Friday, July 25, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ.......

""അടരുവാന്‍ വയ്യ... അടരുവാന്‍ വയ്യ........നിന്‍ ഹൃദയത്തില്‍ ‍നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും.... ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പോഴാണെന്റെ സ്വര്‍ഗംനിന്നിലടിയുന്നതെ നിത്യസത്യം.....""

ഇന്നു ഓര്‍കുട്ടില്‍ സക്കീര്‍ ഹുസ്സൈനിന്റെ പ്രൊഫിലില്‍ ഒരു പുതിയ വീഡിയൊ ക്ലിപ്പ് കണ്ടു. സ്വന്തം ക്യാമറയില്‍ എടിത്തതായി തോന്നുന്നു. ഒരു കുന്നിന്‍ ചരുവിലിരിക്കുന്ന ദമ്പതികള്‍, കൂടെ കുഞ്ഞുമുണ്ട്. ഭാര്യ (ഷൈന എന്നാണു പേരെന്ന് അതില്‍ കൊടുത്തിട്ടുണ്ട്) മുകളില്‍ കൊടുത്തിരിക്കുന്ന കവിത മനോഹരമായി ആലപിക്കുന്നു. വളരെ മനോഹരമായിട്ടുണ്ട്. കേട്ടിരുന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയൊക്കെയോ പറന്നുപോയി.
ഞാന്‍ അജിതയും മോനുമായി ഒരിടത്ത് ഇതു പോലെ സ്വസ്ഥമായി ഇരിക്കുന്നതും അജിത പാടുന്നതും സ്വപ്നം കണ്ടു. (അജിതയ്ക്ക് പാരമ്പര്യമായി സംഗീതവാസന കിട്ടിയിട്ടുണ്ട്, എങ്കിലും ഇതു വരെ പാടിക്കേട്ടിട്ടില്ല)
ഓര്‍മ്മകള്‍ എവിടെയൊക്കെയോ എന്നെയും കൊണ്ട് പോയി: പട്ടാമ്പിയില്‍ പണ്ട് നടന്ന നാഷണല്‍ സര്‍വീസ് സ്കീം - ദശദിനക്യാമ്പ്. നല്ല മനോഹരമായ നിളാതീരം. എം.ടി.യുടെ നാട്ടിലായിരുന്നു. അവിടെ വച്ച് കവിത ചൊല്ലാറുണ്ടായിരുന്ന രാജി എന്ന സുഹൃത്തിനെ ഓര്‍മ്മവന്നു.
പിന്നെ സ്കൂള്‍ ദിനങ്ങള്‍, പാടാന്‍ നല്ല സ്വരമില്ലാത്തതിനെക്കുറിച്ചോറ്ത്തു ദുഃഖിച്ച ദിനങ്ങള്‍ ... കോളേജില്‍ മനോഹരമായി ഓടക്കുഴല്‍ വായിച്ചിരുന്ന ജോയല്‍ അസ്സറിയ്യ. ക്ലാസ്സുകള്‍ക്കിടയിലെ വിരസതയകറ്റാന്‍ തന്റെ തുണിസഞ്ചിയില്‍ നിന്നും ചെറിയ ഓടക്കുഴല്‍ എടുത്ത മനോഹരമായ ഈണങ്ങള്‍ അവന്‍ വായിക്കുമായിരുന്നു. (അസൂയ തോന്നിയിട്ടുണ്ട് - പെണ്‍കുട്ടികളുടെ കയ്യടി കാണ്ടിട്ട്) അവന്‍ ഇപ്പോല്‍ മദ്രാസ്സില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു.
ഒരു സിനിമ കാണുന്നതില്‍ കൂടുതല്‍, ഒരു വീഗാലന്റ് ട്രിപ്പില്‍ കൂടുതല്‍, ഒരു തീര്‍ഥയാത്രയില്‍ കൂടുതല്‍ . . . ഇത്തരം ഒരു നിമിഷം (ഒന്നിച്ച് ശാന്തമായിരിക്കുന്ന ഒരു നിമിഷം) ആണു ഞാനേറെ ആഗ്രഹിക്കുന്നത്.
പണ്ട് മണ്ണുത്തിയില്‍ പടിക്കുമ്പോള്‍ ഞാനും സുജയനും /ക്രിഷ്ണകുമാറും വടക്കുന്നാഥനില്‍ വന്ന് ചുറ്റമ്പലത്തിനകത്ത് ഒന്നു രണ്ട് പ്രദിക്ഷിണം വച്ച് ആല്‍ത്തറയില്‍ (ഇലഞ്ഞിത്തറമേളം നടക്കുന്നതിനടുത്ത്) ഇരുന്ന് കുറച്ച് നേരം സോപാനസംഗീതം (ഇടക്ക/അഷ്ടപദി വായിക്കുന്നത്) കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആ മനശാഃന്തി വേറൊരിടത്തുനിന്നും കിട്ടിയിട്ടില്ല.
പറഞ്ഞ് പറഞ്ഞ് വിഷയത്തില്‍ നിന്നും മാറിപ്പോയി. സക്കീര്‍ ഹുസ്സൈന്റെ ഈ വീഡിയൊ ക്ലിപ്പ് കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് ഒരു സ്ക്രാപ്പ് എഴുതി. ആ കവിതാലാപനം എനിക്കൊത്തിരി ഇഷ്ടമായി എന്നുപറഞ്ഞ്. ഞാന്‍ ഓഫീസ്സില്‍ ആയിരുന്നു. കുറേ നേരം കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സക്കീര്‍ ആണു പട്ടാമ്പിയില്‍ നിന്നും!! ഞങ്ങള്‍ തമ്മില്‍ ‘ഓര്‍ക്കുട്ടില്‍’ പരിചയമുള്ളതല്ലാതെ, നേരില്‍ പരിചയം ഇല്ല, കൂടുതല്‍ ഒന്നും അറിയുകയും ഇല്ല. “സ്ക്രാപ്പ് കണ്ടിട്ട് വിളിച്ചതാണ്. ആ കവിത ആലപിച്ചിരിക്കുന്നത് എന്റെ ഭാര്യയാണ്. അവള്‍ ഇപ്പോള്‍ ഇല്ല!! എന്നെ (ഈ ലോകത്തുനിന്നു)വേര്‍പിരിഞ്ഞിട്ട് കുറച്ച് നാളായി, കഴിഞ്ഞ ദിവസം എന്തോ തിരഞ്ഞപ്പോള്‍ ആ വീഡിയോ കണ്ടത്, ഓര്‍ക്കുട്ടില്‍ അപ്പ്ലോഡ് ചെയ്തതാണ്.” വാക്കുകള്‍ ഇടറിയിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. ഞാനും വല്ലാത്തൊരു മാനസ്സീകാവസ്ഥയിലായിപ്പോയി. എനിക്കിനിയും അതു വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവരുടെ കുടുംബചിത്രം ഓര്‍ക്കുട്ടിലൂടെ എന്നെ നോക്കിചിരിക്കുന്നു.
ആലാപനം നിങ്ങള്‍ക്കും ഈ ലിങ്കിലൂടെ കാണാം: http://www.youtube.com/watch?v=Om8rbBO5SvM (ഇപ്പോഴും സംശയം ബാക്കി, ഇനി ഞാന്‍ ഫോണിലൂടെ കേട്ടതെന്തെങ്കിലും തെറ്റിയതാണോ? ഷമിക്കണം ഷക്കീര്‍ എനിക്കിത് വിശ്വസിക്കാനാകുന്നില്ല.)

Tuesday, July 22, 2008

മോഹവും മോഹഭംഗങ്ങളും.

ഇതുപോലെ എനിക്കു പലപ്പോഴും പറ്റിയിട്ടുണ്ട്. അതുകൊണ്ട് വലിയ നിരാശയൊന്നും ഇപ്പോള്‍ തോന്നാറില്ല. ശീലമായി, എന്നു വേണമെങ്കില്‍ പറയാം.

ഒരിക്കല്‍, ചെന്നൈയില്‍ നിന്നും ഒരു വാരാന്ത്യത്തില്‍ ഞാന്‍ ബാംഗ്ലൂറ് പോയി. രണ്ടു ദിവസം രാമനാഥന്റെ കൂടെ കഴിയാം, ചുറ്റിക്കറങ്ങാം എന്നതായിരുന്നു പദ്ധതി. രണ്ട് ദിവസവും വിചാരിച്ചതിനേക്കാള്‍ നന്നായി പോയി. രാമന്‍ എന്റെ ഹോസ്റ്റ്ല് മേറ്റ് ആണു. സ്വന്തം വീട് പോലെ അവനുമായി പെരുമാറാം.

പോരുന്ന ദിവസം, ഞങ്ങള്‍ വൈകുന്നേരം താമസിക്കുന്നതിനടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. അവന്‍ എന്തൊക്കെയോ വാങ്ങി കൂടെ ഒരു നല്ല (വില കൂടിയ) പെര്‍ഫ്യൂം എടുത്തു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അത് എന്റെ കയ്യില്‍ തന്ന് നല്ല ബ്രാന്‍ഡാണ് ... പണ്ട് ഞാന്‍ ഇതു മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. എന്നൊക്കെ പറഞ്ഞ് പെര്‍ഫ്യും എന്റെ കൈയ്യില്‍ വച്ചുതന്നു. (പിന്നെ ഞാനോന്നും ഓര്‍ക്കുന്നില്ല....).

ഞാന്‍ അന്നു രാത്രി 9 മണിയുടെ ബസ്സിനു തിരികെ ചെന്നൈയിലേക്ക് പോരാന്‍ ട്രാവത്സിനടുത്ത് രാമന്‍ എന്നെ കൊണ്ടാക്കി. രാമന്‍ തിരികെ ചെന്ന് എന്നെ ഫോണ്‍ വിളിച്ചു: എടാ നീ ആ പെര്‍ഫ്യും എടുത്തോ. ഇവിടെ നോക്കിയിട്ട് കാണുന്നില്ല?! ഞാന്‍ ആകെ ഫ്യൂസ് ആയി, കാരണം എനിക്കു തന്നതാണെന്നു കരുതി ഞാനതെടുത്ത് എന്റെ ബ്യാഗില്‍ വച്ചിരുന്നു. ഞാന്‍ പറഞ്ഞു: ‘അതെന്റെ ബ്യാഗിലുണ്ട്. നീ വേഗം വന്നാല്‍ തരാം, അല്ലെങ്കില്‍ ഇവിടെ ട്രവത്സില്‍ ഏല്പിച്ചിട്ട് പോകാം.’ ഞാന്‍ പോരുന്നതിന്ന് മുന്നേതന്നെ രാമന്‍ സ്ഥലത്തെത്തി, തൊണ്ടിസാധനം കൊണ്ടുപോയി.

ഇതില്‍ രണ്ടു കാര്യമുണ്ട്. (1) എനിക്ക് പെര്‍ഫ്യൂമിനോട് അത്ര ആക്രാന്തം ഇല്ല. (2) എനിക്കത് വേണമെങ്കില്‍ എടുത്തോളൂ എന്ന് രമന്‍ പറഞ്ഞൂ. എങ്കിലും എനിക്കാ സംഭവം എന്തോ ഒരു ഇശ്ചാഭംഗം മാതിരി തോന്നി. (കേവലം ഒരു ചമ്മല്‍ മാത്രമായിരുന്നു) ഇന്നും മനസ്സില്‍ മായതെ നില്‍ക്കുന്നു. ഓര്‍ക്കുമ്പോള്‍ ഒരു ചമ്മല്‍!!

ഇമ്മാതിരി ഒരു സംഭവം അടുത്തയിടെ നടന്നപ്പോള്‍ ആണു പഴയത് ഓര്‍മ്മ വന്നത്. ഞങ്ങളുടെ (താമസിക്കുന്ന) പുരയിടം, അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമായി അദ്ധ്വാനിച്ചു വാങ്ങിയതാണ്. 2002 - ല്‍ ആണു ഞാന്‍ പുതിയ വീട് വയ്ക്കാന്‍ വയ്പ എടുക്കുന്നത്. അപ്പോള്‍ 18 സെന്റ് സ്ഥലത്തിന്റെ ആധാരം എന്റെ പേരില്‍ ആക്കി. കാലം കഴിഞ്ഞു പോയി. ഞാന്‍ ധരിച്ചത് അപ്പച്ചന്‍ എന്നേക്കുമായി സ്നേഹപൂര്‍വ്വം ആ സ്ഥലം എന്റെ പേരില്‍ എഴിതിയതാണെന്നാണ്! അങ്ങിനെ തന്നെ ഞാന്‍ എന്റെ ഉറ്റമിത്രങ്ങളുടെ അടുത്തും ഭാര്യയുടെ അടുത്തും അഭിമാനപൂര്‍വ്വം വീമ്പിളക്കി. (എന്റെ കല്യാണം 2006 - ല്‍ ആയിരുന്നു.) പിതൃസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഞാന്‍ എന്റപ്പനെ കണ്ടു.

അടുത്തിടെ ലോണ്‍ അടച്ചുതീര്‍ത്ത് ഞാന്‍ എന്റെ ഒരു വലിയ ബാധ്യത ഒഴിവാക്കി. അതിനുശേഷം ഒരു സുപ്രഭാതത്തില്‍ 7.00 am മണിക്കണ്, അപ്രതീക്ഷിതമായി ആ ബോംബ് ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് വീണത്. പത്രം വായിച്ചുകൊണ്ടിരുന്ന അപ്പച്ചന്‍ ചായഗ്ലാസ്സ് നിലത്ത് വച്ച് ഇങ്ങിനെ പറഞ്ഞു: ‘ ഏതായലും ലോണ്‍ ബാധ്യത തീര്‍ന്നല്ലോ, ഇനി ആ ആധാരം നമുക്കു പഴയപടി ആക്കിയേക്കാം.!!??’ ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും പുറമേ കാണിച്ചില്ല. ‘അതിനെന്താ’ എന്ന് മറുപടി പറഞ്ഞു. കൂടുതല്‍ സംസാരം ഒന്നും ഉണ്ടായില്ല.

അപ്പനു മകന്റെ പേരില്‍ ആധാരം ഇഷ്ടദാനം നടത്താന്‍ എളുപ്പമാണ്. എന്നാല്‍ മറിച്ച് അങ്ങിനെ ചെയ്യാന്‍ സാധ്യമല്ല!! പിന്നെ എന്ത് ചെയ്യും? ആധാരം മറിച്ചെഴുതണമെങ്കില്‍ വില്പനയായി കാണിക്കണം, അപ്പോള്‍ ഒരു ലക്ഷത്തില്‍ അധികം തുക എഴുത്തുകൂലി, കരം, ഇത്യാദി വരും. കര്യം അങ്ങിനെ ‘ഫ്രീസിങില്‍’ നില്‍ക്കുകയാണിപ്പോള്‍. അല്ലെങ്കില്‍ ഞാന്‍ എന്റെ വില്പത്രം അപ്പച്ചന്റെ പേരില്‍ എഴുതിവയ്ക്കണം. മകന്‍ അപ്പന്റെ പേരിലേയ്ക്ക് വില്പത്രം എഴുതിവയ്ക്കുന്നത് അസ്വാഭാവീകമാണ്.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരല്പം ഇശ്ചാഭംഗം / മോഹഭംഗം. എന്തു കൊണ്ടായിരിക്കാം ഇങ്ങിനെ മറിച്ചു ചിന്തിക്കാന്‍ അപ്പച്ചനെ പ്രേരിപ്പിച്ചത്?
1) വീട് പണി നടക്കുന്നതിനാല്‍ അനിയത്തിയും കുട്ടികളും ഞങ്ങളുടെ കൂടെയാണ് ഉള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടുന്നില്ലേ?
2) വീട് പണി നടക്കുന്നതിനാല്‍ അനിയത്തി സ്വന്തം അപ്പച്ചന്റെ കയ്യില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതു കൊടുക്കാന്‍ അപ്പച്ചനു നിര്‍വാഹം ഇല്ല. (അപ്പോള്‍ തോന്നിയതാവാം വീട് അവനു എഴികൊടുക്കണ്ടായിരുന്നു.)
3) ഞാന്‍ അടുത്തെങ്ങാന്‍ മരിച്ചുപോയാല്‍ എന്റെ സ്വത്ത് മുഴുവനും ഭാര്യക്കും മോനും മാത്രമായിത്തീരും. അപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഭാവി എന്താണ്? (സ്വാഭാവികമായ സംശയം)
4) അപ്പച്ചന്‍ 25 -ആം വയസ്സില്‍ സ്വന്തമായി ഒരു പുരയിടം (PLOT 18 സെന്റ്) വാങ്ങി. ഞാനും അതുപോലെ ചെയ്തു കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഞാന്‍ വേണ്ടത്ര പിടിപ്പില്ലാതെ കാശു ചെലവു ചെയ്യുന്നതായി അപ്പനു തോന്നുന്നുണ്ടാവാം - ഉദാഃ കാറ് വാങ്ങിയത്.

രണ്ടും വളരെ വ്യത്യസ്ഥങ്ങളായ സംഭവങ്ങളാണെങ്കിലും ‘ഇശ്ചാഭംഗം’ ആണ് രണ്ടിന്റെയും കാതല്‍. കയ്യില്‍ വന്നുചേര്‍ന്നുവെന്ന് കരുതിയത് അല്ലാ എന്നറിയുമ്പോളുള്ള വിഷമം/ ചമ്മല്‍. ബൈബിളില്‍ യേശു മനോഹരമായി പറയുന്നുണ്ട്: ‘വിരുന്നിനു പോകുമ്പോള്‍ ആദ്യം തന്നെ കസേരയില്‍ കയറി ഇരിക്കരുത്. ആധിഥേയന്‍ വന്ന് വിളിക്കും. അല്ലെങ്കില്‍ (ചാടികയറി ഇരുന്നാല്‍) ചിലപ്പോള്‍ എഴുന്നേല്ക്കേണ്ടി വരും’. ഇശ്ചാഭംഗങ്ങള്‍ ഒഴിവാക്കാന്‍ ഈ ബൈബിള്‍ വചനം ഓര്‍മ്മിക്കുന്നത് നല്ലതാണ്. വിരുന്നിനു മാത്രമല്ല, ഏതു സന്ദര്‍ഭത്തിനും ഇതു ബാധകമാണ്.

Friday, July 18, 2008

കുട്ടികള്‍ പ്രശ്നക്കാരാണോ അതോ . . .

എല്ലാവര്‍ക്കും ഒരോരോ പ്രശ്നങ്ങള്‍ ഉണ്ട്‌. ഒരാളുടെപ്രശ്നം മറ്റൊരാള്‍ക്ക്‌ വലുതായി തോന്നണമെന്നില്ല. എണ്റ്റെ പ്രശ്നം ആണു എനിക്ക്‌ വലുത്‌, മറ്റെല്ലാം നിസ്സാരം.

കുട്ടികള്‍ ദൈവത്തിണ്റ്റെ മാലാഖമാരാണു. അതുകൊണ്ടായിരിക്കും യേശുദേവന്‍ ഇങ്ങിനെ പറഞ്ഞത്‌: 'നിങ്ങള്‍ ശിശുക്കളെ പോലെ ആകുക, എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ' കുട്ടികളെ വളര്‍ത്തുക എന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണു. അല്ലെങ്കില്‍ വളരെ ക്ഷമയും ദയയും വേണ്ടുന്ന കാര്യമാണു.

ഇപ്പോള്‍ എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ ജൈസിയും ആര്‍വിനും തമ്മിലിള്ള ബഹളം കേട്ടുകൊണ്ടാണു. ആര്‍വിനു രാവിലെ ൭ മണിക്ക്‌ സ്കൂളില്‍ പോകണം. ചോറും കറിയും പ്രഭാത ഭക്ഷണവും തയ്യാറക്കി, ആര്‍വിനെ കുളിപ്പിച്ചൊരുക്കി യൂണിഫോം ഇടിവിച്ച്‌ അയക്കുക എന്നത്‌ ഒരു ഭഗീരഥപ്രയത്നം ആവശ്യമുള്ള കൃത്യമാണെങ്കിലും എനിക്കീ ശഃണ്ടകാണുമ്പോള്‍ കലിവരും. അതായത്‌ രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്നതേ 'കലിയിളകി' ആണെന്നര്‍ത്ഥം!!

എല്ലാരും ഇങ്ങിനെയൊക്കെയാ കുട്ടികളെ വളര്‍ത്തുന്നതെന്നാണു അവളുടെ മറുപടി. ഞാന്‍ വലുതാവുമ്പോള്‍ (അഥവാ എണ്റ്റെ മോന്‍ വലുതാവുമ്പോള്‍) ഇതൊക്കെ ഞാന്‍ മനസിലാക്കികൊള്ളുമത്രേ? എന്തോ എനിക്ക്‌ കുട്ടികളുമായി വഴക്കടിക്കുന്നതും, ശഃണ്ടകൂടുന്നതും ശകാരിക്കുന്നതും തല്ലുന്നതും ഒന്നും ഇഷ്ടമല്ല. അതിനാല്‍ അവളുടെ ഈ ന്യായീകരണങ്ങള്‍ ഒന്നും അംഗീകരിക്കാനും ആവില്ല.

ചിലര്‍ക്ക്‌ കുട്ടികള്‍ ഇല്ലാത്തതിണ്റ്റെ വിഷമം

മറ്റുചിലര്‍ക്ക്‌ ആണ്‍കുട്ടി/പെണ്‍കുട്ടി ജനിക്കാത്തതില്‍ വിഷമം കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതില്‍

നന്നായി പടിക്കാത്തതില്‍ വിഷമം

അനുസരണ ഇല്ലാത്ത കുട്ടികള്‍ മഹാകഷ്ടം

സ്കൂള്‍/ കോളേജ്‌ അഡ്മിഷന്‍ എന്തൊരു ടെന്‍ഷന്‍

പ്രണയത്തില്‍ കുടുങ്ങിയ കുട്ടികള്‍

പാരെണ്റ്റ്സിനൊരു തലവേദന തന്നെ

ഇന്നലെ ആണ്റ്റി വിളിച്ചിരുന്നു:

അനു മോള്‍ടെ കല്യാണം ഒന്നുമായില്ല

വര്‍ഷം മൂന്നായി പല ആലോചനകളും നടത്തുന്നു.

ഒന്നും ശരിയായി വരുന്നില്ല എന്തൊരു ടെന്‍ഷന്‍?!

കല്യാണം കഴിഞ്ഞാലോകുട്ടികളുണ്ടാവാത്തതിണ്റ്റെ ടെന്‍ഷന്‍.

ഇന്നലെ വേദാന്താ അക്കദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ പ്രഭാഷണം സി.ഡി.യില്‍ കേട്ടു. കുട്ടികളെ എങ്ങിനേ നല്ലവരായി വളര്‍ത്താം - ഇതായിരുന്നു വിഷയം. അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പ്രഘോഷണം നിര്‍ത്തൂ. ഉദാഹരണം ആകൂ. അതായത്‌ കുട്ടികള്‍ക്ക്‌ നല്ല മാതൃക കാണിച്ച്‌ കൊടുക്കുക. അവര്‍ നല്ലവരായി വളര്‍ന്നുകൊള്ളും. ' അരുത്‌/ചെയ്യരുത്‌ ഇങ്ങിനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ നിര്‍ത്തിയാല്‍ തന്നെ കുട്ടികള്‍ നമ്മെ അനുസരിക്കാന്‍ പഠിക്കും!

എനിക്കിതൊക്കെ വളരെ ശരിയായി തോന്നി. അഞ്ചു വയസ്സു വരെയെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതും ശകാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണം എന്ന അഭിപ്രായമാണെനിക്ക്‌. കാരണം ആ പ്രായത്തിലാണു ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നത്‌. അഞ്ചു വയസ്സിനു ശ്ശേഷം കുട്ടികളുടെ സ്വഭാവം നല്ലതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലും യാതൊരു പ്രയോജനവും ഇല്ല!! കാരണം അതിനുള്ളില്‍ കുട്ടികളുടെ മനസ്സിലെ തിരശീലയില്‍ ചിത്രങ്ങള്‍ ഒരു അച്ചിലെന്നപോലെ നിരന്നുകഴിഞ്ഞിരിക്കും. ആ ലിപികള്‍ ആണു പിന്നീട്‌ വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഭലിക്കുന്നത്‌. അതുകൊണ്ട്‌ അടുത്ത തവണ നിങ്ങള്‍ റിബലായ കൌമാരക്കാരനെ കാണുമ്പോള്‍ അവണ്റ്റെ ബാല്യ/ശൈശവ കാലഘട്ടെത്തെക്കുറിച്ചു കൂടി ആലോചിക്കുന്നതു നന്ന്‌. എന്നിട്ടാവാം വിധിയെഴുത്ത്‌. (മാതാപിതാക്കളുടേയോ കുട്ടിയുടെയോ)കുട്ടികള്‍ പ്രശ്നക്കാരാണോ അതോ മതാപിതാക്കള്‍ ആണോ പ്രശ്നക്കാര്‍? നിങ്ങള്‍ തന്നെ പറയൂ.