Thursday, February 26, 2015

ദൈവം തന്ന വീട്

ദൈവം തന്ന വീട് വീഥിയെനിക്ക് ... എന്നൊരു തമിഴ് സിനിമാഗാനമുണ്ട്. ഞാൻ എവിടെ നിന്നാണ് വന്നത്, എവിടെയ്ക്കാണ് പോകുന്നത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്? ഇങ്ങനെ പോകുന്നു ആ ഗാനത്തിന്റെ ഈരടികൾ.

ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി

ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.

നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!  

വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ  തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.

അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.


മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം

ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.              

നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക്‌ പോയിക്കഴിഞ്ഞ് അവശേഴിച്ച  ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച.    അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.                  

വീട് ഒരു തണലാണ്‌, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത്‌ നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.                                         

കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.           

നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം  . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്‌, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.    

യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്‌.   

യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു.  ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.