എവിടെയോ വായിച്ചതോര്‍ക്കുന്നു:
‘കൂടുതല്‍ അടുക്കുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ അടുക്കാനാഗ്രഹിക്കുന്നു.
കൂടുതല്‍ അറിയുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ സുതാര്യനാവാനാഗ്രഹിക്കുന്നു.’
(ഇതൊരു വെറുക്കപ്പെട്ടവന്റെ സുവിശേഷമാവാം) അകലെ നിന്നു കാണുമ്പോള്‍ എല്ലാം സുന്ദരമാണല്ലോ, ബന്ധങ്ങള്‍ പോലും!! കൂടുതല്‍ അടുക്കുമ്പോഴാണല്ലോ, നമുക്ക് കൂടുതല്‍ അറിയാന്‍ അവസരം ലഭിക്കുന്നത്. പ്രണയത്തിലും, സൌഹൃദത്തിലും എന്തിനു ദാമ്പത്യജീവിതത്തില്‍ പോലും ഈ നിയമം ബാധകമാണ്. അല്ലെങ്കില്‍ ആ ബന്ധം വെറും ഉപരിപ്ലവമാണെന്നേ ഞാന്‍ പറയൂ.
കൂടുതല്‍ അടുക്കുമ്പോളാണ് നാം അപരന്റെ ബലഹീനതകള്‍, കന്നത്തരങ്ങള്‍, പോഴത്തരങ്ങള്‍, കുശുമ്പു-കുന്നായ്മകള്‍ മനസ്സിലാക്കുന്നത്. നമ്മുടെ ആദ്യത്തെ സ്വാഭാവിക പ്രതികരണം ‘വെറുപ്പ്’ ആയിരിക്കും.
അയ്യേ, ഇങ്ങേരെ/ ഇവളെ ആണോ ഞാന്‍ ഇത്ര നാളും എന്റെ ഹൃദത്തിന്റെ ശ്രീകോവിലില്‍ വച്ചാരാധിച്ചിരുന്നത്?
അയ്യേ, ഇവന്‍/ ഇവള്‍ ഇത്രയ്ക്കേ ഉള്ളോ?? കഷ്ടം! ഞാന്‍ വിചാരിച്ചത് ........... അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തു മഠയനാ?!
പക്ഷെ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. സിനിമയിലെ ‘Turning point' പോലെ. നിങ്ങള്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ അടുക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നാമാരും ഒരാളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുകയില്ല, കൂടുതല്‍ അറിയാന്‍ ആകാംഷ കാണിക്കുകയില്ല.
കേവലം ഒരു ‘ഹയ് - ബൈ’ യില്‍ നമുക്കു ബന്ധങ്ങള്‍ എത്രനാള്‍ വേണമെങ്കിലും തുടര്‍ന്നുപോകാം. പക്ഷെ ആത്മബന്ധങ്ങള്‍ ഉടലെടുക്കുന്നത് കൂടുതല്‍ അറിയുന്നതിലൂടെയാണ്. വെറുക്കുക എന്നത് അടുക്കുക എന്നതിന്റെ വിപരീതം അല്ല. മറിച്ച്, കോംപ്ലിമെന്ററി ആണ്. മാനസീകമായ ഒരല്പം അകല്‍ച്ചയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ രണ്ടുപേരും പരസ്പരം ലയിച്ച് ഒന്നായി മാറിയിട്ടുണ്ടാവും. കാരണം ഇനി അവറ്ക്കിടയില്‍ മറയൊന്നുമില്ലല്ലോ.
Tuesday, April 15, 2008
Subscribe to:
Post Comments (Atom)
1 comment:
great thought....
Post a Comment