Showing posts with label ഗ്രാമം. Show all posts
Showing posts with label ഗ്രാമം. Show all posts

Monday, October 26, 2015

വൈലോപ്പിള്ളി അമ്പലക്കുളം

എന്റെ വീടിനു തൊട്ടടുത്ത്‌ രണ്ടു പ്രധാന ക്ഷേത്രങ്ങൾ ഉണ്ട്. വൈലോപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പാടത്തുകാവ്  ഭഗവതി ക്ഷേത്രവും - രണ്ടമ്പലങ്ങളും   എന്റെ ജീവിതത്തിൽ ഒത്തിരി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നു എടുത്തു പറയാതെ വയ്യ. എന്റെ വീടും കഴിഞ്ഞു ഞാറ്റിയത്തെ  വീടും പറമ്പും കഴിഞ്ഞാൽ തെക്കു ഭാഗത്ത്‌ ആണ് വൈലോപ്പിള്ളി അമ്പലം, തൊട്ടു തന്നെ ഒരേ പറമ്പിൽ പാടത്തുകാവ്  അമ്പലവും ആണ്. പണ്ട് ഈ പ്രദേശത്ത് മതിലുകൾ ഒന്നും ഉണ്ടായിരുന്നില്ല, ചുരുക്കം ചിലയിടത്ത് മാട് കോരും, (മണ്തിട്ട) അത്രമാത്രം.

ഇന്ന് എന്റെ വീടിനും അമ്പലത്തിനും ഇടയിൽ നാലു വാടുകൾ വന്നു ചുറ്റും മതിൽകെട്ടി തിരിച്ചു. അമ്പലങ്ങളും അങ്ങിനെ തന്നെ. രണ്ടമ്പലവും   മതിലു  കെട്ടി വേറെ വേറെ കോമ്പൌണ്ട് ആക്കി മാറ്റി. ഇതെല്ലാം കാലത്തിന്റെ സ്വാഭാവീക മാറ്റങ്ങൾ തന്നെ. 1978 -79 കാലഘട്ടത്തിൽ നിന്നാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്. അന്ന് യാതൊരു മതിലുകളും ഇല്ല, റോഡുകളും വീടുകളും, അമ്പലങ്ങളും എല്ലാം തുറസ്സായി ഒന്നിനോടൊന്നു ചേർന്ന് നിറയെ മരങ്ങളും കാടും എല്ലാം ചേർന്ന് അങ്ങനെ വിശാലമായി കിടക്കുന്നു.    

ഞങ്ങൾ അന്നൊക്കെ തെക്കൻ പറവൂർ യോഹന്നാൻ മൗദാനയുടെ നാമധേയത്തിലുള്ള കത്തോലിക്കാ പള്ളിയിൽ (ഞങ്ങളുടെ പഴയ ഇടവക ) ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞാനും എന്റെ അനിയത്തിയും അമ്മയും (അപ്പച്ചന്റെ അമ്മ) കൂടിയാണ് ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നത്. രാവിലെ എട്ടുമണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ മൂന്നാളും കൂടി നടക്കും. എനിക്കന്നു 5 വയസ്സ് , അനിയത്തിക്ക് 3 വയസ്സും അമ്മ (അമ്മാമ്മ) നല്ല വെളുത്ത ചട്ടയും മുണ്ടും ഒക്കെയായി കാതിൽ കുണുക്കും ചുണ്ടിൽ ചിരിയുമായി മുൻപേ, ഞങ്ങൾ രണ്ടാളും ബോബനും മോളിയും പോലെ വേദപാഠ പുസ്തകവുമായി പിന്നാലെയും.

അന്ന് പഞ്ചായത്ത് വഴിയൊന്നും ഇത്രമാത്രം വികസിച്ചിട്ടില്ല, അമ്പലം  വരെ ചെളി - മണ്‍ റോഡുണ്ട്‌, അതുകഴിഞ്ഞ് വൈലോപ്പിള്ളി അമ്പലത്തിലൂടെ കയറി (അവിടെയും കാടാണ്) പാടത്തു കാവിന്റെ നടയിലൂടെ, നടന്ന് പാടത്തേ ക്കിറങ്ങി വരമ്പിലൂടെ നടക്കും പാടത്തിനക്കരെ മനക്കലെ വീടാണ്  - രാമൻ തിരുമേനിയുടെ തറവാട് - അവരുടെ മുറ്റത്തൂടെ നടന്നാൽ എന്റെ വല്യപ്പന്റെ വീടെത്തും. അവിടെ നിന്നും ചേച്ചിമാരും കൂടും, പിന്നെ ഒരു ചെറിയ ഇടവഴി (തൊണ്ട്) താണ്ടിയാൽ മറ്റത്താം കടവ് എത്തും. അവിടെ വഞ്ചി കാത്തു നിൽപും കൂവി വിളിക്കുന്നതും വഞ്ചിക്കാരൻ കുഞ്ഞൻ സ്വാമിയെയും എങ്ങിനെ മറക്കാൻ? കടത്തു കടന്നാൽ വൈക്കം- തൃപ്പൂണിത്തുറ  റോഡെത്തും, പിന്നെയും പത്തു മിനുട്ട് നടന്നാൽ പള്ളിയായി.

അന്നത്തെ കാലത്ത് അമ്പലങ്ങളുടെയും വീടുകളുടെയും മുറ്റത്തു കൂടി വഴി നടക്കുന്നത് സാധാരണമായിരുന്നു, ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക്  ധൈര്യമായി നടക്കാമായിരുന്നു. ഇന്ന് നമ്മുടെ നാട് വികസിച്ചു, വഴികൾ ധാരാളമായി, ടാറിട്ട റോഡുകൾ, പഞ്ചായത്ത് വഴികൾ എല്ലായിടത്തും എത്തി, വഴികൾ കൃത്യമായി നിർവചിക്കപ്പെട്ടു !! നമ്മുടെ വീടുകളും പറമ്പുകളും പള്ളികളും അമ്പലങ്ങളും എല്ലാം മതിൽ  കെട്ടി  കൃത്യമായും ഭംഗിയും സംരക്ഷിച്ചു. വികസനം നല്ലത് തന്നെ, എങ്കിലും എന്റെ കുട്ടികാലത്ത് അനുഭവിച്ച ആ സ്വാതന്ത്ര്യം എന്റെ കുട്ടികൾക്ക്?

ഒക്കെ ഓരോ തോന്നലാവും - ഓരോ കാലത്തും ഓരോ രീതികൾ - കാലം മാറുമ്പോൾ കോലവും മാറണം എന്നല്ലേ??

പാടത്തു കാവിലെ ആൽത്തറയിൽ എത്രയോ സായാഹ്നങ്ങളാണ് കൂട്ടുകാരുമായി വെടി പറഞ്ഞിരുന്നത്, എന്റെ സ്കൂൾ കാലഘട്ടം വലിയ തറവാടുകളിലെ വീട്ടു പറമ്പുകളിലും അമ്പല പറമ്പുകളിലും ഓടി ച്ചാടി കളിച്ചു നടന്ന ബാല്യകാലം എത്ര സുന്ദരമായിരുന്നു. കോളേജിൽ പടിക്കുമ്പോഴായിരിക്കണം   ആൽത്തറയിൽ ഇരുന്നു എൻ.എസ്.എസ്. (നായർ സർവീസ്)കരയോഗ കമ്മറ്റിയിൽ കൂടിയതും മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതും, എല്ലാം.... അന്ന് ഞങ്ങൾ തമ്മിൽ യാതൊരു വേർതിരിവും ഇല്ലായിരുന്നു! ഇന്നും.

കരയോഗത്തിന്റെ ഊൗട്ടുപുരയിൽ ആയിരുന്നു ഉച്ചക്ക് 2 മണിമുതൽ 5 മണി വരെ ചീട്ടുകളി, യാതൊരു ബഹളവും ഇല്ലാതെ, പൈസ വയ്ക്കാതെ വീറും വാശിയും ഉള്ള സീനിയേഴ്സ് ....... എന്നെയും സന്തോഷിനെയും പോലുള്ള പയ്യന്മാരെ കൂടെ കൂട്ടിയതിൽ അവരോടുള്ള ആദരവും സ്നേഹവും ഇന്നും നെഞ്ചിൽ അണയാതെ ജ്വലിക്കുന്നു. എത്രയോ വർഷം ആ ഊട്ടുപുരയിൽ ചീട്ടുകളിക്കാൻ ഭാഗ്യം ലഭിച്ചു!! അതിനോട് ചേർന്ന് അമ്പലക്കുളം, അതിനെ തട്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ് ....          

പാടത്തു കാവിലെ മുടിയേറ്റ് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ ആണ് എന്റെ ബാല്യ - കൗമാര - യൗവന ദിശകളിൽ എനിക്ക് നല്കിയത്. ഒരു പക്ഷെ എന്നിൽ എന്തെങ്കിലും സാഹിത്യ അഭിരുചിയുണ്ടെങ്കിൽ അതു നാമ്പെടുത്തത് ഈ അമ്പലങ്ങളും അവിടുത്തെ ഉത്സവങ്ങളും എല്ലാം കൊണ്ടായിരിക്കണം, തീർച്ച. മുടിയേറ്റ് കാണാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവ്വം ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.  

1980-90 കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വളരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം തന്നെ. ജാതിയും മതവും നോക്കാതെ ഞങ്ങളെ സ്നേഹിച്ച കാർന്നോന്മാർ ... അവരെ എത്ര സ്തുതിച്ചാലാണ്  മതിയാവുക. എന്റെ ഉറ്റ ചങ്ങാതിമാരുടെ അച്ഛനമ്മമാർ, മുത്തച്ഛന്മാർ, മുത്തശിമാർ   - അവർ എന്റെ തന്നെ അച്ഛനും അമ്മയും ഒക്കെയായി മാറുകയായിരുന്നു. സ്നേഹം വാരിക്കോരി നല്കിയ അവരുടെ പദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.

ഇത്രയും ഓർമ്മിക്കാൻ കാരണം, ഇന്ന് മനു നീന്തൽ പഠിക്കാൻ അമ്പലക്കുളത്തിൽ പോയിരുന്നു. ഈ നല്ല സംരംഭ ത്തിനു ചുക്കാൻ പിടിക്കുന്നത്‌ കൃഷ്ണകുമാർ ചേട്ടനാണ്. (കൃഷ്ണകുമാർ വാരിയർ - റിട്ട. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ) ഏകദേശം നൂറിലധികം കുട്ടികളെ അദ്ദേഹം നീന്തൽ പഠിപ്പിക്കുന്നു, സൌജന്യമായി. വളരെ ശ്രദ്ധ ചെലുത്തി, ശാസ്ത്രീയമായി പറഞ്ഞു കൊടുത്താണ് അദ്ദേഹം അവരെ പഠിപ്പിക്കുന്നത്‌. രാവിലെ 6.30 മുതൽ അമ്പലകുളം സജീവമാകുന്നു, ഇന്ന് 3 വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നത്‌ കണ്ടു! അത്ഭുതം തന്നെ. ഞാൻ പണ്ട് കൂട്ടുകാർ ആ കുളത്തിൽ നീന്തി തുടിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. പേടിയും പിന്നെ ആരും പഠിപ്പിക്കാൻ ഇല്ലാത്തതും ഒക്കെ കൂടി, നീന്തൽ പഠിക്കണമെന്ന മോഹം ചിറകു കരിഞ്ഞു പോയി.        

മനു കുട്ടന് രാവിലെ 7.30 ക്ക് സ്കൂളിൽ പോകേണ്ടതു കൊണ്ട് ഇത്രനാളും നീന്തൽ പഠിക്കാൻ സാധിച്ചില്ല, ഇപ്പോൾ പൂജ അവധി ആയതിനാൽ ഞാൻ അവനെ ഉന്തി തള്ളി രാവിലെ അമ്പലക്കുളത്തിൽ കൊണ്ടുപോയി. അവനു  ശരിക്കും  ഇഷ്ടപ്പട്ടു, നാളെ മുതൽ അവൻ  തന്നെ പോയിക്കൊള്ളമെന്നായി.  കൃഷ്ണകുമാർ ചേട്ടനെ എങ്ങിനെയാണ്‌ പുകഴ് ത്തേണ്ടത്  എന്നെനിക്കറിയില്ല, ഒത്തിരി  നന്ദി  പറയേണ്ട ഒരു പുണ്യ പ്രവൃത്തിയാണ് അദ്ദേഹം നാട്ടുകാർക്ക്‌ വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. ആർക്കും ഏതു ദേശത്തുള്ളവർക്കും കടന്നു വരാം, നീന്തൽ പഠിക്കാം, അദ്ദേഹം രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  

"ഇനി വരുന്നൊരു തലമുറയ്ക്ക് ...
ഇവിടെ വാസം സാധ്യമോ ...."
ഈ ചോദ്യത്തിനുള്ള  ഉത്തരമാണ്, ഇന്നെനിക്കു കിട്ടിയത്.  

   

Tuesday, March 10, 2015

രണ്ടു കത്തുകൾ

രണ്ടു കത്തുകൾ : ആസ്ട്രേലിയയിൽ ഉള്ള കുട്ടേട്ടന് അയച്ചത്

(1) വിശുദ്ധിയുടെ നാളുകൾ ...

കുട്ടേട്ടനും കുടുംബത്തിനും
വലിയ നൊയമ്പിന്റെ ആശംസകൾ!

കഴിഞ്ഞ രണ്ടാഴ്ച്ചയായി കാലിൽ ചെറിയൊരു നീരുമായി മൽപിടുത്തം നടത്തി കൊണ്ടിരിക്കുകയാണ് ഞാൻ. ആദ്യത്തെ 3-4 ദിവസം നല്ല നീരുണ്ടായിരുന്നു, ഹോമിയോ മരുന്ന് കഴിച്ചു അല്പം ശമനം കണ്ടതിനു ശേഷം ഓഫീസിൽ പോയി തുടങ്ങി. 4 ദിവസം വിശ്രമിച്ചു, വിശ്രമിക്കാൻ ദൈവം കൊണ്ടു തരുന്ന ഓരോരോ വഴികൾ. ഇപ്പോൾ ചെറിയ വേദനയും അൽപം നീരും നിറ വ്യത്യാസവും ഉണ്ട്, എങ്കിലും രോഗം അണ്ടർ കണ്ട്രോൾ ആണ്. ദൈവത്തിനു സ്തുതി. യൂറിക് ആസിഡ് കൂടിയതും അല്പം വെരോകോസ് ശല്യവും ആണ് എന്റെ വലതു കാലിനെ ശല്യപ്പെടുത്തുന്നത് എന്നാണ് ഡോക്ടറുടെ നിഗമനം.        

വീട്ടിലെ കാര്യങ്ങൾ നല്ലപോലെ പോകുന്നു. മനു 7 മണിക്ക് സ്കൂളിൽ പോകും, ഏഞ്ചൽ 9  മണിക്കും. പിന്നെ ജിമ്മി കുട്ടനും അമ്മമ്മയും കൂടി മീൻ വരുന്നതും കാത്തിരിക്കും. മീൻ വെട്ട്, പൂച്ചക്ക് കൊടുക്കൽ, കോഴിയെ നോക്കൽ, ഒക്കെയായി അവർ തിരക്കിലാവും, പിന്നെ ജിമ്മിയുടെ കുളി, കുറുക്കു കുടി, ഉച്ചമയക്കം ഒക്കെ കഴിയുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങും, ആദ്യം ഏഞ്ചൽ 3 മണിക്കും മനു 4 മണിക്കും എത്തും. പിന്നെ കളി, തല്ലുകൂടൽ, ടി.വി .കാണൽ ...             

ചേട്ടൻ ഓർക്കുന്നുണ്ടോ നമ്മുടെ വീട്ടിലെ ഊണുമുറിയിൽ മൂലയ്ക്ക് കെട്ടി തൂക്കിയിടുന്ന പഴക്കുല? ഇപ്പോഴും അപ്പച്ചന് പ്രധാനം വാഴകൃഷി തന്നെ. അതുപോലെ ചേട്ടന് വഴപ്പഴത്തോടുണ്ടായിരുന്ന താൽപര്യം പാരമ്പര്യമായി കിട്ടിയിരിക്കുന്നത് ജിമ്മിക്കാണ്. അവനു പഴം എന്ന് കേട്ടാൽ ജീവനാണ്, അമ്മച്ചിയുടെ സാരി പിടിച്ചു വലിച്ച് അടുക്കളയിൽ കൊണ്ടുപോയി വഴക്കുലയിലേക്ക് ചൂണ്ടി കാണിക്കും. ജോമൽ എന്നാണ് അവനെ അമ്മച്ചി വിളിക്കുന്നത്‌, അവൻ അക്ഷരങ്ങൾ പറഞ്ഞു തുടങ്ങിയിട്ടില്ല.       
അപ്പച്ചൻ കുറച്ചു മഞ്ഞൾ, ചെമ്പു -ചേന, അടക്ക, കുരുമുളക് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് ഓണം പോലെ നടത്തുന്നു. (വ്യാവസായികമായി) അല്ലാതെ വീട്ടിലേക്ക് വഴ, കുമ്പളം മാങ്ങാ ഒക്കെ കിട്ടും. ഞാനും   അജിതയും കൂടി ടെറസ്സിൽ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് - ചീര ,വേണ്ട ,കോവൽ,അച്ചിങ്ങ ഒക്കെ കുറച്ചു  വിളവെടുക്കാൻ പറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കറി വക്കാൻ സ്വയം പര്യാപ്തത!! 

ജോമലിനു ഈ മാസം 25-ആം തീയതി രണ്ടു വയസ്സാവും.

കൂടുതൽ വിവരങ്ങളുമായി പിന്നെ കാണാം

(2) തിരുവാണിയൂർ - - നന്മ നിറഞ്ഞ ഗ്രാമം

പ്രിയ കുട്ടേട്ടൻ,
കഴിഞ്ഞ കത്ത് കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു.

അതിനുശേഷം രണ്ടു ദിവസം ഭാര്യവീട്ടിൽ ആയിരുന്നു, അതിന്റെ വിശേഷങ്ങൾ ഇനിയെഴുതാം.

ഞാൻ  ശനിയാഴ്ച രാവിലെ ഓഫീസിൽ പോകുന്ന വഴി അജിതയെയും കുട്ടിപട്ടാളത്തെയും തിരുവാണിയൂർ വീട്ടിൽ ആക്കി, വൈകുന്നേരം അവിടെയെത്തി ഞായറാഴ്ച വിശ്രമവും കഴിഞ്ഞ് 6 മണിക്ക് തിരിച്ചെത്തി .   
ഞങ്ങൾ മിക്കവാറും എല്ലാ മാസവും അജിതയുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും അടുത്ത് പോകാറുണ്ട്. തിരുവാണിയൂർ നമ്മുടെ പെരുമ്പിള്ളിയേക്കാൾ വികസനം  കുറഞ്ഞ ഒരു പ്രദേശമാണ്. പുരോഗമനം കൂടുന്തോറും  കുറച്ചു കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ മാത്രമായി നമ്മുടെ ഗ്രാമങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നത് കഷ്ടമാണ്. അവിടെ നല്ല പച്ചപ്പുണ്ട്‌, കൃഷി ചെയ്യുന്ന പാടങ്ങൾ കാണാൻ എന്തൊരു ഭംഗിയാണ്. അവിടങ്ങളിൽ അച്ചിങ്ങാപ്പയർ, വെള്ളരി, പടവലം, പാവയ്ക്കാ ഇവയൊക്കെ ധാരാളമായി കൃഷി ചെയ്യുന്നതു കാണാം. അജിതയുടെ വീടിനു ഒരു വശത്ത് നല്ല പാടമാണ്. (നമ്മുടെ അല്ല) അതിലൂടെ സർക്കാർ ജലസേചന പദ്ധതിയുടെ കനാൽ (ചെറിയ തോട്) പോകുന്നുണ്ട്, അവിടെ മുട്ടിനു താഴെ മാത്രമേ വെള്ളം ഒഴുകൂ, അക്കരെയിക്കരെ ചാടാം. അതുകൊണ്ട് മനുകുട്ടനും ഏഞ്ചമ്മയ്ക്കും വലിയ ഉത്സാഹമാണ് അവിടെ പോകാൻ.
പാടത്തു നിന്നും പച്ചക്കറി വാങ്ങി - വെള്ളരിക്കയും മാങ്ങയും, കുമ്പളങ്ങ മോരൊഴിച്ചു കൂട്ടാൻ, അച്ചിങ്ങാ മെഴുക്കുപെരട്ടി, പടവലം തോരൻ - ഇത്യാദി കറികളൊക്കെ ഉണ്ടാക്കും. ഇവിടെ കടുത്ത വേനൽ തുടങ്ങി, വേനലിന് ഇമ്മാതിരി നടൻ കറികൾ നല്ലതാണ്.
അടുത്ത് വലിയ റോഡുകൾ ഒന്നും ഇല്ലാത്തതിനാൽ തീർത്തും നിശബ്ദമാണ് വീടിരിക്കുന്നിടം.
വീടിന് അടുത്ത് ഒരു നമ്പൂതിരി മനയുണ്ട്, പാചകം -സദ്യ യാണ് അവരുടെ തൊഴിൽ. വളരെ പ്രശസ്തരായ സദ്യക്കാരാണ്. അപ്പച്ചൻ പണ്ട് അവിടെ പട്ടു പഠിപ്പിക്കാൻ പോയിരുന്നു, അങ്ങിനെ തുടങ്ങിയ നല്ല ബന്ധമാണ്. ഇടയ്ക്ക് പായസം ഒക്കെ കിട്ടും. ചേട്ടൻ അടുത്ത പ്രാവശ്യം ലീവിന് വരുമ്പോൾ നമുക്ക് തീർച്ചയായും തിരുവാണിയൂർ പോവണം.  
സസ്നേഹം

ജോസി വർക്കി

Friday, August 03, 2012

പ്ലാവും തെങ്ങും റബറും

ചക്ക പഴം (വരിക്കച്ചക്ക, കൂഴച്ചക്ക, തേന്‍ വരിക്ക മുതലായവ) വീട്ടിലുണ്ടാവുന്നത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വിഷം തളിച്ച മാമ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങളെക്കാള്‍ എന്തുകൊണ്ടും രുചികരവും ആരോഗ്യപ്രദവും ആണ്.
ചക്കക്കുരു, ചെമ്മീന്‍ ഇട്ടു കറിവയ്ക്കാം. ചക്കക്കുരു-മാങ്ങാ-മുരിങ്ങക്കോല്‍  കറി വളരെ രുചികരമായ ഒരു കേരളീയ നാടന്‍ വിഭവമാണ്.
ചക്ക പച്ചയായും പലതരത്തില്‍ കറിവയ്ക്കാം.
ചക്കപ്പുഴുക്ക് - ചക്ക, മാങ്ങാ, മുരിങ്ങക്കോല്‍ എന്നിവ ചേര്‍ത്ത് തേങ്ങ ചിരകിയതും ഇട്ടു അവിയല്‍ പരുവത്തില്‍ വച്ചാല്‍ നല്ല രുചിയാണ്.
ചക്കമടല്‍ മുള്ളുള്ള പുറം ഭാഗം ചെത്തിക്കളഞ്ഞു ചെറുതായി അറിഞ്ഞു തോരന്‍  വയ്ക്കാം, ഉലര്‍ത്തിയും കൂട്ടാം.
പച്ചയായി വറുത്താല്‍ ചക്ക നല്ലൊരു നാലുമണി സ്നാക്ക് ആണ്. 
പ്ലാവില ആടിനും പശുവിനും കൊടുക്കാം.
തടി കൊണ്ട് വീട്ടുപകരണങ്ങള്‍, ജനല്‍, വാതില്‍  എന്നിവ ഉണ്ടാക്കാം.

തേങ്ങ കേരളീയരുടെ ഒട്ടുമിക്ക കറികള്‍ക്കും ഒഴിച്ചുകൂട്ടാനാവാത്ത ഒരു ചേരുവ ആണല്ലോ.
തെങ്ങപ്പാലുകൊണ്ട് പായസം, മീന്‍ മോളീ എന്നിവ ഉണ്ടാക്കാം. തെങ്ങപ്പാലോഴിച്ചു ഇടിയപ്പം കഴിക്കാം.
വെളിച്ചെണ്ണ, ശുദ്ധമായി തയ്യാറാക്കിയത്, വളരെ ആരോഗ്യദായകം ആണ്. യാതൊരു പാര്‍ശ്വഫലങ്ങളും   ഇല്ല.
തേങ്ങ ചകിരി കൊണ്ട് പല കയര്‍ ഉല്പന്നങ്ങളും ചിരട്ട കൊണ്ട് പല കരകൌശല വസ്തുക്കളും തേങ്ങ വെള്ളം കൊണ്ട് പലതരാം  പാനീയങ്ങളും ഉണ്ടാക്കാം.
കൊപ്ര ആട്ടി വെളിച്ചെണ്ണ എടുത്ത ശേഷം ലഭിക്കുന്ന പിണ്ണാക്ക് കന്നുകാലികള്‍ക്ക് നല്ലൊരു തീറ്റയാണ്, കൃഷിയില്‍ വളമായും ഉപയോഗിക്കാം.
തെങ്ങിന്റെ ഓല മടല്‍ കൊണ്ട് (മേല്‍ക്കൂര) പുര മേയാം. ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കാം.
തെങ്ങിന്‍ തടി പല വീട്ടു സാമഗ്രികളും പണിയാന്‍ ഉപയോഗിക്കുന്നു. 

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ സ്കൂളില്‍  പ്രൈമറി ക്ലാസ്സിലെ ഉപന്യാസം മാത്രമല്ല. ഇതുകൂടി വായിക്കൂ,

ഞാന്‍ (മലയാളി) പ്ലാവും തെങ്ങും മാവും വെട്ടിക്കളഞ്ഞു, പറമ്പിലെല്ലാം റബര്‍ മരങ്ങള്‍ നാട്ടു. റബര്‍ പാലുകൊണ്ട് ഷീറ്റ് ഉണ്ടാക്കി വിറ്റ് കാശുണ്ടാക്കി!! ആ കാശ് കൊടുത്തു 'ഷവര്‍മ' വാങ്ങി കഴിച്ചു, ലെയ്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. കുടുംബത്തോടെ കെ.എഫ്.സി.യില്‍ പോയി അജിനോ മോട്ടോ ചേര്‍ത്ത ചിക്കന്‍ പൊരിച്ചതും പുഴുങ്ങിയതും വാങ്ങി കഴിച്ചു. പാമോയില്‍ വാങ്ങി കറികളില്‍ ഒഴിച്ചു.

വിഷം തളിച്ച തമിഴ്നാടന്‍ പച്ചക്കറികള്‍ വാങ്ങി...
വിഷത്തില്‍ മുക്കിയ മാമ്പഴവും മുന്തിരിയും ആപ്പിളും വാങ്ങി...

കേരളത്തില്‍ ഇപ്പോള്‍ മഴക്കാലം വന്നാല്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നു. എല്ലാക്കാലത്തും പ്രമേഹം, ഹൃദ്രോഹം, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുമായി മല്‍പിടുത്തം നടത്തുന്ന നാം, റബര്‍ ഷീറ്റ് വിറ്റ കാശെല്ലാം ആശുപതി വരാന്തകള്‍ നിരങ്ങാന്‍ ചിലവാക്കി!       

ഇതാണോ വികസനം? ഇതാണോ പുരോഗതി?

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Saturday, September 03, 2011

മകനേ ഇതിന്ത്യയുടെ ഭൂപടം


ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ്‌ ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?

എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത്‌ നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?

ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത്‌ വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത്‌ അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്‌. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!

ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?

"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)

Friday, March 06, 2009

മുളന്തുരുത്തി (എന്‍റെ ഗ്രാമം)

മുളന്തുരുത്തി എന്നാല്‍ 'Bamboo Island' എന്ന് പറയാം ആംഗലേയ ഭാഷയില്‍. എറണാകുളം ജില്ലയുടെ തെക്കേ അറ്റം. പണ്ട് കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ഇവിടെ ആയിരുന്നു. എന്റെ വീട്ടിലെ 'പശു തൊഴുത്ത്' കോട്ടയം ജില്ലയിലാണെന്ന് പണ്ടു സഹപാഠികള്‍ കളിയാക്കുമായിരുന്നു. (കൃത്യമായി പറഞ്ഞാല്‍ എറണാകുളം ജങ്ക്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 20 കി.മി.) എറണാകുളത്തു നിന്നും കോട്ടയം വഴിയുള്ള ഇതു ട്രെയിന്‍-ഇല്‍ കയറിയാലും മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന്‍ കാണാം. പക്ഷെ പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ അവിടെ നിര്‍ത്തൂ.

മുളന്തുരുത്തിയുടെ ചരിത്രം:

പ്രാചീന ചരിത്രകാരന്‍ മെഗാസ്തനിസ് കേരളത്തിലെ തുറമുഖ നഗരങ്ങളെക്കുറിച്ച് പറയുന്നതിനിടയ്ക്ക് തൃപ്പൂണിത്തുറ ഒരു പ്രധാന തുറമുഖ പട്ടണമാണെന്ന് രേഖപ്പെടുത്തുന്നു. ഈ വാദം മുളന്തുരുത്തിയും തുരുത്തും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. ഒരു പക്ഷെ സമീപ പ്രദേശങ്ങളായ ചെമ്പ്, ഉദയംപേരൂര്‍ എന്നീ സ്ഥലങ്ങളും ഒരു കാലത്ത് കടലിന്നടിയിലായിരുന്നുവെന്നും മുളന്തുരുത്തി കരയായി രൂപപെട്ടതിനാല്‍ 'തുരുത്ത്' എന്ന നാമം ലഭിച്ചുവെന്നും വിശ്വസിക്കാം. വെള്ളത്തോട് തൊട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ വളര്‍ന്നു വന്ന മുളകള്‍ മൂലം 'മുളം-തുരുത്ത്' എന്ന നാമം ഉണ്ടായി,, കാലക്രമേണ മുളന്തുരുത്തിയായി മാറി.ബി.സി. നാലാം ശതകത്തില്‍ എഴുതിയ മെഗസ്തനീസിന്റെ രേഖകളില്‍ മുളന്തുരുത്തിയെ പരാമര്‍ശിക്കുന്നില്ല. ഇതിനു കാരണം മുളന്തുരുത്തിഅക്കാലത്ത് കടലിന്നടിയില്‍ ആയിരുന്നു എന്നതാകാം. പിന്നീട് കരയായി രൂപപ്പെട്ടു. അതായത് പടിഞ്ഞാറ് കായലുള്ള തുരുത്തായിരുന്നു മുളന്തുരുത്തി. (വളരെ അകലെയല്ല വേമ്പനാട്ടു കായല്‍) ആദിവാസി സംസ്കാരവും, കാട്ടുജാതി സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. കാളിവളര്‍ത്തലും കൃഷിയും ആയിരുന്നു പ്രധാന തൊഴില്‍.ഇവിടുത്തെ പ്രാചീന മനുഷ്യ വര്‍ഗ്ഗത്തിന്റെ ദൈവ സങ്കല്‍പം ദേവി ആയിരുന്നു. വനത്തില്‍ പുല്ലരിയാന്‍ പോയ ആദിവാസി യുവതി ഒരു കരിന്കള്ളില്‍ പണിയായുധം തേച്ചു മൂര്‍ച്ച വരുത്തിയപ്പോള്‍ അതില്‍ ചോര പൊടിഞ്ഞെന്നും അത് ദേവി ചൈതന്യമായിരുന്നെന്നും ചോറ്റാനിക്കര ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വ്യക്തമാക്കുന്നു. ഈ ആദിമ നിവാസികളുടെ ആരാധന സങ്കേതങ്ങളില്‍ നിന്നാണ് 'കാവ്' എന്ന സങ്കല്‍പം രൂപപെട്ടത്. കാക്കുന്നത് അഥവാ സംരക്ഷിക്കുന്നത്എന്നു കവിന്നര്‍ത്ഥം.

ചോറ്റാനിക്കര ക്ഷേത്രത്തിലെ 'കീഴ്കാവ്' ദുര്‍ഗ്ഗ പ്രതിഷ്ടയുടെതാണ്. ആ നാമത്തിലെ കാവ് എന്ന സൂചനയും അവിടുത്തെ ചില ആരാധന രീതികളും ആദിമ മനുഷ്യരുടെ ആരാധന രീതികളുമായി സമരസപ്പെടുന്നതാണ്. മനുഷ്യ ശരീരത്തില്‍ കുടിയേറിയ ബാധ ഒഴിപ്പിക്കുന്നതിനുള്ള തുള്ളല്‍, അഭീഷ്ടസിദ്ധിക്കായി നരബലിയെ ഓര്‍മ്മിപ്പിക്കുന്ന ഗുരുതി എന്നിവ ഈ ആചാരങ്ങളില്‍ പെടുന്നു. തുരുത്തിക്കര (വെട്ടികുളം) മറ്റപ്പള്ളി കാവ്, പാടത്തു കാവ് (പെരുമ്പള്ളി) എന്നെ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങള്‍ കണ്ടു വരുന്നു. പൈങ്ങാരപ്പള്ളി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും പെരുമ്പിള്ളി പാടത്തു കാവ് ഭഗവതി ക്ഷേത്രത്തിലും 'മുടിയേറ്റ്‌' മഹോത്സവം നടക്കുന്നു.എ.ഡി.1100 നും 1125 നും മദ്ധ്യേ മുളന്തുരുത്തി പള്ളി സ്ഥാപിക്കപ്പെട്ടു. മലങ്കര സഭയുടെ 'മാഗ്നകാര്‍ട്ട' എന്നറിയപ്പെടുന്ന മുളന്തുരുത്തി സുന്നഹദോസ് [എ.ഡി 1876] ചരിത്ര പ്രാധാന്യമുള്ളതാണ്. പള്ളിയുടെ മദ്ബഹ വളരെ ആകര്‍ഷകമാണ്. മുളന്തുരുത്തി പള്ളിയില്‍ മരത്തില്‍ കൊത്ത് പണി ചെയ്ത പല ശില്പ വിദ്യകളും കാണാം. തോമശ്ലീഹാ ഇന്ത്യയില്‍ എത്തിയതിന്റെ ജൂബിലി പെരുന്നാള്‍ ആണ് ഇവിടുത്തെ പ്രധാന പെരുന്നാള്‍ - ഡിസംബര്‍ മാസത്തില്‍. മുളതുരുത്തിയുടെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന നാമമാണ് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി'. എ.ഡി 1848 ജൂണ്‍ മാസത്തില്‍ മുളന്തുരുത്തി ചത്തുരുത്തി തറവാട്ടില്‍ ശ്രീ കൊച്ചു മത്തായിയുടെയും മറിയത്തിന്റെയും ഇളയ മകനായി ജനിച്ച ഗീവര്‍ഗീസ് എന്ന ബാലനാണ് പില്‍ക്കാലത്ത് 'പരിശുദ്ധ ചത്തുരുത്തി കൊച്ചുതിരുമേനി' എന്ന പേരില്‍ ലോക പ്രശസ്തനായത്.

വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും ഉന്നതിയിലെത്താന്‍ മുളന്തുരുത്തിക്ക് കഴിഞ്ഞിട്ടുണ്ട്. മഹാകവി വൈലോപ്പള്ളി ശ്രീധര മേനോന്‍ മുളന്തുരുത്തി ഗവ. സ്കൂളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ തൂലികയില്‍ നിന്നടര്‍ന്നു വീണ 'മാമ്പഴം' എന്ന കവിതയ്ക്ക് കാരണമായ മാവ് ഇന്നും ഈ സ്കൂള്‍ മുറ്റത്ത്‌ പന്തലിച്ചു നില്‍ക്കുന്നുണ്ട്‌. മുളന്തുരുത്തി പബ്ലിക് ലൈബ്രറി 1932 ഇല്‍ സ്ഥാപിക്കപ്പെട്ടു.മലയാളത്തിന്റെ പ്രശസ്ത കവിയത്രി 'വിജയലക്ഷ്മി' മുളന്തുരുത്തി ഗ്രാമത്തില്‍ പെരുമ്പിള്ളി ദേശക്കാരിയാണ്. അതാണ്‌ ഞങ്ങള്‍ക്ക് ചുള്ളികാടുമായുള്ള ബന്ധം!! മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ മോഹന്‍ ലാല്‍ സിനിമ 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ചിത്രീകരിച്ചത് പെരുമ്പിള്ളി പടത്തുകാവ് പരിസരത്താണ്. (ഈ ഗ്രാമം കാണാം) OEN - INDIA എന്ന പ്രമുഖ ബിസിനസ് സ്ഥാപനം നിലകൊള്ളുന്നത് മുളന്തുരുത്തിയിലാണ്.

ഇനിയുമൊത്തിരി ഉണ്ട് മുളന്തുരുത്തിയെക്കുറിച്ച് പറയാന്‍. വഴെയേ പറയാം. ജനിച്ചു വളര്‍ന്ന, പിച്ച വച്ച് നടന്ന, പഠിച്ചു വലുതായ സ്വന്തം ഗ്രാമത്തെ മറക്കാനാവുമോ ആര്‍ക്കെങ്കിലും?? അമ്മയുടെ പൊക്കിള്‍കൊടി പോലെ, എവിടെയായാലും നമ്മുടെ ഗ്രാമം നമ്മെ വിളിക്കും.

തിരക്കിനിടയില്‍ യാന്ത്രികമായി പോകുന്ന ജീവിതം!!

എങ്കിലും എനിക്കു ഉറക്കെ പാടാന്‍ തോന്നുന്നു...
"മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപൂവും...."