Monday, August 18, 2008

വീണ്ടുണ്ടുമൊരു ചിങ്ങപ്പുലരിയില്‍

മഴക്കാലം കഴിഞ്ഞ് വെയിലുദിക്കുമ്പോള്‍ ചിങ്ങമാസം വന്നുചേരുകയായി.
മഴക്കാലം എന്നു പറയുമ്പോള്‍ ഓര്‍മ്മവരുന്നത് പണ്ട് വീട്ടിലും വീടിനടുത്ത പറമ്പുകളിലും തെങ്ങിനുതടമെടുത്തിരുന്നതാണ്. ഈ തെങ്ങിന്‍ തടങ്ങളില്‍ ഞങ്ങള്‍ കൊച്ചുകുട്ടികള്‍ കടലാസുകൊണ്ട് വഞ്ചിയുണ്ടാക്കി ഒഴുക്കിവിടുമായിരുന്നു. ഞാനീയടുത്തകാലത്ത് ഒരിടത്തും തെങ്ങിന്‍ തടമോ അതില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതോ കുട്ടികള്‍ കളിവഞ്ചിയുണ്ടാക്കി കളിക്കുന്നതോ കണ്ടിട്ടില്ല!
ചിങ്ങമാസം പിറന്നാല്‍ പിന്നെ ഓണത്തിന്റെ ഒരു നിറവും മണവുമൊക്കെ മനസ്സില്‍ നിറയുകയായി. പണ്ട് ഓണപ്പൂവിടുന്നതിനു എന്റെ പ്രായത്തിലെല്ലാവരും (സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍) പലദിക്കിലും നടന്ന് പൂപറിക്കാന്‍ പോകുമായിരുന്നു. എന്നാല്‍ ഞങ്ങളുടെ (ഞാനും ജൈസിയും) അപ്പച്ചന്‍ അവരുടെ കൂടെ പോയി ദൂരെനിന്നും പൂപറിക്കാന്‍ ഞങ്ങളെ വിടില്ലായിരുന്നു. വളരെ ദുഃഖകരമായ ഒരു നിരോധനം ആയിരുന്നു അത്. കൂട്ടുകാരെല്ലാം ദൂരെയെങ്ങോ മലയില്‍ പോയി ചെങ്കദളി, മഞ്ഞക്കോളാമ്പി . . .ഇത്യാദി ‘അത്യപൂര്‍വ്വ’ പൂക്കള്‍ ശേഖരിച്ച് കൊണ്ടുവരുമായിരുന്നു. ഞങ്ങള്‍ക്ക് അതിന്റെ പങ്കുലഭിക്കാന്‍ അവരുടെ മുന്‍പില്‍ താണ് കേണു നില്‍ക്കുകയല്ലാതെ വേറേവഴിയില്ലായിരുന്നു.
ഇതേതു മലയില്‍ നിന്നാണുപറിച്ച് കൊണ്ടുവരുന്നതെന്നാലോചിച്ച് തലപുകക്കാറുണ്ടയിരുന്നു. ഏതോ ഹിമാലയം പോലത്തെ മലയായിരുന്നു മനസ്സിലെ ചിത്രത്തില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി സൈക്കിള്‍ (അപ്പച്ചന്റെ ഹെര്‍ക്കുലീസ്) ചവുട്ടി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ (7 -ആം ക്ലാസ്സിലെത്തി) ഞാന്‍ ഈ മല കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ അങ്ങിനെ ഒരു മലയും കാടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും അവര്‍ പറയാറുണ്ടായിരുന്ന കഥകളും വിവരണവും വച്ച് ‘കദളിപ്പൂ’ കിട്ടിരിയുന്ന ആ മലയെവിടെയാണെന്ന് ഞാന്‍ തേടാറുണ്ട്.
ഒരു ഓണവധിക്കാലത്താണ് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ പ്രതിയാക്കപ്പെട്ടത്. അക്കഥയിങ്ങനെ:
ഞാനും സന്തോഷ് ബലകൃഷ്ണനും കൂടി, മുളന്തുരുത്തി കരവട്ടെകുരിശിനു എന്തോവാങ്ങിക്കാന്‍ പോയതാണ്. ഒരിടവഴി സൈക്കിള്‍ ചവുട്ടി, റെയില്‍ വേ സ്റ്റേഷന്‍ വഴി പോയാല്‍ എളുപ്പമാണ്. റെയില്‍ വേ പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുചെന്നുകയറി, സൈക്കിള്‍ പ്ലാറ്റ്ഫോമില്‍ക്കൂടി ‘ചവുട്ടി’ ഞാനും സന്തോഷും നീങ്ങുമ്പോള്‍ അതാ സ്റ്റേഷന്‍ മസ്റ്ററേമാന്‍ ചാടിവീണു മുന്‍പില്‍...
പ്ലാറ്റ്ഫോമില്‍ ക്കൂടി സൈക്കിള്‍ ചവുട്ടിയ ധിക്കാരികളെ കയ്യോടെ പിടികൂടി!! “ഇതൊരു സര്‍ക്കാര്‍ സ്ഥലമാണ്. അനധികൃതമായി സൈക്കിള്‍ ചവുട്ടുന്നത് ശിക്ഷാര്‍ഹമാണ്” ഉടനെ എന്റെ തിരുവായില്‍ നിന്നും വന്നത്: ‘ഈ സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ ആരുടെയാ സാറെ, ജനങ്ങളുടെയല്ലെ?’ മാസ്റ്റര്‍ക്ക് ചൊറിഞ്ഞ് വരാന്‍ വേറെന്തുവേണം. സൈക്കില്‍ വാങ്ങിപൂട്ടിവച്ചിട്ട് ‘മക്കള്‍ വീട്ടില്‍ പോയ്ക്കോ‘യെന്നു പറഞ്ഞപ്പോളാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. രണ്ട് നിക്കറുപിള്ളേരും കൂടി കരഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടയില്ല. (ഹെര്‍ക്കുലീസ് ഇല്ലാതെ എങ്ങിനെ വീട്ടില്‍ ചെല്ലും?)
മുളന്തുരുത്തി പള്ളിത്താഴത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുധിയായിരുന്നു പിന്നെ ആശ്രയം. സുധിയുടെ അച്ഛന്‍ കടയിലുണ്ടായിരുന്നു. ഒന്നാലോചിച്ചശേഷം ഒരു നമ്പറില്‍ വിളിച്ചു. ഏതോ മുതിര്‍ന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ (മുളന്തുരുത്തിയില്‍ താമസിക്കുന്ന) ആയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനീ വീരന്മാരെ ഒന്നു കാണാണം!! ഞങ്ങള്‍ ചെന്നു. ഈ ചെറുപ്രായത്തില്‍ ഇത്തരം വികൃതികാണിച്ചതു ശരിയായില്ല എന്നദ്ദെഹം പറഞ്ഞു. ഞങ്ങള്‍ക്കും അതുശരിയാണെന്നു തോന്നി. പിന്നീട് ഫോണ്‍ എടുത്ത് സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് പറഞ്ഞു. ‘ചെന്ന് ക്ഷമപറഞ്ഞിട്ട്‘ സൈക്കിള്‍ വാങ്ങിക്കോളാന്‍ പറഞ്ഞു.
സൈക്കിളിന്റെ താക്കോല്‍ വാങ്ങി സൈക്കില്‍ ഉരുട്ടി സ്റ്റേഷനുവെളിയില്‍ വന്നപ്പോഴാണ് ..... ഒരു മണിക്കൂറിലേറെയായി വികടഗതിയിലായിരുന്ന ഞങ്ങളുടെ ശ്വാസം നേരെ വീണത്.
(25 കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നത്)

2 comments:

കനല്‍ said...

കൊള്ളാവുന്ന അനുഭവങ്ങള്‍....

അഭിനന്ദനങ്ങള്‍ :)

siva // ശിവ said...

സുന്ദരമായ ഓര്‍മ്മകള്‍....ഇതു തുടര്‍ന്നും എഴുതുമല്ലോ....