Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

Friday, October 16, 2015

ദാമ്പത്യം—ദൈവത്തിന്‍റെ ഒരു സ്‌നേഹോപഹാരം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....
( കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌ )

Tuesday, March 10, 2015

രണ്ടു കത്തുകൾ

രണ്ടു കത്തുകൾ : ആസ്ട്രേലിയയിൽ ഉള്ള കുട്ടേട്ടന് അയച്ചത്

(1) വിശുദ്ധിയുടെ നാളുകൾ ...

കുട്ടേട്ടനും കുടുംബത്തിനും
വലിയ നൊയമ്പിന്റെ ആശംസകൾ!

കഴിഞ്ഞ രണ്ടാഴ്ച്ചയായി കാലിൽ ചെറിയൊരു നീരുമായി മൽപിടുത്തം നടത്തി കൊണ്ടിരിക്കുകയാണ് ഞാൻ. ആദ്യത്തെ 3-4 ദിവസം നല്ല നീരുണ്ടായിരുന്നു, ഹോമിയോ മരുന്ന് കഴിച്ചു അല്പം ശമനം കണ്ടതിനു ശേഷം ഓഫീസിൽ പോയി തുടങ്ങി. 4 ദിവസം വിശ്രമിച്ചു, വിശ്രമിക്കാൻ ദൈവം കൊണ്ടു തരുന്ന ഓരോരോ വഴികൾ. ഇപ്പോൾ ചെറിയ വേദനയും അൽപം നീരും നിറ വ്യത്യാസവും ഉണ്ട്, എങ്കിലും രോഗം അണ്ടർ കണ്ട്രോൾ ആണ്. ദൈവത്തിനു സ്തുതി. യൂറിക് ആസിഡ് കൂടിയതും അല്പം വെരോകോസ് ശല്യവും ആണ് എന്റെ വലതു കാലിനെ ശല്യപ്പെടുത്തുന്നത് എന്നാണ് ഡോക്ടറുടെ നിഗമനം.        

വീട്ടിലെ കാര്യങ്ങൾ നല്ലപോലെ പോകുന്നു. മനു 7 മണിക്ക് സ്കൂളിൽ പോകും, ഏഞ്ചൽ 9  മണിക്കും. പിന്നെ ജിമ്മി കുട്ടനും അമ്മമ്മയും കൂടി മീൻ വരുന്നതും കാത്തിരിക്കും. മീൻ വെട്ട്, പൂച്ചക്ക് കൊടുക്കൽ, കോഴിയെ നോക്കൽ, ഒക്കെയായി അവർ തിരക്കിലാവും, പിന്നെ ജിമ്മിയുടെ കുളി, കുറുക്കു കുടി, ഉച്ചമയക്കം ഒക്കെ കഴിയുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങും, ആദ്യം ഏഞ്ചൽ 3 മണിക്കും മനു 4 മണിക്കും എത്തും. പിന്നെ കളി, തല്ലുകൂടൽ, ടി.വി .കാണൽ ...             

ചേട്ടൻ ഓർക്കുന്നുണ്ടോ നമ്മുടെ വീട്ടിലെ ഊണുമുറിയിൽ മൂലയ്ക്ക് കെട്ടി തൂക്കിയിടുന്ന പഴക്കുല? ഇപ്പോഴും അപ്പച്ചന് പ്രധാനം വാഴകൃഷി തന്നെ. അതുപോലെ ചേട്ടന് വഴപ്പഴത്തോടുണ്ടായിരുന്ന താൽപര്യം പാരമ്പര്യമായി കിട്ടിയിരിക്കുന്നത് ജിമ്മിക്കാണ്. അവനു പഴം എന്ന് കേട്ടാൽ ജീവനാണ്, അമ്മച്ചിയുടെ സാരി പിടിച്ചു വലിച്ച് അടുക്കളയിൽ കൊണ്ടുപോയി വഴക്കുലയിലേക്ക് ചൂണ്ടി കാണിക്കും. ജോമൽ എന്നാണ് അവനെ അമ്മച്ചി വിളിക്കുന്നത്‌, അവൻ അക്ഷരങ്ങൾ പറഞ്ഞു തുടങ്ങിയിട്ടില്ല.       
അപ്പച്ചൻ കുറച്ചു മഞ്ഞൾ, ചെമ്പു -ചേന, അടക്ക, കുരുമുളക് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് ഓണം പോലെ നടത്തുന്നു. (വ്യാവസായികമായി) അല്ലാതെ വീട്ടിലേക്ക് വഴ, കുമ്പളം മാങ്ങാ ഒക്കെ കിട്ടും. ഞാനും   അജിതയും കൂടി ടെറസ്സിൽ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് - ചീര ,വേണ്ട ,കോവൽ,അച്ചിങ്ങ ഒക്കെ കുറച്ചു  വിളവെടുക്കാൻ പറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കറി വക്കാൻ സ്വയം പര്യാപ്തത!! 

ജോമലിനു ഈ മാസം 25-ആം തീയതി രണ്ടു വയസ്സാവും.

കൂടുതൽ വിവരങ്ങളുമായി പിന്നെ കാണാം

(2) തിരുവാണിയൂർ - - നന്മ നിറഞ്ഞ ഗ്രാമം

പ്രിയ കുട്ടേട്ടൻ,
കഴിഞ്ഞ കത്ത് കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.

അതിനുശേഷം രണ്ടു ദിവസം ഭാര്യവീട്ടിൽ ആയിരുന്നു, അതിന്റെ വിശേഷങ്ങൾ ഇനിയെഴുതാം.

ഞാൻ  ശനിയാഴ്ച രാവിലെ ഓഫീസിൽ പോകുന്ന വഴി അജിതയെയും കുട്ടിപട്ടാളത്തെയും തിരുവാണിയൂർ വീട്ടിൽ ആക്കി, വൈകുന്നേരം അവിടെയെത്തി ഞായറാഴ്ച വിശ്രമവും കഴിഞ്ഞ് 6 മണിക്ക് തിരിച്ചെത്തി .   
ഞങ്ങൾ മിക്കവാറും എല്ലാ മാസവും അജിതയുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് പോകാറുണ്ട്. തിരുവാണിയൂർ നമ്മുടെ പെരുമ്പിള്ളിയേക്കാൾ വികസനം  കുറഞ്ഞ ഒരു പ്രദേശമാണ്. പുരോഗമനം കൂടുന്തോറും  കുറച്ചു കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ മാത്രമായി നമ്മുടെ ഗ്രാമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് കഷ്ടമാണ്. അവിടെ നല്ല പച്ചപ്പുണ്ട്‌, കൃഷി ചെയ്യുന്ന പാടങ്ങൾ കാണാൻ എന്തൊരു ഭംഗിയാണ്. അവിടങ്ങളിൽ അച്ചിങ്ങാപ്പയർ, വെള്ളരി, പടവലം, പാവയ്ക്കാ ഇവയൊക്കെ ധാരാളമായി കൃഷി ചെയ്യുന്നതു കാണാം. അജിതയുടെ വീടിനു ഒരു വശത്ത് നല്ല പാടമാണ്. (നമ്മുടെ അല്ല) അതിലൂടെ സർക്കാർ ജലസേചന പദ്ധതിയുടെ കനാൽ (ചെറിയ തോട്) പോകുന്നുണ്ട്, അവിടെ മുട്ടിനു താഴെ മാത്രമേ വെള്ളം ഒഴുകൂ, അക്കരെയിക്കരെ ചാടാം. അതുകൊണ്ട് മനുകുട്ടനും ഏഞ്ചമ്മയ്ക്കും വലിയ ഉത്സാഹമാണ് അവിടെ പോകാൻ.
പാടത്തു നിന്നും പച്ചക്കറി വാങ്ങി - വെള്ളരിക്കയും മാങ്ങയും, കുമ്പളങ്ങ മോരൊഴിച്ചു കൂട്ടാൻ, അച്ചിങ്ങാ മെഴുക്കുപെരട്ടി, പടവലം തോരൻ - ഇത്യാദി കറികളൊക്കെ ഉണ്ടാക്കും. ഇവിടെ കടുത്ത വേനൽ തുടങ്ങി, വേനലിന് ഇമ്മാതിരി നടൻ കറികൾ നല്ലതാണ്.
അടുത്ത് വലിയ റോഡുകൾ ഒന്നും ഇല്ലാത്തതിനാൽ തീർത്തും നിശബ്ദമാണ് വീടിരിക്കുന്നിടം.
വീടിന് അടുത്ത് ഒരു നമ്പൂതിരി മനയുണ്ട്, പാചകം -സദ്യ യാണ് അവരുടെ തൊഴിൽ. വളരെ പ്രശസ്തരായ സദ്യക്കാരാണ്. അപ്പച്ചൻ പണ്ട് അവിടെ പട്ടു പഠിപ്പിക്കാൻ പോയിരുന്നു, അങ്ങിനെ തുടങ്ങിയ നല്ല ബന്ധമാണ്. ഇടയ്ക്ക് പായസം ഒക്കെ കിട്ടും. ചേട്ടൻ അടുത്ത പ്രാവശ്യം ലീവിന് വരുമ്പോൾ നമുക്ക് തീർച്ചയായും തിരുവാണിയൂർ പോവണം.  
സസ്നേഹം

ജോസി വർക്കി

Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.