Tuesday, September 30, 2008

അവിടുത്തെ കാരുണ്യം അനന്തമാണ്‌.

ഇന്നലെ ഞായറാഴ്ച [സെപ്ത: 28] പുറത്തിറങ്ങാതെ കഴിഞ്ഞുപോയി. അജിത ശനിയാഴ്ച വന്ന് തിങ്കളാഴ്ച പോകുന്നതിനാല്‍ ഞായറാഴ്ച വീട്ടില്‍ തന്നെയിരിക്കാമെന്നുവച്ചു. മനുകുട്ടനാണെങ്കില്‍ അമ്മച്ചിവന്നാല്‍ പിന്നെ ഉറക്കം പോലും ഇല്ല. അങ്ങിനെ നാലുമണിക്കുള്ള ചായകുടി കഴിഞ്ഞു മനു മിറ്റത്ത്‌ കളിക്കുന്നുണ്ടായിരുന്നു. ഇടക്ക് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സംസാരിച്ചതിനുശേഷം മോബൈല്‍ മനുകുട്ടന്‍ വാങ്ങിയെടുത്തു, അവനതില്‍ പാട്ടു വച്ചുകൊടുത്തു. ആശാന്‍ അതും ചെവിയില്‍ വച്ച് നടക്കുന്നുണ്ടായിരുന്നു. എല്ലാവരും വീട്ടിലുണ്ട്, അപ്പച്ചന്‍, അമ്മച്ചി, അനിയത്തി, അനിയത്തിയുടെ രണ്ടു കുട്ടികള്‍, ഞാന്‍ & അജിത.

അജിത അടുക്കളയില്‍ ആയിരുന്നു. മനുക്കുട്ടന്‍ പടിഞ്ഞാറെ മിറ്റത്തു നിന്നും കിഴക്കേ മിറ്റത്തേക്കും തിരിച്ചും നടക്കുന്നുണ്ടായിരുന്നു. ചെവിയില്‍ അമര്‍ത്തിപിടിച്ച മൊബൈലില്‍ നിന്നും പാട്ടും കേട്ടുകൊണ്ട്. . . പെട്ടെന്ന് ആളെ കാണാതായി!!! 'വാനിഷിങ്ങ്‘ എന്നുപറയുന്ന പോലെ. മനു എവിടെ എന്ന് അനിയത്തിയാണ് ആദ്യം ചോദിച്ചത്. ഞാന്‍ ആദ്യം പടിഞ്ഞാറെ മുട്ടത്തു നോക്കി, അവിടെയില്ല? കിഴക്കെപ്രത്ത് കാണുമെന്നു കരുതി. അവിടെ ചെന്നപ്പോള്‍ അവിടെയും ആളില്ല??!! ആദി ലേശം കയറി തുടങ്ങി, വീടിനു ചുറ്റും ഓട്ടത്തില്‍ പ്രദക്ഷിണം വച്ചു. ഇല്ല ആള്‍ അവിടെയെങ്ങും ഇല്ല!!! അമ്മച്ചി ആര്‍ഷ മോളുമായി [അനിയത്തിയുടെ കുട്ടി] ഇതിനിടെ ‘ടെറസ്സിന്റെ’ മുകളിലേക്ക് കയറി പോയിരുന്നു. അമ്മച്ചിയുടെ ശബ്ദം കേട്ടാണ് മുകളിക്ക്‌ നോക്കിയത്. ധാ . . . അപ്പോള്‍ ടെറസ്സിന്റെ താഴെ ‘സണ്‍ ഷേഡില്‍’ കൂടി ഒരാള്‍ മൊബൈല്‍ ഫോണും ചെവിയില്‍ വച്ചു മന്ദം മന്ദം . . . നടന്നു നീങ്ങുന്നു!!! ഒരു നിമിഷം സ്തംഭിച്ചുപോയി. അപ്പോഴേക്കും അമ്മച്ചി മുകളില്‍ നിന്നെത്തി അവനെ പിടിച്ചിരുന്നു. ഞാന്‍ ഓടി ഗോവണി വഴി മുകളിലെത്തി. അമ്മച്ചി വിറക്കുന്നുണ്ടായിരുന്നു. അവനോ ... പാട്ടില്‍ മുഴുകിയിരിക്കുന്നു. ഞാനും മനുക്കുട്ടനുമായി പതുക്കെ നടന്നു പടികളിറങ്ങി. ‘സണ്‍ ഷേഡില്‍’ നടക്കുമ്പോള്‍ എന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഇതൊന്നും അറിയുന്നതേയില്ല. എല്ലാവരും അന്ധാളിച്ചിരിക്കുന്നു. അപ്പോഴും അവന്‍ പാട്ടുകെട്ടുകൊണ്ട് നടക്കുകയായിരുന്നു!!!

മുകളിലേക്കുള്ള പടികള്‍ തുറന്നു കിടക്കുകയാണെങ്കിലും ഇതുവരെ കുട്ടികളാരും അങ്ങോട്ടേക്ക് കയറാറുണ്ടായിരുന്നില്ല. ഇടക്ക് അമ്മച്ചി മുകളിലേക്ക് കയറി പോകുന്നത് അവന്‍ കണ്ടിരിക്കണം. അതാണു ആശാന്‍ കൂളായി മുകളിലേക്ക് കയറിയത്. ആരുമില്ലാത്തെ സ്ഥലത്തേക്ക് അവന്‍ പോകാറില്ല. ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ പോലും ആരെങ്കിലും കൂടെയുണ്ടോയെന്ന് തിരിഞ്ഞ് നോക്കും. ആരും ഇല്ല എന്നുതോന്നിയാല്‍ തിരികെപോരുകയാണ്‍ പതിവ്.

കുളിമുറിയില്‍ ബക്കറ്റില്‍ വീണകുട്ടികളെക്കുറിച്ച് പത്രത്താളുകളില്‍ വായിക്കുമ്പോള്‍ ‘ഇതെന്താ വീട്ടുകാര്‍ക്ക് ഇത്ര ശ്രദ്ധയില്ലേ’ എന്ന് തോന്നാറുണ്ട്. ഇന്നലെ മനസ്സിലായി - അല്പം ശ്രദ്ധതെറ്റിയാല്‍ മതി; അപകടം ഓടിയെത്താന്‍ എന്നു. നിമിഷങ്ങള്‍ മതി ഇവിടെ പലതും സംഭവിക്കാന്‍…

ദൈവത്തിനു സ്തുതി, അവിടുത്തെ കാരുണ്യം വലുതാകുന്നു!!

No comments: