Sunday, October 30, 2022

ദാരിദ്ര്യം പിടിച്ചവൻ (ദരിദ്രവാസി അല്ല!!)

നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിയ്ക്കലും നിങ്ങളുടെ തെറ്റല്ല എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്".

If you're born poor then it's not your mistake but if you die poor then it's definitely your mistake.”.

പലായവർത്തി കേട്ടിട്ടുള്ള ഒരു മഹദ് വചനം? എപ്പോൾ കേട്ടാലും ദഹിക്കാതെ പുളിച്ചു തികട്ടുന്ന ഒരു വാചകം! പണമുണ്ടാക്കുക, സമ്പന്നനാകുക ... സമ്പത്ത് കുമിഞ്ഞു കൂട്ടിവെച്ച് അതിനുമുകളിൽ സന്തോഷവാനായി ഇരിക്കാൻ ആഹ്വനം ചെയ്യുന്ന, മോട്ടിവേഷണൽ ട്രെയിനർമാർ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഈ വാചകം എത്ര അരോചകമാണ്?

ഞാൻ കടങ്ങൾ ഒന്നും ഇല്ലാത്ത (ലോണുകൾ, ഇഎംഐ) ഒരു പരമ ദരിദ്രനാണ്. എന്റെ ഇന്നത്തെ ദാരിദ്ര്യത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം 

1) ഞാൻ ഇന്ന് എന്റെ പ്രായമായ മാതാപിതാക്കൾ ക്കൊപ്പംആണ് താമസിക്കുന്നത്. എത്ര അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പിണക്കങ്ങൾ ഉണ്ടെങ്കിലും ഇതൊരു സുഖമാണ്. എനിക്ക് ഒരുപാട് കാശുണ്ടായിരുന്നെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോയി (നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ, വാടകയ്ക്ക് എടുത്തോ, അല്ലെങ്കിൽ വേറെ ഭൂമി വാങ്ങി വീട് വച്ചോ ഒക്കെ) താമസിച്ച് ജോലിയുടെ സൗകര്യം മക്കളുടെ സൗകര്യം എന്നൊക്കെ പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയേനെ!! പക്ഷെ ഇന്നെനിക്ക് അതിനുള്ള സാമ്പത്തീകം ഇല്ല, അതുകൊണ്ട് സ്വന്തം അപ്പന്റെയും അമ്മയുടെയും കൂടെ ഇണങ്ങിയും പിണങ്ങിയും പോകുന്നു 

2) ഞാൻ ഇന്ന് സർക്കാർ സംവിധാനങ്ങൾ ആണ് എന്റെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നത്. അതിൽ കൂടുതലും ആയുർവേദ - ഹോമിയോപ്പതി വിഭാഗത്തിൽ ആണ് ചികിത്സകൾ. വീട്ടിൽ 7 പേരും കഴിഞ്ഞ പത്തു വർഷങ്ങൾ ആയി വളരെ തുച്ഛം അലോപ്പതി മരുന്നുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു പക്ഷെ ഞാൻ സമ്പന്നൻ ആയിരുന്നെങ്കിൽ ആവശ്യമില്ലാതെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ കയറിയിറങ്ങി യേനെ? രാജഗിരി, അമൃത, ആസ്റ്റർ, റെനൈ മെഡ്‌സിറ്റി ഒക്കെ എന്റെ ഒരു സ്റ്റാറ്റസ് സിമ്പൽ ആയേനെ!! ഭാഗ്യത്തിന് ഞാൻ ഒരു ദരിദ്രൻ ആയിപോയി, ആരോഗ്യം കാത്തുസൂക്ഷിക്കുക പ്രാഥമീകമായി എന്റെ മാത്രം ചുമതലയാണ് എന്ന് എനിക്കും എന്റെ വീട്ടിലുള്ളവർക്കും നന്നായി അറിയാം 

3) കുട്ടികൾ കേന്ദ്ര സർക്കാർ , കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു. ഭാവിയിൽ അവർക്ക് സ്വകാര്യ -സ്വാശ്രയ കോളേജുകളിൽ സീറ്റ് വാങ്ങി നല്കാൻ ആരും ഇല്ല എന്ന ബോധ്യത്തോടെ


ദരിദ്രനായി ജനിച്ച് 

ദരിദ്രനായി ജീവിച്ച് 

ദരിദ്രനായി മരിക്കാൻ (സാധിക്കുമെങ്കിൽ)

ദൈവത്തിനു സ്തുതി!!!  

അവനവന്‍ സമ്പാദിച്ചതൊന്നും അവനവനു വ്യയം ചെയ്യാനാവാതെ മടങ്ങേണ്ടിവരുമ്പോള്‍ അവിടെ സ്ഫുരിക്കുന്നത് തന്റേതു മാത്രമെന്ന ചിന്തയാണ്.

സ്വന്തം ദാരിദ്ര്യം സഹനീയം ആക്കുക ലോഭരഹിതമായ ഒരു മനസ്സിനു സാധ്യമാണ്. മറിച്ച് ധനം, അളവറ്റ ധനം കാവ്യാത്മകമായി വിന്യസിക്കാന്‍ ഒരുപാട് പ്രയത്‌നം ആവശ്യമായി വരും; ഒരുപാട് പ്രതിഭ ആവശ്യമായി വരും. ആസ്തി വിവേചനപൂര്‍വ്വമായി ചെലവഴിക്കുക ഒരിക്കലും എളുപ്പമല്ല. 

"ദാരിദ്ര്യം, ഒരു ഔഷധസസ്യംപോലെ പോറ്റിവളര്‍ത്തുക"  - തൊറോ വാല്‍ഡനിന്‍ 

സ്വരൂപിച്ചു വെക്കലിന്റേയല്ല, വിനിമയം ചെയ്യുന്നതിന്റെ. Not accumulating, But Disseminate സ്വരൂപിച്ച് വെക്കുക എന്നത് ഏറ്റം കാവ്യരഹിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്; അത് ആര്‍ക്കും ഗുണകരമായി ഭവിക്കുകയില്ല. ധനത്തിന്റെ ചലനാത്മകതയാണ് അവിടെ നിരോധിക്കപ്പെടുക. നമ്മുടെ ശരീരത്തിലെന്നപോലെ, കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന ഒരു അവസ്ഥയ്ക്ക് തുല്യമാണ് ധനത്തിന്റെ കെട്ടിക്കിടപ്പും. ഇതിനെയാണ് രത്തന്‍ നാവല്‍ ടാറ്റ ഏറ്റവും ഭാവനാത്മകമായി പരിഹരിച്ചത്. തനിക്കു ചുറ്റുമുള്ള, അത്രതന്നെ സൗഭാഗ്യവാന്മാരല്ലാത്ത മനുഷ്യര്‍ക്ക് ധനംകൊണ്ട് എങ്ങനെ പ്രയോജനമുളവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്.


Saturday, October 15, 2022

നരബലിയും അന്ധവിശ്വാസവും:

 നരബലിയും അന്ധവിശ്വാസവും:

നരബലി വാർത്ത വന്നപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ് മതം, വിശ്വാസം, അന്ധവിശ്വാസം, അനാചാരങ്ങൾ, നിരോധന നിയമം, ബില്ല് തുടങ്ങിയ  വിഷയങ്ങൾ. അന്ധവിശ്വാസ നിരോധന ബില്ല് പാസാക്കിയാലും ഇല്ലെങ്കിലും നാമൊന്ന് ആഴത്തിൽ ചിന്തിക്കുന്നത് നല്ലതാണ്. വിശ്വാസം - അന്ധവിശ്വാസം ഇവതമ്മിൽ തലനാരിഴ മാത്രം വ്യതാസപ്പെട്ടിരിക്കുമ്പോൾ ഇങ്ങിനെ ഒരു നിർമാർജ്ജന നിയമം നടപ്പിലാക്കുക എത്രമാത്രം അപ്രയോഗികമാണെന്ന് നിയമ-നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഏകദേശ ധാരണയുള്ള ആളുകൾക്ക് നന്നായറിയാം.

ഒരു പ്രശ്നം പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുമ്പോൾ, അതിന്റെ മൂലകാരണം കണ്ടെത്തി തിരുത്താൻ ശ്രമിക്കുന്നതല്ലേ ബുദ്ധി? അത് മനുഷ്യരുടെ രോഗം ആയാലും സമൂഹത്തിന്റെ രോഗം ആയാലും! ഇവിടെ നരബലികൾ നടക്കുമ്പോൾ ഉടനെ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണം എന്ന ആവശ്യം ഉയരുക സ്വാഭാവികമാണ്. അതുപോലെ തന്നെ പ്രധിഷേധ പ്രകടനങ്ങളും. പക്ഷെ അതിൽ നിന്നും അല്പം ഉയർന്നു ചിന്തിച്ചാൽ, ഇത്തരം ദുരാചാരങ്ങൾ, കപടവിശാസങ്ങൾ, ആഭിചാരക്രിയകൾ ഇല്ലാതാക്കാൻ ചില പ്രായോഗിക സമീപനങ്ങൾ /ഇടപെടലുകൾ സമൂഹത്തിനും സർക്കാരിനും സാധിക്കും. ആന്ധ്രയിൽ കഴിഞ്ഞ വർഷം സ്വന്തം മക്കളെ കൊന്ന് ദൈവപ്രീതി തെറ്റിയവർ വളരെ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള മനുഷ്യർ ആയിരുന്നു. കേരളം ഒരു പുരോഗമന സംസ്ഥാനം ആയി നമ്മൾ കണക്കാക്കുമ്പോഴും നരബലി പോലെ നൂറുകണക്കിന് അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. കൊലപാതകത്തെക്കാൾ ക്രൂരമായി അനേകായിരങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ഈ ദുരാചാരങ്ങൾ വളർത്തുന്നത് മതങ്ങൾ മാത്രമല്ല.

ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ, ഭരണകൂടം അരാജകത്വം ആയി മാറുമ്പോൾ ആണ് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഭിചാരക്രിയകൾക്കും പിന്നാലെ പോകുന്നത്.

മനുഷ്യർക്ക് രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി ഇവയൊക്കെ ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം പ്രധാനം ചെയ്യാൻ ഒരു ഭരണകൂടം ഉണ്ടെന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മതങ്ങളും അന്ധവിശ്വാസങ്ങളും പതിയെ ഇല്ലാതാകും. ഇതാണ് നമ്മൾ ഫിൻലൻഡ്‌ മുതലായ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ കണ്ട അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട്,  ഭാരതത്തിലും കേരളത്തിലും ദൈവവിശ്വാസം, മതവിശ്വാസം, അന്ധവിശ്വാസങ്ങൾ, ദുരാചാരങ്ങൾ ഏറി വരുന്നത് ഇവിടെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതിന്റെ സൂചനയാണ് എന്നു ഞാൻ ഉറക്കെ പറയും.  പൗരന്മാരുടെ വിദ്യാഭ്യസം, ആരോഗ്യ ചികിത്സ ആവശ്യങ്ങൾ, തൊഴിൽ വരുമാന മാർഗ്ഗങ്ങൾ ഇവയൊക്കെ സുരക്ഷിതമായി ഒരുക്കി കൊടുക്കാൻ ഒരു സർക്കാരിന് കഴിയാതെ വരുമ്പോൾ ജനങ്ങൾ അരക്ഷിതരായി തീരുന്നു. രോഗപീഡകൾ, സാമ്പത്തീക തകർച്ചകൾ ഒക്കെ വരുമ്പോൾ സംരക്ഷിക്കാൻ ഒരു ഭരണകൂടം കൂടെയുണ്ട് എന്ന ബോധ്യം ഇല്ലാതെ വരികയും ദൈവം, പിശാച്, ചാത്തൻ ,മറുത  ഇങ്ങനെ ആരുടെയെങ്കിലും പുറകെ പോകുന്നു. കേരളത്തിൽ 99 ശതമാനം ആളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. ജീവഹാനി ഉണ്ടാകുന്ന ആചാരങ്ങൾ തുലോം കുറവാണെന്നു മാത്രം. കറുത്ത ചരടിൽ തുടങ്ങി നരബലിൽ എത്തുമ്പോൾ നാം മൂക്കത്തു വിരൽ വച്ച് വായും പൊളിച്ചു നില്കുന്നു.

അന്ധവിശ്വാസ നിരോധന നിയമം, പാഠ്യപദ്ധതിയിൽ ശാസ്ത്രബോധം ഉൾെപ്പടുത്താൽ തുടങ്ങി ഒട്ടനവധി പരിഹാരമാർഗ്ഗങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ നാം കേൾക്കുന്നു. പക്ഷെ അടിസ്ഥാനപരമായി ഭരണകൂടം, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സർക്കാർ ജീവനക്കാർ മനോഭാവത്തിൽ മാറ്റം വരുത്തുകയും പൊതുജന ക്ഷേമകരമായി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ഈ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇനിയും വളർന്നുകൊണ്ടിരിക്കും.



അന്ധവിശ്വാസ നിരോധന നിയമം അനായാസം നടപ്പിലാക്കാവുന്ന ഒന്നല്ല. എല്ലാ മതങ്ങളിലും ഉള്ള ആചാരങ്ങൾ അന്ധവിശ്വാസങ്ങൾ തന്നെയാണ്. 100 വർഷങ്ങൾ എടുത്താൽ പോലും ഈ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യൻ എന്ന ഗോത്രവർഗ്ഗ ജീവിയുടെ ദൗർബല്യം ആണ് വിശ്വാസം. കേസ് എടുക്കാൻ തുടങ്ങിയാൽ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരെ പോലും പിടിച്ച് അകത്തിവേണ്ടി വരില്ലേ??!!

മതങ്ങളെ ഇല്ലാതാക്കി സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കാമെന്ന മിഥ്യാധാരണ ചിലർക്കുണ്ട്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്. മത ബിസിനസ്സും ആത്മീയ ബിസിനസ്സും ഇന്ന് സമൂഹത്തിന്റെ ഭാഗമാണ്. അതിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ചൂഷണ രീതികളെ സിവിൽ  നിയമം കൊണ്ട് തടയുവാൻ സാധിക്കും.  

അതുപോലെ നിയമം കൊണ്ട് നിരോധിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ടിവി, പത്ര മാധ്യമങ്ങളിൽ വരുന്ന അനാചാര, ആഭിചാര ആത്മീയ പരസ്യങ്ങൾ. 24 മണിക്കൂറും ആഭിചാര ക്രിയയുടെയും മാന്ത്രിക  ഏലസ്സിന്റെയും അത്ഭുത രോഗശാന്തിയുടെയും പരസ്യങ്ങൾ കാണിക്കുന്ന ടിവി ചാനലുകൾ മലയാളത്തിലും ധാരാളമുണ്ട്. കൂടാതെ യുട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളും ഈ മേഖലയിൽ ശക്തമാണ്. ശരിയായ ഒരു നിയമനിർമ്മാണനത്തിലൂടെ നമ്മുടെ സർക്കാരുകൾക്ക് ഇത്തരം പരസ്യങ്ങളും പരിപാടികളും നിരോധിക്കാൻ സാധിക്കും.

അന്ധവിശ്വാസങ്ങളുമായി ബന്ധമുള്ള കേസുകളിൽ നിലവിലുള്ള സിവിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് (ഉദാ: പണം തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീപീഡനം, ലൈംഗീക ചൂഷണം, ഗുണ്ടായിസം, അക്രമങ്ങൾ മുതലായ) എത്രമാത്രം ഗൗരവമായി പോലീസ് കേസ് എടുത്ത് നടപടി എടുക്കുന്നുണ്ടെന്ന് ബഹുമാനപെട്ട ഹൈക്കോടതി നിരീക്ഷിക്കണം. കോടികളുടെ ബിസിനസ്സ് ആയതിനാൽ പലപ്പോഴും പണം കൊടുത്ത് ഒതുക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നു.



വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, തൊഴിൽ ഉറപ്പ്,സാമൂഹ്യ സുരക്ഷ, സ്ഥിര  വരുമാനം, വാർധക്യകാല സംരക്ഷണം  മുതലായ കാര്യങ്ങളിൽ "സർക്കാർ ഒപ്പമുണ്ട്" എന്ന അനുഭവത്തിൽ (വാചകം അല്ല!) നിന്നാണ് ഫിൻ ലാൻഡ് പോലുള്ള രാജ്യത്തെ ജനങ്ങൾ മതവും വിശ്വാസങ്ങളും ഒഴിവാക്കിയത്. അല്ലാതെ അവിടെ യുക്തിവാദ സംഘടനകൾ പ്രവർത്തിച്ചിട്ടോ ശാസ്ത്രബോധം പഠിപ്പിച്ചിട്ടോ അല്ല.

നമ്മുടെ രാജ്യത്തും എന്നെങ്കിലും ഒരു ശക്തമായ സർക്കാർ സംവിധാനം ഉണ്ടാകും, ജനങ്ങൾക്ക് അവരുടെ സർക്കാരിൽ വിശ്വാസം ഉണ്ടാകും അവർ മറ്റെല്ലാ വിശ്വാസങ്ങളും (അന്ധവും അല്ലാത്തതും) ദൂരെയെറിയും എന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ടു പോകാം.

----

ജോസി വർക്കി

മുളന്തുരുത്തി

(+91)9847732042

https://www.facebook.com/jossyvarkey