Tuesday, July 22, 2008

മോഹവും മോഹഭംഗങ്ങളും.

ഇതുപോലെ എനിക്കു പലപ്പോഴും പറ്റിയിട്ടുണ്ട്. അതുകൊണ്ട് വലിയ നിരാശയൊന്നും ഇപ്പോള്‍ തോന്നാറില്ല. ശീലമായി, എന്നു വേണമെങ്കില്‍ പറയാം.

ഒരിക്കല്‍, ചെന്നൈയില്‍ നിന്നും ഒരു വാരാന്ത്യത്തില്‍ ഞാന്‍ ബാംഗ്ലൂറ് പോയി. രണ്ടു ദിവസം രാമനാഥന്റെ കൂടെ കഴിയാം, ചുറ്റിക്കറങ്ങാം എന്നതായിരുന്നു പദ്ധതി. രണ്ട് ദിവസവും വിചാരിച്ചതിനേക്കാള്‍ നന്നായി പോയി. രാമന്‍ എന്റെ ഹോസ്റ്റ്ല് മേറ്റ് ആണു. സ്വന്തം വീട് പോലെ അവനുമായി പെരുമാറാം.

പോരുന്ന ദിവസം, ഞങ്ങള്‍ വൈകുന്നേരം താമസിക്കുന്നതിനടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. അവന്‍ എന്തൊക്കെയോ വാങ്ങി കൂടെ ഒരു നല്ല (വില കൂടിയ) പെര്‍ഫ്യൂം എടുത്തു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അത് എന്റെ കയ്യില്‍ തന്ന് നല്ല ബ്രാന്‍ഡാണ് ... പണ്ട് ഞാന്‍ ഇതു മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ. എന്നൊക്കെ പറഞ്ഞ് പെര്‍ഫ്യും എന്റെ കൈയ്യില്‍ വച്ചുതന്നു. (പിന്നെ ഞാനോന്നും ഓര്‍ക്കുന്നില്ല....).

ഞാന്‍ അന്നു രാത്രി 9 മണിയുടെ ബസ്സിനു തിരികെ ചെന്നൈയിലേക്ക് പോരാന്‍ ട്രാവത്സിനടുത്ത് രാമന്‍ എന്നെ കൊണ്ടാക്കി. രാമന്‍ തിരികെ ചെന്ന് എന്നെ ഫോണ്‍ വിളിച്ചു: എടാ നീ ആ പെര്‍ഫ്യും എടുത്തോ. ഇവിടെ നോക്കിയിട്ട് കാണുന്നില്ല?! ഞാന്‍ ആകെ ഫ്യൂസ് ആയി, കാരണം എനിക്കു തന്നതാണെന്നു കരുതി ഞാനതെടുത്ത് എന്റെ ബ്യാഗില്‍ വച്ചിരുന്നു. ഞാന്‍ പറഞ്ഞു: ‘അതെന്റെ ബ്യാഗിലുണ്ട്. നീ വേഗം വന്നാല്‍ തരാം, അല്ലെങ്കില്‍ ഇവിടെ ട്രവത്സില്‍ ഏല്പിച്ചിട്ട് പോകാം.’ ഞാന്‍ പോരുന്നതിന്ന് മുന്നേതന്നെ രാമന്‍ സ്ഥലത്തെത്തി, തൊണ്ടിസാധനം കൊണ്ടുപോയി.

ഇതില്‍ രണ്ടു കാര്യമുണ്ട്. (1) എനിക്ക് പെര്‍ഫ്യൂമിനോട് അത്ര ആക്രാന്തം ഇല്ല. (2) എനിക്കത് വേണമെങ്കില്‍ എടുത്തോളൂ എന്ന് രമന്‍ പറഞ്ഞൂ. എങ്കിലും എനിക്കാ സംഭവം എന്തോ ഒരു ഇശ്ചാഭംഗം മാതിരി തോന്നി. (കേവലം ഒരു ചമ്മല്‍ മാത്രമായിരുന്നു) ഇന്നും മനസ്സില്‍ മായതെ നില്‍ക്കുന്നു. ഓര്‍ക്കുമ്പോള്‍ ഒരു ചമ്മല്‍!!

ഇമ്മാതിരി ഒരു സംഭവം അടുത്തയിടെ നടന്നപ്പോള്‍ ആണു പഴയത് ഓര്‍മ്മ വന്നത്. ഞങ്ങളുടെ (താമസിക്കുന്ന) പുരയിടം, അപ്പച്ചന്‍ പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തമായി അദ്ധ്വാനിച്ചു വാങ്ങിയതാണ്. 2002 - ല്‍ ആണു ഞാന്‍ പുതിയ വീട് വയ്ക്കാന്‍ വയ്പ എടുക്കുന്നത്. അപ്പോള്‍ 18 സെന്റ് സ്ഥലത്തിന്റെ ആധാരം എന്റെ പേരില്‍ ആക്കി. കാലം കഴിഞ്ഞു പോയി. ഞാന്‍ ധരിച്ചത് അപ്പച്ചന്‍ എന്നേക്കുമായി സ്നേഹപൂര്‍വ്വം ആ സ്ഥലം എന്റെ പേരില്‍ എഴിതിയതാണെന്നാണ്! അങ്ങിനെ തന്നെ ഞാന്‍ എന്റെ ഉറ്റമിത്രങ്ങളുടെ അടുത്തും ഭാര്യയുടെ അടുത്തും അഭിമാനപൂര്‍വ്വം വീമ്പിളക്കി. (എന്റെ കല്യാണം 2006 - ല്‍ ആയിരുന്നു.) പിതൃസ്നേഹത്തിന്റെ ഉത്തമമാതൃകയായി ഞാന്‍ എന്റപ്പനെ കണ്ടു.

അടുത്തിടെ ലോണ്‍ അടച്ചുതീര്‍ത്ത് ഞാന്‍ എന്റെ ഒരു വലിയ ബാധ്യത ഒഴിവാക്കി. അതിനുശേഷം ഒരു സുപ്രഭാതത്തില്‍ 7.00 am മണിക്കണ്, അപ്രതീക്ഷിതമായി ആ ബോംബ് ഞങ്ങളുടെ വീടിന്റെ ഉമ്മറത്ത് വീണത്. പത്രം വായിച്ചുകൊണ്ടിരുന്ന അപ്പച്ചന്‍ ചായഗ്ലാസ്സ് നിലത്ത് വച്ച് ഇങ്ങിനെ പറഞ്ഞു: ‘ ഏതായലും ലോണ്‍ ബാധ്യത തീര്‍ന്നല്ലോ, ഇനി ആ ആധാരം നമുക്കു പഴയപടി ആക്കിയേക്കാം.!!??’ ഞാന്‍ ഒന്നു ഞെട്ടിയെങ്കിലും പുറമേ കാണിച്ചില്ല. ‘അതിനെന്താ’ എന്ന് മറുപടി പറഞ്ഞു. കൂടുതല്‍ സംസാരം ഒന്നും ഉണ്ടായില്ല.

അപ്പനു മകന്റെ പേരില്‍ ആധാരം ഇഷ്ടദാനം നടത്താന്‍ എളുപ്പമാണ്. എന്നാല്‍ മറിച്ച് അങ്ങിനെ ചെയ്യാന്‍ സാധ്യമല്ല!! പിന്നെ എന്ത് ചെയ്യും? ആധാരം മറിച്ചെഴുതണമെങ്കില്‍ വില്പനയായി കാണിക്കണം, അപ്പോള്‍ ഒരു ലക്ഷത്തില്‍ അധികം തുക എഴുത്തുകൂലി, കരം, ഇത്യാദി വരും. കര്യം അങ്ങിനെ ‘ഫ്രീസിങില്‍’ നില്‍ക്കുകയാണിപ്പോള്‍. അല്ലെങ്കില്‍ ഞാന്‍ എന്റെ വില്പത്രം അപ്പച്ചന്റെ പേരില്‍ എഴുതിവയ്ക്കണം. മകന്‍ അപ്പന്റെ പേരിലേയ്ക്ക് വില്പത്രം എഴുതിവയ്ക്കുന്നത് അസ്വാഭാവീകമാണ്.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിരിക്കുമ്പോള്‍ എന്റെ ഉള്ളില്‍ ഒരല്പം ഇശ്ചാഭംഗം / മോഹഭംഗം. എന്തു കൊണ്ടായിരിക്കാം ഇങ്ങിനെ മറിച്ചു ചിന്തിക്കാന്‍ അപ്പച്ചനെ പ്രേരിപ്പിച്ചത്?
1) വീട് പണി നടക്കുന്നതിനാല്‍ അനിയത്തിയും കുട്ടികളും ഞങ്ങളുടെ കൂടെയാണ് ഉള്ളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സ്വാതന്ത്ര്യം അവള്‍ക്ക് കിട്ടുന്നില്ലേ?
2) വീട് പണി നടക്കുന്നതിനാല്‍ അനിയത്തി സ്വന്തം അപ്പച്ചന്റെ കയ്യില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നു. അതു കൊടുക്കാന്‍ അപ്പച്ചനു നിര്‍വാഹം ഇല്ല. (അപ്പോള്‍ തോന്നിയതാവാം വീട് അവനു എഴികൊടുക്കണ്ടായിരുന്നു.)
3) ഞാന്‍ അടുത്തെങ്ങാന്‍ മരിച്ചുപോയാല്‍ എന്റെ സ്വത്ത് മുഴുവനും ഭാര്യക്കും മോനും മാത്രമായിത്തീരും. അപ്പോള്‍ എന്റെ മാതാപിതാക്കളുടെ ഭാവി എന്താണ്? (സ്വാഭാവികമായ സംശയം)
4) അപ്പച്ചന്‍ 25 -ആം വയസ്സില്‍ സ്വന്തമായി ഒരു പുരയിടം (PLOT 18 സെന്റ്) വാങ്ങി. ഞാനും അതുപോലെ ചെയ്തു കാണാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഞാന്‍ വേണ്ടത്ര പിടിപ്പില്ലാതെ കാശു ചെലവു ചെയ്യുന്നതായി അപ്പനു തോന്നുന്നുണ്ടാവാം - ഉദാഃ കാറ് വാങ്ങിയത്.

രണ്ടും വളരെ വ്യത്യസ്ഥങ്ങളായ സംഭവങ്ങളാണെങ്കിലും ‘ഇശ്ചാഭംഗം’ ആണ് രണ്ടിന്റെയും കാതല്‍. കയ്യില്‍ വന്നുചേര്‍ന്നുവെന്ന് കരുതിയത് അല്ലാ എന്നറിയുമ്പോളുള്ള വിഷമം/ ചമ്മല്‍. ബൈബിളില്‍ യേശു മനോഹരമായി പറയുന്നുണ്ട്: ‘വിരുന്നിനു പോകുമ്പോള്‍ ആദ്യം തന്നെ കസേരയില്‍ കയറി ഇരിക്കരുത്. ആധിഥേയന്‍ വന്ന് വിളിക്കും. അല്ലെങ്കില്‍ (ചാടികയറി ഇരുന്നാല്‍) ചിലപ്പോള്‍ എഴുന്നേല്ക്കേണ്ടി വരും’. ഇശ്ചാഭംഗങ്ങള്‍ ഒഴിവാക്കാന്‍ ഈ ബൈബിള്‍ വചനം ഓര്‍മ്മിക്കുന്നത് നല്ലതാണ്. വിരുന്നിനു മാത്രമല്ല, ഏതു സന്ദര്‍ഭത്തിനും ഇതു ബാധകമാണ്.

7 comments:

ശ്രീ said...

അവസ്ഥ ശരിയ്ക്കു മനസ്സിലാക്കുന്നു. നല്ലവണ്ണം ചിന്തിപ്പിച്ച ഒരു പോസ്റ്റ്. ഇത്രത്തോളമൊന്നും വരില്ലെങ്കിലും കുഞ്ഞായിരിയ്ക്കുമ്പോള്‍ മനസ്സിനെ വേദനിപ്പിച്ച ചില കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ (ഇച്ഛാഭംഗങ്ങള്‍ എന്നു തന്നെ പറയാം) എനിയ്ക്കും ഓര്‍മ്മ വന്നു. [ഒന്നും മറന്നിട്ടില്ല; പക്ഷേ ഒന്നും പറയുന്നുമില്ല]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോള്‍ ഇത് സ്ഥിരമായി സംഭവിക്കാറുള്ളതാണോ?

OAB/ഒഎബി said...

അതു ശരിതന്നെ പലപ്പഴും അങ്ങനെ സംഭവിക്കാറുള്ളതുമാണ്‍.
ഇങ്ങനെ ഇച്ഛാ‍ഭംഗം വന്ന്, വന്ന് വലത് കോളത്തിലെഴുതിയത് മാറ്റിയെഴുതരുതേ...

ഒഎബി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒന്നു ഇരുത്തി ചീന്തിപ്പിച്ചു, ആ ആധാരത്തിന്റെ കാര്യം!

Kichu $ Chinnu | കിച്ചു $ ചിന്നു said...

മോഹങ്ങളും മോഹഭംഗങ്ങളും....
നന്നായി മാഷെ...

Unknown said...

ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ സംഭവിക്കുന്നതു തന്നെ

Daffodil said...

തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ ബാല്യത്തിലും കൌമാരത്തിലും ഒക്കെ പലാപ്രാവശ്യം സമ്ഭവിചിട്ടുള്ളഥ്. സങ്കടം വരുന്നു......