Thursday, May 14, 2009

ഗുരു നിത്യചൈതന്യയതി - ഒരു സ്മരണാഞ്ജലി.

ഞാന്‍ പുസ്തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്നേഹി. കത്തുകളിലൂടെ ഞങ്ങള്‍ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്മിതം എന്റെ കണ്മുന്‍പില്‍ ഇപ്പോഴും ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സമാധിദിനം (മെയ്‌ 14 ) ആണ്.

ഞാന്‍ പരിചയപെട്ട ഗുരു പുസ്തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വര്‍ഷം മുന്‍പ് 'മലയാള മനോരമ' ദിനപത്രത്തില്‍ 'പടിപ്പുര' സപ്ലിമെന്റില്‍ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതില്‍ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണം ചെയ്തിരുന്നത് കണ്ട് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൌഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകള്‍. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുകള്‍ക്ക് എത്രമാത്രം എഴുത്തുകള്‍ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ [പടിപ്പുരയില്‍] തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്നേഹവലയത്തിനു മുന്‍പില്‍, അങ്ങയുടെ പാദാരബിന്ദങ്ങളില്‍ ഞാന്‍ മനസ്സാ നമസ്കരിക്കുന്നു.

എനിക്ക് യേശുവിനെ, ഫ്രാന്‍സിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.

ഗുരു നിത്യ 1999-ഇല്‍ എഴുതിയ ഒരു കത്തില്‍ നിന്നും:

പ്രീയപ്പെട്ട ജോസി വര്‍ക്കി അറിയുന്നതിന്,

'സ്നേഹസംവാദം' വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക. [ഒരു പക്ഷി ചുണ്ടില്‍ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു] അതിനറിഞ്ഞുകൂട എന്തിനാണ് വായില്‍ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോള്‍ അത് താഴെ ഇടും. അപ്പോള്‍ ധ്യനതിലായി എന്നര്‍ത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയില്‍ എന്റെ പുസ്തകങ്ങള്‍ വരാതിരിക്കുകയില്ല. ഇപ്പോള്‍ എല്ലാ മാസവും ഒരു പുസ്തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്‌. ഒരു ചെറിയ പുസ്തകം അയക്കുന്നു. സ്നേഹത്തോടെ,

ഗുരു നിത്യ.

ഇവിടെ ഗുരു സ്നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോള്‍ നമുക്ക് ആ സ്നേഹം ശരിക്കും അനുഭവിക്കാന്‍ കഴിയും. ഒരു പ്രണയിനിയുടെ സ്നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയതാണ് മുകളില്‍ കൊടുത്തത്. ഞാന്‍ അന്നൊക്കെ പോസ്റ്റ്‌മാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കുറിച്ചിടും. ചിലപ്പോള്‍ ആ പുസ്തകത്തിനെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നതു. ഞാന്‍ ഒരു കാര്‍ഡ് ഇട്ടാല്‍ നാലാം ദിവസം 'ഫേണ്‍ഹില്ലില്‍' നിന്നും മറുപടി വന്നിരിക്കും,, തീര്‍ച്ച. (എനിക്ക് ഇന്നേവരെ ഇത്ര ആത്മാര്‍ഥത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.)

പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായമങ്ങള്‍ ആയി ചുരുങ്ങുകയും ചെറുപ്പത്തില്‍ അമ്മച്ചി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തില്‍ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാന്‍ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

P.S : അടുത്തിടെ പള്ളിയില്‍ കുര്‍ബാനക്കിടെ കേട്ട ഒരുമനോഹര ഗാനത്തിന്‍റെ ഈരടികള്‍ ഞാനിവിടെ ചേര്‍ക്കട്ടെ: "ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്നേഹിക്കാന്‍ എന്ത് വേണം???. . . . ."

14 comments:

വല്യമ്മായി said...

ഹൃദ്യം

maramaakri said...

A touching post :)

Anonymous said...

It is really a lovely rememberance of the great Guru. I too really carried away by his writings.

You see, in these days people does not have time to remember all these great souls rather than swing around politics.

Once again thanks for this blog.

Vinu

നിരക്ഷരന്‍ said...

താങ്കള്‍ ഭാഗ്യം ചെയ്ത ഒരു വ്യക്തിയാണ്. ഗുരുവിനെ ഇത്രയടുത്ത് മനസ്സില്‍ കൊണ്ടുനടക്കാന്‍ പറ്റുന്നുണ്ടല്ലോ ?

‘ജീവിതം മധുരം‘ എന്ന് ബ്ലോഗിന്റെ താഴെ എഴുതിവെച്ചിരിക്കുന്ന വരികളുടെ അര്‍ത്ഥം വളരെ ആഴത്തിലാണ് ഇറങ്ങിച്ചെല്ലുന്നത്.

ഗുരുസമാധി ദിവസം ഇങ്ങനൊരു പോസ്റ്റിട്ടതിന് നന്ദിയും, അഭിനന്ദനങ്ങളും.

Anonymous said...

സ്നേഹം മനസ്സില്‍ സൂക്ഷിക്കുക എന്നത് വലുതായ ഒന്ന്. അധികം ആര്‍ക്കും സാധിക്കാത്ത ഒന്ന്. സ്നേഹങ്ങള്‍ എന്നും മനസ്സില്‍ നിറയട്ടെ..

ബൈജു (Baiju) said...

യതിയുടെ ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്.....അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാനാണ്. ഈ സ്വകാര്യ അനുഭവം പങ്കുവെച്ചതിനു വളരെ നന്ദി......

Anonymous said...

വ്യക്തിപരമായി 'ആനന്ദന്‍'മാരെയും,ഫേക്ക് ഗുരുജിമാരെയും,'സംഘ സാമി'മാരെയും വെറുപ്പാണ്.പക്ഷെ അപ്പോഴും നിത്യ ചൈതന്ന്യ യതി, ബിഷപ്‌ പൌലോസ്‌ മാര്‍ പൌലോസ്‌ എന്നിവരൊക്കെ വഴിവിളക്കായി സ്വര്‍ണ്ണപ്രഭ ചൊരിഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു. ഗോട്സയുടെയും മോഡിയ്ടെയും രാമനെ അല്ല, ഗാന്ധിയ്ടെ രാമനെ നെഞ്ഞെറ്റിയ ,പകര്‍ന്നു തന്ന അപൂര്‍വ്വം മതനിരപക്ഷ ആത്മാന്വേഷികളില്‍ ഒരാള്‍.

ഗീതാകുമാരി. said...

നന്നായി .ആശംസകള്‍

johnson said...

കൊള്ളാം വളരെ നന്നായി.
എനിക്ക് ഇഷ്ടപ്പെട്ട സന്യാസിമാരില്‍ ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വം
ഗുരുവിന്റെ ഓര്‍മകള്‍ തന്നെ അതിധന്യം....

ഷൌക്കത്ത് said...

ഹൃദ്യമായ വാക്കുകള്‍.. ഗുരു സ്നേഹിക്കുന്നവരുടെ ഹൃദയത്തില്‍ ജീവിക്കും എന്നു പറയുന്നത് സത്യം. കത്തുകള്‍ക്കായി ഗുരു കാത്തിരിക്കുമായിരുന്നു. ഒരു കുഞ്ഞിനെപോലെ. അതെന്തിനായിരുന്നുവെന്നു ജോസിയുടെ വാക്കുകള്‍ വായിക്കുമ്പോള്‍ ബോധ്യമാകുന്നു. സ്നേഹം ജോസി....

sudhakaran kuttipuzha said...

വളരെ നന്നായി.

sudhakaran kuttipuzha said...

വളരെ നന്നായി.

sudhakaran kuttipuzha said...

വളരെ നന്നായി.

maya bala said...

ഗുരുവിനെ അടുത്ത് അറിയാനും ആ സ്നേഹസ്പർശം അക്ഷരങ്ങളിലൂടെയെങ്കിലും
സാധിച്ച താങ്കൾ ഭാഗ്യവാൻ തന്നെ !
ഗുരുവിനെ വായിക്കാനും അറിയാനും ഒത്തിരി ഇഷ്ടമാണു !.