Thursday, May 28, 2009

അഹങ്കാരി മോന്‍ (ഞാന്‍ തന്നെ!!)

"അവന്‍ മഹാ അഹങ്കാരിയാ, അവന്റെ അഹങ്കാരത്തിന് രണ്ടു 'ങ്ക' ഉണ്ട്." ഇത് എന്നെ പറ്റി ഒരാള്‍ പറഞ്ഞതാണ്. (എന്നോടല്ല) പറഞ്ഞതില്‍ സത്യമില്ലാതില്ല എന്ന് അറിഞ്ഞപ്പോള്‍ എനിക്കും തോന്നി.

**********************
എന്ത് കാര്യത്തിനും 'സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കണം' എന്നാണ് പണ്ട് നാലാം ക്ലാസ്സിലെ മലയാളം ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കമന്റ് ഏതു സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് പറഞ്ഞു എന്ന് കൃത്യമായി അറിയില്ല. ചില ഊഹാപോഹങ്ങള്‍ നടത്താമെന്ന് മാത്രം.

*************************
കുറേ കാലം കൂടി എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. (എന്റെ കനിഷ്ഠ സഹോദരി എന്നുപറയാം) ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. കാര്യമിതാണ്‌ - ആള്‍ ഒരു എല്‍.ഐ.സി ഏജന്‍സി എടുത്തു. ഞാന്‍ ഒരു പോളിസി എടുക്കണം. (സഹായിക്കണം) അവര്‍ എന്തുകൊണ്ടോ വളരെ പ്രതീക്ഷയില്‍ ആണ് വന്നത്. അത് എല്ലാ എല്‍.ഐ.സി-ക്കാരക്കും അനാവശ്യതത്തിലധികം ഉള്ളതാണല്ലോ? എനിക്ക് പോളിസി എടുക്കാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നു. കാരണം നിലവില്‍ ഒന്നിലധികം പോളിസികള്‍ എന്റെ പേരിലും, ഭാര്യയുടെ പേരിലും, മോന്റെ പേരിലും ഉണ്ട്. ആവശ്യത്തിലധികം സാമ്പത്തീകബാധ്യത ഇതിനാല്‍ ഇപ്പോള്‍ തന്നെയുണ്ട്‌. അതുകൊണ്ട് അടുത്തെങ്ങും ഒരു പോളിസിയും എടുക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. (പുതുവത്സര പ്രതിജ്ഞ!!) ഏജന്റ് -മാരുടെ പ്രലോഭനതിലോ, ഭീഷണിയിലോ, കെഞ്ചി-അപേക്ഷിക്കലിലോ, ബോധവല്‍ക്കരണത്തിലോ വീഴാതെ കാത്തുകൊള്ളനെ,,, എന്ന് ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോള്‍ ഇഞ്ചി കടിച്ചപോലെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പോളിസിയുടെ ഗുണഗണങ്ങളോ നേട്ടമോ വിവരിക്കാന്‍ നില്‍ക്കാതെ ബന്ധുബലത്തില്‍ ഒരു പോളിസി എടുപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഞാന്‍ തീര്‍ത്തും 'സാധ്യമല്ല' എന്ന് തന്നെ പറഞ്ഞു. എനിക്കും ഭാര്യക്കും ജോലി ഉണ്ട്, പിന്നെന്തുകൊണ്ട് പോളിസി എടുത്തുകൂടാ എന്നായി അവര്‍. ഒരു ചെറിയ സഹായം - അത്ര മാത്രം. എനിക്ക് മുഖത്തെ ചിരി ഒഴിവാക്കി, കണിശമായി പറയേണ്ടി വന്നു. (പറ്റില്ല!!!) അങ്ങിനെ പുഞ്ചിരിക്കുന്ന മുഖവും കനത്ത ഹൃദയവുമായി ആ ബന്ധു (അഥവാ എല്‍.ഐ.സി) ഞങ്ങളുടെ വീടിന്റെ പടിയിറങ്ങി.

ഇതില്‍ നിന്നും ഞാന്‍ രണ്ടു പാഠം പഠിച്ചു: 1) ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് ഏജന്‍സി തുടങ്ങിയാല്‍ ബന്ധം അവസാനിക്കാന്‍ സാധ്യതയുണ്ട്. 2) ഇന്‍ഷുറന്‍സ് ഏജെന്റ്റ്‌മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ - സ്വന്തമായി ഒരു IRDA ലൈസെന്‍സ് എഴുതി എടുക്കുക.

Thursday, May 14, 2009

ഗുരു നിത്യചൈതന്യയതി - ഒരു സ്മരണാഞ്ജലി.

ഞാന്‍ പുസ്തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്നേഹി. കത്തുകളിലൂടെ ഞങ്ങള്‍ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്മിതം എന്റെ കണ്മുന്‍പില്‍ ഇപ്പോഴും ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സമാധിദിനം (മെയ്‌ 14 ) ആണ്.

ഞാന്‍ പരിചയപെട്ട ഗുരു പുസ്തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വര്‍ഷം മുന്‍പ് 'മലയാള മനോരമ' ദിനപത്രത്തില്‍ 'പടിപ്പുര' സപ്ലിമെന്റില്‍ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതില്‍ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണം ചെയ്തിരുന്നത് കണ്ട് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൌഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകള്‍. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുകള്‍ക്ക് എത്രമാത്രം എഴുത്തുകള്‍ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ [പടിപ്പുരയില്‍] തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്നേഹവലയത്തിനു മുന്‍പില്‍, അങ്ങയുടെ പാദാരബിന്ദങ്ങളില്‍ ഞാന്‍ മനസ്സാ നമസ്കരിക്കുന്നു.

എനിക്ക് യേശുവിനെ, ഫ്രാന്‍സിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.

ഗുരു നിത്യ 1999-ഇല്‍ എഴുതിയ ഒരു കത്തില്‍ നിന്നും:

പ്രീയപ്പെട്ട ജോസി വര്‍ക്കി അറിയുന്നതിന്,

'സ്നേഹസംവാദം' വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക. [ഒരു പക്ഷി ചുണ്ടില്‍ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു] അതിനറിഞ്ഞുകൂട എന്തിനാണ് വായില്‍ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോള്‍ അത് താഴെ ഇടും. അപ്പോള്‍ ധ്യനതിലായി എന്നര്‍ത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയില്‍ എന്റെ പുസ്തകങ്ങള്‍ വരാതിരിക്കുകയില്ല. ഇപ്പോള്‍ എല്ലാ മാസവും ഒരു പുസ്തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്‌. ഒരു ചെറിയ പുസ്തകം അയക്കുന്നു. സ്നേഹത്തോടെ,

ഗുരു നിത്യ.

ഇവിടെ ഗുരു സ്നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോള്‍ നമുക്ക് ആ സ്നേഹം ശരിക്കും അനുഭവിക്കാന്‍ കഴിയും. ഒരു പ്രണയിനിയുടെ സ്നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയതാണ് മുകളില്‍ കൊടുത്തത്. ഞാന്‍ അന്നൊക്കെ പോസ്റ്റ്‌മാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കുറിച്ചിടും. ചിലപ്പോള്‍ ആ പുസ്തകത്തിനെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നതു. ഞാന്‍ ഒരു കാര്‍ഡ് ഇട്ടാല്‍ നാലാം ദിവസം 'ഫേണ്‍ഹില്ലില്‍' നിന്നും മറുപടി വന്നിരിക്കും,, തീര്‍ച്ച. (എനിക്ക് ഇന്നേവരെ ഇത്ര ആത്മാര്‍ഥത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.)

പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായമങ്ങള്‍ ആയി ചുരുങ്ങുകയും ചെറുപ്പത്തില്‍ അമ്മച്ചി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തില്‍ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാന്‍ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

P.S : അടുത്തിടെ പള്ളിയില്‍ കുര്‍ബാനക്കിടെ കേട്ട ഒരുമനോഹര ഗാനത്തിന്‍റെ ഈരടികള്‍ ഞാനിവിടെ ചേര്‍ക്കട്ടെ: "ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്നേഹിക്കാന്‍ എന്ത് വേണം???. . . . ."

Monday, May 04, 2009

ആഗോള സാമ്പത്തീക മാന്ദ്യത്തെ എങ്ങിനെ നേരിടാം.

ആഗോള സാമ്പത്തീക മാന്ദ്യം തുടങ്ങിയിട്ട് ഏതാണ്ട് ആറു മാസത്തോളം ആയി. കേരളത്തില്‍ റിയല്‍എസ്റ്റേറ്റ്‌ മാഫിയയെയും ഐ.ടി/ബി.പി.ഓ + ഇന്‍ഷുറന്‍സ് കമ്പനികളെയും ഒഴികെ ആരെയും ഇത് കാര്യമായി ബാധിച്ചിട്ടില്ല. (ഒരു കരിക്കിന് ഇപ്പോഴും 15 രൂപ തന്നെ! ആശാരിക്കു ദിവസക്കൂലി 350 രൂപയും!!)


വ്യക്തിഗതവായ്‌പ, ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവക്കുള്ള അനാവശ്യ ഫോണ്‍കാളുകളുടെ ശല്യം വളരെ കുറഞ്ഞിട്ടുണ്ട്. (പണ്ട് ഇവര്‍ വലിയ തലവേദന ആയിരുന്നല്ലോ.) പിന്നെ റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കര്‍മാരുടെ പത്തി അല്പം താഴ്ന്നിട്ടുണ്ട്.

അന്താരാഷ്ട്രതലത്തില്‍ ഈ മാന്ദ്യം ഈ വര്‍ഷാവസാനത്തോടെ നീങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗള്‍ഫിലെ വന്‍കിട നിര്‍മ്മാണകമ്പനികള്‍ തങ്ങളുടെ പുതിയ പദ്ധതികള്‍ നിറുത്തിവച്ചു (Wait & Watch Policy) എന്താണ് സംഭവിക്കുക എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. (പ്രത്യേകിച്ച് ദുബായ് -യില്‍).

ആഗോള മാന്ദ്യത്തെ അതിജീവിക്കാന്‍ ഇതാ ചില ചെറിയ പൊടിക്കൈകള്‍ (ഏതു സാമ്പത്തീക ഞെരുക്കത്തെയും അതിജീവിക്കാന് ‍ഇവ ഉപകരിക്കും):

ഫാമിലി ടൂറുകള്‍ കഴിവതും ഒഴിവാക്കുക. അടുത്തുള്ള പള്ളിയിലോ അമ്പലത്തിലോ നടന്നു പോകുക. അത് തന്നെ നല്ലൊരു തീര്‍ത്ഥാടനം ആകും.

എടുത്തുചാടി ജോലി രാജി വയ്ക്കാതിരിക്കുക. ഇപ്പോള്‍ ഉള്ള ജോലിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കുക. ഒരു കാരണ വശാലും ഉള്ള ജോലി ഉപേക്ഷിച്ചു പുതിയത് തേടരുത്‌.

പുതിയ ബിസിനെസ്സ്‌ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള 'ത്വര' കുറച്ചു നാളത്തേക്ക് കൂടി നീട്ടി വയ്ക്കുക. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക്.

പുറത്തു ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. ഓഫീസില്‍ പോകുമ്പൊള്‍ ഒരു ചെറിയ 'ടിഫിന്‍ ബോക്സ്‌' -ഇല്‍ ഭക്ഷണം കരുതുക. പോക്കെറ്റിനും ശരീരത്തിനും അതാണ്‌ നല്ലത്. നാണം കരുതുന്നവര്ക്ക്‍ 'ഡോക്ടര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടുണ്ട്' എന്ന കാരണം പറയാം.

വീട്ടിലേക്കു പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നതില്‍ 'വിലനിലവാരശ്രദ്ധ' (Price Awareness) അത്യാവശ്യമാണ്. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ കിട്ടുന്ന കടകള്‍/സ്ഥലങ്ങള്‍ കണ്ടെത്തുക. ഉദാ: അരിക്ക് പൊതുവിപണിയില്‍ 23-24 രൂപയും, മാവേലി സ്റ്റോറില്‍ 14 രൂപയും റേഷന്‍ കടയില്‍ 8-9 രൂപയും ആണ് വില. എല്ലാ അരിയും ഒരേ ഗുണവും രുചിയും ഉള്ളത് തന്നെ. വലിയ വ്യത്യാസം ഇല്ല. (മന്ദ്യകാലത്ത് അല്പം രുചി കുറഞ്ഞ ചോറ് ഉണ്ടാലും കുഴപ്പമില്ല.)

നാടന്‍ പഴങ്ങള്‍ ശീലിക്കുക. ഉദാ: വാഴപ്പഴം, ചക്കപഴം, മാങ്ങാ, പപ്പായ, പേരക്ക, ....തുടങ്ങിയവ. ആപ്പിള്‍,മാതുളം, മുന്തിരി മുതലായവയ്ക്ക് പൊള്ളുന്ന വിലയല്ലേ.

അനാവശ്യ ഫോണ്‍വിളികള്‍ ഒഴിവാക്കുക. പ്രത്യേകിച്ചും ISD (രാജ്യാന്തര) കോളുകള്‍. വിളിക്കുമ്പോള്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം സംസാരിക്കുക. വിളിക്കുന്നതിനു മുന്‍പ് സംസാരിക്കേണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കുന്നത് ഫോണ്‍വിളിയുടെ സമയദൈര്‍ഘ്യം കുറക്കാന്‍ സഹായിക്കും.

വാണിജ്യ എസ്.എം.എസ് (റിയാലിടി ഷോ വോട്ടിംഗ്), കോളര്‍ടോണ്‍ തുടങ്ങിയവ ഒഴിവാക്കുക. അന്യായമായ ചാര്‍ജാണ്‌ ഇവയ്ക്കു മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. അവരുടെ മുഖ്യവരുമാനം ഇതിലൂടെ ആണ്.

മൊബൈല്‍ കമ്പനികള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌, ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവയുടെ ആകര്‍ഷണ വലയത്തില്‍ കുരുങ്ങാതിരിക്കുക. ഇവര്‍ പല സ്കീമുകളും വാഗ്ദാനം ചെയ്യും. എല്ലാം നമ്മുടെ കാശു കളയാനുള്ള വഴികള്‍ ആയിരിക്കും. സൂക്ഷിക്കുക.വ്യക്തിഗത വായ്പകളും, ക്രെഡിറ്റ്‌ കാര്‍ഡ്‌ ബാലന്‍സും കൃത്യമായി അടച്ചു പോകുക. മുടക്ക് വരുത്തിയാല്‍ പിഴയും, പലിശയും, പിഴ പലിശയും ഒക്കെ ആയി നമ്മെ ഞെക്കി കൊല്ലും. നമ്മള്‍ മുടക്ക് വരുത്തുന്നതാണ് ഈ കമ്പനികള്‍ക്ക് താല്പര്യം. (പിഴയും പലിശയും ആണ് അവരുടെ മുഖ്യവരുമാനം.)

വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തുക. മന്ദ്യകാലത്ത് അവിടം കൊണ്ട് ഒതുക്കുക. ഉദാ: ഞാന്‍ എന്റെ വീടിനടുത്തുള്ള 'ഹില്‍ പാലസ്', 'കുമരകം', 'മുറിഞ്ഞപുഴ', 'വേമ്പനാട്ടു കായല്‍', 'ചോറ്റാനിക്കര അമ്പലം' ഇത്യാദി സ്ഥലങ്ങള്‍ കാണുന്നത് ഇങ്ങനെയുള്ള മാന്ദ്യകാലങ്ങളില്‍ ആണ്. ഒറ്റദിവസ-ട്രിപ്പുകള്‍ സംഘടിപ്പിച്ച് ഹോട്ടല്‍ താമസവും അനുബന്ധചിലവുകളും കുറയ്ക്കുക. ഭക്ഷണം കയ്യില്‍ കരുതാം.

പുതിയ ലോണുകള്‍ കഴിവതും ഒഴിവാക്കുക. ഒരിക്കലും ലോണെടുത്ത് സാമ്പത്തീക ഞെരുക്കം തരണം ചെയ്യാമെന്ന് വ്യമോഹിക്കരുത്. ചെലവു ചുരുക്കല്‍ മാത്രമാണ് അതിനുള്ള പോംവഴി. മറ്റു കുറുക്കുവഴികള്‍ നിങ്ങളെ അബദ്ധങ്ങളില്‍ കൊണ്ടുചെന്ന് ചാടിക്കും.

വലിയ വലിയ ഷോപ്പിംഗ്‌ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, വസ്ത്രശാലകള്‍, സ്വര്‍ണാഭരണകടകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പ്രലോഭനങ്ങലാണ് (Temptations) ഭൂരിഭാഗം വാങ്ങലുകളും (Purchase) നടത്തുന്നത്. ആവശ്യങ്ങള്‍ അല്ല. അത് ഈ മാന്ദ്യകാലത്തെങ്കിലും സംഭവിക്കാതിരിക്കട്ടെ.

ആരോഗ്യം സംരക്ഷിക്കുക. രോഗം വന്നു ആശുപത്രികളുടെ കത്തിവയ്ക്കലിനു ഇടനല്‍കുന്നതിലും ഭേദം രോഗം വരാതെ നോക്കുന്നതാണ്.

ഭക്ഷണം കുറയ്ക്കുക. 25 ശതമാനം ഭക്ഷണം എങ്കിലും നമുക്ക് കുറക്കാന്‍ സാധിക്കും. പ്രത്യേക പോഷകഗുണം ഒന്നും ഇല്ലാത്ത ബേക്കറി വസ്തുക്കള്‍, ചോക്ക്‌ലറ്റ്സ്, ഐസ്‌ക്രീം, കോളകള്‍, മിടായികള്‍, etc. തുടങ്ങി എത്രതരം (അനാവശ്യ)ഭക്ഷ്യവസ്തുക്കള്‍ ആണ് മനുഷ്യര്‍ നിത്യേന കഴിക്കുന്നത്‌?

വീട്ടിലെ ചെറുജോലികള്‍ സ്വയം ചെയ്യുക. പച്ചക്കറികള്‍ വീടുകളില്‍ വളര്‍ത്തുന്നത് നല്ല വ്യായാമവും വിനോദവും നല്‍കും. ഒരു ബള്‍ബ് മാറ്റിയിടാന്‍ ഇലെക്ട്രീഷ്യന്‍ വരേണ്ട ആവശ്യം ഇല്ലല്ലോ.

അനാവശ്യ പാര്‍ട്ടികള്‍/സദ്യകള്‍ ഒഴിവാക്കുക. മാമോദീസ(Baptism), മനസമ്മതം(Engagement), ആദ്യകുര്‍ബാന(Holy Communion), പേരിടല്‍(Naming Cerimony), ചോറൂണ്, ജന്മദിനാഘോഷം, ഷഷ്ടിപൂര്‍ത്തി(70'th birthday), പെരുന്നാള്‍ ഇത്യാദി ആഘോഷങ്ങള്‍ മിതമായി ഘോഷിക്കൂ. (ആവശ്യമെന്ന് തോന്നുന്നെങ്കില്‍ മാത്രം).

വീട്ടില്‍ വരുന്ന വില്‍പനക്കാര്‍ (Direct Marketing), പിരിവുകാര്‍ തുടങ്ങിയവരോട് സൌമനസ്യത്തോടെ 'ഇല്ല' എന്ന് പറയുവാന്‍ പഠിക്കുക.

മൊബൈല്‍ ഫോണ്‍, പഴയ ടി.വി. തുടങ്ങിയവ മാറ്റി പുതിയ മോഡല്‍ വാങ്ങുന്നത് (Exchange) തല്കാലത്തേക്ക് മാറ്റിവയ്ക്കുക. പിന്നീടാകാമല്ലോ, ഈ മാന്ദ്യം ഒന്ന് മാറിക്കോട്ടെ.

P.S: മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആഗോള സാമ്പത്തീക മാന്ദ്യം അല്പമെങ്കിലും അനുഭവപ്പെട്ടു തുടങ്ങിയവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. (വായനക്കാരുടെ ന്യൂതന ആശയങ്ങള്‍ സ്വാഗതം ചെയ്യുന്നു.)