Showing posts with label കുട്ടികള്‍ ശിക്ഷണം വളര്‍ച്ച. Show all posts
Showing posts with label കുട്ടികള്‍ ശിക്ഷണം വളര്‍ച്ച. Show all posts

Wednesday, April 01, 2020

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ

ആഭ്യന്തരം - കുടുംബം - ആഭ്യന്തര കലഹങ്ങൾ 
പ്രശസ്ത ചിന്തകനായ ആർതർ ഷോപ്പൻ ഹൊവാർ പറഞ്ഞ ഒരു വാക്യമുണ്ട് "ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെ മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുന്നു, സുഖത്തിൽ നിന്ന് ദുഖത്തിലേക്കും തിരികെയും"
ഭൂമിയിലെ എല്ലാ മനുഷ്യരുടെയും സുഖാനുഭവങ്ങൾക്ക് ഒരു ചെറിയ ഇടവേള നൽകികൊണ്ട് കൊറോണ വൈറസ് പടർന്ന് പിടിക്കുകയും കോവിഡ് 19 വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും"

ഇത് ഞാൻ ജനിക്കുന്നതിനും ഒരു വർഷം മുൻപ് 1973 ഇൽ പുറത്തിറങ്ങിയ 'ഇത് മനുഷ്യനോ' എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി രചിച്ച്   എം കെ അർജ്ജുനൻ ഈണം നൽകി യേശുദാസ് പറ്റിയ ഒരു ഹിറ്റ് ഗാനമാണ്. ലോകത്ത് എല്ലാ മനുഷ്യർക്കും ബാധകമായിട്ടുള ഒരു പ്രപഞ്ച സത്യമാണ് ഇവിടെ പറയുന്നത്. ജീവിതം സുഖങ്ങൾ മാത്രം നിറഞ്ഞതല്ല , അതുപോലെ തന്നെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ് ജീവിതം ദുഃഖം മാത്രം നിറഞ്ഞ ഒരു കാര്യമല്ല . അവ മാറി മാറി വന്നുപോകും.

ഈ തത്വം മനസ്സിക്കാതെയാണ് നാം ജീവിതത്തിലെ പല സംഭവങ്ങളോടും വ്യക്തികളോടും പ്രതികരിക്കുന്നത്.  കൊറോണ കാലത്തേ ലോക്ക്ഡൗൺ ഒരാഴ്ച പിന്നിടുമ്പോൾ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട കൂട്ടുകുടുംബങ്ങൾക്ക് വേണ്ടിയാണു ഇതെഴുതുന്നത്. '3ജി ഫാമിലി'കൾ എന്നും പറയാം , അതായത് മൂന്നു തലമുറകൾ ഒരുമിച്ച് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന കുടുംബങ്ങൾ.  എൻ്റെ കുടുംബം 3ജി ഫാമിലി ആണ് - ഞാനും ഭാര്യയും, മൂന്നു കുട്ടികളും പിന്നെ എൻ്റെ മാതാപിതാക്കളും - ഇത്രയും പേർ ഒരു ചെറിയ വീട്ടിൽ 24 മണിക്കൂറും അടച്ചുപൂട്ടി ഇരിക്കുക എന്ന് പറയുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവം ആണ്, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭവം.

ഒരു ഗ്രാഫ് മനസ്സിൽ സങ്കല്പിച്ചാൽ, ആദ്യത്തെ ആഴ്ച  സ്നേഹത്തിന്റെ രേഖ മുകളിലേക്ക് പോകും, കാരണം ജീവിതത്തിൽ ആദ്യമായി കിട്ടിയിരിക്കുന്ന അസുലഭ സന്ദർഭം അല്ലേ. കല്യാണം കഴിഞ്ഞ് മധുവിധു കാലത്തു പോലും ഒരാഴ്ചയിൽ കൂടുതൽ ഇതുപോലെ കിട്ടിയിട്ടുണ്ടാവില്ല! അപ്പോൾ സ്വാഭാവികമായും സ്നേഹം കര കവിഞ്ഞൊഴുകും. ചായക്ക് ചായ, പലഹാരത്തിനു പലഹാരം, സ്പെഷ്യൽ ബിരിയാണി ....

ഒരാഴ്ച കഴിഞ്ഞു പതിയെ പതിയെ, വേനൽ കാലത്ത് ചെടികൾ വാടാൻ തുടങ്ങുന്ന പോലെ സ്നേഹം കുറയാൻ തുടങ്ങും. ഇടയ്ക്കുള്ള ചായ ഇല്ല, നാലുമണിക്ക് പലഹാരം കിട്ടിയാൽ ആയി, രാത്രി കഞ്ഞീം ചമ്മന്തിയും ....ആദ്യത്തെ ആഴ്ചയിൽ തലയിൽ കെട്ടുമായി അടുക്കളയിൽ നിറഞ്ഞു നിന്നിരുന്ന ഭർത്താക്കന്മാർ ചടഞ്ഞിരിക്കാൻ തുടങ്ങും, പിന്നെ എല്ലാം യാന്ത്രികമായിരിക്കും ... സ്വന്തം വായിൽ നിന്നും വരുന്ന വാക്കുകൾ പോലും പറഞ്ഞു കഴിയുമ്പോൾ ആകും ചിന്തിക്കുക, എന്താ പറഞ്ഞത് ... എന്തിനാ പറഞ്ഞത് എന്നൊക്കെ.

പതിയെ പതിയെ പൊട്ടലും ചീറ്റലും തുടങ്ങും ... കൂട്ടു കുടുംബങ്ങളിൽ വിവിധ കോമ്പിനേഷനുകളിൽ വഴക്ക് ദിവസവും നടക്കും ... അപ്പനും മക്കളും, അമ്മയും മക്കളും, ഭാര്യയും ഭർത്താവും ചെറുമക്കളും അപ്പാപ്പനും അമ്മാമയും ....ഇങ്ങിനെ രാവിലെ മുതൽ രാത്രിയാകുന്നത് വരെ ആഭ്യന്തര യുദ്ധങ്ങൾ ... വാക്ക് പയറ്റുകൾ ... പോർ വിളികൾ ... ഒക്കെയുണ്ടാവും. പേടിക്കേണ്ട ഇതൊക്കെ സർവ്വ സാധാരണം ആണ്.

നിരാശകളും മോഹഭംഗങ്ങളും (ഫ്രാസ്ട്രഷൻസ്) പുറത്തു ചാടി, പൂണ്ട് വിളയാടും .... നമ്മുടെ മനസ്സിന്റെ ഓരോരോ കളികൾ ആണിതൊക്കെ, ശ്രദ്ധിച്ചു സൂക്ഷിച്ചു വീക്ഷിക്കുക. ഓരോ ദിവസവും വൈകിട്ട് ഉറങ്ങുന്നതിനു മുൻപ് അന്നത്തെ ദിവസം ഒന്ന് ഓടിച്ച് ഒരു മിനുട്ട് കൊണ്ട് വിശകലനം ചെയ്യുന്നത് നല്ലതാണ്. പ്രത്യേകിച്ചും സ്വന്തം പെരുമാറ്റം, കടന്നുപോയ വികാര വിചാരങ്ങൾ ഒക്കെ ഒരു സിനിമ സ്‌ക്രീനിൽ കാണുന്നതു പോലെ ഓടിച്ചു കാണുക.

ഓർക്കുക 'ജീവിതം ഒരു ഘടികാരത്തിലെ പെൻഡുലം പോലെയാണ്' നമ്മൾ നിരാശയുടെ പടുകുഴിയിൽ ആണ്ടു പോകേണ്ടതില്ല. ഇതും കടന്നുപോകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ദിവസങ്ങളിലെ (ലോക്കഡൗൺ) വഴക്കുകളിൽ മിണ്ടാവ്രതം ഒരു വാശിയായി എടുക്കരുത്. വഴക്കിനു ശേഷം ഒന്നോരണ്ടോ മണിക്കൂർ കഴിഞ്ഞ് മക്കളോട്, പങ്കാളിയോട്, അപ്പനോട് അമ്മയോട് ഒന്ന് മിണ്ടാൻ ബോധപൂർവ്വം ശ്രമിക്കുക. ബൈബിളിൽ പറയുന്ന ഒരു നല്ല വാചകമുണ്ട് 'ഒരിക്കലും വഴക്കിട്ട് ഉറങ്ങാൻ പോകരുത്' ഇത് നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കട്ടെ.

മൂന്നാമത്തെ ആഴ്ച, ഘട്ടം പ്രത്യാശയുടേതാണ്. തീർച്ചയായും നിങ്ങൾ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആനന്ദവും സ്നേഹവും കരുണയും അനുഭവിക്കും. ലോകത്തെക്കുറിച്ച് മനുഷ്യനെക്കുറിച്ച് വലിയ പ്രതീക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഉരുവാകും. മറ്റുള്ളവർക്ക് കൂടുതൽ നന്മ ചെയ്യണമെന്ന തീഷ്ണമായ ആഗ്രഹം ആയിരിക്കും ഈ ലോക്ക് ഡൗൺ അഥവാ വീട്ടുതടങ്കൽ കഴിഞ്ഞു പുറത്തു വരുമ്പോൾ ഓരോ മനുഷ്യനിലും ഉണ്ടാവുക.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും മനുഷ്യർക്ക് മാനസീക സമ്മർദ്ധം ഉണ്ടാവുക സാധാരണമാണ്. ഭീതി, ഉത്ക്കണ്ഠ, ഒറ്റപ്പെടൽ എല്ലാം ഇതിനു കാരണമാകും. ആത്മധൈര്യം ഇല്ലാത്തവരും അന്ധവിശ്വാസങ്ങളിൽ ആഴ്ന്നു കിടക്കുന്നവരും വളരെ പെട്ടെന്ന് ഇതുപോലുള്ള അവസരങ്ങളിൽ കടുത്ത മാനസീക സമ്മർദ്ധത്തിന് അടിപ്പെടുന്നതായി കണ്ടുവരുന്നു. അങ്ങനെയുള്ളവർക്ക് സാന്ത്വനം പകരുകയെന്നത് ഓരോ കുടുംബാംഗത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഒറ്റപ്പെടുത്താലും കുറ്റപ്പെടുത്തലും ഒഴിവാക്കുക, ചിലപ്പോൾ നിസ്സാര തമാശകൾ വരെ ഇവരെ പ്രകോപിപ്പിച്ചേക്കാം, നെഗറ്റീവ് ആയ വാർത്തകൾ തളർത്തുകയും ചെയ്യും.

ഈ തടവുകാലത്ത് നമ്മുടെ ബന്ധങ്ങളിൽ ഒരു 'ഹോമിയോ സ്റ്റാറ്റസ്' അഥവാ സംതുലനാവസ്ഥ നിലനിർത്താൻ കുറച്ചു പൊടികൈകൾ ഇതാ,

  • രാവിലെ വൈകി എഴുന്നേൽക്കാൻ അഗ്രക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും, കാരണം ജോലി ഒന്നും ഇല്ലല്ലോ. പക്ഷെ രാവിലെ എഴുന്നേറ്റ് ഉടനെ മുഖം നന്നായി തണുത്ത വെള്ളത്തിൽ കഴുകി കുറച്ചു സമയം, ഒരു 15 മിനുട്ട് എങ്കിലും ധ്യാനം ശീലിക്കുന്നത് നല്ലതാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, വെറുതെ കണ്ണടച്ചിരിക്കുക, സ്വന്തം ശ്വാസത്തിൽ ശ്രദ്ധിക്കുക. ശ്വാസം മൂക്കിൽ കയറുന്നതും, പുറത്തേക്ക് പോകുന്നതും അപ്പോൾ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും ശ്രദ്ധിക്കുക. അങ്ങിനെ വെറുതെ ഇരിക്കുക, വേണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ ചെറുതായി എന്തെങ്കിലും പാട്ട് ഇടാം ... ഫ്ലൂട്ട്, വീണ കച്ചേരി പോലെ എന്തെങ്കിലും. 
  • എല്ലാ ദിവസവും രാവിലെ, ചെറുതായി ഒന്ന് നടക്കാൻ പോകുക, ദിവസവും അര മണിക്കൂർ എങ്കിലും. നല്ല വൃത്തി ഉള്ളതും മരങ്ങൾ ഉള്ളതും ആയ റോഡ് തിരഞ്ഞെടുക്കാം ... സാവധാനം നടന്നാൽ മതി. നടക്കുമ്പോൾ രാവിലെ ആണെങ്കിൽ കിളികളുടെ ശബ്ദം ശ്രദ്ധിക്കാം, വഴിയരികിലെ മരങ്ങളും ചെടികളും ശ്രദ്ധിക്കാം.നിവർന്ന് നടക്കാൻ ശ്രമിക്കുക, സ്വന്തം ശ്വാസോച്‌വാസത്തിൽ ശ്രദ്ധിക്കാം.
  • ചായ, കാപ്പി, സിഗരറ്റ്, മദ്യം മുതലായ ഉത്തേജകങ്ങൾ കഴിയുന്ന പോലെ ഒഴിവാക്കുക. കോപം വർദ്ധിപ്പിക്കുന്ന മസാല ചേർത്തതും വറുത്തതും പൊരിച്ചതും മൽസ്യ -മാംസ ഭക്ഷണങ്ങളും ഈ കാലയളവിൽ ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക. മനസ്സിലെ വികാര വിക്ഷോഭങ്ങളെ പുറം തള്ളാൻ സഹായിക്കുന്ന വിധത്തിൽ കരയുകയോ അലറുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് മനസ്സിലാക്കുക. പങ്കാളിയോടോത്ത് ലൈംഗീക ബന്ധം മുടക്കാതിരിക്കുന്നത് വഴക്കുകൾ ഇല്ലാതാക്കാനും കോപത്തെ നിയന്ത്രിക്കാനും നല്ല വികാര ശമന മാർഗ്ഗമാണ്.   
  • വ്യക്തികളെ വെറുക്കാതിരിക്കുക - മക്കളെ, അച്ഛനെ അമ്മയെ, ഭാര്യയെ, ഭർത്താവിനെ - അവരുടെ ചില പെരുമാറ്റ രീതികളെ, ചില ശീലങ്ങളെ, ചില ചെയ്തികളെ ആണ് നാം ഇഷ്ടപ്പെടാതിരിക്കുന്നത്. ഈ ബോധം മനസ്സിൽ എപ്പോഴും സൂക്ഷിക്കുക, വ്യക്തികളെയും അവരുടെ ചെയ്തികളെയും രണ്ടായി കാണാൻ ശ്രമിക്കുക. എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് പറയുന്നതും എനിക്ക് നിന്റെ ഈ ശീലം ഇഷ്ടമല്ല എന്ന് പറയുന്നതും തമ്മിൽ വളരെ വലിയ അന്തരമുണ്ട്.നിന്നെക്കൊണ്ട് ഞാൻ തോറ്റു, നീ ഒരിക്കലും നന്നാവില്ല ഇങ്ങിനെയുള്ള നെഗറ്റീവ് പരാമർശങ്ങൾ ഒഴിവാക്കുക 
  • മക്കളുടെ മുന്നിൽ വച്ച് മാതാപിതാക്കൾ തമ്മിലോ മുത്തച്ഛനും മുത്തച്ഛിയും തമ്മിലോ വഴക്കിടാതിരിക്കാൻ ശ്രമിക്കുക. അതുപോലെ പരസ്യ ശാസനയും ഒഴിവാക്കുക. ഒരാൾ കുട്ടികൾക്ക് കൊടുക്കുന്ന നിർദ്ദേശം വീട്ടിലെ മറ്റൊരു മുതിർന്ന വ്യക്തി തിരുത്തുകയോ റദ്ദുചെയ്യുകയോ ചെയ്യുന്നത് കുട്ടികളിൽ അനുസരണശീലം ഇല്ലാതാക്കും. ഈ ഒരു പഴുതു കണ്ടെത്തി, കുട്ടികൾ ആരുടെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാവില്ല.
  • എല്ലാം കഴിഞ്ഞ് ദിവസത്തിന്റെ അന്ത്യയാമത്തിൽ ഒരുമിച്ചുള്ള ഒരു കുടുംബ പ്രാർത്ഥന, അല്ലെങ്കിൽ ഒരുമിച്ചുള്ള ഒരു അത്താഴം അതുമല്ലെങ്കിൽ ഒരുമിച്ചിരുന്ന് അഞ്ചു മിനുട്ട് സൊറ പറച്ചിൽ ചെയ്യാൻ കഴിഞ്ഞാൽ എല്ലാ വഴക്കുകളും അഴയും എല്ലാ കോപങ്ങളും അലിയും. 
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് പള്ളേലച്ചന്മാരും ധ്യാനഗുരുക്കന്മാരും പലവുരു ആവർത്തിച്ചാവർത്തിച്ച് പറയുന്നത് കേട്ടിട്ടുള്ളത്. ഒരു പക്ഷെ അവർക്ക് അനുഭവം ഇല്ലാത്തതു കൊണ്ടാവാം, കൂടെ കന്യാസ്ത്രീ അമ്മമാരും ഇതേറ്റുപാടും. സത്യത്തിൽ കുടുംബം എന്നാൽ കൂടുമ്പോൾ കമ്പം (കമ്പക്കെട്ട്), പ്രകമ്പനം അല്ലെങ്കിൽ ഭൂകമ്പം ഉണ്ടാവുന്ന ഇടമാണ് എന്ന് എത്ര പേർക്കാണ് അറിയാത്തത്? എന്നാലും ഇങ്ങനെ ചക്കരവാക്ക് പഞ്ചാരയിൽ പൊതിഞ്ഞു കേൾപ്പിക്കാനാണ് എല്ലാ ഗുരുക്കന്മാർക്കും താല്പര്യം. വളരെ കുറച്ച് ഒന്നോ രണ്ടോ ശതമാനം ഇമ്പമായി വൈവാഹിക ജീവിതം കൊണ്ടുപോകുന്നുണ്ടാവാം, അതിനെ ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ട കാര്യമുണ്ടോ?

വഴക്കും തമ്മിത്തല്ലും കശപിശയും ഇല്ലാത്ത കുടുംബം ഒരു സുന്ദരമായ സ്വപ്നമാണ്, ചിപ്പോൾ ഒരു ശതമാനം ഒക്കെ കണ്ടേക്കാം. മിക്കവാറും എല്ലാ വീട്ടിലും പങ്കാളികൾ തമ്മിൽ, അല്ലെങ്കിൽ കുട്ടികളുമായി, കാർന്നോന്മാരുമായി ഒക്കെ അഭിപ്രായവ്യത്യാസവും വടംവലിയും നടക്കുന്നുണ്ട്. ഇല്ലെന്ന് സമൂഹമധ്യേ അഭിനയിക്കുന്നവർ സമൂഹത്തെയല്ല മറിച്ച് സ്വയം വിഡ്ഢികളാകുകയാണ്. മണ്ണും പൊടിയും വീട്ടിലെ ചവിട്ടിയുടെ അടിയിൽ എത്രനാൾ അടിച്ചു കൂട്ടി മറച്ചു വയ്ക്കും?

ഓരോ വഴക്ക് കഴിയുമ്പോഴും ഓർമ്മിക്കുക, തിരികെ പോയി കൂട്ടുകൂടാൻ ഉള്ളതാണ് കുടുംബം. ഒരു ഘടികാരത്തിലെ പെൻഡുലം പോലെ നമുക്ക് തിരികെയെത്തി കൂട്ടുകൂടാം ... സ്നേഹിക്കാം.
(ജോസി വർക്കി) 

Friday, August 21, 2009

ചില ഓഫീസ് ചൊല്ലുകള്‍ (മാനേജ്‌മന്റ്‌ മന്ത്ര -2 )

മജീദ്‌ സാറുമായി സംസാരിക്കുമ്പോള്‍ ചില ശൈലികള്‍/ചൊല്ലുകള്‍ വീണു കിട്ടും. പലപ്പോഴായി ഇങ്ങിനെ കിട്ടിയവ എവിടെയെങ്കിലും എഴുതി വയ്ക്കണമെന്ന് കുറെ നാളായി ആലോചിക്കുന്നു. എന്നാല്‍ അത് ബ്ലോഗ്ഗില്‍ തന്നെയാവേട്ടെ!! ഇതിനു മുന്‍പെഴുതിയ 'നിത്യജീവിതത്തിലെ ചില നിയമവശങ്ങള്‍' കൂടി ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ നന്ന്.

"DON'T SEEP MUD UNDER TO YOUR CARPET"

പൊടിയും അഴുക്കും അടിച്ചു വാരി 'കാര്‍പെറ്റ്‌' ഇന് അടിയില്‍ കൊണ്ട് വയ്ക്കരുത്. അതായത് പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തുന്ന രീതി. യാതൊരു കുഴപ്പവും ഇല്ല, എല്ലാം നന്നായി നടക്കുന്നു എന്ന് ഭാവിക്കുന്നവര്‍ ധാരാളമുണ്ട്. യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തില്‍ ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു! എന്തുകൊണ്ട്? വളരെയധികം പ്രശ്നങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്താരും അറിയാതെ അവര്‍ അത് രഹസ്യമാക്കി വച്ച്. എല്ലാ അഴുക്കും പൊടിയും 'കാര്‍പെറ്റ്‌' -ഇനടിയില്‍ തൂത്ത് കൂട്ടി, പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തി.

പല സ്ഥപങ്ങളിലും കമ്പനികളിലും ഇതുപോലെ നടക്കാറുണ്ട്. കമ്പനിയുടെ സാമ്പത്തീകസ്ഥിതി / വളര്‍ച്ച എല്ലാം ഊതി വീര്‍പിച്ചു കാണിക്കും. കുറവുകള്‍ മറച്ചു വയ്ക്കും. പക്ഷെ എത്രനാള്‍. പ്രശ്നങ്ങളെ സമയാസമയത്ത് അറിഞ്ഞാല്‍ വേണ്ട നടപടിയെടുക്കാന്‍ സാധിക്കും. അറിഞ്ഞാലും മൂടി വയ്ക്കാനാണ് പല 'മാനേജര്‍' മാരും ശ്രമിക്കുക. അത് ദുരന്തത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യും. ഇയിടെ 'സത്യം കംപുറെര്സ്' നു സംഭവിച്ചത് ഇത് തന്നെ ആയിരുന്നു.

"DON'T PUT ALL YOUR EGGS IN ONE BASKET"

നിങ്ങളുടെ കയ്യിലുള്ള എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ വയ്ക്കരുത്. എന്ന് വെച്ചാല്‍, എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ ആണെങ്കില്‍ ആ ബസ്കെറ്റ്‌ കയ്യില്‍ നിന്നും താഴെ വീണാല്‍ എല്ലാ മുട്ടകളും പോട്ടിപോകും. പക്ഷെ നിങ്ങള്‍ ആ മുട്ടകള്‍ രണ്ടു ബാസ്കറ്റില്‍ ആണ് വച്ചിരുന്നതെങ്കില്‍ ഒരു ബസ്കെറ്റ്‌ താഴെ വീണാലും മറ്റേ ബാസ്കറ്റില്‍ കുറച്ചു മുട്ടകള്‍ സുരക്ഷിതമായി ഉണ്ടാവും.

നിങ്ങളുടെ [പണം] നിക്ഷേപങ്ങള്‍ എല്ലാം, ഷെയര്‍ മാര്‍ക്കറ്റില്‍ മാത്രം ആണെങ്കില്‍ ഓഹരി വിപണി ഇടിയുമ്പോള്‍ നിങ്ങള്ക്ക് വലിയ നഷ്ടം ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ പണം ബാങ്കിലും, ഇന്‍ഷുറന്‍സ്സിലും, മ്യൂച്വല്‍ ഫണ്ടിലും, ചിട്ടിയിലും, ....ഒക്കെയായി വിഭജിച്ച്‌ നിക്ഷേപിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അല്പം മാന്ദ്യം വന്നാലും നിങ്ങള്ക്ക് കുഴപ്പം ഉണ്ടാവില്ല.

ഓഫീസിലെ കാര്യം എടുക്കുകയാണെങ്കില്‍ ഇതേ നിയമം എങ്ങിനെ ബാധിക്കും എന്ന് നോക്കാം. ഒരു പരസ്യ ഏജന്‍സി ആണെന്ന് വയ്ക്കുക. നിങ്ങളുടെ 'ക്ലയിന്റ്സ്' എല്ലാം ഒരേ മേഖലയില്‍ നിന്നും ഉള്ളവരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, എത്ര വലിയ 'ക്ലയിന്റ്റ്‌' ആയാലും ഒരാളില്‍ മാത്രം ആശ്രയിക്കുന്നതും തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബിസിനെസ്സ്‌ തന്നെ പൂട്ടി പോകേണ്ടി വന്നേക്കാം.

“Treat a man as he is, he will remain so. Treat a man the way he can be and ought to be, and he will become as he can be and should be."

'ഗോയതെ'യുടെ ഒരു വാചകം ആണ് മുകളില്‍ കൊടുത്തത്. ഇത് കൃത്യമായി എങ്ങിനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താം എന്നറിയില്ല. എങ്കിലും ഒരു കൈ ശ്രമിച്ചു നോക്കാം.

"നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ തന്നെ ആയിരിക്കും. (പക്ഷെ) നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ എങ്ങിനെ ആയിരിക്കണമോ / ആയിത്തീരാമോ ആ നിലയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ ആയി തീരും."

ഇത് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ബാലരമയിലെ 'ശുപ്പാണ്ടി' എന്നാ കഥാപാത്രത്തെ ആണ്. ശുപ്പാണ്ടി, എന്നാ വ്യക്തി ശുപ്പാണ്ടി തന്നെ ആയിരിക്കാനാണ്‌ വീട്ടുകാരും 'ബാലരമ'യും ആഗ്രഹിക്കുന്നത്. അവന്‍ അതുപോലെ തന്നെ ആയിരിക്കും.

നിങ്ങള്‍ നിങ്ങളുടെ ഓഫീസിലെ പ്യൂണിനെ അല്ലെങ്കില്‍ വീട്ടിലെ വേലക്കാരിയെ എങ്ങിനെയാണ് കാണുന്നത്? "ഓ,,, അവനോ അവന്‍ അത്രക്കെ ഉള്ളൂ..." / "അവനില്‍ നിന്നും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട!" ഇതാണോ നിങ്ങളുടെ മനോഭാവം? നിങ്ങളുടെ പ്യൂണ്‍/വേലക്കാരി അങ്ങിനെ തന്നെ ആയി തുടരും. എന്നാല്‍ അവനെകൊണ്ട്‌ അതില്‍ കൂടുതല്‍ സാധിക്കും എന്ന് ചിന്തിച്ചു നോക്കൂ. വിശ്വാസം അര്‍പ്പിച്ചു നോക്കൂ. തീരച്ചയായും അവനില്‍/അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.

ഒരു വ്യക്തിയില്‍ ഒളിഞ്ഞു കിടക്കുന്ന അനന്തസാധ്യതകള്‍ ചികഞ്ഞെടുക്കാന്‍, പരിപോഷിപ്പിക്കാന്‍, വളര്‍ത്താന്‍ 'ഗോയെതെ'യുടെ ഈ വചനം നമുക്ക് പ്രേരണ നല്‍കുന്നു.

ആരും 'ശുപ്പാണ്ടി'മാരായി ജനിക്കുന്നില്ല. ആരെയും 'ശുപ്പാണ്ടി'മാരായി മരിക്കാന്‍ അനുവദിക്കരുത്. നമ്മുടെ ഒരു ചെറിയ പ്രോത്സാഹനം പലരെയും വളര്‍ത്തിയെക്കാം.

ഇതോര്‍മ്മയിലിരിക്കട്ടെ!!!

Friday, August 22, 2008

കുട്ടികളെ കരയിക്കരുത്.

കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ വായിച്ചു. വായനയ്ക്കു ശേഷം അല്പം നേരം ചിന്തിക്കേണ്ടിവന്നു. കാരണം കുട്ടികളേ അടിച്ചും ശാസിച്ചും ശിക്ഷിച്ചും നല്ലവരായി വളര്‍ത്താനാവില്ല എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.


എന്റെ അനിയത്തിയുടെ കുട്ടി - ആര്‍ഷാ, എല്ലാദിവസവും ഏതെങ്കിലും സമയത്ത് അകാരണമായി കരയും. നല്ല ഉച്ചത്തില്‍, വാശി പിടിച്ചാണ് കരയുന്നത്. ഇതു കാണുമ്പോള്‍ എനിക്കു ദേഷ്യം വരും. കുട്ടികളെ കരയിക്കരുത് എന്നാണ് എന്റെ പ്രമാണം. അനിയത്തിയും അമ്മച്ചിയും പറയും: ‘അവള്‍ വാശിപിടിച്ചു കരയുന്നതെല്ലേ, കരയട്ടെ. കുറച്ചു കഴിയുമ്പോള്‍ തന്നെ നിര്‍ത്തിക്കൊള്ളും’ എന്ന്. കുട്ടികള്‍ കരയുമ്പോള്‍ ‘നാശം, ശവം, ജന്മം .... #$%@@ എന്നൊക്കെ പറഞ്ഞ് വഴക്കുപറയുന്ന ചില അമ്മമാരെ കണ്ടിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഡിമാന്റ്സ് അറിയിക്കാന്‍ എളുപ്പവഴിയാണ് കരയുക എന്നത്. അതുമനസ്സിലാക്കി പെരുമാറാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. ശ്രദ്ധ തിരിച്ചുവിട്ടുക എന്നതാണ് ഏറ്റവും എളുപ്പവഴി. അതുപോലെ തന്നെ കരച്ചില്‍ തുടങ്ങുമ്പോഴേ എന്തെങ്കിലും തന്ത്രം വഴി പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്ന്. കുട്ടികളുടെ വാശിക്കു മുന്‍പില്‍ അമ്മമാരും വാശിപിടിക്കുന്നതാണ് മിക്കാവാറും രംഗം വഷളാക്കുന്നത്.

ചെന്നെയില്‍ വച്ച് ഒരിക്കല്‍ ഒരു പ്രഭാഷണത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഏതോ തമിഴ് മഹദ് ഗ്രന്ഥത്തില്‍ നിന്നെടുത്ത ഒരു ശ്ലോകം വ്യഖ്യാനിച്ച് നല്ല ഒരാശയം വിവരിച്ചത് കേള്‍ക്കുകയുണ്ടായി. അത്തിനു വേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഉമേഷിന്റെ പോസ്റ്റില്‍ നിന്നും ഈ സംസ്കൃതശ്ലോകം (കുട്ടികളെ വളര്‍ത്തേണ്ട വിധത്തേപറ്റി) ആണുകിട്ടിയത്. (തമിഴില്‍ പറഞ്ഞ അതേ വക്യവും ആശയവും):

“രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ
തുപുത്രം മിത്രവദാചരേത്”

അര്‍ത്ഥം: പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം. അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!

ആറുവയസ്സു വരെ കുട്ടികളെ രാജാക്കന്മാരെ പോലെ വളര്‍ത്തണം എന്നു പറയുന്നതില്‍ വളരെ ശരിയുണ്ടെന്നു തോന്നുന്നു. കാരണം, മനഃശാസ്ത്രത്തിന്റെ വളര്‍ന്നുവരുന്ന ശാഖയായ ‘ട്രാന്‍സക്ഷണല്‍ അനാലിസ്സിസില്‍’ പറയുന്നു ശൈശവത്തില്‍ ഒരു വ്യക്തിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ പതിക്കുന്ന ചിത്രങ്ങളാണ് (സ്ട്രോക്ക്സ്) പിന്നീട് അവന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് എന്ന്. ആ പ്രായത്തില്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നും മാധ്യമങ്ങളില്‍ (ഉദാഃ ടെലിവിഷന്‍-ഷം) നിന്നും ഒക്കെ നിരവധി ‘സ്റ്റ്രോക്കുകള്‍’ ആ കുഞ്ഞു തിരശ്ശീലയില്‍ പതിക്കുന്നു. അതാണു പിന്നീട് കൌമാരത്തിലെ റിബലുകളെയും, തെമ്മാടികളെയും, നല്ലപിള്ളമാരെയും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്. അതുകൊണ്ടാണ് സ്കൂളില്‍ പടിക്കുന്ന കുട്ടികളെ തിരുത്തുവാന്‍ അധ്യാപകരും മാതപിതാക്കളും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത്?!

കുമാരനാശാന്റെ ‘വീണപൂവിലെ’ ഈ വരികളാണ് കുഞ്ഞുങ്ങളേക്കാണുമ്പോള്‍ എനിക്കോര്‍മ്മവരാറുള്ളത്:

‘ലാളിച്ചു പെറ്റ ലത അന്പോട് ശൈശവത്തില്‍ പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെആലോല വായു ചെറു തോട്ടിലുമാട്ടിതാരാട്ടാലാപമാര്‍ന്നു മലരേ ദല മര്‍മരങ്ങള്‍‘

ഭാരതത്തിലെ ഗുരുക്കന്മാര്‍ നിര്‍ദ്ദേശിച്ച ഈ ശ്ലോകം തീര്‍ച്ചയായും പ്രസക്തമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. നിങ്ങളും പരീക്ഷിച്ചു നോക്കൂ...