Friday, July 25, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ.......

""അടരുവാന്‍ വയ്യ... അടരുവാന്‍ വയ്യ........നിന്‍ ഹൃദയത്തില്‍ ‍നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും.... ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പോഴാണെന്റെ സ്വര്‍ഗംനിന്നിലടിയുന്നതെ നിത്യസത്യം.....""

ഇന്നു ഓര്‍കുട്ടില്‍ സക്കീര്‍ ഹുസ്സൈനിന്റെ പ്രൊഫിലില്‍ ഒരു പുതിയ വീഡിയൊ ക്ലിപ്പ് കണ്ടു. സ്വന്തം ക്യാമറയില്‍ എടിത്തതായി തോന്നുന്നു. ഒരു കുന്നിന്‍ ചരുവിലിരിക്കുന്ന ദമ്പതികള്‍, കൂടെ കുഞ്ഞുമുണ്ട്. ഭാര്യ (ഷൈന എന്നാണു പേരെന്ന് അതില്‍ കൊടുത്തിട്ടുണ്ട്) മുകളില്‍ കൊടുത്തിരിക്കുന്ന കവിത മനോഹരമായി ആലപിക്കുന്നു. വളരെ മനോഹരമായിട്ടുണ്ട്. കേട്ടിരുന്നപ്പോള്‍ ഓര്‍മ്മകള്‍ എവിടെയൊക്കെയോ പറന്നുപോയി.
ഞാന്‍ അജിതയും മോനുമായി ഒരിടത്ത് ഇതു പോലെ സ്വസ്ഥമായി ഇരിക്കുന്നതും അജിത പാടുന്നതും സ്വപ്നം കണ്ടു. (അജിതയ്ക്ക് പാരമ്പര്യമായി സംഗീതവാസന കിട്ടിയിട്ടുണ്ട്, എങ്കിലും ഇതു വരെ പാടിക്കേട്ടിട്ടില്ല)
ഓര്‍മ്മകള്‍ എവിടെയൊക്കെയോ എന്നെയും കൊണ്ട് പോയി: പട്ടാമ്പിയില്‍ പണ്ട് നടന്ന നാഷണല്‍ സര്‍വീസ് സ്കീം - ദശദിനക്യാമ്പ്. നല്ല മനോഹരമായ നിളാതീരം. എം.ടി.യുടെ നാട്ടിലായിരുന്നു. അവിടെ വച്ച് കവിത ചൊല്ലാറുണ്ടായിരുന്ന രാജി എന്ന സുഹൃത്തിനെ ഓര്‍മ്മവന്നു.
പിന്നെ സ്കൂള്‍ ദിനങ്ങള്‍, പാടാന്‍ നല്ല സ്വരമില്ലാത്തതിനെക്കുറിച്ചോറ്ത്തു ദുഃഖിച്ച ദിനങ്ങള്‍ ... കോളേജില്‍ മനോഹരമായി ഓടക്കുഴല്‍ വായിച്ചിരുന്ന ജോയല്‍ അസ്സറിയ്യ. ക്ലാസ്സുകള്‍ക്കിടയിലെ വിരസതയകറ്റാന്‍ തന്റെ തുണിസഞ്ചിയില്‍ നിന്നും ചെറിയ ഓടക്കുഴല്‍ എടുത്ത മനോഹരമായ ഈണങ്ങള്‍ അവന്‍ വായിക്കുമായിരുന്നു. (അസൂയ തോന്നിയിട്ടുണ്ട് - പെണ്‍കുട്ടികളുടെ കയ്യടി കാണ്ടിട്ട്) അവന്‍ ഇപ്പോല്‍ മദ്രാസ്സില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു.
ഒരു സിനിമ കാണുന്നതില്‍ കൂടുതല്‍, ഒരു വീഗാലന്റ് ട്രിപ്പില്‍ കൂടുതല്‍, ഒരു തീര്‍ഥയാത്രയില്‍ കൂടുതല്‍ . . . ഇത്തരം ഒരു നിമിഷം (ഒന്നിച്ച് ശാന്തമായിരിക്കുന്ന ഒരു നിമിഷം) ആണു ഞാനേറെ ആഗ്രഹിക്കുന്നത്.
പണ്ട് മണ്ണുത്തിയില്‍ പടിക്കുമ്പോള്‍ ഞാനും സുജയനും /ക്രിഷ്ണകുമാറും വടക്കുന്നാഥനില്‍ വന്ന് ചുറ്റമ്പലത്തിനകത്ത് ഒന്നു രണ്ട് പ്രദിക്ഷിണം വച്ച് ആല്‍ത്തറയില്‍ (ഇലഞ്ഞിത്തറമേളം നടക്കുന്നതിനടുത്ത്) ഇരുന്ന് കുറച്ച് നേരം സോപാനസംഗീതം (ഇടക്ക/അഷ്ടപദി വായിക്കുന്നത്) കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആ മനശാഃന്തി വേറൊരിടത്തുനിന്നും കിട്ടിയിട്ടില്ല.
പറഞ്ഞ് പറഞ്ഞ് വിഷയത്തില്‍ നിന്നും മാറിപ്പോയി. സക്കീര്‍ ഹുസ്സൈന്റെ ഈ വീഡിയൊ ക്ലിപ്പ് കണ്ടുകഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന് ഒരു സ്ക്രാപ്പ് എഴുതി. ആ കവിതാലാപനം എനിക്കൊത്തിരി ഇഷ്ടമായി എന്നുപറഞ്ഞ്. ഞാന്‍ ഓഫീസ്സില്‍ ആയിരുന്നു. കുറേ നേരം കഴിഞ്ഞ് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സക്കീര്‍ ആണു പട്ടാമ്പിയില്‍ നിന്നും!! ഞങ്ങള്‍ തമ്മില്‍ ‘ഓര്‍ക്കുട്ടില്‍’ പരിചയമുള്ളതല്ലാതെ, നേരില്‍ പരിചയം ഇല്ല, കൂടുതല്‍ ഒന്നും അറിയുകയും ഇല്ല. “സ്ക്രാപ്പ് കണ്ടിട്ട് വിളിച്ചതാണ്. ആ കവിത ആലപിച്ചിരിക്കുന്നത് എന്റെ ഭാര്യയാണ്. അവള്‍ ഇപ്പോള്‍ ഇല്ല!! എന്നെ (ഈ ലോകത്തുനിന്നു)വേര്‍പിരിഞ്ഞിട്ട് കുറച്ച് നാളായി, കഴിഞ്ഞ ദിവസം എന്തോ തിരഞ്ഞപ്പോള്‍ ആ വീഡിയോ കണ്ടത്, ഓര്‍ക്കുട്ടില്‍ അപ്പ്ലോഡ് ചെയ്തതാണ്.” വാക്കുകള്‍ ഇടറിയിരുന്നു, കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല. ഞാനും വല്ലാത്തൊരു മാനസ്സീകാവസ്ഥയിലായിപ്പോയി. എനിക്കിനിയും അതു വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അവരുടെ കുടുംബചിത്രം ഓര്‍ക്കുട്ടിലൂടെ എന്നെ നോക്കിചിരിക്കുന്നു.
ആലാപനം നിങ്ങള്‍ക്കും ഈ ലിങ്കിലൂടെ കാണാം: http://www.youtube.com/watch?v=Om8rbBO5SvM (ഇപ്പോഴും സംശയം ബാക്കി, ഇനി ഞാന്‍ ഫോണിലൂടെ കേട്ടതെന്തെങ്കിലും തെറ്റിയതാണോ? ഷമിക്കണം ഷക്കീര്‍ എനിക്കിത് വിശ്വസിക്കാനാകുന്നില്ല.)

7 comments:

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ. ആ വീഡിയോ യും കണ്ടു.

വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ.

സക്കീറിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു...

Unknown said...

വായാനയുടെ അല്പം കണ്ണീരും

smitha adharsh said...

വിശ്വസിക്കാനാവാതതാണ് പലപ്പോഴും നമുക്കു വിശ്വസിക്കേണ്ടി വരുന്നതു.

പാമരന്‍ said...

""അടരുവാന്‍ വയ്യ... അടരുവാന്‍ വയ്യ........നിന്‍ ഹൃദയത്തില്‍ ‍നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും.... ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പോഴാണെന്റെ സ്വര്‍ഗംനിന്നിലടിയുന്നതെ നിത്യസത്യം.....""

ഹൊ മാഷെ.. വിശ്വസിക്കാന്‍ പറ്റുന്നില്ലെനിക്ക്‌..

മാണിക്യം said...

ആരോടും പറയാന്‍ വയ്യാതെ
വിങ്ങുന്ന മാനസിന്റെ
തേങ്ങലുകള്‍ പങ്കു വയ്ക്കാന്‍
മറ്റൊരു മനസ്സ് ..

ശലിത പവനന്‍. said...

Blog Vayichuuuuuuuuu...
NAnnayittundu.......
commentsinu Thanks........

Kichu $ Chinnu | കിച്ചു $ ചിന്നു said...

വളരെ വിഷമിപ്പിക്കുന്ന സത്യം... വീഡിയോ ഇപ്പൊ കാണുന്നില്ല.. ഓഫീസാണെ..:) .. പിന്നെ കണ്ടോളാം.. ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തിട്ടൂണ്ട്