Friday, July 18, 2008

കുട്ടികള്‍ പ്രശ്നക്കാരാണോ അതോ . . .

എല്ലാവര്‍ക്കും ഒരോരോ പ്രശ്നങ്ങള്‍ ഉണ്ട്‌. ഒരാളുടെപ്രശ്നം മറ്റൊരാള്‍ക്ക്‌ വലുതായി തോന്നണമെന്നില്ല. എണ്റ്റെ പ്രശ്നം ആണു എനിക്ക്‌ വലുത്‌, മറ്റെല്ലാം നിസ്സാരം.

കുട്ടികള്‍ ദൈവത്തിണ്റ്റെ മാലാഖമാരാണു. അതുകൊണ്ടായിരിക്കും യേശുദേവന്‍ ഇങ്ങിനെ പറഞ്ഞത്‌: 'നിങ്ങള്‍ ശിശുക്കളെ പോലെ ആകുക, എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ' കുട്ടികളെ വളര്‍ത്തുക എന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണു. അല്ലെങ്കില്‍ വളരെ ക്ഷമയും ദയയും വേണ്ടുന്ന കാര്യമാണു.

ഇപ്പോള്‍ എന്നും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ ജൈസിയും ആര്‍വിനും തമ്മിലിള്ള ബഹളം കേട്ടുകൊണ്ടാണു. ആര്‍വിനു രാവിലെ ൭ മണിക്ക്‌ സ്കൂളില്‍ പോകണം. ചോറും കറിയും പ്രഭാത ഭക്ഷണവും തയ്യാറക്കി, ആര്‍വിനെ കുളിപ്പിച്ചൊരുക്കി യൂണിഫോം ഇടിവിച്ച്‌ അയക്കുക എന്നത്‌ ഒരു ഭഗീരഥപ്രയത്നം ആവശ്യമുള്ള കൃത്യമാണെങ്കിലും എനിക്കീ ശഃണ്ടകാണുമ്പോള്‍ കലിവരും. അതായത്‌ രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്നതേ 'കലിയിളകി' ആണെന്നര്‍ത്ഥം!!

എല്ലാരും ഇങ്ങിനെയൊക്കെയാ കുട്ടികളെ വളര്‍ത്തുന്നതെന്നാണു അവളുടെ മറുപടി. ഞാന്‍ വലുതാവുമ്പോള്‍ (അഥവാ എണ്റ്റെ മോന്‍ വലുതാവുമ്പോള്‍) ഇതൊക്കെ ഞാന്‍ മനസിലാക്കികൊള്ളുമത്രേ? എന്തോ എനിക്ക്‌ കുട്ടികളുമായി വഴക്കടിക്കുന്നതും, ശഃണ്ടകൂടുന്നതും ശകാരിക്കുന്നതും തല്ലുന്നതും ഒന്നും ഇഷ്ടമല്ല. അതിനാല്‍ അവളുടെ ഈ ന്യായീകരണങ്ങള്‍ ഒന്നും അംഗീകരിക്കാനും ആവില്ല.

ചിലര്‍ക്ക്‌ കുട്ടികള്‍ ഇല്ലാത്തതിണ്റ്റെ വിഷമം

മറ്റുചിലര്‍ക്ക്‌ ആണ്‍കുട്ടി/പെണ്‍കുട്ടി ജനിക്കാത്തതില്‍ വിഷമം കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതില്‍

നന്നായി പടിക്കാത്തതില്‍ വിഷമം

അനുസരണ ഇല്ലാത്ത കുട്ടികള്‍ മഹാകഷ്ടം

സ്കൂള്‍/ കോളേജ്‌ അഡ്മിഷന്‍ എന്തൊരു ടെന്‍ഷന്‍

പ്രണയത്തില്‍ കുടുങ്ങിയ കുട്ടികള്‍

പാരെണ്റ്റ്സിനൊരു തലവേദന തന്നെ

ഇന്നലെ ആണ്റ്റി വിളിച്ചിരുന്നു:

അനു മോള്‍ടെ കല്യാണം ഒന്നുമായില്ല

വര്‍ഷം മൂന്നായി പല ആലോചനകളും നടത്തുന്നു.

ഒന്നും ശരിയായി വരുന്നില്ല എന്തൊരു ടെന്‍ഷന്‍?!

കല്യാണം കഴിഞ്ഞാലോകുട്ടികളുണ്ടാവാത്തതിണ്റ്റെ ടെന്‍ഷന്‍.

ഇന്നലെ വേദാന്താ അക്കദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ പ്രഭാഷണം സി.ഡി.യില്‍ കേട്ടു. കുട്ടികളെ എങ്ങിനേ നല്ലവരായി വളര്‍ത്താം - ഇതായിരുന്നു വിഷയം. അദ്ദേഹം പറയുന്നു. 'നിങ്ങള്‍ പ്രഘോഷണം നിര്‍ത്തൂ. ഉദാഹരണം ആകൂ. അതായത്‌ കുട്ടികള്‍ക്ക്‌ നല്ല മാതൃക കാണിച്ച്‌ കൊടുക്കുക. അവര്‍ നല്ലവരായി വളര്‍ന്നുകൊള്ളും. ' അരുത്‌/ചെയ്യരുത്‌ ഇങ്ങിനെയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്‌ നിര്‍ത്തിയാല്‍ തന്നെ കുട്ടികള്‍ നമ്മെ അനുസരിക്കാന്‍ പഠിക്കും!

എനിക്കിതൊക്കെ വളരെ ശരിയായി തോന്നി. അഞ്ചു വയസ്സു വരെയെങ്കിലും കുട്ടികളെ ശിക്ഷിക്കുന്നതും ശകാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണം എന്ന അഭിപ്രായമാണെനിക്ക്‌. കാരണം ആ പ്രായത്തിലാണു ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം നടക്കുന്നത്‌. അഞ്ചു വയസ്സിനു ശ്ശേഷം കുട്ടികളുടെ സ്വഭാവം നല്ലതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാലും യാതൊരു പ്രയോജനവും ഇല്ല!! കാരണം അതിനുള്ളില്‍ കുട്ടികളുടെ മനസ്സിലെ തിരശീലയില്‍ ചിത്രങ്ങള്‍ ഒരു അച്ചിലെന്നപോലെ നിരന്നുകഴിഞ്ഞിരിക്കും. ആ ലിപികള്‍ ആണു പിന്നീട്‌ വ്യക്തിയുടെ ജീവിതത്തില്‍ പ്രതിഭലിക്കുന്നത്‌. അതുകൊണ്ട്‌ അടുത്ത തവണ നിങ്ങള്‍ റിബലായ കൌമാരക്കാരനെ കാണുമ്പോള്‍ അവണ്റ്റെ ബാല്യ/ശൈശവ കാലഘട്ടെത്തെക്കുറിച്ചു കൂടി ആലോചിക്കുന്നതു നന്ന്‌. എന്നിട്ടാവാം വിധിയെഴുത്ത്‌. (മാതാപിതാക്കളുടേയോ കുട്ടിയുടെയോ)കുട്ടികള്‍ പ്രശ്നക്കാരാണോ അതോ മതാപിതാക്കള്‍ ആണോ പ്രശ്നക്കാര്‍? നിങ്ങള്‍ തന്നെ പറയൂ.

Thursday, June 19, 2008

ആപല്‍ബാന്ധവനേ . . . (ഭാഗം - 2)

പണ്ട് ഞങ്ങളുടെ സുരേഷ് സര്‍ [കാറ്ഷീക സര്‍വ്വകലാശാല - മണ്ണുത്തി] എക്ണോമിക്സ് പടിപ്പിക്കുന്നതിനിടയില്‍ പല തത്വവിചാരങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് ആത്യന്തീകമായ അവശ്യബോധം ഉണ്ടായാല്‍ മാത്രമേ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വന്നുചേരൂ.’ ഞങ്ങളുടെ കോഴ്സിനു അംഗീകാരം/ രാഷ്ട്രീയ വിജയം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ ആണെന്നുതോന്നുന്നു സര്‍ ഈ തത്വം പറഞ്ഞത്. ഒരു ഉദാഹരണവും പറഞ്ഞു: ‘ഒരാള്‍ വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ ഒരിത്തിരി വായുലഭിക്കുന്നതിനു എത്രമാത്രം ആഗ്രഹിക്കുമോ, അതുപോലൊരു ആഗ്രഹം നമുക്കുണ്ടെങ്കില്‍ ഏതു കാര്യവും കരഗതമാവും’. കഴിഞ്ഞദിവസം താഴെ കൊടുത്തിരിക്കുന്ന മഹാഭാരതഭാഗം വായിച്ചപ്പോള്‍ സുരേഷ് സറിനെ ആണു ഓര്‍മ്മവന്നത്.

പരിപൂര്‍ണ്ണ ശരണാഗതി:

ധര്‍മ്മപുത്രന്‍ കൌരവരുമായുള്ള ചൂതാട്ടത്തില്‍ ആദ്യം സഹോദരന്മാരേയും പിന്നെ തന്നേയും ഒടുവില്‍ പാഞ്ചാലിയേയും പണയം വച്ച് സര്‍വ്വതും നഷ്ടപ്പെടുത്തി. അനന്തരം ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച് പാഞ്ചാലിയെ സഭയിലേക്ക് വലിച്ചിഴച്ചുവരുത്തി. ‘അടിമയ്ക്ക് എന്തിനാണ് മേല് വസ്ത്രം’ എന്നു പറഞ്ഞുകൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുകളയാന്‍ ഉത്തരവിട്ടു. പാഞ്ചാലിയുടെ ഉടലും ഉള്ളവും നടുങ്ങിവിറങ്ങലിച്ചു. തന്റെ രണ്ടു കൈകളാല്‍ മാറിടം മറച്ചുപിടിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ക്രിഷ്ണനെ വിളിച്ച് ‘ക്രിഷ്ണാ എന്നെ രക്ഷിക്കൂ.. നിന്റെ സഹോദരിയായ എനിക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ നിന്നും എന്നെ കാത്തു രക്ഷിക്കൂ.’ എന്ന് അലമുറയിട്ട് കരഞ്ഞു.

ഈ സമയത്ത് ക്രിഷ്ണന്‍ രുഗ്മിണിയുമായി പകിട കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാഞ്ചാലിയുടെ ഉച്ചത്തിലുള്ള രോധനം അവിടെ കേട്ടു. എന്നിട്ടും ക്രിഷ്ണനു ചലനമില്ലാത്തത് കണ്ടപ്പോള്‍ രുഗ്മിണി പറഞ്ഞു. ‘അല്ലയോ ക്രിഷ്ണാ നിന്റെ പരമഭക്തയായ സഹോദരി പാഞ്ചാലിയുടെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്? അവിടെ നിന്റെ സഹായത്തിനായിട്ടെല്ലേ അവള്‍ കേഴുന്നത്... നിന്നെ വിളിക്കുന്നത്. നീ അതു ചെവിക്കൊള്ളാതെ എന്നോടൊപ്പം കളിയില്‍ മുഴുകിയിരിക്കുന്നു. ആപല്‍ബാന്ധവന്‍ എന്നാണല്ലോ നിന്നെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മാനം അപഹരിക്കപ്പെടുമെന്ന മുഹൂര്‍ത്തമാണ് അണഞ്ഞിരിക്കുന്നത്. നീ അവളെ സഹായിക്കില്ലേ?’ ഇതു കേട്ട് ക്രിഷ്ണന്‍ ഒന്നു പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ‘നീ കളിക്കൂ രുഗ്മിണി. എപ്പോള്‍ പോകണമെന്ന് എനിക്കറിയാം.’

‘നിങ്ങള്‍ക്ക് ദയയില്ലേ? അങ്ങോട്ടൊന്നു ശ്രദ്ധിക്കൂ. അപ്പോള്‍ അറിയാം അവള്‍ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്’ രുഗ്മിണിക്ക് കരച്ചില്‍ വന്നു. ‘നോക്കൂ രുഗ്മിണി, എനിക്കറിയാം ഒന്നും സംഭവിക്കില്ല. നീ ഇപ്പോള്‍ കളിക്കൂ.’ കൌരവസഭയില്‍ ദുശ്ശാസ്സനന്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുതുടങ്ങി. അപ്പോള്‍ ‘ക്രിഷ്ണാ നീയാണ് എനിക്കെല്ലാം നിന്നില്‍ നിന്റെ തൃപ്പാദങ്ങളില്‍ ഇതാ ഞാന്‍ ശരണാഗതി പ്രാപിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് ദ്രൌപതി മാറിടം മറച്ചിരുന്ന രണ്ടുകൈകളുമെടുത്ത് മേല്‍പ്പോട്ടുയര്‍ത്തി കരം കൂപ്പി. ‘കൃഷ്ണാ ....’ എന്ന് ഉരുവിട്ടുകൊണ്ട് സ്വയം മറന്ന് കൃഷ്ണചിന്തയില്‍ ലയിച്ചുനിന്നു.

ഈ സമയത്ത് കൃഷ്ണന്‍ തന്റെ കൈ ഉയര്‍ത്തി കൃഷ്ണന്റെ കൈയില്‍നിന്നും ജലപ്രവാഹം പോലെ തുണികള്‍ പ്രത്യക്ഷപ്പെട്ടു. ആ തുണികളെല്ലാം കൃഷ്ണന്റെ ശരീരത്തെ ചുറ്റി. ദുശ്ശാസനന്‍ വലിക്കുംതോറും അതിനേക്കാള്‍ വേഗതയില്‍ കണ്ണെത്താദൂരത്തുള്ള അരുവിയില്‍ നിന്നെന്നോണം തുണികള്‍ വന്നുകൊണ്ടിരുന്നു. ദുശ്ശാസ്സനന്റെ കൈ കഴച്ചു. അവന്‍ ആകെ ക്ഷീണിതനായി. അങ്ങനെ കൃഷ്ണന്‍ പാഞ്ചാലിയുടെ മാനം കാത്തു.

തന്നെ അവന് സമര്‍പ്പിച്ച് മനമുരുകി കേണാല്‍ ഭഗവാന്‍ ആപല്‍ബാന്ധവനായി എത്തി തന്റെ ഭക്തനെ കാത്തുകൊള്ളുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മഹാഭാരതത്തിലെ ഈ മുഹൂര്‍ത്തം.

Saturday, June 07, 2008

സിന്ദൂരതിലകം - എന്തിന്??

ഇന്നലെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചെന്നപ്പോള്‍ കൌണ്ടറിലെ സുന്ദരിയുടെ സിന്ദൂരതിലകം ശ്രദ്ധിച്ചപ്പോള്‍ ആണ് കുറേ സംശയങ്ങള്‍ തോന്നിയത്. എന്തിനാണ് വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം ഇടുന്നത്? അതില്ലായിരൂന്നെങ്കില്‍ ആ കുട്ടി വിവാഹിതയാണെന്നു തോന്നുകയേ ഇല്ല!! എന്തിനാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ഈ ഒരു ‘മാര്‍ക്കിങ്ങ്’ ?? ആണുങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന് എവിടെയും എഴുതി വയ്ക്കാറില്ലല്ലോ. പിന്നെന്തിന് ഈ വിവേചനം സ്ത്രീകള്‍ സമ്മതിച്ച് കൊടുക്കണം? (പലരും വളരെ അഭിമാനത്തോടെയാണു നെടുങ്കന്‍ സിന്ദൂരം തൊടുന്നത്)

എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.

എനിക്ക് തോന്നിയിട്ടുള്ളത് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരടയാളമാണു സിന്ദൂരം എന്നാണ്. ആദ്യ രാതിയിലെ കിടക്കവിരി സൂക്ഷിച്ച് വയ്ക്കുന്ന ഒരാചാരം ചില പ്രാകൃത സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതുപോലെ താന്‍ കന്യകയല്ലാതായി എന്നതിന്റെ പരസ്യപ്പെടുത്തലല്ലേ ഈ സിന്ദൂരമിടല്‍ എന്നാണ് എന്റെ സംശയം! പക്ഷെ, എങ്കില്‍ അതു ഒന്നോ രണ്ടോ ദിവസം മാത്രം പോരെ? (കുറച്ച് അശ്ലീലത നിറഞ്ഞ ഒരു പരസ്യപ്പെടുത്തലല്ലേ ഇതെന്നും എനിക്കു തോന്നാറുണ്ട്) അതെന്തായാലും ഈ സിന്ദൂരപൊട്ടിനു വല്ല ശാസ്ത്രീയതയുമുണ്ടോ, ഔഷധഗുണം വല്ലതുമുണ്ടോ എന്നെല്ലാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഓര്‍മ്മശക്തി/ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കുന്ന വല്ലതും? എന്തായാലും സൌന്ദര്യമുള്ളവര്‍ക്ക് സിന്ദൂരം ഒരലങ്കാരം തന്നെയാണ്. സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു?!(സന്ധ്യക്കെന്തിനു സിന്ദൂരം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും!!)

Thursday, May 29, 2008

സൌഹൃദം എന്നാല്‍ ....

ഒരിക്കല് ‍ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചൂതു കളിക്കയായിരുന്നു. ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു. കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല. ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....കര്‍ണ്ണന്‍: “അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു“ എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം/മാല പൊട്ടി..മുത്തുമണികള്‍ ചിതറി....കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.

(ഇതുപോലൊരു സൌഹൃദം ഇന്നു സാധ്യമാണോ?)

Tuesday, April 29, 2008

മരണത്തിന്റെ വലുപ്പം

ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?