Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts

Sunday, September 17, 2023

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം

താവോക്കാവ് ഒരു ഹൃദ്യമായ അനുഭവം:

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ശേഷം ഞങ്ങൾ മുളവുകാടേയ്ക്ക് യാത്രതിരിച്ചു

സ്വാതന്ത്ര്യ ദിനം ആയതിനാൽ എയ്ഞ്ചലിന് അന്ന് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ക്യാമ്പ് ഉണ്ടായിരുന്നു, നാലുമണിക്ക് അത് കഴിയും അവളെയും വിളിച്ച് ഹൈക്കോട്ട് ജംഗ്ഷൻ വഴി മുളവുകാടയ്ക്ക് ഉള്ള യാത്ര ഹൈക്കോടതി ജംഗ്ഷനിൽ എത്തിയപ്പോൾ ചാരിയോറ്റ്  ചായക്കടയിൽ നിന്ന് ചായയും പഴംപൊരിയും. ഇടഭക്ഷണം കിട്ടിയ ജോമലിന്റെ വയർ നിറഞ്ഞ, സന്തോഷം. ഏകദേശം നാലേമുക്കാൽ മണിയായപ്പോൾ കാവിലെത്തി 


അമ്പതു പേരോളം പേർ അവിടെ കൂടിയിട്ടുണ്ടായിരുന്നു. ബോബിയച്ചനും കൂടെയുണ്ട്.
വർഷങ്ങളായി ഇതുപോലെ ഉള്ള ആത്മീയ -വേദാന്ത കൂട്ടായ്മകളിൽ പോകാറുണ്ടെങ്കിലും കുടുംബം ഒരുമിച്ച് മക്കളുമൊത്ത് ഇതുപോലെ ഒരു കൂട്ടായ്മയിൽ പോകുന്നത് ആദ്യമായാണ് ചില പ്രഭാഷണങ്ങൾ ചില സംഗീത കച്ചേരികൾ പ്രത്യേകിച്ചും കർണാട്ടിക് സംഗീതം അല്ലെങ്കിൽ ഹിന്ദുസ്ഥാനി സംഗീതം രണ്ടുമൂന്നു മണിക്കൂർ ഉള്ള പ്രോഗ്രാമുകളിൽ കുട്ടികൾക്ക് ഇരിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അവരുടെ പ്രായത്തിൽ അതുപോലെയുള്ള വിഷയങ്ങളിൽ താല്പര്യമുണ്ടാകില്ലല്ലോ 

അവർക്ക് സിനിമ കാണാൻ പോവുക മാളിൽ ഷോപ്പിങ്ങിനു പോവുക പാർക്കിൽ പോവുക ഇങ്ങനെയുള്ള താല്പര്യങ്ങളാണ് എങ്കിലും റിസ്ക് എടുത്ത് ഇത്തവണ എല്ലാവരും ഒരുമിച്ചു പോകാം എന്ന് കരുതി സംഭാഷണങ്ങളോ പ്രഭാഷണങ്ങളോ ശ്രദ്ധാപൂർവ്വം കേട്ടിരിക്കാനുള്ള ക്ഷമ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഏത് സമയത്താണ് കുട്ടികൾക്ക് ബോറടിക്കുന്നത് അപ്പോൾ തന്നെ അവിടെ നിന്നും സ്നേഹപൂർവ്വം ബൈ പറഞ്ഞു പോരാം എന്ന വാക്കിൽ അവരെ കൂടെയിരുത്തി.

തികച്ചും ഔപചാരികതകൾ ഇല്ലാത്ത ഒരു കൂട്ടായ്മയാണ് താവോ കാവിൽ കണ്ടത്, അനുഭവിച്ചത് എല്ലാവരും വട്ടത്തിലിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചു പാട്ടുപാടിയും കേട്ടു ഓണാഘോഷം + സ്വാതന്ത്രദിന ആഘോഷം എല്ലാം ചേർന്ന് ഒരു കൂട്ടായ്മ ഒരു സ്നേഹ കൂട്ടായ്മ 

ഇമ്മാനുവൽ ജോസഫ് 

ആദ്യത്തെ 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞുങ്ങൾ അസ്വസ്ഥരാകാൻ തുടങ്ങി എങ്കിലും ഈ കൂട്ടായ്മയുടെ മുഴുവൻ സമയം ഇരിക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു മനുക്കുട്ടൻ ആണ് ആദ്യം നമുക്ക് തിരിച്ചു പോകാം എന്ന് പറഞ്ഞത് അപ്പോൾ അവിടെ ഫോട്ടോഗ്രാഫി ചെയ്യുന്നുണ്ടായിരുന്നു ഒരു ക്യാമറ ഫ്രീ ആയിരിക്കുന്നത് കണ്ടു ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ചു അദ്ദേഹം സന്തോഷപൂർവ്വം നൽകി. മനു ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായി. സജിത്ത് വേണ്ട ഗൈഡൻസ് കൊടുക്കുന്നുണ്ടായിരുന്നു, അതു കണ്ടപ്പോൾ വലിയ സമാധാനം ആയി.

ക്രിസ്റ്റഫർ ജോസഫ് 

ജോമൽ ആണ് ഏറ്റവും ചെറിയ താരം അവനെ സംബന്ധിച്ചോളം അവിടെ പറയുന്നത് അവിടെ പാടുന്നുവോ ഒന്നും പ്രസക്തമല്ല എന്നറിയാം എങ്കിലും അവൻ ഓണപ്പായസം വിളമ്പുന്നതിലും ചെറുകടികൾ ഓരോരുത്തരും വീട്ടിൽ നിന്നുകൊണ്ടുവന്ന കായ് വറുത്തത്, ശർക്കര വരട്ടി പോലെയുള്ള ചെറുകടികൾ വിതരണം ചെയ്യുന്നതിനും ശ്രദ്ധ ചെലുത്തിയത്തിനാൽ, കർത്തവ്യ നിരതനായി, അങ്ങിനെ അവനും അതിലേക്ക് ഉൾപ്പെട്ടു!

ഏഞ്ചൽ ക്ലയർ 

സ്കൂളിലെ സ്കൗട്ടിന്റെ ഒരു ദിവസത്തെ പരേഡ് പരിപാടികളും കഴിഞ്ഞ് ക്ഷീണത്തിൽ ആയിരുന്നു എങ്കിലും വളരെ ശാന്തമായി എല്ലാം കേട്ടുകൊണ്ടിരുന്നു അവൾക്ക് ഒരു പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ അവളും ഹാപ്പിയായി മൊത്തത്തിൽ പറഞ്ഞാൽ തിടുക്കത്തിൽ തിരിച്ചു പോരേണ്ടിവരും എന്നു കരുതിയ ഒരു സായാഹ്നം രണ്ടുമണിക്കൂർ കടന്നുപോയത് എങ്ങനെ എന്നറിയാതെ ധന്യമായ ഒരുപാട് സ്മരണകൾ സമ്മാനിച്ചുകൊണ്ട് ഒരുപാട് നല്ല മനുഷ്യരെ/ മനുഷ്യസ്നേഹികളെ പരിചയപ്പെടുവാൻ സാധിച്ചു കൊണ്ട് കടന്നുപോയി 

ദിവസവും മനുഷ്യർ ലോകത്ത് നടക്കുന്ന മോശം വാർത്തകൾ സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്ത് സങ്കടം കൊണ്ടിരിക്കുമ്പോൾ ഇതുപോലെയുള്ള നിരവധി പച്ച തുരുത്തുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട് എന്ന് ആശ്വാസം ചെറുതല്ല 

വെറുതെ പറഞ്ഞതല്ല കേരളത്തിലെ എല്ലാ ജില്ലയിലും കുറഞ്ഞത് മൂന്നു നാല് ഇടം എങ്കിലും സ്നേഹത്തിന്റെ കൂട്ടായ്മക്കായി സ്നേഹസംവാദങ്ങൾക്കായി ഉണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് എങ്കിലും നമ്മൾ കൂടുതലായി കാണുന്നത് തമസിന്റെ പ്രവർത്തികളെയാണ് ഒരുമിച്ചിരുന്ന് സ്നേഹം പങ്കുവെക്കുന്ന ധാരാളം കൂട്ടായ്മകൾ ഇനിയും വളർന്നു വരേണ്ടിയിരിക്കുന്നു ഇരുട്ടിനെ അകറ്റാൻ ഇതുപോലെയുള്ള ചെറു ദീപങ്ങൾ നിരവധിയായി കേരളത്തിൻറെ മുക്കിലും മൂലയിലും ഓരോ ജില്ലയിലും ഓരോ പഞ്ചായത്തിലും ഓരോ ഗ്രാമപ്രദേശങ്ങളിലും ഒരു തിരിയട്ടെ എന്ന് പ്രാർത്ഥ ിക്കുന്നു 

ഫാ:ബോബി ജോസ് കട്ടികാട് 

ബോബി അച്ഛനെ പരിചയപ്പെടുന്നത് ഗുരു നിത്യ ചൈതന്യ യതി വഴിയാണ് 20-25 കൊല്ലം മുമ്പ് ഒരിക്കൽ ബാനർജി റോഡിലുള്ള ഡിസി ബുക്സിന്റെ ഷോറൂമിൽ ഏതോ പുസ്തകം വാങ്ങാൻ കയറുമ്പോൾ പ്രേംമേട്ടന്റെ മുൻപിൽ ഒരു മനുഷ്യസ്നേഹി മാസിക കിടക്കുന്നത് ഞാൻ കണ്ടു വെറുതെ മറച്ചു നോക്കിയപ്പോൾ അതിൽ ഒരു ചെറു കുറിപ്പ് കാണുവാൻ ഇടയായി ആ കുറിപ്പ് എടുത്തുവെച്ച് ഫോട്ടോ ഇതോടൊപ്പം ഞാൻ ചേർക്കുന്നു ഗുരുവിൻറെ ഒരു കുറിപ്പ് കണ്ടതാണ് എന്നെ മനുഷ്യസ്നേഹി മാസികയിലേക്കു എത്തിച്ചത് മനുഷ്യസ്നേഹി മാസികയാണ് എന്നെ ബോബി അച്ച നിലേക്ക് എത്തിക്കുന്നത് 


പിന്നീട് പല പ്രാവശ്യം 
ആശ്രമത്തിൽ പോയി അച്ഛനെ കാണാൻ ശ്രമിക്കുകയുണ്ടായി എന്നാൽ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല 

മനുഷ്യസ്നേഹി മാസികയുടെ വരിസംഖ്യ അടച്ച്  തിരിച്ചു പോന്നു അച്ചനെ നേരിട്ട് കാണണമെന്ന് മോഹം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 

ബസിലെ കൂടികാഴ്ച: 

സഞ്ചാരിയുടെ ദൈവം ചിലപ്പോൾ ഞങ്ങളുടെ കൂടിക്കാഴ്ചയെ ആ ബസ്സിലേക്ക് കൊണ്ടുവന്ന് എത്തിച്ചതാകാം. ചെരിപ്പിടാത്ത കാൽപാദങ്ങളാണ് എൻറെ ശ്രദ്ധയിൽ ആദ്യം പെടുന്നത് തല ഉയർത്തി നോക്കുമ്പോൾ ബോബിയച്ചൻ! വൈറ്റില വൈറ്റില സർക്കുലർ ബസിലായിരുന്നു. കുറെ നേരം സംസാരിക്കാൻ അവസരം കിട്ടി. പിന്നീട് എന്തെങ്കിലും കുറിക്കണം എന്ന് സ്നേഹപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിരസിക്കാനായില്ല . തുടർച്ച യായി എഴുതാൻ കഴിയാത്ത തിൽ കുറ്റബോധം ഉണ്ടെങ്കിലും.

അന്ന് തുടങ്ങിയ യാത്ര ഇന്ന് കാവിൽ എത്തി നിൽക്കുമ്പോൾ ഈ ഭൂമിയിൽ ഒരുപാട് പ്രതീക്ഷകളും ഒരുപാട് പച്ചത്തുരുത്തുകളും ഒരുപാട് നന്മകളും ഇന്നും (എന്നും) നിലനിൽക്കുന്നുണ്ട് നിലനിൽക്കുന്നുണ്ട് വളരെ പോസിറ്റീവായ ശുഭചിന്ത എൻറെ മനസ്സിൽ നിറയുന്നു അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ശാന്തമായിരുന്നു നോക്കുവാൻ കാണുവാൻ മനസ്സിൻറെ ശാന്തിയും സ്വസ്ഥതയും ആസ്വദിക്കുവാൻ ഇനിയും ആയിരക്കണക്കിന് ആളുകൾ ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു 

റീൽസും സ്റ്റാറ്റസും സ്റ്റോറിയും പബ്ജി കളിയും ഒക്കെയായി നമ്മുടെ കുട്ടികൾ ഓരോ നിമിഷവും പാഞ്ഞു പോയിക്കൊണ്ടിരിക്കുമ്പോൾ സ്വസ്ഥമായി ഇരിക്കാൻ കൂട്ടുകൂടാൻ സൊറ പറയാൻ ചുമ്മാതെ ഇരിക്കാൻ നമ്മൾ ഇടം ഒരുക്കി കൊടുക്കേണ്ടിയിരിക്കുന്നു,

താവോ കാവ് പോലെ ....

അതുതന്നെയാണ് ധ്യാനം 

അതുതന്നെയാണ് നമുക്ക് ഇന്ന് ആവശ്യം  

(പണ്ട് എഴുതിയത്)👉🏻

http://jossyvarkey.blogspot.com/2009/05/blog-post_14.html?m=1

Saturday, January 11, 2014

പക്ഷെ ...




മരിക്കാൻ എനിക്കു പണ്ടേ കൊതിയാണ്
പക്ഷെ ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല!
അവരെ സമ്മതിക്കണം

യുക്തിവാദിയാണെന്ന് ഞാൻ സ്വയം വിചാരിക്കുന്നു
പക്ഷെ നിരീശ്വരവാദിയാവാൻ ഞാനില്ല

ദൈവം ഇല്ലെങ്കിൽ ഉത്തരവാദിത്ത്വങ്ങൾ
സ്വയം ഏറ്റെടുക്കേണ്ടിവരുമല്ലോ?

അവരെ സമ്മതിക്കണം, നിരീശ്വരവാദികളെ!  

Wednesday, April 18, 2012

കൊണ്ടാലും പഠിക്കാത്തവര്‍!!

ചിലര്‍ കേട്ട് പഠിക്കും

(തീയില്‍ തൊട്ടാല്‍ പൊള്ളും മോനെ, എന്ന് അമ്മ പറയുന്നത് കേട്ട് വിശ്വസിക്കും. തീയിന്റെ അടുത്തു പോകുമ്പോള്‍ വളരെ സൂക്ഷിക്കും.)

ചിലര്‍ കണ്ടു പഠിക്കും

(വേറൊരാള്‍ക്ക് തീയില്‍ നിന്നും പൊള്ളലേറ്റതു കണ്ടിട്ട്, ഞാന്‍ തീയിനോട് അടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തും.)

ഇനിയും ചിലര്‍ കൊണ്ടാലേ പഠിക്കൂ

(സ്വയം അനുഭവിച്ചു വേണം മനസിലാക്കാന്‍ - പറഞ്ഞാലും മനസ്സിലാവില്ല, വേറൊരാളുടെ അനുഭവം കണ്ടാലും മനസ്സിലാവില്ല.)

ഇത് മൂന്നു കൊണ്ടും പടിക്കത്തവനോ, അവനെ എന്ത് ചെയ്യണം? നിങ്ങള്‍ തന്നെ പറയൂ.

എനിക്ക് തോന്നുന്നത് നല്ല ചുട്ട അടി കൊടുക്കണം എന്നാണ്.

മേല്‍പറഞ്ഞ വിഷയത്തില്‍ എന്തെങ്കിലും സം:സ്കൃത ശ്ലോകം ഉണ്ടോ?

Wednesday, May 11, 2011

വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി

ഇന്ന് മേയ് ഏഴാം തീയതി [ശനിയാഴ്ച] ഞാന്‍ തിരുവനന്തപുരത്താണ്. രാവിലെ മനുകുട്ടനെ 'സായി ദീപ സ്കൂളില്‍' കൊണ്ടുപോയി ക്ലാസ്സില്‍ ചേര്‍ത്തു. ഇപ്പോള്‍ അവിടെ അവധിക്കാല ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. പാട്ടും കളികളുമായി ഏകദേശം അമ്പതോളം കുട്ടികള്‍ ഉണ്ടാവും. അവനെ ക്ലാസ്സില്‍ ഇരുത്തിയ ശേഷം ഞാന്‍ എന്റെ കുറച്ചു ഓഫീസ് ഡ്യൂട്ടികള്‍ തീര്‍ത്തു. ഉച്ചയ്ക്ക് പോയി മനുക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോന്നു. ആദ്യ ദിവസമല്ലേ അത്രയും മതി എന്ന് കരുതി. ആള്‍ക്ക് പുതിയ ഇടം നന്നായി പിടിച്ചു എന്ന് തോന്നുന്നു. വൈകുന്നേരം ഒന്ന് കിഴക്കേകോട്ട വരെ പോയി. വീട്ടില്‍ ഒരു ക്ലോക്ക് കേടായി ഇരുപ്പുണ്ടായിരുന്നു. അത് നന്നാക്കി എടുക്കുക ആയിരുന്നു ലക്‌ഷ്യം. കിഴക്കേകോട്ടയില്‍ ധാരാളം വച്ച് റിപ്പയര്‍ കടകള്‍ കണ്ടിട്ടുണ്ട്. രണ്ടു മൂന്നു കടകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിദ്വാന്‍ ആ ക്ലോക്ക് ഒരു മണിക്കൂറില്‍ ശരിയാക്കി തരമെന്നേറ്റു. അവിടെ ക്ലോക്ക് കൊടുത്തിട്ട്, പതിയെ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് വച്ച്, പദ്മനാഭസ്വാമി ക്ഷേത്രനടയില്‍ കുറച്ചു നേരം ഇരുന്നു. പിന്നെയും നടന്നു പഴവങ്ങാടിയില്‍ ഒരു കാപ്പി കുടിക്കാമെന്ന് വച്ചു. അങ്ങോട്ട്‌ പോകുമ്പോള്‍, ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ തേങ്ങ കച്ചവടക്കാരുടെ പൊടിപൊടിക്കല്‍. ഞാനും ഒരു തേങ്ങ വാങ്ങി കയ്യില്‍ പിടിച്ചു അകത്തു കയറി. തേങ്ങ ഉടയ്ക്കുന്നതിനു മുന്‍പില്‍ കുറച്ചു നേരം നിന്ന്, കാര്യങ്ങള്‍ നിരീക്ഷിച്ചു. ആരുടെയോ ആയിരം തേങ്ങ ഉടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരന്‍, പൊട്ടിയ തേങ്ങ കഷണങ്ങള്‍ വാരി മാറ്റി കൊണ്ടിരിക്കുന്ന പണിക്കാര്‍, ഇടയ്ക്ക് ഒന്നും രണ്ടും തേങ്ങ ഉടയ്ക്കുന്ന സാദാ ഭക്തര്‍. എല്ലാവരും വലതുകൈ കൊണ്ടാണ് തേങ്ങ ഉടയ്ക്കുന്നത്. എനിക്കാണെങ്കില്‍ ഇടതുകൈ ആണ് വശം! എന്ത് ചെയ്യും, ആരും ഇടം കൈകൊണ്ടു തേങ്ങ ഉടയ്ക്കുന്നുമില്ല. ഞാന്‍ വലതു കൈ കൊണ്ട് എറിഞ്ഞാല്‍ പൊട്ടുമോ? കുറച്ചു നേരം ആലോചിച്ചു നിന്ന്, പിന്നെ രണ്ടും കല്പിച്ചു വലംകൈ കൊണ്ട് തന്നെ സര്‍വ്വ ശക്തിയും എടുത്തു ഒറ്റ ഏറുകൊടുത്തു. ഭാഗ്യം തേങ്ങ ചിന്നി ചിതറി. എനിക്ക് നല്ല മന:ശാന്തി തോന്നി. ദീപാരാധനയ്ക്കുള്ള സമയമായിരുന്നു. ഏതാനും മിനുട്ടുകള്‍ ഇടയ്ക്കയുടെ താളം ശ്രവിച്ചു, ദീപാരാധന തൊഴുവാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂടെ, ശ്രീകോവില്‍ ലക്ഷ്യമാക്കി കണ്ണുകളടച്ചു കൈകള്‍ കൂപ്പി നിന്നപ്പോള്‍ വല്ലാത്ത ശാന്തി! മനസ്സിനെ എല്ലാ വ്യഗ്രതകളില്‍ നിന്നും മുക്തമാക്കി, ചിന്തകളെ ഏകോപിപിച്ചു, നമ്രശിരസ്കരായി അവിടെ നില്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍, ശാന്തിയുടെ കുളിര്‍കാറ്റടിക്കും തീര്‍ച്ച. ഇതിനുപിന്നില്‍ ഒരു മന:ശാസ്ത്രം ഇല്ലേ? രാവന്തിയോളം അദ്ധ്വാനിച്ചു, മനസ്സും ശരീരവും തളര്‍ന്നു, മനസ്സില്‍ നൂറു കണക്കിന് ചിന്തകളും അതിലേറെ പ്രയാസങ്ങളുമായി വിശ്രമിക്കാന്‍ പോകുന്ന മനുഷ്യന്‍, അല്‍പനേരം കണ്ണുകളടച്ചു, കൈകള്‍ കൂപ്പി, മനസ്സിനെ ഏകാഗ്രമാക്കി, അപരിമേയനായ ഈശ്വരന്റെ സന്നിധിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുമ്പോള്‍ എല്ലാ ഭാരങ്ങളും, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാവും. ഇതാണ് എനിക്ക് ദീപാരാധന തൊഴുതുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ മന:ശാസ്ത്രചിന്തകള്‍. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
-----------------
ആരാണ് ഗണപതി?

ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക്‌ നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:

വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.

വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.

ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.

ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.

നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.

വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക്‌ 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!

വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!

Thursday, March 18, 2010

നിങ്ങള്‍ സന്തോഷവാനാണോ? (Are you happy?)

"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?

ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.

ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക്‌ ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?

ഇവിടെയാണ്‌ ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക്‌ ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക്‌ 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.

നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)

  • 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
  • ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
  • പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
  • ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.

ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ്‌ നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.

അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.

Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.

Tuesday, January 12, 2010

ഗുരുവും ശിഷ്യനും

ഗുരുവും ശിഷ്യനും പ്രഭാതസവാരിയില്‍ ആയിരുന്നു.

ശിഷ്യന്‍: ഗുരോ, ഈ ലോകത്തില്‍ ഏറ്റവും സുഖം നല്‍കുന്നത് എന്താണ്?


ഗുരു: ഉറക്കം.


ശിഷ്യന്‍: ഉറക്കത്തില്‍ എനിക്ക് സുഖം അറിയാന്‍ സാധിക്കുന്നില്ല?


ഗുരു: നീ ഉണര്‍ന്നിരിക്കൂ


(ഗുണപാഠം - ഉറങ്ങുമ്പോള്‍ ഉറക്കത്തിന്‍റെ സുഖം അനുഭവിക്കാന്‍ കഴിയില്ല.)

Thursday, May 14, 2009

ഗുരു നിത്യചൈതന്യയതി - ഒരു സ്മരണാഞ്ജലി.

ഞാന്‍ പുസ്തകങ്ങളിലൂടെ പരിചയപെട്ട ഒരു മനുഷ്യസ്നേഹി. കത്തുകളിലൂടെ ഞങ്ങള്‍ സംവദിച്ചു - എന്റെ കൊച്ചു കൊച്ചു സംശയങ്ങള്‍ക്ക് അദ്ദേഹം വലിയ വലിയ മറുപടിയെഴുതി. ഞങ്ങള്‍ ഒരിക്കലും നേരില്‍ കണ്ടില്ല. എങ്കിലും ആ ഗുരുവിന്റെ മന്ദസ്മിതം എന്റെ കണ്മുന്‍പില്‍ ഇപ്പോഴും ഉണ്ട്. ഇന്ന് അദ്ദേഹത്തിന്റെ സമാധിദിനം (മെയ്‌ 14 ) ആണ്.

ഞാന്‍ പരിചയപെട്ട ഗുരു പുസ്തകങ്ങളിലും അക്ഷരങ്ങളിലും ജീവിക്കുന്നതുകൊണ്ട് ഇന്നും എനിക്ക് ഒരു നിറസാന്നിദ്ധ്യമാണ്. രണ്ടു വര്‍ഷം മുന്‍പ് 'മലയാള മനോരമ' ദിനപത്രത്തില്‍ 'പടിപ്പുര' സപ്ലിമെന്റില്‍ നിത്യ ചൈതന്യ യതിയെക്കുറിച്ച് ഒരു ലേഖനം വന്നിരുന്നു. അതില്‍ ഗുരു എനിക്കയച്ച ഒരു കത്ത് മുഴുവനായി ഉദ്ധാരണം ചെയ്തിരുന്നത് കണ്ട് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. കാരണം ആ മഹാ ഗുരുവിന്റെ സാമീപ്യം ഇന്നും എന്നോടൊപ്പമുണ്ട്. വിട്ടുപിരിയാത്ത ആ സൌഹൃദത്തിന്റെ സൂചനയാണല്ലോ ആ കത്തുകള്‍. ഗുരു തന്റെ പതിനായിരകണക്കിന് സുഹൃത്തുകള്‍ക്ക് എത്രമാത്രം എഴുത്തുകള്‍ എഴുതിയിരിക്കാം. എങ്കിലും ആ കത്ത് തന്നെ അവിടെ [പടിപ്പുരയില്‍] തിരഞ്ഞെടുക്കപെട്ടത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതം കൂറി. ഗുരുവിന്റെ ആ അദൃശ്യ സ്നേഹവലയത്തിനു മുന്‍പില്‍, അങ്ങയുടെ പാദാരബിന്ദങ്ങളില്‍ ഞാന്‍ മനസ്സാ നമസ്കരിക്കുന്നു.

എനിക്ക് യേശുവിനെ, ഫ്രാന്‍സിസ് അസീസിയെ, നാരായണഗുരുവിനെ, ഗീതയെ, ഖുറാനെ, പരിചയപ്പെടുത്തി തന്നതിന് ഗുരുവേ നന്ദി.

ഗുരു നിത്യ 1999-ഇല്‍ എഴുതിയ ഒരു കത്തില്‍ നിന്നും:

പ്രീയപ്പെട്ട ജോസി വര്‍ക്കി അറിയുന്നതിന്,

'സ്നേഹസംവാദം' വായിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ധ്യാനം സഹജമായി സംഭവിക്കുന്നതാണ്. താഴെയുള്ള പക്ഷിയെ നോക്കുക. [ഒരു പക്ഷി ചുണ്ടില്‍ കല്ലും കൊത്തികൊണ്ട് ഇരിക്കുന്ന ചിത്രം വരച്ചിരിക്കുന്നു] അതിനറിഞ്ഞുകൂട എന്തിനാണ് വായില്‍ കല്ല് കൊത്തി എടുത്തതെന്ന്. കുറച്ചു കഴിയുമ്പോള്‍ അത് താഴെ ഇടും. അപ്പോള്‍ ധ്യനതിലായി എന്നര്‍ത്ഥം. അടുത്തുള്ള ഏതെങ്കിലും ലൈബ്രറിയില്‍ എന്റെ പുസ്തകങ്ങള്‍ വരാതിരിക്കുകയില്ല. ഇപ്പോള്‍ എല്ലാ മാസവും ഒരു പുസ്തകവും അച്ചടിപ്പിക്കുന്നത് എന്റെ ഒരു വിനോദമാണ്‌. ഒരു ചെറിയ പുസ്തകം അയക്കുന്നു. സ്നേഹത്തോടെ,

ഗുരു നിത്യ.

ഇവിടെ ഗുരു സ്നേഹത്തോടെ എന്നെഴുതി കത്ത് നിറുത്തുമ്പോള്‍ നമുക്ക് ആ സ്നേഹം ശരിക്കും അനുഭവിക്കാന്‍ കഴിയും. ഒരു പ്രണയിനിയുടെ സ്നേഹനിശ്വാസം പോലെ. ഒരു 15 പൈസ പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയതാണ് മുകളില്‍ കൊടുത്തത്. ഞാന്‍ അന്നൊക്കെ പോസ്റ്റ്‌മാനെ നോക്കി കാത്തിരിക്കുമായിരുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും എന്തെങ്കിലുമൊക്കെ കുറിച്ചിടും. ചിലപ്പോള്‍ ആ പുസ്തകത്തിനെ രചയിതാവിന് ഒരു കത്തയക്കും. അങ്ങിനെയാണ് ഗുരുവിനെ പരിചയം ആകുന്നതു. ഞാന്‍ ഒരു കാര്‍ഡ് ഇട്ടാല്‍ നാലാം ദിവസം 'ഫേണ്‍ഹില്ലില്‍' നിന്നും മറുപടി വന്നിരിക്കും,, തീര്‍ച്ച. (എനിക്ക് ഇന്നേവരെ ഇത്ര ആത്മാര്‍ഥത പാലിക്കാന്‍ കഴിഞ്ഞിട്ടില്ല.)

പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായമങ്ങള്‍ ആയി ചുരുങ്ങുകയും ചെറുപ്പത്തില്‍ അമ്മച്ചി പഠിപ്പിച്ച പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ മടുപ്പും തോന്നി തുടങ്ങിയ സാഹചര്യത്തില്‍ ആണ്, എന്താണ് ധ്യാനം എന്ന് ചോദിച്ച് ഞാന്‍ ഒരു കത്തയക്കുന്നത്. അതിനു തന്ന മറുപടി ആണ് ഈ ചിത്രവും വാക്കുകളും. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് മറക്കുന്നതെങ്ങിനെ? ഇത്ര ലളിതമായി എഴുതാന്‍ മറ്റാര്‍ക്കാണ് കഴിയുക?

P.S : അടുത്തിടെ പള്ളിയില്‍ കുര്‍ബാനക്കിടെ കേട്ട ഒരുമനോഹര ഗാനത്തിന്‍റെ ഈരടികള്‍ ഞാനിവിടെ ചേര്‍ക്കട്ടെ: "ഇത്ര ചെറുതാകാന്‍ എത്ര വളരേണം, ഇത്ര സ്നേഹിക്കാന്‍ എന്ത് വേണം???. . . . ."

Saturday, March 21, 2009

മദ്യപാനികള്‍ക്ക്‌ ഇരുപതു കല്പനകള്‍ (Twenty commandments)

  1. ‍കൂട്ടുകാര്‍ക്കു (Company sake) വേണ്ടി കുടിക്കരുത്
  2. കുടിക്കാന്‍ ആരെയും (Compel) നിര്‍ബന്ധിക്കരുത്
  3. കുടിക്കുമ്പോള്‍ താരതമ്യം (Comparison) അരുത്
  4. അവരവര്‍ക്ക് ആവശ്യമുള്ളത് (Choose) മാത്രം കഴിക്കുക
  5. ഇനത്തില്‍ (Compromise) വിട്ടുവീഴ്ച അരുത്
  6. സ്വയം നിയന്ത്രണം (Control) ഉണ്ടായിരുക്കണം
  7. തിരഞ്ഞെടുത്ത ബ്രാന്‍ഡ് (Choose) മാത്രമേ ഉപയോഗിക്കാവൂ
  8. പെഗിന്റെ എണ്ണം(Count your pegs)അറിവുണ്ടായിരിക്കണം
  9. കാശ് (Cash) കൊടുത്തു മാത്രം മദ്യപിക്കുക. കടം (No credit) അരുത്
  10. കുട്ടികള്‍ (Children)കാണ്‍കെ കുടിക്കരുത്
  11. മദ്യപാനം ഒരു (Career) തൊഴില്‍ ആക്കരുത്
  12. മദ്യത്തിനു ജാതിയും (Caste) മതവും ഇല്ല
  13. മദ്യത്തിന്റെ നിറം (Colour)പ്രധാനമല്ല
  14. മദ്യപിക്കുന്നതിനു ആരുടേയും സമ്മതപത്രം (Certificate)ആവശ്യമില്ല.
  15. ബ്രാന്‍ഡ് ഇടയ്ക്കിടയ്ക്ക് (Change not) മാറ്റരുത്
  16. തണുപ്പിച്ചു (Chill and use) കഴിക്കുന്നത്‌ ഉത്തമം
  17. മദ്യപിച്ചു (Conflict) വഴക്കടിക്കരുത്
  18. മദ്യപിച്ചു കണക്കു (Complaint) പറയരുത്
  19. അളവിലും ഇനത്തിലും സ്ഥിരത (Consistency) ഉള്ളതാണ് നല്ലത്
  20. നിബന്ധനകള്‍ (Contrct/ Conditions) വച്ച് മദ്യപിക്കരുത്

** സ്ത്രീകളുടെ കൂടെ മദ്യപിക്കരുത്

മദ്യം വിഷമല്ല. മദ്യപാനി പാപിയും അല്ല. മദ്യപാനം ദുഃഖം ഇല്ലാതാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ മദ്യത്തിനുപരിയായി ദുഖങ്ങളില്‍ മനുഷ്യനെ ആശ്വസിപ്പിക്കുന്ന ആത്മീയത/രാഷ്ട്രീയം/ മാനവീകത വളര്‍ത്തൂ!!!

"എന്നെ കുടിയനെന്നു വിളിക്കരുതേ, ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ തുശ്ചാമാണ്,, ഞാന്‍ കുടിച്ചിട്ടുള്ള കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ........" (ആരോ എഴുതിയത്)