Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

1 comment:

Mahesh | മഹേഷ്‌ ™ said...

നൊസ്റ്റാൾജിയ അടിപ്പിച്ചു കൊല്ലാനിറങ്ങിയേക്കുവാ അല്ലേ ... :-((