Wednesday, April 25, 2018

സോഷ്യൽ മീഡിയ ഡീട്ടോക്സ്

സോഷ്യൽ മീഡിയ ഡീട്ടോക്സ് 
ബ്ലൂവെയിൽ മുതൽ തുടങ്ങിയ വെല്ലുവിളി ബൈക്ക് റേസിംഗ് ചലഞ്ചിൽ എത്തിനിൽക്കുമ്പോൾ നിരവധിപേരുടെ ജീവനാണ് നവമാധ്യമഅടിമത്തം എടുത്തത്. ഒട്ടനവധി നേട്ടങ്ങളുമായാണ് സോഷ്യൽമീഡിയ നമ്മുടെയിടയിൽ അവതരിച്ചതെങ്കിലും അതിലേക്കുള്ള അമിതമായ അഭിനിവേശവും അടിമത്തവും നിരവധി യുവാക്കളുടെ ജീവിതം ദുരിതപൂർണ്ണമാക്കി. പഠനത്തിലും ജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും വൻ പരാജയങ്ങൾ ഈ അഡിക്ഷനിലൂടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. 

“ഭയം, വിഷാദം, ദേഷ്യം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ,  അമിതവാശി, പഠനത്തിൽ ശ്രദ്ധക്കുറവ്, സാമൂഹ്യബന്ധങ്ങളിൽ നിന്നും ഉൾവലിയുക....”  സോഷ്യൽ മീഡിയയുടെ വ്യാപകമായ പ്രചാരണത്തോടെ ഇതുപോലെയുള്ള മാനസീക പ്രശ്നനങ്ങൾ വിദ്ധ്യാർത്ഥികളയും മുതിർന്നവരെയും അലട്ടാൻ തുടങ്ങുകയും പലരും തങ്ങളുടെ വൈകല്യം തിരിച്ചറിഞ്ഞ് കൗൺസിലിംഗ് പോലുള്ള പ്രശ്നപരിഹാര മാർഗ്ഗങ്ങൾ തേടിത്തുടങ്ങി.

ഒട്ടനവധി കുടുംബങ്ങളിൽ സോഷ്യൽ മീഡിയ ഒരു വില്ലനായി മാറുകയും കുടുംബകലഹത്തിനും വിവാഹമോചനത്തിനും വൈരാഗ്യ കൊലപാതങ്ങൾക്കും കാരണമായി. പഠിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ക്ഷീണഭാവങ്ങൾ അമിതമായ മൊബൈൽ / ലാപ്ടോപ്പ് ഉപയോഗം കൊണ്ട് കണ്ടുവരുന്നു. 

ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടുരസിക്കുക, തുടർച്ചയായി മണിക്കൂറുകളോളം വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുക, ഒരു ദിവസത്തിൽ പത്തിലധികം തവണ സെൽഫി എടുത്തു രസിക്കുക, ഫേസ്ബുക് / വാട്ട്സാപ്പ് അക്കൗണ്ടുകൾ ഒരു മണിക്കൂറിൽ പലപ്രാവശ്യം നോക്കുക, ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ /ടാബ്ലറ്റ് കയ്യിൽ നിന്നും താഴെവയ്ക്കാൻ മടിക്കുക തുടങ്ങിയ ശീലങ്ങൾ സോഷ്യൽ മീഡിയ അഡിക്ഷൻ എന്ന അസുഖത്തിന്റെ ലക്ഷങ്ങൾ ആണ്.

നിങ്ങൾ സോഷ്യൽ മീഡിയയുടെ നീരാളിപ്പിടുത്തത്തിൽ ആണെങ്കിൽ അതിൽ നിന്നും മുക്തിനേടാൻ എത്രയും വേഗം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം കൊണ്ട് നുള്ളിയെടുക്കാവുന്ന കാര്യമല്ല ഈ ഇന്റർനെറ്റ് അടിമത്തം. ചെറുതായി ശ്രമിച്ചാൽ കുറച്ചു നാൾ കൊണ്ട് ഈ അഡിക്ഷൻ ഒഴിവാക്കിയെടുക്കാം. അനാവശ്യമായി സമയം പാഴാക്കുന്നത് ഒഴിവാക്കാം, കൂടുതൽ ഫലപ്രദമായ കാര്യങ്ങൾക്ക് (കുട്ടികൾക്ക് അവരുടെ പഠനത്തിന്) ഈ സമയം ചെലവാക്കാൻ സാധിക്കും, ശാരീരികമായും മാനസികമായും ഉണർവ്വ് വീണ്ടെടുക്കാൻ സോഷ്യൽ മീഡിയ  ഡീട്ടോക്സ്  കൊണ്ട് സാധിക്കും. 

ലളിതമായ പൊടികൈകൾ ഇതാ:

  1. അലാറം മൊബൈലിൽ സെറ്റ് ചെയ്യാതിരിക്കുക. 100 രൂ കൊടുത്ത് ഒരു ചെറിയ അലാറം വാങ്ങുക, അതിൽ മാത്രം അലാറം വയ്ക്കുക. രാവിലെ അലാറം കേട്ട് ചാടിയെഴുന്നേറ്റു മൊബൈൽ എടുക്കുന്നത് ഒഴിവാക്കാം  മൊബൈൽ കിടപ്പുമുറിക്ക് വെളിയിൽ വയ്ക്കുക.   
  2. മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ [വാട്ടസ്ആപ് / ഫേസ്ബുക് ] നോട്ടിഫിക്കേഷൻ മെസ്സേജ് ടോൺ നിശബ്ദമാക്കി വയ്ക്കുക. ഇടയ്ക്കിടക്ക് മണിയടികേട്ട് ഓടിച്ചെന്ന് മൊബൈൽ നോക്കാനുള്ള പ്രവണത താനെ ഇല്ലാതാവും
  3. രാവിലെ എഴുന്നേറ്റത്തിന് ഒരു മണിക്കൂർ ശേഷം മാത്രമേ മൊബൈൽ മെസ്സേജുകൾ വായിക്കുകയുള്ളൂ എന്ന് സുദൃഢമായ തീരുമാനമെടുക്കുക. രാത്രി 10 മണിക്ക് ശേഷം ചാറ്റിങ് ഒഴിവാക്കുക 
  4. സോഷ്യൽ മീഡിയ [വാട്സ്ആപ് ഒഴികെ] എല്ലാം കമ്പ്യൂട്ടറിൽ മാത്രം ലോഗിൻ ചെയ്തു ശീലമാക്കുക ഉദാ: ഫേസ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റെർ മുതലായവ 
  5. മാസത്തിൽ ഒരിക്കലെങ്കിലും ഇന്റർനെറ്റ് ഓഫാക്കി ഒരു ദിവസം കഴിയുക
  6. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് ഉപകരിക്കുന്ന ആപ്പുകൾ മൊബൈലിൽ ആക്കികൊടുക്കുക. ബ്രിട്ടീഷ് കൌൺസിൽ, അലയൻസ് ഫ്രാഞ്ചയിസ്‌, കേംബ്രിഡ്ജ് തുടങ്ങിയ സ്ഥാപങ്ങളുടെ ആപ്പുകൾ, യൂട്യൂബ് ചാനലുകൾ ഭാഷാപഠിക്കാൻ ഉപയോഗിക്കാം
  7. ശരിയായ വെളിച്ചം ഇല്ലാത്ത മുറിയിൽ, ഇരുട്ടത്ത് മൊബൈൽ /ടാബ്ലറ്റ് സ്‌ക്രീനിൽ നോക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം. ഇത് കണ്ണുകൾക്ക് വളരെയധികം ദോഷം ചെയ്യും  

നിങ്ങൾ ഒരുദിവസം മൂന്നു മണിക്കൂറിലധികം ഇൻറർനെറ്റിൽ മുൻപിൽ (ജോലിക്കുവേണ്ടിയല്ലാതെ) സമയം പാഴാക്കുന്നവരാണെങ്കിൽ, പാതി രാത്രി ഒരുമണി രണ്ടുമണി വരെ മൊബൈൽ മെസ്സേജുകൾ വായിക്കുന്നവരാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് 'സോഷ്യൽ മീഡിയ  ഡീട്ടോക്സ്' ആവശ്യമാണ് 

Written by: ജോസി വർക്കി 
ഇന്നോമൈൻഡ്‌സ് അക്കാദമി
എറണാകുളം [മൊബൈൽ : 95260 83240]