Tuesday, March 27, 2012

ലോക നാടകദിനം - 'ദി ബര്‍ത്ത് ഡേ പാര്‍ട്ടി'

ഇന്നലെ ലോക നാടകദിനം ആയിരുന്നു. (മാര്‍ച്ച്‌ 27) എറണാകുളം ടൌണ്‍ ഹാളില്‍ തൃശൂര്‍ ഡ്രാമ സ്കൂള്‍ അവതരിപ്പിച്ച 'ദി ബര്‍ത്ത് ഡേ പാര്‍ട്ടി' എന്ന നാടകം ഉണ്ടായിരുന്നു. പ്രശസ്ത ഇംഗ്ലീഷ് നാടക കൃത്ത് ഹാരോള്‍ഡ്‌ പിന്റെര്‍ രചിച്ച ഈ നാടകം, സ്കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകന്‍ സുനില്‍ ആണ് രംഗാവിഷ്കാരം ചെയ്തിരിക്കുന്നത്. മികവുറ്റ അഭിനയം, വെളിച്ച സംവിധാനം, സംഗീതം ഇവകൊണ്ട് ശക്തമായ ഒരവതരണ ശൈലി കാഴ്ച വയ്ക്കാന്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ കൂട്ടുകാര്‍ക്ക് കഴിഞ്ഞു. അണിയറ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

കാണികള്‍ക്ക് വ്യത്യസ്ത തലങ്ങളില്‍ ചിന്തിക്കാന്‍ ഉതകുന്ന കണികകള്‍ ഇത്തരം നാടകങ്ങള്‍ പകര്‍ന്ന് നല്‍കുന്നു. എനിക്ക് തോന്നിയത് ഇത് അധികാര (പുരോഹിത്യ) മേധാവിത്ത്യത്തിനു നേരെയുള്ള ഒരു ശക്തമായ താക്കീതും പ്രതികരണവും ആയിട്ടാണ്. പീറ്റി എന്ന കഥാപാത്രം അവസാനം വിളിച്ചു പറയുന്ന ഒരു ഡായലോഗ് ഉണ്ട് "സ്റ്റാന്‍, നിങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ അവരെ അനുവദിക്കരുത്"

വളരെ ശക്തമായ ആഴത്തിലുള്ള രാഷ്ടീയ-മതപര ചിന്തകളെ ഉണര്‍ത്തുന്നതാണ് ഇതിലെ ഇതിവൃത്തം. ഹാരോള്‍ഡ്‌ പിന്റെര്‍ ഇതെഴുതുമ്പോള്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാലമായിരുന്നെങ്കില്‍ ഇന്നും ഇത് പ്രസക്തമാകുന്നത്, രാഷ്ടീയതിന്റെയും മതത്തിന്റെയും അമിതമായ കൈകടത്തലുകള്‍ ഇന്നും വ്യക്തി ജീവിതത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്. ഒരു വ്യക്തിക്കും സമൂഹത്തില്‍ ഒറ്റപ്പെട്ട /സ്വതന്ത്ര ചിന്താ സ്വാതന്ത്യ്രം നാം അനുവദിച്ചു കൊടുക്കുന്നില്ല. യുക്തിയും ചിന്തയും വച്ചു ജീവിക്കുന്നവനെ പീഡിപ്പികയാണ് നമ്മുടെ മതവും (പുരോഹിതന്മാര്‍) രാഷ്ട്രീയവും (നേതാക്കന്മാര്‍) ചെയ്യുന്നത്. അവര്‍ക്ക് വേണ്ടത് അടിമകളെയാണ്? അഥവാ വിശ്വസികളെയാണ്. ചോദ്യമില്ലാതെ പിന്തുടരുന്നവരെ. അതിനുവേണ്ടി മനുഷ്യരെ മാനസീക /സാമൂഹിക സമ്മര്‍ദ്ധത്തില്‍ ആഴ്ത്തുന്നു, വ്യക്തികളുടെ ആത്മസത്തയെ ചോദ്യം ചെയ്തു പാപ/വര്‍ഗ്ഗദ്രോഹ പശ്ചാത്താപ ചിന്തകളെ വളര്‍ത്തുന്നു. അതുവഴി ഒട്ടനവധി ചിന്തകുഴപ്പങ്ങളിലേക്ക് അവനെ തള്ളിവിടുന്നു. ഇത്തരം സമ്മര്‍ദ്ധങ്ങളില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന വ്യക്തിയാണ് ഈ നാടകത്തിലെ നായകന്‍ - സ്റ്റാന്‍ലീ വെബ്ബര്‍.

ഭയത്തിന്റെയും വിഭ്രാന്തിയുടെയും അടിമത്തത്തില്‍ ജീവിക്കുന്ന സ്റ്റാന്‍ നമ്മുടെ ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ചയാണ്. എന്തുമാത്രം ഭയങ്ങളും പേറിയാണ് നാം നിത്യവും തള്ളിനീക്കുന്നത്? എന്താണ് ഈ ഭയങ്ങളുടെ ഉറവിടം, ആരാണ് ഈ ഭയങ്ങളെ നമ്മുടെ ഞരമ്പുകളില്‍ കുത്തിവയ്ക്കുന്നത്?

ഒരു വ്യക്തിയുടെ (ഏതൊരു വ്യക്തിയുടെയും) അനുപേക്ഷ്യമായ ചെറുത്തുനില്‍പ്പിന് (സമൂഹത്തില്‍) വേണ്ടിയുള്ള ആവശ്യം, അതാണ്‌ നാടകകൃത്ത്‌ ഇതിലൂടെ വരച്ചു കാട്ടുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടു നിന്ന് ചിന്തിക്കാന്‍ അവനു കഴിയുന്നില്ല, മതങ്ങളും രാഷ്ട്രീയവും അവന്റെ ബുദ്ധിയെ ഞെരുക്കുന്നു. മസ്തിഷ്ക്കപ്രക്ഷാളനം - ഒരു പക്ഷെ രണ്ടാം ലോകമഹായുദ്ധശേഷം ഇതൊരു വലിയ വിഷയം തന്നെയായിരുന്നു. ഒരു മനുഷ്യന്റെ വ്യക്തിസത്ത നശിപ്പിക്കുക, സ്വതന്ത്ര ശബ്ദിക്കുവാന്‍ അനുവദിക്കാതിരിക്കുക, ഒരു പക്ഷെ, അമേരിക്ക നിക്കരാഗ്വെയോട് ചെയ്തത് ഇത് തന്നെയല്ലേ?

അധികാരത്തില്‍ നിന്നും (മതം /രാഷ്ട്രം) ഒഴിഞ്ഞു മാറി സ്വതന്ത്രനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും ഈ നാടകം ഒരാവേശമയേക്കാം. അതുകൊണ്ട് തന്നെയാവണം കൊച്ചി പോലൊരു വാണീജ്യ നഗരത്തില്‍ പോലും നൂറുകണക്കിനാളുകള്‍ ഇത് കാണാന്‍ ഒത്തുകൂടിയത്!!

As Stanley is taken away, Petey says, 'Stan, don't let them tell you what to do.' I've lived that line all my damn life. Never more than now."

Monday, March 05, 2012

എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?

“കുട്ടി മരിച്ചതെങ്ങിനെ?“ ഒരു അന്ധന്റെ ചോദ്യം
“പാല് നെറുകയില്‍ കയറിയിട്ടാണ്.“ അയല്‍ വാസിയുടെ ഉത്തരം.
“പാലോ? പാലു എങ്ങിനിരിക്കും“? അന്ധന്‍
“പാല് വെളുത്തിരിക്കും“. ഉത്തരം.
“വെളുപ്പോ? അതെങ്ങിനിരിക്കും“? അന്ധന്‍ .
“വെളുപ്പ്....അത്...കൊക്കിനെ പോലിരിക്കും“. ഉത്തരം.
“കൊക്കോ ..അതെത് സാധനം..അതെങ്ങിനിരിക്കും? അന്ധന്‍ .
അത്...അത്...(തൊട്ടടുത്ത് ഒരു കിണ്ടി ഇരിപ്പുണ്ടായിരുന്നത് എടുത്ത് അന്ധന്റെ കയ്യില്‍ കൊടുത്തിട്ട് അയല്‍ വാസി മൊഴിഞ്ഞു) ദാ ഇത് പോലിരിക്കും“.
അന്ധന്‍ കിണ്ടി തടകി നോക്കിയിട്ട് അഭിപ്രായം പറഞ്ഞു.
“ചുമ്മാതല്ല കുട്ടി മരിച്ചത്...ഇത് തലയില്‍ കയറിയാല്‍ എങ്ങിനെയാ കുട്ടി മരിക്കാതിരിക്കുന്നത്.“

ചില വിഷയങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞാലും മനസിലാകാത്ത ചിലരോട് പഴകി പതിഞ്ഞ ഈ കഥ ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

'ഷെരീഫ് കൊട്ടാരക്കര'യുടെ ബ്ലോഗ്ഗില്‍ നിന്നും