Showing posts with label Pseudo Systems. Show all posts
Showing posts with label Pseudo Systems. Show all posts

Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

Saturday, November 06, 2021

വ്യക്തിത്വ വികസനത്തിലെ തെറ്റായ പ്രവണതകൾ

വിജ്ഞാനം, കല തുടങ്ങി ജീവിതത്തിലെ ഏതൊരു കാര്യവും അതിന്റെ യഥാര്‍ത്ഥ യോഗ്യതയും കഴിവും ഇല്ലാത്തവരിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ആ വിജ്ഞാനത്തോടുള്ള അല്ലെങ്കില്‍ കലയോടുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ വികൃതമാകുന്നു. 

മാനവവിഭവ ശേഷി വളര്‍ത്തല്‍, വ്യക്തിത്വ വികാസ കോഴ്‌സുകളിലും ഈ രോഗം പ്രകടമാണ്. ഇത്തരം കോഴ്‌സുകള്‍ക്ക് വാണിജ്യമുഖം കൈവരികയും പെട്ടന്ന് വിജയം നേടാനും ലാഭം കൊയ്യാനും മോഹിക്കുന്ന ചിലരെല്ലാം ഈ മാര്‍ക്കറ്റിലേക്ക് കടന്നുവരികയും ചെയ്യുന്നു. 

മൂന്ന് ദിവസം കൊണ്ടെങ്ങനെ ഒരു ഭാഷ അനായാസം സ്വായത്തമാക്കാനാവും? ഒരാഴ്ച്ച കൊണ്ടെങ്ങനെ കോടീശ്വരനാകും? കഴിവും യോഗ്യതകളും നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പരിശ്രമം പോലും നടത്താതെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ചിലര്‍ ട്രെയിനര്‍മാരും അതില്‍ നിന്ന് അന്താരാഷ്ട്ര ട്രെയിനര്‍മാരുമായി മാറുന്നു. 

മനുഷ്യമനസ്സിനെയും മനുഷ്യപ്രകൃതത്തെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാട് പകരുന്നതിനാവശ്യമായ മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിലൊന്നും മതിയായ പരിജ്ഞാനം നേടാതെയാണിത്.

ഇത്തരം കപടനാട്യക്കാരുടെ രംഗപ്രവേശം മാനവവിഭവ ശേഷിവികാസത്തെയും വ്യക്തിത്വവികാസത്തെയും കുറിച്ച് ആളുകളില്‍ തെറ്റായ കാഴ്ച്ചപ്പാടാണിത് ഉണ്ടാക്കുന്നത്. ഊഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കച്ചവടമായിട്ടാണവര്‍ അതിനെ കാണുന്നത്. അല്ലെങ്കില്‍ കോഴ്‌സ് തീരുന്നതോടെ ഫലവും അവസാനിക്കുന്ന മയക്കുമരുന്ന് ക്യാപ്‌സൂളുകളെ പോലെയാണവര്‍ അതിനെ കാണുക.

മനുഷ്യനിലെ സ്വഭാവഗുണങ്ങളെ കൈകാര്യം ചെയ്യുന്ന ഈ വൈജ്ഞാനിക ശാഖയോട് ചെയ്യുന്ന അനീതിയാണ് ഈ കാഴ്ച്ചപ്പാട്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് അനിവാര്യമായ വിജ്ഞാനമാണത്. ടൈം മാനേജ്‌മെന്റ്, മാനസികവും സ്വഭാവപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വ്യക്തിത്വത്തിലെ ദൗര്‍ബല്യങ്ങള്‍ മറികടക്കല്‍ തുടങ്ങിയവ നമുക്കെല്ലാവര്‍ക്കും ആവശ്യമായവയാണ്. ഈ പ്രശ്‌നങ്ങള്‍ കടവടതാല്‍പര്യക്കാരുടെയും നാട്യക്കാരുടെയും മുമ്പിലെത്തുമ്പോള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായ അതിശയോക്തിയും ഭയപ്പെടുത്തലും അതില്‍ കടന്നുവരികയും അതിലുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാട് കുറയുകയും തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അറിവും ശേഷിയും നേടുന്നതിന് പരിശ്രമങ്ങള്‍ നടത്തുകയും അനുഭവസമ്പത്ത് കൈവശമാക്കുകയും ഈ രംഗത്ത് വേണ്ട ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുകയും ചെയ്തവരെയും അതൊന്നുമില്ലാതെ ഇതിലേക്ക് കടന്നുകയറിയവരെയും വേര്‍തിര്‍ക്കുന്നതിന്റെ പ്രധാന്യം ഇതാണ്.

വ്യക്തിത്വവികസവും അഹംഭാവവും:

സ്വന്തത്തെ വലിയ സംഭവമായി കാണുന്ന പ്രവണതയാണ് ഈ മേഖലയിലെ മറ്റൊരു പ്രശ്‌നം. സ്വന്തത്തെ കുറിച്ച മിഥ്യാധാരണകളില്‍ നിന്നും രൂപപ്പെടുന്ന അഹംഭാവം ധാര്‍മികവും സ്വഭാവപരവുമായ മൂല്യങ്ങളെ തകര്‍ത്തെറിയുന്നു. ചിന്താപരവും മാനസികവുമായ സന്തുലിതത്വം നഷ്ടപ്പെടുന്ന ഇത്തരാക്കാര്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും അതിതീവ്രത പുലര്‍ത്തുന്നു. ജീവിതം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനും ഗവേഷണത്തിനും ചെലവഴിച്ച മഹാപണ്ഡിതന്‍മാരുടെ പരിശ്രമങ്ങളെ പോലും ചവിട്ടിമെതിക്കാന്‍ അവര്‍ മടിക്കുകയില്ല. പണ്ഡിതന്‍മാര്‍ക്ക് തെറ്റുപറ്റുകയില്ലെന്ന് എനിക്ക് വാദമില്ല. അവരുടെ പിഴവുകളെ നമുക്ക് നിരാകരിക്കാം. എന്നാല്‍ അവരുടെ വൈജ്ഞാനിക പരിശ്രമങ്ങളെ നാം മാനിക്കേണ്ടതുണ്ട്.

ശ്രോതാക്കളെ വിലമതിക്കാതിരിക്കല്‍:

ശ്രോതാക്കളുടെ ബുദ്ധിയെയും മനസ്സിനെയും ചിന്താപരവും ധാര്‍മികവുമായ ഗുണങ്ങളെയും വിലമതിക്കാതിരിക്കുകയെന്നത് ചില ട്രെയിനര്‍മാരില്‍ കാണുന്ന പ്രശ്‌നമാണ്. ഉദ്ദേശ്യപൂര്‍വമല്ലെങ്കിലും തന്നെ കേള്‍ക്കുന്നവരെ തകര്‍ക്കുന്നതില്‍ പങ്കാളിയാവുകയാണ് അതിലൂടെ ചെയ്യുന്നത്. ചിലരുടെയെല്ലാം ആത്മവഞ്ചന ആദരണീയരായ വ്യക്തിത്വങ്ങളെ വരെ നിന്ദിക്കുന്നതിലും സദാചാര മൂല്യങ്ങൾ, പരസ്പരം സഹകരണം പോലുള്ള സാമൂഹ്യ മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും വരെ പുച്ഛിക്കുന്നതിലും എത്തിനില്‍ക്കുന്നു.