Showing posts with label സമാധാനം. Show all posts
Showing posts with label സമാധാനം. Show all posts

Saturday, September 01, 2018

ഒരു പരാജിതൻ ഡയറി എഴുതുന്നു

ജീവിതം ഒരു മത്സരമാണോ? അതിൽ വിജയവും പരാജയവും ഉണ്ടോ? 

എന്താണ് വിജയത്തിന്റെ മാനദണ്ഡം? അത് കേവലം താരതമ്യപ്പെടുത്തലുകളിലൂടെ മാത്രം അളക്കാവുന്ന ഒന്നാണോ? ഒരാൾക്ക് സ്വയം സ്വന്തം വിജയവും പരാജയവും തീരുമാനിക്കാനാവുമോ?  

ശരിക്കും ജീവിതത്തിൽ ജയവും പരാജയവും അല്ലാതെ ഒരവസ്ഥ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. 

സമം 

ജയവും പരാജയവവും നമ്മൾ പുറമെനിന്ന് അളക്കുന്ന അളവുകളാണ് 

സമം, ഉള്ളിന്റെ ഉള്ളിലെ അവസ്ഥയാണ് 

കുരിശിൽ തൂക്കി കൊന്ന യേശു ക്രിസ്തു 
വെടിയേറ്റു മരിച്ച മഹാത്മാ  ഗാന്ധി 
വി. ഫ്രാൻസിസ് അസ്സീസി 
നാരായണ ഗുരു  ....

ഇങ്ങനെ എത്രയോ മഹത്തുക്കൾ പരാജയത്തെ പുൽകിയവരാണ് 

ശ്രീനാരായണ ഗുരു ഒരിടത്ത് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്‌.
'അധർമ്മ പക്ഷത്തുനിന്ന് വിജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മ പക്ഷത്തു നിന്ന് പരാജയപ്പെടുന്നതാണ്‌.'

ഒരു പക്ഷെ ലോകത്ത് ഏറ്റവുമധികം പുസ്തകങ്ങൾ ചെലവാകുന്നത്, എങ്ങിനെ വിജയിക്കാം, പണം സമ്പാദിക്കാം, എന്നീ വിഷയങ്ങളിൽ ആയിരിക്കും. അതുപോലെ തന്നെ എത്രയോ ട്രെയിനിംഗ് ക്‌ളാസ്സുകൾ നടക്കുന്നു! ഏതുരീതിയിലും ധനവാനാകുക /പ്രശസ്തനാവുക എന്ന ലക്ഷ്യത്തോടെ പായുന്നവരെയാണ് നമുക്ക് ചുറ്റും ഇന്നു കാണുന്നത്. സത്യത്തിനും ധർമ്മത്തിനും സ്നേഹത്തിനും ബന്ധങ്ങൾക്കും യാതൊരു വിലയും നൽകാതെ വിജയം മാത്രം ലക്ഷ്യമാക്കി ഓടുന്നവർ!!       

Monday, May 10, 2010

മൊബൈല്‍ മാനിയ - അഥവാ നോമോഫോബ്

മൊബൈല്‍ ഫോണ്‍ ഇന്നത്തെ കാലഘട്ടത്തിനു ഒഴിച്ച് കൂടാനാവാത്ത ഒരു സാങ്കേതികവിദ്യയാണ്. നിരവധി ഗുണഗണങ്ങള്‍ ഉള്ള ഒരു 'മാജിക് വസ്തു' ആണ് ഇന്ന് മൊബൈല്‍ ഫോണ്‍. ഉദാ: ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 'സെക്യൂരിറ്റി കോഡ്' മൊബൈലില്‍ എസ്.എം.എസ് ആയി ലഭിക്കുന്നു. ആ കോഡ് ഉപയോഗിച്ച് മാത്രമേ മുന്നോട്ടുള്ള പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ മൊബൈല്‍ എത്രമാത്രം സഹായകരമാണെന്ന് നോക്കൂ. ഇതുപോലെ പലയിടത്തും സുരക്ഷാകാര്യത്തില്‍ മൊബൈല്‍ വളരെയധികം ഉപകരപ്രധമാണ്.
അത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്ന് കേവലം ഒരു ഫോണ്‍ മാത്രമല്ല - MP3 പ്ലയെര്‍, ഡിജിറ്റല്‍ ക്യാമറ, റേഡിയോ, ഡയറി, ടോര്‍ച്ച്, അലാറം, ഇന്റര്‍നെറ്റ്‌ & ഇ-മെയില്‍ എല്ലാം അടങ്ങിയ ഒരു കൊച്ചു പോക്കറ്റ്‌ കമ്പ്യൂട്ടര്‍ തന്നെയാണ്.

ഇതൊക്കെയാണെങ്കിലും മൊബൈല്‍ ഫോണിന്റെ ദു:രുപയോഗവും അനിയന്ത്രിതമായ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇത് കൂടുതലായി കണ്ടുവരുന്നത്‌ കൌമാരക്കാരിലും യുവാക്കളിലും ആണ്. ഈ രണ്ടു വിഭാഗക്കാരെയും ഉന്നം വച്ചുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികളും തങ്ങളുടെ വിപണനതന്ത്രങ്ങള്‍ മെനയുന്നത്. എന്തിനു പറയുന്നു, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബി.എസ്.എന്‍.എല്‍ പോലും 'ജോഡി പ്ലാന്‍' 'സ്റ്റുഡന്റ്സ് പ്ലാന്‍' ഇവകൊണ്ട് കുട്ടികളെ കറക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ വക മൊബൈല്‍ കെണികളില്‍ വീഴാതിരിക്കാന്‍ കൌമാരക്കാര്‍ക്ക് അസാമാന്യവിവേചനബുദ്ധിയും ആത്മബലവും വേണ്ടിവരും. ഏതുനേരവും ഒരു ചെവിപൊത്തിപ്പിടിച്ചു, തലയല്‍പം ചരിച്ചു വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടില്ലേ. അവര്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് - നോമോഫോബ് (മൊബൈല്‍ മാനിയ)
നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ സ്കൂളില്‍/കോളേജില്‍ പഠിക്കുന്ന മക്കളോ ഈ രോഗം ബാധിച്ച ആളാണോ? ഇന്ന് കൂടുതലായി ആളുകള്‍ക്ക് 'മൊബൈല്‍ അഡിക്ഷന്‍' ന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. മൊബൈല്‍ ഫോണിനോട് അമിത ആശ്രിതത്വം/വിധേയത്വം വരുന്നതാണ് - നോമോ ഫോബിയ (നോ മൊബൈല്‍ ഫോബിയ). മൊബൈല്‍ ചാര്‍ജ് തീര്‍ന്നു പോകുമോ, മൊബൈല്‍ നഷ്ടപ്പെട്ടു പോകുമോ, കാള്‍ കിട്ടാതെ വരുമോ എന്നൊക്കെയുള്ള ഭയം ആണ് ഇത്.

താഴെപറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ?
  1. ഒരു ദിവസം 30-ല്‍ അധികം എസ്.എം.എസ് അയക്കുന്നു/ലഭിക്കുന്നു.
  2. ഒരു കാള്‍ 30 മിനുട്ടില്‍ അധികം സംസാരിച്ചു പോകുന്നു.
  3. ഒരു എസ്.എം.എസ് അയച്ചിട്ട് മറുപടി ഉടന്‍ വന്നില്ലെങ്കില്‍ ആശങ്കാകുലനാകുന്നു.
  4. ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓണായി തന്നെയാണോ ഇരിക്കുന്നതെന്ന് എടുത്തു നോക്കുന്നു.
  5. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ മുന്‍പില്‍ ഭക്ഷണ പാത്രത്തിനരികില്‍ തന്നെ വയ്ക്കുന്നു.
  6. ദേവലയത്തിലോ സിനിമയ്ക്കോ കയറുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്യാന്‍ മറക്കുന്നു/മടിക്കുന്നു.
  7. കുറേനേരത്തേക്ക് മൊബൈല്‍ റിംഗ് ചെയ്തില്ലെങ്കില്‍ ഫോണ്‍ എടുത്തു അതിന്റെ റിംഗ്ടോണ്‍ ചെക്ക് ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി തോന്നിയേക്കാം, പക്ഷെ ഈ സൂചനകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇതൊരു രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 'നോമോ ഫോബ്' ഉള്ളവര്‍ക്ക് ഉറക്കം ശരിയായി ലഭിക്കുകയില്ല. അതുപോലെ തന്നെ ഇക്കൂട്ടര്‍ മറ്റു വ്യക്തികളുമായി ഇടപഴുകാന്‍ മടിക്കും. വീട്ടില്‍ ഏതെങ്കിലും അതിഥികള്‍ വന്നാല്‍ സംസാരിക്കാന്‍ താല്പര്യം ഉണ്ടാവില്ല. മിക്കവാറും ഫോണില്‍ സംസാരിക്കാന്‍ ആവും താല്പര്യം.

ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടാം?

  1. ദേവാലയത്തില്‍ പോകുമ്പോഴും സിനിമയ്ക്ക് കയറുമ്പോഴും മരണവീട്ടില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഓഫ്‌ ചെയ്തിടൂ. മൊബൈല്‍ ഒരിക്കലും 24 മണിക്കൂര്‍ (24x7) ആവശ്യമില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ 'സൈലന്റ്' ആക്കിയിടൂ.
  2. എന്തെങ്കിലും വളരെ പ്രധാന്യമുള്ള പ്രവൃത്തിയില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്ന് തീരുമാനിക്കുക. ഉദാ: പ്രാര്‍ത്ഥന, പഠനം, മുലയൂട്ടല്‍.
  3. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരുമായി ഒരു 'സ്പെഷ്യല്‍ ഭക്ഷണത്തിന്' ഇരിക്കുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിടുന്നതല്ലേ നല്ലത്. ഉദാ: മക്കളുടെ പിറന്നാള്‍ സദ്യ, പങ്കാളിയുമായി ഒരു വിവാഹ വാര്‍ഷീകം, etc.
  4. പൊതുവേദികളില്‍ ആയിരിക്കുമ്പോള്‍ വളരെ സാത്വികമായ (താഴന്ന, അലറ്ച്ചയില്ലാത്ത) റിംഗ്ടോണ്‍ സെറ്റുചെയ്യുക. നിങ്ങളുടെ മൊബൈല്‍ അടിക്കുന്നത് ലോകത്തെ മുഴുവന്‍ അറിയിക്കെണ്ടതില്ലല്ലോ.

ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തിട്ട് നോക്കൂ. ഇല്ലെങ്കില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തിടതേക്ക് ഒരു യാത്ര പോകൂ. കുറച്ചു നേരത്തേക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസിലാകും. നിങ്ങള്‍ക്കതിനുസാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്!!

Friday, January 01, 2010

എന്താണ് സന്തോഷം?

എന്താണ് സന്തോഷം? സന്തോഷം നിങ്ങളുടെ വാലിന്‍റെ അറ്റത്താണ്! പൂച്ചകളെ വേദാന്തം പഠിപ്പിക്കുന്ന ആശ്രമത്തില്‍ നിന്നും വേദാന്ത പഠനം പൂര്‍ത്തിയാക്കി ഒരു കുഞ്ഞി പൂച്ച നാട്ടിലെത്തി. ഒരു ദിവസം ഈ കുഞ്ഞിപൂച്ച വീട്ടിനുമുറ്റത്ത്‌ നിന്ന് വട്ടം ചുറ്റി സ്വന്തം വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അവനു അതിനു സാധിച്ചില്ല. നിരാശനായി അങ്ങിനെ നില്‍ക്കുമ്പോള്‍ അമ്മൂമ്മ പൂച്ച അതുവഴി വന്നു. കുഞ്ഞിപൂച്ചയോട് ചോദിച്ചു: 'എന്താ നീ ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' അപ്പോള്‍ കുഞ്ഞിപൂച്ച പറഞ്ഞു: 'ഞാന്‍ പഠിച്ചത് സന്തോഷം കുടികൊള്ളുന്നത് എന്‍റെ ഈ വാലിന്‍റെ അറ്റത്താണെന്നാണ്. അതിനാല്‍ ഞാന്‍ എന്റെ വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയാണ്. എങ്കില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാമല്ലോ?' ഇതുകേട്ട അമ്മൂമ്മപൂച്ച പറഞ്ഞു: 'നീ വളരെയധികം പഠിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഇത്രമാത്രം പഠനം നടത്താന്‍ സാഹചര്യമുണ്ടായിട്ടില്ല. ഞാനും കേട്ടിട്ടുണ്ട്, സന്തോഷം ഇരിക്കുന്നത് എന്‍റെ വാലിന്‍റെ അറ്റത്താണെന്ന്. പക്ഷെ എന്‍റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്‌ വാലിന്‍റെ അറ്റം പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്, മുന്നോട്ടു പോയാല്‍ അതു (നിന്‍റെ വാല്‍ - സന്തോഷം) നിന്നെ, തനിയെ പിന്തുടര്‍ന്ന് കൊള്ളും.


സാരം: നമ്മളാണ് തീരുമാനിക്കേണ്ടത്, എന്തിനാണ് പരമപ്രാധാന്യം നല്‍കേണ്ടതെന്ന്. എന്തൊക്കെയാണ് നിസ്സാരമായി തള്ളിക്കയേണ്ടതെന്ന്. ചുമ്മാതെ ആവശ്യമില്ലാതെ അപ്രധാന കാര്യങ്ങള്‍ക്ക് പിറകെ നടന്നാല്‍ നിങ്ങളുടെ ഊര്‍ജ്ജം വൃഥാ നഷ്ടപ്പെടുകയേ ഉള്ളൂ.

ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നാം തീരുമാനിക്കണം. ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു മുന്നേറാന്‍ ഇതുനമ്മെ സഹായിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മുന്‍പോട്ടു പോകുമ്പോള്‍ സന്തോഷവും സമാധാനവും താനേ നിങ്ങളുടെ പിറകേ വന്നു കൊള്ളും. അനാവശ്യകാര്യങ്ങളുടെ പിറകേ നടന്നു വെറുതേ അസ്വസ്ഥരാകേണ്ടതില്ല.

യേശു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകെണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. കാരണം ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും. (യോഹ. 14:27)

Wednesday, December 23, 2009

ക്രിസ്തുമസ് സമ്മാനം.

വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ്‌ തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.

. . . . . . . .

മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.

. . . . . . . . .

അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.

മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.

. . . . . . . .

'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.

പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത്‌ പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.

"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .

നിത്യവും നിത്യവും നന്ദി ദൈവമേ . ."

Wednesday, December 31, 2008

പ്രതീക്ഷ + പ്രണയം + പ്രശംസ = ജീവിതം

പ്രതീക്ഷ(Hope) + പ്രണയം(Love) + പ്രശംസ(Inspiration) = ജീവിതം (Life)
കഴിഞ്ഞ ദിവസം 'സാന്ത്വന'യില്‍ കൌണ്സിലിംഗ് ഫോറം മാസം തോറും നടത്താറുള്ള യോഗം ഉണ്ടായിരുന്നു. മി.സ്ടീഫെന്‍ ആണ് വിളിച്ചു പറഞ്ഞത്. 21-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങി. 10 പേര്‍ ഉണ്ടായിരുന്നു. പ്രത്യേക അജണ്ട ഒന്നും ഇല്ല. അനുഭവങ്ങളും അറിവുകളും ചിന്തകളും പന്കുവയ്ക്കാന്‍ ഒരു വേദി. അത്രമാത്രം. യാതൊരു ഔപചാരികതകളും ഇല്ലാത്ത ഒരു കൂടിച്ചേരല്‍... നന്നായിരുന്നു.

പുതുശ്ശേരി (Fr.Varghese Puthussery) അച്ചനും ഇടയ്ക്ക് വന്നു. കേക്ക് മുറിച്ചു. ക്രിസ്തുമസ് സന്ദേശം നല്കി. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ഇതാണല്ലോ ക്രിസ്തുമസ് നല്കുന്ന സന്ദേശം. സമാധാനം എങ്ങിനെ വളര്‍ത്താം - എന്നതായിരുന്നു ഇന്നത്തെ ചിന്താവിഷയം. അച്ചന്‍ ഒരു കഥ പറഞ്ഞു:അടുത്ത വീട്ടില്‍ വലിയ ഒച്ചപ്പാടും ബഹളവും നടക്കുന്നത് കേട്ടു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. മനുഷ്യ അപ്പുറത്തെ വീട്ടില്‍ വല്യ ബഹളം കേട്ടില്ലേ, നിങ്ങള്‍ക്കൊന്നു പോയി നോക്കികൂടെ. അയാള്‍ ഗൌനിച്ചില്ല. ഭാര്യ വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

ഒടുവില്‍ അയാള്‍ വാ തുറന്നു: "എടീ ഞാന്‍ അവിടെ പോയിരുന്നു; അതാ ഈ കേള്‍ക്കുന്ന ബഹളത്തിനു കാരണം".

സമാധാനം സ്ഥാപിക്കുന്നതില്‍/വളര്‍ത്തുന്നതില്‍ കൂടുതല്‍ അന്യന്റെ സമാധാനം കെടുത്തുന്നതില്‍ നമ്മുടെ പങ്കെന്താണ്??
മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കുന്നതിലൂടെ മാത്രമെനമുക്കും സമാധാനം ലഭിക്കൂ. "കൊടുക്കുവിന്‍; നിങ്ങള്‍ക്കും നല്‍കപ്പെടും" എന്ന് യേശു ദേവന്‍ പറഞ്ഞതു ഈ അര്‍ത്ഥത്തിലാണ്.

മുകളില്‍ കൊടുത്ത സമവാക്യം നാരായണന്‍ കുട്ടി സര്‍ (ബാങ്ക് ഓഫ് ബറോഡ) പങ്കുവച്ചതാണ്. 3 പ്ര = ജീവിതം. നല്ല ആശയമായി തോന്നി. ഈ 'പ്ര' കള്‍ ഇല്ലാത്തതാണോ ഇന്നു കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണം?

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!!!