Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Thursday, December 10, 2009

കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....

പണ്ട്,

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്

ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്

ഇന്ന്,

ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?


എങ്കിലും എന്നാശ,,,


എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!

(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)

Monday, December 07, 2009

ശൂന്യത ശൂന്യത ശൂന്യത !!!

ചില നിമിഷങ്ങളില്‍ നാം സ്വയം ഇല്ലാതായി പോകുന്നു. (ശൂന്യത)

ആര്‍ത്തവക്കറ പുരണ്ട തൂവെള്ളവസ്ത്രം മറച്ചുപിടിക്കാന്‍ കഴിയാതെപോയ കന്യകയെ പോലെ. (ശൂന്യത)

കണ്ണന്‍ കവര്‍ന്നെടുത്ത ചെലകല്‍ക്കായി കേഴുന്ന ഗോപികമാരെ പോലെ (ശൂന്യത)

ലജ്ജയാല്‍ നാം സ്വയം ഇല്ലാതായി പോകുന്നു.

കാറ്റത്ത്‌ കെട്ടുപോയ ഒരു മെഴുകുതിരിപോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ നിഷ്പ്രഭമായി പോകുന്ന നമ്മുടെ അഹന്തകള്‍ (ശൂന്യത)

വാവിട്ടു കരയാനാകാതെ കണ്ണീര്‍ തടുക്കാനാവാതെ ആ ദുര്‍ബല നിമിഷം ഇന്നെന്നെയും തേടിയെത്തി.

ദൈവത്തെ കാണുന്ന ആ നിമിഷം, എന്നന്തരാത്മാവില്‍ വെറും ശൂന്യത മാത്രം.

ദൈവമേ അങ്ങെന്നെ എടുത്തു കൊള്‍ക,
ശൂന്യത ശൂന്യത ശൂന്യത മാത്രം നല്‍കുക.

Wednesday, December 02, 2009

ഹൃദയരഹസ്യം

ഇന്ന് രാവിലെ കിടക്കയില്‍ കണ്ണുതുറന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു. 'നമുക്കിടയില്‍ ഒരു രഹസ്യമുണ്ടോ?'

ഉണ്ട്, തീര്‍ച്ചയായും ...

എല്ലാവരുടെ ഇടയിലും ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

എന്നാല്‍ അങ്ങിനെയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാം എത്രമാത്രം പാടുപെടുന്നു.

അച്ഛന്‍ മകളോട്, ഭാര്യ ഭര്‍ത്താവിനോട്,
കാമുകന്‍ കാമുകിയോട്
പറയാന്‍ മറന്നതാണ് അത്.

ഒരു
ഹൃദയരഹസ്യം.

Wednesday, November 04, 2009

ജീവിതം = സമരം

ജീവിതം ഒരു സമരമാണ്

ഇവിടെ തോല്‍വികള്‍ ഒരിക്കലും അവസാനവാക്കല്ല

പോരാടുക

പോരാടുക

അന്തിമവിജയം നിന്‍റെതാണ്

‌ഒരിക്കലും പിന്തിരിയരുത്

പോരാടുക

പോരാടുക

തളരരുത്, നീ തനിച്ചാകിലും

തകരരുത്, ഏതു ദുര്‍ബല നിമിഷത്തിലും

പോരാടുക
പോരാടുക

നീ തോല്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു

അവര്‍ ആനന്ദിക്കട്ടെ! ആഘോഷിക്കട്ടെ!! നീ ....

പോരാടുക

പോരാടുക

വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍

നിന്നോടൊപ്പം ഞാനും ഉണ്ടാവും

പോരാടുക . . .

Thursday, October 29, 2009

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ (ശ്രീകുമാരന്‍ തമ്പി)

ഇന്ന് രാവിലെ തിരക്കിട്ട് റെഡി ആകുമ്പോള്‍ 'ഹലോ ജോയ് ആലുക്കാസില്‍' ആശാലത ചേച്ചി കസറുന്നു. ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ ഗാനം ഇട്ടത്. പിന്നെ അത് തീരാതെ ഇറങ്ങുന്നതെങ്ങിനെ? മൂന്നു മിനിട്ടു വൈകിയാലും ഈ ഗാനം കേള്‍ക്കതിരിക്കാനാവില്ല!! ഈ ഗാനത്തിന് എത്ര വര്ഷം പഴക്കമുണ്ടാവും, ആവോ അറിയില്ല. എന്നാല്‍ ഇനിയും എത്ര വര്‍ഷം വേണമെങ്കിലും ഈ ഗാനം കേള്‍ക്കാം, നല്ല ഗാനങ്ങള്‍ക്ക് മരണമില്ല.


ഹാ,, കിട്ടി (ഗൂഗിള്‍ മുത്തപ്പാ നന്ദി) . . .


കടല്‍ എന്ന ചിത്രത്തിലേതാണ്‌ ഈ ഗാനം. 1968 -ല്‍ ആണ് കടല്‍ റിലീസ് ചെയ്തത്. അപ്പോള്‍ ഞാന്‍ ജനിക്കുന്നതിനും 6 വര്‍ഷം മുന്‍പ്!! ഈശ്വരാ... എന്നിട്ടും ഈ ഗാനം എന്നെ പിടിച്ചു നിര്‍ത്തിയല്ലോ. ശ്രീകുമാരന്‍ തമ്പിയുടെ രചനയാണോ എം.ബി.ശ്രീനിവാസന്റെ ഈണമാണോ എന്നെ പിടിച്ചിരുത്തിയത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും. അതിലെ വരികള്‍ തന്നെയാണ് എന്നെ ആകര്‍ഷിച്ചത് എന്ന് തോന്നുന്നു. ആ വരികളിലെ ഫിലോസഫി, ഇമ്മാതിരി ഒരു ഗാനമായി ചിട്ടപ്പെടുത്തിയ തമ്പി സാറിന് നമോവാകം.


ഓഫീസിലേക്കുള്ള വഴിയില്‍, ചിന്തിക്കുമ്പോള്‍ ഇങ്ങനെ തോന്നി. നമുക്ക് മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കും, എന്നാല്‍ ദുഃഖത്തില്‍?? മറ്റുള്ളവരോടൊപ്പം നമുക്കും ദുഃഖം ഉണ്ടെന്ന് അഭിനയിക്കാനേ സാധിക്കൂ. അപരന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ സാധിക്കില്ല. ഓരോരുത്തരും സ്വന്തം ദുഃഖം അനുഭവിച്ചു തന്നെ തീര്‍ക്കണം. (ഇത് ശരിയാണോ?) ചിലപ്പോള്‍ നാം വളരെ ദു:ഖിച്ചു, വിഷമിച്ചു, നിരാശനായി ഇരിക്കുമ്പോള്‍ ഒരു സുഹൃത്തിനെ, (വ്യക്തിയുടെ) സാമീപ്യം നമുക്ക് വളരെ വളരെ സന്ത്വനമായ്‌, ആശ്വാസമായ്‌... തോന്നിയിട്ടില്ലേ? അവന്‍/അവള്‍ അരികിലുണ്ടായിരുന്നെങ്കില്‍ എന്ന്,, പിന്നെ എങ്ങിനെ 'കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം' എന്ന് പാടും? സത്യത്തില്‍ ആ സാമീപ്യം ദുഃഖത്തെ അകറ്റുന്നില്ലേ?ചിന്തിച്ചു ചിന്തിച്ചു ആകെ 'കണ്‍ഫ്യൂഷന്‍' ആയല്ലോ, ദൈവമേ.. ഒരു പാട്ട് വരുത്തി വച്ച വിനകള്‍! എന്തായാലും നമുക്കാ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കാം.


ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍

ആയിരം പേര്‍ വരും

കരയുമ്പോള്‍ കൂടെക്കരയാന്‍


നിന്‍‌ നിഴല്‍ മാത്രം വരും

നിന്‍‌ നിഴല്‍ മാത്രം വരും

സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍

സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍

ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍)

കടലില്‍ മീന്‍ പെരുകുമ്പോള്‍

കരയില്‍ വന്നടിയുമ്പോള്‍

കഴുകനും കാക്കകളും പറന്നു വരും

കടല്‍ത്തീരമൊഴിയുമ്പോള്‍

വലയെല്ലാമുണങ്ങുമ്പോള്‍

അവയെല്ലാം പലവഴി പിരിഞ്ഞു പോകും

അവയെല്ലാം പലവഴി പിരിഞ്ഞു പോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍

കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ...
കരിങ്കടലേക

നിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍

കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ

കണ്ണുനീര്‍‌ച്ചിപ്പികളോ നിറച്ചിരുന്നൂ...
(ചിരിക്കുമ്പോള്‍)

നമ്മള്‍ മലയാളികള്‍ നേരെ തിരിച്ചാണ് കേട്ടോ. ഒരുത്തന് നല്ലത് വന്നാല്‍ വല്യപ്രയാസം ആണ്. ആരും നന്നായി കാണുന്നത് കണ്ണെടുത്തു കണ്ടുകൂടാ. പ്രത്യേകിച്ച് ബന്ധുക്കളും അയല്‍വാസികളും. എന്നാലോ വല്യകാര്യമാണെന്നൊക്കെ ഭാവിക്കും. ഒരാള്‍ നശിച്ചു കാണുമ്പോള്‍ മനസ്സില്‍ എന്തൊരു സന്തോഷം. (ഹാവൂ,,, അവനു അത് തന്നെ വരണം.) എന്നാല്‍ പുറമേ,, ഹയ്യോ അത് കഷ്ടമായി പോയല്ലോ എന്ന് പറയുകയും ചെയ്യും!! കടത്തിന്മേല്‍ കടം, കാന്‍സര്‍, ബൈ-പാസ്‌, ഗള്‍ഫിലെ ജോലി പോയി (വല്ലവര്‍ക്കും) എന്നൊക്കെ കേട്ടാല്‍ നമുക്കെന്തു പെരുത്ത സന്തോഷം. ഉടനെ വിളിക്കും,,, അയ്യോ - - - - - ഇങ്ങനെ കേട്ടല്ലോ, കഷ്ടായി പോയി. ഹോ, വല്ലാത്ത സമയം തന്നെ. രോഗമാണ് എന്ന് കേട്ടാല്‍ ഉടനെ അങ്ങോട്ട്‌ കുതിക്കും . . . കാണാനായി. ഇത് സഹതാപം അല്ല. മറിച്ച് 'എനിക്കിതു സംഭവിച്ചില്ലല്ലോ' എന്ന ആശ്വാസത്തിന്റെ സന്തോഷ പ്രകടനം ആണ്. കേരളത്തില്‍ ഏതു പ്രദേശത്തും ഇത് കാണാം. പിന്നെ അയാള്‍ക്കുണ്ടായ നഷ്ടം/ദുഃഖം കുത്തികുത്തി ചോദിച്ചറിയുംപോളുള്ള ആ ആത്മന്രിവൃതി നമ്മള്‍ മലയാളികളുടെ മുഖമുദ്ര ആണ്.

“Laugh, and the world laughs with you;Weep, and you weep alone" - Ella Wheeler

Tuesday, September 22, 2009

ബോധ മനസ്സും ഉപബോധ മനസ്സും മനുക്കുട്ടനും

എല്ലാ തിങ്കളാഴ്ചയും രാവിലെ 5.20 -നുള്ള ട്രെയിനിനു അജിത പോകും. തിങ്കള്‍ - വെള്ളി തിരുവനന്തപുരത്തു ഹോസ്റ്റല്‍ ജീവിതം. രാവിലെ ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുമ്പൊള്‍ മനുകുട്ടന്‍ [രണ്ടര വയസ്സ്] നല്ല ഉറക്കത്തിലായിരിക്കും. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ രണ്ടു ദിവസം ആര്‍ത്തു കളിച്ച അവന്റെ അമ്മച്ചി ഇല്ല. അവനറിയാതെ മുങ്ങിയിരിക്കുന്നു!

പോകുമ്പൊള്‍ അവനെ വിളിച്ച്ചെഴുന്നെല്പിച്ചു 'റ്റാറ്റാ' കൊടുത്തിട്ട് പോകണമെന്നു അജിതയ്ക്കുണ്ട്. പക്ഷെ അവന്റെ ഉറക്കം കണ്ടാല്‍ എഴുന്നേല്‍പ്പിക്കാന്‍ തോന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ മുങ്ങും. അവന്റെ അമ്മാമ്മ അടുത്തുണ്ടാവും, ഞാന്‍ പോയി ട്രെയിന്‍ കയറ്റി വിട്ടിട്ടു അര മണിക്കൂറിനകം തിരികെയെത്തുംപോഴും പുള്ളി സുഖ സുഷുപ്തിയില്‍ തന്നെയായിരിക്കും. ആശാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഏഴു മണിയാവും. അമ്മച്ചി ജോലി സ്ഥലത്തേക്ക് പോയതായി പോലും ഭാവിക്കില്ല. എവെടെയെന്നോ, കാണാനില്ലല്ലോ എന്നോ അന്വേഷിക്കയും ഇല്ല. യാതൊരു പരിഭവവും ഇല്ല, എല്ലാം സാധാ പോലെ തന്നെ.

അവനു അപ്പയുണ്ട്, അമ്മാമയുണ്ട് , അപ്പപ്പനുണ്ട്, .... പിന്നെ സമയം കളയാന്‍ പ്രയാസം ഇല്ല. അമ്മച്ചിയെ മറന്നപോലെ? പിന്നെയും മൂന്നു നാല് ദിവസം കഴിയുമ്പോള്‍ സന്ധ്യകഴിഞ്ഞു എന്നോട് പറയും 'പോവ്വാം,, ട്രെയിനില്‍ അമ്മച്ചി വരും.. വ്വാ, പോവ്വാം.'

ഇതിനിടയില്‍ എല്ലാ ദിവസവും അജിത മൂന്നുനേരം അവനെ ഫോണില്‍ വിളിക്കും. ഫോണ്‍ ബെല്ലടി കേട്ടാല്‍ മനുക്കുട്ടന്‍ ‍ ഓടും... ഫോണിന്റെ അടുത്തേക്കല്ല, നേരെ തിരിച്ചു... ഫോണിന്റെ അടുത്ത് കൊണ്ട് ചെന്നാല്‍ ആശാന്‍ ചെവി പൊത്തും.. . ഇതിപ്പോ ഒരു വര്‍ഷത്തിനടുത്തായി ഈ അങ്കം. അങ്ങിനെയാണ് ഞാന്‍ ഇതിനെപറ്റി ഒരു പഠനം നടത്തിയത്. എന്തുകൊണ്ടാണ് അവന്‍ ഇങ്ങിനെ പെരുമാറുന്നത്? അജിത ആഴ്ചവട്ടത്തില്‍ വീട്ടിലെത്തുമ്പോള്‍ അവനു യാതൊരു പരിഭവവും ഇല്ല!

ഞാന്‍ മനഃശാസ്ത്രം അരച്ച് കലക്കി കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലാകാതിരുന്ന ഒരു വിഷയം - ഉപബോധ മനസ്സ് - എന്താണെന്നും അതിന്റെ ശക്തി ഇത്രയുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി വരുന്നു. ഫ്രോയിഡ്‌ -നെയും യുങ്ങ് -നെയും പല ആവര്‍ത്തി വായിച്ചെങ്കിലും 'ഉപബോധ മനസ്സ്' കൃത്യമായി ഇപ്പോഴാണ് മനസ്സിലാവുന്നത്. മനുക്കുട്ടന്റെ ഉപബോധ മനസ്സില്‍ അവന്റെ അമ്മച്ചി തിങ്കളാഴ്ച രാവിലെ അവനോടു പറയാതെ പോയതിലുള്ള പ്രതിഷേധം ആണ് അവന്‍ ഇങ്ങിനെ -ഫോണിലൂടെ സംസാരിക്കാതെ- പ്രകടിപ്പിക്കുന്നത്.

ഇത് അവന്‍ വേണമെന്ന് വിചാരിച്ചിട്ട് ചെയ്യുന്നതല്ല, പക്ഷെ അവനറിയാതെ തന്നെ 'ഓട്ടോമറ്റിക്' ആയി വന്നുപോകുന്നതാണ്. കാരണം ഞാന്‍ ചിലപ്പോള്‍ എന്റെ മൊബൈലില്‍ നിന്നും അജിതയെ വിളിച്ചു അവനു കൊടുക്കും, അപ്പോള്‍ അവന്‍ സംസാരിക്കും. യാതൊരു കുഴപ്പവും ഇല്ലാതെ.

അജിത വിളിക്കുമ്പോള്‍ ഫോണില്‍ അവനെ കൊണ്ട് സംസാരിപ്പിക്കാന്‍ അമ്മാമ്മ ധാരാളം ശ്രമിച്ചു നോക്കി. നോ ഫലം,, കൂടുതല്‍ ശ്രമിക്കുന്തോറും അവനു കൂടുതല്‍ വാശി. അങ്ങിനെ ആ ശ്രമം ഉപേക്ഷിച്ചു. അജിത വാരാന്ത്യത്തില്‍ വരുമ്പോള്‍ അവനോടു കെഞ്ചി നോക്കി, 'മോനെ ഈ ആഴ്ച അമ്മച്ചി തിരുവനന്തപുരത്തിന് പോയി അവിടെ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഓടി വരണേ.' ങ്ഹും... നോ രക്ഷ. അതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. അജിതയുടെ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചാല്‍ പത്തു പൈസയെ ഉള്ളൂ. എങ്കിലും മോനോട് സംസാരിക്കണമെങ്കില്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു കൊടുക്കണം.

കുട്ടി രാജാവ് നീണാള്‍ വാഴ്കൈ !!!

Monday, August 24, 2009

ഋതു: a movie by ശ്യാമ പ്രസാദ്‌ - Seasons change - Do we?

ഇന്ന് വെള്ളിയാഴ്ച്ചയായിരുന്നു.

ഓഫീസില്‍ വലിയ തിരക്കില്ലായിരുന്നു. 11 മണിക്ക് ഒന്ന് പുറത്തിറങ്ങി നേരെ 'സരിത' തീയറ്ററില്‍ പോയി മാറ്റിനിക്ക് ഒരു ടിക്കറ്റ്‌ എടുത്തു.

ഋതു - ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം. (ആ ഒരു കാരണം മാത്രമായിരുന്നു പ്രചോദനം.)

ഉച്ചക്ക് ഭാര്യയെ വിളിച്ചു അനുവാദം വാങ്ങി.

കൃത്യം 2.50 -നു ഓഫീസില്‍ നിന്നും ഇറങ്ങി, സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീയറ്ററില്‍ എത്തി.

കൊള്ളാം.... നല്ല സിനിമ [ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍]

മൂന്നു യുവാക്കളുടെ സൌഹൃദത്തിന്റെ കഥ, വളരെ മനോഹരമായി പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ.
സണ്ണി എന്ന കഥാപാത്രം ഇത് നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു!!
ശ്യാമ പ്രസാദ്‌ പറയുന്നത് തിരുവനന്തപുരംകാരായ മൂന്നു യുവാക്കളുടെ സൌഹൃദത്തെകുറിച്ചാണ്.

എന്തായാലും മൂന്നു പേരുടേയും സൌഹൃദത്തിന്റെ ഗാഡത വരച്ചു കാണിക്കുന്നതില്‍ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. (അങ്ങിനെ ഒരു അടിച്ചുപൊളി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ആരും കൊതിക്കും)



രണ്ടു യുവാക്കളുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന 'വര്‍ഷ ജോണ്‍' എന്ന കഥാപാത്രം റിമ കല്ലിങ്ങല്‍ നന്നായി ചെയ്തിരിക്കുന്നു. റിമക്ക് അഭിനയ രംഗത്ത് നല്ല ഭാവി ഉണ്ട്. ഇതുപോലെ സ്മാര്‍ട്ട്‌ ആയ പെണ്‍കുട്ടികള്‍ ഇന്ന് നാട്ടില്‍ കുറവാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ പീഡനങ്ങളും/വാണിഭങ്ങളും എത്ര കുറഞ്ഞേനെ!! എല്ലാം ഒരു സ്വപ്നജീവികള്‍ പോലത്തെ പെണ്‍കുട്ടികള്‍. 'ഏതു ട്രാപ്പിലും വീഴാന്‍ ഞാന്‍ റെഡി' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചപോലെ നടന്നു പോകുന്ന പ്ലസ്‌-2 കുഞ്ഞുങ്ങള്‍. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ചൊക്കെ സ്മാര്‍ട്ട്‌ ആവണം.

സിനിമ തുടങ്ങുന്നതേ നല്ല വര്‍ണ്ണശബളമായിട്ടാണ്. മനോഹരമായ 'പെയിന്റിങ്ങ്സ്' പോലെ പ്രകൃതി സൌന്ദര്യം ക്യാമറമാന്‍ ഒപ്പി എടുത്തിരിക്കുന്നു.

ഇടയ്ക്കു അല്പം കമ്യൂണിസം കലര്‍ത്തിയത് എന്തിനാണെന്ന് മനസിലായില്ല. അതൊഴിവാക്കികൂടായിരുന്നോ? കുടിയൊഴിപ്പിക്കലും ജന്മിത്വവും ഒക്കെ??!! എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നി. ആ തടിയനായ ബെയററും, ആ ഇടിയും, ചതഞ്ഞ മുഖവും ഒക്കെ കാട്ടി ചുമ്മാ അനാവശ്യമായ കമ്യൂണിസ്റ്റ്‌ പ്രേമം നടിക്കുന്നത്‌ പോലെ തോന്നി.

ശരത്തിന്റെ അച്ഛന്‍ മരിക്കുന്ന സീന്‍ വേണ്ടത്ര ജീവസുറ്റതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ആ സീന്‍ കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ചിരിക്കുന്നത് കേട്ടു!!

പുതിയ മുഖങ്ങള്‍ തിരഞ്ഞെടുത്തതിന് ശ്യാമ പ്രസാദിന് അഭിനന്ദനങ്ങള്‍. (മലയാളത്തിലെ സ്ഥിരം മുഖങ്ങള്‍ -ഗോഷ്ടികളും -കണ്ടു മടുത്തു.) എല്ലാവരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നിരിക്കുന്നു. ശരത്തും, സണ്ണിയും, വര്‍ഷയും എല്ലാം... മലയാള സിനിമയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

സൗഹൃദം, സാഹിത്യം, യുവത്വം, വര്‍ണ്ണം, സൌന്ദര്യം..... എല്ലാം ഒത്തു ചേരുന്ന ഒരു പ്രമേയം. മൊത്തത്തില്‍ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു. മറ്റുള്ളവര്‍ക്ക് 'റെക്കമെന്റ്' ചെയ്യാന്‍ ഞാന്‍ തുനിയില്ല. അതിനാലാണ് ഞാന്‍ തനിയെ പോയത്... ഭാര്യയെപോലും കൂട്ടാതെ!! എനിക്കറിയാം ചില സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാകും. പക്ഷെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ അവര്‍ (സിനിമ കണ്ടു കഴിഞ്ഞു) വന്നു എന്നെ തല്ലും. ഉദാ: Mr. & Mrs. Iyyer by Aparna Sen, Life is Beautiful by Roberto Benigni.

സിനിമ കാണുന്നെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ദയവായി സി.ഡി കാണരുത്. അതുപോലെ തന്നെ മൊബൈല്‍ ഓഫ്‌ ചെയ്തു വച്ച് കാണണം. (ഇത് ഏതു സിനിമയ്ക്കും ബാധകം)

Friday, August 21, 2009

ചില ഓഫീസ് ചൊല്ലുകള്‍ (മാനേജ്‌മന്റ്‌ മന്ത്ര -2 )

മജീദ്‌ സാറുമായി സംസാരിക്കുമ്പോള്‍ ചില ശൈലികള്‍/ചൊല്ലുകള്‍ വീണു കിട്ടും. പലപ്പോഴായി ഇങ്ങിനെ കിട്ടിയവ എവിടെയെങ്കിലും എഴുതി വയ്ക്കണമെന്ന് കുറെ നാളായി ആലോചിക്കുന്നു. എന്നാല്‍ അത് ബ്ലോഗ്ഗില്‍ തന്നെയാവേട്ടെ!! ഇതിനു മുന്‍പെഴുതിയ 'നിത്യജീവിതത്തിലെ ചില നിയമവശങ്ങള്‍' കൂടി ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ നന്ന്.

"DON'T SEEP MUD UNDER TO YOUR CARPET"

പൊടിയും അഴുക്കും അടിച്ചു വാരി 'കാര്‍പെറ്റ്‌' ഇന് അടിയില്‍ കൊണ്ട് വയ്ക്കരുത്. അതായത് പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തുന്ന രീതി. യാതൊരു കുഴപ്പവും ഇല്ല, എല്ലാം നന്നായി നടക്കുന്നു എന്ന് ഭാവിക്കുന്നവര്‍ ധാരാളമുണ്ട്. യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തില്‍ ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു! എന്തുകൊണ്ട്? വളരെയധികം പ്രശ്നങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്താരും അറിയാതെ അവര്‍ അത് രഹസ്യമാക്കി വച്ച്. എല്ലാ അഴുക്കും പൊടിയും 'കാര്‍പെറ്റ്‌' -ഇനടിയില്‍ തൂത്ത് കൂട്ടി, പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തി.

പല സ്ഥപങ്ങളിലും കമ്പനികളിലും ഇതുപോലെ നടക്കാറുണ്ട്. കമ്പനിയുടെ സാമ്പത്തീകസ്ഥിതി / വളര്‍ച്ച എല്ലാം ഊതി വീര്‍പിച്ചു കാണിക്കും. കുറവുകള്‍ മറച്ചു വയ്ക്കും. പക്ഷെ എത്രനാള്‍. പ്രശ്നങ്ങളെ സമയാസമയത്ത് അറിഞ്ഞാല്‍ വേണ്ട നടപടിയെടുക്കാന്‍ സാധിക്കും. അറിഞ്ഞാലും മൂടി വയ്ക്കാനാണ് പല 'മാനേജര്‍' മാരും ശ്രമിക്കുക. അത് ദുരന്തത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യും. ഇയിടെ 'സത്യം കംപുറെര്സ്' നു സംഭവിച്ചത് ഇത് തന്നെ ആയിരുന്നു.

"DON'T PUT ALL YOUR EGGS IN ONE BASKET"

നിങ്ങളുടെ കയ്യിലുള്ള എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ വയ്ക്കരുത്. എന്ന് വെച്ചാല്‍, എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ ആണെങ്കില്‍ ആ ബസ്കെറ്റ്‌ കയ്യില്‍ നിന്നും താഴെ വീണാല്‍ എല്ലാ മുട്ടകളും പോട്ടിപോകും. പക്ഷെ നിങ്ങള്‍ ആ മുട്ടകള്‍ രണ്ടു ബാസ്കറ്റില്‍ ആണ് വച്ചിരുന്നതെങ്കില്‍ ഒരു ബസ്കെറ്റ്‌ താഴെ വീണാലും മറ്റേ ബാസ്കറ്റില്‍ കുറച്ചു മുട്ടകള്‍ സുരക്ഷിതമായി ഉണ്ടാവും.

നിങ്ങളുടെ [പണം] നിക്ഷേപങ്ങള്‍ എല്ലാം, ഷെയര്‍ മാര്‍ക്കറ്റില്‍ മാത്രം ആണെങ്കില്‍ ഓഹരി വിപണി ഇടിയുമ്പോള്‍ നിങ്ങള്ക്ക് വലിയ നഷ്ടം ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ പണം ബാങ്കിലും, ഇന്‍ഷുറന്‍സ്സിലും, മ്യൂച്വല്‍ ഫണ്ടിലും, ചിട്ടിയിലും, ....ഒക്കെയായി വിഭജിച്ച്‌ നിക്ഷേപിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അല്പം മാന്ദ്യം വന്നാലും നിങ്ങള്ക്ക് കുഴപ്പം ഉണ്ടാവില്ല.

ഓഫീസിലെ കാര്യം എടുക്കുകയാണെങ്കില്‍ ഇതേ നിയമം എങ്ങിനെ ബാധിക്കും എന്ന് നോക്കാം. ഒരു പരസ്യ ഏജന്‍സി ആണെന്ന് വയ്ക്കുക. നിങ്ങളുടെ 'ക്ലയിന്റ്സ്' എല്ലാം ഒരേ മേഖലയില്‍ നിന്നും ഉള്ളവരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, എത്ര വലിയ 'ക്ലയിന്റ്റ്‌' ആയാലും ഒരാളില്‍ മാത്രം ആശ്രയിക്കുന്നതും തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബിസിനെസ്സ്‌ തന്നെ പൂട്ടി പോകേണ്ടി വന്നേക്കാം.

“Treat a man as he is, he will remain so. Treat a man the way he can be and ought to be, and he will become as he can be and should be."

'ഗോയതെ'യുടെ ഒരു വാചകം ആണ് മുകളില്‍ കൊടുത്തത്. ഇത് കൃത്യമായി എങ്ങിനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താം എന്നറിയില്ല. എങ്കിലും ഒരു കൈ ശ്രമിച്ചു നോക്കാം.

"നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ തന്നെ ആയിരിക്കും. (പക്ഷെ) നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ എങ്ങിനെ ആയിരിക്കണമോ / ആയിത്തീരാമോ ആ നിലയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ ആയി തീരും."

ഇത് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ബാലരമയിലെ 'ശുപ്പാണ്ടി' എന്നാ കഥാപാത്രത്തെ ആണ്. ശുപ്പാണ്ടി, എന്നാ വ്യക്തി ശുപ്പാണ്ടി തന്നെ ആയിരിക്കാനാണ്‌ വീട്ടുകാരും 'ബാലരമ'യും ആഗ്രഹിക്കുന്നത്. അവന്‍ അതുപോലെ തന്നെ ആയിരിക്കും.

നിങ്ങള്‍ നിങ്ങളുടെ ഓഫീസിലെ പ്യൂണിനെ അല്ലെങ്കില്‍ വീട്ടിലെ വേലക്കാരിയെ എങ്ങിനെയാണ് കാണുന്നത്? "ഓ,,, അവനോ അവന്‍ അത്രക്കെ ഉള്ളൂ..." / "അവനില്‍ നിന്നും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട!" ഇതാണോ നിങ്ങളുടെ മനോഭാവം? നിങ്ങളുടെ പ്യൂണ്‍/വേലക്കാരി അങ്ങിനെ തന്നെ ആയി തുടരും. എന്നാല്‍ അവനെകൊണ്ട്‌ അതില്‍ കൂടുതല്‍ സാധിക്കും എന്ന് ചിന്തിച്ചു നോക്കൂ. വിശ്വാസം അര്‍പ്പിച്ചു നോക്കൂ. തീരച്ചയായും അവനില്‍/അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.

ഒരു വ്യക്തിയില്‍ ഒളിഞ്ഞു കിടക്കുന്ന അനന്തസാധ്യതകള്‍ ചികഞ്ഞെടുക്കാന്‍, പരിപോഷിപ്പിക്കാന്‍, വളര്‍ത്താന്‍ 'ഗോയെതെ'യുടെ ഈ വചനം നമുക്ക് പ്രേരണ നല്‍കുന്നു.

ആരും 'ശുപ്പാണ്ടി'മാരായി ജനിക്കുന്നില്ല. ആരെയും 'ശുപ്പാണ്ടി'മാരായി മരിക്കാന്‍ അനുവദിക്കരുത്. നമ്മുടെ ഒരു ചെറിയ പ്രോത്സാഹനം പലരെയും വളര്‍ത്തിയെക്കാം.

ഇതോര്‍മ്മയിലിരിക്കട്ടെ!!!

Monday, August 03, 2009

വലിയ വലിയ മനുഷ്യരുടെ ചെറിയ ചെറിയ മനസ്സുകള്‍ ...

മഴക്കാലം പ്രമാണിച്ചു രണ്ടു മാസം ട്രെയിന്‍ യാത്ര ഒഴിവാക്കി ഞങ്ങള്‍ 'കാര്‍ പൂള്‍ിംഗ്' ആയിരുന്നു. ഓഗസ്റ്റ്‌ ഒന്നുമുതല്‍ വീണ്ടും ട്രെയിന്‍ തന്നെ ശരണം. മഴയില്ലാത്തപ്പോള്‍ ട്രെയിന്‍ യാത്ര നല്ലോരനുഭവമാണ്. ആയാസം കുറവ്, നന്നായി റിലാക്സ് ചെയ്തു പോരാം... മൊബൈല്‍ റേഡിയോയില്‍ പാട്ട് കേള്‍ക്കാം, പുസ്തകം വായിക്കാം... മുളന്തുരുത്തിയില്‍ നിന്നും കയറി സൌത്ത് സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചാല്‍ മണിക്ക് ഓഫീസില്‍ എത്താം. ഓട്ടോക്ക് 24 രൂപയാകും, അത് മാത്രമാണ് പ്രധാന ചെലവ്.

ഇത്തനൈ പെരിയ മനിതനിക്ക് ... ഇത്തനൈ ചെറിയ മനിമിരുക്കാ???

രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു പിച്ചക്കാരന്‍ പാടിക്കൊണ്ടേയിരിക്കുന്നു. അയാളുടെ ഈണവും കയ്യിലിരിക്കുന്ന ചെറിയ മണിയില്‍ പഠിക്കുന്ന താളവും ചേരുമ്പോള്‍ ആരും കാതോര്‍ത്തുപോകും. പിന്നീടാണ് ഞാനതിലെ വരികളുടെ അര്‍ത്ഥം ശ്രദ്ധിച്ചത്. . . . എത്രയോ ചിന്താ ദീപ്തം. വാലിയുടെയോ കണ്ണദാസന്റെയോ വരികളാകും.

ഇത്തനൈ ചെറിയ പറവയ്ക്ക്.... ഇത്തനൈ പെരിയ അറിവിരുക്ക്!!!!

പിച്ചക്കാരന്‍ തമിഴന്‍ പാടിക്കൊണ്ടേയിരിക്കുന്നു.

ഇന്നലെ രണ്ടു മണിക്കൂറോളം അവനുമായി സംസാരിച്ചു. അവനു പറയാന്‍ ഒന്ന് മാത്രമേ ഉള്ളൂ. അവളുടെ കുറ്റങ്ങള്‍... അവളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും. ഞാന്‍ ചോദിച്ചു: അപ്പോ നിങ്ങള്‍ക്കിടയിലെ ഈ രണ്ടു കുഞ്ഞുങ്ങളോ? അവരുടെ മനസ്സിനെ എന്തിനു വേദനിപ്പിക്കുന്നു? അതൊന്നും എനിക്കറിയണ്ട. . . അവളെ ഒരു പാഠം പഠിപ്പിക്കും ഞാന്‍.

കല്ലുപോലുള്ള ആ മനസ്സിന് മുന്‍പില്‍ അടിയറവുപറഞ്ഞു പടിയിറങ്ങേണ്ടിവന്നു. പുതിയ വീട്, . . .കാറ്, എല്ലാ സാമഗ്രികളും സൌകര്യങ്ങളും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലി, മാന്യമായ ശമ്പളം... കുട്ടികള്‍ നല്ല നിലയില്‍ പഠിക്കുന്നു. 4 -ഉം 6 -ഉം വയസ്സുള്ള ആ പിഞ്ചു കുട്ടികള്‍ എന്ത് പിഴച്ചു? ഈ കോഴി-പ്പോരിനു നടുവില്‍പ്പെടാന്‍? കുപ്പികള്‍ നിരത്തി വച്ച് കുടിച്ചാല്‍ ഭാര്യയെ തോല്‍പ്പിക്കാമെന്ന് കരുതുന്ന ഭര്‍ത്താവ്. ശണ്ടകൂടിയാല്‍ ഭര്‍ത്താവ് നന്നാവുമെന്ന് കരുതുന്ന ഭാര്യ.... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?

അവനെ എങ്ങിനെയെങ്കിലും പറഞ്ഞു മനസിലാക്കി ഒരു 'ഡി-അഡിക്ഷന്‍' കേന്ദ്രത്തില്‍ എത്തിക്കമെന്നുള്ള മോഹം വെറും വ്യാമോഹം മാത്രമായി. ഒരു കൊച്ചുകുടുംബത്തില്‍ പതിയെ വിള്ളല്‍ സംഭവിക്കുന്നത് ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാന്‍ മാത്രം. വിള്ളലിലൂടെ തോണിയിലേക്ക്‌ വെള്ളം കയറി തുടങ്ങിയിരിക്കുന്നു. അവര്‍ അറിയുന്നില്ലേ? എന്തിനീ കൊച്ചു കൊച്ചു വാശികള്‍? [ഈശ്വരാ.. ഈ തോണി മുങ്ങരുതേ എന്നാ പ്രാര്‍ത്ഥന മാത്രം]

കേരളത്തില്‍ ദാമ്പത്യബന്ധങ്ങള്‍ തകര്‍ച്ചയിലാണോ? മാതൃഭൂമിയില്‍ ഒരു ലേഖനം കണ്ടു. പിന്നെ കാവ്യ മാധവന്റെ വാര്‍ത്ത. ആരാന്റമ്മയ്ക്കു ഭ്രാന്ത് പിടിക്കുമ്പോള്‍.... സ്വന്തം ദേഹത്ത് തട്ടുമ്പോഴേ ഏതു വേദനയും വേദനയാവൂ.

വലിയ വലിയ പ്രതീക്ഷകള്‍, വിട്ടുവീഴ്ചയില്ലായ്മ, അഹന്ത, സംശയം, മദ്യപാനം, പണത്തോടുള്ള ആര്‍ത്തി... ഇവയൊക്കെ കുടുംബകലഹത്തിനു കാരണമാകാമെങ്കിലും വിട്ടുവീഴ്ച(Adjustment) യില്ലായ്മ തന്നെയാണ് പ്രധാനകാരണമായി എനിക്ക് തോന്നിയിട്ടുള്ളത്. ദാമ്പത്യജീവിതം തികച്ചും ഒരു വിട്ടുവീഴ്ച(Adjustment) തന്നെയാണ്.

ഇനിയോരുവന്‍ വേദനൈ...
ഇവര്‍കള്ക്ക് വേടിക്കൈ [തമാശ]
ഇദയമറ്റ്ര മനിതനിക്ക്
[ഹൃദയമില്ലാത്ത മനുഷ്യര്‍ക്ക്‌]
ഇതുവെല്ലാം വാടിക്കൈ... [സാധാരണ]


തമിഴന്‍ ദൂരെ നടന്നു പോയി.... അയാളുടെ പാട്ടും. ബാക്കി വരികള്‍ ഗൂഗിള്‍ തപ്പിയെടുത്തു. [എം.ജി.ആര്‍ അഭിനയിച്ച 'ആശൈമുഖം' എന്ന പടത്തിലെ ഗാനം.]

Thursday, May 28, 2009

അഹങ്കാരി മോന്‍ (ഞാന്‍ തന്നെ!!)

"അവന്‍ മഹാ അഹങ്കാരിയാ, അവന്റെ അഹങ്കാരത്തിന് രണ്ടു 'ങ്ക' ഉണ്ട്." ഇത് എന്നെ പറ്റി ഒരാള്‍ പറഞ്ഞതാണ്. (എന്നോടല്ല) പറഞ്ഞതില്‍ സത്യമില്ലാതില്ല എന്ന് അറിഞ്ഞപ്പോള്‍ എനിക്കും തോന്നി.

**********************
എന്ത് കാര്യത്തിനും 'സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കണം' എന്നാണ് പണ്ട് നാലാം ക്ലാസ്സിലെ മലയാളം ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കമന്റ് ഏതു സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് പറഞ്ഞു എന്ന് കൃത്യമായി അറിയില്ല. ചില ഊഹാപോഹങ്ങള്‍ നടത്താമെന്ന് മാത്രം.

*************************
കുറേ കാലം കൂടി എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. (എന്റെ കനിഷ്ഠ സഹോദരി എന്നുപറയാം) ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. കാര്യമിതാണ്‌ - ആള്‍ ഒരു എല്‍.ഐ.സി ഏജന്‍സി എടുത്തു. ഞാന്‍ ഒരു പോളിസി എടുക്കണം. (സഹായിക്കണം) അവര്‍ എന്തുകൊണ്ടോ വളരെ പ്രതീക്ഷയില്‍ ആണ് വന്നത്. അത് എല്ലാ എല്‍.ഐ.സി-ക്കാരക്കും അനാവശ്യതത്തിലധികം ഉള്ളതാണല്ലോ? എനിക്ക് പോളിസി എടുക്കാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നു. കാരണം നിലവില്‍ ഒന്നിലധികം പോളിസികള്‍ എന്റെ പേരിലും, ഭാര്യയുടെ പേരിലും, മോന്റെ പേരിലും ഉണ്ട്. ആവശ്യത്തിലധികം സാമ്പത്തീകബാധ്യത ഇതിനാല്‍ ഇപ്പോള്‍ തന്നെയുണ്ട്‌. അതുകൊണ്ട് അടുത്തെങ്ങും ഒരു പോളിസിയും എടുക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. (പുതുവത്സര പ്രതിജ്ഞ!!) ഏജന്റ് -മാരുടെ പ്രലോഭനതിലോ, ഭീഷണിയിലോ, കെഞ്ചി-അപേക്ഷിക്കലിലോ, ബോധവല്‍ക്കരണത്തിലോ വീഴാതെ കാത്തുകൊള്ളനെ,,, എന്ന് ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോള്‍ ഇഞ്ചി കടിച്ചപോലെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പോളിസിയുടെ ഗുണഗണങ്ങളോ നേട്ടമോ വിവരിക്കാന്‍ നില്‍ക്കാതെ ബന്ധുബലത്തില്‍ ഒരു പോളിസി എടുപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഞാന്‍ തീര്‍ത്തും 'സാധ്യമല്ല' എന്ന് തന്നെ പറഞ്ഞു. എനിക്കും ഭാര്യക്കും ജോലി ഉണ്ട്, പിന്നെന്തുകൊണ്ട് പോളിസി എടുത്തുകൂടാ എന്നായി അവര്‍. ഒരു ചെറിയ സഹായം - അത്ര മാത്രം. എനിക്ക് മുഖത്തെ ചിരി ഒഴിവാക്കി, കണിശമായി പറയേണ്ടി വന്നു. (പറ്റില്ല!!!) അങ്ങിനെ പുഞ്ചിരിക്കുന്ന മുഖവും കനത്ത ഹൃദയവുമായി ആ ബന്ധു (അഥവാ എല്‍.ഐ.സി) ഞങ്ങളുടെ വീടിന്റെ പടിയിറങ്ങി.

ഇതില്‍ നിന്നും ഞാന്‍ രണ്ടു പാഠം പഠിച്ചു: 1) ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് ഏജന്‍സി തുടങ്ങിയാല്‍ ബന്ധം അവസാനിക്കാന്‍ സാധ്യതയുണ്ട്. 2) ഇന്‍ഷുറന്‍സ് ഏജെന്റ്റ്‌മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ - സ്വന്തമായി ഒരു IRDA ലൈസെന്‍സ് എഴുതി എടുക്കുക.

Thursday, May 14, 2009

ഗുരു നിത്യചൈതന്യയതി - ഒരു സ്മരണാഞ്ജലി.

ഞാന്‍ പുസ്തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്നേഹി. കത്തുകളിലൂടെ ഞങ്ങള്‍ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്മിതം എന്റെ കണ്മുന്‍പില്‍ ഇപ്പോഴും ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സമാധിദിനം (മെയ്‌ 14 ) ആണ്.

ഞാന്‍ പരിചയപെട്ട ഗുരു പുസ്തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വര്‍ഷം മുന്‍പ് 'മലയാള മനോരമ' ദിനപത്രത്തില്‍ 'പടിപ്പുര' സപ്ലിമെന്റില്‍ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതില്‍ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണം ചെയ്തിരുന്നത് കണ്ട് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൌഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകള്‍. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുകള്‍ക്ക് എത്രമാത്രം എഴുത്തുകള്‍ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ [പടിപ്പുരയില്‍] തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്നേഹവലയത്തിനു മുന്‍പില്‍, അങ്ങയുടെ പാദാരബിന്ദങ്ങളില്‍ ഞാന്‍ മനസ്സാ നമസ്കരിക്കുന്നു.

എനിക്ക് യേശുവിനെ, ഫ്രാന്‍സിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.

ഗുരു നിത്യ 1999-ഇല്‍ എഴുതിയ ഒരു കത്തില്‍ നിന്നും:

പ്രീയപ്പെട്ട ജോസി വര്‍ക്കി അറിയുന്നതിന്,

'സ്നേഹസംവാദം' വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക. [ഒരു പക്ഷി ചുണ്ടില്‍ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു] അതിനറിഞ്ഞുകൂട എന്തിനാണ് വായില്‍ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോള്‍ അത് താഴെ ഇടും. അപ്പോള്‍ ധ്യനതിലായി എന്നര്‍ത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയില്‍ എന്റെ പുസ്തകങ്ങള്‍ വരാതിരിക്കുകയില്ല. ഇപ്പോള്‍ എല്ലാ മാസവും ഒരു പുസ്തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്‌. ഒരു ചെറിയ പുസ്തകം അയക്കുന്നു. സ്നേഹത്തോടെ,

ഗുരു നിത്യ.

ഇവിടെ ഗുരു സ്നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോള്‍ നമുക്ക് ആ സ്നേഹം ശരിക്കും അനുഭവിക്കാന്‍ കഴിയും. ഒരു പ്രണയിനിയുടെ സ്നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയതാണ് മുകളില്‍ കൊടുത്തത്. ഞാന്‍ അന്നൊക്കെ പോസ്റ്റ്‌മാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കുറിച്ചിടും. ചിലപ്പോള്‍ ആ പുസ്തകത്തിനെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നതു. ഞാന്‍ ഒരു കാര്‍ഡ് ഇട്ടാല്‍ നാലാം ദിവസം 'ഫേണ്‍ഹില്ലില്‍' നിന്നും മറുപടി വന്നിരിക്കും,, തീര്‍ച്ച. (എനിക്ക് ഇന്നേവരെ ഇത്ര ആത്മാര്‍ഥത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.)

പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായമങ്ങള്‍ ആയി ചുരുങ്ങുകയും ചെറുപ്പത്തില്‍ അമ്മച്ചി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തില്‍ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാന്‍ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

P.S : അടുത്തിടെ പള്ളിയില്‍ കുര്‍ബാനക്കിടെ കേട്ട ഒരുമനോഹര ഗാനത്തിന്‍റെ ഈരടികള്‍ ഞാനിവിടെ ചേര്‍ക്കട്ടെ: "ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്നേഹിക്കാന്‍ എന്ത് വേണം???. . . . ."

Monday, May 04, 2009

ആഗോള സാമ്പത്തീക മാന്ദ്യത്തെ എങ്ങിനെ നേരിടാം.

ആഗോള സാമ്പത്തീക മാന്ദ്യം തുടങ്ങിയിട്ട് ഏതാണ്ട് ആറു മാസത്തോളം ആയി. കേരളത്തില്‍ റിയല്‍എസ്റ്റേറ്റ്‌ മാഫിയയെയും ഐ.ടി/ബി.പി.ഓ + ഇന്‍ഷുറന്‍സ് കമ്പനികളെയും ഒഴികെ ആരെയും ഇത് കാര്യമായി ബാധിച്ചിട്ടില്ല. (ഒരു കരിക്കിന് ഇപ്പോഴും 15 രൂപ തന്നെ! ആശാരിക്കു ദിവസക്കൂലി 350 രൂപയും!!)


വ്യക്തിഗതവായ്‌പ, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവക്കുള്ള അനാവശ്യ ഫോണ്‍കാളുകളുടെ ശല്യം വളരെ കുറഞ്ഞിട്ടുണ്ട്. (പണ്ട് ഇവര്‍ വലിയ തലവേദന ആയിരുന്നല്ലോ.) പിന്നെ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാരുടെ പത്തി അല്പം താഴ്ന്നിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ ഈ മാന്ദ്യം ഈ വര്‍ഷാവസാനത്തോടെ നീങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗള്‍ഫിലെ വന്‍കിട നിര്‍മ്മാണകമ്പനികള്‍ തങ്ങളുടെ പുതിയ പദ്ധതികള്‍ നിറുത്തിവച്ചു (Wait & Watch Policy) എന്താണ് സംഭവിക്കുക എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. (പ്രത്യേകിച്ച് ദുബായ് -യില്‍).

ആഗോള മാന്ദ്യത്തെ അതിജീവിക്കാന്‍ ഇതാ ചില ചെറിയ പൊടിക്കൈകള്‍ (ഏതു സാമ്പത്തീക ഞെരുക്കത്തെയും അതിജീവിക്കാന് ‍ഇവ ഉപകരിക്കും):

ഫാമിലി ടൂറുകള്‍ കഴിവതും ഒഴിവാക്കുക. അടുത്തുള്ള പള്ളിയിലോ അമ്പലത്തിലോ നടന്നു പോകുക. അത് തന്നെ നല്ലൊരു തീര്‍ത്ഥാടനം ആകും.

എടുത്തുചാടി ജോലി രാജി വയ്ക്കാതിരിക്കുക. ഇപ്പോള്‍ ഉള്ള ജോലിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കുക. ഒരു കാരണ വശാലും ഉള്ള ജോലി ഉപേക്ഷിച്ചു പുതിയത് തേടരുത്‌.

പുതിയ ബിസിനെസ്സ്‌ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള 'ത്വര' കുറച്ചു നാളത്തേക്ക് കൂടി നീട്ടി വയ്ക്കുക. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക്.

പുറത്തു ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. ഓഫീസില്‍ പോകുമ്പൊള്‍ ഒരു ചെറിയ 'ടിഫിന്‍ ബോക്സ്‌' -ഇല്‍ ഭക്ഷണം കരുതുക. പോക്കെറ്റിനും ശരീരത്തിനും അതാണ്‌ നല്ലത്. നാണം കരുതുന്നവര്ക്ക്‍ 'ഡോക്ടര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടുണ്ട്' എന്ന കാരണം പറയാം.

വീട്ടിലേക്കു പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നതില്‍ 'വിലനിലവാരശ്രദ്ധ' (Price Awareness) അത്യാവശ്യമാണ്. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ കിട്ടുന്ന കടകള്‍/സ്ഥലങ്ങള്‍ കണ്ടെത്തുക. ഉദാ: അരിക്ക് പൊതുവിപണിയില്‍ 23-24 രൂപയും, മാവേലി സ്റ്റോറില്‍ 14 രൂപയും റേഷന്‍ കടയില്‍ 8-9 രൂപയും ആണ് വില. എല്ലാ അരിയും ഒരേ ഗുണവും രുചിയും ഉള്ളത് തന്നെ. വലിയ വ്യത്യാസം ഇല്ല. (മന്ദ്യകാലത്ത് അല്പം രുചി കുറഞ്ഞ ചോറ് ഉണ്ടാലും കുഴപ്പമില്ല.)

നാടന്‍ പഴങ്ങള്‍ ശീലിക്കുക. ഉദാ: വാഴപ്പഴം, ചക്കപഴം, മാങ്ങാ, പപ്പായ, പേരക്ക, ....തുടങ്ങിയവ. ആപ്പിള്‍,മാതുളം, മുന്തിരി മുതലായവയ്ക്ക് പൊള്ളുന്ന വിലയല്ലേ.

അനാവശ്യ ഫോണ്‍വിളികള്‍ ഒഴിവാക്കുക. പ്രത്യേകിച്ചും ISD (രാജ്യാന്തര) കോളുകള്‍. വിളിക്കുമ്പോള്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം സംസാരിക്കുക. വിളിക്കുന്നതിനു മുന്‍പ് സംസാരിക്കേണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കുന്നത് ഫോണ്‍വിളിയുടെ സമയദൈര്‍ഘ്യം കുറക്കാന്‍ സഹായിക്കും.

വാണിജ്യ എസ്.എം.എസ് (റിയാലിടി ഷോ വോട്ടിംഗ്), കോളര്‍ടോണ്‍ തുടങ്ങിയവ ഒഴിവാക്കുക. അന്യായമായ ചാര്‍ജാണ്‌ ഇവയ്ക്കു മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. അവരുടെ മുഖ്യവരുമാനം ഇതിലൂടെ ആണ്.

മൊബൈല്‍ കമ്പനികള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌, ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവയുടെ ആകര്‍ഷണ വലയത്തില്‍ കുരുങ്ങാതിരിക്കുക. ഇവര്‍ പല സ്കീമുകളും വാഗ്ദാനം ചെയ്യും. എല്ലാം നമ്മുടെ കാശു കളയാനുള്ള വഴികള്‍ ആയിരിക്കും. സൂക്ഷിക്കുക.വ്യക്തിഗത വായ്പകളും, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബാലന്‍സും കൃത്യമായി അടച്ചു പോകുക. മുടക്ക് വരുത്തിയാല്‍ പിഴയും, പലിശയും, പിഴ പലിശയും ഒക്കെ ആയി നമ്മെ ഞെക്കി കൊല്ലും. നമ്മള്‍ മുടക്ക് വരുത്തുന്നതാണ് ഈ കമ്പനികള്‍ക്ക് താല്പര്യം. (പിഴയും പലിശയും ആണ് അവരുടെ മുഖ്യവരുമാനം.)

വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തുക. മന്ദ്യകാലത്ത് അവിടം കൊണ്ട് ഒതുക്കുക. ഉദാ: ഞാന്‍ എന്റെ വീടിനടുത്തുള്ള 'ഹില്‍ പാലസ്', 'കുമരകം', 'മുറിഞ്ഞപുഴ', 'വേമ്പനാട്ടു കായല്‍', 'ചോറ്റാനിക്കര അമ്പലം' ഇത്യാദി സ്ഥലങ്ങള്‍ കാണുന്നത് ഇങ്ങനെയുള്ള മാന്ദ്യകാലങ്ങളില്‍ ആണ്. ഒറ്റദിവസ-ട്രിപ്പുകള്‍ സംഘടിപ്പിച്ച് ഹോട്ടല്‍ താമസവും അനുബന്ധചിലവുകളും കുറയ്ക്കുക. ഭക്ഷണം കയ്യില്‍ കരുതാം.

പുതിയ ലോണുകള്‍ കഴിവതും ഒഴിവാക്കുക. ഒരിക്കലും ലോണെടുത്ത് സാമ്പത്തീക ഞെരുക്കം തരണം ചെയ്യാമെന്ന് വ്യമോഹിക്കരുത്. ചെലവു ചുരുക്കല്‍ മാത്രമാണ് അതിനുള്ള പോംവഴി. മറ്റു കുറുക്കുവഴികള്‍ നിങ്ങളെ അബദ്ധങ്ങളില്‍ കൊണ്ടുചെന്ന് ചാടിക്കും.

വലിയ വലിയ ഷോപ്പിംഗ്‌ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, വസ്ത്രശാലകള്‍, സ്വര്‍ണാഭരണകടകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പ്രലോഭനങ്ങലാണ് (Temptations) ഭൂരിഭാഗം വാങ്ങലുകളും (Purchase) നടത്തുന്നത്. ആവശ്യങ്ങള്‍ അല്ല. അത് ഈ മാന്ദ്യകാലത്തെങ്കിലും സംഭവിക്കാതിരിക്കട്ടെ.

ആരോഗ്യം സംരക്ഷിക്കുക. രോഗം വന്നു ആശുപത്രികളുടെ കത്തിവയ്ക്കലിനു ഇടനല്‍കുന്നതിലും ഭേദം രോഗം വരാതെ നോക്കുന്നതാണ്.

ഭക്ഷണം കുറയ്ക്കുക. 25 ശതമാനം ഭക്ഷണം എങ്കിലും നമുക്ക് കുറക്കാന്‍ സാധിക്കും. പ്രത്യേക പോഷകഗുണം ഒന്നും ഇല്ലാത്ത ബേക്കറി വസ്തുക്കള്‍, ചോക്ക്‌ലറ്റ്സ്, ഐസ്‌ക്രീം, കോളകള്‍, മിടായികള്‍, etc. തുടങ്ങി എത്രതരം (അനാവശ്യ)ഭക്ഷ്യവസ്തുക്കള്‍ ആണ് മനുഷ്യര്‍ നിത്യേന കഴിക്കുന്നത്‌?

വീട്ടിലെ ചെറുജോലികള്‍ സ്വയം ചെയ്യുക. പച്ചക്കറികള്‍ വീടുകളില്‍ വളര്‍ത്തുന്നത് നല്ല വ്യായാമവും വിനോദവും നല്‍കും. ഒരു ബള്‍ബ് മാറ്റിയിടാന്‍ ഇലെക്ട്രീഷ്യന്‍ വരേണ്ട ആവശ്യം ഇല്ലല്ലോ.

അനാവശ്യ പാര്‍ട്ടികള്‍/സദ്യകള്‍ ഒഴിവാക്കുക. മാമോദീസ(Baptism), മനസമ്മതം(Engagement), ആദ്യകുര്‍ബാന(Holy Communion), പേരിടല്‍(Naming Cerimony), ചോറൂണ്, ജന്മദിനാഘോഷം, ഷഷ്ടിപൂര്‍ത്തി(70'th birthday), പെരുന്നാള്‍ ഇത്യാദി ആഘോഷങ്ങള്‍ മിതമായി ഘോഷിക്കൂ. (ആവശ്യമെന്ന് തോന്നുന്നെങ്കില്‍ മാത്രം).

വീട്ടില്‍ വരുന്ന വില്‍പനക്കാര്‍ (Direct Marketing), പിരിവുകാര്‍ തുടങ്ങിയവരോട് സൌമനസ്യത്തോടെ 'ഇല്ല' എന്ന് പറയുവാന്‍ പഠിക്കുക.

മൊബൈല്‍ ഫോണ്‍, പഴയ ടി.വി. തുടങ്ങിയവ മാറ്റി പുതിയ മോഡല്‍ വാങ്ങുന്നത് (Exchange) തല്കാലത്തേക്ക് മാറ്റിവയ്ക്കുക. പിന്നീടാകാമല്ലോ, ഈ മാന്ദ്യം ഒന്ന് മാറിക്കോട്ടെ.

P.S: മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആഗോള സാമ്പത്തീക മാന്ദ്യം അല്പമെങ്കിലും അനുഭവപ്പെട്ടു തുടങ്ങിയവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. (വായനക്കാരുടെ ന്യൂതന ആശയങ്ങള്‍ സ്വാഗതം ചെയ്യുന്നു.)

Friday, April 24, 2009

സ്നേഹം അഭിനയിക്കേണ്ടി വരുമ്പോള് . . .

‍സ്നേഹം വ്യാജമായി അഭിനയിക്കേണ്ടി വരുമ്പോള്‍ നാമെന്തു ചെയ്യണം. വ്യാജമായ സ്നേഹം നമുക്കിപ്പോള്‍ ആവശ്യമായി വരുന്നു. എപ്പോഴും? പൊയ്മുഖങ്ങളും വിഡ്ഢി ചിരികളും നമുക്കിന്നോഴിവാക്കാനവുന്നില്ല. [എനിക്ക്] അത് ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യവസ്തുവായി മാറുന്നു എന്നതാണ് സത്യം.കപട സ്നേഹം കാണിക്കുന്നത് തെറ്റല്ല. കാരണം അത് ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്‌ പലപ്പോഴും ആവശ്യമായി വരുന്നു.

ചില ഉദാഹരണങ്ങള്‍ ഇതാ:

Front Office Executive/Receptionist ആയി ജോലി നോക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മുന്‍പില്‍ ആര് വന്നാലും പുഞ്ചിരി തൂകി സ്നേഹം കാണിക്കണം. അതുപോലെ Call Centre/BPO കളില്‍ ജോലി നോക്കുന്നവരും എത്ര ചൂടായി ദേഷ്യപ്പെട്ടു സംസാരിക്കുന്നവരുടെ അടുത്തും മൃദുവായി സ്നേഹത്തോടെ മറുപടി പറയാന്‍ നിര്‍ബന്ധിതരാണ്‌. അല്ലെങ്കില്‍ ജോലി പോകും.കുടുംബ ജീവിതത്തിലും ഇത് കാണാം. ഊണ് മേശയില്‍ ഇരിക്കുന്ന ഭര്‍ത്താവിനോട് ഭാര്യ വന്നു സ്നേഹത്തോടെ എങ്ങനെയുണ്ട് ഇന്നത്തെ സാമ്പാര്‍ എന്ന് ചോദിച്ചാല്‍, സത്യസന്ധമായി അഭിപ്രായം പറയുവാനാകുമോ? ദാമ്പത്യ ജീവിതത്തില്‍ ഇത് പോലെ എത്ര പ്രാവശ്യം അഭിനയിക്കേണ്ടി വരുന്നു. [സത്യസന്ധമായി ചിന്തിച്ചാല്‍] അഭിനയിക്കാന്‍ കഴിയാത്തവര്‍ വിവാഹ മോചനം നേടുന്നു.

രാഷ്ട്രീയത്തില്‍ എന്താണ് കാണുന്നത്. ന്യൂനപക്ഷസ്നേഹം, കര്‍ഷകസ്നേഹം, പാവപ്പെട്ടവരോട് [രണ്ടു രൂപയ്ക്ക് അരി] സ്നേഹം . . . എല്ലാം ഒരു വോട്ടിനു വേണ്ടിയുള്ള കളികളല്ലേ. അല്ലാതെ സാമൂഹ്യനീതിയും നന്മയും നടപ്പിലാക്കാന്‍ ആരെങ്കിലും തല്പര്യപ്പെടുന്നുണ്ടോ? അധികാരം കരസ്ഥമാക്കാന്‍ കപട സ്നേഹം അഭിനയിക്കുന്നവര്‍.

മറ്റൊന്നുണ്ട് - രാജ്യസ്നേഹം. രാജ്യത്തെ കാത്തു സൂക്ഷിക്കാന്‍ ലക്ഷകണക്കിന് കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നവര്‍. അതിലൂടെ ലഭിക്കുന്ന കമ്മീഷന്‍ ആണ് മുഖ്യം. ഇതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഈ ആയുധഇടപാടുകള്‍ നടക്കും. കാരണം 'രാജ്യസുരക്ഷ' അത്ര പ്രാധാന്യം ആണല്ലോ?? ആര്‍ക്കും ചോദ്യം ചെയ്യാനും ആകില്ല, കാരണം അതു രാജ്യദ്രോഹം ആകും.

മതങ്ങളും ആത്മീയ നേതാക്കളും ഈ കപട സ്നേഹത്തിന്റെ വക്താക്കളാണ്. വ്യജസ്നേഹം അഭിനയിച്ചു അധികാരവും സമ്പത്തും ആര്‍ജ്ജിക്കുന്നവര്‍, ആത്മാക്കളെ വിറ്റ് ഉപജീവനം നടത്തുന്നു. തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മതനേതാക്കള്‍ അതിനു വേണ്ടി എന്ത് കുത്സിത മാര്‍ഗ്ഗവും സ്വീകരിക്കുന്ന ചിത്രമാണ് നമുക്കിന്നു കാണുവാന്‍ സാധിക്കുന്നത്.

കേരളത്തില്‍ അടുത്തിടെ ചില ആത്മഹത്യാ പരമ്പരകള്‍ നടന്നു. എല്ലാം പ്ലസ്-ടൂ വിദ്യാര്‍ത്ഥിനികള്‍. ചില സുന്ദരന്മാര്‍ പ്രണയം നടിച്ചു അവരെ വശത്താക്കി, ചതിക്കുഴിയില്‍ പെടുത്തുകയായിരുന്നു. കപട സ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖം നാമവിടെ കണ്ടു. പണ്ട് കാലത്തെപോലെ ബലാത്സംഗങ്ങള്‍ ഇന്നില്ല. കാരണം ബലപ്രയോഗത്തില്‍ ഇന്നത്തെ യുവാക്കള്‍ക്ക് താല്പര്യമില്ല. പകരം, അവര്‍ സ്നേഹം നടിക്കുന്നു. ആ വലയില്‍ പെണ്‍കുട്ടികള്‍ വീഴുന്നു. ആണുങ്ങള്‍ കാര്യം കാണുന്നു. പെണ്‍കുട്ടികള്‍ ആത്മഹത്യയും ചെയ്യുന്നു!!! കഷ്ടം!!!

മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് സ്നേഹം കൊണ്ടാണോ? അല്ല, അവരുടെ ചില സ്വാര്‍ത്ഥ മോഹങ്ങള്‍ മക്കളിലൂടെ സഫലീകരിക്കാന്‍ അല്ലെ? അതിനു വേണ്ടി നാം നമ്മുടെ മക്കളില്‍ 'ഇന്‍വെസ്റ്റ്' ചെയ്യുന്നു. അവരുടെ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ നടത്തുന്നു. പണം എറിഞ്ഞു പണം വാരുന്നു.ഇന്നത്തെ തലമുറ സുഹൃത്തുകളെ കണ്ടെത്തുന്നത് എങ്ങിനെയാണ്. എന്താണ് എനിക്ക് ഗുണം ചെയ്യുന്നത്, ഇവനെ കൊണ്ട് എനിക്കെന്തു നേട്ടം ഉണ്ടാവും ഇങ്ങിനെ ചിന്തിചിട്ടല്ലേ? അല്ലാതെ ആത്മാര്‍ത്ഥ സൗഹൃദം എവിടെയെങ്കിലും കാണുമോ? [വളരെ ചുരുക്കം] തന്കാര്യം നേടാനായി നാം ഇന്ന് പലരുമായി സൗഹൃദം/സ്നേഹം നടിക്കുന്നു എന്നതാണ് സത്യം.

മാതൃത്വത്തില്‍ നിര്‍വ്യാജ സ്നേഹം ഉണ്ടോ? എങ്കില്‍ എന്തുകൊണ്ട് കുട്ടികള്‍ ഒന്നില്‍ ഒതുങ്ങി പോയി? രണ്ടാമതൊന്നു കൂടി പ്രസവിക്കാനുള്ള ബുദ്ധിമുട്ട്‌, പിന്നെ രണ്ടു കുട്ടികള്‍ ആയാല്‍ ഇന്നുള്ള പല സൌകര്യങ്ങളും നമ്മുടെ ബഡ്ജെറ്റും വെട്ടി കുറക്കേണ്ടി വരും.അതുകൊണ്ട് നാം ലോക ജനസംഖ്യ സ്ഫോടനത്തെ കുറ്റപ്പെടുത്തുന്നു. ജനസംഖ്യ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നു.

സ്നേഹം എന്നത് ഒരു അഭിനയം മാത്രമാണ്. യേശു ക്രിസ്തു പറഞ്ഞു: ദൈവം സ്നേഹമാകുന്നു. എന്നാല്‍ സ്നേഹം എങ്ങിനെ നിര്‍വചിക്കാന്‍ കഴിയും? ഒരു സുഹൃത്ത്‌ ആയിരം രൂപ കടം ചോദിച്ചു വന്നാല്‍, പണം ഇല്ലാ എന്നാല്‍ എനിക്ക് നിന്നോട് അളക്കാനാവാത്ത സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലോ? ഗാന്ധിജി പറഞ്ഞു: സത്യമാണ് ദൈവം. സത്യം നമുക്ക് നിശ്ചയിക്കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് ആ നിര്‍വചനം കുറച്ചുകൂടി ആകര്‍ഷണീയം ആയി തോന്നി.

(ഞാനിവിടെ പറഞ്ഞത് 90% ശതമാനം സ്നേഹവും അഭിനയം ആണെന്നാണ്. ബാക്കി 10% ശതമാനം നിസ്വാര്‍ത്ഥ സ്നേഹം ഈ ഭൂമിയില്‍ ഉണ്ട്. അതു കണ്ടെത്തുക വളരെ പരിശ്രമാകരമാണ്)

Tuesday, April 07, 2009

മൊബൈല്‍ ഫോണിന്‍റെ 25 ദൂഷ്യ വശങ്ങള്‍!!

  1. ഏതു നേരവും ശല്യപ്പെടുത്തികൊണ്ടിരിക്കും. വ്യക്തി സ്വകാര്യത നഷ്ടപ്പെടുത്തും. ശ്രദ്ധ മാറിപോകും. പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്‌ ഇടയ്ക്കിടെ ഫോണ്‍ വന്നാല്‍, ഉണ്ടാക്കുന്നത് ആര്‍ക്കും വായില്‍ വയ്ക്കാനേ കൊള്ളില്ല.
  2. ഉറക്കത്തിലും ബോസ്സിന്റെ കാള്‍ വരും. ഉറക്കം നഷ്ടപ്പെടും, സമാധാനവും. ആരോഗ്യത്തിന് ഹാനീകാരം. ഷര്‍ട്ടിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഹൃദയത്തിനു ദോഷം, പാന്‍സിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഷണ്ടത്വം, ചെവിയില്‍ വച്ചാല്‍ തലച്ചോറിനു ദോഷം!!!
  3. നുണ പറയാന്‍ പ്രേരിപ്പിക്കും. (കൊച്ചിയിലിരുന്നു കോട്ടയത്താണെന്ന് പറയാം) കാമുകിയുടെ കാള്‍ വന്നാല്‍ ഭാര്യയുടെ അടുത്ത്‌ എങ്ങിനെ പറയും. എന്തെങ്കിലും നുണ പറയും. അല്ലേ?
  4. തുടര്‍ച്ചയായി സംസാരിച്ചാല്‍ ആരോഗ്യത്തെ ബാധിക്കും. തലച്ചോറിനെ ബാധിക്കും, ഓര്‍മ്മയെ ബാധിക്കും. മൊബൈല്‍ ടവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ 'റെഡിയേഷന്' മൂലം വരുത്തി വയ്ക്കുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
  5. മൊബൈല്‍ ക്യാമറയില്‍ ഒരു വ്യക്തി അറിയാതെ അയാളുടെ ഫോട്ടോ എടുക്കാം. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നു കയറ്റം നടത്തി വ്യക്തിഹത്യ നടത്തുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറ ചെറുതായതിനാല്‍ ഇത് കണ്ടു പിടിക്കാന്‍ എളുപ്പമല്ല. മൊബൈല്‍ ഫോണ്‍ ആയതുകൊണ്ട് ആളുകള്‍ തെറ്റിദ്ധരിക്കുകയുമില്ല.
  6. സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു. പീഡനങ്ങളും ആത്മഹത്യകളും ഒരു മൊബൈല്‍ ഫോണില്‍ നിന്നാണ് തുടങ്ങുന്നത്.
  7. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ എസ്.എം.എസ് ചെയ്തു കളിക്കുന്നു. പഠനത്തില്‍ ഉഴപ്പുന്നു. എസ്.എം.എസ് മാനിയയ്ക്ക് അടിമപ്പെടുന്നു.
  8. കുട്ടികള്‍ തങ്ങളുടെ ടീച്ചര്‍മാരുടെ ഗോപ്യമായ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകത്തി പ്രചരിപ്പിക്കുന്നു. അങ്ങിനെ ഗുരുനിന്ദ ചെയ്യുന്നു.
  9. മൊബൈല്‍ ഫോണ്‍ വഴി അനാവശ്യ ബന്ധങ്ങള്‍ ഉണ്ടാവുന്നു. വിവാഹേതരബന്ധങ്ങള്‍ കൂടുന്നു. മൊബൈല്‍ ഫോണ്‍ ഒട്ടനവധി വിവാഹമോചനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
  10. ലൈംഗീക പീഡന കേസുകളിലെ ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ്.രഹസ്യ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ മൊബൈല്‍ ഒരു വലിയ സഹായി ആണ്.
  11. റിയാലിറ്റി ഷോകള്‍ എസ്.എം.എസ് വോട്ടിന്ഗ് വഴി പ്രേക്ഷകരെ പറ്റിച്ചു കോടികള്‍ കൊയ്യുന്നു. (ഒരു എസ്.എം.എസ് = 4 രൂപ x 60 ലക്ഷം എസ്.എം.എസ് = ??)
  12. എസ്.എം.എസ് -ഇനു അടിമയായി പഠനം കുളം തോണ്ടിയ പതിനായിരകണക്കിന് വിദ്യാര്‍ഥികള്‍ ഉണ്ട്. ദിവസവും എത്ട്രയോ മണിക്കൂര്‍ ആണ് ഇവര്‍ എസ്.എം.എസ് ടൈപ്പ് ചെയ്യാനും അയക്കാനും വേണ്ടി ചിലവാക്കുന്നത്?
  13. മൊബൈല്‍ ഫോണിലൂടെ വിളിച്ചു സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരുടെ എണ്ണം ദിനംപ്രതി കൂടി കൂടി വരുന്നു. ചില സ്ത്രീകള്‍ ഇവരുടെ പ്രണയാഭിനയത്തില്‍ വീണു പോകുകയും ചൂഷണം ചെയ്യപെടുകയും ചെയ്യുന്നു.
  14. ബ്ലൂടൂതിലൂടെ ധാരാളം അശ്ലീല വീഡിയോകള്‍ യുവാകള്‍ക്കിടയില്‍ വളരെ ഈസി ആയി പ്രചരിക്കുന്നു. (യാതൊരു പണം മുടക്കും ഇതിനാവശ്യമില്ല എന്നതാണ് കാരണം)
  15. മൊബൈല്‍ ക്യാമറ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം/വീഡിയോ എടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് 'ബ്ലാക്ക്‌ മെയില്‍' ചെയ്യലും ലൈംഗീക ചൂഷണവും സാധാരണം ആയിരിക്കുന്നു. ഒന്നോ രണ്ടോ കേസുകള്‍ മാത്രം പുറത്തു വരുന്നു.
  16. നിരവധി സ്കൂളുകളില്‍ വിലയേറിയ മൊബൈല്‍ ഫോണുകള്‍ കളവു പോകുന്നത് നിത്യസംഭവം ആയിരിക്കുന്നു. യാത്രക്കിടയിലും, ഓഫീസിലും, സ്കൂളിലും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് വലിയ തത്രപ്പാടായിരിക്കുന്നു.
  17. യോഗങ്ങളിലും ആരാധനാലയങ്ങളിലും മരണവീട്ടിലും എന്തിനു കിടപ്പറയില്‍ പോലും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നതും 'അറ്റന്‍ഡ്' ചെയ്യുന്നതും അരോചകമാണ്. മൊബൈല്‍ ഫോണ്‍ അടിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ഥലകാലബോധം നഷ്ടമാകുന്നു. എല്ലാ കാളും അറ്റന്‍ഡ് ചെയ്യേണ്ടവയല്ല എന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല.
  18. എപ്പോഴൊക്കെ ആണ് മൊബൈല്‍ ഫോണ്‍ 'ഓഫ്' ചെയ്തിടെണ്ടതെന്നും 'സൈലന്റ്' ആക്കി വയ്ക്കേണ്ടാതെന്നും ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. മൊബൈല്‍ ഫോണിനു അടിമയായി ആണ് ഇവര്‍ ജീവിക്കുന്നത്.
  19. ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനുള്ള നിബന്ദനകള്‍ ഇന്ത്യയില്‍ താരതമ്യേന ലഘുവാണ്. അതിന്റെ ഗുണം എടുക്കുന്നത് ക്രിമിനല്സും തീവ്രവാദികളും കള്ളകടത്ത്കാരും ആണ്. ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ഈ ഉദാര സമീപനം തടസ്സമാണ്.
  20. മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ മുഴുകുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പങ്കാളിയെ അവഗണിക്കുന്നതായി തോന്നപെടുകയും വൈവാഹിക ജീവിതത്തില്‍ കല്ലുകടി ഉണ്ടാവുകയും ചെയ്യുന്നു.
  21. ഒരു ദിവസത്തില്‍ 15 കാളുകളില്‍ കൂടുതലും 15 എസ്.എം.എസ്സില്‍ കൂടുതലും ചെയ്യുന്ന കൌമാരക്കാരില്‍ ഉറക്കം കുറവായി കാണപ്പെടുന്നു. പുറമേ മറ്റു മാനസീക അസ്വാസ്ഥ്യങ്ങളും കാണുന്നു.
  22. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധമാറി പോകുന്നു. അതുമൂലം ട്രെയിന്‍ തട്ടി മരിച്ചവരും, വാഹനാപകടത്തില്‍ പെട്ടവരും, കുഴിയില്‍ വീണു മരിച്ചവരും നിരവധിയാണ്.
  23. പുതിയ മോഡല്‍ ഫോണിനോട് ആവേശമുള്ള യുവാക്കള്‍ അത് വാങ്ങാന്‍ അടിക്കടി ഫോണ്‍ മാറ്റുന്നു. അതിനുവേണ്ടി വലിയൊരു തുക പാഴാക്കുന്നു. അല്ലെങ്കില്‍ മോഷ്ടിക്കുന്നു. (സ്കൂള്‍ കുട്ടികള്‍). ഇതു പുതിയ മോഡല്‍ കിട്ടിയാലും രണ്ടു മാസത്തിനപ്പുറം തൃപ്തരല്ല ഇക്കൂട്ടര്‍.
  24. പ്രണയിക്കുന്നവര്‍ മൊബൈല്‍ ഫോണിലൂടെ 24 മണിക്കൂറും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ ഫോണ്‍ കാള്‍ വന്നില്ലെങ്കില്‍ ഇവര്‍ മാനസീക വിഭ്രാന്തി കാണിക്കുന്നു. ഇതൊരു തരം രോഗമാണ്.
  25. കുടുംബ ബന്ധങ്ങളിലെ ആശയ വിനിമയവും ഊഷ്മളതയും കുറയുന്നു. എല്ലാ അംഗങ്ങളും അവരുടെ സ്വന്തം മൊബൈലില്‍ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നത് ബന്ധങ്ങള്‍ ശിഥിലമാക്കും.

ഞാന്‍ ഒരു മൊബൈല്‍ വിരോധി അല്ല, ഞാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം. ഇതെഴുതുവാന്‍ കാരണം മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രം ആണ്. (ഉപയോഗം നിങ്ങള്‍ക്കറിയാമല്ലോ) ദുരുപയോഗം ഇല്ലായ്മ ചെയ്യേണം, അത് നമ്മുടെ കുഞ്ഞുങ്ങളുടെ നല്ലഭാവിയെ കരുതിയാണ്.

പല മാതാപിതാക്കളും ഇതിന്റെ ദോഷവശങ്ങള്‍ അറിയാതെ വില കൂടിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നു. ചില കുട്ടികള്‍ സ്വന്തം മാതാപിതാക്കള്‍ അറിയാതെ മൊബൈല്‍ ഉപയോഗിക്കുന്നു. കൂട്ടുകാര്‍ വാങ്ങി കൊടുത്തതാണെന്ന വ്യാജേന. (ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം).

സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ട് കാണിക്കുന്ന വിക്രിയകള്‍ കണ്ടു പിടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. വേണ്ട നടപടി എടുക്കാന്‍ അവര്‍ക്ക് അര്‍ജ്ജവശക്തി വേണം. മൊബൈല്‍ ഫോണ്‍ എപ്പോള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് ഒരു 'മാര്‍ഗരേഖ' ആവശ്യമാണെന്ന് തോന്നുന്നു. (ചില വാര്‍ത്തകള്‍ കാണുമ്പോള്‍). 'മൊബൈല്‍ അഡിക്ഷന്‍' ഒരു ചെറിയ രോഗമാണ്. (ഗുരുതരമാവാന്‍ സാധ്യതയുള്ള) മരുന്നില്ലാതെ തന്നെ അല്പം ശ്രദ്ധിച്ചാല്‍ ഇത് മാറ്റാം.

"മൊബൈല്‍ ഫോണ്‍ മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ്; മനുഷ്യനെ മൊബൈല്‍ ഫോണിനു വേണ്ടിയല്ല." (A Short Film - Click here)

Saturday, April 04, 2009

താലന്തുകള്‍ (Talents) പാഴാക്കാതെ നമുക്ക് മുന്നേറാം. (You can win)

ഞാന്‍ സ്ഥിരമായി ബാഗ് / ചെരുപ്പ് / കുട നന്നാക്കാന്‍ കൊടുക്കാറുള്ള ഒരു കടയുണ്ട്. തൃപ്പൂണിത്തുറയില്‍ ശിവന്‍ എന്നൊരാളുടെ കട - ജലന്ദര്‍ ലെതര്‍ വര്‍ക്സ്. കഴിഞ്ഞ ആഴ്ച ഒരു ബാഗിന്റെ സിബ്ബ് ശരിയാക്കാന്‍ അവിടെ പോയിരുന്നു. ശിവന്‍ പതിവുപോലെ തിരക്കിലാണ്. അതിനിടയില്‍ ഒരു കാലിനു ചെറിയ വൈകല്യം ഉള്ള ഒരാള്‍ വന്നു. അദ്ദേഹത്തിന് 'സ്പെഷ്യല്‍ ഷൂ' തയ്യാറാക്കാന്‍, ശിവനെ കണ്ട ഉടനെ അയാള്‍ പുഞ്ചിരിച്ചു, തിരിച്ചും. ശിവന്‍ ഉടനെ അയാളുടെ പുറകെ പോയി. കടയുടെ അകത്തു രണ്ടു പേര്‍ പണിയെടുക്കുന്നുണ്ട്. ബാഗും ചെരിപ്പും ഉണ്ടാക്കുന്നു. ശിവന്‍ വന്നയാളെ ഒരു കസേരയില്‍ ഇരുത്തി കാലിന്റെ അളവും മറ്റും എടുത്തു. പിന്നെ പണിക്കരോട് പറഞ്ഞു ഒരു 'സാമ്പിള്‍' ഷൂ എടുത്തു അയാളുടെ കാലില്‍ ഇട്ടു പാകം നോക്കി. പിന്നെയും അവര്‍ എന്തെക്കൊയോ സംസാരിച്ചു. വളരെ ഹൃദ്യമായ സൌഹൃദ സംഭാഷണം. രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു വന്നയാള്‍ മടങ്ങി. ഞാന്‍ ഈ സമയമൊക്കെയും ഇരുവരെയും നിരീക്ഷിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ ക്ഷമ നശിച്ചില്ല, കാരണം ശിവന്റെ പുഞ്ചിരിയായിരുന്നു. തിരികെ വന്നിരുന്നു എന്റെ ബാഗ് എടുത്തു, വാല്‍സല്യത്തോടെ അതിനെ നോക്കി. രണ്ടു മിനിറ്റ് കൊണ്ട് സിബ്ബ്‌ ശരിയാക്കി. ഒരു വശത്ത് കുറച്ചു തയ്യല്‍ വിട്ടിട്ടുണ്ടായിരുന്നു. അതും കൂടി ചെയ്തേക്കാം എന്ന് സ്വയം പറഞ്ഞു. ഞാന്‍ കൂലി കൊടുത്തു അവിടെ നിന്നും പോരുമ്പോള്‍ ശിവന്റെ ആ സൌഹൃദ പരമായ പെരുമാറ്റവും ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ഥതയും എന്നെ വളരെ ആകര്‍ഷിച്ചിരുന്നു.

ഞാനോര്‍ത്തു ഇന്നത്തെ തലമുറയ്ക്ക് നഷ്ടമാകുന്നതും ഇത് തന്നെയല്ലേ. ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു സംസ്കാരം വളര്‍ന്നു പന്തലിച്ചിരിക്കുന്നു. മാത്രവുമല്ല തങ്ങളുടെ കഴിവുകള്‍ (Skills) പരിപോഷിപ്പിക്കുന്നതില്‍ പുതിയ തലമുറയ്ക്ക് താല്പര്യം കുറഞ്ഞു വരുന്നു. എന്നോട്ടോ എനിക്ക് പറ്റിയ ജോലിയൊന്നും കിട്ടുന്നില്ല എന്ന പരിഭവവും. നമ്മുടെ കോളെജുകളില്‍ നിന്നും ഓരോ വര്‍ഷവും ബിരുദം സമ്പാദിച്ചു പുറത്തു വരുന്ന ആയിരകണക്കിന് യുവാക്കള്‍ക്ക് ഏതെങ്കിലും ഒരു ജോലിയില്‍ പ്രാവീണ്യം ഇല്ല എന്നുള്ളത് ഖേദകാരമാണ്. ഇതിനു യൂനിവേര്‍സിറ്റിയെയും സിലബസിനെയും മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടേണ്ടത് ഒരു വ്യക്തിയുടെ കടമയാണ്. പലതും സ്വയം ആര്‍ജിച്ചെടുക്കവുന്നതാണ്. ഉദാ: ബിസിനസ് കത്തിടപാടുകള്‍, ടെലിഫോണ്‍ സംഭാഷണ ശൈലികള്‍ etc.. ഓരോ വ്യക്തിയും സ്വയം വളരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം. എങ്കിലേ ഇതു മേഖലയില്‍ വ്യപരിച്ചാലും ഉയര്‍ച്ച ഉണ്ടാവൂ. സ്വന്തം കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങണം, എങ്കിലേ വിജയമുണ്ടാവൂ.

പലര്‍ക്കും ജോലി ഒരു കിട്ടികഴിഞ്ഞാല്‍ തന്റെ ജോലിയുടെ വ്യാപ്തി എത്ര കണ്ടു കുറയ്ക്കാം എന്നാണ് ആദ്യം നോക്കുന്നത്. എന്നാല്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കാതെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ ഉത്തര വടിത്വങ്ങള്‍ ലഭിക്ക്കുക. അതിലൂടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താനും അവര്‍ക്ക് കഴിയും. എവിടെയും പരിപൂര്‍ണതയാവണം നമ്മുടെ ലക്‌ഷ്യം. പിന്നെ ഒരു മേലുദ്യോഗസ്ഥനും നമ്മെ തള്ളി കളയാനാവില്ല. പിരിച്ചു വിടാനാവില്ല. പക്ഷെ ഇതിനു നിതാന്ത പരിശ്രമം ആവശ്യമുണ്ട്.ചെയ്യുന്ന തൊഴില്‍ എന്തായാലും [ചെരുപ്പുകുത്തി മുതല്‍ ജനറല്‍ മാനേജര്‍ വരെ] ചെറിയ ചെറിയ കാര്യങ്ങളാണ് ഒരുവന്റെ പ്രാഗല്‍ഭ്യം നിശ്ചയിക്കുന്നത്‌. സൌഹൃദപരമായ പെരുമാറ്റം, മറ്റുള്ളവരോടുള്ള ഒത്തൊരുമ, ജോലിയിലെ ആത്മാര്‍തത തുടങ്ങിയവ ആര്‍ക്കും സ്വയം വളര്‍ത്തിഎടുക്കാവുന്നതാണ്. ദൈവം നമുക്കോരോരുത്തര്‍ക്കും ധാരാളം തലന്തുകള്‍ (Talents) നല്‍കിയിട്ടുണ്ട്. അത് മണ്ണില്‍ കുഴിച്ചു വയ്ക്കാനല്ല. മറിച്ച് വളര്‍ത്തി വലുതാക്കി അവിടുത്തേക്ക്‌ പ്രതിഫലം നകാനാണ്.

അതിനു മൂന്നു കാര്യങ്ങള്‍ ആവശ്യമാണ്‌. 1) നമ്മുടെ തലന്തുകള്‍ [കഴിവുകള്‍] എന്തൊക്കെയാണെന്ന് കണ്ടുപിടിക്കണം .2) അത് വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണം. 3) നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി പ്രയോജനപ്പെടുത്തണം.

കഴിവുകള്‍ വികസിപ്പിക്കുക എന്നത് ശ്രമരമായ പ്രവൃത്തിയാണ്‌. ഒരു രാത്രി കൊണ്ട് ഒന്നും സാധിക്കുകയില്ല. നിരാശപ്പെടരുത്. വീണ്ടും വീണ്ടും പരിശ്രമിക്കണം. ചെറിയ ചെറിയ കാര്യങ്ങള്‍ പഠിക്കുക വഴി ദീര്‍ഘനാളത്തെ പരിശീലനത്താല്‍ നമുക്ക് വളരെയധികം മുന്നേറുവാന്‍ സാധിക്കും. ഇത് എത്ര കഴിവ് കുറഞ്ഞ [എന്ന് തോന്നുന്ന] വ്യക്തിക്കും സാധിക്കും. ഓരോ ദിവസവും ഉണരുമ്പോള്‍ 'ഇന്ന് ഞാന്‍ എന്തെങ്കിലും പുതിയ കാര്യം പഠിച്ചിരിക്കും' എന്ന് തീരുമാനിച്ചാല്‍, നമ്മുക്ക് മുന്‍പില്‍ അവസരങ്ങള്‍ അനവധിയാണ്. പക്ഷെ തീരുമാനം നിങ്ങളുടെതാണ്‌, നിങ്ങളുടെ മാത്രം.

മുകളില്‍ സൂചിപ്പിച്ച ചെരുപ്പുകുത്തിയുമായുള്ള അനുഭവം എന്നെ പഠിപ്പിച്ചതിതാണ്. ഏതൊരാള്‍ക്കും, ഇതൊരു സാഹചര്യത്തിലും, എന്ത് ജോലിയിലും പ്രശോഭിക്കാന്‍ കഴിയും. നമുക്കുള്ളിലെ ചെറിയ ചെറിയ കഴിവുകള്‍ നമ്മുടെ ചെറിയ ചെറിയ പെരുമാറ്റശീലങ്ങള്‍ മാറ്റുരച്ചെടുത്താല്‍ ജീവിതത്തിലും നമ്മുടെ തൊഴില്‍ മേഖലയിലും കൂടുതല്‍ ശോഭിക്കാന്‍ കഴിയും.

(മത്തായി 5: 48) ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു പരിപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്ണ്ണരാകുവിന് .”

Friday, March 27, 2009

യേശു നിങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കും. (ദുഃഖവെള്ളി ചിന്തകള്‍)

ലോകമൊട്ടുക്കുമുള്ള ക്രിസ്ത്യാനികള്‍ ദുഃഖവെള്ളി പരിപാവനമായി ആചരിക്കുന്നു। കേരളത്തിലെ പല പള്ളികളിലും ആചാരങ്ങളും പ്രാര്‍ത്ഥനകളും ഉണ്ട്। എനിക്കെന്തോ പണ്ട് മുതലേ ഇത് കാണുമ്പോള്‍ പു:ശ്ചമാണ്. നിത്യ ജീവിതത്തില്‍ വേദനകളും തോല്‍വികളും ഏറ്റുവാങ്ങാന്‍ കഴിയാത്തവര്‍ ഈ ദിവസം മുഖത്ത് ദുഃഖം വരുത്തി, പാവക്ക നീരും കഴിച്ചു, പീഡാനുഭവം അഭിനയിക്കുന്നു। അന്നേ ദിവസം കേരളത്തിലെ പള്ളികളില്‍ പോയാല്‍ ഇങ്ങനെ ദുഃഖശ്ചവി കടിച്ചമര്‍ത്തുന്ന നിരവധി പുണ്യാത്മാക്കളെ കാണുവാന്‍ സാധിക്കും.

യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക്‌ പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്‌. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)


സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക്‌ അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.


ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.


യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:


ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)


മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)


യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)


ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)


യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)


യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)


ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട്‌ തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)

Saturday, March 21, 2009

മദ്യപാനികള്‍ക്ക്‌ ഇരുപതു കല്പനകള്‍ (Twenty commandments)

  1. ‍കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
  2. കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
  3. കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
  4. അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
  5. ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
  6. സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
  7. തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
  8. പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
  9. കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
  10. കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
  11. മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
  12. മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
  13. മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
  14. മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
  15. ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
  16. തണുപ്പിച്ചു (Chill and use) കഴിക്കുന്നത്‌ ഉത്തമം
  17. മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
  18. മദ്യപിച്ചു കണക്കു (Complaint) പറയരുത്
  19. അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
  20. നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്

** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്

മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!

"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)

Tuesday, March 17, 2009

സ്വര്‍ഗ്ഗരാജ്യം നമ്മില്‍ തന്നെയുണ്ട്‌.

അറുപതു കഴിഞ്ഞ ആ വല്യമ്മച്ചിയോട് യാത്ര പറഞ്ഞി ഇറങ്ങുമ്പോല്‍ മനസ്സിന് ഒത്തിരി കുളിര്‍മ അനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ജീവിതം ആസ്വദിക്കാനുള്ള കഴിവ് നഷ്ടപെട്ടതിലുള്ള കുറ്റബോധം മനസ്സിലനുഭവപെട്ടു.

ജീവിതത്തെ നാമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും. ഈ വല്ല്യമച്ചിയുടെ സമീപനം നോക്കൂ. 25 വര്‍ഷങ്ങള്‍ മുടങ്ങാതെ 'ഇന്‍സുലിന്‍' കുത്തിവയ്ക്കുന്ന ഒരു പ്രമേഹ രോഗിയാണിവര്‍! അതും രാവിലെയും വൈകിട്ടും രണ്ടു നേരം. കഴിച്ചിരിക്കുന്ന മരുന്നുകള്‍ 'കിലോ' കണക്കിന് വരും. ആ കണക്കു കേട്ടാല്‍ മരുന്ന് കമ്പനിക്കാര്‍ വരെ അന്തംവിടും തീര്‍ച്ച. എങ്കിലും ആ മുഖത്ത് പ്രസന്നതയ്ക്ക് യാതൊരു കുറവുമില്ല. എങ്ങിനെ അമ്മച്ചി ഇതെല്ലാം സഹിക്കുന്നു? ചോദിക്കാതിരിക്കാന്‍ ആയില്ല.

'മോനെ, അങ്ങിനെ നോക്കിയാല്‍ നമുക്കീ ലോകത്ത് ജീവിക്കാന്‍ പറ്റത്തില്ല. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഓരോ ദിവസവും ഞാന്‍ എണ്ണി നോക്കും. ആ ലിസ്റ്റ് എത്ര വലുതനെന്നോ? മോന്‍ വിശ്വസിക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ രോഗമൊക്കെ എത്ര നിസ്സാരം മോനെ. ഇരുപതു ഇരുപത്തഞ്ചു വര്‍ഷം, മരുന്ന് കഴിച്ചെങ്കിലും തമ്പുരാന്‍ എനിക്ക് ജീവിക്കാന്‍ ആയുസ്സ് തന്നല്ലോ? അതിനു നന്ദി' :ഇത്രയും പറയുമ്പോള്‍ വല്യമ്മച്ചിയുടെ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നുണ്ടായിരുന്നു.

അവരുടെ മക്കളെല്ലാവരും അന്യദേശങ്ങളില്‍ ജോലി നോക്കുന്നു. കുടുംബത്തോടെ ജീവിക്കുന്നു. ഭര്‍ത്താവു മരിച്ചശേഷം ഒറ്റയ്ക്ക് കഴിയുന്ന വല്ല്യമ്മച്ചിക്കു കൂട്ടിനു ഒരു വേലക്കാരി മാത്രം. തൊട്ടടുത്ത വീട്ടില്‍ ഇതേ പ്രായത്തില്‍ ഒരു മുത്തശ്ശി മക്കളും ചെറുമക്കളും ഒക്കെ ആയി ജീവിക്കുണ്ട്. ഞാന്‍ ചോദിച്ചു. 'അമ്മച്ചിക്കും അവരെപ്പോലെ സുഖമായി കഴിയണം എന്നില്ലേ? എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ? മക്കളെ ആരെയെന്കിലും നിബന്ധിച്ചുകൂടെ?

'എന്തിനാ മോനെ, മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം നോക്കി നടക്കുന്നത്. അവര്‍ക്കും ഉണ്ടാവും പരിഭവങ്ങളും പരാതികളും. നമ്മള്‍ കാണുന്നത് അവരുടെ ജീവിതത്തിന്റെ പുറംമോടി മാത്രമാ.. അതെപ്പോഴും സന്തോഷം മാത്രമായിരിക്കും. എന്റെ മക്കളൊക്കെ ജോലിയായി സ്വന്തം ചിറകില്‍ പറന്നു പോയി. അവര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ സന്തോഷമായി ജീവിക്കുന്നതില്‍പരം ആനന്ദം വേറെ എനിക്കെന്തു കിട്ടാനാ?'

അവരുടെ മനസ്സിന്റെ നിലയാണ് എന്നില്‍ ആനന്ദം പകര്‍ന്നതെന്നു യാതൊരു സംശയവും ഇല്ലാതെ പറയാം. നാം ഇന്ന് കാണുന്ന ഭൂരിഭാഗം ആളുകളും പരാതികളുടെ ഭാംണ്ടകെട്ടുകളും പേറി നടക്കുന്നവരാണ്. ഒന്നിലും ഒരു തൃപ്തിയില്ലാതെ എപ്പോഴും ജീവിതത്തെ പഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സ്വന്തം ജീവിതം ഒരു പാഴായി കരയുന്നു. കിട്ടാത്ത സൌകര്യങ്ങളെക്കുറിച്ച് സൌഭാഗ്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൂട്ടി കൂട്ടി ജീവിതം തള്ളി നീക്കുന്നു.നാം പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം മനോഹരം. പ്രത്യേകിച്ച്, ദാമ്പത്യ ജീവിതത്തില്‍ നാമെല്ലാം, ഉറ്റുനോക്കുന്നത് അപ്പുറത്തെ വീട്ടിലെ ജോടികളെയാണ്. അവര്‍ എത്ര സന്തോഷത്തിലാ ജീവിക്കുന്നത്!! യഥാര്‍ത്ഥത്തില്‍ 'മാതൃകാ ദമ്പതികള്‍' എന്നൊരു കൂട്ടര്‍ ഉണ്ടോ? വല്ല 'റിയാലിറ്റി ഷോ'കളിലും മറ്റും കണ്ടേക്കാം. പക്ഷെ 'റിയല്‍' ജീവിതത്തില്‍ കാണില്ല. കാരണം നാം കാണുന്നത് പുറംപൂച്ച് മാത്രമാണല്ലോ.

വല്യമ്മച്ചിയോട് 'റ്റാറ്റ' പറഞ്ഞു പിരിയുമ്പോള്‍ ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മനസ്സില്‍ പതിഞ്ഞ രണ്ടു പാഠങ്ങള്‍: ഒന്ന് - ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ദുരിതങ്ങളും ഉണ്ടാവും. എന്നാല്‍ നന്മകളെ എണ്ണിയാല്‍ അതൊക്കെ എത്ര നിസ്സാരം. ഓരോ ദിവസവും കുറച്ചു നേരമെങ്കിലും നമുക്ക് ദൈവം തമ്പുരാന്‍ തന്ന നല്ലതുകളെക്കുറിച്ച് ചിന്തിക്കണം. അതിനു നന്ദി പറയാം. രണ്ട് - നമ്മള്‍ മറ്റുള്ളവരുടെ ജീവിതവും സന്തോഷവും നോക്കി അസൂയപൂണ്ടിട്ടു കാര്യമില്ല. മറ്റുള്ളവരുടെ സന്തോഷവുമായി താരതമ്യപ്പെടുത്തുന്നത് വ്യര്‍ത്ഥമാണ്‌. ഒരിക്കലും തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കാണുന്നത് യഥാര്ത്യമല്ല. ഓരോരുത്തര്‍ക്കും അവരരുടെ സന്തോഷങ്ങളും സന്താപങ്ങളും ആണ് ദൈവം നല്‍കുന്നത്. ദൈവം നല്‍കിയ അവസരങ്ങളും നന്മകളും പ്രയോജനപ്പെടുതുന്നതില്‍ നാം വരുത്തുന്ന വീഴ്ചകളാണ് നമ്മുടെ പരിഭവങ്ങള്‍ക്ക് കാരണം. 'പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ നിങള്‍ക്ക് സാധിക്കില്ല' എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. പുതിയ ഒരു മനോഭാവം (Positive attitude) നമ്മില്‍ ജനിക്കണം. എങ്കിലേ സ്വര്‍ഗരാജ്യം (Bliss - Peace of mind) നമുക്ക് ലഭിക്കൂ. 'നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ' എന്ന പഴമൊഴി പറഞ്ഞത് നമ്മുടെ മനസ്സുകളെ കുറിച്ചയിരിക്കാം. എല്ലാറ്റിലും നന്മ കാണാന്‍ ശ്രമിക്കുന്ന ആ വല്ല്യമാച്ചിയുടെ പാത നമുക്കും പിന്തുടരാം.

(മത്തായി 13:33-32) മറ്റൊരു ഉപമ അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”

Sunday, March 15, 2009

ലക്ഷ്മീ സ്തുതി [Good Luck] എനിഗ്മയില്‍ [Enigma Music]

"ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രം (108 Names of Laksmi)" എന്റെ ഈ ബ്ലോഗ് പോസ്റ്റ് എത്ര ശ്രമിച്ചിട്ടും അഗ്രിയില്‍ കൊളുത്തുന്നില്ല! അതുകൊണ്ട് റീ-പോസ്റ്റുന്നു.
ഒറിജിനല്‍ പോസ്റ്റ് വായിക്കാന്‍ ഇവിടെ ഞെക്കുക

Thursday, March 12, 2009

പ്രണയം» ≈ (THE OTHER MAN/ WOMAN) ~»≈ വിവാഹം

"തീക്ഷ്ണമായി പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കരുത്. വിവാഹത്തോടെ പ്രണയം ജീര്‍ണിക്കാന്‍ തുടങ്ങും. അതൊരു വലിയ ദുരന്തം തന്നെയായിരിക്കും. ജീവിതകാലം മുഴുവന്‍ അതു നമ്മളെ മധുരമായൊരു നൊമ്പരത്തില്‍ നീറ്റിക്കൊണ്ടിരിക്കും." (ഗ്രേസി-എഴുത്തുകാരി)

ബാറിലെ അരണ്ട വെളിച്ചത്തില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ ഗ്ലാസ്സുകള്‍ക്കു മുന്നിലിരുന്നു ഞങ്ങള്‍ ഇന്നലെ ഒരുപാടു നേരം സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, കൂടാനോരവസരംകിട്ടിയതാണ്. രണ്ടു കുട്ടികളുടെ അച്ഛനായ അവന്‍ തന്‍റെ പുതിയ പ്രണയിനിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ കുസൃതിയാണോ നിഷ്കളങ്കത്വം ആണോ എന്ന് വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല.

വിവാഹിതയും അമ്മയും ആയ ആ സുന്ദരിയെകുറിച്ചു അവന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ന്യയീകാരണങ്ങളോ സ്വപ്നമുകുളങ്ങളോ?

ഒന്നും ഓര്‍മ്മയില്‍ ഇല്ല. ആകെ മനസ്സില്‍ തങ്ങിയത് മുകളില്‍ കൊടുത്ത വാചകങ്ങള്‍ മാത്രം. സാറ ജോസേഫിന്റെതായി അവന്‍ ഉദ്ധരിച്ചതാണ്. (പക്ഷെ ഇത് ശ്രീമതി. ഗ്രേസി പറഞ്ഞ വാചകം ആണ്)

സംഭാഷണമദ്ധ്യേ അവന്റെ ഫോണ്‍ ചിലച്ചു, ഒരു എസ്.എം.എസ്. ഉടന്‍ എന്നെ അത് കാണിച്ചു തന്നു. "മാഷേ,, ഞാന്‍ കാത്തിരിക്കുന്നു. എന്ന് തിരിച്ചെത്തും?" പ്രണയ വിരഹത്തിന്റെ ദുഃഖം . . .

വിവാഹം ഒരു തടവറ ആണോ? പ്രണയം ഒരു രോഗമാണോ? [വീണ്ടും അതെ ചോദ്യം: സ്ത്രീ-പുരുഷ ബന്ധം കേവലം ജഡികമോഹങ്ങള്‍ക്ക് ഉപരിയായി വളരുമോ?] പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ തോന്നുന്നു. രഹസ്യ പ്രണയം ഒരു രോഗമാണ്. ഒരു തെറ്റ് ചെയ്യുന്നത്തിന്റെ കുറ്റബോധം ആണ് രഹസ്യപ്രണയത്തില്‍ നാം കാണുന്നത്. പ്രണയിക്കുന്നവര്‍ വെളിച്ചത്തു പ്രണയിക്കട്ടെ!!! ഭാര്യയും/ഭര്‍ത്താവും കുട്ടികളും അറിഞ്ഞുകൊണ്ട്. അതല്ലേ തന്റേടം??? (നമുക്ക് പാശ്ചാത്യരെ അനുകരിക്കാം, ല്ലേ??)

Tuesday, March 10, 2009

ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രം (108 Names of Laksmi)

കുറെ ദിവസമായി എനിഗ്മയിലെ ഒരു ഗാനം മനസ്സില്‍ അലയടിക്കുന്നു. ഇതിലെ സംസ്കൃത ശ്ലോകം ആവാം എന്നെ ആകര്‍ഷിച്ചത്? എനിഗ്മയിലെ ചില ഗാനങ്ങള്‍ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. അവ വിഷാദരോഗം പരത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണിത്. ഞാന്‍ പല എനിഗ്മ ഗാനങ്ങളും കേട്ട് നോക്കിയെങ്കിലും ഒരു വിഷാദശ്ചവി അതില്‍ കണ്ടില്ല. 'The Child in Us' എന്ന ഗാനമാണ് ഇപ്പോള്‍ എന്റെ തലയില്‍ കയറിയിരിക്കുന്നത്. അതില്‍ താഴെ പറയുന്ന ശ്ലോകം പലതവണ ആവര്‍ത്തിക്കുന്നുണ്ട്:

"പ്രസന്ന വദനാം
സൌഭാഗ്യദാം ഭാഗ്യദാം

ഹസ്താഭ്യാം അഭയപ്രദാം

മാണിഗാണൈര്‍
നാവിധൈര്‍ഭൂഷിതാം"

ഇത് ലക്ഷ്മി ദേവിയെ സ്തുതിക്കുന്ന ശ്ലോകമാണ്. ഐശ്വര്യത്തിന്റെ ദേവതയാണ് 'ശ്രീ ലക്ഷ്മി' - സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും ദേവി. മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മി ദേവിയെന്നു പുരാണങ്ങളില്‍ കാണുന്നു. പിന്നീടുള്ള അവതാരങ്ങളില്‍ കൃഷ്ണന്റെ ഭാര്യ രുഗ്മിണിയായും രാമന്‍റെ ഭാര്യ സീതയായും ലക്ഷ്മി അവതരിക്കുന്നു. (വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ കേരളത്തിലെ വീടുകളില്‍ ദീപം കൊണ്ട് അലങ്കരിച്ച് ദേവിയെ സ്തുതിക്കുന്നു)


ഈ ശ്ലോകത്തിന്റെ അര്‍ത്ഥം നോക്കാം.
'പുഞ്ചിരിക്കുന്ന മുഖത്തോടുകൂടി എല്ലാ സൌഭാഗ്യവും തരുന്ന,

കൈകള്‍ രണ്ടും നീട്ടി നമ്മെ ഏതു ഭയത്തില്‍ നിന്നും മുക്തിയരുളുന്ന,

സര്‍വാഭരണ വിഭൂഷിതയായി സൌന്ദര്യവതിയായിരിക്കുന്ന,

(ലക്ഷ്മി ദേവിയെ സ്തുതിക്കുന്നു)'

ലക്ഷ്മി അഷ്ട്ടോത്തര ശതാനാമ സ്തോത്രത്തിലെ (108 Names of Laksmi) ധ്യാന ശ്ലോകത്തില്‍ നിന്നും എടുത്തതാണ് ഈ വരികള്‍.

FULL SANSKRIT TEXT


vande padmakaraaM prasanna vadanaam.M saubhaagyadaaM bhaagyadaam.M hastaabhyaaM abhayapradaam.M maNigaNairnaanaavidhairbhuushhitaam.M bhaktaabhiishhTa phalapradaaM harihara brahmaadibhiH sevitaaM paarshve pa.nkajasha.nkhapadma nidhibhir- yuktaaM sadaa shaktibhiH

FULL TRANSLATION

I salute the Goddess, who bears lotus flowers in hands, who is of smiling face, bestower of all fortunes, whose hands are ready to rescue anyone from fear, who is adorned by various ornaments with precious stones, who showers boons fulfilling the ambitions of Her devotees, who is worshipped by Hari, Hara and Brahma, who is the possesser of wealth ('nidhi') symbolized by Lotus and conch-shell ('sha.nkha-padma').

"ഞാന്‍ ദേവിയെ സ്തുതിക്കുന്നു, കൈകളില്‍ താമരപൂവ് പിടിച്ചിരിക്കുന്ന,

പുഞ്ചിരിക്കുന്ന മുഖത്തോടുകൂടിയിരിക്കുന്ന, സര്‍വ്വവിധ സൌഭാഗ്യങ്ങളും ചൊരിയുന്ന,

ഏവരേയും ഭയത്തില്‍ നിന്നും കരേറ്റുന്ന,

വൈര്യകല്ലുകളാല്‍ സര്‍വാഭരണ വിഭൂഷിതയായ,

ഭക്തരുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും അഭിവൃദ്ധി ചൊരിയുന്ന,

ഹരിയാലും ഹരനാലും ബ്രഹ്മനാലും പൂജിക്കപ്പെടുന്ന,

ശംഖും താമരയും അടയാളമായി സമ്പത്ത് മുഴുവനായി കൈവശം വച്ചിരിക്കുന്ന

(ദേവിയെ ഞാന്‍ സ്തുതിക്കുന്നു)"

പാശ്ചാത്യര്‍ 'GOOD LUCK' എന്ന് പറയുന്നതിന്റെ ബിംബരൂപമാണ് ലക്ഷ്മി ദേവി. (ശ്രീ എന്നാല്‍ ലക്ഷ്മിയാണ്) ധനത്തിന്റെ സൗന്ദര്യത്തിന്റെ ജ്ഞാനത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ് ലക്ഷ്മീ ദേവി. വീടുകളില്‍ ലക്ഷ്മീ ദേവിയുടെ ചിത്രം വയ്ക്കുന്നത് ഐശ്വര്യമായി ഹൈന്ദവര്‍ കരുതുന്നത് അതുകൊണ്ടാണ്. എത്ര മനോഹരമാണ് ഹൈന്ദവ സംസ്കാരത്തിലെ ഈ 'മിഥോളോജി' !! ഒരു ലക്ഷ്മി ചിത്രം 'താമര' ഇല്ലാതെ നമുക്ക് കാണാനാവില്ല. താമര വളരെ ഉദാത്തമായ ഒരു ഭാരതീയ (SYMBOL) ചിഹ്നമാണ്. അത് നൈര്‍മല്യത്തെയും ആത്മീയഭാവത്തെയും സൂചിപ്പിക്കുന്നു. താമര വളരുന്നത് ചെളിയിലാണ്. എന്നാല്‍ വിരിയുന്നതോ, ജലത്തിന് മുകള്‍പരപ്പിലും. ചെളിയിലാണ് വേരുകള്‍ എങ്കിലും അല്പം പോലും അഴുക്കു പുരളാതെ പരിശുദ്ധമാണ് താമരയില്‍ വിരിയുന്ന പൂവ്. ഇത് ആത്മീയ ശക്തിയെ/പരിശുദ്ധിയെ സൂചിപ്പിക്കുന്നു. ആത്മീയ നൈര്‍മല്യം ആര്‍ജിക്കനായാല്‍ ലോകത്തിന്‍റെതായ മലിനതകളില്‍ നിന്നും മുക്തിനേടി പരിപൂര്‍ണതയിലേക്ക് എത്തി ചേരാനാകുമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.

താമരയില്‍ ഉപവിഷ്ടയായ ലക്ഷ്മി ദേവി ആത്മീയ പരിശുദ്ധിയെ/ പരിപൂര്‍ണതയെ സൂചിപ്പിക്കുന്നു.

(Note: ക്രിസ്ത്യാനികള്‍ക്ക് ഇത് നോയമ്പ് കാലമാണല്ലോ. ലോകത്തിന്റെ ചെളികുണ്ടില്‍ -പ്രലോഭനങ്ങളാകുന്ന- നിന്നും താമരയുടെ പരിശുദ്ധിയിലേക്ക് ഈ നോയമ്പ് കാലം നമ്മെ നയിക്കട്ടെ)

Friday, March 06, 2009

മുളന്തുരുത്തി (എന്‍റെ ഗ്രാമം)

മുളന്തുരുത്തി എന്നാല്‍ 'Bamboo Island' എന്ന് പറയാം ആംഗലേയ ഭാഷയില്‍. എറണാകുളം ജില്ലയുടെ തെക്കേ അറ്റം. പണ്ട് കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ഇവിടെ ആയിരുന്നു. എന്റെ വീട്ടിലെ 'പശു തൊഴുത്ത്' കോട്ടയം ജില്ലയിലാണെന്ന് പണ്ടു സഹപാഠികള്‍ കളിയാക്കുമായിരുന്നു. (കൃത്യമായി പറഞ്ഞാല്‍ എറണാകുളം ജങ്ക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 20 കി.മി.) എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള ഇതു ട്രെയിന്‍-ഇല്‍ കയറിയാലും മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന്‍ കാണാം. പക്ഷെ പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ അവിടെ നിര്‍ത്തൂ.

മുളന്തുരുത്തിയുടെ ചരിത്രം:

പ്രാചീന ചരിത്രകാരന്‍ മെഗാസ്തനിസ് കേരളത്തിലെ തുറമുഖ നഗരങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്ക് തൃപ്പൂണിത്തുറ ഒരു പ്രധാന തുറമുഖ പട്ടണമാണെന്ന് രേഖപ്പെടുത്തുന്നു. ഈ വാദം മുളന്തുരുത്തിയും തുരുത്തും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഒരു പക്ഷെ സമീപ പ്രദേശങ്ങളായ ചെമ്പ്, ഉദയംപേരൂര്‍ എന്നീ സ്ഥലങ്ങളും ഒരു കാലത്ത് കടലിന്നടിയിലായിരുന്നുവെന്നും മുളന്തുരുത്തി കരയായി രൂപപെട്ടതിനാല്‍ 'തുരുത്ത്' എന്ന നാമം ലഭിച്ചുവെന്നും വിശ്വസിക്കാം. വെള്ളത്തോട് തൊട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ വളര്‍ന്നു വന്ന മുളകള്‍ മൂലം 'മുളം-തുരുത്ത്' എന്ന നാമം ഉണ്ടായി,, കാലക്രമേണ മുളന്തുരുത്തിയായി മാറി.ബി.സി. നാലാം ശതകത്തില്‍ എഴുതിയ മെഗസ്തനീസിന്റെ രേഖകളില്‍ മുളന്തുരുത്തിയെ പരാമര്‍ശിക്കുന്നില്ല. ഇതിനു കാരണം മുളന്തുരുത്തിഅക്കാലത്ത് കടലിന്നടിയില്‍ ആയിരുന്നു എന്നതാകാം. പിന്നീട് കരയായി രൂപപ്പെട്ടു. അതായത് പടിഞ്ഞാറ് കായലുള്ള തുരുത്തായിരുന്നു മുളന്തുരുത്തി. (വളരെ അകലെയല്ല വേമ്പനാട്ടു കായല്‍) ആദിവാസി സംസ്കാരവും, കാട്ടുജാതി സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. കാളിവളര്‍ത്തലും കൃഷിയും ആയിരുന്നു പ്രധാന തൊഴില്‍.ഇവിടുത്തെ പ്രാചീന മനുഷ്യ വര്‍ഗ്ഗത്തിന്റെ ദൈവ സങ്കല്‍പം ദേവി ആയിരുന്നു. വനത്തില്‍ പുല്ലരിയാന്‍ പോയ ആദിവാസി യുവതി ഒരു കരിന്കള്ളില്‍ പണിയായുധം തേച്ചു മൂര്‍ച്ച വരുത്തിയപ്പോള്‍ അതില്‍ ചോര പൊടിഞ്ഞെന്നും അത് ദേവി ചൈതന്യമായിരുന്നെന്നും ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വ്യക്തമാക്കുന്നു. ഈ ആദിമ നിവാസികളുടെ ആരാധന സങ്കേതങ്ങളില്‍ നിന്നാണ് 'കാവ്' എന്ന സങ്കല്‍പം രൂപപെട്ടത്. കാക്കുന്നത് അഥവാ സംരക്ഷിക്കുന്നത്എന്നു കവിന്നര്‍ത്ഥം.

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'കീഴ്കാവ്' ദുര്‍ഗ്ഗ പ്രതിഷ്ടയുടെതാണ്. ആ നാമത്തിലെ കാവ് എന്ന സൂചനയും അവിടുത്തെ ചില ആരാധന രീതികളും ആദിമ മനുഷ്യരുടെ ആരാധന രീതികളുമായി സമരസപ്പെടുന്നതാണ്. മനുഷ്യ ശരീരത്തില്‍ കുടിയേറിയ ബാധ ഒഴിപ്പിക്കുന്നതിനുള്ള തുള്ളല്‍, അഭീഷ്ടസിദ്ധിക്കായി നരബലിയെ ഓര്‍മ്മിപ്പിക്കുന്ന ഗുരുതി എന്നിവ ഈ ആചാരങ്ങളില്‍ പെടുന്നു. തുരുത്തിക്കര (വെട്ടികുളം) മറ്റപ്പള്ളി കാവ്, പാടത്തു കാവ് (പെരുമ്പള്ളി) എന്നെ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങള്‍ കണ്ടു വരുന്നു. പൈങ്ങാരപ്പള്ളി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും പെരുമ്പിള്ളി പാടത്തു കാവ് ഭഗവതി ക്ഷേത്രത്തിലും 'മുടിയേറ്റ്‌' മഹോത്സവം നടക്കുന്നു.എ.ഡി.1100 നും 1125 നും മദ്ധ്യേ മുളന്തുരുത്തി പള്ളി സ്ഥാപിക്കപ്പെട്ടു. മലങ്കര സഭയുടെ 'മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മുളന്തുരുത്തി സുന്നഹദോസ് [എ.ഡി 1876] ചരിത്ര പ്രാധാന്യമുള്ളതാണ്. പള്ളിയുടെ മദ്ബഹ വളരെ ആകര്‍ഷകമാണ്. മുളന്തുരുത്തി പള്ളിയില്‍ മരത്തില്‍ കൊത്ത് പണി ചെയ്ത പല ശില്പ വിദ്യകളും കാണാം. തോമശ്ലീഹാ ഇന്ത്യയില്‍ എത്തിയതിന്റെ ജൂബിലി പെരുന്നാള്‍ ആണ് ഇവിടുത്തെ പ്രധാന പെരുന്നാള്‍ - ഡിസംബര്‍ മാസത്തില്‍. മുളതുരുത്തിയുടെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന നാമമാണ് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി'. എ.ഡി 1848 ജൂണ്‍ മാസത്തില്‍ മുളന്തുരുത്തി ചത്തുരുത്തി തറവാട്ടില്‍ ശ്രീ കൊച്ചു മത്തായിയുടെയും മറിയത്തിന്റെയും ഇളയ മകനായി ജനിച്ച ഗീവര്‍ഗീസ് എന്ന ബാലനാണ് പില്‍ക്കാലത്ത് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി' എന്ന പേരില്‍ ലോക പ്രശസ്തനായത്.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഉന്നതിയിലെത്താന്‍ മുളന്തുരുത്തിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാകവി വൈലോപ്പള്ളി ശ്രീധര മേനോന്‍ മുളന്തുരുത്തി ഗവ. സ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ തൂലികയില്‍ നിന്നടര്‍ന്നു വീണ 'മാമ്പഴം' എന്ന കവിതയ്ക്ക് കാരണമായ മാവ് ഇന്നും ഈ സ്കൂള്‍ മുറ്റത്ത്‌ പന്തലിച്ചു നില്‍ക്കുന്നുണ്ട്‌. മുളന്തുരുത്തി പബ്ലിക് ലൈബ്രറി 1932 ഇല്‍ സ്ഥാപിക്കപ്പെട്ടു.മലയാളത്തിന്റെ പ്രശസ്ത കവിയത്രി 'വിജയലക്ഷ്മി' മുളന്തുരുത്തി ഗ്രാമത്തില്‍ പെരുമ്പിള്ളി ദേശക്കാരിയാണ്. അതാണ്‌ ഞങ്ങള്‍ക്ക് ചുള്ളികാടുമായുള്ള ബന്ധം!! മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മോഹന്‍ ലാല്‍ സിനിമ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ചിത്രീകരിച്ചത് പെരുമ്പിള്ളി പടത്തുകാവ് പരിസരത്താണ്. (ഈ ഗ്രാമം കാണാം) OEN - INDIA എന്ന പ്രമുഖ ബിസിനസ് സ്ഥാപനം നിലകൊള്ളുന്നത് മുളന്തുരുത്തിയിലാണ്.

ഇനിയുമൊത്തിരി ഉണ്ട് മുളന്തുരുത്തിയെക്കുറിച്ച് പറയാന്‍. വഴെയേ പറയാം. ജനിച്ചു വളര്‍ന്ന, പിച്ച വച്ച് നടന്ന, പഠിച്ചു വലുതായ സ്വന്തം ഗ്രാമത്തെ മറക്കാനാവുമോ ആര്‍ക്കെങ്കിലും?? അമ്മയുടെ പൊക്കിള്‍കൊടി പോലെ, എവിടെയായാലും നമ്മുടെ ഗ്രാമം നമ്മെ വിളിക്കും.

തിരക്കിനിടയില്‍ യാന്ത്രികമായി പോകുന്ന ജീവിതം!!

എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നുന്നു...
"മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും...."

Friday, February 27, 2009

ഗാന്ധിജിയുടെ സ്ത്രീ സൌഹൃദങ്ങള്‍. . .

സ്ത്രീ-പുരുഷ ബന്ധങ്ങളെ ക്കുറിച്ച് ഞാന്‍ ഒരു ബോളഗ് എഴുതിയിരുന്നു. [ഇവിടെ ഞെക്കുക] കുറെ പേര്‍ വായിച്ചു. കുറച്ചു പേര്‍ 'കമന്റ്' എഴുതി. അധികവും 'അനോണി' ??? കൂടുതല്‍ ചര്ച്ച വേണമെന്നു ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ [തുറന്ന] അഭിപ്രായം പെരുവച്ചോ അനോണിയായോ എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു എന്തിനെ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന്. ഞാന്‍ എന്തെങ്കിലും തെറ്റായി എഴുതി എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നു.
പല പെണ്‍കുട്ടികളും ഈ 'പുരുഷ മനസ്സു' കാണുന്നില്ല. അറിയാതെ അടുക്കുന്ന സൌഹൃദങ്ങള്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇതാണ്. ശുദ്ധ സൌഹൃദം എന്ന് കരുതി അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ 17-18 വയസ്സുള്ള പെന്കുട്ടികലെന്കിലും ഇതു മനസ്സിലാക്കട്ടെ.
സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. നല്ല ചൂടന്‍ പാല്‍ പായസം കണ്ടാല്‍ എന്റെ വായില്‍ വെള്ളമൂറും. അതുപോലെ നല്ല ജിലേബി കണ്ടാലും. അത് പ്രകൃതിയുടെ നിയമമാണ്. അത് പോലെ എന്റെ കഴിഞ്ഞ ബ്ലോഗ്ഗില്‍ പറഞ്ഞ കാര്യങ്ങളും മനുഷ്യന്റെ അടിസ്ഥാന വാസന തന്നെ!
എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. അഭിപ്രായം നല്ല രീതിയില്‍ എഴുതിയ 'ആര്യന്‍' എന്ന ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍. ഒര്‍ജിനല്‍ പോസ്റ്റ് ദാ ഇവിടെ!!
മിഥ്യാ ധാരണകളും കപട സദാചാര ബോധവും ആണ് കേരളത്തില്‍ ഇന്നു നാം കാണുന്ന ലൈംഗീക ആരാജകത്വതിനും കൌമാര പീഡനങ്ങള്‍ക്കും കാരണം. വെളിച്ചമേ നയിച്ചാലും!!!

Tuesday, February 24, 2009

പരിശുദ്ധ(Platonic)സ്ത്രീ-പുരുഷ സൌഹൃദം സാധ്യമാണോ?

ഞാന്‍ കോള്ളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി യാതൊരു സൌഹൃദവും സ്ഥാപിക്കതിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ആ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പെടാപാടു പെട്ടിരുന്ന ഞങ്ങള്ക്ക് അവന്‍ ഒരത്ഭുത മനുഷ്യനായിരുന്നു ആദ്യമാദ്യം. മിക്കവാറും പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നവന്‍. ഞങ്ങള്‍ ലേഡീസ് ഹോസ്റെലിനു മുന്‍പില്‍ വായിനോക്കാന്‍ പോകുമ്പൊള്‍ ആശാന് യാതൊരു താല്‍പര്യവും ഇല്ല!! വളരെ സീരിയസ്സ്!! അങ്ങിനെ കാലം കഴിഞ്ഞു പോയി. ഒരിക്കല്‍ കള്ളന്റെ പൂച്ച് പുറത്തായി. ഹോസ്റ്റലില്‍ അത് പാട്ടായി. ആള്‍ക്ക് താത്പര്യം സ്വവര്‍ഗത്തോടാണ്!!! ചെറിയ ചെറിയ സൂചനകള്‍,,, അതാണ്‌ അവന് പെണ്‍കുട്ടികളോട് സൌഹൃദം കൂടാനോ സല്ലപിക്കാനൊ താല്പര്യമില്ലാത്തത്!!! (കള്ളി വെളിച്ചത്തായി) ഗുണപാഠം: സാധാരണ ആണാണെങ്കില്‍ പെണ്ണുങ്ങളുമായി അടുക്കും. അത് സഹജ വാസന ആണ്.
ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന എന്റെ ഒരു സുഹൃത്തിനു മറ്റൊരു പെണ്‍കുട്ടിയുമായി കലശലായ 'സൌഹൃദം' - ഫോണ്‍ താഴെ വയ്ക്കുന്നില്ല,,,,,,,,,,, ഇ-മെയില് പെരുമഴ..... പത്തുവര്‍ഷം ഒരു കുഴപ്പവും ഇല്ലാതെ ജീവിച്ച ഇതിയാന് ഇതെന്നാ പറ്റി?? ഭാര്യ വഴക്കായി, ബഹളമായി... ജീവിതം താളം തെറ്റി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം: ഒരു സുന്ദരിയെ കണ്ടാല്‍ നോക്കി വെള്ളം ഇറക്കാത്ത പുരുഷന്മാര്‍ ഉണ്ടാവുമോ? എന്റെ സ്വഭാവം വെച്ചു ചിന്തിച്ചു പോയതാണേ. തുറന്നു പറഞ്ഞാല്‍, എനിക്കിതു വരെ ഒരു പെണ്ണിനെ പോലും രതിയുടെ മണമില്ലാതെ നോക്കാനായിട്ടില്ല!! സത്യം... എത്ര വിശുദ്ധ സൌഹൃദം എന്ന് പറഞ്ഞാലും അവസാനം ചെന്നെത്തുന്നത് രതിസ്മരണയില്‍ ആണ്. (എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണെന്ന് ഞാന്‍ വിചാരിക്കുന്നു) പക്ഷെ ആരും ഇതു പുറത്തു കാണിക്കാരില്ലെന്നു മാത്രം. മാത്രവുമല്ല ഞാന്‍ ശുദ്ധന്‍/സല്‍സ്വഭാവി എന്ന ഭാവം നടിക്കുകയും ചെയ്യും.
എന്നാല്‍ ഒരു പുരുഷന് സ്ത്രീയോടോ മറിച്ചും ശാരീരികാകര്‍ഷണം തോന്നുന്നത് തികച്ചും പ്രകൃതിജന്യം ആണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യവംശം അന്യം നിന്നും പോകാതിരിക്കാന്‍ ഈശ്വരന്‍ സൃഷ്ടിച്ച ഒരു മാര്‍ഗ്ഗമാണ് കാമവാസന. അങ്ങിനെ ഒരു ആകര്‍ഷണം ഇല്ലാതിരുന്നെങ്കില്‍ വംശം നിലനിര്‍ത്താന്‍ 'ക്ലോണിംഗ്' തന്നെ ആശ്രയിക്കേണ്ടി വന്നേനെ. എനിക്ക് ഒരു സ്ത്രീയെ കാണുമ്പോള്‍ ആദ്യം തോന്നുന്നത് ലൈംഗീകാകര്‍ഷണം തന്നെയാണ്. പിന്നെ ബോധമനസ്സില്‍ നിന്നും നിര്ദ്ദേശം വരുന്നു: അത് നിന്റെ അമ്മയാണ്, സഹോദരി ആണ്, സുഹൃത്താണ്, സഹപ്രവര്‍ത്തക ആണ്, ,,, നമ്മുടെ സാമൂഹ്യനിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് അപ്പോള്‍ തന്നെ മനസ്സില്‍ ഉയര്ന്നു വന്ന പ്രഥമവികാരം അപ്രക്ത്യക്ഷമാകുന്നു. (ഇതു എന്റെ മാത്രം ഒരു മാനസീക അവസ്ഥയോ രോഗമോ ആവാം)
പല സുഹൃത്തുകളും ഉള്ളിലെ ആശ മനസ്സില്‍ അടക്കി കൊണ്ടു നടക്കും. ഞാന്‍ മാന്യന്‍/സല്‍സ്വഭാവി എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചും കൊണ്ടു. എന്നിട്ടോ, അവസാനം പോയി കുഴിയിലേക്ക് കാല്‍വഴുതി വീഴും... പ്രഷര്‍ കുക്കര്‍ ചീറ്റുന്നത് പോലെ. . . .(അതാണെന്ന് തോന്നുന്നു എന്റെ സുഹൃത്തിനും സംഭവിച്ചത്) 'മര്യാദാരാമന്മാര്‍' എന്ന് നമുക്കിവരെ വിളിക്കാം. പിന്നെ നമ്മുടെ നാട്ടിലെ 'ഹിപ്പോക്രസി സംസ്കാരം' ഇതിനൊക്കെ വഴിവയ്ക്കുന്നുണ്ട്‌. അതായത് പകല്‍ വെളിച്ചത്തു ഒരു പെണ്‍കുട്ടിയുമായി അടുക്കാന്‍ ആരെയും സമ്മതിക്കില്ല, നമ്മുടെ സമൂഹം. (ഞാനടക്കം) എനിക്ക് ജീവിതതിലുട നീളം (ഇന്നും) ധാരാളം പെണ് സുഹൃത്തുക്കള്‍ ഉണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. പലരും എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. (ഭാര്യ അല്ല) കളിയാക്കിയിട്ടുണ്ട്. എങ്കിലും ഇന്നും ഒരു സുന്ദരി പെണ്‍കുട്ടിയെ കണ്ടാല്‍ ഒന്നു മിണ്ടാന്‍ ഒത്തിരി കൊതി തോന്നാറുണ്ട്. ഓഫീസില്‍ എന്റെ 'ബോസ്സ്' എന്നെ ഒരിക്കല്‍ ചോദ്യം ചെയ്തിട്ടുണ്ട്. "ആ പെണ്കുട്ടി എപ്പോഴും തന്റെ കാബിനില്‍ ആണെന്ന് ഇവിടെ ഒരു സംസാരം ഉണ്ടല്ലോ" എന്ന്,, ......."എന്റെ കീഴില്‍ ജോലി ചെയ്യുന്ന ആള്‍ ഇടയ്ക്കിടയ്ക്ക് എന്റെ അടുത്ത് വന്നെന്നിരിക്കും, സംസാരിചെന്നിരിക്കും,, ചിരിചെന്നിരിക്കും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഓഫീസിനുള്ളില്‍, പകല്‍ വെളിച്ചത്തില്‍, എല്ലാവരിടെയും മുന്‍പില്‍ വച്ചുള്ളതാണ്. കാബിന്‍ അടച്ചിട്ടുള്ളതല്ല,, എനിക്കതില്‍ പരിധിവിട്ടൊന്നും തോന്നിയിട്ടില്ല!! മരിച്ചാളുകള്‍ എന്തെങ്കിലും ഒക്കെ സാറിന്റെ ചെവിയില്‍ എത്തിച്ചിട്ടുന്ടെങ്കില്‍ എനിക്കൊന്നും ചെയ്യനോക്കതില്ല." എന്റെ ഈ മറുപടിക്ക് ബദലായി അദ്ദേഹം ഒന്നും ഉരിയാടിയില്ല.
എത്ര ആഴത്തിലുള്ള സൌഹൃദം ആയാലും എന്റെ മുന്‍പില്‍ ഒരു സുന്ദരി ഇരുന്നാല്‍, എന്റെ മനസ്സില്‍ അവളുടെ ശരീരസൌന്ദര്യം (സുഗന്ധം -മത്തുപിടിപ്പിക്കുന്ന)തന്നെയായിരിക്കും നിറഞ്ഞുനില്‍ക്കുക. ഇതു മാറ്റാന്‍ ഞാന്‍ ബോധപൂര്‍വ്വമായ പലശ്രമങ്ങളും നടത്തിനോക്കി, ഒന്നും ഫലിച്ചില്ല. ഇപ്പോള്‍ ഞാന്‍ എന്റെ മനസ്സിനെ അതിന്റെ പാട്ടിനു വിടുന്നു. കടിഞ്ഞാന്‍ ഇല്ലാത്ത കുതിരകളെപ്പോലെ.
പുരുഷന് സ്ത്രീയുമായി കേവലം സൌഹൃദം സാധ്യമാണോ? സ്ത്രീ-പുരുഷ സൌഹൃദം അവസാനിക്കുന്നത് ശയന ശയ്യയില്‍ ആണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. എനിക്ക്‌ അങ്ങിനെ ഒരു അനുഭവം ഇല്ലെങ്കിലും, (നമ്മുടെ നാടിന്റെ പരിമിതികള്‍!) മനസ്സിലെ ഭാവനയുടെ ശയ്യയില്‍ ഞാനൊത്തിരിപേരുമായി ശയിച്ചിട്ടുണ്ട്. ഒരേ ബെഡ്ഡില്‍ കിടന്നു കൊണ്ടു, സെക്സിനെ കുറിച്ചു ചിന്തിക്കാതെ സുഖമായ് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അത് 'PLATONIC LOVE' തന്നെ ആണെന്ന് പറയാം. പക്ഷെ എന്റെ അഭിപ്രായത്തില്‍ രക്തബന്ധമില്ലാത്ത സമപ്രായക്കാരായ രണ്ടു സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പരിശുദ്ധസൌഹൃദം നിലനിറുത്തി കൊണ്ടുപോകാന്‍ സാധ്യമല്ല!! തീര്‍ച്ച.. അത് രതിയിലേക്ക് വഴുതിപോകും.. അത് പ്രകൃതി നിയമമാണ്...നമ്മുടെ നാട്ടില്‍ ധാരാളം സാമൂഹ്യപരിമതികള്‍(ചട്ടക്കൂടുകള്‍) ഇതിനെ തടുക്കുന്നു.
മഹാത്മാ ഗാന്ധിക്ക് ധാരാളം സ്ത്രീ സുഹൃത്തുകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ആയി അദ്ദേഹം വളരെ അടുപ്പം ഉണ്ടാക്കിയിരുന്നു. തൊട്ടുരുമ്മി വര്‍ത്തിച്ചിരുന്നെങ്കിലും അദ്ദേഹം അഭൌമമായ ഒരു ബന്ധമാണ് അവരുമായി പുലര്‍ത്തിയിരുന്നത്. ഗാന്ധിജിക്ക് സ്ത്രൈണഭാവം കൂടുതലായിരുന്നുവന്നു ചിലപുസ്തകങ്ങളില്‍ വായിക്കുന്നു. (® Bappu, My mother - Mr.Manu Gandhi) അതായിരിക്കാം ഈ വിശുദ്ധ സൌഹൃദത്തിന്റെ രഹസ്യം. ബ്രഹ്മചാര്യ പരീക്ഷണം - നഗ്നനായി ഒരു നഗ്ന യുവതിയുടെ കൂടെ കിടന്ന് - നടത്തി വിജയിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് ഈ സ്ത്രൈണഭാവത്തിന്റെ മുന്‍തൂക്കം കൊണ്ടാവാം. അല്ലാതെ ബ്രഹ്മച്ചര്യമോ, അത്മിയനിറവോ, മനോ:നിയന്ത്രണമോ ആകണമെന്നില്ല!!!
സ്ത്രീയും പുരുഷനും തമ്മില്‍ കമമോഹിതമല്ലാത്ത ഒരു പരിശുദ്ധ സൌഹൃദ ബന്ധം ഉണ്ടാകുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ പ്രയാസമാണ്. അല്ലെങ്കില്‍ (1) പുരുഷന് സ്ത്രൈണഭാവം കൂടുതലായിരിക്കണം. (ചാന്തുപൊട്ട്) (2) പുരുഷന്‍ കഠിനമായ സ്വവര്‍ഗസ്നേഹിയായിരിക്കണം. (മുകളില്‍ സൂചിപ്പിച്ചത് രക്തബന്ധം ഒഴികെയുള്ള ബന്ധങ്ങളുടെ കാര്യമാണ്) രഹസ്യബന്ധങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും പരസ്യമായുള്ള സൌഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ-ഭര്‍തൃ ജോടികളില്‍ ഒരാള്‍ അന്യ പുരുഷനെ/സ്ത്രീയെ തെടിപോകുന്നതില്‍ നിന്നും തടയുമെന്ന് തോന്നുന്നു.

Thursday, February 19, 2009

അബദ്ധങ്ങള്‍ (തുടരുന്നു..) മജെസ്റ്റിക് & മധുവിധു

ഒരു 'മജെസ്റ്റിക് ടാക്കീസ്' അനുഭവം കഴിഞ്ഞ ബ്ലോഗ്ഗില്‍ പങ്കു വച്ചതാണ്. വീണ്ടും ഒരു മജെസ്റ്റിക് അനുഭവം. ഒരുദിവസം ഞാനും സന്തോഷും കൂടി ഓടി പിടിച്ചു നമ്മുടെ സ്വന്തം മജെസ്റ്റിക് സിനിമയില്‍ കയറിക്കൂടി... ബിറ്റ് തുടങ്ങിയാര്‍ന്നു..... സന്തോഷ് ടി-ഷര്‍ട്ട്‌ ആയിരുന്നു ധരിച്ചിരുന്നത്. അകത്തു ഹൌസ് ഫുള്‍ ... ഞാന്‍ കേറിയ പാടെ കണ്ട ഒരു സീറ്റിന്റെ അറ്റത്ത്‌ അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. സന്തോഷിനു സീറ്റ് കിട്ടിയില്ല. എന്നത്തേയും പോലെ അരികത്തു ചാരി നിന്നു. പ്രതിഭ ചേച്ചിയുടെ തകര്‍പ്പന്‍ പ്രകടനം.... കണ്ടു തൃപ്തിയായി ഇന്റര്‍വെല്‍ സമയത്തു പുറത്തു വന്നു. (പതിവുപോലെ) പമ്മി പമ്മി ഇറങ്ങി അടുത്തുള്ള കടയില്‍ പച്ചക്കറി വാങ്ങാന്‍ കയറി സന്തോഷ് എന്നോട് അവന്റെ പേഴ്സ് ചോദിച്ചു??!! ഞാന്‍ അന്തം വിട്ടു പോയി. ഏത് പേഴ്സ്? "എടാ ഞാന്‍ തീയറ്ററിനു അകത്തു കടന്നപ്പോള്‍ തന്നെ അത് നിന്റെ പോക്കെറ്റില്‍ ഇട്ടു": സന്തോഷ്. അപ്പോഴാണ് എനിക്ക് കത്തിയത്. തിരിച്ചോടി തീയറ്ററിലേക്ക്. എന്റെ അടുത്തിരുന്ന ചേട്ടനോട് ആ പേഴ്സ് ഇങ്ങേട്.. എന്ന് പറഞ്ഞപ്പോള്‍ തന്നെ അയാള്‍ അതെടുത്ത് തന്നു. എന്നിട്ടൊരു ചോദ്യം (നിഷ്കളങ്കമായി) ഇതെന്തിനാ എന്റെ പോക്കറ്റില്‍ ഇട്ടതു, എന്ന്. എന്ത് പറയാന്‍.. തീയറ്ററില്‍ ഓടി കയറിയ തിരക്കില്‍, ഇരുട്ടില്‍ (പ്രതിഭയുടെ കുളി സീന്‍ നടക്കുമ്പോള്‍) ധൃതിയില്‍ സന്തോഷ് തന്റെ പേഴ്സ് ഇട്ടതു എന്റെ അടുത്തിരുന്ന ചേട്ടന്റെ പോക്കറ്റില്‍ ആയിരുന്നു. ഭാഗ്യം,,, ആ ചേട്ടന്‍ ഇന്റര്‍വെല്‍ കഴിഞ്ഞും അവിടെ തന്നെ ഉണ്ടായിരുന്നു... പേഴ്സ് മാറ്റാന്‍ തുനിഞ്ഞില്ല... ഉടക്കാതെ തിരികെ നല്കി... ബൈക്കിന്റെ താക്കോല്‍ പോലും അതിലായിരുന്നു. മുളന്തുരുത്തി മുത്തപ്പാ . . . നന്ദി!!!

അബദ്ധം (മൂന്ന്) മധുവിധു:
എന്റെ കല്യാണം കഴിഞ്ഞു 3-4 മാസം കഴിഞ്ഞു കാണും. ഒരു ദിവസം ഓഫീസ്സില്‍ നിന്നും വീട്ടില്‍ എത്തുമ്പോള്‍ അനിയത്തിയുടെ മക്കള്‍ രണ്ടാളും ഉണ്ട്. കളിച്ചു കൊണ്ടിരിക്കുന്നു. ഒരാള്‍ക്ക്‌ രണ്ടു വയസ്സും മറ്റേ ആള്‍ക്ക് നാല് വയസ്സും. ഞാന്‍ ചെന്ന പാടെ രണ്ടാളും ഓടി വന്നു, കൈയ്യില്‍ തൂങ്ങി. ചാച്ചാ ,,... ചാച്ചാ.. വിളിച്ചു പുന്നരിക്കാന്‍ തുടങ്ങി. അളിയനും പെങ്ങളും അപ്പച്ചനും അമ്മച്ചിയും എല്ലാവരും നിരന്നിരിക്കുന്നു. നാല് വയസ്സ് കാരന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ടു. ഒരു പാക്കറ്റ് കിട്ടി!! മൂഡ്സ് !!!! (MOODS CONDOMS) യ്യോ ... എന്റെ തല കറങ്ങാന്‍ തുടങ്ങി... നാവു വരളുന്നു.. കണ്ണില്‍ ഇരുട്ട് കയറി.. ജെംസ്,, ജെംസ് (CADBURRY JEMS CHOKOLATES) എന്ന് പറഞ്ഞു തല്ലുകൂടുന്ന കുട്ടികളുടെ കയ്യില്‍ നിന്നും ആ പാക്കറ്റ് തട്ടിപറിച്ചു... ഓടി എന്റെ മുറിയില്‍ കയറിയത് എങ്ങിനെ എത്ര നിമിഷം കൊണ്ടാണെന്ന് എനിക്ക് ഇന്നും ഒര്മയില്ല. (ഇങ്ങനെ ഒരബദ്ധം മറ്റാര്‍ക്കും വരരുതേയെന്ന് അന്ന് ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു). ഇതു വായിക്കുന്ന ചെറുപ്പക്കാര്‍ ഓര്‍മയില്‍ വയ്ക്കുക. (രണ്ടു പാഠങ്ങള്‍) നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത വിരുന്നുകാര്‍ വീട്ടിലുണ്ടാവം. കുട്ടികളുടെ കുസൃതി നമ്മെ നാണം കെടുത്താം.

7 സുപ്രസിദ്ധ അബദ്ധങ്ങള്‍ !!! (ഒന്നാം ഭാഗം)

ഇതു വലിയ ചരിത്ര പ്രാധാന്യമുള്ള അബദ്ധങ്ങള്‍ അല്ല. എന്റെ വ്യക്തി ജീവിതത്തില്‍ വന്നു പെട്ടിട്ടുള്ള ചില സുന്ദര അബദ്ധങ്ങള്‍ ആണ്. ഇതിവിടെ എഴുതാന്‍ കാരണം ചിലപ്പോള്‍ ഇതു വായിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പ് ആയി ഉപകാരം ചെയ്യും. മറ്റുള്ളവര്‍ക്ക് എന്റെ ഈ അബദ്ധങ്ങള്‍ വായിച്ചു ചിരിക്കാം. അല്ലെങ്കില്‍ കമന്റെഴുതി പ്രതികരിക്കാം.
മുളന്തുരുത്തി മജസ്റ്റിക് ടാക്കീസ്:
എറണാകുളം ജില്ലയില്‍ ഒരു കാലത്തു കുപ്രസിദ്ധിയാര്‍ജിച്ച സിനിമ തീയറ്റര്‍ ആയിരുന്നു 'മുളന്തുരുത്തി മജസ്റ്റിക്'. എന്റെ വീട്ടില്‍ നിന്നും മൂന്നു കി.മി. മാത്രം. ദൂര നാട്ടില്‍ നിന്നും ആളുകള്‍ ജീപ്പെടുത്ത് പോലും അവിടെ വന്നിരുന്നു. വൈകുന്നേരം ബസ്സ് ഇറങ്ങി പ്രേക്ഷക സഹോദരങ്ങള്‍ ഓടുന്നത് കാണാമായിരുന്നു. ബസ്സ് സ്റ്റോപ്പിനു പിന്നിലായിരുന്നു സുധിയുടെ മെഡിക്കല്‍ ഷോപ്പ്. ഞങ്ങള്‍ അവിടെയിരുന്നു ഇതൊക്കെ വീക്ഷിക്കും. ഞാന്‍ 'മജസ്റ്റിക്' സ്ഥിരം സന്ദര്‍ശകന്‍ അല്ലയിരുന്നെന്കിലും ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. എന്റെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ 'നേഴ്സറി' ആയിരുന്നു ഈ തീയറ്റര്‍. അക്കാലത്ത് (1990's) ജയദേവന്‍ (Jay De Van) സാജന്‍ (Saj-J-Jan) തുടങ്ങിയവരുടെ പടങ്ങള്‍ ആയിരുന്നു ഹിറ്റ്സ്. നടി പ്രതിഭ ആയിരുന്നു പ്രീയ താരം.
സീക്രെട്ട് ഓഫ് ലവ്, സീക്രെട്ട് ഓഫ് മാരീഡ് ലൈഫ്, സീക്രെട്ട് ഓഫ് സീക്രെട്സ്, ടോപ്പ് സീക്രെട്ട് . . . തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു. എല്ലാത്തിലും പ്രതിഭ തന്നെ നായിക. ഈ ചിത്രങ്ങള്‍ മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ... എന്തിന് ഇംഗ്ലീഷില്‍ പോലും വരാറുണ്ട്‌. പേരു മാറ്റി ഈ സംവിധായകര്‍ ഞങ്ങളെ പോലുള്ള ചെറുപ്പക്കാരെ പറ്റിച്ചു പോന്നു!!!
6.30 -നു ആണ് ഫസ്റ്റ് ഷോ. ഞാനും സന്തോഷും കൂടി 6.40 ആകുമ്പോള്‍ പച്ചകറി വാങ്ങാന്‍ [ എന്ന് പറഞ്ഞു] വീട്ടില്‍ നിന്നും ഇറങ്ങും. പതുങ്ങി ചെന്നു ടിക്കറ്റ് എടുത്തു അകത്തു കയറും. ഇരുട്ടായതിനാല്‍ അയല്‍വാസികളോ പരിചയക്കാരോ കാണത്തില്ല. സീറ്റൊന്നും കിട്ടില്ല, ഒരരികത്തു നില്ക്കും (എന്തൊരു ക്ഷമ? സഹനം?) ഏകദേശം 7.00 pm ആകുമ്പോള്‍ 'ബിറ്റ്' ഇടും...പത്തു മിനിട്ട്..... ( അന്ന് ഞങ്ങള്‍ ഇതു നന്നായി ആസ്വദിച്ചിരുന്നു) ഏകദേശം 7.15 ആകുമ്പോള്‍ പരിപാടി തീരും. പിന്നെ ഇന്റര്‍വെല്‍ ... അതിന് ശേഷം ഓടുന്ന സിനിമയുടെ ബാക്കി. അതാര്‍ക്കു‌ കാണണം? ഞങ്ങള്‍ പതുക്കെ ഇറങ്ങി ഒന്നും അറിയാത്ത മട്ടില്‍ കടയില്‍ കയറി പച്ചകറി, പലചരക്ക് സാധനങ്ങള്‍ വാങ്ങി, കൃത്യം 8.00 എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ എത്തും. നല്ല കുഞ്ഞുങ്ങള്‍ . . .
ഒരു ദിവസം അമ്മച്ചി എന്റെ ഉടുപ്പുകള്‍ അലക്കാന്‍ എടുത്തപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ 'മജസ്റ്റിക് ടിക്കെറ്റ്' ??!! ഉടനെ എന്നെ വിളിച്ചു 'എന്നതാടാ ഇതു' (മജസ്റ്റിക് അത്ര ഫേമസ് ആയിരുന്നു) പഠിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ഓടി ചെന്ന എന്റെ കണ്ണില്‍ അത് കണ്ടപ്പോള്‍ ഇരുട്ട് കയറി. എങ്കിലും സ്വബുദ്ധി വീണ്ടെടുത്തു 'അമ്മച്ചീ അത് പച്ചക്കറി കടക്കാരന്‍ കണക്കെഴുതി തന്നതാ' എന്ന് പറഞ്ഞു പതുക്കെ വലിഞ്ഞു. അമ്മച്ചി അത് വിശ്വസിച്ചോ എന്ന് നോക്കാന്‍ ധൈര്യം വന്നില്ല. (എന്തായാലും വല്യ വിഷയം ആയില്ല.) ഒരു മാസം പ്രായശ്ചിത്തമെന്നോണം മജെസ്റ്റിക്കിനെ മറന്നു.

Monday, February 16, 2009

വലന്റിന്‍സ് ഡേ - ഒരു [ദു:] അനുഭവം

ശനിയാഴ്ച [ഫെ 14]രാവിലെ പത്രം നോക്കുമ്പോള്‍ ഒരു പേജ് നിറയെ "വലന്റിന്‍സ് ഡേ" ആശംസകള്‍. ഒന്നോടിച്ചു നോക്കി. എല്ലാത്തിലും ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ പേരും മൊബൈല് നമ്പരും ഉണ്ട്. സ്നേഹിക്കാന്‍/സ്നേഹം പകരാന്‍ കൊതിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍, കേരളത്തില്‍ കാത്തിരിക്കുന്നു. [വിളിക്കൂ പെണ്‍കുട്ടികളെ,,, വിളിക്കൂ] നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണോ? സാമൂഹീക പ്രതിബദ്ധതയുള്ള ഒരു ദേശീയ ദിനപത്രം ഇതു പോലെ 'പൂവാലന്മാരുടെ' മൊബൈല് ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കാമോ? ഈ പ്രത്യേക പേജ് മൂലം കേരളത്തിലെ ഒരു പെണ്‍കുട്ടിയെങ്കിലും ചതിക്കുഴിയില്‍ വീഴുകയില്ല എന്ന് പത്രാധിപര്‍ക്ക് സധൈര്യം പറയാനാവുമോ? ഇതില്‍ എന്തെങ്കിലും അസാംഗത്യം ഉണ്ടോ? ഇങ്ങനെ പലചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

--------------------------------

ഓഫീസില്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അല്പം തിരക്കിലായിരുന്നു. എങ്കിലും മൂന്ന് മണിയായപ്പോള്‍ ഇറങ്ങി. broadway/മാര്‍ക്കറ്റില്‍ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അവിടെയെത്തി കാര്‍ പാര്‍ക്കു ചെയ്തു പുറത്തിറങ്ങിയപ്പോള്‍ അമ്മച്ചിയുടെ ഒരു ബന്ധു വീട്ടില്‍ നിന്നും ഫോണ്‍ വന്നു. ആന്റി കരച്ചിലോടെയാണ് പറഞ്ഞതു 'നമ്മുടെ ജൂലി മോള്‍ പോയി. അവളുടെ കല്യാണം കഴിഞ്ഞു ??!!' കഥ ഇങ്ങനെ. ജൂലി രാവിലെ ട്യൂഷന്‍ പഠിക്കാന്‍ പോയതാണ്. ഉച്ചയായപ്പോള്‍ ട്യൂഷന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു അവള്‍ അന്ന് ക്ലാസ്സില്‍ ചെന്നിട്ടില്ലെന്ന്. പിന്നെ വീടുകാര്‍ക്ക് വെപ്രാളം ആയി. അവളുടെ മുറി പരിശോധിച്ചപ്പോള്‍ ഒരു കടലാസ്സില്‍ എഴുതിയിട്ടിരുന്ന അഡ്രെസ്സ് കിട്ടി കൂടെ ഒരു മൊബൈല് നമ്പറും. അതില്‍ വിളിച്ചപ്പോള്‍ പ്രതിയെ കിട്ടി. 'ഇന്നെന്റെ കല്യാണം കഴിഞ്ഞു നിങ്ങളെ ഇനി എനിക്ക് കാണാന്‍ താല്പര്യമില്ല' സ്വന്തം അപ്പനോട് പറഞ്ഞതാണ്. ഇതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചാണ് അവള്ക്ക് എത്ര വയസായി എന്നാണ്. കാരണം കഴിഞ്ഞ വര്ഷംപന്ത്രണ്ടാം ക്ലാസ്സില്‍ 'കണക്കിന്' മാത്രം തോറ്റ ട്യൂഷന് പോയി പഠിച്ചു കൊണ്ടിരുന്നവല്‍ ഒരു സുപ്രഭാതത്തില്‍ ആരാന്റെ കൂടെ ഓടി പോയി ??!! ഫെ: 8 നു ആയിരുന്നു അവളുടെ പിറന്നാള്‍, കൃത്യം പതിനെട്ടു വയസ്സ് പൂര്‍ത്തിയായി!! എല്ലാ പ്ലാന്‍ ചെയ്തുള്ള പരിപാടി തന്നെ. 18 വയസ്സ് വരെ വളര്‍ത്തി വലുതാക്കിയ അപ്പനെയും അമ്മയെയും തള്ളിപറഞ്ഞ്‌ 18 മാസം മാത്രം പരിചയം ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോകാന്‍ ഇവള്ക്കെങ്ങിനെ ധൈര്യം വന്നു? "LOVE IS BLIND - അന്ധമായ സ്നേഹം" അത് ശാശ്വതമാണോ???

----------------------------

നമ്മുടെ നായിക ഓടി പോയിരിക്കുന്നത് ഒരു ബസ്സ് കിളിയുടെ കൂടെയാണ്. ട്യൂഷന് പോകുകയും വരികയും ചെയ്യുമ്പോള്‍ കണ്ട പരിചയം വളര്ന്നു, പന്തലിച്ചു . . .ദാ . . ഇപ്പോള്‍ പൂവനിഞ്ഞിരിക്കുന്നു. ഞാന്‍ രണ്ടു മണിക്കൂര്‍ കാറോടിച്ചു അവരുടെ വീട്ടിലെത്തി. (പോകാതിരിക്കാനോക്കതില്ല; അത്ര അടുപ്പമുണ്ട് ആ കുടുംബവുമായി) അപ്പനും അമ്മയും ആങ്ങളയും മൂകരായി ഇരിക്കുന്നു. ആന്റി പറഞ്ഞപ്രകാരം, കിട്ടിയ അഡ്രെസ്സ് തപ്പി ഞങ്ങളിറങ്ങി. അവള്ക്ക് കാണേണ്ടെങ്കിലും!!! തൊടുപുഴയ്ക്കടുത്ത് 'വടക്കേമുറി' ദേശത്ത് എത്തിപെട്ടപ്പോള്‍ രാവേറെയായി. എങ്കിലും ഞങ്ങളാ വീട് കണ്ടു പിടിച്ചു. ഒരു കടയില്‍ അഡ്രെസ്സ് കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ ഒരു കുസൃതി ചിരി, 'സരസമ്മയുടെ' വീടെതന്നു ചോദിച്ചാല്‍ മതി.... ആരെങ്കിലും പറഞ്ഞു തരും കന്നിരുക്കികൊണ്ട് അയാള്‍ പറഞ്ഞു. ഒരു പാറ പുറത്തെ കോളനിയില്‍ ഞങ്ങള്‍ എത്തി, വീട് കണ്ടു ... അവര്‍ അവിടെ ഇല്ല. മലപുറത്തുള്ള ചേട്ടന്റെ വീട്ടിലേക്ക് പോയി. രണ്ടാളും അമ്മയും കൂടി. ഏതായാലും അവരുടെ കല്യാണം കഴിഞ്ഞെന്നും പെണ്ണ് അവരുടെ custody ഇല്‍ ഉണ്ടെന്നും സ്ഥിരീകരിച്ചു. അവള്ക്ക് വീട്ടിലേക്ക് വരാനോ അപ്പനെയും അമ്മയെയും കാണാനോ താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ സമയം അവിടെ നിന്നില്ല. ഈ വീടും പരിസരവും 'സരസമ്മ' എന്ന സ്ത്രീയെയും കുറിച്ചു മനസിലാക്കിയിട്ടണോ /അറിഞ്ഞുകൊണ്ടാണ്‌ ഇവള്‍ ഈ സാഹസം കാണിച്ചത് എന്ന് എനിക്ക് സംശയം തോന്നി. കാരണം എങ്ങിനെയെങ്കിലും +2 പൂര്‍ത്തിയാക്കി നാഴ്സിങ്ങിനു വിടണം എന്ന ഒറ്റ ശരണത്തിലായിരുന്നു അവളുടെ വീട്ടുകാര്‍. ആവശ്യത്തിനു റബ്ബര്‍ ഉണ്ട്. മദ്യപാനമോ കുടുംബ കലഹമോ ഇല്ലാത്ത അന്തരീക്ഷം. ഒരേ ഒരു ചേട്ടന്‍ 'ഷാര്‍ജയില്‍' അമ്മാവന്മാര്‍ 'ദുബായ്' 'ന്യൂസിലണ്ട്' ഇവിടങ്ങളില്‍ ... കുഞ്ഞമ്മമാര്‍ 'ആസ്ത്രേലിയ' 'മലയ്ഷ്യ' 'ലണ്ടന്‍' . . .എന്നിവിടങ്ങളില്‍ ??!! ഒരു കുറവും വരാതെ വളര്‍ത്തിയവള്‍,,, എന്തായിരിക്കും ഇതിന് പ്രചോദനം? ഒരു ലോ ക്ലാസ്സ് തെമ്മാടിയുടെ [ബസ്സ് കിളി] കൂടെ സദൈര്യം ഇറങ്ങി തിരിക്കാന്‍ എന്താണ് പ്രചോദനം? വീട്ടില്‍ നിന്നും സ്നേഹം കിട്ടാത്തതോ? ഞാന്‍ അറിയാത്ത എന്തെങ്കിലും രഹസ്യം അവരുടെ വീട്ടില്‍ ഉണ്ടാവുമോ? ഉണ്ടാവാം. വീട്ടുകാരോടുള്ള വെറുപ്പ്‌ മാത്രമാവുമോ ഇതിന് പ്രേരിപ്പിച്ചത്. അതോ ആ ബസിലെ കിളിയുടെ 'ഗ്ലാമര്‍' ഓ ... സ്നേഹത്തിന്റെ ആഴമോ? ഇവര്‍ വിവാഹം ചെയ്തിട്ടുണ്ടാവുമോ? കുറെ ദിവസം ഇവളുമായി കറങ്ങി നടന്നു വഴിയില്‍ ഉപേക്ഷിച്ചു [അവന്‍] കൈ കഴുകുമോ? ഏതായാലും ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കി - വിവാഹം ചെയ്തു എന്നതിന്റെ രേഖ ഹാജരാക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. [അതെങ്കിലും ചെയ്തില്ലെങ്കില്‍?]

-------------------------------------

എന്താണിവിടെ കുറ്റം? ആരെ കുറ്റം വിധിക്കണം? വളര്‍ത്തു ദോഷമോ? അപ്പനെയും അമ്മയെയും ചീത്ത വിളിക്കണോ? നല്ല രീതിയില്‍ [അങ്ങിനെ ഒരു രീതി ഉണ്ടെങ്കില്‍] വളര്‍ത്തിയാല്‍ ഇതു സംഭവിക്കില്ലേ? വീട്ടില്‍ നന്നായി വളര്‍ത്തി, സന്യാസത്തിനു ചേര്‍ന്ന് വര്‍ഷങ്ങള്‍ പഠിച്ചു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച എത്രയോ കന്യാസ്ത്രീകള്‍ ഒടുവില്‍ തിരുവസ്ത്രം ഉപേക്ഷിച്ചു ഏതോ ഒരുത്തന്റെ കൂടെ ഓടി പോകുന്നു???!!! ഏത് മനുഷ്യനും എപ്പോഴും സംഭവിക്കാവുന്ന ഒരു മാനസീക ചാഞ്ചല്യം അല്ലെ? അതെ സ്നേഹം അന്ധമാണ്‌ . . .