Tuesday, April 29, 2008

മരണത്തിന്റെ വലുപ്പം

ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?

4 comments:

ശ്രീ said...

ആ കുഞ്ഞിന്റെ ആത്മാവിനു ശാന്തി ലഭിയ്ക്കട്ടെ

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആ അമ്മയ്ക്കും അച്ഛനും ജീവിതത്തെ നേരിടാനുള്ള കരുത്തു നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നു.

kavitha said...

Joe, really feel like crying...that sorrow....Cant even imagine..

Dr.Biji Anie Thomas said...

വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്..
ആധുനിക വൈദ്യശാസ്ത്രമേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും വിവാഹജീവിതത്തില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കേണ്ടത് ടെസ്റ്റ്യൂബിലല്ല, ദമ്പതികളുടെ സ്നേഹത്തില്‍ നിന്നുമാകണം എന്ന അവബോധത്താല്‍ ഒരു കുഞ്ഞിനെ ദെത്തെടുത്തവരാണ് ഞങ്ങള്‍..ദത്തെടുക്കലിനെ പറ്റി ചിന്തിക്കാതെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലീനിക്കുകളില്‍ ആള്‍ഊകള്‍ തടീച്ചു കൂടൂന്നതിന്റെ പ്രധാന കാരണം ദമ്പതികള്‍ഊടെ മാത്രം അക്സെപ്റ്റന്‍സിന്റെ പ്രശ്നമല്ല, സമൂഹം അവരെ എങ്ങനെ നോക്കിക്കണുന്നു എന്നതിനെയും കൂടി ആശ്രയിച്ചിരിക്കുന്നു..അല്പം ബോള്‍ഡയേ തീരൂ.ഒരു വ്യക്തി എന്നോടു ചോദിച്ചു.’ഇങ്നനെയാണദ്ദേഹം പറഞ്ഞത്, നീയെടൂക്കുന്ന മണ്ടത്തരം തീരുമാനത്തിനു വലിയ വില കൊടൂക്കേണ്ടി വരും, ഏതെങ്കിലും ഒരു ക്രിമിനലിന്റെ കുട്ടിയായിരിക്കാം’ എന്ന്.ഓര്‍ത്തുനോക്കു, ഒരു വലിയ സമൂഹത്തിന്റെ മുന്‍പില്‍ വെച്ച് അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ ഹൃദയവേദന. (അറീവില്ലായ്മ കൊണ്ടാണ്).ഞാന്‍ ചോദിച്ചു.ക്രിമിനലുകളായിട്ടാണോ കുട്ടികള്‍ പിറന്നുവീഴുക, അല്ല, നാമാണ്, സാഹചര്യങ്ങളാണ് ഒരുവനെ കുറ്റവാളിയാക്കുക..’എടുത്തു വളര്‍ത്തുന്ന കുട്ടി എന്ന് സമൂഹം അവന്റെ മുഖം നോക്കി നാളെ വിളീച്ചു പറയുമ്പോള്‍ ആ കുഞ്ഞിനോടോപ്പം അവന്റെ മാതാപിതാക്കളും ആ പാഴ്വാക്കുകളെ നേരിടാന്‍ കരുത്തുള്‍ലവരായിരിക്കണം.അവന്റെ ഓരൊ പ്രവര്‍ത്തികള്‍ പോലും ആ കുഞ്ഞിന്റെ സ്വന്ത ജീനിനെ ഓര്‍ത്തു കൊണ്ടാവും സമൂഹം വിലയിരുത്തുക..
താങ്കള്‍ പറഞ്ഞതു പോലെ തന്നെ ആശുപതികള്‍ ഇന്നൊരു വന് വ്യവസായമാണ്.
ഇന്ന് വന്ധ്യതാചികിത്സ തേടി ആശുപത്രികള്‍ കയറീയിറങ്ങുന്ന ഓരോരുത്തരോടൂം ഞാന്‍ പറയാറൂണ്ട്..ദൈവത്തിന്റെ സ്നേഹത്തില്‍ ആരുമില്ലാത്ത ഒരു കുഞ്ഞിനെ സ്വന്തമായി സ്വീകരിക്കുക എന്ന്..