ആഗോള സാമ്പത്തീക മാന്ദ്യം തുടങ്ങിയിട്ട് ഏതാണ്ട് ആറു മാസത്തോളം ആയി. കേരളത്തില്‍ റിയല്‍എസ്റ്റേറ്റ് മാഫിയയെയും ഐ.ടി/ബി.പി.ഓ + ഇന്‍ഷുറന്‍സ് കമ്പനികളെയും ഒഴികെ ആരെയും ഇത് കാര്യമായി ബാധിച്ചിട്ടില്ല. (ഒരു കരിക്കിന് ഇപ്പോഴും 15 രൂപ തന്നെ! ആശാരിക്കു ദിവസക്കൂലി 350 രൂപയും!!)
വ്യക്തിഗതവായ്‌പ, ക്രെഡിറ്റ് കാര്‍ഡ്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവക്കുള്ള അനാവശ്യ ഫോണ്‍കാളുകളുടെ ശല്യം വളരെ കുറഞ്ഞിട്ടുണ്ട്. (പണ്ട് ഇവര്‍ വലിയ തലവേദന ആയിരുന്നല്ലോ.) പിന്നെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ പത്തി അല്പം താഴ്ന്നിട്ടുണ്ട്.
അന്താരാഷ്ട്രതലത്തില്‍ ഈ മാന്ദ്യം ഈ വര്‍ഷാവസാനത്തോടെ നീങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗള്‍ഫിലെ വന്‍കിട നിര്‍മ്മാണകമ്പനികള്‍ തങ്ങളുടെ പുതിയ പദ്ധതികള്‍ നിറുത്തിവച്ചു (Wait & Watch Policy) എന്താണ് സംഭവിക്കുക എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. (പ്രത്യേകിച്ച് ദുബായ് -യില്‍).
ആഗോള മാന്ദ്യത്തെ അതിജീവിക്കാന്‍ ഇതാ ചില ചെറിയ പൊടിക്കൈകള്‍ (ഏതു സാമ്പത്തീക ഞെരുക്കത്തെയും അതിജീവിക്കാന് ഇവ ഉപകരിക്കും):
ഫാമിലി ടൂറുകള്‍ കഴിവതും ഒഴിവാക്കുക. അടുത്തുള്ള പള്ളിയിലോ അമ്പലത്തിലോ നടന്നു പോകുക. അത് തന്നെ നല്ലൊരു തീര്‍ത്ഥാടനം ആകും.
എടുത്തുചാടി ജോലി രാജി വയ്ക്കാതിരിക്കുക. ഇപ്പോള്‍ ഉള്ള ജോലിയില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കുക. ഒരു കാരണ വശാലും ഉള്ള ജോലി ഉപേക്ഷിച്ചു പുതിയത് തേടരുത്.
പുതിയ ബിസിനെസ്സ് സംരംഭങ്ങള്‍ തുടങ്ങുവാനുള്ള 'ത്വര' കുറച്ചു നാളത്തേക്ക് കൂടി നീട്ടി വയ്ക്കുക. കുറഞ്ഞത് ഒരു വര്‍ഷത്തേക്ക്.
പുറത്തു ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. ഓഫീസില്‍ പോകുമ്പൊള്‍ ഒരു ചെറിയ 'ടിഫിന്‍ ബോക്സ്' -ഇല്‍ ഭക്ഷണം കരുതുക. പോക്കെറ്റിനും ശരീരത്തിനും അതാണ് നല്ലത്. നാണം കരുതുന്നവര്ക്ക്‍ 'ഡോക്ടര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടുണ്ട്' എന്ന കാരണം പറയാം.
വീട്ടിലേക്കു പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നതില്‍ 'വിലനിലവാരശ്രദ്ധ' (Price Awareness) അത്യാവശ്യമാണ്. കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ കിട്ടുന്ന കടകള്‍/സ്ഥലങ്ങള്‍ കണ്ടെത്തുക. ഉദാ: അരിക്ക് പൊതുവിപണിയില്‍ 23-24 രൂപയും, മാവേലി സ്റ്റോറില്‍ 14 രൂപയും റേഷന്‍ കടയില്‍ 8-9 രൂപയും ആണ് വില. എല്ലാ അരിയും ഒരേ ഗുണവും രുചിയും ഉള്ളത് തന്നെ. വലിയ വ്യത്യാസം ഇല്ല. (മന്ദ്യകാലത്ത് അല്പം രുചി കുറഞ്ഞ ചോറ് ഉണ്ടാലും കുഴപ്പമില്ല.)
നാടന്‍ പഴങ്ങള്‍ ശീലിക്കുക. ഉദാ: വാഴപ്പഴം, ചക്കപഴം, മാങ്ങാ, പപ്പായ, പേരക്ക, ....തുടങ്ങിയവ. ആപ്പിള്‍,മാതുളം, മുന്തിരി മുതലായവയ്ക്ക് പൊള്ളുന്ന വിലയല്ലേ.
അനാവശ്യ ഫോണ്‍വിളികള്‍ ഒഴിവാക്കുക. പ്രത്യേകിച്ചും ISD (രാജ്യാന്തര) കോളുകള്‍. വിളിക്കുമ്പോള്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം സംസാരിക്കുക. വിളിക്കുന്നതിനു മുന്‍പ് സംസാരിക്കേണ്ട കാര്യങ്ങള്‍ എഴുതിവയ്ക്കുന്നത് ഫോണ്‍വിളിയുടെ സമയദൈര്‍ഘ്യം കുറക്കാന്‍ സഹായിക്കും.
വാണിജ്യ എസ്.എം.എസ് (റിയാലിടി ഷോ വോട്ടിംഗ്), കോളര്‍ടോണ്‍ തുടങ്ങിയവ ഒഴിവാക്കുക. അന്യായമായ ചാര്‍ജാണ് ഇവയ്ക്കു മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്നത്. അവരുടെ മുഖ്യവരുമാനം ഇതിലൂടെ ആണ്.
മൊബൈല്‍ കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവയുടെ ആകര്‍ഷണ വലയത്തില്‍ കുരുങ്ങാതിരിക്കുക. ഇവര്‍ പല സ്കീമുകളും വാഗ്ദാനം ചെയ്യും. എല്ലാം നമ്മുടെ കാശു കളയാനുള്ള വഴികള്‍ ആയിരിക്കും. സൂക്ഷിക്കുക.വ്യക്തിഗത വായ്പകളും, ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സും കൃത്യമായി അടച്ചു പോകുക. മുടക്ക് വരുത്തിയാല്‍ പിഴയും, പലിശയും, പിഴ പലിശയും ഒക്കെ ആയി നമ്മെ ഞെക്കി കൊല്ലും. നമ്മള്‍ മുടക്ക് വരുത്തുന്നതാണ് ഈ കമ്പനികള്‍ക്ക് താല്പര്യം. (പിഴയും പലിശയും ആണ് അവരുടെ മുഖ്യവരുമാനം.)
വീടിനടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തുക. മന്ദ്യകാലത്ത് അവിടം കൊണ്ട് ഒതുക്കുക. ഉദാ: ഞാന്‍ എന്റെ വീടിനടുത്തുള്ള 'ഹില്‍ പാലസ്', 'കുമരകം', 'മുറിഞ്ഞപുഴ', 'വേമ്പനാട്ടു കായല്‍', 'ചോറ്റാനിക്കര അമ്പലം' ഇത്യാദി സ്ഥലങ്ങള്‍ കാണുന്നത് ഇങ്ങനെയുള്ള മാന്ദ്യകാലങ്ങളില്‍ ആണ്. ഒറ്റദിവസ-ട്രിപ്പുകള്‍ സംഘടിപ്പിച്ച് ഹോട്ടല്‍ താമസവും അനുബന്ധചിലവുകളും കുറയ്ക്കുക. ഭക്ഷണം കയ്യില്‍ കരുതാം.
പുതിയ ലോണുകള്‍ കഴിവതും ഒഴിവാക്കുക. ഒരിക്കലും ലോണെടുത്ത് സാമ്പത്തീക ഞെരുക്കം തരണം ചെയ്യാമെന്ന് വ്യമോഹിക്കരുത്. ചെലവു ചുരുക്കല്‍ മാത്രമാണ് അതിനുള്ള പോംവഴി. മറ്റു കുറുക്കുവഴികള്‍ നിങ്ങളെ അബദ്ധങ്ങളില്‍ കൊണ്ടുചെന്ന് ചാടിക്കും.
വലിയ വലിയ ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, വസ്ത്രശാലകള്‍, സ്വര്‍ണാഭരണകടകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പ്രലോഭനങ്ങലാണ് (Temptations) ഭൂരിഭാഗം വാങ്ങലുകളും (Purchase) നടത്തുന്നത്. ആവശ്യങ്ങള്‍ അല്ല. അത് ഈ മാന്ദ്യകാലത്തെങ്കിലും സംഭവിക്കാതിരിക്കട്ടെ.
ആരോഗ്യം സംരക്ഷിക്കുക. രോഗം വന്നു ആശുപത്രികളുടെ കത്തിവയ്ക്കലിനു ഇടനല്‍കുന്നതിലും ഭേദം രോഗം വരാതെ നോക്കുന്നതാണ്.
ഭക്ഷണം കുറയ്ക്കുക. 25 ശതമാനം ഭക്ഷണം എങ്കിലും നമുക്ക് കുറക്കാന്‍ സാധിക്കും. പ്രത്യേക പോഷകഗുണം ഒന്നും ഇല്ലാത്ത ബേക്കറി വസ്തുക്കള്‍, ചോക്ക്‌ലറ്റ്സ്, ഐസ്‌ക്രീം, കോളകള്‍, മിടായികള്‍, etc. തുടങ്ങി എത്രതരം (അനാവശ്യ)ഭക്ഷ്യവസ്തുക്കള്‍ ആണ് മനുഷ്യര്‍ നിത്യേന കഴിക്കുന്നത്?
വീട്ടിലെ ചെറുജോലികള്‍ സ്വയം ചെയ്യുക. പച്ചക്കറികള്‍ വീടുകളില്‍ വളര്‍ത്തുന്നത് നല്ല വ്യായാമവും വിനോദവും നല്‍കും. ഒരു ബള്‍ബ് മാറ്റിയിടാന്‍ ഇലെക്ട്രീഷ്യന്‍ വരേണ്ട ആവശ്യം ഇല്ലല്ലോ.
അനാവശ്യ പാര്‍ട്ടികള്‍/സദ്യകള്‍ ഒഴിവാക്കുക. മാമോദീസ(Baptism), മനസമ്മതം(Engagement), ആദ്യകുര്‍ബാന(Holy Communion), പേരിടല്‍(Naming Cerimony), ചോറൂണ്, ജന്മദിനാഘോഷം, ഷഷ്ടിപൂര്‍ത്തി(70'th birthday), പെരുന്നാള്‍ ഇത്യാദി ആഘോഷങ്ങള്‍ മിതമായി ഘോഷിക്കൂ. (ആവശ്യമെന്ന് തോന്നുന്നെങ്കില്‍ മാത്രം).
വീട്ടില്‍ വരുന്ന വില്‍പനക്കാര്‍ (Direct Marketing), പിരിവുകാര്‍ തുടങ്ങിയവരോട് സൌമനസ്യത്തോടെ 'ഇല്ല' എന്ന് പറയുവാന്‍ പഠിക്കുക.
മൊബൈല്‍ ഫോണ്‍, പഴയ ടി.വി. തുടങ്ങിയവ മാറ്റി പുതിയ മോഡല്‍ വാങ്ങുന്നത് (Exchange) തല്കാലത്തേക്ക് മാറ്റിവയ്ക്കുക. പിന്നീടാകാമല്ലോ, ഈ മാന്ദ്യം ഒന്ന് മാറിക്കോട്ടെ.
P.S: മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആഗോള സാമ്പത്തീക മാന്ദ്യം അല്പമെങ്കിലും അനുഭവപ്പെട്ടു തുടങ്ങിയവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. (വായനക്കാരുടെ ന്യൂതന ആശയങ്ങള്‍ സ്വാഗതം ചെയ്യുന്നു.)
4 comments:
കുട്ടിച്ചാത്താ, ഇതിലും ഭേദം വല്ല വനവാസത്തിനും പോകുന്നതാ :)
can I copy, paste and send this to ur friend? vaayichu padikkatte.
കൊള്ളാം...കൊള്ളാം... :))
നല്ല നിർദ്ദേശങ്ങൾ
Post a Comment