കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ വായിച്ചു. വായനയ്ക്കു ശേഷം അല്പം നേരം ചിന്തിക്കേണ്ടിവന്നു. കാരണം കുട്ടികളേ അടിച്ചും ശാസിച്ചും ശിക്ഷിച്ചും നല്ലവരായി വളര്‍ത്താനാവില്ല എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.
എന്റെ അനിയത്തിയുടെ കുട്ടി - ആര്‍ഷാ, എല്ലാദിവസവും ഏതെങ്കിലും സമയത്ത് അകാരണമായി കരയും. നല്ല ഉച്ചത്തില്‍, വാശി പിടിച്ചാണ് കരയുന്നത്. ഇതു കാണുമ്പോള്‍ എനിക്കു ദേഷ്യം വരും. കുട്ടികളെ കരയിക്കരുത് എന്നാണ് എന്റെ പ്രമാണം. അനിയത്തിയും അമ്മച്ചിയും പറയും: ‘അവള്‍ വാശിപിടിച്ചു കരയുന്നതെല്ലേ, കരയട്ടെ. കുറച്ചു കഴിയുമ്പോള്‍ തന്നെ നിര്‍ത്തിക്കൊള്ളും’ എന്ന്. കുട്ടികള്‍ കരയുമ്പോള്‍ ‘നാശം, ശവം, ജന്മം .... #$%@@ എന്നൊക്കെ പറഞ്ഞ് വഴക്കുപറയുന്ന ചില അമ്മമാരെ കണ്ടിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഡിമാന്റ്സ് അറിയിക്കാന്‍ എളുപ്പവഴിയാണ് കരയുക എന്നത്. അതുമനസ്സിലാക്കി പെരുമാറാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. ശ്രദ്ധ തിരിച്ചുവിട്ടുക എന്നതാണ് ഏറ്റവും എളുപ്പവഴി. അതുപോലെ തന്നെ കരച്ചില്‍ തുടങ്ങുമ്പോഴേ എന്തെങ്കിലും തന്ത്രം വഴി പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്ന്. കുട്ടികളുടെ വാശിക്കു മുന്‍പില്‍ അമ്മമാരും വാശിപിടിക്കുന്നതാണ് മിക്കാവാറും രംഗം വഷളാക്കുന്നത്.
ചെന്നെയില്‍ വച്ച് ഒരിക്കല്‍ ഒരു പ്രഭാഷണത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഏതോ തമിഴ് മഹദ് ഗ്രന്ഥത്തില്‍ നിന്നെടുത്ത ഒരു ശ്ലോകം വ്യഖ്യാനിച്ച് നല്ല ഒരാശയം വിവരിച്ചത് കേള്‍ക്കുകയുണ്ടായി. അത്തിനു വേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഉമേഷിന്റെ പോസ്റ്റില്‍ നിന്നും ഈ സംസ്കൃതശ്ലോകം (കുട്ടികളെ വളര്‍ത്തേണ്ട വിധത്തേപറ്റി) ആണുകിട്ടിയത്. (തമിഴില്‍ പറഞ്ഞ അതേ വക്യവും ആശയവും):
“രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ
തുപുത്രം മിത്രവദാചരേത്”
അര്‍ത്ഥം: പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം. അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!
ആറുവയസ്സു വരെ കുട്ടികളെ രാജാക്കന്മാരെ പോലെ വളര്‍ത്തണം എന്നു പറയുന്നതില്‍ വളരെ ശരിയുണ്ടെന്നു തോന്നുന്നു. കാരണം, മനഃശാസ്ത്രത്തിന്റെ വളര്‍ന്നുവരുന്ന ശാഖയായ ‘ട്രാന്‍സക്ഷണല്‍ അനാലിസ്സിസില്‍’ പറയുന്നു ശൈശവത്തില്‍ ഒരു വ്യക്തിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ പതിക്കുന്ന ചിത്രങ്ങളാണ് (സ്ട്രോക്ക്സ്) പിന്നീട് അവന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് എന്ന്. ആ പ്രായത്തില്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നും മാധ്യമങ്ങളില്‍ (ഉദാഃ ടെലിവിഷന്‍-ഷം) നിന്നും ഒക്കെ നിരവധി ‘സ്റ്റ്രോക്കുകള്‍’ ആ കുഞ്ഞു തിരശ്ശീലയില്‍ പതിക്കുന്നു. അതാണു പിന്നീട് കൌമാരത്തിലെ റിബലുകളെയും, തെമ്മാടികളെയും, നല്ലപിള്ളമാരെയും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്. അതുകൊണ്ടാണ് സ്കൂളില്‍ പടിക്കുന്ന കുട്ടികളെ തിരുത്തുവാന്‍ അധ്യാപകരും മാതപിതാക്കളും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത്?!
കുമാരനാശാന്റെ ‘വീണപൂവിലെ’ ഈ വരികളാണ് കുഞ്ഞുങ്ങളേക്കാണുമ്പോള്‍ എനിക്കോര്‍മ്മവരാറുള്ളത്:
‘ലാളിച്ചു പെറ്റ ലത അന്പോട് ശൈശവത്തില്‍ പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെആലോല വായു ചെറു തോട്ടിലുമാട്ടിതാരാട്ടാലാപമാര്‍ന്നു മലരേ ദല മര്‍മരങ്ങള്‍‘
ഭാരതത്തിലെ ഗുരുക്കന്മാര്‍ നിര്‍ദ്ദേശിച്ച ഈ ശ്ലോകം തീര്‍ച്ചയായും പ്രസക്തമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. നിങ്ങളും പരീക്ഷിച്ചു നോക്കൂ...
8 comments:
ആശയം കൊള്ളാം .പക്ഷേ എത്ര ശ്രമിച്ചാലും ചിലപ്പോളൊക്കെ ദേഷ്യം വന്നു പോകും..കുഞ്ഞുങ്ങളോട് ദേഷ്യപ്പെടരുത് എന്നൊക്കെ വിചാരിക്കും.പക്ഷേ ചിലപ്പോഴത്തെ കുരുത്തക്കേടുകള്‍ കാണുമ്പോള്‍ ഒന്നു പൊട്ടിക്കാന്‍ തോന്നും എന്നതാ സത്യം !!
കുട്ടികള്‍ വാശിപിടിച്ച് കരയുമ്പോള്‍ അവരുടെ ശ്രദ്ധ തിരിക്കുക എന്നത് ഏറ്റവും നല്ല വഴി. പക്ഷേ, അത്തരം ശ്രദ്ധ തിരിക്കലുകള്‍ക്ക് പ്രസക്തിയില്ലാതാകുന്ന സിറ്റുവേഷന്‍ ഉണ്ട്. കുട്ടി എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും നല്ല വാക്ക് പറഞ്ഞാലും വാശി പിടിച്ചുകൊണ്ടിരിക്കുക എന്നത്, സാധിച്ചുകൊടുക്കാന്‍ കഴിയാത്ത കാര്യത്തിന് പ്രത്യേകിച്ചും... അത്തരം സന്ദര്‍ഭങ്ങളില്‍ 'മതിയാവണ വരെ കരഞ്ഞോളൂ ട്ടോ..' എന്ന് പറഞ്ഞ് അവഗണിക്കേണ്ടി വരാറുണ്ട്. അല്‍പസമയം കരഞ്ഞ് നോക്കിയിട്ട് വല്ല്യ രക്ഷയില്ലാതാകുമ്പോള്‍ ശ്രദ്ധ തിരിക്കല്‍ ഫലിച്ചെന്ന് വരും.
ചിലപ്പോള്‍ പല പ്രാവശ്യം ക്ഷമയോടെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത അതേ കാര്യത്തിന് വീണ്ടും വാശിപിടിക്കുമ്പോള്‍ ചെറിയ ഒരെണ്ണം പൊട്ടിക്കേണ്ടി വരും. അത്തരം പൊട്ടിക്കലുകള്‍ ഭാവിയില്‍ ഇത്തരം വാശിപിടിക്കലുകള്‍ ഒഴിവാക്കുന്നതായി കണ്ട് വരുന്നു (അനുഭവം ഗുരു) :-)
വായിക്കുമ്പോള്‍ തോന്നും ഇങ്ങനെയൊക്കെ ചെയ്യാമെന്ന്. പക്ഷെ അനുഭവം വരുമ്പോള്‍ കാന്താരിചേച്ചിയും സൂര്യോദയവും പറഞ്ഞതു പോലെ ആവുമെന്ന് തോന്നണു. :)
ഇതൊക്കെ നല്ല ചിന്തകളാണ്....ഇങ്ങനെയൊക്കെ ആകാനും കഴിയും...
സംഗതി കൊള്ളാം. പക്ഷെ എത്ര നേരം ക്ഷമയോടെ ഇരിക്കാന്‍ പറ്റും. കുഞ്ഞ് നിര്‍ബന്ധ വാശി കാണിച്ചാല്‍ ഒന്നു പൊട്ടിക്കാത്തവരും ഒന്നു കൊടുത്തുപോകും. കരച്ചില്‍, വാശി, നിര്‍ബന്ധ വാശി എതും മൂന്നും മൂന്ന് തരമാണ്. കരയുന്നതുകണ്ടാല്‍ നമുക്ക് നല്ല വാക്കൊ അല്ലെങ്കില്‍ വേറെ സാധനങ്ങള്‍ കാണിച്ചാണെങ്കിലും കരച്ചില്‍ നിര്‍ത്താം. വാശി കാണിക്കാണെങ്കിലും ചിലെതെല്ലാം നമുക്ക് വഴങ്ങിക്കൊടുക്കാന്‍ പറ്റും. ഉദാ എനിച്ച് ഇപ്പൊ ആ പുതിയ ഉടുപ്പ് വേണം.. എന്നാല്‍ നിര്‍ബന്ധ വാശി അതിന് അടി തന്നെ മരുന്ന്. ഉദാ വാശി പ്രകാരം പുതിയ ഉടുപ്പ് കൊടുക്കയും അതു കിട്ടുമ്പോള്‍ അതു വലിച്ചെറിയുകയും ഇതല്ല വേണ്ടത് എന്നു പറഞ്ഞ് കൈയ്യില്‍ കിട്ടിയത് വലിച്ചെറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത്.
ഞാന്‍ എന്റെ മോനെ അടിക്കുന്നത് കുളുമുറിയില്‍ വെള്ളത്തില്‍ കളിക്കുമ്പോഴാണ്. ചൂടുകാലവും വെള്ളത്തിനു ക്ഷാമമുള്ള അവസ്ഥയില്‍ മോന്‍ പിടിച്ചുവച്ച വെള്ളമെല്ലാം ചുമ്മാ കളയുകയും ഉടുപ്പിലെല്ലാം വെള്ളമാക്കുകയും ചെയ്യുമ്പോള്‍, ആദ്യം മര്യാദക്കു പറയും കുഞ്ഞാ മോനെ മതീഡാ വെള്ളത്തില്‍ കളിച്ചത്. എന്നിട്ടും രക്ഷയില്ലെങ്കില്‍ ഡാ നിന്നോടല്ലെ പറഞ്ഞത് അവിടെ നിന്നും ഇറങ്ങിവരാന്‍..എന്നിട്ടും കേട്ടില്ലെങ്കില്‍ തൂക്കിയെടുത്തു പുറത്തുകൊണ്ടുവരുകയും ഒരു ഡോസ് കൊടുക്കുകയും ചെയ്യും..!
പക്ഷെ അവന്റെ അമ്മുമ്മാമാരും മുത്തശ്ശനും എത്ര കുസൃതികാണിച്ചാലും നിര്‍ബന്ധ വാശി കാണിച്ചാലും അവനെ വഴക്കു പറയുന്നില്ല അടിക്കുന്നില്ല. എന്നാല്‍ അവര്‍ എന്നെ ചീത്തപറയുകയും ചെയ്യുന്നു..!
കുഞ്ഞുങ്ങള്‍ നല്ല അടി കൊണ്ടു വളരുന്നതാ നല്ലത്. നമുക്കൊക്കെ കിട്ടിയിട്ടുള്ളതല്ലേ? എന്നിട്ടു നമുക്കൊക്കെ എന്താ കുഴപ്പം? അന്നത്തെ അടിയുടെ ഗുണമാ ഇപ്പോള്‍ ഇങ്ങനെയെങ്കിലും മര്യാദക്കു (?) ജീവിക്കുന്നത്
തിരുത്തുന്നതിനായി ചെറിയ ശിക്ഷകൾ കൊടുക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. പക്ഷേ കാര്യകാരണം അവർക്ക് വ്യക്തമാക്കിയിരിക്കണം...
ആ ശ്ലോകവും അര്‍ത്ഥവും ഇവിടെ പങ്കു വച്ചതിനു നന്ദി മാഷേ.
:)
Post a Comment