Showing posts with label sociology. Show all posts
Showing posts with label sociology. Show all posts

Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

Sunday, October 30, 2022

ദാരിദ്ര്യം പിടിച്ചവൻ (ദരിദ്രവാസി അല്ല!!)

നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിയ്ക്കലും നിങ്ങളുടെ തെറ്റല്ല എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്".

If you're born poor then it's not your mistake but if you die poor then it's definitely your mistake.”.

പലായവർത്തി കേട്ടിട്ടുള്ള ഒരു മഹദ് വചനം? എപ്പോൾ കേട്ടാലും ദഹിക്കാതെ പുളിച്ചു തികട്ടുന്ന ഒരു വാചകം! പണമുണ്ടാക്കുക, സമ്പന്നനാകുക ... സമ്പത്ത് കുമിഞ്ഞു കൂട്ടിവെച്ച് അതിനുമുകളിൽ സന്തോഷവാനായി ഇരിക്കാൻ ആഹ്വനം ചെയ്യുന്ന, മോട്ടിവേഷണൽ ട്രെയിനർമാർ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഈ വാചകം എത്ര അരോചകമാണ്?

ഞാൻ കടങ്ങൾ ഒന്നും ഇല്ലാത്ത (ലോണുകൾ, ഇഎംഐ) ഒരു പരമ ദരിദ്രനാണ്. എന്റെ ഇന്നത്തെ ദാരിദ്ര്യത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം 

1) ഞാൻ ഇന്ന് എന്റെ പ്രായമായ മാതാപിതാക്കൾ ക്കൊപ്പംആണ് താമസിക്കുന്നത്. എത്ര അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പിണക്കങ്ങൾ ഉണ്ടെങ്കിലും ഇതൊരു സുഖമാണ്. എനിക്ക് ഒരുപാട് കാശുണ്ടായിരുന്നെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോയി (നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ, വാടകയ്ക്ക് എടുത്തോ, അല്ലെങ്കിൽ വേറെ ഭൂമി വാങ്ങി വീട് വച്ചോ ഒക്കെ) താമസിച്ച് ജോലിയുടെ സൗകര്യം മക്കളുടെ സൗകര്യം എന്നൊക്കെ പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയേനെ!! പക്ഷെ ഇന്നെനിക്ക് അതിനുള്ള സാമ്പത്തീകം ഇല്ല, അതുകൊണ്ട് സ്വന്തം അപ്പന്റെയും അമ്മയുടെയും കൂടെ ഇണങ്ങിയും പിണങ്ങിയും പോകുന്നു 

2) ഞാൻ ഇന്ന് സർക്കാർ സംവിധാനങ്ങൾ ആണ് എന്റെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നത്. അതിൽ കൂടുതലും ആയുർവേദ - ഹോമിയോപ്പതി വിഭാഗത്തിൽ ആണ് ചികിത്സകൾ. വീട്ടിൽ 7 പേരും കഴിഞ്ഞ പത്തു വർഷങ്ങൾ ആയി വളരെ തുച്ഛം അലോപ്പതി മരുന്നുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു പക്ഷെ ഞാൻ സമ്പന്നൻ ആയിരുന്നെങ്കിൽ ആവശ്യമില്ലാതെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ കയറിയിറങ്ങി യേനെ? രാജഗിരി, അമൃത, ആസ്റ്റർ, റെനൈ മെഡ്‌സിറ്റി ഒക്കെ എന്റെ ഒരു സ്റ്റാറ്റസ് സിമ്പൽ ആയേനെ!! ഭാഗ്യത്തിന് ഞാൻ ഒരു ദരിദ്രൻ ആയിപോയി, ആരോഗ്യം കാത്തുസൂക്ഷിക്കുക പ്രാഥമീകമായി എന്റെ മാത്രം ചുമതലയാണ് എന്ന് എനിക്കും എന്റെ വീട്ടിലുള്ളവർക്കും നന്നായി അറിയാം 

3) കുട്ടികൾ കേന്ദ്ര സർക്കാർ , കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു. ഭാവിയിൽ അവർക്ക് സ്വകാര്യ -സ്വാശ്രയ കോളേജുകളിൽ സീറ്റ് വാങ്ങി നല്കാൻ ആരും ഇല്ല എന്ന ബോധ്യത്തോടെ


ദരിദ്രനായി ജനിച്ച് 

ദരിദ്രനായി ജീവിച്ച് 

ദരിദ്രനായി മരിക്കാൻ (സാധിക്കുമെങ്കിൽ)

ദൈവത്തിനു സ്തുതി!!!  

അവനവന്‍ സമ്പാദിച്ചതൊന്നും അവനവനു വ്യയം ചെയ്യാനാവാതെ മടങ്ങേണ്ടിവരുമ്പോള്‍ അവിടെ സ്ഫുരിക്കുന്നത് തന്റേതു മാത്രമെന്ന ചിന്തയാണ്.

സ്വന്തം ദാരിദ്ര്യം സഹനീയം ആക്കുക ലോഭരഹിതമായ ഒരു മനസ്സിനു സാധ്യമാണ്. മറിച്ച് ധനം, അളവറ്റ ധനം കാവ്യാത്മകമായി വിന്യസിക്കാന്‍ ഒരുപാട് പ്രയത്‌നം ആവശ്യമായി വരും; ഒരുപാട് പ്രതിഭ ആവശ്യമായി വരും. ആസ്തി വിവേചനപൂര്‍വ്വമായി ചെലവഴിക്കുക ഒരിക്കലും എളുപ്പമല്ല. 

"ദാരിദ്ര്യം, ഒരു ഔഷധസസ്യംപോലെ പോറ്റിവളര്‍ത്തുക"  - തൊറോ വാല്‍ഡനിന്‍ 

സ്വരൂപിച്ചു വെക്കലിന്റേയല്ല, വിനിമയം ചെയ്യുന്നതിന്റെ. Not accumulating, But Disseminate സ്വരൂപിച്ച് വെക്കുക എന്നത് ഏറ്റം കാവ്യരഹിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്; അത് ആര്‍ക്കും ഗുണകരമായി ഭവിക്കുകയില്ല. ധനത്തിന്റെ ചലനാത്മകതയാണ് അവിടെ നിരോധിക്കപ്പെടുക. നമ്മുടെ ശരീരത്തിലെന്നപോലെ, കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന ഒരു അവസ്ഥയ്ക്ക് തുല്യമാണ് ധനത്തിന്റെ കെട്ടിക്കിടപ്പും. ഇതിനെയാണ് രത്തന്‍ നാവല്‍ ടാറ്റ ഏറ്റവും ഭാവനാത്മകമായി പരിഹരിച്ചത്. തനിക്കു ചുറ്റുമുള്ള, അത്രതന്നെ സൗഭാഗ്യവാന്മാരല്ലാത്ത മനുഷ്യര്‍ക്ക് ധനംകൊണ്ട് എങ്ങനെ പ്രയോജനമുളവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്.