Saturday, August 16, 2008

കുട്ടികളുടെ ഗ്രാമം - ഒരു ഒഴിവുദിന സന്ദര്‍ശനം

ഇന്നലെ ഞങ്ങള്‍ ആലുവ കുട്ടികളുടെ ഗ്രാമത്തില്‍ പോയിരുന്നു.

ഏകദേശം 5 വര്‍ഷത്തോളമായി കുട്ടികളുടെ ഗ്രാമവുമായി ബന്ധപ്പെട്ടിട്ട്, എങ്കിലും ഇതുവരെ അവിടെ പോയിട്ടില്ല!! മരിയ ജോയ്സിനെ സ്പോണ്‍സര്‍ ചെയ്തിട്ട് 4 വര്‍ഷത്തിലധികമായി, ഇന്നവള്‍ കെ.ജി.യില്‍ പടിക്കുന്നു. നല്ല മിടുക്കി കുട്ടിയാണവള്‍...

ഇന്നലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ കുട്ടികളെല്ലവരും ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. സ്വാതന്ത്രദിനത്തിനു എന്തൊക്കെയോ പ്രത്യേകപരിപാടികള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. ഞങ്ങള്‍ വൈകിട്ട് 4 മണിയാകാറായപ്പോള്‍ അവിടെയെത്തി. ഏകദേശം രണ്ടുമണിക്കൂര്‍ മരിയയുടെ വീട്ടില്‍ ചെലവൊഴിച്ചു.

അവിടെ 10 മുതല്‍ 15 കുട്ടികള്‍ അടങ്ങുന്ന 15 വീടുകള്‍ ആണുള്ളത് - എല്ലാവീട്ടിലും ഒരമ്മയും. പിന്നെ ‘സ്റ്റാഫ് ക്വാര്‍ട്ടേഴ്സും’ യൂത്ത് ഹോസ്റ്റലും ആ കാമ്പസില്‍ തന്നെയുണ്ട്. മരിയയുടെ വീട്ടിലെ അമ്മ - ശ്രീമതി എത്സമ്മ ആലപ്പാട്ട് ആണ്. മരിയയെ വീട്ടിലെല്ലാവരും ‘മിദു’ എന്നാണു വിളിക്കുന്നത്. ആലപ്പാട്ട് വീട്ടിലെ എല്ലാകുട്ടികളും വളരെ സൌഹാര്‍ദ്രപരമായി ഇടപഴകുന്നുണ്ടായിരുന്നു. (അവിടെ കണ്ട എല്ലാ കുട്ടികളും)

കുട്ടികള്‍ ചേര്‍ന്ന് ‘മനു’വിനെ എടുത്ത് പുറത്തുകൊണ്ടുപോയി പൂന്തോട്ടത്തില്‍ കളിച്ചു. സ്സൈക്കിളോടിച്ചും പൂമ്പാറ്റയെപിടിച്ചും അവര്‍ കളിക്കുന്നുണ്ടായിരുന്നു. ആ കുട്ടികളെ കാണുമ്പോള്‍ അവര്‍ അനാഥരാണെന്ന തോന്നലേ ഉണ്ടാവുകയില്ല. ഗ്രാമത്തിന്റെ ചുമതലയുള്ളവര്‍ക്കും (പ്രത്യേകിച്ച് അമ്മമാര്‍ക്കും) ഇതില്‍ തീര്‍ച്ചയായും അഭിമാനിക്കാം. എത്സമ്മയുടെ വീട്ടിലെ ചില കുട്ടികള്‍ പുറത്ത് താമസിച്ചു പടിക്കുന്നു, ജോലിചെയ്യുന്നുമുണ്ട്. ഒരാളുടെ വിവാഹം നിശ്ചയിച്ച് വച്ചിരിക്കുന്നു. വളരെ സന്തോഷം തോന്നി . . . . ഈ ഗ്രാമത്തിലെ കുട്ടികള്‍ ഇത്രയും ശ്രദ്ധയും സ്നേഹവും പരിചരണവും കിട്ടി വളര്‍ന്നുവരുന്നല്ലോയെന്നോര്‍ക്കുമ്പോള്‍.



മിദു പൊതുവേ നാണം കുണുങ്ങിയായി കാണപ്പെട്ടു. എങ്കിലും ‘റ്റ്വിങ്കിള്‍ റ്റ്വിങ്കിള്‍‘ പാട്ടുപാടുകയും 1 മുതല്‍ 10 വരെ സ്ലേറ്റില്‍ എഴുതികാണിക്കുകയും ചെയ്തു. മനുവിനെ സൈക്കിളില്‍ കയറ്റി പൂന്തോട്ടത്തിലൂടെ നടക്കുന്നതു കണ്ടപ്പോള്‍ ഈശ്വരന്‍ ഈ ലോകത്ത് കുട്ടികളുടെയുള്ളിലാണവതരിച്ചിരിക്കുന്നതെന്നു തോന്നി. വിദ്വേഷവും പകയും എന്തെന്നറിയാത്ത ഈ കുട്ടികളിലൂടെ ലോകം മുന്നോട്ടു പോകട്ടെയെന്നാശിച്ചുപോയി.

അജിതയ്ക്കും ഈ സ്ഥലം ഒത്തിരി ഇഷ്ടമായി. ഞാന്‍ ഈ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത് എന്റെ കല്യാണത്തിനും വളരെ മുന്‍പാണ്. കല്യാണത്തിനുശേഷം അജിതയും നല്ല പ്രോത്സാഹനമാണ് ഇക്കാര്യത്തില്‍ എനിക്കുതന്നുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ വരാന്‍ ഒത്തിരി വൈകിപ്പോയി എന്നതോന്നലോടെയാണു അവിടെ നിന്നും പിരിഞ്ഞത്. (ആലുവായ്ക്കടുത്ത് എടത്തലയിലാണ് എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമം.)

2 comments:

Daffodil said...
This comment has been removed by the author.
kavitha said...

നീ എത്ര മാത്രം ഉയരത്തിലാണ് ജോ,.....