Sunday, September 17, 2023

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം:

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷം ഞങ്ങൾ മുളവുകാടേയ്ക്ക് യാത്രതിരിച്ചു

സ്വാതന്ത്ര്യ ദിനം ആയതിനാൽ എയ്ഞ്ചലിന് അന്ന് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ക്യാമ്പ് ഉണ്ടായിരുന്നു, നാലുമണിക്ക് അത് കഴിയും അവളെയും വിളിച്ച് ഹൈക്കോട്ട് ജംഗ്ഷൻ വഴി മുളവുകാടയ്ക്ക് ഉള്ള യാത്ര ഹൈക്കോടതി ജംഗ്ഷനിൽ എത്തിയപ്പോൾ ചാരിയോറ്റ്  ചായക്കടയിൽ നിന്ന് ചായയും പഴംപൊരിയും. ഇടഭക്ഷണം കിട്ടിയ ജോമലിന്റെ വയർ നിറഞ്ഞ, സന്തോഷം. ഏകദേശം നാലേമുക്കാൽ മണിയായപ്പോൾ കാവിലെത്തി 


അമ്പതു പേരോളം പേർ അവിടെ കൂടിയിട്ടുണ്ടായിരുന്നു. ബോബിയച്ചനും കൂടെയുണ്ട്.
വർഷങ്ങളായി ഇതുപോലെ ഉള്ള ആത്മീയ -വേദാന്ത കൂട്ടായ്മകളിൽ പോകാറുണ്ടെങ്കിലും കുടുംബം ഒരുമിച്ച് മക്കളുമൊത്ത് ഇതുപോലെ ഒരു കൂട്ടായ്മയിൽ പോകുന്നത് ആദ്യമായാണ് ചില പ്രഭാഷണങ്ങൾ ചില സംഗീത കച്ചേരികൾ പ്രത്യേകിച്ചും കർണാട്ടിക് സംഗീതം അല്ലെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം രണ്ടുമൂന്നു മണിക്കൂർ ഉള്ള പ്രോഗ്രാമുകളിൽ കുട്ടികൾക്ക് ഇരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അവരുടെ പ്രായത്തിൽ അതുപോലെയുള്ള വിഷയങ്ങളിൽ താല്പര്യമുണ്ടാകില്ലല്ലോ 

അവർക്ക് സിനിമ കാണാൻ പോവുക മാളിൽ ഷോപ്പിങ്ങിനു പോവുക പാർക്കിൽ പോവുക ഇങ്ങനെയുള്ള താല്പര്യങ്ങളാണ് എങ്കിലും റിസ്ക് എടുത്ത് ഇത്തവണ എല്ലാവരും ഒരുമിച്ചു പോകാം എന്ന് കരുതി സംഭാഷണങ്ങളോ പ്രഭാഷണങ്ങളോ ശ്രദ്ധാപൂർവ്വം കേട്ടിരിക്കാനുള്ള ക്ഷമ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഏത് സമയത്താണ് കുട്ടികൾക്ക് ബോറടിക്കുന്നത് അപ്പോൾ തന്നെ അവിടെ നിന്നും സ്നേഹപൂർവ്വം ബൈ പറഞ്ഞു പോരാം എന്ന വാക്കിൽ അവരെ കൂടെയിരുത്തി.

തികച്ചും ഔപചാരികതകൾ ഇല്ലാത്ത ഒരു കൂട്ടായ്മയാണ് താവോ കാവിൽ കണ്ടത്, അനുഭവിച്ചത് എല്ലാവരും വട്ടത്തിലിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചു പാട്ടുപാടിയും കേട്ടു ഓണാഘോഷം + സ്വാതന്ത്രദിന ആഘോഷം എല്ലാം ചേർന്ന് ഒരു കൂട്ടായ്മ ഒരു സ്നേഹ കൂട്ടായ്മ 

ഇമ്മാനുവൽ ജോസഫ് 

ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞുങ്ങൾ അസ്വസ്ഥരാകാൻ തുടങ്ങി എങ്കിലും ഈ കൂട്ടായ്മയുടെ മുഴുവൻ സമയം ഇരിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മനുക്കുട്ടൻ ആണ് ആദ്യം നമുക്ക് തിരിച്ചു പോകാം എന്ന് പറഞ്ഞത് അപ്പോൾ അവിടെ ഫോട്ടോഗ്രാഫി ചെയ്യുന്നുണ്ടായിരുന്നു ഒരു ക്യാമറ ഫ്രീ ആയിരിക്കുന്നത് കണ്ടു ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ചു അദ്ദേഹം സന്തോഷപൂർവ്വം നൽകി. മനു ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായി. സജിത്ത് വേണ്ട ഗൈഡൻസ് കൊടുക്കുന്നുണ്ടായിരുന്നു, അതു കണ്ടപ്പോൾ വലിയ സമാധാനം ആയി.

ക്രിസ്റ്റഫർ ജോസഫ് 

ജോമൽ ആണ് ഏറ്റവും ചെറിയ താരം അവനെ സംബന്ധിച്ചോളം അവിടെ പറയുന്നത് അവിടെ പാടുന്നുവോ ഒന്നും പ്രസക്തമല്ല എന്നറിയാം എങ്കിലും അവൻ ഓണപ്പായസം വിളമ്പുന്നതിലും ചെറുകടികൾ ഓരോരുത്തരും വീട്ടിൽ നിന്നുകൊണ്ടുവന്ന കായ് വറുത്തത്, ശർക്കര വരട്ടി പോലെയുള്ള ചെറുകടികൾ വിതരണം ചെയ്യുന്നതിനും ശ്രദ്ധ ചെലുത്തിയത്തിനാൽ, കർത്തവ്യ നിരതനായി, അങ്ങിനെ അവനും അതിലേക്ക് ഉൾപ്പെട്ടു!

ഏഞ്ചൽ ക്ലയർ 

സ്കൂളിലെ സ്കൗട്ടിന്റെ ഒരു ദിവസത്തെ പരേഡ് പരിപാടികളും കഴിഞ്ഞ് ക്ഷീണത്തിൽ ആയിരുന്നു എങ്കിലും വളരെ ശാന്തമായി എല്ലാം കേട്ടുകൊണ്ടിരുന്നു അവൾക്ക് ഒരു പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ അവളും ഹാപ്പിയായി മൊത്തത്തിൽ പറഞ്ഞാൽ തിടുക്കത്തിൽ തിരിച്ചു പോരേണ്ടിവരും എന്നു കരുതിയ ഒരു സായാഹ്നം രണ്ടുമണിക്കൂർ കടന്നുപോയത് എങ്ങനെ എന്നറിയാതെ ധന്യമായ ഒരുപാട് സ്മരണകൾ സമ്മാനിച്ചുകൊണ്ട് ഒരുപാട് നല്ല മനുഷ്യരെ/ മനുഷ്യസ്നേഹികളെ പരിചയപ്പെടുവാൻ സാധിച്ചു കൊണ്ട് കടന്നുപോയി 

ദിവസവും മനുഷ്യർ ലോകത്ത് നടക്കുന്ന മോശം വാർത്തകൾ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് സങ്കടം കൊണ്ടിരിക്കുമ്പോൾ ഇതുപോലെയുള്ള നിരവധി പച്ച തുരുത്തുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട് എന്ന് ആശ്വാസം ചെറുതല്ല 

വെറുതെ പറഞ്ഞതല്ല കേരളത്തിലെ എല്ലാ ജില്ലയിലും കുറഞ്ഞത് മൂന്നു നാല് ഇടം എങ്കിലും സ്നേഹത്തിന്റെ കൂട്ടായ്മക്കായി സ്നേഹസംവാദങ്ങൾക്കായി ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് എങ്കിലും നമ്മൾ കൂടുതലായി കാണുന്നത് തമസിന്റെ പ്രവർത്തികളെയാണ് ഒരുമിച്ചിരുന്ന് സ്നേഹം പങ്കുവെക്കുന്ന ധാരാളം കൂട്ടായ്മകൾ ഇനിയും വളർന്നു വരേണ്ടിയിരിക്കുന്നു ഇരുട്ടിനെ അകറ്റാൻ ഇതുപോലെയുള്ള ചെറു ദീപങ്ങൾ നിരവധിയായി കേരളത്തിൻറെ മുക്കിലും മൂലയിലും ഓരോ ജില്ലയിലും ഓരോ പഞ്ചായത്തിലും ഓരോ ഗ്രാമപ്രദേശങ്ങളിലും ഒരു തിരിയട്ടെ എന്ന് പ്രാർത്ഥ ിക്കുന്നു 

ഫാ:ബോബി ജോസ് കട്ടികാട് 

ബോബി അച്ഛനെ പരിചയപ്പെടുന്നത് ഗുരു നിത്യ ചൈതന്യ യതി വഴിയാണ് 20-25 കൊല്ലം മുമ്പ് ഒരിക്കൽ ബാനർജി റോഡിലുള്ള ഡിസി ബുക്സിന്റെ ഷോറൂമിൽ ഏതോ പുസ്തകം വാങ്ങാൻ കയറുമ്പോൾ പ്രേംമേട്ടന്റെ മുൻപിൽ ഒരു മനുഷ്യസ്നേഹി മാസിക കിടക്കുന്നത് ഞാൻ കണ്ടു വെറുതെ മറച്ചു നോക്കിയപ്പോൾ അതിൽ ഒരു ചെറു കുറിപ്പ് കാണുവാൻ ഇടയായി ആ കുറിപ്പ് എടുത്തുവെച്ച് ഫോട്ടോ ഇതോടൊപ്പം ഞാൻ ചേർക്കുന്നു ഗുരുവിൻറെ ഒരു കുറിപ്പ് കണ്ടതാണ് എന്നെ മനുഷ്യസ്നേഹി മാസികയിലേക്കു എത്തിച്ചത് മനുഷ്യസ്നേഹി മാസികയാണ് എന്നെ ബോബി അച്ച നിലേക്ക് എത്തിക്കുന്നത് 


പിന്നീട് പല പ്രാവശ്യം 
ആശ്രമത്തിൽ പോയി അച്ഛനെ കാണാൻ ശ്രമിക്കുകയുണ്ടായി എന്നാൽ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല 

മനുഷ്യസ്നേഹി മാസികയുടെ വരിസംഖ്യ അടച്ച്  തിരിച്ചു പോന്നു അച്ചനെ നേരിട്ട് കാണണമെന്ന് മോഹം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 

ബസിലെ കൂടികാഴ്ച: 

സഞ്ചാരിയുടെ ദൈവം ചിലപ്പോൾ ഞങ്ങളുടെ കൂടിക്കാഴ്ചയെ ആ ബസ്സിലേക്ക് കൊണ്ടുവന്ന് എത്തിച്ചതാകാം. ചെരിപ്പിടാത്ത കാൽപാദങ്ങളാണ് എൻറെ ശ്രദ്ധയിൽ ആദ്യം പെടുന്നത് തല ഉയർത്തി നോക്കുമ്പോൾ ബോബിയച്ചൻ! വൈറ്റില വൈറ്റില സർക്കുലർ ബസിലായിരുന്നു. കുറെ നേരം സംസാരിക്കാൻ അവസരം കിട്ടി. പിന്നീട് എന്തെങ്കിലും കുറിക്കണം എന്ന് സ്നേഹപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാനായില്ല . തുടർച്ച യായി എഴുതാൻ കഴിയാത്ത തിൽ കുറ്റബോധം ഉണ്ടെങ്കിലും.

അന്ന് തുടങ്ങിയ യാത്ര ഇന്ന് കാവിൽ എത്തി നിൽക്കുമ്പോൾ ഈ ഭൂമിയിൽ ഒരുപാട് പ്രതീക്ഷകളും ഒരുപാട് പച്ചത്തുരുത്തുകളും ഒരുപാട് നന്മകളും ഇന്നും (എന്നും) നിലനിൽക്കുന്നുണ്ട് നിലനിൽക്കുന്നുണ്ട് വളരെ പോസിറ്റീവായ ശുഭചിന്ത എൻറെ മനസ്സിൽ നിറയുന്നു അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ശാന്തമായിരുന്നു നോക്കുവാൻ കാണുവാൻ മനസ്സിൻറെ ശാന്തിയും സ്വസ്ഥതയും ആസ്വദിക്കുവാൻ ഇനിയും ആയിരക്കണക്കിന് ആളുകൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു 

റീൽസും സ്റ്റാറ്റസും സ്റ്റോറിയും പബ്ജി കളിയും ഒക്കെയായി നമ്മുടെ കുട്ടികൾ ഓരോ നിമിഷവും പാഞ്ഞു പോയിക്കൊണ്ടിരിക്കുമ്പോൾ സ്വസ്ഥമായി ഇരിക്കാൻ കൂട്ടുകൂടാൻ സൊറ പറയാൻ ചുമ്മാതെ ഇരിക്കാൻ നമ്മൾ ഇടം ഒരുക്കി കൊടുക്കേണ്ടിയിരിക്കുന്നു,

താവോ കാവ് പോലെ ....

അതുതന്നെയാണ് ധ്യാനം 

അതുതന്നെയാണ് നമുക്ക് ഇന്ന് ആവശ്യം  

(പണ്ട് എഴുതിയത്)👉🏻

http://jossyvarkey.blogspot.com/2009/05/blog-post_14.html?m=1