Friday, March 14, 2014

ഇതൊരു അസുഖമാണോ ഡോക്ടർ?

ഇതൊരു അസുഖമാണോ ഡോക്ടർ?

കുറച്ചു ദിവസമായി വലിയ ജലദോഷവും മൂക്കൊലിപ്പും!! ഇതത്ര വലിയ അസുഖം ആണോ എന്ന് ചോദിച്ചാൽ എനിക്കിപ്പോ ഇതു വല്യ ആനക്കാര്യം ആണ്. മൂക്കിൽ നിന്നും നിർബാദം ഒഴുകിക്കൊണ്ടിരിക്കുക എന്നു വച്ചാൽ ഇതിൽ പരം നാണക്കേട്‌ എന്തുണ്ട്? ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോഴും ഓഫീസിൽ ഇരിക്കുമ്പോഴും ശ്ശൊ, ഈ മൂക്കൊലിപ്പ് ശല്യം.

എന്നെ പണ്ടു മുതൽ ഉപദ്രവിക്കുന്നത് ഇമ്മാതിരി ലൊട്ടുലൊടുക്ക് അസുഖങ്ങൾ ആണ്. സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ താരന്റെ അസുഖം! ഇതാണോ വല്യ അസുഖം, എന്നു  നിങ്ങൾ ചോദിക്കും. എന്നാൽ തലയിൽ നിന്നു തരാൻ കണ്ണിന്റെ പീലികളിൽ ഇറങ്ങി, വ്യാപിച്ചാൽ നല്ല രസമാണ്. രാവിലെ കണ്‍പോളകളിൽ പീളകെട്ടി കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതും പ്രീ -ഡിഗ്രിയ്ക്ക് പഠിക്കുന്ന മധുര പതിനേഴുപ്രായത്തിൽ?  ഈ അവസ്ഥയിൽ പല ക്യാമ്പുകളും ടൂറുകളും ഞാൻ ഒഴിവാക്കി. കാരണം അതിരാവിലെ പീളകണ്ണുകളുമായി കൂട്ടുകാരുടെ മുഖത്ത് നോക്കാൻ എനിക്ക് നാണമായിരുന്നു.            

കാലമാകുന്ന ദിവ്യവൈദ്യൻ ആ അസുഖത്തെ/  അസ്വസ്ഥതയെ കൂട്ടികൊണ്ടുപോയി.

സ്കൂൾ / കോളജ് കാലത്തിൽ 'മൈഗ്രൈൻ' ആയിരുന്നു വില്ലാൻ. രാവിലെ എഴുന്നേൽക്കുമ്പോൾ നെറ്റിയുടെ ഒരു വശത്ത് കഠിനമായ തലവേദന തോന്നും.ഒരു സ്ക്രൂആണി പിരിച്ചുതുളച്ചു കേറ്റുന്ന മാതിരി. ഹൂൂ .... ഓർക്കുമ്പോൾ തന്നെ തലവെദനിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന യുണ്ടെങ്കിൽ അന്നത്തെ ദിവസം കുശാൽ ആണ്. പിന്നെ ഒന്നും ചെയ്യേണ്ട ... ഒരു മരുന്നും കഴിക്കണ്ട. ഭക്ഷണവും കഴിക്കണ്ട.  കിടന്നോളുക, ജനലും വാതിലും പൂട്ടി, വെളിച്ചം  കാണാതെ, തുടർച്ചയായി ശർദ്ധിക്കും  അത് കൊണ്ട് ഇടയ്ക്കിടയ്ക്ക് കുറച്ചു വെള്ളം കുടിച്ചു കൊണ്ടിരിക്കണം.

വെള്ളം കുടിക്കുക, ശർദ്ദിക്കുക .... നല്ല ആശ്വാസം കിട്ടും. ഇത് വൈകിട്ട് 4 മണിവരെ തുടരണം, ചിലപ്പോൾ 7 - 8  മണി വരെയൊക്കെ നീളും. അവസാനം ശർദ്ദിലും നിക്കും,
തലവേദനയും മാറും നമ്മൾ ഒടിഞ്ഞു തൂങ്ങി ഒരു വഴിയാവുകയും ചെയ്യും. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഒരു കട്ടനും റസ്കും കഴിച്ചാൽ ഉഷാറായി കോളേജിൽ പോകാം.

8-10  വർഷത്തോളം ഇതായിരുന്നു പുകിൽ. പിന്നെ കുറച്ചു ആയുർവേദവും ജീവിതചര്യാ ക്രമീകരണവും നടത്തി ഇതിൽ നിന്നും രക്ഷപെട്ടു!! ഉറക്കം നിൽക്കാതിരിക്കുക, ഭക്ഷണം സമയത്തു തന്നെ കഴിക്കുക, അധിക നേരം ടി.വി. / കമ്പ്യൂട്ടർ ഇവയ്ക്ക് മുന്നിൽ ചെലവൊഴിക്കരുത് എന്നിങ്ങനെ.

പിന്നീട് വലിയൊരു മാരണം ഭഗന്ദരം അഥവാ പൈൽസ് അഥവാ മൂലക്കുരു ആയിരുന്നു. ഇത് എന്റെ ജോലിയുടെ ഭാഗമായി ഉള്ള യാത്രകളുടെയും സ്ഥിരമായ ബൈക്ക് ഓടിക്കലിന്റെയും ഹോട്ടൽ ഭക്ഷണത്തിന്റെയും ബാക്കിയായി കിട്ടിയ ഒരു ഒരു സമ്മാനം ആയിരുന്നു. (അന്ന് ഞാൻ ORG -യിൽ ഫീൽഡ് ഓഫീസർ ആയിരുന്നു.) പുറത്തു പറയാൻ നാണക്കേട്‌ ഉള്ള അസുഖം. പുറത്താരും അറിയാത്ത അസുഖം. സ്വന്തം വേദന സ്വയം സഹിക്കണം അത്രമാത്രം, ഹമ്മോ ഓർക്കുമ്പോൾ കിടുകിടുക്കുന്നു. അതിനു അലോപതി പയറ്റി, ആയുർവേദത്തിൽ ക്ഷാരസൂത്രം പയറ്റി, അവസാനം ആണ് പടിയാർ ഹോമിയോ കോളേജിലെ പ്രകാശ്‌ സാറിന്റെ അടുത്തെത്തുന്നത്.  അലോപ്പതിയിൽ ശസ്ത്രക്രിയയും ആയുർവേദത്തിൽ ക്ഷരസൂത്രവും ചെയ്തു. എങ്കിലും അവൻ ആറു മാസം കഴിഞ്ഞപ്പോൾ പഴയപോലെ തിരിച്ചെത്തി! എന്നെ വിട്ടുപോകാൻ മനസ്സില്ല എന്നു പറഞ്ഞു, കൂടുതൽ സ്നേഹത്തോടെ ഒരു കൂട്ടുകാരനായി.    

പ്രകാശ്‌ സാറിന്റെ ചികിത്സ ഫലിച്ചു. ഏകദേശം ഒരു വർഷത്തെ മരുന്ന് തീറ്റ ( ഹോമിയോ) കൊണ്ട് അവസാനം അവൻ നിശേഷം പിൻവാങ്ങി. ഇപ്പോൾ ഏകദേശം രണ്ടു വർഷത്തോളമായി യാതൊരു ശല്യവും ഇല്ല. എങ്കിലും ഭക്ഷണം, വിശ്രമം ഒക്കെ ശ്രദ്ധിച്ച് ജീവിക്കുന്നു. ബൈക്ക് ഓടിക്കൽ പൂർണ്ണമായി നിറുത്തി, അതുപോലെ ബസ്സിൽ ഇരുന്നു ദീർഘദൂര യാത്രകളും  ഒഴിവാക്കുന്നു. ഓഫീസ്സിൽ മാത്രമാണ് തുടർച്ചയായി കൂടുതൽ നേരം ഇരിക്കേണ്ടി വരുന്നത്.      

സൈനസൈറ്റിസ് / മൈഗ്രൈൻ ഇവ സഹോദരന്മാർ ആണെന്ന് തോന്നുന്നു. ഒരാളല്ലെങ്കിൽ മറ്റൊരാൾ ഇടയ്ക്ക് വരും സുഖവിവരം അന്വേഷിക്കാൻ. ഇപ്പോൾ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ ഒക്കെയായി തുടങ്ങിയിട്ട് രണ്ടാഴ്ച  കഴിഞ്ഞു. ഇംഗ്ലീഷ് മരുന്ന് പൂർണ്ണമായി ഒഴിവക്കിയിരിക്കുന്നതിനാൽ 'പടിയാർ ഹോമിയോ' ആശുപത്രിയിൽ തന്നെ പോയി കുറച്ചു മരുന്നു വാങ്ങി. കുറവുണ്ടോ എന്നു ചോദിച്ചാൽ കുറവുണ്ട്, എന്നാൽ മാറുന്ന മട്ടുമില്ല!! മൂക്കൊലിപ്പിച്ചു ഓഫീസ്സിൽ ഇരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ടേ,,, മൂക്ക് ചീറ്റി ചീറ്റി മടുത്തു, ഇത്രമാത്രം കഫം എന്റെ തലയിൽ നിന്നു തന്നെയാണോ?  


കഴിഞ്ഞ 30 വർഷത്തിലേറെയായി ഇമ്മാതിരി കുറേ കുഞ്ഞൻ അസു:ഖങ്ങൾ ഇണങ്ങിയും പിണങ്ങിയും എന്റെ പിറകെ നടക്കുന്നു. ഇതാണോ ഇപ്പ വല്യ അസുഖം എന്നാരെങ്കിലും ചോദിച്ചാൽ, ഞാനെന്തു പറയും? പല്ലുവേദന ഉള്ളവൻ ചെന്ന് അർബുദരോഗിയുടെ അടുത്ത് ചെന്ന് "ഹയ്യോ, എന്തൊരു പല്ലുവേദന" എന്നു പറഞ്ഞാൽ? അതിൽ തെറ്റുണ്ടോ?
രോഗങ്ങൾക്ക് വലിപ്പചെറുപ്പമില്ല. എന്റെ വേദന എനിക്കു വലുത്. കാക്കയ്ക്ക് തൻ കുഞ്ഞു പൊൻ കുഞ്ഞ് എന്നു പറയുന്നപോലെ, എനിക്ക് എന്റെ മൂക്കു വേദനയാണ് ഏതു കാൻസറിനെക്കാളും വലുത്. എന്റെ വേദനകൾക്ക് മുൻപിൽ യാതൊരു വേദാന്തത്തിനും സ്ഥാനമില്ല!!                    

            

ചില ഇലക്ഷൻ ചിന്തകൾ ...

  • ഞാൻ കണ്ടതിൽ ഏറ്റവും അന്ധവിശ്വാസികൾ 'ഇടതു പക്ഷം' ആണ്
  • ബി.ജെ.പി. അല്ല ഏറ്റവും വലിയ വർഗീയ കക്ഷി
  • മുന്നണി ഭരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
  • മുന്നണി അല്ലാതെ ഒറ്റയ്ക്ക് 'കോണ്‍ഗ്രസ്' മത്സരിച്ചാൽ ഞാൻ 'കോണ്‍ ഗ്രസ്സിൽ' ചേരും
  • ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഭരണത്തിൽ കയറുന്നതു വരേ ഉള്ളൂ
  • സിനിമ താരങ്ങളെ സ്ഥാനാർത്തികൾ ആക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്
  • സജീവ രാഷ്ട്രീയത്തിൽ ഉള്ള സിനിമ താരങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം
  • സ്വന്തം മണ്ഡലത്തിൽ ( അഞ്ചുവർഷം ഭരിച്ച) മത്സരിക്കാൻ പേടിയുള്ളവൻ രാഷ്ട്രീയം വിടണം
  • സീറ്റിനു വേണ്ടി മറുകണ്ടം ചാടുന്ന ഈർക്കിലി പാർട്ടികൾ ആണു നമ്മുടെ നാടിൻറെ ശാപം
  • നിയമസഭയിൽ സാമാജികൻ ആയിരിക്കുന്ന വ്യക്തിയെ ലോക്സഭയിലേക്ക് മത്സരിക്കാൻ അനുവദിക്കരുത്
  • ജയിച്ച എം.പി./ എം.എൽ.എ  രാജി വച്ചാൽ രണ്ടാം സ്ഥാനക്കാരനെ വാഴിക്കണം
  • ഇന്ന് നമുക്ക് ദേശീയ കക്ഷികൾ / പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
  • വാർഗീയ, പ്രാദേശിക, താത്പര കക്ഷികൾ കൂണുപോലെ മുളക്കുന്നു
  • രാഷ്ടീയത്തിലെ ആൾദൈവങ്ങൾ നാടിന്റെ ശാപം
  • വ്യക്തി അദിഷ്ടിത രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നടപടിയുണ്ടാവണം
  • ഫ്ലെക്സ് ബോഡുകൾ പൂർണ്ണമായും കർശനമായും നിരോധിക്കണം
  • രാഷ്ട്രീയ നേതാക്കന്മാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക, വര്ഗീയ, ആത്മീയ നേതാക്കന്മാരെ കാണുന്നത് , ഹാ കഷ്ടം
  • ഞാഞ്ഞൂൽ - ഈർക്കിലി പാർട്ടികളെ വളർത്തുന്ന ദേശീയ പാർട്ടികൾ കൊണ്ടേ അനുഭവിക്കൂ
  • ഇലക്ഷൻ സമയത്ത് ഇറങ്ങുന്ന കള്ളപ്പണത്തിന്റെ  ഉറവിടം കണ്ടെത്താൻ ധൈര്യമുള്ള ഏതു പാർട്ടിയുണ്ടിവിടെ?
  • മോദി അല്ല ഭീകരൻ, വെളിയിൽ അറിയാത്ത എത്രയോ പേർ!! 
  •