Wednesday, April 16, 2008

വിഷു, ഉത്സവം, ചക്ക, മാങ്ങ, ..... കോവക്ക.

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയി. പെരുമ്പിള്ളി പാടത്തുകാവ് ഭഗവതിയുടെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. സന്ധ്യവൈകിയാണ് നാട്ടിലെത്തിയത്. 7 മണി കഴിഞ്ഞിരിക്കും. കണയത്ത് ഗോപിചേട്ടന്റെ വീട്ടില്‍ നിന്നും താലം ഇറങ്ങുന്നു. എന്റെ വീടിനു രണ്ടുവീടു മുന്‍പാണ് ‘കണയത്തെ’ വീട്. ഞാന്‍ വീട്ടിലെത്തി കുളിയും ജപവും കഴിഞ്ഞ് അമ്പലത്തിലേയ്ക്കിറങ്ങി. 100 മീറ്ററ് കഷ്ടിദൂരം കാണും. പണ്ടത്തെപ്പോലെ അധികം ആള്‍ക്കൂട്ടം കണ്ടില്ല! ഒന്നു-രണ്ട് കളിപ്പാട്ട കച്ചവടക്കാരുണ്ട്. താലങ്ങള്‍ ഒന്നൊന്നായി ക്ഷേത്രത്തിനു വലം വച്ചുകൊണ്ടിരിക്കുന്നു. രണ്ടു താലങ്ങള്‍ തങ്ങളുടെ അവസരവും കാത്ത് പുറത്ത് കാത്തുനില്‍ക്കുന്നു. ചെണ്ടമേളം മുറുകുന്നു ... നല്ല ദീപകാഴ്ച തന്നെ. മോന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അവനു നല്ലൊരനുഭവം ആയിരുന്നേനെ എന്നു തോന്നി. ഉണ്ണികള്‍ക്ക് പുറം ലോകകാഴ്ചകള്‍ നല്ലോരനുഭവമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. 10.30 മണിവരെ അമ്പലപരിസരത്ത് താലപ്പോലിമ കണ്ടുനിന്നു.. 7-8 താലങ്ങള്‍ വന്നുകാണും. താലം എടിത്തിരുന്ന എല്ലാവരും ഉടനെ തന്നെ തിരികെ വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ അമ്പലപറമ്പില്‍ ശുഷ്കത അനുഭവപ്പെട്ടു. താലത്തോടൊപ്പം വന്ന ചെറുപ്പക്കാര്‍ ആര്‍പ്പുവിളികളുടെ ക്ഷീണത്താലും, കെട്ടിറങ്ങിയതിനാലും അവിടിവിടങ്ങളില്‍ ചായുന്നുണ്ടായിരുന്നു. പൊതുവേ ആള്‍ക്കൂട്ടം കുറവായിരുന്നു എന്നു തോന്നി. പക്ഷെ ഉത്സവ പൊലിമ കൂടിയിട്ടുണ്ടായിരുന്നു. (ഇന്നത്തെ കാലത്ത് സാമ്പത്തീകം ഒരു പ്രശ്നമല്ലല്ലോ?!!)



താലപ്പൊലിയുടെ മുന്‍പില്‍ നീങ്ങുന്ന ചെണ്ടക്കാരാണ്, പുരുഷകേസരികളുടെ ആകര്‍ഷണം. ശിങ്കാരി മേളത്തോടൊപ്പം വളഞ്ഞുകുത്തിയാടുന്നത് കേസരിമാരാണോ അതൊ ഉള്ളില്‍ കിടക്കുന്ന കള്ളാണോ എന്നൊരു സംശയം??!! ബ്രൂസ് ലിയുടെമാതിരി മുടിയും വളര്‍ത്തി ഒരുത്തന്‍ ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടിയില്ല. എന്നാല്‍ എവിടെയോ കണ്ട മുഖപരിചയം! പിന്നീട് ആലോചിച്ചെടുത്തൂ. കഴിഞ്ഞമാസം വീട്ടില്‍ അടയ്ക്ക പറിക്കാന്‍ വന്ന സുഹൃത്ത്.. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് 15 അടയ്ക്കാമരത്തില്‍ കയറി 100 രൂപയും വാങ്ങിപോയ ചുള്ളന്‍!! ആള്‍ അടിപൊളിയാണല്ലോയെന്നു അന്നു ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കോലത്തില്‍ ... തലകുത്തിനില്‍ക്കുന്നതു കണ്ടപ്പോള്‍ കഷ്ടം തോന്നി. കിട്ടുന്ന കാശു കള്ള് കുടിച്ചുനശിപ്പിക്കുന്നതെന്തിനിവര്‍?? ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന താലപ്പൊലി മാത്രമാവുമോ ഇവരുടെയൊക്കെ ആഘോഷം?!



തിരികെ പോരുമ്പോള്‍ വിജുവിന്റെ അമ്മയുണ്ടായിരുന്നു. അവരുടെ വീട്ടില്‍ കയറി കുറച്ചുനേരം സംസാരിച്ചിരുന്നു. വിജുവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിശേഷവും മറ്റും. കിടന്നപ്പോള്‍ 12 മണി ആയിട്ടുണ്ടാവും.



രാവിലെ വൈകി ആണ് എഴുന്നേറ്റത്. പറമ്പില്‍ ചെറുതായി ഒന്നു കണ്ണോടിച്ചു. മരങ്ങളും ചെടികളും അവരുടെ ദുഃഖം പറയാനാവാതെ വിതുമ്പുന്നുണ്ടയിരുന്നു. വീട്ടുകാരെല്ലാം അവറ്റകളെ ഉപേക്ഷിച്ച് തിരുവനന്തപുരത്തിനു കടന്നുകളഞ്ഞില്ലേ? അതിന്റെ ദുഃഖം!! എങ്കിലും ഇത്തവണ പ്ലാവില്‍ ചക്കയുടെ എണ്ണം വളരെ കൂടുതലായിരുന്നു. മാവും മോശമല്ല, നിറയെ മാങ്ങകള്‍!! പക്ഷെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടെറസ്സിന്റെ മുകളില്‍ ഉണ്ടായിരുന്ന ‘കോവല്‍ ചെടി’യാണ്. അപ്പച്ചന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍ അതിന്റെ കടയോടെ വെട്ടിക്കളഞ്ഞതാണ്. കാരണം കാടുപിടിച്ചു കിടന്നാല്‍ പാമ്പോ മറ്റിഴജന്തുക്കളോ വാസമുറപ്പിക്കുമെന്നു ഭയന്ന്.. ആ കോവല്‍ വള്ളിയില്‍ ഒരു കിലോയോളം കോവയ്ക്ക വിളഞ്ഞു കിടക്കുന്നു!!! മുഴുവന്‍ പറിച്ചെടുത്ത്, പോരാന്‍ നേരത്ത് അടുത്ത വീട്ടിലെ ലീലചേച്ചിക്ക് കൊടുത്തു.

ഇങ്ങിനെ ഓരോ പ്രാവശ്യം വരുമ്പോഴും അടയ്ക്ക, വാഴക്കുല, തേങ്ങ ... തന്നുകൊണ്ടിരിക്കുന്ന 18 സെന്റ് ഭൂമിയോട് വളരെ ബഹുമാനവും സ്നേഹവും തോന്നാതിരുന്നില്ല.

1 comment:

Kichu $ Chinnu | കിച്ചു $ ചിന്നു said...

:-)
thenga udachu...

ente naadinekkurichormippichu post ....