Saturday, September 01, 2018
ഒരു പരാജിതൻ ഡയറി എഴുതുന്നു
ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്.
വെള്ളത്തിന്റെ ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും
വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം.
വിഷം മറുപടി പറഞ്ഞു എന്റെ ഒരു തുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല.
വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ.
വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി.
അയാൾ തിരിച്ചു വന്നു വെള്ളം കുടിക്കാന്‍ എടുത്തു വെള്ളത്തിന്റെ നിറവ്യത്യാസം കണ്ടു അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി.
വെള്ളം ആഹ്‌ളാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ''നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവന്‍ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.''
വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ''സുഹൃത്തേ, എനിക്ക് നിന്നില്‍ പടരാനേ കഴിയൂ. നിന്നില്‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.''
ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ അവര്‍ വിഷം കലര്‍ത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവര്‍ നമ്മില്‍ പടര്‍ന്നുകയറുന്നു.
ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്. 🌸🌸🌸ശുഭദിനം🌸🌸🌸
Sunday, October 22, 2017
വലിയ വിലകൊടുക്കേണ്ടി വരും
ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?
ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.
അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!
നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne
വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!
സൗജന്യ ഊണില്ല (THERE IS NO FREE LUNCH) !!!
എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.
സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!
സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......
ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.
"വിജയത്തിന് വലിയ വില കൊടുക്കേണ്ടിവരും"
Sunday, June 12, 2016
പ്രിയങ്ക ചോപ്രയും മുത്തശ്ശിയും
Thursday, May 26, 2016
ഞാനാരാ മോൻ! ........... (ഒരു ഉത്തരധുനീക ഹൈകു കവിത)
ഇന്നലെ അഴയിൽ ഒരു തോർത്ത് ഉണക്കാൻ ഇട്ടപ്പോൾ
അതിനിടയിൽ പെട്ടുപോയ
ഒരു
ഉറുമ്പിനെ രക്ഷപെടുത്തി
അത്
നന്ദിപൂർവ്വം
എന്നെ
നോക്കി ചിരിച്ചു, നടന്നു പോയി
എന്റെ കണ്ണു നിറഞ്ഞു.
****************************************
ഞാൻ .........
ഇന്നു രാവിലെ
ബാത്ത് റൂമിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ
വെള്ളം വീണ്
ഒരു കൊതുകിന് പരിക്കേറ്റ്
പെട്ടെന്നതിനെ വെള്ളം തോർത്തി
പറത്തി വിട്ടു
ആ കൊതുകാണെന്ന് തോന്നുന്നു
രാത്രിയിൽ
എന്റെ ചെവിയിൽ വന്ന്
പാട്ടുപാടി രസിപ്പിച്ചത്
ഞാൻ ........
എന്താല്ലേ?
ഒരു സംഭവം തന്നെ!
Thursday, February 26, 2015
ദൈവം തന്ന വീട്
![]() |
| ബംഗാൾ / ബീഹാർ കുടിലുകളുടെ ബാക്കി |
ഇന്നു രാവിലെ റെയിൽവേ സ്റ്റെഷനിൽ എത്തിയപ്പോൾ ആണ് അതു ശ്രദ്ധിച്ചത്, കുറെ കമ്പുകൾ കുത്തിനിർത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസമായി ഇവിടെ താമസിച്ചു റെയിൽവേ പാതയിരട്ടിപ്പിക്കലിന്റെ പണികൾ ചെയ്തുകൊണ്ടിരുന്ന ബീഹാർ മക്കളുടെ വീടുകൾ ആയിരുന്നു അത്. അവർ അതിനു മുകളിൽ വിരിച്ചിരുന്ന ഷീറ്റ് എടുത്തുകൊണ്ട് അടുത്ത സൈറ്റിലേക്ക് പോയപ്പോൾ അവശേഴിച്ചത് കുറച്ചു ചുള്ളി കമ്പുകൾ മാത്രം. ഞാൻ ഓർമ്മിക്കുന്നു, കഴിഞ്ഞ മാസങ്ങളിൽ ഇവിടെ ഒരുപാടു മനുഷ്യ ജീവിതങ്ങൾ പണിയെടുത്തിരുന്നു, ജീവിച്ചിരുന്നു, അവരുടെ മക്കളെ വളർത്തിയിരുന്നു, ഭക്ഷണം വെച്ചു വിളമ്പിയിരുന്നു. ഓരോ കൂരയിലും ഒരുപാടു ജീവിതങ്ങൾ, മൂന്നും നാലും കുട്ടികൾ, അവർ എങ്ങിനെ ഈ ആറടി മണ്ണിൽ കമ്പു കുത്തി, ഷീറ്റു മൂടി സസുഖം ജീവിച്ചു? അവരുടെ വീടിന്റെ അടുക്കള, കിടപ്പുമുറി, കക്കൂസ് എല്ലാം കാണാം ഈ നഗ്നമായ മരകമ്പുകൾക്കിടയിൽ.
നാമൊക്കെ എത്രമാത്രം ആഘോഷിച്ചാണ് വീട് പണിയുന്നത്. വീട് അല്ല കൊട്ടാരം ആണല്ലോ ഇന്ന് എല്ലാരും പണിയുന്നത്. വൃദ്ധരായ അച്ഛനും അമ്മയും അല്ലെങ്കിൽ അവരിൽ ഒരാൾ മാത്രമോ താമസിക്കാൻ പോകുന്ന ആ വീട്, ഗൾഫിൽ അല്ലെങ്കിൽ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാം പ്ലാൻ ചെയ്യുമ്പോൾ അതിൽ ആറു ബെഡ് റൂമും പത്തു കക്കൂസും വേണമെന്ന് നിർബദ്ധമാണ്. വാസ്തു ശരിയാകാതെ നാം എത്ര വിഷമിച്ചു, എത്ര വാസ്തു ശാസ്ത്രജ്ഞരെ കണ്ടു, എത്രപ്രാവശ്യം പൊളിച്ചു പണിതു, എന്നിട്ടും അതിൽ കിടന്നുറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരുന്നു!
വീടിനു കാവൽ നായയും അടിച്ചുവാരിതുടച്ചിടാൻ വേലക്കാരിയും മാത്രം, വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ലീവിന് വരുമ്പോൾ താമസിക്കാൾ താമസിക്കാൻ ഒരു കൊട്ടാരം. കേരളം രാജാക്കന്മാരുടെ കൊട്ടാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ തന്നെയാണ് ബംഗാളിൽ നിന്നും ബീഹാറിൽ നിന്നും നമുടെ സഹോദരരായ ഭാരതീയർ ഒരു നേരത്തെ വിശപ്പടക്കാൻ വേല തേടി നമ്മുടെ നാട്ടിൽ എത്തിയത്. അവർ ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനവും ലോകത്തിലെ ഏറ്റവും അധികം തൊഴിലാളികൾ ഉള്ളതും ആയ 'ഇന്ത്യൻ റെയിൽവേ'യുടെ പതയിരട്ടിപ്പിക്കൽ ജോലിയിൽ പാറ പൊട്ടിച്ച് മെറ്റൽ ആക്കുന്ന പണി ചെയ്യാൻ എത്തിയവരാണ് ഈ പ്രവാസി (കുടിയേറ്റ) തൊഴിലാളികൾ. നൂറുകണക്കിന് ആളുകൾ ഉണ്ടാവും അവർ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ഊരു തെണ്ടുന്ന നിസ്സാരന്മാരായ കുറച്ചു മനുഷ്യർ.
അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ അത്മീയതയെന്താണ്, അവരുടെ ഭാവിയെന്താണ് .... അവർ നാളയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോയെന്നുപോലും എനിക്കറിയില്ല.
![]() |
| മുളന്തുരുത്തി റെയിൽവേ സ്റ്റെഷൻ പരിസരം |
ലോകത്ത് പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളത് ഭൂമി മലയാളത്തിൽ ആണെന്ന് എനിക്കു തോന്നാറുണ്ട്. ചന്ദ്രനിൽ ചായക്കട നടത്തുന്ന അയ്യപ്പൻ നായരെക്കുറിച്ച് നാം തമാശ പറയാറുണ്ടല്ലോ. ഏതു രാജ്യത്തു പോയാലും നമ്മുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നതിനും നേടിയെടുക്കുന്നതിനും അപാരമായ കഴിവുള്ള മനുഷ്യർ. അതോടൊപ്പം ഏതു സാഹചര്യത്തോടും പൊരുത്തപെട്ടു ജീവിക്കാൻ പഠിച്ചവർ - നമ്മൾ മലയാളികൾ. എന്നിട്ടും നമ്മുടെ നാട്ടിൽ ഈ പട്ടിണി പാവങ്ങൾ ജോലിക്ക് വന്നപ്പോൾ ഈ ചുള്ളികമ്പുകൾ വളച്ചുകുത്തി അതിൽ പഴയ 'ഫ്ലെക്സ് ബാനർ' വലിച്ചു കെട്ടി രണ്ടും മൂന്നും മാസം താമസിക്കേണ്ടി വന്നതെന്തേ? നമ്മുടെയുള്ളിലെ മനുഷ്യസ്നേഹിയും തൊഴിലാളി വർഗ്ഗബോധവും എവിടെ പോയി? അവരുടെ താമസം, അവരുടെ പ്രാഥമീക സൗകര്യങ്ങൾ, അവരുടെ ഭക്ഷണം, അവരുടെ കുഞ്ഞുങ്ങൾ ഒന്നും നമ്മെ തെല്ലും അലട്ടിയില്ല.
നിത്യവും ട്രെയിനിൽ സഞ്ചരിക്കുന്ന, ഞാൻ പോലും അവരുടെ സാമീപ്യം അറിഞ്ഞത്, അവർ ക്യാമ്പ് മാറി ദൂരേക്ക് പോയിക്കഴിഞ്ഞ് അവശേഴിച്ച ചുള്ളികമ്പുകൾ കാണുമ്പൊൾ മാത്രമാണ്!! ഈ വീടുകൾക്ക് പാലുകാച്ചൽ ഇല്ല, നല്ല സമയം നോക്കി ആണോ അവർ കയറി താമസിച്ചത്? അറിയില്ല, വാസ്തുശാസ്ത്രം നോക്കിയോ, വീടിനു പേരിട്ടിരുന്നോ, ഇതൊക്കെ ആലോചിച്ചപ്പോൾ എന്റെ ട്രെയിൻ വന്നു. എന്തായാലും കൊട്ടാരത്തിൽ താമസിക്കുന്നവനും ഈ കുടിലുകളിൽ അന്തിയുറങ്ങിയവരും ഉറക്കത്തിൽ ഒരേ അവസ്ഥയിൽ ആയിരുന്നു - തീർച്ച. അവർ ചിലപ്പോൾ ഒരേ പോലത്തെ സ്വപ്‌നങ്ങൾ ആയിരിക്കാം കണ്ടത്. കാരണം ഉറക്കത്തിൽ നിങ്ങളും ഈശ്വരനും മാത്രമേ ഉള്ളൂ. അല്ലെങ്കിൽ നിങ്ങൾ ഇല്ല, ഈശ്വരൻ മാത്രമേ ഉള്ളൂ.
വീട് ഒരു തണലാണ്, ഓരോ ദിവസവും വീട്ടിലേക്ക് ഓടിയെത്തുമ്പോൾ പൊരി വെയിലത്ത് നിന്ന് പുളിമരത്തിന്റെ തണലിൽ കയറി നിൽക്കുന്ന സുഖം. വീടിന്റെ ഭൌതീക ശ്രേഷ്ടതകൾ മാത്രമല്ല, വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരു അമ്മ അല്ലെങ്കിൽ ഭാര്യ, വീട്ടിൽ എത്തുമ്പോൾ ഓടിവരുന്ന കുഞ്ഞുങ്ങൾ എല്ലാം ആ തണലിൽ കുളിർമയേകുന്നു. പിതൃസ്വത്തായി വീട് ലഭിച്ചവരുണ്ട്, സ്വന്തമായി അധ്വാനിച്ചു വീടു വച്ചവരുണ്ട്, വീടു പണിയാൻ താല്പര്യമില്ലാതെ ജീവിത കാലം മുഴുവൻ വാടക വീട്ടിൽ താങ്ങാൻ തീരുമാനിച്ചവരും ഉണ്ട്, എല്ലാവർക്കും വീട് ഒരു തണൽ ആണ്, ഒരു സ്നേഹത്തണൽ.
കല്ലും മരവും കൊണ്ട് കെട്ടിയുണ്ടാക്കിയാൽ മാത്രം വീട് വീടാവുന്നില്ല, അതിനുള്ളിൽ സ്നേഹം നിറയുന്നില്ലെങ്കിൽ. എത്ര അകലെയയിരുന്നാലും ഒരാൾ മനസ്സുകൊണ്ട് അയാളുടെ വീടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അയാൾ ഓടിയെത്താൻ ആഗ്രഹിക്കുന്നത് ആ തണലിലേക്കാണ്. ചുള്ളികമ്പുകൾ കൂട്ടിയുണ്ടാക്കിയ ഈ ഒറ്റമുറികളിലും ഒത്തിരി സന്തോഷം, ഒരിത്തിരി കണ്ണുനീർ, സ്വപ്‌നങ്ങൾ, കലഹങ്ങൾ ... ഒത്തിരി ഒത്തിരി കൂടു കൂട്ടിയിട്ടുണ്ടാവാം.
നമ്മുടെ സന്തോഷങ്ങൾ, നമ്മുടെ വിജയങ്ങൾ, നമ്മുടെ ആഹ്ലാദങ്ങൾ പങ്കു വയ്ക്കാൻ ഒരുപാടു ഇടങ്ങൾ ഉണ്ടാവാം . എന്നാൽ നമ്മുടെ കണ്ണീർ ആരുമറിയാതെ തുടക്കാൻ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഒരാൾ കാത്തിരിപ്പുണ്ട്, എന്റെ വീട്ടിൽ. വീട്ടിൽ ഓടിയെത്തി ഭാണ്ഡങ്ങൾ വലിച്ചെറിഞ്ഞ് വസ്ത്രങ്ങൾ ഉതിർന്നു തല കുമ്പിട്ടു നിൽക്കുന്ന കുഞ്ഞിന്റെ തോൽവിയെ നിറുകയിൽ ഒരു ചുംബനം നൽകിയാശ്വസിപ്പിക്കാൻ അമ്മയുണ്ടാവും ഓരോ വീട്ടിലും.
യേശു ഒരു തച്ചനായിരുന്നു, അവിടുന്ന് പണിത ഭവനങ്ങൾ എത്രയോ ഭാഗ്യപ്പെട്ടവ. വീടുകൾ പണിയുന്ന ആശാരിയുടെ ജോലി ദൈവം തിരഞ്ഞെടുത്തത് പ്രത്യേകമായ ഒരു സന്ദേശം നമുക്കു നൽകുവാനകും - വീട് ഒരു തണലാണ്.
യേശു ചില വീടുകൾ സന്ദർശിച്ചതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. ശിമയോന്റെ വീട്, സക്കേവൂസിന്റെ വീട്, മാർത്തയുടെയും മേരിയുടെയും വീട് - അവിടെ അത്ഭുതങ്ങൾ നടക്കുന്നു, ശാന്തി പരക്കുന്നു. ദൈവം നമ്മുടെ വീടുകളിൽ പ്രവേശിക്കുമ്പോൾ മാത്രമേ അവിടെ പ്രസദാത്മകത വന്നുനിറയൂ. അത് കുടിലായാലും ശരി, കൊട്ടരമായാലും ശരി. വീടുകളുടെ വലുപ്പമല്ല, അതിൽ നിറയുന്ന സ്നേഹമാണ്, കരുതലാണ് അതിനെ സ്വർഗമാക്കുന്നത്.
Tuesday, February 25, 2014
അബോർഷൻ
അബോർഷൻ ആയ മാങ്ങകൾ
കണ്ണിമാങ്ങകൾ ആയി നിലത്തു വീണു
അമ്മച്ചി അതെല്ലാം പെറുക്കി എടുത്തു.
മിട്ടായി ഭരണികളിൽ ഇട്ടുവച്ചു.
ഉപ്പിലിട്ട കണ്ണിമാങ്ങകൾ
കൂട്ടി മീൻകറി വച്ചു
ചമ്മന്തി അരച്ചു
അച്ചാറിട്ടു
....
സംഭവിച്ചതെല്ലാം നല്ലതിന്,
പാവം മാവിന്റെ നൊമ്പരം
ആരറിവൂ??
Saturday, January 11, 2014
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
അതുപോലെ, പെണ്ണിനോടു പ്രായവും.
ഭർത്താവ് കടം വാങ്ങരുത്
ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ച് കുറവുപറയുകയുമരുത്!
അന്യസ്തീകളുടെ സൗന്ദര്യത്തെ പുകഴ്ത്തരുത്
മോഷ്ടിച്ചും ചെലവുചെയ്യാൻ മടിക്കരുത്!
ഇദി ദാമ്പത്യം
മമ സന്തോഷം!!
Thursday, September 08, 2011
പ്രണയം - ഒരനുഭവം

ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ് ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."
ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??
അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...
Wednesday, May 11, 2011
വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി
-----------------
ആരാണ് ഗണപതി?
ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക് നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:
വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.
വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.
ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.
ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.
നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.
വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക് 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!
വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!
Thursday, March 18, 2010
നിങ്ങള്‍ സന്തോഷവാനാണോ? (Are you happy?)
"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?
ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.
ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക് ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?
ഇവിടെയാണ് ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക് ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക് 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.
നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.
നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)
- 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
- ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
- പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
- ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.
ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ് നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.
അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.
Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
Tuesday, January 12, 2010
ഗുരുവും ശിഷ്യനും
ഗുരുവും ശിഷ്യനും പ്രഭാതസവാരിയില്‍ ആയിരുന്നു.
ശിഷ്യന്‍: ഗുരോ, ഈ ലോകത്തില്‍ ഏറ്റവും സുഖം നല്‍കുന്നത് എന്താണ്?
ഗുരു: ഉറക്കം.
ശിഷ്യന്‍: ഉറക്കത്തില്‍ എനിക്ക് സുഖം അറിയാന്‍ സാധിക്കുന്നില്ല?
ഗുരു: നീ ഉണര്‍ന്നിരിക്കൂ
(ഗുണപാഠം - ഉറങ്ങുമ്പോള്‍ ഉറക്കത്തിന്‍റെ സുഖം അനുഭവിക്കാന്‍ കഴിയില്ല.)
Wednesday, December 23, 2009
ക്രിസ്തുമസ് സമ്മാനം.
വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.
. . . . . . . .
മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.
. . . . . . . . .
അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.
മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.
. . . . . . . .
'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.
പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത് പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.
"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .
നിത്യവും നിത്യവും നന്ദി ദൈവമേ . ."
Thursday, December 10, 2009
കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....
പണ്ട്,
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്
ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്
ഇന്ന്,
ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?
എങ്കിലും എന്നാശ,,,
എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!
(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)
Monday, December 07, 2009
ശൂന്യത ശൂന്യത ശൂന്യത !!!
ചില നിമിഷങ്ങളില്‍ നാം സ്വയം ഇല്ലാതായി പോകുന്നു. (ശൂന്യത)
ആര്‍ത്തവക്കറ പുരണ്ട തൂവെള്ളവസ്ത്രം മറച്ചുപിടിക്കാന്‍ കഴിയാതെപോയ കന്യകയെ പോലെ. (ശൂന്യത)
കണ്ണന്‍ കവര്‍ന്നെടുത്ത ചെലകല്‍ക്കായി കേഴുന്ന ഗോപികമാരെ പോലെ (ശൂന്യത)
ലജ്ജയാല്‍ നാം സ്വയം ഇല്ലാതായി പോകുന്നു.
കാറ്റത്ത് കെട്ടുപോയ ഒരു മെഴുകുതിരിപോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ നിഷ്പ്രഭമായി പോകുന്ന നമ്മുടെ അഹന്തകള്‍ (ശൂന്യത)
വാവിട്ടു കരയാനാകാതെ കണ്ണീര്‍ തടുക്കാനാവാതെ ആ ദുര്‍ബല നിമിഷം ഇന്നെന്നെയും തേടിയെത്തി.
ദൈവത്തെ കാണുന്ന ആ നിമിഷം, എന്നന്തരാത്മാവില്‍ വെറും ശൂന്യത മാത്രം.
ദൈവമേ അങ്ങെന്നെ എടുത്തു കൊള്‍ക,
ശൂന്യത ശൂന്യത ശൂന്യത മാത്രം നല്‍കുക.
Wednesday, November 04, 2009
ജീവിതം = സമരം
ജീവിതം ഒരു സമരമാണ്
ഇവിടെ തോല്‍വികള്‍ ഒരിക്കലും അവസാനവാക്കല്ല
പോരാടുക
പോരാടുക
അന്തിമവിജയം നിന്‍റെതാണ്
ഒരിക്കലും പിന്തിരിയരുത്
പോരാടുക
പോരാടുക
തളരരുത്, നീ തനിച്ചാകിലും
തകരരുത്, ഏതു ദുര്‍ബല നിമിഷത്തിലും
പോരാടുക
പോരാടുക
നീ തോല്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു
അവര്‍ ആനന്ദിക്കട്ടെ! ആഘോഷിക്കട്ടെ!! നീ ....
പോരാടുക
പോരാടുക
വിജയത്തിന്റെ മധുരം ആസ്വദിക്കാന്‍
നിന്നോടൊപ്പം ഞാനും ഉണ്ടാവും
പോരാടുക . . .




