Showing posts with label ചിന്തകള്‍. Show all posts
Showing posts with label ചിന്തകള്‍. Show all posts

Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.

Saturday, November 17, 2018

സ്ത്രീ സമത്വം - സ്ത്രീ ശാക്തീകരണം

സ്ത്രീ സമത്വം - സ്ത്രീ ശാക്തീകരണം

  • പെൺകുട്ടികളുടെ കല്യാണത്തിന് പണം സ്വരുക്കൂട്ടിവയ്ക്കുന്ന ഏർപ്പാട് സ്ത്രീ വിരുദ്ധമാണ് 
  • പെണ്ണുകാണൽ ചടങ്ങ് എത്രയും വേഗം അവസാനിപ്പിക്കണം, പകരം പെൺകുട്ടികൾ അങ്ങോട്ടുചെന്ന് ആൺകുട്ടികളുടെ വീട്ടിൽ പോയി ചായകുടിച്ച് വർത്തമാനം പറഞ്ഞ് പോരണം 
  • നാലുചക്ര വാഹനം ഓടിക്കാൻ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഉടനെ പഠിപ്പിക്കണം 
  • യുവതികൾ ഉന്നത വിദ്യാഭ്യാസം ചെയ്തു വീട്ടിൽ വെറുതെ ഇരിക്കുന്നത്, കുറഞ്ഞ വിദ്യാഭ്യാസത്തെക്കാൾ മോശമാണ്. ഉദാ:- എം ബി എ, ആയുർവേദ /ഹോമിയോ, എം എസ് ഡബ്ള്യു  
  • പുരുഷന്മാരെ അനുകരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ സ്വന്തം സ്വത്വം ഇല്ലാതാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് 

Saturday, September 01, 2018

ഒരു പരാജിതൻ ഡയറി എഴുതുന്നു

ജീവിതം ഒരു മത്സരമാണോ? അതിൽ വിജയവും പരാജയവും ഉണ്ടോ? 

എന്താണ് വിജയത്തിന്റെ മാനദണ്ഡം? അത് കേവലം താരതമ്യപ്പെടുത്തലുകളിലൂടെ മാത്രം അളക്കാവുന്ന ഒന്നാണോ? ഒരാൾക്ക് സ്വയം സ്വന്തം വിജയവും പരാജയവും തീരുമാനിക്കാനാവുമോ?  

ശരിക്കും ജീവിതത്തിൽ ജയവും പരാജയവും അല്ലാതെ ഒരവസ്ഥ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

സമം 

ജയവും പരാജയവവും നമ്മൾ പുറമെനിന്ന് അളക്കുന്ന അളവുകളാണ് 

സമം, ഉള്ളിന്റെ ഉള്ളിലെ അവസ്ഥയാണ് 

കുരിശിൽ തൂക്കി കൊന്ന യേശു ക്രിസ്തു 
വെടിയേറ്റു മരിച്ച മഹാത്മാ  ഗാന്ധി 
വി. ഫ്രാൻസിസ് അസ്സീസി 
നാരായണ ഗുരു  ....

ഇങ്ങനെ എത്രയോ മഹത്തുക്കൾ പരാജയത്തെ പുൽകിയവരാണ് 

ശ്രീനാരായണ ഗുരു ഒരിടത്ത് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്‌.
'അധർമ്മ പക്ഷത്തുനിന്ന് വിജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മ പക്ഷത്തു നിന്ന് പരാജയപ്പെടുന്നതാണ്‌.'

ഒരു പക്ഷെ ലോകത്ത് ഏറ്റവുമധികം പുസ്തകങ്ങൾ ചെലവാകുന്നത്, എങ്ങിനെ വിജയിക്കാം, പണം സമ്പാദിക്കാം, എന്നീ വിഷയങ്ങളിൽ ആയിരിക്കും. അതുപോലെ തന്നെ എത്രയോ ട്രെയിനിംഗ് ക്‌ളാസ്സുകൾ നടക്കുന്നു! ഏതുരീതിയിലും ധനവാനാകുക /പ്രശസ്തനാവുക എന്ന ലക്ഷ്യത്തോടെ പായുന്നവരെയാണ് നമുക്ക് ചുറ്റും ഇന്നു കാണുന്നത്. സത്യത്തിനും ധർമ്മത്തിനും സ്നേഹത്തിനും ബന്ധങ്ങൾക്കും യാതൊരു വിലയും നൽകാതെ വിജയം മാത്രം ലക്ഷ്യമാക്കി ഓടുന്നവർ!!       

Friday, October 16, 2015

ദാമ്പത്യം—ദൈവത്തിന്‍റെ ഒരു സ്‌നേഹോപഹാരം

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു.
സായന്തനത്തിന്‍റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു - "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ" -
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്‍റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" - അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികക്കു അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലെക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" -.. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക മനസ്സില്ലാ മനസ്സോടെ തന്‍റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്‍റെ ഏകമകന്‍റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളൊടു ചോദിച്ചു -
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്‍റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്‌. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി -.....
"എന്‍റെ ജീവിതത്തില്‍ ഒരുദിവസം വരും -.........
അന്നെന്‍റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്‍റെ മകനും....... അവന്‍റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും കാരണത്താലോ എന്നെ വിട്ട് അവന്‍റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്‍റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്... ,
എന്തിനെക്കാലുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് നമ്മുടെ കര്‍ത്തവ്യവുമാണ്....
( കടപ്പാട് : ഫേസ്ബുക്ക്‌ പോസ്റ്റ്‌ )

Friday, November 14, 2014

നവംബർ - മരിച്ചവരുടെ മാസം

ക്രിസ്ത്യാനികൾ നവംബർ മാസം തങ്ങളുടെ വേർപിരിഞ്ഞ പ്രീയപ്പെട്ടവരെ ഓർമ്മിക്കുവാൻ പ്രത്യേകമായി ആചരിക്കുന്നു. നവംബറിലെ ഓർമ്മകൾ പൂക്കൾ പറിച്ച് സെമിത്തേരിയിൽ കൊണ്ടുപോയി വച്ചതും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക ഈണത്തിലുള്ള പ്രാർത്ഥനയും കുർബാനയും ഒക്കെയാണ്. ഇത് ഒരു നൊസ്റ്റാൾജിയ ആയി മനസ്സിൽ കിടക്കുന്നു. മഞ്ഞു വീഴുന്ന പ്രഭാതങ്ങളിൽ ചെത്തി പൂക്കുല പറിച്ച് മെഴുകുതിരിയും ആയി സെമിത്തേരിയിലെ കല്ലറ അലങ്കരിക്കുമ്പോൾ നിക്കറിട്ടു നടക്കുന്ന പ്രായം ആയിരുന്നു.
   
ഞാൻ എന്റെ കൌമാര കാലം മുതലേ മരണം സ്വപ്നം കണ്ടിരുന്നു. എന്റെ വീര പുരുഷന്മാർ യേശു ക്രിസ്തുവും കൃഷ്ണനും ശങ്കരനും എല്ലാം മരിച്ചത് 33 - 36  വയസ്സിൽ ആയിരുന്നതിനാൽ ഞാനും അതേ പ്രായത്തിൽ മരിക്കും എന്നൊരു തോന്നൽ എന്റെ മനസ്സിൽ രൂഡമൂലമായിരുന്നു, പ്രത്യേകിച്ചും യൗവനത്തിൽ, കോളേജിൽ പഠിക്കുന്ന സമയത്ത്. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞുപോയി, ഞാൻ ഇന്നും സുന്ദരനായി ജീവിച്ചിരിക്കുന്നു.     


എങ്കിലും ഇടയ്ക്കിടയ്ക്ക് മരണം മാടി വിളിക്കുന്ന സ്വപ്നം കാണാറുണ്ട്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം പൊട്ടിത്തെറിച്ച് മരിക്കുന്നതും വീട്ടുകാർ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ മരിച്ചു കിടക്കുന്നതും ഒക്കെയാണ് എന്റെ മരണത്തെ ക്കുറിച്ചുള്ള സുന്ദര ചിന്തകൾ!! രണ്ടായാലും എനിക്ക് ഒന്നും അറിയേണ്ടല്ലോ.   


എന്റെ മരണശേഷം മൃതസംസ്കാരം നടത്തേണ്ട രീതിയെ ക്കുറിച്ച് എനിക്ക് ചില സ്വപ്‌നങ്ങൾ ഒക്കെയുണ്ട്, അവ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. നടക്കാത്ത സുന്ദര സ്വപ്‌നങ്ങൾ!


  1. മരിച്ച എന്നെ ഫ്രീസറിൽ വയ്ക്കരുത്, യാതൊരു കാരണവശാലും. എത്രയും പെട്ടെന്ന് ശവസംസ്കാരത്തിന് വേണ്ട നടപടി തുടങ്ങുക, ആർക്കും ആർക്കും വേണ്ടി കാത്തിരിക്കേണ്ടതില്ല.     
  2. മൃതദേഹത്തിനടുത്തിരുന്ന് ആരും പ്രാർത്ഥനകൾ ചൊല്ലരുത്. ദയവായി മൈക്കിലൂടെയും പ്രാർത്ഥനകൾ / ഭക്തി ഗാനങ്ങൾ പ്രക്ഷേപണം ചെയ്യരുത്.  വേണമെങ്കിൽ വയലിൻ കച്ചേരി കേൾപ്പിച്ചോളൂ, ഭൂപതി / രാഗ് വിഗാഹ് തുടങ്ങിയ ശോക സംഗീതം എനിക്കിഷ്ടമാണ്.
  3. ദയവായി ഫോട്ടോ എടുക്കരുത്, ആരും ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയുമരുത്‌. അത് എന്റെ അത്മവിനോടുള്ള അനാദരവ് ആയി എനിക്ക് തോന്നും.
  4. മരിച്ചവരെ കുഴിച്ചിടാം, ദഹിപ്പിക്കാം, കടലിൽ കൊണ്ടുപോയി ഉപേക്ഷിക്കാം. എനിക്കിഷ്ടം തീയിൽ വെന്തമരുന്നതാണ്. ഇലക്ട്രിക്‌ ക്രെമേഷൻ യന്ത്രത്തിൽ കത്തിയമരാൻ കഴിഞ്ഞാൽ ഞാൻ ധന്യനായി.
  5. മൃതദേഹത്തെ കുളിപ്പിക്കരുത്, പുത്തൻ ഉടുപ്പുകൾ അണിയിക്കരുത്. നിങ്ങൾ എന്തു വിഡ്ഢിത്തമാണ് കാണിക്കുന്നത്, ഞാൻ എന്റെ ദേഹത്തെ ഉപേക്ഷിച്ചു; നിങ്ങൾ പിന്നെന്തിനാണ് അതിനെ അലങ്കരിക്കുന്നത്?
  6. എന്റെ മരണ വാർത്ത‍ നാടെങ്ങും അറിയിക്കാൻ ദയവായി ഫ്ലെക്സ് ബാനർ ഉണ്ടാക്കരുത്. അധികം ആളുകൾ വരേണ്ട, കുറച്ചു പ്രീയപ്പെട്ടവർ മതി എന്റെ ശവ സംസ്കര ഘോഷയാത്രയ്ക്ക്. 10-15 പേർ മാത്രം!        
  7. മൃതദേഹത്തെ ചുംബിക്കരുത്‌. ജീവിച്ചിരുന്നപ്പോൾ എനിക്ക് നല്കിയ ചുംബനങ്ങളും അതു നല്കിയവരെയും എനിക്ക് കൃത്യമായി ഓർമയുണ്ട്. ഇനി നമ്മൾ ആത്മാവും ആത്മാവും കണ്ടു മുട്ടുമ്പോൾ മതി ആ ചുംബനം.  
മരണം ഒരിക്കലും അവസാനമല്ല. കാരണം ഞാൻ ഈ കാണുന്ന ദേഹം മാത്രമല്ല, ബുദ്ധിയും അല്ല, ചിന്തകളും അല്ല, എനിക്ക് ഒരു ആത്മാവുണ്ട് , അത് ഒരിക്കലും മരണമില്ലാത്ത ആത്മാവാണ്. ആ ആത്മാവിനെ നിങ്ങൾ വണങ്ങുക. ദേഹത്തെ മറക്കുക, ബുദ്ധിയെ മറക്കുക .... ആത്മാവിനെ തേടുക.     


അടുത്ത കാലത്ത് കേട്ട ഏറെ മനോഹരമായ ഒരു ഗാനം, ഇപ്പോഴും മനസ്സിൽ ഓടിയെത്തുന്ന ആ ഗാനം മരണത്തെ ക്കുറിച്ചാണ്.


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ...




          

Monday, October 29, 2012

ചിന്തിച്ചാല്‍ ...

ഒരു പുതിയ ക്ലോക്ക് പണിപ്പുരയില്‍ നിന്നും പുറത്തു വന്നു, ഷെല്‍ഫില്‍ സ്ഥാനം പിടിച്ചു. 

അതിലെ പെന്‍ഡുലം ഇങ്ങനെ ചിന്തിച്ചു: "ഹോ, ഇനി ഞാന്‍ ഓരോ സെക്കന്റും ഒരു പ്രാവശ്യം ആടണം. ഒരു മിനിറ്റില്‍ 60 പ്രാവശ്യം ആടണം. ഒരു മണിക്കൂറില്‍ 3600 പ്രാവശ്യം ആടണം, ഒരു ദിവസം 86400 പ്രാവശ്യം ആടണം, ഒരു ആഴ്ചയില്‍ 604800 പ്രാവശ്യം ആടണം, ഒരു മാസത്തില്‍ 2628000??? പ്രാവശ്യം ആടണം, ഒരു വര്‍ഷം .... ഹോയ്യോ,,,,,,,
 
പാവം പെന്‍ഡുലം, തലകറങ്ങി വീണു.

അടുത്തിരുന്ന, ഒരു പഴയ ക്ലോക്കിലെ അമ്മാവന്‍ പെന്‍ഡുലം ഇത് കണ്ടു.

കുട്ടി ക്ലോക്കിനോട് പറഞ്ഞു: മോനെ നീ വിഷമിക്കണ്ട. നാം ഒരു സെക്കന്റില്‍ ഒരു പ്രാവശ്യം ആടിയാല്‍ മതിയല്ലോ. അത്രമാത്രം ഇപ്പോള്‍ ചിന്തിച്ചാല്‍ മതി. ഞാന്‍ 100 കൊല്ലമായി പ്രവര്‍ത്തിക്കുന്നു, ഒരു കുഴപ്പവും ഇല്ല.

ഗുണപാഠം: ചിന്തിച്ചാല്‍ ഒരന്തവും ഇല്ല; ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല. 

Wednesday, April 18, 2012

കൊണ്ടാലും പഠിക്കാത്തവര്‍!!

ചിലര്‍ കേട്ട് പഠിക്കും

(തീയില്‍ തൊട്ടാല്‍ പൊള്ളും മോനെ, എന്ന് അമ്മ പറയുന്നത് കേട്ട് വിശ്വസിക്കും. തീയിന്റെ അടുത്തു പോകുമ്പോള്‍ വളരെ സൂക്ഷിക്കും.)

ചിലര്‍ കണ്ടു പഠിക്കും

(വേറൊരാള്‍ക്ക് തീയില്‍ നിന്നും പൊള്ളലേറ്റതു കണ്ടിട്ട്, ഞാന്‍ തീയിനോട് അടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തും.)

ഇനിയും ചിലര്‍ കൊണ്ടാലേ പഠിക്കൂ

(സ്വയം അനുഭവിച്ചു വേണം മനസിലാക്കാന്‍ - പറഞ്ഞാലും മനസ്സിലാവില്ല, വേറൊരാളുടെ അനുഭവം കണ്ടാലും മനസ്സിലാവില്ല.)

ഇത് മൂന്നു കൊണ്ടും പടിക്കത്തവനോ, അവനെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയൂ.

എനിക്ക് തോന്നുന്നത് നല്ല ചുട്ട അടി കൊടുക്കണം എന്നാണ്.

മേല്‍പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും സം:സ്കൃത ശ്ലോകം ഉണ്ടോ?

Monday, March 05, 2012

എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?

“കുട്ടി മരിച്ചതെങ്ങിനെ?“ ഒരു അന്ധന്റെ ചോദ്യം
“പാല് നെറുകയില്‍ കയറിയിട്ടാണ്.“ അയല്‍ വാസിയുടെ ഉത്തരം.
“പാലോ? പാലു എങ്ങിനിരിക്കും“? അന്ധന്‍
“പാല് വെളുത്തിരിക്കും“. ഉത്തരം.
“വെളുപ്പോ? അതെങ്ങിനിരിക്കും“? അന്ധന്‍ .
“വെളുപ്പ്....അത്...കൊക്കിനെ പോലിരിക്കും“. ഉത്തരം.
“കൊക്കോ ..അതെത് സാധനം..അതെങ്ങിനിരിക്കും? അന്ധന്‍ .
അത്...അത്...(തൊട്ടടുത്ത് ഒരു കിണ്ടി ഇരിപ്പുണ്ടായിരുന്നത് എടുത്ത് അന്ധന്റെ കയ്യില്‍ കൊടുത്തിട്ട് അയല്‍ വാസി മൊഴിഞ്ഞു) ദാ ഇത് പോലിരിക്കും“.
അന്ധന്‍ കിണ്ടി തടകി നോക്കിയിട്ട് അഭിപ്രായം പറഞ്ഞു.
“ചുമ്മാതല്ല കുട്ടി മരിച്ചത്...ഇത് തലയില്‍ കയറിയാല്‍ എങ്ങിനെയാ കുട്ടി മരിക്കാതിരിക്കുന്നത്.“

ചില വിഷയങ്ങള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ പോകുമ്പോള്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞാലും മനസിലാകാത്ത ചിലരോട് പഴകി പതിഞ്ഞ ഈ കഥ ഞാന്‍ പറഞ്ഞ് കൊടുക്കാറുണ്ട്.

'ഷെരീഫ് കൊട്ടാരക്കര'യുടെ ബ്ലോഗ്ഗില്‍ നിന്നും

Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Wednesday, December 02, 2009

ഹൃദയരഹസ്യം

ഇന്ന് രാവിലെ കിടക്കയില്‍ കണ്ണുതുറന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു. 'നമുക്കിടയില്‍ ഒരു രഹസ്യമുണ്ടോ?'

ഉണ്ട്, തീര്‍ച്ചയായും ...

എല്ലാവരുടെ ഇടയിലും ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

എന്നാല്‍ അങ്ങിനെയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാം എത്രമാത്രം പാടുപെടുന്നു.

അച്ഛന്‍ മകളോട്, ഭാര്യ ഭര്‍ത്താവിനോട്,
കാമുകന്‍ കാമുകിയോട്
പറയാന്‍ മറന്നതാണ് അത്.

ഒരു
ഹൃദയരഹസ്യം.

Sunday, November 23, 2008

ഒരു ദിനസരി (22 നവം. ശനിയാഴ്ച)

ഇന്നലെ വൈകിയാണ് കിടന്നത്.
ചില ആത്മഹത്യചിന്തകള്‍. രാവിലെ നല്ല നടുവ് വേദന. വേദനകള്‍ മരിക്കുന്നില്ല. . . മനസിനകത്ത് ഒരു ശൂന്യത. മൂഡ് ഓഫ് ??!! ഉച്ചക്ക് കവിതയും കെസ്നയും ഒത്തു 'ലഞ്ച്' പറഞ്ഞിരുന്നു. RFC യില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ അവിടെ വല്ലാത്ത തിരക്ക്. സീറ്റ് കിട്ടിയില്ല. പിന്നെ 'ഫ്രൈസ്‌ വില്ലജ്' - ഇല്‍ പോയി. ഭക്ഷണം കഴിച്ചു പിരിഞ്ഞു. കവിതയ്ക്ക് ഉച്ച കഴിഞ്ഞും ജോലി ഉണ്ടായിരുന്നു. ഈ get-to-gether ഒരു സുഖമായില്ല. ഒരു തരം മൂഡ് ഓഫ്!!
എന്തോ ഒരു മിസ്സിംഗ്‌ പോലെ. (തോന്നിയതായിരിക്കാം) ഉച്ച കഴിഞ്ഞു നേരെ 'ചവറ ലൈബ്രറിയില്‍' പോയി. ഒന്നര വര്‍ഷത്തിനുശേഷം!! ഒരു 'ഓഷോ' കയ്യില്‍ ഉണ്ടായിരുന്നു. മടക്കി കൊടുത്തു 'സെറ്റില്‍മെന്റ്' നടത്തി. കുറച്ചു നേരം വാരികകള്‍ വായിച്ചിരുന്നു. രണ്ടു പുസ്തകങ്ങള്‍ എടുത്തു - സര്‍വീസ് സ്റ്റോറി (മലയാറ്റൂര്‍) താവോ (ഓഷോ) .രാവിലെ മണി ചേച്ചി (സി.മേഴ്സിലിറ്റ്) വിളിച്ചിരുന്നു. പാലാരിവട്ടത്ത് ഉണ്ട് കാണാമോ എന്ന് ചോദിച്ചു. ലൈബ്രറിയില്‍ നിന്നും നേരെ പാലാരിവട്ടം 'ലോരെട്ടോ' ആരാധനാമഠം. ചേച്ചി അവിടെ ഉണ്ടായിരുന്നു. ചായ കുടിച്ചു. കുറെ നേരം സംസാരിച്ചിരുന്നു. വീടുകാര്യം, നാട്ടുകാര്യം. പാവം കന്യാസ്ത്രീകള്‍ക്ക് മുഖമുയര്‍ത്തി നടക്കാന്‍ സാധിക്കാത്ത കാര്യം. (ആലുവ മൊബൈല്‍ ക്ലിപ്പ്, അഭയാ കേസ്) ശവത്തില്‍ കുത്തുന്ന 'മല്ലു ആറ്റിട്ട്യൂട്' - ബസിലും മറ്റും സഞ്ചരിക്കേണ്ടി വരുമ്പോള്‍ നല്ലവരായ ഈ സിസ്റ്റര്‍മാര്‍ക്ക് കേള്‍ക്കേണ്ടി വരുന്ന കമന്റ്സ് കഷ്ടം തന്നെ! ഒരാളുടെ പിഴ മൂലം ഒരായിരം പേര്ക്ക് ശിക്ഷ!! ജിബിയും ശോണിയും ജൈസിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ 7.30 pm നല്ല ഷീണം പിന്നെ മൂഡ് ഓഫ്!! ചുമ്മാ കിടന്നു. ജൈസിയുടെ വീട്ടിലേക്ക് ചെല്ലാന്‍ ജിബി കുറെ വിളിച്ചൂ. പോകാന്‍ തോന്നിയില്ല. കുളികഴിഞ്ഞു ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ വീണ്ടും ദാ... വിളി. അവരെ കൊണ്ടാക്കണം. സമയം 9.15 pm ,, പിന്നെ കാറെടുത്ത് അവിടെ ചെന്നു,,, അവരെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ കവലയില്‍ കൊണ്ടാക്കി വണ്ടി കയറ്റി വിട്ടു. (പത്തരയ്ക്കുള്ളില്‍ അവര്‍ കടുത്തുരുതി - മാന്‍വെട്ടത്തുള്ള സ്വഭവനത്തില്‍ എത്തി; വിളിച്ചു) ഞാന്‍ തിരികെ വന്നു അത്താഴം കഴിഞ്ഞു, മെയില്‍ ഒന്നു നോക്കി. ഷാഹിന ടീച്ചറുടെ ഒരു മെയില്!!?? ഞാന്‍ കുറച്ചു ദിവസം മുന്പ് ഒരു 'ഹായ്' അയച്ചതിന് മറുപടി. പത്തു വര്‍ഷത്തിനു ശേഷം ഉള്ള ഒരു 'Communication' മെയില് കണ്ടപ്പോള്‍ ശരിക്കും ത്രില്‍ ആയി.
Dear jossyyyyy
My goodness HOW CAN I EVER FORGET YOU - JOSSY VARKEY!!!
I will never forget you all .. i still have the card you all sent me when i got my Ph.D.I stii have the bread toaster in working condition.

തുടരുന്നു..

ഈ ദിവസത്തെ എല്ലാ മൂഡ് ഓഫ് -ഉം എങ്ങോട്ടോ ഓടി പോയി!!! എന്നെ കാര്ഷിക സര്‍വ്വ കലാശാലയില്‍ 'എകണോമിക്സ്' പഠിപ്പിച്ച ടീച്ചര്‍. എന്റെ 'അഡവൈസര്‍' കൂടിയായിരുന്നു 'ഷഹീന ടീച്ചര്‍' (ഞങ്ങളുടെ കോളേജില്‍ ഓരോ 10 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറുടെ advisership -നു കീഴില്‍ ആയിരുന്നു. അത് വളരെ നല്ല ഒരു system ആയിരുന്നു) ഇതു പോലെ ഉള്ള ടീച്ചര്‍മാര്‍ ഉണ്ടെങ്കില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകപോലുമില്ല എന്ന് നി:സംശയം പറയാം. അവിടെ പഠിപ്പിച്ച സുജാത മിസ്, വനജ മിസ്, പദ്മിനി മിസ് , ഉഷ മിസ് തുടങ്ങിയവരെല്ലാം അധ്യാപനത്തിലുപരി സ്നേഹം കൊണ്ടു ഞങ്ങളുടെ മനസ്സുകളെ കീഴടക്കിയ ഗുരുക്കന്മാരായിരുന്നു. സര്‍വ്വകലാശാല രാഷ്ട്രീയ അതിപ്രസരംകൊണ്ടു അസ്വസ്തമായിരുന്നെന്കിലും ചില നല്ല അധ്യാപകരുടെ മഹത്വം എടുത്തു പറയേണ്ടത് തന്നെ.
ചില നല്ല ചിന്തകളാല്‍ ഉറക്കത്തിലേക്കു പോയി.

ഞായറാഴ്ച വീട്ടില്‍ തന്നെ.

വീട് ശുചീകരണം, വസ്ത്ര ശുചീകരണം, ഒക്കെയായി പോയി. അജിത ഈ ആഴ്ച വന്നില്ല - ജൈസിയുടെ 'ഗൃഹ പ്രവേശം' കഴിഞ്ഞു വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തിന് പോയത്. ഇന്നു അവിടെ ഒരു 'Exam duty' ഉണ്ടുതാനും. ആര്‍വിനും ആര്ഷയും വീട്ടിലുണ്ടായിരുന്നു. (അവരെ വീട്ടിലാക്കി ജൈസിയും സിജിയും ഒരു മാമോദീസ കൂടാന്‍ പോയി)
ഉച്ചയുറക്കം കഴിഞ്ഞു ഞാന്‍ പ്രകാശം സാറിന്റെ കല്യാണം അനുബന്ടിച്ചു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പിറവം - അടുത്ത് ഓണക്കൂര്‍ വരെ പോയി. (ശ്രീ.പ്രകാശം ചോറ്റാനിക്കരയില്‍ ഒരുമിച്ചു പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകന്‍ ആണ്. ഇപ്പോള്‍ ട്രെഷറിയില്‍ ജോലി ചെയ്യുന്നു)