Wednesday, May 11, 2011
വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി
-----------------
ആരാണ് ഗണപതി?
ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക് നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:
വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.
വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.
ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.
ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.
നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.
വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക് 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!
വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!
Tuesday, September 07, 2010
ഗുരുവും ശിഷ്യനും - 2
ഗുരു: ഉണ്ടല്ലോ
ശിഷ്യന്‍: എവിടെയാണ്?
ഗുരു: നിന്റെ മനസ്സില്‍
ശിഷ്യന്‍: അപ്പോള്‍ ദൈവമോ?
ഗുരു: അതും നിന്റെ മനസ്സില്‍ തന്നെ.
Tuesday, March 17, 2009
സ്വര്‍ഗ്ഗരാജ്യം നമ്മില്‍ തന്നെയുണ്ട്.
അറുപതു കഴിഞ്ഞ ആ വല്യമ്മച്ചിയോട് യാത്ര പറഞ്ഞി ഇറങ്ങുമ്പോല്‍ മനസ്സിന് ഒത്തിരി കുളിര്‍മ അനുഭവപ്പെട്ടു. ഇത്ര ചെറുപ്പത്തിലേ ജീവിതം ആസ്വദിക്കാനുള്ള കഴിവ് നഷ്ടപെട്ടതിലുള്ള കുറ്റബോധം മനസ്സിലനുഭവപെട്ടു.
ജീവിതത്തെ നാമൊക്കെ എങ്ങിനെയാണ് നോക്കി കാണുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും. ഈ വല്ല്യമച്ചിയുടെ സമീപനം നോക്കൂ. 25 വര്‍ഷങ്ങള്‍ മുടങ്ങാതെ 'ഇന്‍സുലിന്‍' കുത്തിവയ്ക്കുന്ന ഒരു പ്രമേഹ രോഗിയാണിവര്‍! അതും രാവിലെയും വൈകിട്ടും രണ്ടു നേരം. കഴിച്ചിരിക്കുന്ന മരുന്നുകള്‍ 'കിലോ' കണക്കിന് വരും. ആ കണക്കു കേട്ടാല്‍ മരുന്ന് കമ്പനിക്കാര്‍ വരെ അന്തംവിടും തീര്‍ച്ച. എങ്കിലും ആ മുഖത്ത് പ്രസന്നതയ്ക്ക് യാതൊരു കുറവുമില്ല. എങ്ങിനെ അമ്മച്ചി ഇതെല്ലാം സഹിക്കുന്നു? ചോദിക്കാതിരിക്കാന്‍ ആയില്ല.
'മോനെ, അങ്ങിനെ നോക്കിയാല്‍ നമുക്കീ ലോകത്ത് ജീവിക്കാന്‍ പറ്റത്തില്ല. ദൈവം എനിക്ക് നല്‍കിയ നന്മകളെ ഓരോ ദിവസവും ഞാന്‍ എണ്ണി നോക്കും. ആ ലിസ്റ്റ് എത്ര വലുതനെന്നോ? മോന്‍ വിശ്വസിക്കില്ല. കിട്ടിയ അനുഗ്രഹങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ രോഗമൊക്കെ എത്ര നിസ്സാരം മോനെ. ഇരുപതു ഇരുപത്തഞ്ചു വര്‍ഷം, മരുന്ന് കഴിച്ചെങ്കിലും തമ്പുരാന്‍ എനിക്ക് ജീവിക്കാന്‍ ആയുസ്സ് തന്നല്ലോ? അതിനു നന്ദി' :ഇത്രയും പറയുമ്പോള്‍ വല്യമ്മച്ചിയുടെ കണ്ണുകള്‍ ജലാര്‍ദ്രമാകുന്നുണ്ടായിരുന്നു.
അവരുടെ മക്കളെല്ലാവരും അന്യദേശങ്ങളില്‍ ജോലി നോക്കുന്നു. കുടുംബത്തോടെ ജീവിക്കുന്നു. ഭര്‍ത്താവു മരിച്ചശേഷം ഒറ്റയ്ക്ക് കഴിയുന്ന വല്ല്യമ്മച്ചിക്കു കൂട്ടിനു ഒരു വേലക്കാരി മാത്രം. തൊട്ടടുത്ത വീട്ടില്‍ ഇതേ പ്രായത്തില്‍ ഒരു മുത്തശ്ശി മക്കളും ചെറുമക്കളും ഒക്കെ ആയി ജീവിക്കുണ്ട്. ഞാന്‍ ചോദിച്ചു. 'അമ്മച്ചിക്കും അവരെപ്പോലെ സുഖമായി കഴിയണം എന്നില്ലേ? എത്ര കാലമായി ഒറ്റയ്ക്കിങ്ങനെ? മക്കളെ ആരെയെന്കിലും നിബന്ധിച്ചുകൂടെ?
'എന്തിനാ മോനെ, മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം നോക്കി നടക്കുന്നത്. അവര്‍ക്കും ഉണ്ടാവും പരിഭവങ്ങളും പരാതികളും. നമ്മള്‍ കാണുന്നത് അവരുടെ ജീവിതത്തിന്റെ പുറംമോടി മാത്രമാ.. അതെപ്പോഴും സന്തോഷം മാത്രമായിരിക്കും. എന്റെ മക്കളൊക്കെ ജോലിയായി സ്വന്തം ചിറകില്‍ പറന്നു പോയി. അവര്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ സന്തോഷമായി ജീവിക്കുന്നതില്‍പരം ആനന്ദം വേറെ എനിക്കെന്തു കിട്ടാനാ?'
അവരുടെ മനസ്സിന്റെ നിലയാണ് എന്നില്‍ ആനന്ദം പകര്‍ന്നതെന്നു യാതൊരു സംശയവും ഇല്ലാതെ പറയാം. നാം ഇന്ന് കാണുന്ന ഭൂരിഭാഗം ആളുകളും പരാതികളുടെ ഭാംണ്ടകെട്ടുകളും പേറി നടക്കുന്നവരാണ്. ഒന്നിലും ഒരു തൃപ്തിയില്ലാതെ എപ്പോഴും ജീവിതത്തെ പഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സ്വന്തം ജീവിതം ഒരു പാഴായി കരയുന്നു. കിട്ടാത്ത സൌകര്യങ്ങളെക്കുറിച്ച് സൌഭാഗ്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൂട്ടി കൂട്ടി ജീവിതം തള്ളി നീക്കുന്നു.നാം പുറമേ നിന്ന് നോക്കുമ്പോള്‍ എല്ലാം മനോഹരം. പ്രത്യേകിച്ച്, ദാമ്പത്യ ജീവിതത്തില്‍ നാമെല്ലാം, ഉറ്റുനോക്കുന്നത് അപ്പുറത്തെ വീട്ടിലെ ജോടികളെയാണ്. അവര്‍ എത്ര സന്തോഷത്തിലാ ജീവിക്കുന്നത്!! യഥാര്‍ത്ഥത്തില്‍ 'മാതൃകാ ദമ്പതികള്‍' എന്നൊരു കൂട്ടര്‍ ഉണ്ടോ? വല്ല 'റിയാലിറ്റി ഷോ'കളിലും മറ്റും കണ്ടേക്കാം. പക്ഷെ 'റിയല്‍' ജീവിതത്തില്‍ കാണില്ല. കാരണം നാം കാണുന്നത് പുറംപൂച്ച് മാത്രമാണല്ലോ.
വല്യമ്മച്ചിയോട് 'റ്റാറ്റ' പറഞ്ഞു പിരിയുമ്പോള്‍ ആ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം മനസ്സില്‍ പതിഞ്ഞ രണ്ടു പാഠങ്ങള്‍: ഒന്ന് - ജീവിതത്തില്‍ കുറവുകളും കുറ്റങ്ങളും ദുരിതങ്ങളും ഉണ്ടാവും. എന്നാല്‍ നന്മകളെ എണ്ണിയാല്‍ അതൊക്കെ എത്ര നിസ്സാരം. ഓരോ ദിവസവും കുറച്ചു നേരമെങ്കിലും നമുക്ക് ദൈവം തമ്പുരാന്‍ തന്ന നല്ലതുകളെക്കുറിച്ച് ചിന്തിക്കണം. അതിനു നന്ദി പറയാം. രണ്ട് - നമ്മള്‍ മറ്റുള്ളവരുടെ ജീവിതവും സന്തോഷവും നോക്കി അസൂയപൂണ്ടിട്ടു കാര്യമില്ല. മറ്റുള്ളവരുടെ സന്തോഷവുമായി താരതമ്യപ്പെടുത്തുന്നത് വ്യര്‍ത്ഥമാണ്. ഒരിക്കലും തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ അറിയാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നാം കാണുന്നത് യഥാര്ത്യമല്ല. ഓരോരുത്തര്‍ക്കും അവരരുടെ സന്തോഷങ്ങളും സന്താപങ്ങളും ആണ് ദൈവം നല്‍കുന്നത്. ദൈവം നല്‍കിയ അവസരങ്ങളും നന്മകളും പ്രയോജനപ്പെടുതുന്നതില്‍ നാം വരുത്തുന്ന വീഴ്ചകളാണ് നമ്മുടെ പരിഭവങ്ങള്‍ക്ക് കാരണം. 'പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണാന്‍ നിങള്‍ക്ക് സാധിക്കില്ല' എന്നു ക്രിസ്തു പറഞ്ഞതിന്റെ അര്‍ഥം ഇതാണ്. പുതിയ ഒരു മനോഭാവം (Positive attitude) നമ്മില്‍ ജനിക്കണം. എങ്കിലേ സ്വര്‍ഗരാജ്യം (Bliss - Peace of mind) നമുക്ക് ലഭിക്കൂ. 'നമുക്ക് നാമേ പണിവതു നാകം; നരകവുമതുപോലെ' എന്ന പഴമൊഴി പറഞ്ഞത് നമ്മുടെ മനസ്സുകളെ കുറിച്ചയിരിക്കാം. എല്ലാറ്റിലും നന്മ കാണാന്‍ ശ്രമിക്കുന്ന ആ വല്ല്യമാച്ചിയുടെ പാത നമുക്കും പിന്തുടരാം.
(മത്തായി 13:33-32) മറ്റൊരു ഉപമ അവന്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു “സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
Wednesday, September 24, 2008
ദൈവം ഉണ്ടോ? “ഉണ്ട്” - അന്‍പേ ശിവം
ദൈവത്തെ കാണാന്‍ സാധിക്കില്ല; എന്നാല്‍ അറിയാന്‍ സാധിക്കും - ഇതാണ് എന്റെ അനുഭവം।
നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ്, ഞാന്‍ മദ്രാസ്സില്‍ ജോലിനൊക്കുന്നസമയം। ‘മാര്‍ക്കറ്റ് റിസര്‍ച്ച്’ ആണു ജോലി, അതായത് യാത്രകളും സര്‍വേകളും തന്നെ - മാസം മുഴുവന്‍ പല പട്ടണങ്ങളിലും ചുറ്റിക്കറങ്ങി ആവശ്യത്തിനു ‘ഡേറ്റാ’ ശേഖരിച്ച് ഞങ്ങളുടേ കമ്പനിയുടെ ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കും। അവരത് ചെത്തിമിനുക്കി വിറ്റ് കാശാക്കും। ഇങ്ങിനെയാണു ഞാന്‍ 5 - 6 വര്‍ഷം കഞ്ഞികുടിച്ചിരുന്നത്। കമ്പനിയുടെ പേര്: ‘ഓ.ആര്‍.ജി -ഐ.എം.എസ്.’ (ഇപ്പൊ A C Nielson)
2002 -ല്‍ ഒരു മാര്‍ച്ചിലാണു സംഭവം। ഒരു സുപ്രധാന സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ എന്റെ ബൈക്കില്‍ തമിഴ്നാട്ടിലെ 8-10 ടൌണുകളില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചു। പോണ്ടിച്ചേരി, കഡല്ലൂര്‍, മായാവാരം, കുംഭകോണം, ചിദംബരം,തഞ്ചാവൂര്‍, തിരുച്ചി . . . മദ്രാസ്സില്‍ നിന്നും ഒരു ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ടു, കൂടെ എന്റെ ബോസ്സ് ശങ്കറും ഉണ്ടായിരുന്നു.
പോണ്ടിച്ചേരി, തിരുച്ചി, തഞ്ചാവൂര്‍ . . . എല്ലാ ടൌണ്‍സും ഭംഗിയായി പൂര്‍ത്തിയാക്കി। ശങ്കര്‍ പോണ്ടിച്ചേരിയില്‍ നിന്നുതന്നെ മടങ്ങിയിരുന്നു। പിന്നെ ഞാന്‍ ഒറ്റയ്കായിരുന്നു തമിഴ് പര്യടനം। വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളില്‍ കൂടി വണ്ടിയോടിച്ച് യാത്രചെയ്യുക നല്ലൊരനുഭവമാണ്। തമിഴ്നാടിന്റെ ഭൂരിഭാഗവും കൃഷിയിടങ്ങളാണല്ലോ। വൈകിട്ട് കൃഷിപ്പണിക്കാര്‍ വയലോലകളില്‍ നിന്നും കയറി തലച്ചുമടുമായി നടന്നുനീങ്ങുന്നതുകാണാം। ഈ സര്‍വ്വേ ഒരു സെന്‍സസ് ജോലിയാണ് - അതായത് നമ്മുടെ ജനസംഖ്യാ കണക്കെടുപ്പുപോലെ। വീട് വീടാന്തരം കയറുന്നതിനുപകരം ചില കടകളുടെ കണക്കെടുപ്പാണ്। പലയിടത്തും 50 മുതല്‍ 100 വരെ സന്ദര്‍ശനം നടത്തണം। അതുകൊണ്ടാണ് ഇത്തിരി റിസ്കാണെങ്കിലും ബൈക്കില്‍ തന്നെ ഈ സ്ഥലങ്ങളെല്ലാം കറങ്ങാന്‍ തീരുമാനിച്ചത്।
തിരുച്ചിയും കഴിഞ്ഞു। രണ്ടാഴ്ചയിലധികമായി ഈ കറക്കം। മുന്നൂറോളം ‘മരുന്ന് മൊത്തവിതരണക്കാരെ’ (Pharmaceutical Wholesale Distributors) സന്ദര്‍ശിച്ച് ഡേറ്റകളക്ഷന്‍ നടത്തി। ഇനി തിരിച്ച് മദ്രാസ്സിലേക്ക്। വൈകിട്ട് നാലുമണിക്ക് തിരുച്ചിയില്‍ നിന്നും തിരിച്ചു। ഏകദേശം നാലു-നാലര മണിക്കൂര്‍ യാത്രചെയ്താല്‍ പോണ്ടിച്ചേരിയില്‍ എത്താം। അവിടെ ഏതെങ്കിലും നല്ല ഹോട്ടലില്‍ റൂമെടുത്ത് കിടന്നുറങ്ങി രാവിലെ തുടര്‍ യാത്രചെയ്ത് മദ്രാസ്സിലെത്താം എന്നതായിരുന്നു പ്ലാന്‍।
ഏകദേശം എട്ട് മണിക്ക് വില്ലുപുരം എത്തി। ബൈക്കുനിര്‍ത്തി ഒരു ചായകൂടി കുടിച്ചു। പേഴ്സ് കാലിയായിരുന്നു। പത്തോ ഇരുപതോ രൂപകാണും। സാരമില്ല, അരമണിക്കൂര്‍ സമയം കൂടി യാത്രചെയ്താല്‍ പോണ്ടിച്ചേരി ആയി। ആദ്യം എ।ടി।എം, പണമെടുത്തിട്ട് ഹോട്ടല്‍, പിന്നെ കുളിച്ച് ഒന്നുരണ്ട് ബിയര്‍ അകത്താക്കി ശാപ്പാടും കഴിച്ച് സുഖമായുറങ്ങാം। । । സ്വപ്നം കണ്ട് പാട്ടൊക്കെ പാടിയായിരുന്നു ഞാന്‍ ബൈക്കോടിച്ചിരുന്നത്। കാരണം ഒരു ദീര്‍ഘദൂര-ദീര്‍ഘദിന ട്രിപ്പിന്റെ പരിസമാപ്തിയാണിത്। ഒട്ടും ബോറടിച്ചില്ല; പണിയെല്ലാം കഴിഞ്ഞതിനാല്‍ രണ്ടുദിവസം വിശ്രമിക്കാം।
വില്ലുപുരത്തുനിന്നും കൂടിവന്നാല്‍ മുപ്പത്തിയഞ്ചുകിലോമീറ്റര്‍। പോണ്ടിച്ചേരിയിലെത്താനുള്ള ത്രില്ലിലായിരുന്നു ഞാന്‍। കുറച്ച് ദൂരം വന്നു. വലവനൂര്‍ എന്ന ഊരില്‍ എത്തിയപ്പോഴാണ് ആ ദുരന്തം സംഭവിവിച്ചത്. എതിരേ വന്ന ഒരു ‘പാണ്ടി ലോറി’ എന്നെയും വണ്ടിയേയും തട്ടിയിട്ടു. എന്താണു സംഭവിച്ചതെന്ന് ഇന്നും കൃത്യമായി ഓര്‍മ്മയില്ല। എതിരേ ഒരു മരുതിക്കാര്‍ വരുന്നു, അതിനെ ഓവര്‍ട്ടേക്ക് ചെയ്ത് ദാ . . . ഒരു പാണ്ടില്ലോറീീീീീീ !!!!!!!! എന്റെ മുന്‍പിലാണെങ്കില്‍ റോഡുപണിക്കുള്ള മണ്ണിറക്കിയിട്ടിരിക്കുന്നകൂമ്പാരം। പൂഴിമണ്ണില്‍ എന്റെ ‘ബജാജ് ബോക്സര്‍’ തെന്നിത്തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ। ഹെല്‍മെറ്റ് വച്ചിട്ടുണ്ടായിരുന്നു, അത് തലയടക്കം ലോറിയുടെ സൈഡ് ബോഡിയില്‍ തട്ടി ഞാന്‍ ഇടത്തോട്ട് വീണു! ബൈക്കിന്റെ മുന്‍ ചക്രം ലോറിയുടെ വീലിനടിയില്‍ പെട്ട് ഞെരിഞ്ഞു; ഞാന്‍ പൂഴിമണ്ണില്‍ കുളിച്ച് കിടക്കുന്നു। കാര്യമായ പരിക്കൊന്നും ഇല്ല, എങ്കിലും എഴുന്നേറ്റ് നില്‍കാന്‍ കഴിയുന്നില്ല। ഇടതുകാലിന് അടികിട്ടിയിട്ടുണ്ട്। ഇടതുകാല്‍ നിലത്ത് കുത്തിയതിന്റെ ആഘാതവുമാവാം। ഒരു വിജന പ്രദേശം; ഞാന്‍ വഴിയരുകില്‍ കിടന്നാല്‍ ആ രാത്രിയില്‍ ആരും അറിയുകെയേയില്ല। എങ്കിലും ലോറി നിറിത്തു ഡ്രൈവര്‍ ഇറങ്ങി വന്നു, മാരുതി കാര്‍ നിറുത്തി ഒരാള്‍ ഇറങ്ങി വന്നു, ഇന്നെയും ആരോ വഴിയാത്രക്കാര്‍ ഓടിയെത്തി। ഒരുകുപ്പി തണുത്ത മിനറല്‍ വാട്ടര്‍ ആരോ കൊണ്ടുവന്നു തന്നു। (ആപ്പോള്‍ അതെവിറ്റേന്നു വന്നു എന്നത്ഭുതം!) ഹാവു, ആശ്വാസമായ । । । വസ്ത്രത്തിലാകെ ചുമന്നപൂഴിമണ്ണ്। മാരുതിക്കാറില്‍ അവരെന്നെ കയറ്റി അടുത്തുള്ള ജംഗ്ഷനില്‍ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചു। (മലയാളിയാണെന്നതിന്റെ എല്ലാവിധ പ്രത്യേക പരിഗണനയും അന്നാട്ടുകാരില്‍ നിന്നും കിട്ടി; നമ്മളാണെങ്കിലോ?) ഞാനാണെങ്കില്‍ വേദനകൊണ്ട് പിടയുന്നു - ഒരു കാലില്ലാത്തതുപോലെ തൊന്നുന്നു। ഡോക്ടര്‍ പ്രാഥമീകപരിശോധനകള്‍ നടത്തി ഒരു കുത്തിവയ്പ്പും തന്നിട്ട്, ഒരു കുറിപ്പുനല്‍കി (ചീഫ് ഡോക്ടര്‍ക്ക്) പോണ്ടിച്ചേരി ജെനെറല്‍ ആശുപത്രിയിലേക്ക് അയച്ചു। ഇതിനിടയില്‍ ആരൊക്കെയോ ഡോക്ടറുടെ ഫീസുകൊടുക്കുകയും (എന്റെ പേഴ്സ് കാലിയായിരുന്നല്ലോ) എന്റെ സുഹൃത്തിനെ മദ്രാസ്സില്‍ വിളിച്ചറിയിക്കുകയും വണ്ടി അറേഞ്ച് ചെയ്ത് പോണ്ടിച്ചെരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു।
അവിടെപ്പോയി അഡ്മിറ്റായി। നല്ല ആശുപത്രി, പ്രൈവറ്റിനേക്കാള്‍ വൃത്തിയും ഭംഗിയും!! ഇഞ്ചക്ഷന്‍ ഏറ്റിരുന്നു; വേദന കുറഞ്ഞുവന്നു। കട്ടിലില്‍ കിടന്ന പാടെ ഉറങ്ങിപ്പോയി। ഏകദേശം 3 മണി (രാത്രി) ആയിട്ടുണ്ടാവണം, എന്റെ സുഹൃത്തും സഹമുറിയനുമായ പദ്ദു [പത്മനാഭന്‍] മദ്രാസ്സില്‍ നിന്നും ഓടിയെത്തിയിരിക്കുന്നു। എനിക്കു വലിയ ആശ്വാസമായി। അന്യനാട്ടില്‍ ആദ്യമായി ഒരപകടത്തില്‍ പെട്ടതിന്റെ പരവേശം എന്നിലുണ്ടായിരുന്നു। അതു മാറി। പിന്നെയും ഉറങ്ങി। അങ്ങിനെ രണ്ട് ദിവസം അവിടെക്കിടന്നു। അപ്പോള്‍ ‘കണ്ണത്തില്‍ മുത്തമിട്ടാല്‍‘ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങ് [മാധവനും സിമ്രനും] അവിടെ നടക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് ഒരു കുട്ടികിടക്കുന്നുണ്ടായിരുന്നു. ദിണ്ടിവനത്തിനടുത്ത് ഒരപകടത്തില്‍ പരിക്കേറ്റ്. അവളുടെ അച്ഛനും അമ്മയും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചുപോയി. പേരുകേട്ട 'പഞ്ചവടി പഞ്ചമുഖ ആഞ്ജനേയ' കോവിലില്‍ തൊഴുവാന്‍ പോയി ബൈക്കില്‍ മടങ്ങുകയായിരുന്നു ആ കുടുംബം!! (ആ കുട്ടിയുടെ മുഖം കാണുമ്പോള്‍ അവര്‍ക്കുപകരം എന്നെ എടുക്കാഞ്ഞതെന്തേ ഈശ്വരാ എന്നുഞാനറിയാതെതന്നെ ചോദിച്ചുപോയി.) മൂന്നാം ദിവസം കാലെത്തെ പ്ലസ്റ്ററിട്ട് ഞാന്‍ മദ്രാസ്സിലേക്ക് പോന്നു. എന്റെ ഓഫീസ്സില്‍ നിന്നും സുഹൃത്തുക്കള്‍ വന്നിരുന്നു, ഒരു അംബാസിഡര്‍ കാര്‍ ഏര്‍പ്പാടാക്കി. മറ്റേ സുഹൃത്തുക്കളെ പിന്നീട് കണ്ടില്ല. മദ്രസ്സില്‍ രണ്ടുദിവസം വിശ്രമിച്ചശേഷം (ട്രെയിന്‍ ടിക്കറ്റ് ശരിയാകാന്‍) എര്‍ണാകുളത്തേക്ക് പോന്നു.
ആയിടയ്ക്ക് എന്റെ കസിന്‍ മാത്ത്യൂസ് ലിസ്സിആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലിചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ചേട്ടനെ (മാത്രം) വിളിച്ച് കാര്യം പറഞ്ഞു. ചേട്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ വണ്ടിവിളിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വിളിച്ച് ‘ന്യുമോണിയാ’ ആയിട്ട് വരികയാണ്; ലിസ്സി ആശുപത്രിയില്‍ കയറി ഡോക്ടറെ കണ്ടിട്ടേ വീട്ടിലേക്ക് വരൂ, എന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിയശേഷം ചേട്ടന്‍ വീട്ടില്‍ വിളിച്ച് ‘ജോസിയെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്’ എന്നുപറഞ്ഞു. അതനുസരിച്ച് അമ്മച്ചി ഉച്ചത്തെ ചോറുമായി എത്തി. നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ ഒരു കരച്ചില്‍ കേട്ടാണുണര്‍ന്നത്. നോക്കുമ്പോള്‍ അമ്മച്ചി!! കാലിലെ പ്ലാസ്റ്റര്‍ അത്രയ്ക്കുണ്ടായിരുന്നു. പിന്നെ വിശ്രമം, ആശുപത്രി, സ്റ്റ്രച്ചസ്സ് . . . നാലുമാസം അങ്ങിനെ പോയി. (എന്റെ ജീവിതത്തിലെ പ്രധാനമായ ഒരേട്.) ഗുരുതരമായ പരിക്കൊന്നും ഇല്ലാതെ തന്നെ. കാലിന്റെ മുട്ടിലെ ലിഗ്മെന്റ് വലിഞ്ഞ് പൊട്ടി -അത് സ്വാഭാവികമായി കൂടിച്ചേരാന്‍ കാലെത്തെ (അരമുതല്‍ പാദം വരെ) POP പ്ലാസ്റ്റര്‍ ഇട്ടു. രണ്ടുമാസം കഴിഞ്ഞ് അതുപൊട്ടിക്കുമ്പോള്‍ നടക്കാന്‍ പറ്റുന്നില്ല! പിന്നെ ഫിസിയോതെറാപ്പിയും മറ്റും. അങ്ങിനെ മാസങ്ങള്‍ നാലുകടന്നുപോയി.
തിരികെ മദ്രാസ്സിലെത്തുമ്പോള്‍ എന്റെ ബൈക്ക് /ബൈക്കിന്റെ അവശിഷ്ടം വരവാലൂരിലെ നല്ല മനുഷ്യര്‍ ഒരു പഴ്സല്‍ ലോറിയില്‍ കയറ്റി എത്തിച്ചിരുന്നു!! തിരിഞ്ഞു നോക്കുമ്പോള്‍ ആ പാതയോരത്ത് പൂഴിയില് പൂണ്ട് കിടക്കുമ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചവര്‍ ആരെല്ലാമായിരുന്നു?? എന്റെ വീട്ടുകാരോ സ്വന്തക്കാരോ സുഹൃത്തുക്കളോ അരുമല്ലായിരുന്നു. പിന്നെയോ, ഏതോ നട്ടിലെ ഏതോ മനുഷ്യര്‍ . . . ആരോരുമില്ലത്തവര്‍ക്ക് ദൈവം തുണ എന്ന് പറയാറുണ്ടല്ലോ. അത് സത്യമാണ്, നൂറുശതംമനം. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് ദൈവ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.
എല്ലാം തികഞ്ഞെന്നഭിമാനിക്കുന്നതും എനിക്കാരുമില്ലെന്നു പരിഭവിക്കുന്നതും തെറ്റാണെന്ന് ഈ സംഭവത്തിലൂടെ മനസ്സിലായി - അന്‍പേ ശിവം.
