Tuesday, October 11, 2016

ജീവൻ നിലനിർത്താൻ ശരീരം സ്വയം ഭക്ഷിക്കുന്നു. (ഡോ. യോഷിനോരി ഒസുമിയ്ക്ക് നൊബേൽ പുരസ്കാരം)

2016 -ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന്  ജപ്പാൻ ശാസ്ത്രജ്ഞനായ ഡോ. യോഷിനോരി ഒസുമി അർഹനായി. ശരീര കോശങ്ങൾ സ്വയം തിന്നൊടുക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നുവെന്ന "ഓട്ടോഫാഗി" പ്രക്രിയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങൾക്കാണ് നോബൽ സമ്മാനത്തിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

“ഓട്ടോഫാഗി” പ്രക്രിയ 1990-കളിൽ ഒസുമിയാണ് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയത്. ഈ അതിസങ്കീർണ്ണമായ പ്രവർത്തനരീതിയെകുറിച്ച് പതിറ്റാണ്ടുകൾ നീണ്ട അഗാധമായ പഠനത്തിലൂടെ വളരെ വിശ്വസ്തമായ ഒരു സിധ്ദ്ധാന്തം രൂപീകരിച്ചും അതുവഴി ആരോഗ്യമേഖലയിൽ വലിയ സംഭാവനകൾ നല്കുകിയതിനുമാണ് ഒസുമിയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്.

പഴകിയതും അപകടകരവുമായ പ്രോട്ടീനുകളെ ഉടച്ച്, കോശങ്ങളുടെ പുനർനിർമാണത്തിനുപകരുന്ന പുത്തൻ ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ വഴിയാണ് ശരീരം സ്വയം നിലനിർത്തുന്നത്. ശരീരത്തിലെ കോശങ്ങൾക്ക് നിരന്തരമായ നാശം സംഭവിക്കുന്നതിനാൽ പഴയ കോശങ്ങളെ പതിവായി നീക്കംചെയ്ത് അതിന്റെ സ്ഥാനത്ത് പുതിയ കോശങ്ങളെ പുനഃസ്ഥാപിക്കേണ്ടത് ജീവൻ നിലനിർത്തുന്നതിന് അനിവാര്യമാണ്.

പട്ടിണികിടക്കുമ്പോൾ ശരീരത്തെ നിലനിർത്താൻ സഹായിക്കുന്നതും ഈ പ്രക്രിയയാണ്.

ഈ പ്രക്രിയകളിലുണ്ടാകുന്ന താളപ്പിഴവുകൾ അർബുദം, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കിടയാക്കും.

മനുഷ്യ ശരീരം അതിന്റെ തന്നെ കോശങ്ങളെ സ്വയം ഭക്ഷിക്കുകയും വീണ്ടും നവകോശങ്ങളെ  പുനരുദ്പാദിപ്പിക്കുകയും ചെയ്യുമെന്ന് കേട്ടാൽ ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമാകും.

ഓട്ടോഫാഗിയുടെ അർത്ഥം 'സ്വയം തിന്നുക' എന്നാണ്. അതായത് മനുഷ്യശരീരം അതിലെ തന്നെ പഴകിയ കോശങ്ങളെയും ഉപയോഗിക്കാത്ത കൊഴുപ്പിനെയും സ്വയം ഭക്ഷിക്കുന്നു. ഓട്ടോഫാഗി ഒരു സ്വാഭാവിക പ്രക്രീയയാണ്, എന്നാൽ ഇതു സംഭവിക്കുന്നത് നാം പട്ടിണി കിടക്കുമ്പോഴാണ്.

അതേ, നാം ഉപവാസവും ഒരിക്കലും നോമ്പും നടത്തുമ്പോൾ ഓട്ടോഫാഗി എന്ന പ്രക്രീയ നമ്മുടെ ശരീരത്തിൽ നടക്കുന്നു. അതാകട്ടെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണകരവുമാണ്.

അതായത് ഓട്ടോഫാഗി (സ്വയം ഭോജനം) നടക്കാതെ വരുമ്പോഴാണ് നമ്മുടെ ശരീരത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടുന്നതും തന്മൂലം നിരവധി രോഗങ്ങൾക്ക് കരണമാകുന്നതും. ഓട്ടോഫോഗി എന്ന ഈ പ്രക്രിയ കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനും അത് വരാതെ നോക്കുന്നതിലും വളരെ പ്രധാന പങ്കുവഹിക്കുന്നു . ബാക്ടീരിയ / വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ ഇല്ലാതാക്കി (സ്വയം തിന്നു) പുതുകോശങ്ങൾക്ക് ഇടം കൊടുക്കാൻ ഓട്ടോഫാഗി പ്രക്രിയയ്ക്ക് മാത്രമേ കഴിയൂ. ഇതു നമ്മുടെ ശരീരത്തിന്റെ ഒരു സ്വയം ചികിത്സാ നടപടിയാണ്.

പക്ഷെ നാല് നേരവും മൃഷ്ടാന്നഭോജനം നടത്തി, ആമാശയത്തിന് വിശ്രമമില്ലാതെ നാം ജീവിക്കുമ്പോൾ മൃത / കേടുവന്ന കോശങ്ങളെ തിന്നുന്ന പ്രക്രിയ (ഓട്ടോഫാഗി) നമ്മുടെ ശരീരത്തിൽ നടക്കുകയില്ല.

നമ്മുടെ നാട്ടിൽ പണ്ടുകാലത്ത് ഏകാദശി പോലുള്ള വ്രതങ്ങളും ഉപവാസവും പാലിച്ചുപോന്നതിന്റെ പൊരുൾ ഇപ്പോഴാണ് മനസ്സിലാവുന്നത്. ഇതിന്റെ ശാസ്ത്രീയ വശം മനസ്സിക്കാതെ, ഒരു ആത്മീയ ആചാരം മാത്രമായി, ദേവ പ്രീതിയ്ക്കായി നാം ഇത്തരം വ്രതങ്ങളെ കൊണ്ടുനടന്നു. യുക്തിവാദം തലയ്ക്കു പിടിച്ചപ്പോൾ ഇതൊന്നും ശാസ്ത്രീയമല്ല എന്നു പറഞ്ഞ് നാം തള്ളി കളഞ്ഞു!    

ഉപവാസവും ഏകാദശി പോലുള്ള വ്രതങ്ങളും അനുഷ്ഠിക്കുമ്പോൾ നാം നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാനുള്ള അവസരം നൽകുകയായിരുന്നു. ശരീരം മൃതകോശങ്ങളെയും അധികമുള്ള പൂരിത കൊഴുപ്പിനെയും തിന്നു തീർത്ത് (ഓട്ടോഫാഗി) നമ്മുടെ ജീവൻ രക്ഷിച്ചിരുന്നു. അന്ന് കാൻസർ, അൽഷൈമേഴ്‌സ്, പാർക്കിൻസൺസ്, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നില്ല.

ഏകാദശി നോക്കുന്നവർ രണ്ടാഴ്ചയിൽ ഒരു ദിവസം പ്രാർത്ഥനയും ധ്യാനവും ആയി, ഉപവാസവ്രതത്തോടുകൂടി  ശരീരത്തിനും മനസ്സിനും ആത്മാവിനും ഉണർവ്വേകാൻ ശ്രമിച്ചിരുന്നു. ഈ വ്രതമെടുക്കലിലൂടെ നമ്മുടെ ശരീരം സ്വയം കേടുപാടുകൾ തീർത്ത് നവചൈതന്യമജ്ജിച്ചിരുന്നു.

തീർച്ചയായും നമ്മുടെ പൂർവ്വികർ മനുഷ്യന്റെ സമഗ്രമായ സൗഖ്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു. മനുഷ്യ ശരീരത്തിന്റെ ജൈവികമായ ധർമത്തോടൊപ്പം തന്നെ ആത്മീയമായ ഉന്നതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാൻ അതുകൊണ്ടാണ് അവർക്ക് സാധിച്ചത്.

കാലം ഭാരതത്തിന്റെ പാരമ്പര്യങ്ങളെ ആചാരങ്ങളെ അംഗീകരിച്ചു കാണുന്നതിൽ അഭിമാനം തോന്നുന്നു.  

നിത്യജീവിതത്തിന് കുറച്ചു നിർദ്ദേശങ്ങൾ:

  1. ഉറങ്ങുന്നതിനു 3 മണിക്കൂർ മുമ്പെങ്കിലും ആഹാരം (അത്താഴം) കഴിക്കുക (രാത്രി 7 മണിക്ക് ശേഷം ഭക്ഷണം ഒന്നും കഴിക്കരുത്)
  2. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു നേരം ആഹാരം ഒഴിവാക്കുക. 12-14 മണിക്കൂറെങ്കിലും ആഹാരം കഴിക്കാതെയിരുന്നാൽ മാത്രമേ നമ്മുടെ ശരീരത്തിൽ ഓട്ടോഫാഗി നടക്കൂ. 
  3. ഒരു ചെറിയ പനി /ജലദോഷം വന്നാൽ ഉടനെ ഓടിപ്പോയി മരുന്ന് വാങ്ങി കഴിക്കാതിരിക്കുക 
  4. നമ്മുടെ ശരീരത്തിന് സ്വയം കേടുപാടുകൾ തീർക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുക (അതാണ് ശാസ്ത്രം പറയുന്നത്) 
  5. നിങ്ങളുടെ കുഞ്ഞുങ്ങളെ വിശപ്പ് എന്താണെന്നറിയാൻ സഹായിക്കുക 

Sunday, June 12, 2016

പ്രിയങ്ക ചോപ്രയും മുത്തശ്ശിയും

വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ്  പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.

ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്‌. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്. 

രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്. 

എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ. 

99 ആടുകൾ അരികിൽ നില്കെ കൂട്ടം തെറ്റിപ്പോയ ആ ഒരാടിനെ നോക്കി ഓടിയ ഇടയന്റെ കഥയും ദൂർത്ത പുത്രൻ തിരികെ വന്നപ്പോൾ എല്ലാം മറന്ന് ആഹ്ളാദിച്ച് , വിപുലമായ സദ്യ ഒരുക്കിയ പിതാവിന്റെ കഥയും പറഞ്ഞു തന്ന ദൈവ പുത്രനെ  ഒരു നിമിഷം ഓർത്തുപോയി.

ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Thursday, May 26, 2016

ഞാനാരാ മോൻ! ........... (ഒരു ഉത്തരധുനീക ഹൈകു കവിത)

ഞാൻ ........

ഇന്നലെ അഴയിൽ ഒരു തോർത്ത്‌ ഉണക്കാൻ ഇട്ടപ്പോൾ
അതിനിടയിൽ പെട്ടുപോയ
ഒരു
ഉറുമ്പിനെ രക്ഷപെടുത്തി

അത്
നന്ദിപൂർവ്വം
എന്നെ
നോക്കി ചിരിച്ചു, നടന്നു പോയി

എന്റെ കണ്ണു നിറഞ്ഞു.

****************************************

ഞാൻ .........

ഇന്നു രാവിലെ
ബാത്ത് റൂമിൽ  കുളിച്ചു കൊണ്ടിരുന്നപ്പോൾ
വെള്ളം വീണ്
ഒരു കൊതുകിന് പരിക്കേറ്റ്
പെട്ടെന്നതിനെ വെള്ളം തോർത്തി
പറത്തി വിട്ടു

ആ കൊതുകാണെന്ന് തോന്നുന്നു
രാത്രിയിൽ
എന്റെ ചെവിയിൽ വന്ന്
പാട്ടുപാടി രസിപ്പിച്ചത്‌

ഞാൻ ........

എന്താല്ലേ?
ഒരു സംഭവം തന്നെ!