Friday, August 29, 2008

റേഡിയോ തേങ്ങ - എന്റെ സ്വന്തം എഫ്.എം. സ്റ്റേഷന്‍

എന്റെ അപ്പന്‍ ഒരു തേങ്ങാ കച്ചവടക്കാരനായിരുന്നു. തേങ്ങാ, കൊപ്ര, മടല്‍, ചിരട്ട ഇത്യാദികളുമായിട്ടാണ് ചെറുപ്പകാലത്തെ എന്റെ പ്രധാന സഹവാസം.
റേഡിയോ മാങ്കോ - തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളിലുള്ള ആഗ്രഹമാണ് ‘റേഡിയോ തേങ്ങ’ തുടങ്ങണമെന്ന്. റേഡിയോയുമായുള്ളാ എന്റെ ചങ്ങാത്തം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു ആഡംഭര വസ്തു ‘നാലു വാല്‍വുള്ള പെട്ടി റേഡിയോ’ മാത്രമായിരുന്നു. അതിലൂടെ ലോകത്തിലെ ഏതോ കോണില്‍ നിന്നൊക്കെ പ്രക്ഷേപണം ചെയ്തിരുന്ന തരംഗങ്ങളെ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളും അതില്‍ നിന്നു കിട്ടിയിരുന്ന സുഖാനുഭൂതിയും ഒരിക്കലും പറഞ്ഞോ എഴുതിയോ അറിയിക്കാന്‍ സാധികാത്തത്രയാണ്. ബി.ബി.സി [ഇംഗ്ലീഷ് മനസ്സിലാവില്ലെങ്കിലും] റേഡിയോ വത്തിക്കാന്‍, സിലോണ്‍ റേഡിയോ, തിരുച്ചിറാപ്പിള്ളി വാനൊലിനിലയം ഇത്യാദി കേന്ദ്രങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ കടലുകള്‍ താണ്ടി എന്റെ പെട്ടിയില്‍ വന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു. പിന്നെ നമ്മുടെ തിരുവനന്തപുരം -ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങളും. ഇന്നത്തെ പുലിയായ എഫ്.എം. സ്റ്റേഷനുകള്‍ അന്ന് ഉണ്ടായിരുന്നില്ല. (25 വര്‍ഷങ്ങള്‍ക്കു മുന്‍പ്)
രഞിനി (ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍) ഗാന്ധിമാര്‍ഗ്ഗം, പ്രഭാതഭേരി, വയലും വീടും, പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍) കാവ്യാഞ്ജലി, സുഭഷിതം, നാടകവാരം, കര്‍ണടക സംഗീതപാഠം ഇവയൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ടവ.
ഈ ‘വാല്‍വ് റേഡിയോ’ അപ്പച്ചന്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കയ്യെത്താത്ത വിധത്തില്‍ ഒരു തട്ടുണ്ടാക്കി ആ തട്ടിന്‍ മുകളില്‍ ആയിരുന്നു വച്ചിരുന്നത്. തട്ട് ഒരു ജനലിന്റെ മുകളിലത്തെ പടിയിലായിരുന്നു ഫിറ്റു ചെയ്തിരുന്നത്. അതില്‍ കയറി തിരിക്കാന്‍ ഞങ്ങള്‍ക്ക് (അനുജത്തിയും) അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ റേഡിയോയിടെ ഏരിയലും ഒരു സവിശേഷത തന്നെയായിരുന്നു. ചെറിയ നാരുകമ്പി (ചെമ്പാണെന്നു തോന്നുന്നു) കൊണ്ടുള്ള ഒരു റിബ്ബണ്‍ പോലത്തെ ഒരു നെറ്റ്.
ഈ റേഡിയോവില്‍ തോടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നത്, ആ ജനലിനു താഴെ ചിലപ്പോള്‍ ഉണക്കിയ കൊപ്ര, അടക്ക, കുരുമുളക് എന്നിവ കൂമ്പാരം കൂട്ടിയിടുമ്പോഴായിരുന്നു. കൊപ്രാക്കൂനയ്ക്കു മുകളില്‍ കയറി നിന്നു ഞാന്‍ പലപ്പോഴും റേഡിയോ സിലോണ്‍ ‘ട്യൂണ്‍’ ചെയ്തെടുത്തിട്ടുണ്ട്. അക്കാലത്ത് മലയാളം പാട്ടുകള്‍ കേട്ട് കേട്ട് മടുക്കുമ്പോള്‍ തമിഴും ഹിന്ദിയും ആയിരുന്നു ആശ്രയം. അതിനു സഹായിച്ചിരുന്നത് റേഡിയോ സിലോണും തിരുച്ചി വാനോലിനിലയവും വിവിധ് ഭാരതിയും ആയിരുന്നു. അടുത്തുള്ള ഒരു വീട്ടിലേ അന്ന് ‘ടേപ്പ് റെക്കര്‍ഡര്‍‘ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞങ്ങള്‍ക്ക് ഈ ‘വാല്‍വ് റേഡിയോ’ ഇത്ര പ്രീയങ്കരിയായി തീര്‍ന്നത്. അന്ന് ‘കല്‍നായക്, ആഷികി, മേ നെ പ്യാര്‍ കിയ, ... അപൂര്‍വ്വ സഹോദരങ്ങള്‍, അഞലി ... തുടങ്ങിയ അന്യഭാഷാഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതു സ്കൂളില്‍ പോയി വിവരിക്കുമ്പോഴും ഉണ്ടയിരുന്ന ആനന്ദം പിന്നീട് ഐ-പോട്, എം.പി-3 പ്ലേയര്‍, എഫ്.എം റേഡിയോ, . . . ഇത്യാദി വഴി അത്യാധുനീക സ്റ്റീരിയോ ശബ്ദസംവിധാനത്തിലൂടെ സംഗീതമാസ്വദിക്കുമ്പോള്‍ പോലും കിട്ടിയിട്ടില്ല!! AM -ഇല്‍ ശബ്ദം മോണോ ആയിരുന്നു, SW -ഇല്‍ വളരെയധികം കര..കര.. ശബ്ദശല്യങ്ങള്‍ ഉണ്ടായിരുന്നു, FM -ഇല്‍ ഇപ്പോള്‍ നല്ല സ്റ്റീരിയൊഫോണിക് ശബ്ദമാണു കിട്ടുന്നത്.
എഫ്.എം റേഡിയോയുടെ വരവിനുശേഷമായിരിക്കണം റേഡിയോ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയത്. ഫോണ്‍-ഇന്‍ പ്രോഗ്രാമുകളാണല്ലോ ഇന്നത്തെ പ്രധാന പരിപാടികള്‍. ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോഴാണു അവിടെ ആദ്യത്തെ സ്വകാര്യ എഫ്.എം പ്രവര്‍ത്തനമാരംഭിക്കുന്നത്. പലനാള്‍ ശ്രമിച്ച് ഒരുനാള്‍ എനിക്കും സൂര്യന്‍ എഫ്.എം ഫോണ്‍-ഇന്‍ പരിപാടിയില്‍ കിട്ടി. ഓണത്തിനു തൊട്ടടുത്ത ഒരു ദിവസമായിരുന്നു. അങ്ങിനെ റേഡിയോവിലൂടെ ചെന്നൈ നഗരത്തിലെ എല്ലാ മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞു. പിന്നീട് കൊച്ചി നിലയത്തിലെ ‘ജനശബ്ദം’ പരിപാടിയില്‍ വിളിക്കുകയും സംസാരിക്കുകയും പ്രതികരണം പരിപാടിയിലേയ്ക്ക് സ്ഥിരമായി കത്തയക്കുകയും അതു വായിച്ച് (എന്റെ പേരു) കേള്‍ക്കുമ്പോള്‍ ഞാന്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്തുകൊണ്ടിരുന്നു.
ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും റേഡിയോയും തമ്മില്‍ അഭേദ്യമായൊരു ആത്മബന്ധം ഉണ്ടെന്ന് എന്റെ ശ്രോതാക്കള്‍ ... . ക്ഷമിക്കണം വായനക്കാര്‍ക്കെല്ലാം മനസ്സിലായിരിക്കുമല്ലോ. അതുകൊണ്ടാണ് രാവിലെ ഓഫീസ്സിലേക്ക് ഇറങ്ങുമ്പോള്‍ എന്റെ ചെവിയില്‍ മൊബൈല്‍ റേഡിയോയുടെ ഇയര്‍ഫോണ്‍ കൊളുത്തിയിടുന്നത്. ഓഫീലേയ്ക്കുള്ള യാത്രയില്‍ ഒരു മണിക്കൂറെങ്കിലും റേഡിയോ കേള്‍ക്കാമല്ലോ. പിന്നെ രാവിലത്തെ എന്റെ സമയക്രമീകരണം കൊച്ചി എഫ്.എം.-ന്റെ വകയാണ്.
സുഭാഷിതം കേട്ടുണരും
പ്രഭാതഗീതം കേട്ട് പ്രഭാതസവാരി
പ്രാദേശിക വാര്‍ത്തകള്‍കേട്ടുകൊണ്ട് ചായകുടി...
എഫ്.എം. ഡയറി കേട്ടുകൊണ്ട്,
പല്ലുതേയ്ക്കല്‍, ക്ഷവരം, കുളി .....
(ദേശീയ) വാര്‍ത്തകള്‍ കേട്ടുകൊണ്ട് പ്രഭാതഭക്ഷണം.
പരാതികള്‍ക്കു മറുപടി -പ്രതികരണം/ ആരോഗ്യവേദി/ഗാന്ധിദര്‍ശനം/നിയമവേദി (ഏതെങ്കിലുമൊന്ന്) കഴിയുമ്പോള്‍ എനിക്കുപേരേണ്ട സമയമാകും.
പിന്നെ ആകാശദൂത്/ഹലോ ജോയ് ............... എന്നിവ മൊബൈലിലൂടെ കേള്‍ക്കും. ആശാലത, വി.എം.ഗിരിജ, തെന്നല്‍ (AIR), പൂജ (ക്ലബ്ബ് എഫ്.എം) എന്നിവരൊക്കെയാണ് കൊച്ചിയുടെ താരങ്ങള്‍. ആശാലതയുടെ വാചക കസര്‍ത്തും ഗിരിജേച്ചിയുടെ ശബ്ദഗാംഭീര്യവും എടുത്തുപറയാതെ വയ്യ.

5 comments:

ഫസല്‍ ബിനാലി.. said...

റേഡിയോ തെങ്ങായുടെ രണ്ടാമത്തെ സ്റ്റേഷന്‍ നമുക്ക് ഏഷ്യാനെറ്റ് പോലെ പ്ലസ്, മൈനസ്, ഹരണം എന്നൊന്നും വെണ്ട. റേഡിയോ തെങ്ങായുടെ രണ്ടാമതെഹ് ചാനല്‍ 'റേഡിയോ തെങ്ങാക്കൊല' തന്നെയാകട്ടെ.
ആശംസകള്‍.

കാവാലം ജയകൃഷ്ണന്‍ said...

റേഡിയോ തേങ്ങായ്ക്ക് എല്ലാവിധ ആശംസകളും. ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചാത്തന്‍റെ ഈ ലേഖനം. ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു വാല്‍വ്‌ റേഡിയോ... അടുത്തകാലം വരെ അതു പ്രവര്‍ത്തിക്കുമായിരുന്നു. പിന്നെ ഒരു ശാസ്ത്രജ്ഞനാകാനുള്ള എന്‍റെ ശ്രമങ്ങളുടെ തിരുശേഷിപ്പായി ഇന്നും അത് ഗാംഭീര്യത്തോടെ അവിടെത്തന്നെയുണ്ട്‌...

നന്ദി ചാത്തന്‍ നല്ല ഒരു ഓര്‍മ്മയെ തൊട്ടുണര്‍ത്തിയതിന്

ഓ:ടോ: റേഡിയോ തീങ്ങായില്‍ സൌണ്ട്‌ സ്പെഷ്യലിസ്റ്റിനെ വേണോങ്കില്‍ അറിയിക്കാന്‍ മറക്കല്ലെ...

kavitha said...

അസ്സലായിട്ടുണ്ട്‌..റേഡിയോ തേങ്ങ അടിപൊളി!!!

മായാവി.. said...

nostalgia..very good

കടവന്‍ said...

സ്വയംവര ശുഭദിന മംഗളങ്ങള്‍.....ഈ പാട്ട് കേള്‍ക്കുമ്പോള്‍ ശ്രീലങ്കാ വാനൊലി നിലയത്തിന്റെ ഓര്മവരും, കാറ്റിലിരുന്നൂയലാ|ടീ പൊങ്ങിയും താണും വരുന്ന ആ ശബ്ദം. പഴയ ഫിലിപ്സ് രണ്ട് ബാന്ഡ് ട്രാന്സിസ്റ്റൊരൈസെഡ് റേഡിയോ...അരുടെയെങ്കിലുമറിവിലുണ്ടൊ വില്പനക്ക്? infrom me rahimkv@gmail.com, or yahoo.com