ന ദിവസം, ഞങ്ങള്‍ വൈകുന്നേരം താമസിക്കുന്നതിനടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. അവന്‍ എന്തൊക്കെയോ വാങ്ങി കൂടെ ഒരു നല്ല (വില കൂടിയ) പെര്‍ഫ്യൂം എടുത്തു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അത് എന്റെ കയ്യില്‍ തന്ന് നല്ല ബ്രാന്‍ഡാണ് ... പണ്ട് ഞാന്‍ ഇതു മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. എന്നൊക്കെ പറഞ്ഞ് പെര്‍ഫ്യും എന്റെ കൈയ്യില്‍ വച്ചുതന്നു. (പിന്നെ ഞാനോന്നും ഓര്‍ക്കുന്നില്ല....).
ഞാന്‍ അന്നു രാത്രി 9 മണിയുടെ ബസ്സിനു തിരികെ ചെന്നൈയിലേക്ക് പോരാന്‍ ട്രാവത്സിനടുത്ത് രാമന്‍ എന്നെ കൊണ്ടാക്കി. രാമന്‍ തിരികെ ചെന്ന് എന്നെ ഫോണ്‍ വിളിച്ചു: എടാ നീ ആ പെര്‍ഫ്യും എടുത്തോ. ഇവിടെ നോക്കിയിട്ട് കാണുന്നില്ല?! ഞാന്‍ ആകെ ഫ്യൂസ് ആയി, കാരണം എനിക്കു തന്നതാണെന്നു കരുതി ഞാനതെടുത്ത് എന്റെ ബ്യാഗില്‍ വച്ചിരുന്നു. ഞാന്‍ പറഞ്ഞു: ‘അതെന്റെ ബ്യാഗിലുണ്ട്. നീ വേഗം വന്നാല്‍ തരാം, അല്ലെങ്കില്‍ ഇവിടെ ട്രവത്സില്‍ ഏല്പിച്ചിട്ട് പോകാം.’ ഞാന്‍ പോരുന്നതിന്ന് മുന്നേതന്നെ രാമന്‍ സ്ഥലത്തെത്തി, തൊണ്ടിസാധനം കൊണ്ടുപോയി.
ഇതില്‍ രണ്ടു കാര്യമുണ്ട്. (1) എനിക്ക് പെര്‍ഫ്യൂമിനോട് അത്ര ആക്രാന്തം ഇല്ല. (2) എനിക്കത് വേണമെങ്കില്‍ എടുത്തോളൂ എന്ന് രമന്‍ പറഞ്ഞൂ. എങ്കിലും എനിക്കാ സംഭവം എന്തോ ഒരു ഇശ്ചാഭംഗം മാതിരി തോന്നി. (കേവലം ഒരു ചമ്മല്‍ മാത്രമായിരുന്നു) ഇന്നും മനസ്സില്‍ മായതെ നില്‍ക്കുന്നു. ഓര്‍ക്കുമ്പോള്‍ ഒരു ചമ്മല്‍!!
ഇമ്മാതിരി ഒരു സംഭവം അടുത്തയിടെ നടന്നപ്പോള്‍ ആണു പഴയത് ഓര്‍മ്മ വന്നത്. ഞങ്ങളുടെ (താമസിക്കുന്ന) പുരയിടം, അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമായി അദ്ധ്വാനിച്ചു വാങ്ങിയതാണ്. 2002 - ല്‍ ആണു ഞാന്‍ പുതിയ വീട് വയ്ക്കാന്‍ വയ്പ എടുക്കുന്നത്. അപ്പോള്‍ 18 സെന്റ് സ്ഥലത്തിന്റെ ആധാരം എന്റെ പേരില്‍ ആക്കി. കാലം കഴിഞ്ഞു പോയി. ഞാന്‍ ധരിച്ചത് അപ്പച്ചന്‍ എന്നേക്കുമായി സ്നേഹപൂര്‍വ്വം ആ സ്ഥലം എന്റെ പേരില്‍ എഴിതിയതാണെന്നാണ്! അങ്ങിനെ തന്നെ ഞാന്‍ എന്റെ ഉറ്റമിത്രങ്ങളുടെ അടുത്തും ഭാര്യയുടെ അടുത്തും അഭിമാനപൂര്‍വ്വം വീമ്പിളക്കി. (എന്റെ കല്യാണം 2006 - ല്‍ ആയിരുന്നു.) പിതൃസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഞാന്‍ എന്റപ്പനെ കണ്ടു.
അടുത്തിടെ ലോണ്‍ അടച്ചുതീര്‍ത്ത് ഞാന്‍ എന്റെ ഒരു വലിയ ബാധ്യത ഒഴിവാക്കി. അതിനുശേഷം ഒരു സുപ്രഭാതത്തില്‍ 7.00 am മണിക്കണ്, അപ്രതീക്ഷിതമായി ആ ബോംബ് ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് വീണത്. പത്രം വായിച്ചുകൊണ്ടിരുന്ന അപ്പച്ചന്‍ ചായഗ്ലാസ്സ് നിലത്ത് വച്ച് ഇങ്ങിനെ പറഞ്ഞു: ‘ ഏതായലും ലോണ്‍ ബാധ്യത തീര്‍ന്നല്ലോ, ഇനി ആ ആധാരം നമുക്കു പഴയപടി ആക്കിയേക്കാം.!!??’ ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും പുറമേ കാണിച്ചില്ല. ‘അതിനെന്താ’ എന്ന് മറുപടി പറഞ്ഞു. കൂടുതല്‍ സംസാരം ഒന്നും ഉണ്ടായില്ല.
അപ്പനു മകന്റെ പേരില്‍ ആധാരം ഇഷ്ടദാനം നടത്താന്‍ എളുപ്പമാണ്. എന്നാല്‍ മറിച്ച് അങ്ങിനെ ചെയ്യാന്‍ സാധ്യമല്ല!! പിന്നെ എന്ത് ചെയ്യും? ആധാരം മറിച്ചെഴുതണമെങ്കില്‍ വില്പനയായി കാണിക്കണം, അപ്പോള്‍ ഒരു ലക്ഷത്തില്‍ അധികം തുക എഴുത്തുകൂലി, കരം, ഇത്യാദി വരും. കര്യം അങ്ങിനെ ‘ഫ്രീസിങില്‍’ നില്‍ക്കുകയാണിപ്പോള്‍. അല്ലെങ്കില്‍ ഞാന്‍ എന്റെ വില്പത്രം അപ്പച്ചന്റെ പേരില്‍ എഴുതിവയ്ക്കണം. മകന്‍ അപ്പന്റെ പേരിലേയ്ക്ക് വില്പത്രം എഴുതിവയ്ക്കുന്നത് അസ്വാഭാവീകമാണ്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരല്പം ഇശ്ചാഭംഗം / മോഹഭംഗം. എന്തു കൊണ്ടായിരിക്കാം ഇങ്ങിനെ മറിച്ചു ചിന്തിക്കാന്‍ അപ്പച്ചനെ പ്രേരിപ്പിച്ചത്?
1) വീട് പണി നടക്കുന്നതിനാല്‍ അനിയത്തിയും കുട്ടികളും ഞങ്ങളുടെ കൂടെയാണ് ഉള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടുന്നില്ലേ?
2) വീട് പണി നടക്കുന്നതിനാല്‍ അനിയത്തി സ്വന്തം അപ്പച്ചന്റെ കയ്യില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതു കൊടുക്കാന്‍ അപ്പച്ചനു നിര്‍വാഹം ഇല്ല. (അപ്പോള്‍ തോന്നിയതാവാം വീട് അവനു എഴികൊടുക്കണ്ടായിരുന്നു.)
3) ഞാന്‍ അടുത്തെങ്ങാന്‍ മരിച്ചുപോയാല്‍ എന്റെ സ്വത്ത് മുഴുവനും ഭാര്യക്കും മോനും മാത്രമായിത്തീരും. അപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഭാവി എന്താണ്? (സ്വാഭാവികമായ സംശയം)
4) അപ്പച്ചന്‍ 25 -ആം വയസ്സില്‍ സ്വന്തമായി ഒരു പുരയിടം (PLOT 18 സെന്റ്) വാങ്ങി. ഞാനും അതുപോലെ ചെയ്തു കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഞാന്‍ വേണ്ടത്ര പിടിപ്പില്ലാതെ കാശു ചെലവു ചെയ്യുന്നതായി അപ്പനു തോന്നുന്നുണ്ടാവാം - ഉദാഃ കാറ് വാങ്ങിയത്.
രണ്ടും വളരെ വ്യത്യസ്ഥങ്ങളായ സംഭവങ്ങളാണെങ്കിലും ‘ഇശ്ചാഭംഗം’ ആണ് രണ്ടിന്റെയും കാതല്‍. കയ്യില്‍ വന്നുചേര്‍ന്നുവെന്ന് കരുതിയത് അല്ലാ എന്നറിയുമ്പോളുള്ള വിഷമം/ ചമ്മല്‍. ബൈബിളില്‍ യേശു മനോഹരമായി പറയുന്നുണ്ട്: ‘വിരുന്നിനു പോകുമ്പോള്‍ ആദ്യം തന്നെ കസേരയില്‍ കയറി ഇരിക്കരുത്. ആധിഥേയന്‍ വന്ന് വിളിക്കും. അല്ലെങ്കില്‍ (ചാടികയറി ഇരുന്നാല്‍) ചിലപ്പോള്‍ എഴുന്നേല്ക്കേണ്ടി വരും’. ഇശ്ചാഭംഗങ്ങള്‍ ഒഴിവാക്കാന്‍ ഈ ബൈബിള്‍ വചനം ഓര്‍മ്മിക്കുന്നത് നല്ലതാണ്. വിരുന്നിനു മാത്രമല്ല, ഏതു സന്ദര്‍ഭത്തിനും ഇതു ബാധകമാണ്.
Friday, July 18, 2008
കുട്ടികള്‍ പ്രശ്നക്കാരാണോ അതോ . . .
എല്ലാവര്‍ക്കും ഒരോരോ പ്രശ്നങ്ങള്‍ ഉണ്ട്. ഒരാളുടെപ്രശ്നം മറ്റൊരാള്‍ക്ക് വലുതായി തോന്നണമെന്നില്ല. എണ്റ്റെ പ്രശ്നം ആണു എനിക്ക് വലുത്, മറ്റെല്ലാം നിസ്സാരം.
കുട്ടികള്‍ ദൈവത്തിണ്റ്റെ മാലാഖമാരാണു. അതുകൊണ്ടായിരിക്കും യേശുദേവന്‍ ഇങ്ങിനെ പറഞ്ഞത്: 'നിങ്ങള്‍ ശിശുക്കളെ പോലെ ആകുക, എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ' കുട്ടികളെ വളര്‍ത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണു. അല്ലെങ്കില്‍ വളരെ ക്ഷമയും ദയയും വേണ്ടുന്ന കാര്യമാണു.
ഇപ്പോള്‍ എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നത് ജൈസിയും ആര്‍വിനും തമ്മിലിള്ള ബഹളം കേട്ടുകൊണ്ടാണു. ആര്‍വിനു രാവിലെ ൭ മണിക്ക് സ്കൂളില്‍ പോകണം. ചോറും കറിയും പ്രഭാത ഭക്ഷണവും തയ്യാറക്കി, ആര്‍വിനെ കുളിപ്പിച്ചൊരുക്കി യൂണിഫോം ഇടിവിച്ച് അയക്കുക എന്നത് ഒരു ഭഗീരഥപ്രയത്നം ആവശ്യമുള്ള കൃത്യമാണെങ്കിലും എനിക്കീ ശഃണ്ടകാണുമ്പോള്‍ കലിവരും. അതായത് രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്നതേ 'കലിയിളകി' ആണെന്നര്‍ത്ഥം!!
എല്ലാരും ഇങ്ങിനെയൊക്കെയാ കുട്ടികളെ വളര്‍ത്തുന്നതെന്നാണു അവളുടെ മറുപടി. ഞാന്‍ വലുതാവുമ്പോള്‍ (അഥവാ എണ്റ്റെ മോന്‍ വലുതാവുമ്പോള്‍) ഇതൊക്കെ ഞാന്‍ മനസിലാക്കികൊള്ളുമത്രേ? എന്തോ എനിക്ക് കുട്ടികളുമായി വഴക്കടിക്കുന്നതും, ശഃണ്ടകൂടുന്നതും ശകാരിക്കുന്നതും തല്ലുന്നതും ഒന്നും ഇഷ്ടമല്ല. അതിനാല്‍ അവളുടെ ഈ ന്യായീകരണങ്ങള്‍ ഒന്നും അംഗീകരിക്കാനും ആവില്ല.
ചിലര്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിണ്റ്റെ വിഷമം
മറ്റുചിലര്‍ക്ക് ആണ്‍കുട്ടി/പെണ്‍കുട്ടി ജനിക്കാത്തതില്‍ വിഷമം കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതില്‍
നന്നായി പടിക്കാത്തതില്‍ വിഷമം
അനുസരണ ഇല്ലാത്ത കുട്ടികള്‍ മഹാകഷ്ടം
സ്കൂള്‍/ കോളേജ് അഡ്മിഷന്‍ എന്തൊരു ടെന്‍ഷന്‍
പ്രണയത്തില്‍ കുടുങ്ങിയ കുട്ടികള്‍
പാരെണ്റ്റ്സിനൊരു തലവേദന തന്നെ
ഇന്നലെ ആണ്റ്റി വിളിച്ചിരുന്നു:
അനു മോള്‍ടെ കല്യാണം ഒന്നുമായില്ല
വര്‍ഷം മൂന്നായി പല ആലോചനകളും നടത്തുന്നു.
ഒന്നും ശരിയായി വരുന്നില്ല എന്തൊരു ടെന്‍ഷന്‍?!
കല്യാണം കഴിഞ്ഞാലോകുട്ടികളുണ്ടാവാത്തതിണ്റ്റെ ടെന്‍ഷന്‍.
ഇന്നലെ വേദാന്താ അക്കദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ പ്രഭാഷണം സി.ഡി.യില്‍ കേട്ടു. കുട്ടികളെ എങ്ങിനേ നല്ലവരായി വളര്‍ത്താം - ഇതായിരുന്നു വിഷയം. അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പ്രഘോഷണം നിര്‍ത്തൂ. ഉദാഹരണം ആകൂ. അതായത് കുട്ടികള്‍ക്ക് നല്ല മാതൃക കാണിച്ച് കൊടുക്കുക. അവര്‍ നല്ലവരായി വളര്‍ന്നുകൊള്ളും. ' അരുത്/ചെയ്യരുത് ഇങ്ങിനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിയാല്‍ തന്നെ കുട്ടികള്‍ നമ്മെ അനുസരിക്കാന്‍ പഠിക്കും!
എനിക്കിതൊക്കെ വളരെ ശരിയായി തോന്നി. അഞ്ചു വയസ്സു വരെയെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതും ശകാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണം എന്ന അഭിപ്രായമാണെനിക്ക്. കാരണം ആ പ്രായത്തിലാണു ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നത്. അഞ്ചു വയസ്സിനു ശ്ശേഷം കുട്ടികളുടെ സ്വഭാവം നല്ലതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലും യാതൊരു പ്രയോജനവും ഇല്ല!! കാരണം അതിനുള്ളില്‍ കുട്ടികളുടെ മനസ്സിലെ തിരശീലയില്‍ ചിത്രങ്ങള്‍ ഒരു അച്ചിലെന്നപോലെ നിരന്നുകഴിഞ്ഞിരിക്കും. ആ ലിപികള്‍ ആണു പിന്നീട് വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഭലിക്കുന്നത്. അതുകൊണ്ട് അടുത്ത തവണ നിങ്ങള്‍ റിബലായ കൌമാരക്കാരനെ കാണുമ്പോള്‍ അവണ്റ്റെ ബാല്യ/ശൈശവ കാലഘട്ടെത്തെക്കുറിച്ചു കൂടി ആലോചിക്കുന്നതു നന്ന്. എന്നിട്ടാവാം വിധിയെഴുത്ത്. (മാതാപിതാക്കളുടേയോ കുട്ടിയുടെയോ)കുട്ടികള്‍ പ്രശ്നക്കാരാണോ അതോ മതാപിതാക്കള്‍ ആണോ പ്രശ്നക്കാര്‍? നിങ്ങള്‍ തന്നെ പറയൂ.
Thursday, June 19, 2008
ആപല്‍ബാന്ധവനേ . . . (ഭാഗം - 2)
പണ്ട് ഞങ്ങളുടെ സുരേഷ് സര്‍ [കാറ്ഷീക സര്‍വ്വകലാശാല - മണ്ണുത്തി] എക്ണോമിക്സ് പടിപ്പിക്കുന്നതിനിടയില്‍ പല തത്വവിചാരങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് ആത്യന്തീകമായ അവശ്യബോധം ഉണ്ടായാല്‍ മാത്രമേ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വന്നുചേരൂ.’ ഞങ്ങളുടെ കോഴ്സിനു അംഗീകാരം/ രാഷ്ട്രീയ വിജയം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ ആണെന്നുതോന്നുന്നു സര്‍ ഈ തത്വം പറഞ്ഞത്. ഒരു ഉദാഹരണവും പറഞ്ഞു: ‘ഒരാള്‍ വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ ഒരിത്തിരി വായുലഭിക്കുന്നതിനു എത്രമാത്രം ആഗ്രഹിക്കുമോ, അതുപോലൊരു ആഗ്രഹം നമുക്കുണ്ടെങ്കില്‍ ഏതു കാര്യവും കരഗതമാവും’. കഴിഞ്ഞദിവസം താഴെ കൊടുത്തിരിക്കുന്ന മഹാഭാരതഭാഗം വായിച്ചപ്പോള്‍ സുരേഷ് സറിനെ ആണു ഓര്‍മ്മവന്നത്.
പരിപൂര്‍ണ്ണ ശരണാഗതി:
ധര്‍മ്മപുത്രന്‍ കൌരവരുമായുള്ള ചൂതാട്ടത്തില്‍ ആദ്യം സഹോദരന്മാരേയും പിന്നെ തന്നേയും ഒടുവില്‍ പാഞ്ചാലിയേയും പണയം വച്ച് സര്‍വ്വതും നഷ്ടപ്പെടുത്തി. അനന്തരം ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച് പാഞ്ചാലിയെ സഭയിലേക്ക് വലിച്ചിഴച്ചുവരുത്തി. ‘അടിമയ്ക്ക് എന്തിനാണ് മേല് വസ്ത്രം’ എന്നു പറഞ്ഞുകൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുകളയാന്‍ ഉത്തരവിട്ടു. പാഞ്ചാലിയുടെ ഉടലും ഉള്ളവും നടുങ്ങിവിറങ്ങലിച്ചു. തന്റെ രണ്ടു കൈകളാല്‍ മാറിടം മറച്ചുപിടിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ക്രിഷ്ണനെ വിളിച്ച് ‘ക്രിഷ്ണാ എന്നെ രക്ഷിക്കൂ.. നിന്റെ സഹോദരിയായ എനിക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ നിന്നും എന്നെ കാത്തു രക്ഷിക്കൂ.’ എന്ന് അലമുറയിട്ട് കരഞ്ഞു.
ഈ സമയത്ത് ക്രിഷ്ണന്‍ രുഗ്മിണിയുമായി പകിട കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാഞ്ചാലിയുടെ ഉച്ചത്തിലുള്ള രോധനം അവിടെ കേട്ടു. എന്നിട്ടും ക്രിഷ്ണനു ചലനമില്ലാത്തത് കണ്ടപ്പോള്‍ രുഗ്മിണി പറഞ്ഞു. ‘അല്ലയോ ക്രിഷ്ണാ നിന്റെ പരമഭക്തയായ സഹോദരി പാഞ്ചാലിയുടെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്? അവിടെ നിന്റെ സഹായത്തിനായിട്ടെല്ലേ അവള്‍ കേഴുന്നത്... നിന്നെ വിളിക്കുന്നത്. നീ അതു ചെവിക്കൊള്ളാതെ എന്നോടൊപ്പം കളിയില്‍ മുഴുകിയിരിക്കുന്നു. ആപല്‍ബാന്ധവന്‍ എന്നാണല്ലോ നിന്നെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മാനം അപഹരിക്കപ്പെടുമെന്ന മുഹൂര്‍ത്തമാണ് അണഞ്ഞിരിക്കുന്നത്. നീ അവളെ സഹായിക്കില്ലേ?’ ഇതു കേട്ട് ക്രിഷ്ണന്‍ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ‘നീ കളിക്കൂ രുഗ്മിണി. എപ്പോള്‍ പോകണമെന്ന് എനിക്കറിയാം.’
‘നിങ്ങള്‍ക്ക് ദയയില്ലേ? അങ്ങോട്ടൊന്നു ശ്രദ്ധിക്കൂ. അപ്പോള്‍ അറിയാം അവള്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്’ രുഗ്മിണിക്ക് കരച്ചില്‍ വന്നു. ‘നോക്കൂ രുഗ്മിണി, എനിക്കറിയാം ഒന്നും സംഭവിക്കില്ല. നീ ഇപ്പോള്‍ കളിക്കൂ.’ കൌരവസഭയില്‍ ദുശ്ശാസ്സനന്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുതുടങ്ങി. അപ്പോള്‍ ‘ക്രിഷ്ണാ നീയാണ് എനിക്കെല്ലാം നിന്നില്‍ നിന്റെ തൃപ്പാദങ്ങളില്‍ ഇതാ ഞാന്‍ ശരണാഗതി പ്രാപിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് ദ്രൌപതി മാറിടം മറച്ചിരുന്ന രണ്ടുകൈകളുമെടുത്ത് മേല്‍പ്പോട്ടുയര്‍ത്തി കരം കൂപ്പി. ‘കൃഷ്ണാ ....’ എന്ന് ഉരുവിട്ടുകൊണ്ട് സ്വയം മറന്ന് കൃഷ്ണചിന്തയില്‍ ലയിച്ചുനിന്നു.
ഈ സമയത്ത് കൃഷ്ണന്‍ തന്റെ കൈ ഉയര്‍ത്തി കൃഷ്ണന്റെ കൈയില്‍നിന്നും ജലപ്രവാഹം പോലെ തുണികള്‍ പ്രത്യക്ഷപ്പെട്ടു. ആ തുണികളെല്ലാം കൃഷ്ണന്റെ ശരീരത്തെ ചുറ്റി. ദുശ്ശാസനന്‍ വലിക്കുംതോറും അതിനേക്കാള്‍ വേഗതയില്‍ കണ്ണെത്താദൂരത്തുള്ള അരുവിയില്‍ നിന്നെന്നോണം തുണികള്‍ വന്നുകൊണ്ടിരുന്നു. ദുശ്ശാസ്സനന്റെ കൈ കഴച്ചു. അവന്‍ ആകെ ക്ഷീണിതനായി. അങ്ങനെ കൃഷ്ണന്‍ പാഞ്ചാലിയുടെ മാനം കാത്തു.
തന്നെ അവന് സമര്‍പ്പിച്ച് മനമുരുകി കേണാല്‍ ഭഗവാന്‍ ആപല്‍ബാന്ധവനായി എത്തി തന്റെ ഭക്തനെ കാത്തുകൊള്ളുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മഹാഭാരതത്തിലെ ഈ മുഹൂര്‍ത്തം.
Saturday, June 07, 2008
സിന്ദൂരതിലകം - എന്തിന്??
എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.
എനിക്ക് തോന്നിയിട്ടുള്ളത് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരടയാളമാണു സിന്ദൂരം എന്നാണ്. ആദ്യ രാതിയിലെ കിടക്കവിരി സൂക്ഷിച്ച് വയ്ക്കുന്ന ഒരാചാരം ചില പ്രാകൃത സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതുപോലെ താന്‍ കന്യകയല്ലാതായി എന്നതിന്റെ പരസ്യപ്പെടുത്തലല്ലേ ഈ സിന്ദൂരമിടല്‍ എന്നാണ് എന്റെ സംശയം! പക്ഷെ, എങ്കില്‍ അതു ഒന്നോ രണ്ടോ ദിവസം മാത്രം പോരെ? (കുറച്ച് അശ്ലീലത നിറഞ്ഞ ഒരു പരസ്യപ്പെടുത്തലല്ലേ ഇതെന്നും എനിക്കു തോന്നാറുണ്ട്) അതെന്തായാലും ഈ സിന്ദൂരപൊട്ടിനു വല്ല ശാസ്ത്രീയതയുമുണ്ടോ, ഔഷധഗുണം വല്ലതുമുണ്ടോ എന്നെല്ലാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഓര്‍മ്മശക്തി/ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കുന്ന വല്ലതും? എന്തായാലും സൌന്ദര്യമുള്ളവര്‍ക്ക് സിന്ദൂരം ഒരലങ്കാരം തന്നെയാണ്. സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു?!(സന്ധ്യക്കെന്തിനു സിന്ദൂരം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും!!)
Thursday, May 29, 2008
സൌഹൃദം എന്നാല്‍ ....
ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.
(ഇതുപോലൊരു സൌഹൃദം ഇന്നു സാധ്യമാണോ?)Tuesday, April 29, 2008
മരണത്തിന്റെ വലുപ്പം
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?
Wednesday, April 16, 2008
വിഷു, ഉത്സവം, ചക്ക, മാങ്ങ, ..... കോവക്ക.
താലപ്പൊലിയുടെ മുന്‍പില്‍ നീങ്ങുന്ന ചെണ്ടക്കാരാണ്, പുരുഷകേസരികളുടെ ആകര്‍ഷണം. ശിങ്കാരി മേളത്തോടൊപ്പം വളഞ്ഞുകുത്തിയാടുന്നത് കേസരിമാരാണോ അതൊ ഉള്ളില്‍ കിടക്കുന്ന കള്ളാണോ എന്നൊരു സംശയം??!! ബ്രൂസ് ലിയുടെമാതിരി മുടിയും വളര്‍ത്തി ഒരുത്തന്‍ ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടിയില്ല. എന്നാല്‍ എവിടെയോ കണ്ട മുഖപരിചയം! പിന്നീട് ആലോചിച്ചെടുത്തൂ. കഴിഞ്ഞമാസം വീട്ടില്‍ അടയ്ക്ക പറിക്കാന്‍ വന്ന സുഹൃത്ത്.. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് 15 അടയ്ക്കാമരത്തില്‍ കയറി 100 രൂപയും വാങ്ങിപോയ ചുള്ളന്‍!! ആള്‍ അടിപൊളിയാണല്ലോയെന്നു അന്നു ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കോലത്തില്‍ ... തലകുത്തിനില്‍ക്കുന്നതു കണ്ടപ്പോള്‍ കഷ്ടം തോന്നി. കിട്ടുന്ന കാശു കള്ള് കുടിച്ചുനശിപ്പിക്കുന്നതെന്തിനിവര്‍?? ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന താലപ്പൊലി മാത്രമാവുമോ ഇവരുടെയൊക്കെ ആഘോഷം?!
തിരികെ പോരുമ്പോള്‍ വിജുവിന്റെ അമ്മയുണ്ടായിരുന്നു. അവരുടെ വീട്ടില്‍ കയറി കുറച്ചുനേരം സംസാരിച്ചിരുന്നു. വിജുവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിശേഷവും മറ്റും. കിടന്നപ്പോള്‍ 12 മണി ആയിട്ടുണ്ടാവും.
രാവിലെ വൈകി ആണ് എഴുന്നേറ്റത്. പറമ്പില്‍ ചെറുതായി ഒന്നു കണ്ണോടിച്ചു. മരങ്ങളും ചെടികളും അവരുടെ ദുഃഖം പറയാനാവാതെ വിതുമ്പുന്നുണ്ടയിരുന്നു. വീട്ടുകാരെല്ലാം അവറ്റകളെ ഉപേക്ഷിച്ച് തിരുവനന്തപുരത്തിനു കടന്നുകളഞ്ഞില്ലേ? അതിന്റെ ദുഃഖം!! എങ്കിലും ഇത്തവണ പ്ലാവില്‍ ചക്കയുടെ എണ്ണം വളരെ കൂടുതലായിരുന്നു. മാവും മോശമല്ല, നിറയെ മാങ്ങകള്‍!! പക്ഷെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടെറസ്സിന്റെ മുകളില്‍ ഉണ്ടായിരുന്ന ‘കോവല്‍ ചെടി’യാണ്. അപ്പച്ചന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍ അതിന്റെ കടയോടെ വെട്ടിക്കളഞ്ഞതാണ്. കാരണം കാടുപിടിച്ചു കിടന്നാല്‍ പാമ്പോ മറ്റിഴജന്തുക്കളോ വാസമുറപ്പിക്കുമെന്നു ഭയന്ന്.. ആ കോവല്‍ വള്ളിയില്‍ ഒരു കിലോയോളം കോവയ്ക്ക വിളഞ്ഞു കിടക്കുന്നു!!! മുഴുവന്‍ പറിച്ചെടുത്ത്, പോരാന്‍ നേരത്ത് അടുത്ത വീട്ടിലെ ലീലചേച്ചിക്ക് കൊടുത്തു.
ഇങ്ങിനെ ഓരോ പ്രാവശ്യം വരുമ്പോഴും അടയ്ക്ക, വാഴക്കുല, തേങ്ങ ... തന്നുകൊണ്ടിരിക്കുന്ന 18 സെന്റ് ഭൂമിയോട് വളരെ ബഹുമാനവും സ്നേഹവും തോന്നാതിരുന്നില്ല.
Tuesday, April 15, 2008
കൂടുതല്‍ അടുക്കുന്തോറും ....
‘കൂടുതല്‍ അടുക്കുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ അടുക്കാനാഗ്രഹിക്കുന്നു.
കൂടുതല്‍ അറിയുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ സുതാര്യനാവാനാഗ്രഹിക്കുന്നു.’
(ഇതൊരു വെറുക്കപ്പെട്ടവന്റെ സുവിശേഷമാവാം) അകലെ നിന്നു കാണുമ്പോള്‍ എല്ലാം സുന്ദരമാണല്ലോ, ബന്ധങ്ങള്‍ പോലും!! കൂടുതല്‍ അടുക്കുമ്പോഴാണല്ലോ, നമുക്ക് കൂടുതല്‍ അറിയാന്‍ അവസരം ലഭിക്കുന്നത്. പ്രണയത്തിലും, സൌഹൃദത്തിലും എന്തിനു ദാമ്പത്യജീവിതത്തില്‍ പോലും ഈ നിയമം ബാധകമാണ്. അല്ലെങ്കില്‍ ആ ബന്ധം വെറും ഉപരിപ്ലവമാണെന്നേ ഞാന്‍ പറയൂ.
കൂടുതല്‍ അടുക്കുമ്പോളാണ് നാം അപരന്റെ ബലഹീനതകള്‍, കന്നത്തരങ്ങള്‍, പോഴത്തരങ്ങള്‍, കുശുമ്പു-കുന്നായ്മകള്‍ മനസ്സിലാക്കുന്നത്. നമ്മുടെ ആദ്യത്തെ സ്വാഭാവിക പ്രതികരണം ‘വെറുപ്പ്’ ആയിരിക്കും.
അയ്യേ, ഇങ്ങേരെ/ ഇവളെ ആണോ ഞാന്‍ ഇത്ര നാളും എന്റെ ഹൃദത്തിന്റെ ശ്രീകോവിലില്‍ വച്ചാരാധിച്ചിരുന്നത്?
അയ്യേ, ഇവന്‍/ ഇവള്‍ ഇത്രയ്ക്കേ ഉള്ളോ?? കഷ്ടം! ഞാന്‍ വിചാരിച്ചത് ........... അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തു മഠയനാ?!
പക്ഷെ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. സിനിമയിലെ ‘Turning point' പോലെ. നിങ്ങള്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ അടുക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നാമാരും ഒരാളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുകയില്ല, കൂടുതല്‍ അറിയാന്‍ ആകാംഷ കാണിക്കുകയില്ല.
കേവലം ഒരു ‘ഹയ് - ബൈ’ യില്‍ നമുക്കു ബന്ധങ്ങള്‍ എത്രനാള്‍ വേണമെങ്കിലും തുടര്‍ന്നുപോകാം. പക്ഷെ ആത്മബന്ധങ്ങള്‍ ഉടലെടുക്കുന്നത് കൂടുതല്‍ അറിയുന്നതിലൂടെയാണ്. വെറുക്കുക എന്നത് അടുക്കുക എന്നതിന്റെ വിപരീതം അല്ല. മറിച്ച്, കോംപ്ലിമെന്ററി ആണ്. മാനസീകമായ ഒരല്പം അകല്‍ച്ചയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ രണ്ടുപേരും പരസ്പരം ലയിച്ച് ഒന്നായി മാറിയിട്ടുണ്ടാവും. കാരണം ഇനി അവറ്ക്കിടയില്‍ മറയൊന്നുമില്ലല്ലോ.
Saturday, April 05, 2008
ഇന്നലെ ഞാന്‍ കൃഷ്ണനെ കണ്ടൂ ...
ആശ്രിതവത്സലനേ കൃഷ്ണാ.. കൃഷ്ണാ..
ആലംബം നീയല്ലോ ...
(ബാക്കിയറിയില്ല, ആരെങ്കിലും സഹായിക്കൂ..)
കൃഷ്ണാ നീ, മാത്രമാണ് ഏക ആശ്രയം. കൃഷ്ണാ നീ വേഗം വരൂ.... ഈ ആശ്രിതനെ സഹായിക്കാന്‍.
എന്റെ വിജയം
അതാണല്ലോ എന്റെ വിജയം ...
---------------
എന്റെ മുറിവുകള്‍ ആര്‍ക്കും ഉണക്കുവാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ദുഃഖം ...
---------------
എന്റെ വേദനകള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ജീവിതം ...
Thursday, March 13, 2008
ദില്ലി ... ദില്ലി (ഹല്ലോ ഹല്ലോ)
എല്ലാം പെട്ടെന്നായിരുന്നു. . . കെ.ജി. യോടുപോലും പറഞ്ഞില്ല.
ഇവിടെ കുറച്ചു ദിവസം കാണും.
(എന്നെപ്പോലുള്ള വായിനോക്കികള്‍ക്ക് നല്ലസ്ഥലം ആണ്.)
ഇവിടെ ഹിന്ദിപറഞ്ഞുള്ള മണ്ടത്തരങ്ങള്‍ ഞാന്‍ തീര്‍ച്ചയായും ബ്ലോഗ്ഗില്‍ എഴുതാം. (കുറേയുണ്ട്!!)
‘ജനക് പുരി’ യിലാണു എന്റെ ഓഫീസ്. ജനക് പുരി ഡിസ്റ്റിക്ട് സെന്ററിനു നേരേ മുന്‍പിലുള്ള ഷോപ്പിങ്ങ് ഏരിയായില്‍ ജൈന ടവറ് - 2 വിലാണ് ഓഫീസ്. ഇവിടെ സിനിമ മള്‍ട്ടിപ്ലെക്സ് മുതല്‍ മക്-ഡോണാള്‍ഡ്സ് മുതല്‍ തട്ടുകട വരെ ഉണ്ട്. എപ്പോഴും ജനക്കൂട്ടം ആണ്. നിറയെ സുന്ദരികളും സുന്ദരന്മാരും!! ഇവിടെ ധാരാളം റെസ്റ്റോറന്റ്സ് ഉണ്ട് - ദക്ഷിണേന്ത്യന്‍, പഞ്ചാബി, ചൈനീസ്, മുഗള്‍ .... വിനോദത്തിനും സല്ലാപത്തിനുമായി ധാരാളം തുറസ്സായ സ്ഥലം ഈ ഷോപ്പിങ്ങ് ഏരിയായില്‍ ഉണ്ട്.
----------------------------------------------
(20 March 2008) ഈ ബ്ലോഗെഴുതുന്നത് ‘സ്പൈസ് ജെറ്റ് 503’ യില്‍ ഇരുന്നു ആകാശസഞ്ചാരത്തിനിടയിലാണ്. മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതു നല്ല കാഴ്ച തന്നെയാണ്. ദൈവ സൃഷ്ടിയായ ഈ പ്രപഞ്ചം എത്ര സുന്ദരമാണെന്നു മനസ്സിലാവുന്നതു ആകാശപരപ്പിലൂടെ ഇങ്ങനെ സഞ്ചരിക്കുമ്പോളാണല്ലോ.
കഴിഞ്ഞ 9 ദിവസം ഞാന്‍ ദല്‍ഹിയില്‍ അയിരുന്നു. തിരികെ നാട്ടിലെത്തി ഭാര്യയെയും മോനെയും കാണാനുള്ള ഉന്മേഷത്തിലാണു ഞാനിപ്പോള്‍. ഇന്നു പെസഹാ വ്യാഴാഴ്ച, നാളെ ദു:ഖ വെളളി …… പിന്നെ, “ഈസ്റ്ററ്”. പള്ളിയുമായി ചുറ്റിപറ്റി നടക്കേണ്ട വിശുദ്ധവാരം. കര്‍ത്താവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതോടൊപ്പം ക്രിസ്ത്യാനികള്‍ വീട്ടില്‍ ഒന്നിച്ചു കൂടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണിത്. അജിതയും മോനും എല്ലാം പെരുമ്പിള്ളിയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇത്തവണത്തെ ഈസ്റ്റര്‍ വീട്ടില്‍ തന്നെ!!
ദല്‍ഹിയിലെ ഒന്‍പതു ദിവസവും വളരെ തിരക്കിട്ട ജോലികളില്‍ ആയിരുന്നു. ഞായറാഴ്ചപോലും ഒഫീസില്‍ ഇന്റ്ര്വ്യൂ ഉണ്ടായിരുന്നു! കുറച്ചു സമയമേ ദല്‍ഹി കാണാനായി ജൈയ്സിയും കുടുംബവുമായി പൊകാന്‍ സാധിച്ചുള്ളൂ. എങ്കിലും ഈ ദല്‍ഹി ട്രിപ്പ് നല്ല രസകരമായിരുന്നു. ആര്‍വിനും ആര്‍ഷയ്ക്കും വലിയ സന്തോഷമായി… (എന്റെ വരവു തന്നെ). കുറച്ചു മാത്രം ഷോപ്പിങ് നടത്തി. പാലികാ ബസാര്‍, സരോജിനി മാര്‍ക്കറ്റ്, ..etc. എന്നിവിടങ്ങളില്‍ കറങ്ങി, രാത്രി ഷോപ്പിങ് നടത്തി.
വേദാന്താ അക്കാദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ ഗീതാപ്രഭാഷണം ‘ഫിക്കി’ ഹാളില്‍ 13 മുതല്‍ 16 വരെയുണ്ടായിരുന്നു. 2 ദിവസം അതില്‍ സംബന്ധിക്കാന്‍ കഴിഞ്ഞു. ഗീതയില്‍ അഗ്രഗണ്യനായ ഒരു ‘കോര്‍പ്പറേറ്റ് ഗുരു’വാണദ്ദേഹം. വാക്കുകള്‍ക്ക് വളരെ വ്യക്തതയും കൃത്യതയും ഉള്ള അപൂര്‍വം ചില പ്രഭാഷകരില്‍ ഒരാള്‍. ഇതിനു മുന്‍പ് ചെന്നൈ അണ്ണാശാലയിലുള്ള കാമരാജ ആഡിറ്റോറിയത്തില്‍ ഞാന്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുണ്ട്. (3-4 വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കും).
ഹിന്ദി പഠിച്ചു തുടങ്ങിയിരുന്നെങ്കിലും നാവുളുക്കാതെ പറയാറായിട്ടില്ല.
ഓഫീസില്‍ വച്ച് പേന വേണ്ടി വന്നപ്പോള്‍ ‘മുജെ ഏക് കുര്‍സി ചാഹിയേ’ എന്നു പറഞ്ഞതു കേട്ട് ഓഫീസ് ബോയ് വായും പോളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. [അപ്പോള്‍ തന്നെ അബദ്ധം മനസ്സിലായി!!]
കാര്‍ ഡ്രൈവറോട് ‘കാറ് ഇവിടെ തന്നെ കാണണം‘ എന്നതിനു ‘ഗാഡി ഇധറ് ബൈഡോ’ എന്നു പറഞ്ഞതും നല്ല തമാശയായി തോന്നുന്നു. എന്തായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.
ഒരു ദിവസം ഓഫീസിന്റെ മുന്‍പില്‍ നിന്നും ആട്ടോയില്‍ കയറി ‘റെഡ് സ്ട്രീറ്റ് ചലോ’ എന്നു പറഞ്ഞപ്പോള്‍ ആട്ടോക്കാരന്‍ ഗൌരവത്തില് എന്നെ ഒന്നു നോക്കിയിട്ട് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ആണ്‍ സംഗതിയുടെ വശ പിശക് മനസ്സിലായതു…. ‘റെഡ് ഫോര്‍ട്ട്’ എന്ന് പറയാന്‍ ഉദ്ധേശിച്ച് അതിനുപകരം ആണു ഞാന്‍ ‘റെഡ് സ്റ്റ്രീറ്റ്’ എന്നു പറഞ്ഞതു!!! അയ്യേ ഞാന്‍ ചമ്മി പോയി…
സാരല്ല്യാ ഇത്രേല്ലേ പറ്റിയുള്ളൂ… എന്നു സമാധാനിച്ച് ഞാന്‍ മടക്കയാത്രയിലിരുന്നു തന്നെ ചിരിച്ചു പോകുന്നു. (അടുത്തിരിക്കുന്ന മദാമ്മച്ചി എനിക്കു വട്ടാണെന്നു കരുതുമോ.. എന്തോ?)
Tuesday, February 26, 2008
സ്നേഹം - കാണാന്‍ സാധിക്കുന്ന സാധനമാണോ?
സോളമന്റെ ഉത്തമഗീതങ്ങള്‍ (ബൈബിളില്‍ സ്നേഹത്തെക്കുറിച്ചുള്ള മനോഹരമായ വരികള്‍)
7:12
പ്രിയാ, വരിക; നാം നഗരത്തിനു വെളിയില്‍ പോകാം; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.
7:13
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും.
--------------------------
നാമെല്ലാവരും അന്വേഷിക്കുന്നത് ഇതു തന്നെയാണ്. നാം മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ? പിന്നെയെന്തു സംഭവിക്കുന്നൂ... എന്തുകൊണ്ട് ഈ ലോകത്തില്‍ ഇത്ര മാത്രം ദ്വേഷം പടരുന്നു. രാവിലെ മുതല്‍ വൈകുന്നേരം ഇരുട്ടും വരെ വെള്ളം കോരിയിട്ടും പാത്രം നിറയാത്ത അവസ്ഥ വരുമ്പോളാണ് എല്ലാവരും യാഥാര്‍ത്യം മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും നേരം ഇരുട്ടുകയും ചെയ്തിരിക്കും.
എന്താണ് സ്നേഹം എന്നു പറഞ്ഞാല്‍? അതൊരു തരം ഭ്രമം മാത്രമാണോ, ഒരു ഇക്കീളിപ്പെടുത്തുന്ന ഒരു ഇളം തെന്നല്‍. ഏയ്... ഒട്ടും അല്ല. ഒരു കുഞ്ഞുപൈതലിനോട് അമ്മയ്ക്കുള്ള സ്നേഹം ആണോ ഒരു കാമുകനു കാമുകിയോടുള്ള പ്രേമം ആണോ വലുത്? നാമെല്ലാവരും ഇപ്പോഴും എപ്പോഴും ഏതെങ്കിലും ബന്ധത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. ഓഫീസില്‍, വീട്ടില്‍, സമൂഹത്തില്‍ .... എന്താണ് ഈ ബന്ധങ്ങളൂടെയൊക്കെ കാതല്‍ എന്നു പറയാമോ. സ്നേഹത്തെയും മായിക ഭ്രമത്തെയും തരം തിരിക്കാന്‍ വളരെ വളരെ പ്രയാസമാണ്. കാരണം സ്നേഹത്തെ നമുക്കു കാണാന്‍ സാധിക്കുകയില്ല, അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല, ആഴം പരിശോധിക്കാന്‍ കഴിയില്ല.... പിന്നെയെങ്ങിനെ യഥാര്‍ത്ത സ്നേഹം തിരിച്ചറിയാന്‍ പറ്റും.
പ്രണയനികള്‍ക്കിടയിലെ അഭിനിവേശം എന്താണെന്നു നോക്കാം. കൌമാരക്കാര്‍ക്കിടയിലെ ചാപല്യങ്ങളുടെ ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. കണ്ടിട്ടില്ലേ, ഫോണ്‍ ചെവിയില്‍ നിന്നെടുക്കതെ നടന്നു നീങ്ങുന്ന കോളേജ് കുമാരന്മാരെ/ കുമാരിമാരെ. ഓരോ നിമിഷവും ഓരോ ശ്വാസവും സ്വന്തം കൂട്ടുകാരനോടൊപ്പം കൂട്ടുകാരിയോടൊപ്പം ആയിരിക്കാന്‍ കൊതിക്കുന്ന ആയിരക്കണക്കിനു യുവമിഥുനങ്ങള്‍ ഭ്രമത്തിലാണ് എന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. യഥാര്‍ത്ഥ സ്നേഹം ഇതല്ല എന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ? പിന്നെയെന്താണത്.
സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കു കടന്നുവരാന്‍ ആഗ്രഹമുള്ള ഒരു പ്രണയിനിയാണു നിങ്ങളെങ്കില്‍ ഇതു ശ്രദ്ധിക്കൂ.
1) നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി തുറന്ന്/ സത്യസന്ധമായി സംവദിക്കാന്‍ കഴിയുന്നുണ്ടോ? എന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയമില്ലാതെ.
2)നിങ്ങള്‍ നിങ്ങളുടെ ബലഹീനതകള്‍ മൂടിവച്ച്, കന്നത്തരങ്ങള്‍ മറച്ചുവച്ച് പൊങ്ങച്ചങ്ങള്‍ മാത്രം പ്രകടിപ്പിച്ചു ജീവിക്കുകയാണോ. നിങ്ങള്‍ ശുദ്ധമായ സ്നേഹത്തില്‍ ആയിരിക്കുമ്പോള്‍ പങ്കാളിയെ ‘impress' ചെയ്യേണ്ട ആവശ്യമില്ല.
3)നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും ഒരുപാട് വ്യത്യസ്ഥനാണ്. അതങ്ങിനെയേ ആയിരിക്കൂ. അതു മാറ്റാന്‍ ശ്രമിക്കതെ അംഗീകരിച്ചേ പറ്റൂ. യാഥാര്‍ത്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തിടത്ത് യഥാര്‍ത്ഥ പ്രണയം സാധ്യമല്ല. മുന്‍ വിധികളില്ലതെ പങ്കാളിയ്യുടെ പോരായ്മകള്‍ അംഗീകരിക്കാന്‍ സാധിക്കണം. മറ്റു വ്യക്തിയോടുള്ള / വ്യക്തിത്വത്തോടുള്ള ബഹുമാനം ആണത്.
4)എന്തുകൊണ്ടാണ് എന്റെ പങ്കാളി അങ്ങിനെ പെരുമാറുന്നത്. എന്താണു ചെയ്യുന്നത്, എന്തുകൊണ്ടാണു അങ്ങിനെ? എന്താണു ചിന്തിക്കുന്നത്, എന്തുകൊണ്ടാണു അങ്ങിനെ? അയാളുടെ പോഴത്തരങ്ങള്‍ തിരിച്ചറിഞ്ഞ് അനുഭവിച്ചേ പറ്റൂ.
5)നിങ്ങളുടെ പൊരുത്തമില്ലായ്മകള്‍ പങ്കാളിയുമായി ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണോ? നിങ്ങള്‍ക്ക് സ്വന്തമായ ഒരു ചിന്താധാരയുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും പൊരുത്തമില്ലായ്മകള്‍ ഉണ്ടാവും. പൊട്ടിത്തെറികള്‍ ഉണ്ടാവും. തീര്‍ച്ച. വിയോജിപ്പുകള്‍ സ്നേഹത്തോടെ ചര്‍ച്ചചെയ്യാനാവുമോ? സ്നേഹത്തോടെ വഴക്കടിക്കാന്‍ പഠിക്കണം. നല്ല മരുന്നാണ്.
6)യഥാര്‍ത്ഥ സ്നേഹം എല്ലാവിധ വികാരങ്ങളേയും ഉള്‍കൊള്ളുന്നു. വിസമ്മതം, ദേഷ്യം, തര്‍ക്കം എല്ലാം ഉണ്ടവിടെ. സ്നേഹത്തിന്റെ വിപരീതം വിദ്വേഷമല്ല!! ഗൌനിക്കാതിരിക്കല്‍ ആണ്. ശ്രദ്ധിക്കാതിരിക്കുക, മൈന്റ് ചെയ്യാതിരിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ. അതു തന്നെ.. അതില്പരം ക്രൂരത എന്തു കാണിക്കാനാവും, പങ്കാളിയോട്.
7) യഥാര്‍ത്ഥ സ്നേഹം മറ്റേയാളുടെ വിജയം ആഗ്രഹിക്കുന്നു... നന്മ ആഗ്രഹിക്കുന്നു, സന്തോഷം ആഗ്രഹിക്കുന്നു. മറുപാതിയെ വളരാന്‍ സഹായിക്കുന്നു, അതിന്നായി പ്രോത്സാഹിപ്പിക്കുന്നു. ഇന്നത്തെ ജോലി ശീലം - പങ്കാളികള്‍ രണ്ടുപേരും ജോലിക്കു പോകുന്നത് - ഇതിനു വിപരീത മായ ചിന്താഗതിയും അവസ്ത്ഥയും സ്രിഷ്ടിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
8)യഥാര്‍ത്ഥ സ്നേഹം എന്നത് ഒരു ആത്മീയ ബന്ധമാണ്. കേവലം ശരീരിക ആകര്‍ഷണം മാത്രമല്ല. പങ്കാളിയുടെ ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദു:ഖത്തിലും വിജയത്തിലും പരാജയത്തിലും ആ ആത്മീയബന്ധം മുറിയുന്നില്ല. മരണത്തിനു വേര്‍പെടുത്താനാകുമോ ഈ സ്നേഹബന്ധത്തെ?
9)ജീവിതം അതിനാല്‍ തന്നെ പൂര്‍ണ്ണമാണ്. പങ്കാളിയോടൊപ്പവും അല്ലാതെയും. പങ്കാളിയുടെ മൂല്യനിര്‍ണയം ഇല്ലാതെ നിങ്ങള്‍ക്കു നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അഭിമാനം തോന്നാറുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എടുക്കുക. പങ്കാളിയെയും അതിനു പ്രാപ്തരാക്കുക/ പ്രേരിപ്പിക്കുക. ജീവിതം നിങ്ങളില്‍ തന്നെ പൂര്‍ണമാണ്.
10) എടുക്കുക, കൊടുക്കുക, പങ്കുവയ്ക്കുക - പങ്കുവയ്ക്കലാണ് ജീവിതം. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ ‘നിങ്ങള്‍ക്കു സ്വന്തമായി ഒരിടം’ സൂക്ഷിക്കാം. അതിനു പങ്കാളിക്കും അവകാശമുണ്ടെന്നു മറക്കരുത്.
അനുഭവിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും സ്നേഹം നിലനില്‍ക്കുന്നു. അത് എക്കാലവും ഉണ്ടാവും.. നാമറിയാതെ ശ്വസിക്കുന്ന വായുപോലെ. സ്നേഹം കൊടുക്കലാണ് - ക്രിസ്തു പഠിപ്പിച്ചത് സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ കൊടുക്കാനാണ്. സ്നേഹം സമരമാണ് - ക്രിഷ്ണന്‍ പഠിപ്പിച്ചത് സമരം/ യുദ്ധം ചെയ്യാനാണ്. നാമൊക്കെ പരാചയപ്പെട്ട സ്നേഹിതരാണ്. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍. നാം പരാജയപ്പെട്ടിടത്ത് സ്നേഹം ജയിക്കുന്നു.
Monday, February 25, 2008
അഭിനിവേശം - ഒരനുഭവസഹിതം.
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം
അഭിനിവേശം അഭിനിവേശം...
.........................
അഭിനിവേശം തോന്നാത്ത ആണുങ്ങളുണ്ടകുമോ? തോന്നാറുണ്ട് പക്ഷേ മറച്ചുവയ്ക്കും ല്ലേ!! അഭിമാനത്തിനു ചേറ്ന്നതല്ലല്ലോ അത്. ഒരു തരി സുന്ദരിയെ കണ്ടാല്‍ മതി എനിക്കഭിനിവേശം തോന്നാന്‍. മുകളില്‍ പറഞ്ഞ എല്ലാ അഭിനിവേശവും കൂടി എവിടെന്നോ ഒക്കെ ഓടിയെത്തും. അപ്പോള്‍ വയലാര്‍ എഴുതിയത് നൂറുശതമാനവും ശരിയാണെന്നു എനിക്കു തോന്നും. പക്ഷേ ഞാന്‍ ഡീസന്റ് ആണൂട്ടോ.. അതൊന്നും പുറത്തു കാണിക്കാതെ ഗൌരവക്കാരനായി നിക്കും. ഇപ്പൊ എന്റെ സംശയം എന്റെ ഉള്ളിലിരുപ്പൊക്കെ ഈ സുന്ദരിമാര്‍ക്കെങ്ങാനും മനസ്സിലാവുന്നുണ്ടാവുമോ എന്നാണ്.
ഇതിപ്പൊ പറയാന്‍ കാരണം ഇന്നലെ രാത്രി സൂര്യാ ടി.വി.യില്‍ ‘രസിക രാജ’ പരിപാടിയില്‍ അവതാരക ‘ രമ്യ’ക്കുട്ടിയെ കണ്ടപ്പോള്‍ ഇതു പോലൊരു അഭിനിവേശം... മുകളില്‍ പറഞ്ഞത്രയൊന്നും ഇല്ല.
പക്ഷെ ഒന്നു കാണുവാന്‍... ഒന്നു മിണ്ടുവാന്‍..... ഒരു മത്ര വെറുതേ നിനച്ചുപോയീ. സത്യം പറയാലോ രമ്യ ഒരു സുന്ദരി തന്നെ. ആഹാ... എത്ര വാചാലമായ അവതരണശൈലി... എനിക്കൊത്തിരി ഇഷ്ടായീ.
മോഹങ്ങള്‍ കാലത്തിനൊത്ത് മാറികൊണ്ടിരിക്കും എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. അഞ്ചുവയസ്സിലെ മോഹം അല്ല, പതിനഞ്ച് വയസ്സില്‍... അമ്പതില്‍ എന്താണോ? എന്തായാലും ഒരു കാര്യം ഉറപ്പാണ് മോഹങ്ങള്‍ അവസാനിക്കുന്നില്ല. മോഹങ്ങള്‍ക്ക് അതിരുകളും ഇല്ല.
മോഹം ഈസ് ഗുഡ്..... ബട്ട്,
അനുഭവം: നിമിഷസ്വപ്നം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും രാവിലെ 6.25 നുള്ള ജനശദാബ്ദി -ട്രെയിനില്‍ എറണാകുളത്തേയ്ക്കു പോരുമ്പോള്‍ സംഭവിച്ചത്. ടിക്കറ്റ് നേരത്തേ എടുത്തിരുന്നു. ഞാന്‍ എല്ലയ്പ്പോഴും ട്രെയിനിനടുത്ത് എത്തുമ്പോള്‍ ആദ്യം നോക്കുന്നത് ‘റിസര്‍വേഷന്‍ ലിസ്റ്റ്’ ആണ്. അടുത്ത സീറ്റില്‍ ആരാണെന്നു കണ്ടുപിടിക്കാന്‍. ഇത്തവണ എന്റെ നമ്പറ് 105. അടുത്ത്106 = ‘വീണ - F24’ .............. ഹൌ. ഞാന്‍ അകത്ത് ചന്നു നോക്കിയപ്പോള്‍ 105, 106 രണ്ടു സീറ്റുമാത്രമുള്ള അവസാനത്തെ നിര..!! എന്റെ ഉള്ളില്‍ കുളിരു കോരി... കള്ളകുറുക്കന്‍ ഉറക്കമെഴുന്നേറ്റു. ഞാന്‍ ആദ്യം തന്നെ എന്റെ ‘ലാപ് ടോപ് ബ്യാഗ്’ സീറ്റില്‍ വച്ചിട്ട് ട്രെയിനിന്റെ വാതുക്കല്‍ പോയി നിന്നു സ്വപ്നം കാണാന്‍ തുടങ്ങി. അപ്പോള്‍ ജനവാതുക്കല്‍ നിന്നും വീണയുടെ അച്ഛന്‍ കുട്ടിക്ക് യാത്രപറയുന്നുണ്ടായിരുന്നു.
“മോള്‍ടെ ഹോസ്റ്റലില്‍ ഉള്ള കൂട്ടുകാരികള്‍ അപ്രത്തെ ബോഗിയില്‍ ഉണ്ട്. അവിടെ ചെന്നാല്‍ ഉടനെ വീട്ടിലേയ്ക്ക് വിളിക്കണം. .....” എനിക്ക് സന്തോഷമായി. തിരുവനന്തപുരം കാരി... എര്‍ണാകുളത്ത് ഹോസ്റ്റലില്‍ നില്‍ക്കുന്നു.... പുതിയ ഒരു സൌഹ്രുദം കെട്ടിപ്പടുക്കുന്നതിന്റെ മനക്കോട്ടകള്‍ ഞാന്‍ മുകളിലോട്ട് മുകളിലോട്ട് കെട്ടിപ്പൊക്കി. മൂന്ന് മണിക്കൂറുകള്‍ കിടക്കുന്നു. മുഴുവന്‍ സംസാരിക്കാന്‍.... കൂട്ടുകൂടാന്‍...... ഹൌ!! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ. വണ്ടിവിടാന്‍ 2-3 മിനുറ്റ് മാത്രം. ഞാനിരുന്നില്ല. കിടക്കുന്നല്ലോ 3 മണിക്കൂറ്.
ട്രെയിനിന്റെ സിഗ്നലായി. അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. ഒരു മാന്യസ്ത്രീ പടിവാതുല്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തു വന്ന് വിനയ പൂര്‍വ്വം ചോദിച്ചൂ.. “ സാര്‍, താങ്കളുടേതാണോ ഈ സീറ്റ്? എനിക്കൊരുപകാരം ചെയ്യാമോ? എന്റെ സീറ്റ് അപ്പുറത്തു ആ രണ്ട് പുരുഷന്മാരുടെ നടുക്കാണ്. ഒന്നു സീറ്റ് ചെയിഞ്ച് ചെയ്തു തരാമോ..... പ്ലീസ്സ്!!” ഞാന്‍ എന്തു പറയണം. സുസ്മേര വദനനായി ‘അതിനെന്താ.....’ എന്നു മൊഴിഞ്ഞുകൊണ്ട് എന്റ്റെ ബ്യാഗ് എടുത്ത് ആ രണ്ടു തടിമാടന്മാരുടെ ഇടയിലേക്ക് യാത്രയായി. എന്റെ ഹ്രുദയത്തില്‍ ഞാന്‍ മെനഞ്ഞ ചില്ലുകൊട്ടാരമാകുന്ന താജ് മഹല്‍ - നിലത്തു വീണുടഞ്ഞ് നുറുങ്ങുന്നത് ആ മാന്യ സ്ത്രീയും യുവതിയും അറിഞ്ഞതുപോലുമില്ല. ഒരു മണിക്കൂറിനു ശേഷം തിരിഞ്ഞുനോക്കുമ്പോല്‍ രണ്ടൊപേരും ചക്കരയും പീരയും പോലെ ചിരിച്ചുല്ലസിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഞാനിവിടെ രണ്ട് കൂര്‍ക്കം വലികള്‍ക്കിടയില്‍... (എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.)
പിങ്കുറിപ്പ്: ഈ സ്ത്രീകളന്തേ ഇത്ര സങ്കുചിത മനസ്കരാകുന്നു. കുറച്ചു നേരം ഒരു അന്യ പുരുഷന്റെ കൂടെയിരുന്നു ട്രെയിനില്‍ യാത്ര ചെയ്താല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? ഓരോരോ കപടമാന്യതകള്‍.. അല്ലാതെന്താ. (ഭാര്യയോട് ചോദിക്കാം ഇതിന്റെ മനഃശാസ്ത്രം. അല്ലെങ്കില്‍ അഭിപ്രായം) എന്നെപ്പോലുള്ള കള്ളകുറുക്കന്മാരെ പേടിച്ചിട്ടാണെന്നേ അവള്‍ പറയൂ.. ശരിയായിരിക്കാം. മുന്‍ മന്ത്രി ശ്രീഃ ജോസഫേട്ടന്റെ സംഭവം മുന്‍പിലുണ്ടല്ലോ. അങ്ങിനെ വല്ല തോണ്ടും പിടിയും ഉണ്ടായാല്‍ എഴുന്നേറ്റ് നിന്ന് കൈ നന്നായി വീശി കരണക്കുറ്റിക്ക് തന്നെ നല്ല പെട കൊടുക്കണം. (അല്ലാതെ.... ഇതൊരു മാതിരി...... ശ്ശെ, ആരെയാണോ കണികണ്ടത്?)
Friday, February 22, 2008
നീര്‍ക്കുമിളകള്‍ - അഥവാ ഇന്‍ഫാക്റ്റ്യുഏഷന്‍
ശേഖരിച്ചുവച്ചത്
നീര്‍കുമിളകള്‍ മാത്രമായിരുന്നു
നീര്‍കുമിളകള്‍...
ഞാനൊരു പാവം പടുവിഡ്ഡി.
-------------------------------
മുത്തുകള്‍ തന്നെയായിരുന്നു അത്
ഞാന്‍ തെറ്റിദ്ധരിച്ചൂ.....
എല്ലാം ഒരു ഇന്‍ഫാക്ച്യുഏഷന്‍
എന്നു തോന്നും ചിലപ്പോള്‍..
ഞാനൊരു പാവം മായികസഞ്ചാരി.
(തുടരും..)
കുറിപ്പ്: ഇന്‍ഫക്ച്യുഏഷന്‍ = ആഴത്തില്‍ സ്പര്‍ശിക്കാത്ത സ്നേഹം/ ബന്ധം. ഉള്ളു പൊള്ളയായ, ഉപരിപ്ലവമായ ബന്ധം.
സൌഹ്രുദവും പ്രണയവും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. നേര്‍ത്ത നൂലിഴ വ്യത്യാസമേയുള്ളൂ. സൌഹ്രുദം പ്രണയത്തിലേയ്ക്ക് വഴിമാറാന്‍ സാധ്യത വളരെയേറെയാണ്. അതു തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഞാന്‍ ഒരിക്കലും തെറ്റിദ്ധരിക്കപ്പെടില്ലയെന്നു കരുതിയ ഒരു സൌഹ്രുദം പ്രണയത്തിലേയ്ക്ക് വഴിമാറിയത് എന്നെ അത്ഭുതപ്പെടുത്തി. എന്നല്ല ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. അതും ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ റ്റീച്ചര്‍!! (കല്യാണ നിശ്ചയം കഴിഞ്ഞ!!??) കൌമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേര്‍വഴി പറഞ്ഞ് കൊടുക്കേണ്ട ഒരു ബിരുദാനന്ദര-ബിരുദമുള്ള ഒരു അധ്യാപികയില്‍ നിന്നും കുറേക്കൂടി പക്വതയുള്ള ഒരു പെരുമാറ്റം / ബന്ധം ആയിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. (എന്റെയും കൂടി തെറ്റുണ്ടതില്‍. ഞാന്‍ മനസ്സില്‍ എന്താണുദ്ധേശിക്കുന്നതെന്നു മറ്റൊരാള്‍ക്കു തുറന്നു നോക്കുവാന്‍ കഴിയില്ലല്ലോ. എന്റെ പെരുമാറ്റത്തില്‍ ഞാന്‍ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു.)
ഇതു പോലെ വേറെയും സൌഹ്രുദബന്ധങ്ങള്‍ പ്രണയത്തിലേയ്ക്ക് ചരിഞ്ഞു പോയിട്ടുണ്ട്. സ്കൂള്‍/ കോളേജില്‍ പടിക്കുമ്പോളും പിന്നീടും. എങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു സൌഹ്രുദ-പ്രണയം മുന്‍ പറഞ്ഞതു തന്നെ. സൌഹ്രുദം പ്രണയത്തിലേയ്ക്കു വഴുതിവീഴുന്നത് വലിയ അപകടം തന്നെയാണ്. കാരണം പ്രണയം പൂവണിയുന്നില്ലെങ്കില്‍ ആ സൌഹ്രുദം എന്നെന്നേയ്ക്കുമായി നിലയ്ക്കുന്നു. പിന്നീട് ആ നല്ല സുഹ്രുത്തുക്കള്‍ തമ്മില്‍ കാണാനോ സംസാരിക്കാനോ ഇഷ്ടപ്പെടുന്നില്ല. ജാള്യതയായിരിക്കാം കാരണം?! ആണ്‍-പെണ്‍ സൌഹ്രുദങ്ങള്‍ ഇങ്ങനെയൊരു നൂല്പാലത്തിലൂടെയാണു എന്നും കടന്നു പോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ള കാലവും അങ്ങിനെ തന്നെയായിരിക്കും. അതുകൊണ്ടല്ലേ രക്തബന്ധമുള്ളവര്‍ പോലും ഇത്തരം പ്രണയ മരീചികയില്‍ അകപ്പെട്ടുപോകുന്നത്.
ആരാണു എന്റെ സുഹ്രുത്തുക്കള്‍ ??
പ്രൈമറി സ്കൂളില്‍ - സിബി, സുരേഷ്, രാമന്‍ കുട്ടി, കുമാരന്‍, സുനിത, സുനില്‍, സിന്ദു, ... ഇവരില്‍ സുനില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചുപോയി.
ഹൈസ്കൂളില്‍ - ജോവറ്റ്, അന്നാ ബാലന്‍, കുമാര്‍, സംഗീത്, ജിന്‍സി, ദീപ, ഷൈന്‍, ....... ജോവറ്റിനെ കഴിഞ്ഞ ദിവസം ക്അണ്ടിരുന്നു. ഗള്‍ഫില്‍ എല്ലം പോയി തിരിച്ചു വന്നു ഇപ്പോള്‍ ‘ഹോണ്ട കാര്‍’ സില്‍ സര്‍വീസ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.
പ്രീഡിഗ്രി കോഴ്സ് - തേവര എസ്സ്. എച്ചില്‍ : ഷമീര്‍, വിനീത, ഡയാന, സൂര്യ, അനൂപ്, ജോര്‍ജ്ജ്, ബിജു, ഷൈന്‍ .... ഇവരോക്കെ ഇപ്പോള്‍ എവിടെയാണോ.. എന്തോ??
വാര്‍ത്തകള്‍ ചുരുക്കത്തില്‍...
വീണ്ടും ശക്തിയായ നടുവേദന തുടങ്ങിയിരിക്കുന്നു.
ഹോമിയോപ്പതി മരുന്നു കഴിക്കുന്നു, ഒരാഴ്ചയായി.
എന്റെ ഹോമിയോ മുത്തപ്പാ രക്ഷിക്കണേ....
മനസ്സിലെ മുറിവുണക്കാന്‍ ആര്‍ക്കാണു സാധിക്കുക?
ഇന്നു രാവിലെ ഓഫീസിന്നടുത്തുള്ള ‘കണ്ണങ്കുന്നത്തു’ പള്ളിയില്‍ കയറി. കുറച്ചുനേരം കണ്ണടച്ചു മുട്ടുകുത്തിനിന്നപ്പോള്‍... എന്തൊരാശ്വാസം.
എന്റെ ഈശോയെ നിന്നൊടല്ലാതെ ആരോടു ഞാനിതൊക്കെ പങ്കുവയ്ക്കും?
ഓഫീസ്സില്‍ എതിയപ്പോള്‍ തന്നെ (8.40 am) മണിചേച്ചിയെ ഒന്നു വിളിച്ചാലോ എന്നു തോന്നി.. കോണ്‍ വെന്റിലേയ്ക്കു വിളിച്ചതും നേരെ ഫോണ്‍ എടുത്തത് ചേച്ചിയായിരുന്നു. ഒത്തിരിനാളുകൂടി.....
ഭയം ഉള്ളിടത്തു സ്നേഹം ഉണ്ടാവില്ല..
സ്നേഹം ഇല്ലാത്തിടത്ത് ദൈവം ഉണ്ടാവില്ല..
എങ്കില്‍ നമുക്കെല്ലാ ഭയങ്ങളേയും സ്നേഹം കൊണ്ട് ദൂരെയകറ്റിക്കൂടെ?
പ്രേമത്തിനു കണ്ണില്ല എന്നാണല്ലോ
ശരി,
പക്ഷെ അതിനു നാവും ചെവിയും ഇല്ലാതെ വരുമോ?
ചോദ്യം - 5:
സ്നേഹവും സൌഹ്രുദവും തമ്മിലുള്ള 10 പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാം? ഉദാഹരണസഹിതം ആശയം വ്യക്തമാക്കുക.
സൌഹ്രുദം അതിരുകടക്കാമോ?
തുടരും........
Friday, February 15, 2008
അപ്പച്ചനും ഞാനും ...
അതിനാല്‍ ഈ ആഴ്ച ഹോസ്റ്റല്‍ മുറിയിലേയ്ക്കു പോയില്ല. വീട്ടില്‍ തന്നെ കൂടി. വീടിന്റെ ഇളംതിണ്ണയില്‍ കിടന്നുറങ്ങാന്‍ എന്തു രസമാണ്.. ഒന്നു രണ്ട് തവണയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങാന്‍ ഭാഗ്യം (?) ലഭിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം വീട്ടിലെ തറയില്‍ കിടന്നുറങ്ങുമ്പോളുള്ള സുഖം വേറെ എവിടെ കിട്ടാന്‍....
കഴിഞ്ഞ ദിവസങ്ങളില്‍ അപ്പച്ചന്‍ ആണു വീട്ടിലെ പാചകം ഏറ്റെടുത്തു നടത്തിയിരുന്നത്. വൈകിട്ടു ജോലികഴിഞ്ഞു ചെല്ലുമ്പോള്‍ ചോരും ചേമ്പുവിത്ത് ഒലത്തിയതും ചെമ്മീന്‍ വറുവലും തയ്യര്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. കാന്താരി മുളകു ചതച്ചിട്ട് ചെമ്മീന്‍ വറുത്തത്.... ആഹാ... ഏതു മുന്തിയ ഹോട്ടലില്‍ കിട്ടും ഇത്ര രുചികരമായി... താജിലോ??!! രാവിലെ ഞങ്ങള്‍ റവ ഉപ്പുമാവ് ഉണ്ടാക്കും. (അതായത് അപ്പച്ചന്‍ ഉണ്ടാക്കും ഞാന്‍ തിന്നു!!) അങ്ങിനെ അടിപൊളിയായിരുന്നു ഈ ആഴ്ച എന്നു പറയാം.
അപ്പച്ചനു ഇവിടെ (പെരുമ്പിള്ളിയില്‍) വീട് അടച്ചിട്ട് തിരുവനന്തപുരത്തൂ മാറിതാമസിക്കുന്നതില്‍ ശരിക്കും ബുദ്ധികുട്ടുണ്ട്. എത്രയും വേഗം തിരികെ എത്തണം. ഇത്ര നാള്‍ അവര്‍ ക്ഷമിച്ച് നിന്നല്ലോ, ഇനി മനുക്കുട്ടനെ ഇവിടെ നിര്‍ത്തി അജിത ഹോസ്റ്റലില്‍ ആകേണ്ടിവരും. എന്നിട്ട് എല്ലാ ആഴചയും നാട്ടില്‍ വന്നു പോകുക തന്നെ വഴി. ഉടനെയെങ്ങും സ്ഥലം മാറ്റം കിട്ടുമെന്ന് പ്രതീക്ഷയില്ല. എന്തിനു ധ്രിതിവയ്ക്കണം... പ്രതീക്ഷിക്കാത്ത സമയത്താണല്ലോ ഈശ്വരന്‍ ഓരോന്നു മുന്നിലെത്തിച്ചു തരുന്നത്. അവിടുത്തെ ഇഷ്ടം നിറവേറട്ടെ!!
Thursday, February 07, 2008
പുതിയ സഹമുറിയന്‍
പഴയ സുഹ്രുത്തിനെ അപേക്ഷിച്ച് ഗൌരവക്കാരനും ഒതുങ്ങിയ പ്രക്രിതവും ആണെന്നു തൊന്നുന്നു. ഭാര്യ കോഴിക്കോട് REC യില്‍ ഗവേഷണം ചെയ്യുന്നു. രണ്ടു പേരും എന്‍ജ്ജിനീര്‍ മാരാണു. രണ്ട് കുട്ടികള്‍ - കോഴിക്കോട് നിന്നു പടിക്കുന്നു.
Wednesday, January 23, 2008
തിരക്കേറുന്ന ദിവസങ്ങള്‍ ...
കഴിഞ്ഞ ഒരാഴ്ചയായി തിരക്കോടു തിരക്കു തന്നെ. ശനി/ഞായര്‍ ദിവസങ്ങളില്‍ അജിതയും മോനും എല്ലാവരും വന്നിരുന്നു. ഓഫീസിലെ തിരക്കു കാരണം ഞാന്‍ രാത്രി 11 മണിക്കാണ് രണ്ടുദിവസവും വീട്ടിലെത്തിയത്. കൂടുതല്‍ സമയം അവരുമായി ചെലവൊഴിക്കാന്‍ സാധിച്ചില്ല എന്ന കുറ്റബോധം മനസ്സില്‍ കിടന്നു കുത്തുന്നു. ഞായറാഴ്ച ആണെങ്കില്‍ അടുത്ത വീട്ടിലെ വിദ്യയുടെ കല്യാണം ആയിരുന്നു. അതിലും സംബന്ധിക്കാന്‍ സാധിച്ചില്ല. രാവിലെ തന്നെ ഇറങ്ങേണ്ടിവന്നു. ഓഫീസിലെ 3 അതിഥികള്‍ ഉണ്ടയിരുന്നു. ദുബായ് നിന്നും ഇന്റര്‍വ്യു നടത്തുന്നതിനായി വന്നവരാണ്. ഞങ്ങള്‍ ആലപ്പുഴ -കുട്ടനാട് ഒരു ബോട്ടിങ് തയ്യാര്‍ ചെയ്തിരുന്നു. ഹൌസ് ബോട്ടില്‍ കയറി കുട്ടനാടന്‍ പാടശേഖരങ്ങളുടെ നടുവിലൂടെ ഒരുഗ്രന്‍ തോണി യാത്ര. രാവിലെ 11 മണിക്കു പുറപ്പെട്ട് 5 മണിക്കു തിരികെയെത്തി. അടിപൊളി നാടന്‍ ഭക്ഷണം ആയിരുന്നു. പിന്നെ ഒരു പഴയ കള്ളുഷാപ്പില്‍ നിന്നു ശുദ്ധനാടന്‍ കള്ളും കപ്പയും കരിമീനും ... ഹൌ!! തീര്‍ച്ചയായും മനം തുറന്ന് ആസ്വദിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ് കുട്ടനാട്. ഹൌസ് ബോട്ട് ചിലവേറിയതാണെങ്കിലും കൊടുക്കുന്ന പണത്തിനു തക്ക മൂല്യമുണ്ട്....
കര്യങ്ങള്‍ ഇങ്ങനെ അടിപൊളി ആണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവൊഴിക്കുക എന്നത് അതിപ്രധാനമാണല്ലോ?
അതിപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നു.. എന്തു ചെയ്യണം??!!
Tuesday, January 15, 2008
പെറുന്നതിലും പുറംജോലികരാറ് (Outsourcing) !!
10000 ഡോളര്‍ ആണ് ഇതിനു ചെലവു വരുന്നത്. ഇതില്‍ 5000 ഡോളര്‍ ഗര്‍ഭം ധരിക്കുന്ന (ചുമക്കുന്ന) സ്ത്രീയ്ക്ക് ലഭിക്കുന്നു. നല്ല വരുമാനം തന്നെ. കൂടുതല്‍ വിവരങ്ങള്‍ http://www.usatoday.com യില്‍ ലഭ്യമാണ്. ഏതായാലും വൈദ്യശാസ്ത്രപരമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരാശ്വാസമാണ്.
Monday, January 07, 2008
ഒരു മനസ്സമ്മതവും കല്യാണവും - സിജി & ജിജി
ചേര്‍ത്തലയിലെ ചാച്ചന്‍, മലബാറിലെ ചാച്ചനും അമ്മയിയും കുടിയാന്മല അമ്മായി എന്നിങ്ങനെ ഒത്തിരി നാളായി കാണാന്‍ സാധിച്ച പലരും വന്നിരുന്നു.
ഇന്നു തിങ്കളാഴ്ച വൈകിട്ട് എന്റെ കുടുംബവും തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.
Tuesday, January 01, 2008
പുതുവത്സരം - സത്യമോ, മിഥ്യയോ??
പണ്ടു കാലത്ത് 365 ദിവസം അല്ലായിരുന്നു എന്നു തോന്നുന്നു. അതിലും കുറവായിരുന്നിരിക്കണം. കാരണം ബൈബിളില്‍ 200 വര്‍ഷം ജീവിച്ചിരുന്നവരെ കുറിച്ചും മറ്റും പറയുന്നുണ്ടല്ലൊ.
ഇന്നേയ്ക്ക് ഞാന്‍ 12165 ദിവസങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഇങ്ങിനെ പറയുന്നത് വളരെ ശരിയാണ്. കാരണം അത്രയും രാവും പകലും കഴിഞ്ഞുപോയി എന്നുല്ലതു ഒരു യാഥാര്‍ത്യമാണല്ലോ.