Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

Friday, November 14, 2014

നവംബർ - മരിച്ചവരുടെ മാസം

ക്രിസ്ത്യാനികൾ നവംബർ മാസം തങ്ങളുടെ വേർപിരിഞ്ഞ പ്രീയപ്പെട്ടവരെ ഓർമ്മിക്കുവാൻ പ്രത്യേകമായി ആചരിക്കുന്നു. നവംബറിലെ ഓർമ്മകൾ പൂക്കൾ പറിച്ച് സെമിത്തേരിയിൽ കൊണ്ടുപോയി വച്ചതും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക ഈണത്തിലുള്ള പ്രാർത്ഥനയും കുർബാനയും ഒക്കെയാണ്. ഇത് ഒരു നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നു. മഞ്ഞു വീഴുന്ന പ്രഭാതങ്ങളിൽ ചെത്തി പൂക്കുല പറിച്ച് മെഴുകുതിരിയും ആയി സെമിത്തേരിയിലെ കല്ലറ അലങ്കരിക്കുമ്പോൾ നിക്കറിട്ടു നടക്കുന്ന പ്രായം ആയിരുന്നു.
   
ഞാൻ എന്റെ കൌമാര കാലം മുതലേ മരണം സ്വപ്നം കണ്ടിരുന്നു. എന്റെ വീര പുരുഷന്മാർ യേശു ക്രിസ്തുവും കൃഷ്ണനും ശങ്കരനും എല്ലാം മരിച്ചത് 33 - 36  വയസ്സിൽ ആയിരുന്നതിനാൽ ഞാനും അതേ പ്രായത്തിൽ മരിക്കും എന്നൊരു തോന്നൽ എന്റെ മനസ്സിൽ രൂഡമൂലമായിരുന്നു, പ്രത്യേകിച്ചും യൗവനത്തിൽ, കോളേജിൽ പഠിക്കുന്ന സമയത്ത്. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞുപോയി, ഞാൻ ഇന്നും സുന്ദരനായി ജീവിച്ചിരിക്കുന്നു.     


എങ്കിലും ഇടയ്ക്കിടയ്ക്ക് മരണം മാടി വിളിക്കുന്ന സ്വപ്നം കാണാറുണ്ട്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം പൊട്ടിത്തെറിച്ച് മരിക്കുന്നതും വീട്ടുകാർ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ മരിച്ചു കിടക്കുന്നതും ഒക്കെയാണ് എന്റെ മരണത്തെ ക്കുറിച്ചുള്ള സുന്ദര ചിന്തകൾ!! രണ്ടായാലും എനിക്ക് ഒന്നും അറിയേണ്ടല്ലോ.   


എന്റെ മരണശേഷം മൃതസംസ്കാരം നടത്തേണ്ട രീതിയെ ക്കുറിച്ച് എനിക്ക് ചില സ്വപ്‌നങ്ങൾ ഒക്കെയുണ്ട്, അവ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. നടക്കാത്ത സുന്ദര സ്വപ്‌നങ്ങൾ!


  1. മരിച്ച എന്നെ ഫ്രീസറിൽ വയ്ക്കരുത്, യാതൊരു കാരണവശാലും. എത്രയും പെട്ടെന്ന് ശവസംസ്കാരത്തിന് വേണ്ട നടപടി തുടങ്ങുക, ആർക്കും ആർക്കും വേണ്ടി കാത്തിരിക്കേണ്ടതില്ല.     
  2. മൃതദേഹത്തിനടുത്തിരുന്ന് ആരും പ്രാർത്ഥനകൾ ചൊല്ലരുത്. ദയവായി മൈക്കിലൂടെയും പ്രാർത്ഥനകൾ / ഭക്തി ഗാനങ്ങൾ പ്രക്ഷേപണം ചെയ്യരുത്.  വേണമെങ്കിൽ വയലിൻ കച്ചേരി കേൾപ്പിച്ചോളൂ, ഭൂപതി / രാഗ് വിഗാഹ് തുടങ്ങിയ ശോക സംഗീതം എനിക്കിഷ്ടമാണ്.
  3. ദയവായി ഫോട്ടോ എടുക്കരുത്, ആരും ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയുമരുത്‌. അത് എന്റെ അത്മവിനോടുള്ള അനാദരവ് ആയി എനിക്ക് തോന്നും.
  4. മരിച്ചവരെ കുഴിച്ചിടാം, ദഹിപ്പിക്കാം, കടലിൽ കൊണ്ടുപോയി ഉപേക്ഷിക്കാം. എനിക്കിഷ്ടം തീയിൽ വെന്തമരുന്നതാണ്. ഇലക്ട്രിക്‌ ക്രെമേഷൻ യന്ത്രത്തിൽ കത്തിയമരാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി.
  5. മൃതദേഹത്തെ കുളിപ്പിക്കരുത്, പുത്തൻ ഉടുപ്പുകൾ അണിയിക്കരുത്. നിങ്ങൾ എന്തു വിഡ്ഢിത്തമാണ് കാണിക്കുന്നത്, ഞാൻ എന്റെ ദേഹത്തെ ഉപേക്ഷിച്ചു; നിങ്ങൾ പിന്നെന്തിനാണ് അതിനെ അലങ്കരിക്കുന്നത്?
  6. എന്റെ മരണ വാർത്ത‍ നാടെങ്ങും അറിയിക്കാൻ ദയവായി ഫ്ലെക്സ് ബാനർ ഉണ്ടാക്കരുത്. അധികം ആളുകൾ വരേണ്ട, കുറച്ചു പ്രീയപ്പെട്ടവർ മതി എന്റെ ശവ സംസ്കര ഘോഷയാത്രയ്ക്ക്. 10-15 പേർ മാത്രം!        
  7. മൃതദേഹത്തെ ചുംബിക്കരുത്‌. ജീവിച്ചിരുന്നപ്പോൾ എനിക്ക് നല്കിയ ചുംബനങ്ങളും അതു നല്കിയവരെയും എനിക്ക് കൃത്യമായി ഓർമയുണ്ട്. ഇനി നമ്മൾ ആത്മാവും ആത്മാവും കണ്ടു മുട്ടുമ്പോൾ മതി ആ ചുംബനം.  
മരണം ഒരിക്കലും അവസാനമല്ല. കാരണം ഞാൻ ഈ കാണുന്ന ദേഹം മാത്രമല്ല, ബുദ്ധിയും അല്ല, ചിന്തകളും അല്ല, എനിക്ക് ഒരു ആത്മാവുണ്ട് , അത് ഒരിക്കലും മരണമില്ലാത്ത ആത്മാവാണ്. ആ ആത്മാവിനെ നിങ്ങൾ വണങ്ങുക. ദേഹത്തെ മറക്കുക, ബുദ്ധിയെ മറക്കുക .... ആത്മാവിനെ തേടുക.     


അടുത്ത കാലത്ത് കേട്ട ഏറെ മനോഹരമായ ഒരു ഗാനം, ഇപ്പോഴും മനസ്സിൽ ഓടിയെത്തുന്ന ആ ഗാനം മരണത്തെ ക്കുറിച്ചാണ്.


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ...




          

Saturday, February 04, 2012

സുധ രഘുനാഥന്റെ കച്ചേരി

മിനിയാന്ന് ഏറണാകുളത്തപ്പന്‍ അമ്പലത്തില്‍ മി.സുധ രഘുനാഥന്റെ കച്ചേരി ഉണ്ടായിരുന്നു. പണ്ടൊരിക്കല്‍ ചെന്നെയില്‍ വച്ച് മ്യൂസിക്‌ അക്കാദമി ഹാളില്‍ അവരുടെ കച്ചേരി ഞാന്‍ കേട്ടിട്ടുണ്ട്. അമ്പലത്തില്‍ പ്രധാന ഉത്സവം ഇന്ന് മൂന്നാം ദിനം. വടക്കേ നടയില്‍ സ്വാമിയുടെ കടയില്‍ നിന്നും (മഹാരാജാസ് കോളെജിനു തെക്ക് വശം) ഒരു ദോശയും ചായയും കഴിച്ച്, കച്ചേരി കാണാന്‍ പോയി. ഹാളില്‍ അല്ലായിരുന്നു, വടക്കേ മുറ്റത്ത് സ്റ്റേജ് കെട്ടി അവിടെ ആയിരുന്നു പരിപാടി. കൃത്യം ഏഴു മണിക്ക് തന്നെ തുടങ്ങി, പക്ഷെ പുറത്തായിരുന്നതിനാല്‍ ശരിക്കൊന്നു നില്‍കാന്‍ പോലും സ്ഥലം കിട്ടിയില്ല. മാത്രവുമല്ല തൊട്ടടുത്ത്‌ തന്നെ എഴുന്നള്ളിപ്പ് നടക്കുന്നു, അതിന്റെ മേളം കാരണം, നല്ലപോലെ ശബ്ദശല്യം ഉണ്ടായിരുന്നു. ഒരു കര്‍ണാടിക് സംഗീത കച്ചേരി കേള്‍ക്കാന്‍ വേണ്ട യാതൊരു സൌകര്യവും ഇല്ലായിരുന്നു. എന്തായാലും സമയത്ത് തന്നെ പരിപാടി തുടങ്ങി. 'വാതാപി ..' പാടിയാണ് സുധയുടെ കച്ചേരി ആരംഭിച്ചത്. എത്ര സൌകുമാര്യമാര്‍ന്ന സ്വരം! അതിശയം തന്നെ, വളരെ അനായാസേന ഹൈ പിച്ചില്‍ പാടുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ തയംബകയുടെ മേളം മുറുകിയതിനാല്‍, കേള്‍വി സുഖം കുറഞ്ഞു. ഞാന്‍ പതിയെ മടങ്ങി. എന്തായാലും സംഘാടകരെ രണ്ടു പറയാതെ തരമില്ല. സുധ രഘുനാതനെ പോലെ ഒരു പ്രശസ്ത വ്യക്തിയെ ഇമ്മാതിരി അസൌകര്യത്തില്‍ പാടിക്കാന്‍ അനുവദിക്കരുതായിരുന്നു. വേണ്ട സൗകര്യം ചെയ്യാതെ എന്തിനാ പാവം കലാകാരിയെ ഇവിടെ വിളിച്ചു വരുത്തി. ആ സ്റ്റേജില്‍ പാടാന്‍ തയ്യാറായ അവരുടെ മഹത്വം കൂടുന്നേ ഉള്ളൂ.

എന്തോ ആ പരിപാടി കണ്ടപ്പോള്‍ അല്പം നീരസം തോന്നി, മനസ്സില്‍ പിടിക്കുന്ന പോലെ സംഗീതം ആസ്വദിക്കാനും കഴിഞ്ഞില്ല. കൊച്ചിയില്‍ സംഗീതാസ്വാധനതിനു ഇനിയും നല്ല വേദികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു!!