Showing posts with label അപകടം. Show all posts
Showing posts with label അപകടം. Show all posts

Monday, May 10, 2010

മൊബൈല്‍ മാനിയ - അഥവാ നോമോഫോബ്

മൊബൈല്‍ ഫോണ്‍ ഇന്നത്തെ കാലഘട്ടത്തിനു ഒഴിച്ച് കൂടാനാവാത്ത ഒരു സാങ്കേതികവിദ്യയാണ്. നിരവധി ഗുണഗണങ്ങള്‍ ഉള്ള ഒരു 'മാജിക് വസ്തു' ആണ് ഇന്ന് മൊബൈല്‍ ഫോണ്‍. ഉദാ: ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് 'സെക്യൂരിറ്റി കോഡ്' മൊബൈലില്‍ എസ്.എം.എസ് ആയി ലഭിക്കുന്നു. ആ കോഡ് ഉപയോഗിച്ച് മാത്രമേ മുന്നോട്ടുള്ള പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ മൊബൈല്‍ എത്രമാത്രം സഹായകരമാണെന്ന് നോക്കൂ. ഇതുപോലെ പലയിടത്തും സുരക്ഷാകാര്യത്തില്‍ മൊബൈല്‍ വളരെയധികം ഉപകരപ്രധമാണ്.
അത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്ന് കേവലം ഒരു ഫോണ്‍ മാത്രമല്ല - MP3 പ്ലയെര്‍, ഡിജിറ്റല്‍ ക്യാമറ, റേഡിയോ, ഡയറി, ടോര്‍ച്ച്, അലാറം, ഇന്റര്‍നെറ്റ്‌ & ഇ-മെയില്‍ എല്ലാം അടങ്ങിയ ഒരു കൊച്ചു പോക്കറ്റ്‌ കമ്പ്യൂട്ടര്‍ തന്നെയാണ്.

ഇതൊക്കെയാണെങ്കിലും മൊബൈല്‍ ഫോണിന്റെ ദു:രുപയോഗവും അനിയന്ത്രിതമായ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇത് കൂടുതലായി കണ്ടുവരുന്നത്‌ കൌമാരക്കാരിലും യുവാക്കളിലും ആണ്. ഈ രണ്ടു വിഭാഗക്കാരെയും ഉന്നം വച്ചുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികളും തങ്ങളുടെ വിപണനതന്ത്രങ്ങള്‍ മെനയുന്നത്. എന്തിനു പറയുന്നു, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബി.എസ്.എന്‍.എല്‍ പോലും 'ജോഡി പ്ലാന്‍' 'സ്റ്റുഡന്റ്സ് പ്ലാന്‍' ഇവകൊണ്ട് കുട്ടികളെ കറക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ വക മൊബൈല്‍ കെണികളില്‍ വീഴാതിരിക്കാന്‍ കൌമാരക്കാര്‍ക്ക് അസാമാന്യവിവേചനബുദ്ധിയും ആത്മബലവും വേണ്ടിവരും. ഏതുനേരവും ഒരു ചെവിപൊത്തിപ്പിടിച്ചു, തലയല്‍പം ചരിച്ചു വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടില്ലേ. അവര്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് - നോമോഫോബ് (മൊബൈല്‍ മാനിയ)
നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ സ്കൂളില്‍/കോളേജില്‍ പഠിക്കുന്ന മക്കളോ ഈ രോഗം ബാധിച്ച ആളാണോ? ഇന്ന് കൂടുതലായി ആളുകള്‍ക്ക് 'മൊബൈല്‍ അഡിക്ഷന്‍' ന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. മൊബൈല്‍ ഫോണിനോട് അമിത ആശ്രിതത്വം/വിധേയത്വം വരുന്നതാണ് - നോമോ ഫോബിയ (നോ മൊബൈല്‍ ഫോബിയ). മൊബൈല്‍ ചാര്‍ജ് തീര്‍ന്നു പോകുമോ, മൊബൈല്‍ നഷ്ടപ്പെട്ടു പോകുമോ, കാള്‍ കിട്ടാതെ വരുമോ എന്നൊക്കെയുള്ള ഭയം ആണ് ഇത്.

താഴെപറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ?
  1. ഒരു ദിവസം 30-ല്‍ അധികം എസ്.എം.എസ് അയക്കുന്നു/ലഭിക്കുന്നു.
  2. ഒരു കാള്‍ 30 മിനുട്ടില്‍ അധികം സംസാരിച്ചു പോകുന്നു.
  3. ഒരു എസ്.എം.എസ് അയച്ചിട്ട് മറുപടി ഉടന്‍ വന്നില്ലെങ്കില്‍ ആശങ്കാകുലനാകുന്നു.
  4. ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓണായി തന്നെയാണോ ഇരിക്കുന്നതെന്ന് എടുത്തു നോക്കുന്നു.
  5. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ മുന്‍പില്‍ ഭക്ഷണ പാത്രത്തിനരികില്‍ തന്നെ വയ്ക്കുന്നു.
  6. ദേവലയത്തിലോ സിനിമയ്ക്കോ കയറുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്യാന്‍ മറക്കുന്നു/മടിക്കുന്നു.
  7. കുറേനേരത്തേക്ക് മൊബൈല്‍ റിംഗ് ചെയ്തില്ലെങ്കില്‍ ഫോണ്‍ എടുത്തു അതിന്റെ റിംഗ്ടോണ്‍ ചെക്ക് ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി തോന്നിയേക്കാം, പക്ഷെ ഈ സൂചനകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇതൊരു രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 'നോമോ ഫോബ്' ഉള്ളവര്‍ക്ക് ഉറക്കം ശരിയായി ലഭിക്കുകയില്ല. അതുപോലെ തന്നെ ഇക്കൂട്ടര്‍ മറ്റു വ്യക്തികളുമായി ഇടപഴുകാന്‍ മടിക്കും. വീട്ടില്‍ ഏതെങ്കിലും അതിഥികള്‍ വന്നാല്‍ സംസാരിക്കാന്‍ താല്പര്യം ഉണ്ടാവില്ല. മിക്കവാറും ഫോണില്‍ സംസാരിക്കാന്‍ ആവും താല്പര്യം.

ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടാം?

  1. ദേവാലയത്തില്‍ പോകുമ്പോഴും സിനിമയ്ക്ക് കയറുമ്പോഴും മരണവീട്ടില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഓഫ്‌ ചെയ്തിടൂ. മൊബൈല്‍ ഒരിക്കലും 24 മണിക്കൂര്‍ (24x7) ആവശ്യമില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ 'സൈലന്റ്' ആക്കിയിടൂ.
  2. എന്തെങ്കിലും വളരെ പ്രധാന്യമുള്ള പ്രവൃത്തിയില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്ന് തീരുമാനിക്കുക. ഉദാ: പ്രാര്‍ത്ഥന, പഠനം, മുലയൂട്ടല്‍.
  3. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരുമായി ഒരു 'സ്പെഷ്യല്‍ ഭക്ഷണത്തിന്' ഇരിക്കുമ്പോള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിടുന്നതല്ലേ നല്ലത്. ഉദാ: മക്കളുടെ പിറന്നാള്‍ സദ്യ, പങ്കാളിയുമായി ഒരു വിവാഹ വാര്‍ഷീകം, etc.
  4. പൊതുവേദികളില്‍ ആയിരിക്കുമ്പോള്‍ വളരെ സാത്വികമായ (താഴന്ന, അലറ്ച്ചയില്ലാത്ത) റിംഗ്ടോണ്‍ സെറ്റുചെയ്യുക. നിങ്ങളുടെ മൊബൈല്‍ അടിക്കുന്നത് ലോകത്തെ മുഴുവന്‍ അറിയിക്കെണ്ടതില്ലല്ലോ.

ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തിട്ട് നോക്കൂ. ഇല്ലെങ്കില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തിടതേക്ക് ഒരു യാത്ര പോകൂ. കുറച്ചു നേരത്തേക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസിലാകും. നിങ്ങള്‍ക്കതിനുസാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്!!

Thursday, May 28, 2009

അഹങ്കാരി മോന്‍ (ഞാന്‍ തന്നെ!!)

"അവന്‍ മഹാ അഹങ്കാരിയാ, അവന്റെ അഹങ്കാരത്തിന് രണ്ടു 'ങ്ക' ഉണ്ട്." ഇത് എന്നെ പറ്റി ഒരാള്‍ പറഞ്ഞതാണ്. (എന്നോടല്ല) പറഞ്ഞതില്‍ സത്യമില്ലാതില്ല എന്ന് അറിഞ്ഞപ്പോള്‍ എനിക്കും തോന്നി.

**********************
എന്ത് കാര്യത്തിനും 'സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കണം' എന്നാണ് പണ്ട് നാലാം ക്ലാസ്സിലെ മലയാളം ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കമന്റ് ഏതു സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് പറഞ്ഞു എന്ന് കൃത്യമായി അറിയില്ല. ചില ഊഹാപോഹങ്ങള്‍ നടത്താമെന്ന് മാത്രം.

*************************
കുറേ കാലം കൂടി എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. (എന്റെ കനിഷ്ഠ സഹോദരി എന്നുപറയാം) ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. കാര്യമിതാണ്‌ - ആള്‍ ഒരു എല്‍.ഐ.സി ഏജന്‍സി എടുത്തു. ഞാന്‍ ഒരു പോളിസി എടുക്കണം. (സഹായിക്കണം) അവര്‍ എന്തുകൊണ്ടോ വളരെ പ്രതീക്ഷയില്‍ ആണ് വന്നത്. അത് എല്ലാ എല്‍.ഐ.സി-ക്കാരക്കും അനാവശ്യതത്തിലധികം ഉള്ളതാണല്ലോ? എനിക്ക് പോളിസി എടുക്കാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നു. കാരണം നിലവില്‍ ഒന്നിലധികം പോളിസികള്‍ എന്റെ പേരിലും, ഭാര്യയുടെ പേരിലും, മോന്റെ പേരിലും ഉണ്ട്. ആവശ്യത്തിലധികം സാമ്പത്തീകബാധ്യത ഇതിനാല്‍ ഇപ്പോള്‍ തന്നെയുണ്ട്‌. അതുകൊണ്ട് അടുത്തെങ്ങും ഒരു പോളിസിയും എടുക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. (പുതുവത്സര പ്രതിജ്ഞ!!) ഏജന്റ് -മാരുടെ പ്രലോഭനതിലോ, ഭീഷണിയിലോ, കെഞ്ചി-അപേക്ഷിക്കലിലോ, ബോധവല്‍ക്കരണത്തിലോ വീഴാതെ കാത്തുകൊള്ളനെ,,, എന്ന് ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.

അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോള്‍ ഇഞ്ചി കടിച്ചപോലെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പോളിസിയുടെ ഗുണഗണങ്ങളോ നേട്ടമോ വിവരിക്കാന്‍ നില്‍ക്കാതെ ബന്ധുബലത്തില്‍ ഒരു പോളിസി എടുപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഞാന്‍ തീര്‍ത്തും 'സാധ്യമല്ല' എന്ന് തന്നെ പറഞ്ഞു. എനിക്കും ഭാര്യക്കും ജോലി ഉണ്ട്, പിന്നെന്തുകൊണ്ട് പോളിസി എടുത്തുകൂടാ എന്നായി അവര്‍. ഒരു ചെറിയ സഹായം - അത്ര മാത്രം. എനിക്ക് മുഖത്തെ ചിരി ഒഴിവാക്കി, കണിശമായി പറയേണ്ടി വന്നു. (പറ്റില്ല!!!) അങ്ങിനെ പുഞ്ചിരിക്കുന്ന മുഖവും കനത്ത ഹൃദയവുമായി ആ ബന്ധു (അഥവാ എല്‍.ഐ.സി) ഞങ്ങളുടെ വീടിന്റെ പടിയിറങ്ങി.

ഇതില്‍ നിന്നും ഞാന്‍ രണ്ടു പാഠം പഠിച്ചു: 1) ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് ഏജന്‍സി തുടങ്ങിയാല്‍ ബന്ധം അവസാനിക്കാന്‍ സാധ്യതയുണ്ട്. 2) ഇന്‍ഷുറന്‍സ് ഏജെന്റ്റ്‌മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ - സ്വന്തമായി ഒരു IRDA ലൈസെന്‍സ് എഴുതി എടുക്കുക.

Tuesday, April 07, 2009

മൊബൈല്‍ ഫോണിന്‍റെ 25 ദൂഷ്യ വശങ്ങള്‍!!

  1. ഏതു നേരവും ശല്യപ്പെടുത്തികൊണ്ടിരിക്കും. വ്യക്തി സ്വകാര്യത നഷ്ടപ്പെടുത്തും. ശ്രദ്ധ മാറിപോകും. പാചകം ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്‌ ഇടയ്ക്കിടെ ഫോണ്‍ വന്നാല്‍, ഉണ്ടാക്കുന്നത് ആര്‍ക്കും വായില്‍ വയ്ക്കാനേ കൊള്ളില്ല.
  2. ഉറക്കത്തിലും ബോസ്സിന്റെ കാള്‍ വരും. ഉറക്കം നഷ്ടപ്പെടും, സമാധാനവും. ആരോഗ്യത്തിന് ഹാനീകാരം. ഷര്‍ട്ടിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഹൃദയത്തിനു ദോഷം, പാന്‍സിന്റെ പോക്കെറ്റില്‍ ഇട്ടാല്‍ ഷണ്ടത്വം, ചെവിയില്‍ വച്ചാല്‍ തലച്ചോറിനു ദോഷം!!!
  3. നുണ പറയാന്‍ പ്രേരിപ്പിക്കും. (കൊച്ചിയിലിരുന്നു കോട്ടയത്താണെന്ന് പറയാം) കാമുകിയുടെ കാള്‍ വന്നാല്‍ ഭാര്യയുടെ അടുത്ത്‌ എങ്ങിനെ പറയും. എന്തെങ്കിലും നുണ പറയും. അല്ലേ?
  4. തുടര്‍ച്ചയായി സംസാരിച്ചാല്‍ ആരോഗ്യത്തെ ബാധിക്കും. തലച്ചോറിനെ ബാധിക്കും, ഓര്‍മ്മയെ ബാധിക്കും. മൊബൈല്‍ ടവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ 'റെഡിയേഷന്' മൂലം വരുത്തി വയ്ക്കുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
  5. മൊബൈല്‍ ക്യാമറയില്‍ ഒരു വ്യക്തി അറിയാതെ അയാളുടെ ഫോട്ടോ എടുക്കാം. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നു കയറ്റം നടത്തി വ്യക്തിഹത്യ നടത്തുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറ ചെറുതായതിനാല്‍ ഇത് കണ്ടു പിടിക്കാന്‍ എളുപ്പമല്ല. മൊബൈല്‍ ഫോണ്‍ ആയതുകൊണ്ട് ആളുകള്‍ തെറ്റിദ്ധരിക്കുകയുമില്ല.
  6. സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ ക്യാമറയില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്പരം കൈമാറുകയും ചെയ്യുന്നു. ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു. പീഡനങ്ങളും ആത്മഹത്യകളും ഒരു മൊബൈല്‍ ഫോണില്‍ നിന്നാണ് തുടങ്ങുന്നത്.
  7. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ മൊബൈലില്‍ എസ്.എം.എസ് ചെയ്തു കളിക്കുന്നു. പഠനത്തില്‍ ഉഴപ്പുന്നു. എസ്.എം.എസ് മാനിയയ്ക്ക് അടിമപ്പെടുന്നു.
  8. കുട്ടികള്‍ തങ്ങളുടെ ടീച്ചര്‍മാരുടെ ഗോപ്യമായ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകത്തി പ്രചരിപ്പിക്കുന്നു. അങ്ങിനെ ഗുരുനിന്ദ ചെയ്യുന്നു.
  9. മൊബൈല്‍ ഫോണ്‍ വഴി അനാവശ്യ ബന്ധങ്ങള്‍ ഉണ്ടാവുന്നു. വിവാഹേതരബന്ധങ്ങള്‍ കൂടുന്നു. മൊബൈല്‍ ഫോണ്‍ ഒട്ടനവധി വിവാഹമോചനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
  10. ലൈംഗീക പീഡന കേസുകളിലെ ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ്.രഹസ്യ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ മൊബൈല്‍ ഒരു വലിയ സഹായി ആണ്.
  11. റിയാലിറ്റി ഷോകള്‍ എസ്.എം.എസ് വോട്ടിന്ഗ് വഴി പ്രേക്ഷകരെ പറ്റിച്ചു കോടികള്‍ കൊയ്യുന്നു. (ഒരു എസ്.എം.എസ് = 4 രൂപ x 60 ലക്ഷം എസ്.എം.എസ് = ??)
  12. എസ്.എം.എസ് -ഇനു അടിമയായി പഠനം കുളം തോണ്ടിയ പതിനായിരകണക്കിന് വിദ്യാര്‍ഥികള്‍ ഉണ്ട്. ദിവസവും എത്ട്രയോ മണിക്കൂര്‍ ആണ് ഇവര്‍ എസ്.എം.എസ് ടൈപ്പ് ചെയ്യാനും അയക്കാനും വേണ്ടി ചിലവാക്കുന്നത്?
  13. മൊബൈല്‍ ഫോണിലൂടെ വിളിച്ചു സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരുടെ എണ്ണം ദിനംപ്രതി കൂടി കൂടി വരുന്നു. ചില സ്ത്രീകള്‍ ഇവരുടെ പ്രണയാഭിനയത്തില്‍ വീണു പോകുകയും ചൂഷണം ചെയ്യപെടുകയും ചെയ്യുന്നു.
  14. ബ്ലൂടൂതിലൂടെ ധാരാളം അശ്ലീല വീഡിയോകള്‍ യുവാകള്‍ക്കിടയില്‍ വളരെ ഈസി ആയി പ്രചരിക്കുന്നു. (യാതൊരു പണം മുടക്കും ഇതിനാവശ്യമില്ല എന്നതാണ് കാരണം)
  15. മൊബൈല്‍ ക്യാമറ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം/വീഡിയോ എടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ഇതുപയോഗിച്ച് 'ബ്ലാക്ക്‌ മെയില്‍' ചെയ്യലും ലൈംഗീക ചൂഷണവും സാധാരണം ആയിരിക്കുന്നു. ഒന്നോ രണ്ടോ കേസുകള്‍ മാത്രം പുറത്തു വരുന്നു.
  16. നിരവധി സ്കൂളുകളില്‍ വിലയേറിയ മൊബൈല്‍ ഫോണുകള്‍ കളവു പോകുന്നത് നിത്യസംഭവം ആയിരിക്കുന്നു. യാത്രക്കിടയിലും, ഓഫീസിലും, സ്കൂളിലും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് വലിയ തത്രപ്പാടായിരിക്കുന്നു.
  17. യോഗങ്ങളിലും ആരാധനാലയങ്ങളിലും മരണവീട്ടിലും എന്തിനു കിടപ്പറയില്‍ പോലും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നതും 'അറ്റന്‍ഡ്' ചെയ്യുന്നതും അരോചകമാണ്. മൊബൈല്‍ ഫോണ്‍ അടിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ഥലകാലബോധം നഷ്ടമാകുന്നു. എല്ലാ കാളും അറ്റന്‍ഡ് ചെയ്യേണ്ടവയല്ല എന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല.
  18. എപ്പോഴൊക്കെ ആണ് മൊബൈല്‍ ഫോണ്‍ 'ഓഫ്' ചെയ്തിടെണ്ടതെന്നും 'സൈലന്റ്' ആക്കി വയ്ക്കേണ്ടാതെന്നും ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. മൊബൈല്‍ ഫോണിനു അടിമയായി ആണ് ഇവര്‍ ജീവിക്കുന്നത്.
  19. ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനുള്ള നിബന്ദനകള്‍ ഇന്ത്യയില്‍ താരതമ്യേന ലഘുവാണ്. അതിന്റെ ഗുണം എടുക്കുന്നത് ക്രിമിനല്സും തീവ്രവാദികളും കള്ളകടത്ത്കാരും ആണ്. ഫോണ്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ഈ ഉദാര സമീപനം തടസ്സമാണ്.
  20. മൊബൈല്‍ ഫോണ്‍ സംഭാഷണത്തില്‍ മുഴുകുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പങ്കാളിയെ അവഗണിക്കുന്നതായി തോന്നപെടുകയും വൈവാഹിക ജീവിതത്തില്‍ കല്ലുകടി ഉണ്ടാവുകയും ചെയ്യുന്നു.
  21. ഒരു ദിവസത്തില്‍ 15 കാളുകളില്‍ കൂടുതലും 15 എസ്.എം.എസ്സില്‍ കൂടുതലും ചെയ്യുന്ന കൌമാരക്കാരില്‍ ഉറക്കം കുറവായി കാണപ്പെടുന്നു. പുറമേ മറ്റു മാനസീക അസ്വാസ്ഥ്യങ്ങളും കാണുന്നു.
  22. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധമാറി പോകുന്നു. അതുമൂലം ട്രെയിന്‍ തട്ടി മരിച്ചവരും, വാഹനാപകടത്തില്‍ പെട്ടവരും, കുഴിയില്‍ വീണു മരിച്ചവരും നിരവധിയാണ്.
  23. പുതിയ മോഡല്‍ ഫോണിനോട് ആവേശമുള്ള യുവാക്കള്‍ അത് വാങ്ങാന്‍ അടിക്കടി ഫോണ്‍ മാറ്റുന്നു. അതിനുവേണ്ടി വലിയൊരു തുക പാഴാക്കുന്നു. അല്ലെങ്കില്‍ മോഷ്ടിക്കുന്നു. (സ്കൂള്‍ കുട്ടികള്‍). ഇതു പുതിയ മോഡല്‍ കിട്ടിയാലും രണ്ടു മാസത്തിനപ്പുറം തൃപ്തരല്ല ഇക്കൂട്ടര്‍.
  24. പ്രണയിക്കുന്നവര്‍ മൊബൈല്‍ ഫോണിലൂടെ 24 മണിക്കൂറും സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും കാരണവശാല്‍ ഫോണ്‍ കാള്‍ വന്നില്ലെങ്കില്‍ ഇവര്‍ മാനസീക വിഭ്രാന്തി കാണിക്കുന്നു. ഇതൊരു തരം രോഗമാണ്.
  25. കുടുംബ ബന്ധങ്ങളിലെ ആശയ വിനിമയവും ഊഷ്മളതയും കുറയുന്നു. എല്ലാ അംഗങ്ങളും അവരുടെ സ്വന്തം മൊബൈലില്‍ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നത് ബന്ധങ്ങള്‍ ശിഥിലമാക്കും.

ഞാന്‍ ഒരു മൊബൈല്‍ വിരോധി അല്ല, ഞാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം. ഇതെഴുതുവാന്‍ കാരണം മൊബൈലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രം ആണ്. (ഉപയോഗം നിങ്ങള്‍ക്കറിയാമല്ലോ) ദുരുപയോഗം ഇല്ലായ്മ ചെയ്യേണം, അത് നമ്മുടെ കുഞ്ഞുങ്ങളുടെ നല്ലഭാവിയെ കരുതിയാണ്.

പല മാതാപിതാക്കളും ഇതിന്റെ ദോഷവശങ്ങള്‍ അറിയാതെ വില കൂടിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്നു. ചില കുട്ടികള്‍ സ്വന്തം മാതാപിതാക്കള്‍ അറിയാതെ മൊബൈല്‍ ഉപയോഗിക്കുന്നു. കൂട്ടുകാര്‍ വാങ്ങി കൊടുത്തതാണെന്ന വ്യാജേന. (ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം).

സ്കൂള്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ട് കാണിക്കുന്ന വിക്രിയകള്‍ കണ്ടു പിടിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. വേണ്ട നടപടി എടുക്കാന്‍ അവര്‍ക്ക് അര്‍ജ്ജവശക്തി വേണം. മൊബൈല്‍ ഫോണ്‍ എപ്പോള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് ഒരു 'മാര്‍ഗരേഖ' ആവശ്യമാണെന്ന് തോന്നുന്നു. (ചില വാര്‍ത്തകള്‍ കാണുമ്പോള്‍). 'മൊബൈല്‍ അഡിക്ഷന്‍' ഒരു ചെറിയ രോഗമാണ്. (ഗുരുതരമാവാന്‍ സാധ്യതയുള്ള) മരുന്നില്ലാതെ തന്നെ അല്പം ശ്രദ്ധിച്ചാല്‍ ഇത് മാറ്റാം.

"മൊബൈല്‍ ഫോണ്‍ മനുഷ്യന് വേണ്ടി സൃഷ്ടിച്ചതാണ്; മനുഷ്യനെ മൊബൈല്‍ ഫോണിനു വേണ്ടിയല്ല." (A Short Film - Click here)