Showing posts with label psychology. Show all posts
Showing posts with label psychology. Show all posts

Thursday, September 19, 2024

"കിഷ്കിന്ധാകാണ്ഡം" എന്ന സൈക്കോളജിക്കൽ ത്രില്ലർ (സിനിമാ നിരൂപണം)

ബാഹുൽ രമേശിൻ്റെ തിരക്കഥാ  രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു  സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.  ആസിഫ് അലി , വിജയരാഘവൻ , അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 


കുരങ്ങുകൾ വസിക്കുന്ന കല്ലേപ്പതി റിസർവ് ഫോറസ്റ്റിലാണ് കഥ നടക്കുന്നത്,അവിടെ മുൻ മിലിട്ടറി അപ്പുപ്പിള്ളയും അദ്ദേഹത്തിൻ്റെ മകൻ ഫോറസ്റ്റ് ഓഫീസറായ അജയചന്ദ്രനും താമസിക്കുന്നു. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് നഷ്ടപെടുന്ന സംശയത്തിൽ നിന്നും  കഥ ഓർമ്മയും മറവിയും തമ്മിലുള്ള ഒരൊളിച്ചു കളിയിലൂടെ നിഗൂഢമായ മനഃശാസ്ത്ര നാടകത്തിന്റെ ചുരുളഴിക്കുന്നത് പ്രേക്ഷകർ ഇമ വെട്ടാതെ കണ്ടിരിക്കും.  

നമ്മുടെ കൂടെയുള്ള ഒരാൾ, നമുക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ, രോഗിയായി തീരുക തീരുന്ന അവസ്ഥയിൽ അവരുമായി ഒത്തുപോവുക വളരെ പ്രയാസമാണ്. അത് ശാരീരികമായ രോഗാവസ്ഥ ആണെങ്കിലും മാനസികമായ രോഗാവസ്ഥയാണെങ്കിലും. ഉദാഹരണമായിട്ട് ശാരീരികം ആയിട്ട് ചെവിയുടെ കേൾവി ശക്തി കുറഞ്ഞാൽ പല വീടുകളിലും നമ്മൾ കേൾക്കുന്ന ഒരു ഡയലോഗ് ആണ് "ഈ കഴുതയ്ക്ക് ചെവി കേൾക്കില്ലെ" എന്നത്. ഓർമ്മശക്തി കുറഞ്ഞാലും ഇതേപോലെ പഴി കേൾക്കേണ്ടിവരും 

ഇതിനെയെല്ലാം രോഗം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവസ്ഥ എന്ന് പറയുന്നതാണ്. എല്ലാവർക്കും സംഭവിക്കാവുന്ന "അവസ്ഥകൾ" ശാരീരികമായ അവസ്ഥകൾ, സാമ്പത്തികമായ അവസ്ഥകൾ, മാനസികമായ അവസ്ഥകൾ, വൈകാരികമായ അവസ്ഥകൾ ... ഈ അവസ്ഥയിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളിനെ ചേർത്തുപിടിക്കാനും കരുതലോടെയും കരുണയോടെയും ശ്രദ്ധാപൂർവ്വം സാധിക്കുക എന്നത് വലിയ ചലഞ്ച് തന്നെയാണ്. ഉദാഹരണമായി. പല മാനസിക പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ നമ്മുടെ കുടുംബങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് ഒരുപക്ഷേ സംശയരോഗം ആകാം മറവിരോഗം ആകാം ബൈപോളാർ ഡിസോഡർ ആകാം. ഈ അവസ്ഥ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ, അവരുമായി വഴക്കിടാതെ പരമാവധി ചേർത്തു പിടിക്കേണ്ടതിന്റെ ഒരു നല്ല സൂചനയാണ് "കിഷ്കിന്ധാകാണ്ഡം" എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചത് 

തള്ളിക്കളയുവാനും തള്ളിപ്പറയുവാനും എളുപ്പമാണ് എന്നാൽ ചേർത്ത് നിർത്തുവാനും ചേർത്ത് പിടിക്കുവാനും നമ്മൾ ഏറെ ക്ലേശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മാനസികമായ ചില അവസ്ഥകളിൽ പെട്ടുപോകുന്ന ആളുകളോടൊത്ത് ജീവിക്കുക ദുഷ്കരമാണ്. നമ്മളുടെ കാര്യകാരണ വിശകലനശേഷിയും ബുദ്ധിപരവും യുക്തിസഹവും ആയ വിലയിരുത്തലുകളെയും ഏറെക്കുറെ പൂർണമായി മാറ്റിവയ്ക്കേണ്ട അവസരങ്ങൾ, നമ്മുടെ വീടുകളിലും നമ്മുടെ അടുത്ത സൗഹൃദങ്ങളിലും ഉണ്ടാവാറില്ലേ?  അതുപോലെ ജീവിക്കുന്ന ഒരു മകൻ, ഓർമ്മ ശേഷി നശിക്കുകയും മറവിരോഗം ബാധിക്കുകയും ചെയ്ത ഒരു അച്ഛൻ അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ ഈ സിനിമയിൽ വളരെ മനോഹരമായി, ഉദ്യോഗജനമായി അവതരിപ്പിച്ചിരിക്കുന്നു 

രണ്ടു കാര്യങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാവുക. 

ഒന്നാമത്, എപ്പോഴും സത്യത്തിനു പുറകെ നമ്മൾ തേടി അലയേണ്ടതില്ല എന്ന വസ്തുത. 

ചില സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു മാറ്റത്തിനും കാരണമാകുന്നതും അല്ല. പിന്നെ എന്തിനാണ് നമ്മുടെ ബന്ധങ്ങളെ മുറിക്കുമെങ്കിൽ ബന്ധങ്ങളെ ക്ഷീണിപ്പിക്കുമെങ്കിൽ അത്തരം സത്യങ്ങൾക്ക് വേണ്ടി നമ്മൾ ചികയുന്നത്? ജീവിതത്തിനു മൂല്യവത്തായി ഒന്നും തിരികെ നൽകാത്ത സത്യങ്ങൾ ഉപേക്ഷിച്ചു കളയുക തന്നെ വേണം. ഒരുപക്ഷേ ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി വിസ്മൃതിയിലേക്ക് വലിച്ചെറിയണം. മറവി ചിലപ്പോൾ ഒരു അനുഗ്രഹമായി മാറിയേക്കാം, ചില ഓർമ്മകൾ ചില സമയങ്ങളിൽ മാത്രം നമ്മളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയും ചില മറവികൾ യഥാസ്ഥാനത്ത് സ്വാഭാവികമായി വന്നുചേരുകയും ചെയ്യുന്നതാണ് ചില ബന്ധങ്ങളെ മധുരതരം ആക്കുന്നത് 


പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ചില വൈകല്യങ്ങളെ ചില അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയും ബോധപൂർവ്വം മറന്നു കളയുന്നയും ചെയ്യുന്നത് ബന്ധങ്ങളെ എത്രമാത്രം ഊഷ്മളമാക്കും എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ആവശ്യമില്ലാത്ത ചില സത്യങ്ങളെ ചിക്കി ചികഞ്ഞെടുത്ത് അത് ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ അതുകൊണ്ടുതന്നെ ആ സത്യങ്ങൾക്ക് പുറകെ പോകാതെ മറന്നു കളയാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. 

രണ്ടാമത്, ജീവിതം ഒരു നാടകമാണ് അതിലെ നടീനടന്മാരാണ് നമ്മൾ ഓരോരുത്തരും എന്ന് പണ്ട് വില്യം ഷേക്ക് ഷേക്സ്പിയർ പറഞ്ഞുവെച്ചത്. പലപ്പോഴും ഈ നടനം ശരിയായി നടിക്കാൻ സാധിക്കാത്തവരുടെ ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സ് എടുക്കുമ്പോൾ ഞാനും പറയാറുണ്ട് പെർസോണാ എന്നാൽ മാസ്ക് ഈ പദത്തിൽ നിന്നാണ് പെർസോണാലിറ്റി എന്ന പദം ഉണ്ടാവുന്നത്. ഓരോരോ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നമ്മുടെ മാസ്കുകൾ മാറ്റി മാറ്റി വെച്ച് അഭിനയിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ നല്ല വ്യക്തിത്വം എന്ന് തന്നെ പറയാം. പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കുന്ന ആൾ വീട്ടിൽ എത്തുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയുടെ മുൻപിൽ ആനയായി നടനം ആടാൻ കഴിയണം 

ഈ സിനിമയിൽ അവസാനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ ചില നടനങ്ങൾ നമ്മൾ നടിച്ച് ആടിത്തീർത്തേ മതിയാവൂ. അത് എന്തിന് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആട്ടം അഥവാ നടനം അത്യാവശ്യമാണ്. ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന മട്ടിലുള്ള ഭാവം - ഭാവാഭിനയം വ്യക്തിബന്ധങ്ങളെ കൂടുതൽ സൗന്ദര്യമുള്ളതാക്കും. പങ്കാളിയുടെ കുടുംബാംഗത്തിന്റെ അല്ലെങ്കിൽ അടുത്ത സുഹൃത്തിൻറെ ചില പോരായ്മകൾ ചില കൊച്ചുകൊച്ചു തെറ്റുകൾ, ചില സാത്യങ്ങൾ നമ്മൾ കണ്ടില്ല എന്ന് നടിക്കേണ്ടിയിരിക്കുന്നു 

ഈ നടന മികവാണ് ഒരു കുടുംബത്തിൻറെ, ഒരു സൗഹൃദബന്ധത്തിന്റെ ഒരു ഓഫീസ് ബന്ധത്തിന്റെ ഒക്കെ കാതൽ എന്നു പറയാം. ആ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരും നന്നായി അഭിനയിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. 


അവസാനമായി പറയുകയാണെങ്കിൽ ഈ ലോകത്ത് പരിപൂർണ്ണരായി ആരും തന്നെയില്ല. ഏറിയും കുറഞ്ഞു കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉള്ള മനുഷ്യരാണ് നാം എല്ലാവരും. മറ്റുള്ളവരുടെ പോരായ്മകളെ ചുഴിഞ്ഞ് എടുക്കാതെ ചുഴിഞ്ഞു നോക്കാതെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഒരു അഭിനയതിലകം ആയി നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ആയാൽ, ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കാം അല്ലെങ്കിൽ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി അവശേഷിക്കും.

Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം