Showing posts with label അപകടം.. Show all posts
Showing posts with label അപകടം.. Show all posts

Thursday, July 04, 2013

മൊബൈൽ ഫോണ്‍ ശല്യമാവുമ്പോൾ!

ദിവസവും രാവിലെ പത്രമെടുത്താല്‍ കൊലപാതകം,പീഡനം തുടങ്ങിയ വാര്‍ത്തകള്‍ തന്നെ മുന്‍പേജില്‍.. ഇതിലെല്ലാം ഒരു സ്ഥിരം വില്ലനായിരിക്കുന്നു 'സെല്‍ ഫോണ്‍' ?വിവര സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല സംഭാവനയാണ് മൊബൈല്‍ സാങ്കേതിക വിദ്യ. എന്നാല്‍ വൈദ്യുതിയുമായി  വളരെ ശ്രദ്ധാപൂര്‍വ്വം  ഇടപഴകിയില്ലെങ്കില്‍ ഷോക്ക് ഏല്‍ക്കുകയും ഒരുപക്ഷെ ജീവന്‍ വരെ നഷ്ടപെട്ടേക്കാമെന്നപൊലെ മൊബൈല്‍ ഫോണും വളരെ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നു. 

പല അവിഹിതബന്ധങ്ങള്‍ക്കും തുടര്‍ന്ന് കൊലപാതങ്ങള്‍ക്കും ഇന്ന് മൊബൈല്‍ ഫോണ്‍ വഴിമരുന്നിടുന്നു. ഒരു മിസ്സ്ഡ് കോളില്‍ തുടങ്ങി സ്വന്തം കുടുംബത്തെയും കുട്ടികളെയും മറന്നു അന്യ പുരുഷന്റെ /സ്ത്രീയുടെ കൂടെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപോകാന്‍ വിവാഹിതരും കുടുംബസ്ഥരും  തുനിയുന്നത് മനുഷ്യന്റെ മാനസീക ചാപല്യത്തെയും മൂല്യച്ച്യുതിയേയും സൂചിപ്പിക്കുന്നു 

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പോലെ ഇന്ന് കാമുകനെയും കാമുകിയും തോന്നുമ്പോള്‍ തോന്നുമ്പോള്‍ മാറുന്നത് ഒരു ഫാഷന്‍ ആയി വിദ്യാര്‍ത്ഥികളും കൌമാരക്കാരും കരുതുന്നു എന്നാല്‍ അതിശയം കുടുംബവും കുട്ടികളും ഉള്ള സംസ്കര സമ്പന്നരും വിദ്യാസമ്പന്നരും ഈ 'മൊബൈല്‍'
ചതികുഴികളില്‍ വീണു പോകുന്നു എന്നതാണ് .

ബീഹാറിലെ സുന്ദര്‍ബാരി ഗ്രാമത്തില്‍ ഈ കഴിഞ്ഞ മാസം സ്ത്രീകള്‍ മൊബൈല്‍ ഉപയിക്കുന്നത് ഗ്രാമസഭ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പാറ്റ്ന യില്‍ നിന്നും 400 കിമി അകലെയുള്ള ഈ ഗ്രാമത്തില്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെടുകയും പിടിക്കപെടുകയും ചെയ്‌താല്‍ 10000 രൂപയാണ് പിഴ. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം വീടിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള അനുവാദം ഉണ്ട് .എന്നാല്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ അവര്‍ക്കും പിഴയുണ്ട് . 2000 രൂപ.

സ്ത്രീവിമോചന പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനക്കാരും ഈ നിയമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഗ്രാമ മുഖ്യര്‍ ഈ നിയമവുമായി മുന്‍പോട്ടു പോകുകയാണ് . അവര്‍ പറയുന്ന കരങ്ങള്‍ ഇവയാണ്. വിവാഹേതര ബന്ധങ്ങളും വിവാഹബാഹ്യ അവിഹിത ബന്ധങ്ങളും കൂടുന്നു, അതിലെല്ലാം ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ് . വിവാഹിതരും അവിവാഹിതരും ആയ യുവതികളെ കാണാതാകുന്നു . ഒരു മിസ്ഡ് കോളില്‍ പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടുന്ന യുവതികള്‍     ദുരുപയോഗിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപെടുന്നു .അവസാനം ആത്മഹത്യകളില്‍ അവസാനിക്കുന്ന, ഈ ദുരന്ത കഥകള്‍. ബീഹാര്‍ പോലെ സാക്ഷരതയും വിദ്യാഭ്യാസവും വികസനവും കുറഞ്ഞ നാട്ടില്‍ മാത്രമല്ല, കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബങ്ങളിലും ആവര്‍ത്തിക്കുന്നത് നാം നിത്യേന പത്രമാധ്യമങ്ങളില്‍ കൂടി അറിയുന്നു 

മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗവും അനാവശ്യമായ ഉപയോഗവും കൂടി വരുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ സകലരും കാറ്റില്‍ പറത്തുന്നു. യാതൊരു തത്വദീക്ഷയും ഇല്ലാതെ മരണവീട്ടിലും ദേവാലയത്തിലും പൊതുസ്ഥലങ്ങളിലും ഈ സാധനം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു. ഒരു മനുഷ്യന്‍റെ സുപ്രധാന അവയവങ്ങളായ തലച്ചോര്‍, ഹൃദയം, പുനരുല്പദന അവയവങ്ങള്‍  തുടങ്ങിയവ മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഏറ്റുവാങ്ങി ക്രയശേഷി കുറഞ്ഞു , മൃത്യുവിലേയ്ക്ക് നമ്മെ നയിക്കുന്നു. ലാന്‍ഡ്‌ ഫോണ്‍ കൂടുതലായി ഉപയോഗിച്ച് ഈ ദൂഷ്യത്തില്‍ നിന്നും നമുക്ക് കുറച്ചൊക്കെ രക്ഷനേടാം. കട്ടിലില്‍ കിടന്നു മൊബൈല്‍ കാതില്‍ വയ്ക്കുമ്പോള്‍ സംസാരിച്ചു സമയം പോകുന്നത് അറിയുന്നേയില്ല . മറിച്ച്  ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിച്ചാല്‍ നാം സംസാര ദൈര്‍ഘ്യത്തെ ക്കുറിച്ച് കുറേക്കൂടി ബോധവാന്മാരായിരിക്കും.             

ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണില്‍ അധികസമയം സംസാരിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷമുണ്ടാക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വളരെ വ്യക്തമായിരിക്കുന്ന ഒരു കാര്യമാണ് കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ (ഗര്‍ഭിണിയുടെ) മൊബൈല്‍  ഉപയോഗം ബാധിക്കുന്നുവെന്നത്. അങ്ങിനെ പിറക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, പിരിപിരുപ്പന്‍ സ്വഭാവം, പഠന വൈകല്യങ്ങള്‍, അമിതവാശി തുടങ്ങിയ പെരുമാറ്റ വികലതകള്‍ കൂടുതലായി കണ്ടുവരുന്നു. ഭര്‍ത്താവ് പുകവലിച്ചാല്‍ ഗര്‍ഭിണിയുടെ      ശ്വസനത്തിലൂടെ കുട്ടിക്ക് ദോഷം ഭാവിക്കുന്നതുപോലെയോ അതിലധികമായോ അമ്മയുടെ ഫോണ്‍ വിളി ഉദരത്തിലെ ശിശുവിനു ദോഷകരമായി ഭവിക്കുന്നു.

ഈയിടെ ഒരു ആശുപത്രിയിൽ നവജാത ശിശു വാർഡിൽ ചെന്നപ്പോൾ കണ്ടത് ഓരോ ബെഡിലും തലയണയ്ക്കടുത്ത് തന്നെ മൊബൈൽ ഫോണ്‍ വച്ചിരിക്കുന്നതാണ്. അതായത് കുഞ്ഞിൽ നിന്നും ഏതാനും ഇഞ്ചു മാത്രം ദൂരെയായി! എത്ര മാരകമാണ് ഇതെന്ന് അമ്മമാർ അറിയുന്നില്ല, ആശുപത്രി അധികാരികളും ശ്രദ്ധിക്കുന്നില്ല? നമ്മുടെ കുഞ്ഞുങ്ങളിൽ  ADHD -യുടെ ലക്ഷണങ്ങൾ ആയ, കൂടിയ തരത്തിലുള്ള പിരുപിരപ്പാൻ സ്വഭാവം, ബഹളം , വാശിപിടുത്തം, ശ്രദ്ധക്കുറവ്  തിടങ്ങിയവ കാണുന്നുണ്ടെങ്കിൽ, ചിന്തിച്ചു നോക്കൂ നാം എത്ര അശ്രദ്ധമായിട്ടാണ് ഗർഭാവസ്ഥയിലും പിന്നീടും മൊബൈൽ ഉപയോഗിച്ചിരുന്നതെന്ന്.       

ഓർക്കുക നിങ്ങളുടെ അടുത്ത് ഒരു ലാൻഡ്‌ ഫോണ്‍ ഉണ്ടെങ്കിൽ അതുപയോഗിക്കാൻ ശ്രമിക്കുക, മൊബൈൽ  ഉപയോഗം പരമാവധി കുറയ്ക്കുക. ഓഫീസിലും വീട്ടിലും തീർച്ചയായും ലാൻഡ്‌ ഫോണ്‍ ഉണ്ടാവും, പക്ഷെ നാം സൌകര്യത്തിനു വേണ്ടി എപ്പോഴും മൊബൈൽ ഫോണ്‍ തന്നെ ഉപയോഗിക്കുന്നു.

രാത്രി 9 മണികഴിഞ്ഞ് മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്തുവയ്ക്കുക, പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കുന്നവ ആണെങ്കിൽ. സ്കൂൾ / കോളേജ് കുട്ടികൾ ഒറ്റയ്ക്ക് മുറിയിലും കുളിമുറിയിലും ഇരുന്നു ശബ്ദം കുറച്ചു പതിയെ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ വിലക്കുക.


ഏതു നേരവും മൊബൈൽ അടിച്ചാൽ എടുക്കണം എന്ന നിർബന്ധം ഒഴിവാക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ, മൊബൈൽ ഒഴിവാക്കി പിന്നീട് തിരികെ വിളിച്ചാൽ മതിയാവും.    മൊബൈൽ ഫോണ്‍  ഒഴിവാക്കണം എന്നല്ല പറയുന്നത്, മറിച്ച് അതുപയോഗിക്കുമ്പോൾ സ്വയം കുറച്ചു   നിയന്ത്രണം നല്ലതാണ്.         






Sunday, August 14, 2011

സുഖമൊരു ബിന്ദു ... ദുഖ:മൊരു ബിന്ദു ...

ഇന്നലെ ഓഫീസിലെ തിരക്കൊഴിഞ്ഞു 'ജനശതാബ്ധി എക്സ്പ്രസ്സ്‌' ഓടി പിടിക്കുമ്പോള്‍ സമയം 5.30,വളരെ ക്ഷീണം ഉണ്ടായിരുന്നു. തിരക്കുമൂലം സീറ്റൊന്നും കിട്ടിയില്ല. മാത്രവുമല്ല എന്റെ കയ്യില്‍ ഒരു ഓപ്പണ്‍ ടിക്കറ്റ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അത് കാണിച്ചപ്പോള്‍, ടിക്കറ്റ്‌ പരിശോധകന്‍ അടുത്ത സ്റ്റോപ്പില്‍ (ആലപ്പുഴ) ഇറങ്ങി പിന്നാലെ വരുന്ന വണ്ടിയില്‍ പോന്നാല്‍ മതിയെന്നൊരു ഭീഷണിയും മുഴക്കി. എങ്കിലും 'ജനശതാബ്ദി'യില്‍ തന്നെ യാത്ര തുടര്‍ന്നു, കായംകുളം കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. സ്വസ്ഥമായി ഇരിക്കാന് കഴിഞ്ഞു, കുറച്ചു നേരം 'ലാപ്‌ ടോപ്പില്‍' അത്യാവശ്യം അയക്കെണ്ടിയിരുന്ന രണ്ടു മെയിലുകള്‍ അയച്ചു, വണ്ടി കുതിച്ചു പാഞ്ഞ് കൃത്യം 9 മണിക്ക് തന്നെ തിരുവനന്തപുരം എത്തി. എനിക്ക് ഈ ട്രെയിന്‍ ഇഷ്ടപ്പെടാന്‍ കാരണം, ഇവന്റെ ഈ സ്പീഡ് തന്നെയാ!!

സ്റ്റേഷനില്‍ പതിവുപോലെ 'വോള്‍വോ എ.സി.' ബസ്സ് കിടക്കുന്നുണ്ടായിരുന്നു, ഭാഗ്യം. വീട്ടിലെത്തുമ്പോള്‍ മനുകുട്ടന്‍ ബാല്‍കെണിയിലും എന്ച്ചമ്മ പടിയിലും നില്‍ക്കുന്നുണ്ടായിരുന്നു. എവിടെയൊക്കെ ആയാലും, സ്വന്തം വീട്ടില്‍ തിരികെ എത്തുമ്പോള്‍ മക്കളുടെ പുഞ്ചിരി കാണുമ്പോള്‍ ഉള്ളിലെ ആ സുഖം എങ്ങിനെ പറഞ്ഞറിയിക്കാന്‍? കുടുംബം തന്നെയാണ്, സ്വര്‍ഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു, എത്ര സത്യം.
യാത്രകഴിഞ്ഞു വന്നാല്‍ കുളി കഴിഞ്ഞേ അവരെ എടുക്കൂ. കിന്നാരവും പുന്നാരവും കഴിഞ്ഞു അത്താഴം കഴിക്കാന്‍ ഞാനും അജിതയും അമ്മച്ചിയും കൂടി ഇരുന്നു. രണ്ടാളും എന്റെ ബാഗ്‌ ഒക്കെ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഇത്തവണ തിരുവനന്തപുരത്തു നിന്നും മധുര, ചെന്നൈ വഴി ഡല്‍ഹി, ബീഹാര്‍ യാത്ര പോകുന്നതിനാല്‍ (ഔദ്യോഗിഗ കാര്യങ്ങള്‍) എന്റെ വലിയ ട്രാവല്‍ ബാഗ്‌ കൂടെ കൊണ്ടുവന്നിരുന്നു. എന്ച്ചമ്മ അതില്‍ നിന്നും എന്റെ 'ടോയ്‌ ലെറ്റ്‌ കിറ്റ്‌' പുറത്തെടുത്തു, സോപ്പും മറ്റും എടുത്തു കളി തുടങ്ങി. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന തിരക്കില്‍ ഏറണാകുളം, പേരുമ്പിള്ളി വിശേങ്ങള്‍ പറഞ്ഞു അവരെ ശ്രദ്ധിച്ചില്ല. ഇടയ്ക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ച്ചമ്മ ചോരയില്‍ കുളിച്ചു, കളിച്ചു കൊണ്ടിരിക്കുന്നു. (ഹാവൂ,, ഓര്‍ക്കുമ്പോള്‍ മേല് പൂത്തുകേറുന്നു.) ആകെ ബഹളമായി, അജിത തലകറങ്ങി. ഉറങ്ങാന്‍ കിടന്ന അപ്പച്ചന്‍ ചാടി എഴുന്നേറ്റു വന്നു. മനുകുട്ടന്‍ ആകെ ഭയന്ന് മാറി നില്‍ക്കുന്നു. ഞാല്‍ അവളെ എടുത്തു, കൈ ആണ് മുറിഞ്ഞിരിക്കുന്നത്, ബ്ലേഡ് കൊണ്ട്. ടാപ്പ് തുറന്നു കൈ അതില്‍ കാണിച്ചു, മുറിവ് കണ്ടു, വലുതായില്ല. അമ്മച്ചി ഒരു കഷണം തുണി കൊണ്ട് വന്നു തന്നു, അത് ചുറ്റികെട്ടി. രക്തം ഒഴുകുന്നത്‌ നിന്ന്, എന്ച്ചമ്മ വാവിട്ടു കരയാന്‍ തുടങ്ങി. പാവം കുട്ടി, എന്റെ കിറ്റിലെ ഒരു ബ്ലേഡ് എടുത്തു പിടിച്ചതാണ്, കൈമുറിഞ്ഞ് ചോര ഒഴുകിയത് പോലും അറിഞ്ഞില്ല. വേദന ഉണ്ടായി കാണില്ല. പിഞ്ചു ശരീരം അല്ലെ, പെട്ടെന്ന് ധാരാളം ചോര ഒഴുകി. ഞാന്‍ അവളെ എടുത്തു റ്റെറസ്സിന്റെ മുകളില്‍ പോയി, അമ്മച്ചിയോട്‌ നിലം കഴുകി തുടയ്ക്കാന്‍ പറഞ്ഞു. അര മണിക്കൂര്‍ കൊണ്ട് കാര്യങ്ങള്‍ ശാന്തമായി. ഒരു നിസ്സാര മുറിവ് മാത്രം, നന്ദി ദൈവമേ! ഒരു നിമിഷത്തിന്റെ പകുതിയില്‍ ശ്രദ്ധമാറിയാല്‍ മതി കുഞ്ഞുങ്ങള്‍ക്ക്‌ അബദ്ധം സംഭവിക്കാന്‍.

ഇന്ന് ഞായര്‍, രാവിലെ അമ്മച്ചിയും കൂട്ടി, കിഴക്കേ കോട്ട ഹോമിയോ ആശുപത്രിയില്‍ പോയി. മനുവും കൂടെ പോന്നു, എല്ലാവര്ക്കും ചുമയുണ്ട്. മരുന്ന് വാങ്ങി, സപ്ലൈകോയില്‍ നിന്നും കുറച്ചു പലചരക്ക് സാധങ്ങളും വാങ്ങി ഉച്ചയോടെ വീട്ടില്‍ എത്തി.
ഉച്ചക്ക് അജിതയുടെ ഓഫീസ്സില്‍ നിന്നും ഒരു സര്‍ വന്നിരുന്നു, മക്കളുടെ ജോലി കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍. അതുകഴിഞ്ഞ് ഊണും കഴിച്ചു 'ഞായര്‍ സ്പെഷ്യല്‍ ഉറക്കം' കുറച്ചു കൂടി പോയി. എഴുന്നേറ്റപ്പോള്‍ അപ്പച്ചനും അമ്മച്ചിയും മുട്ടട പള്ളിയില്‍ വൈകിട്ട് 5-ന്റെ കുര്‍ബാന കാണാന്‍ പോയി. മനു പിന്നെയും ഉറക്കമാണ്. അവനെ വിളിച്ചു എഴുന്നേല്‍പിച്ചു കുളിപ്പിച്ച്, ചായകുടി കഴിഞ്ഞപ്പോള്‍ അമ്മച്ചി വന്നു.

വൈകിട്ട് എ.കെ.ജി. ഹാളില്‍ മാജിക്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'ഇന്ത്യ ജാല്‍' എന്ന പരിപാടി ഉണ്ടായിരുന്നു. അതിനു പോയി, ഞാനും അജിയും മനുകുട്ടനും കൂടി. എന്ച്ചമ്മ അമ്മാമയുടെ കൂടെ വീട്ടില്‍.

'ഇന്ത്യ ജാല്‍' ഒരു തകര്‍പ്പന്‍ പരിപാടി ആയിരുന്നു. മുതുകാടിനു ഒരായിരം അഭിനന്ദനങ്ങള്‍!! ഇന്ത്യയിലെ വിവിധ ദേശങ്ങളില്‍ നിന്നുള്ള പരമ്പരാഗത മായാജാലക്കാരുടെ ഒരു കൂട്ടായ്മയാണ് 'ഇന്ത്യ ജാല്‍'. അവര്‍ വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി സ്റ്റേജ് പരിപാടി നടത്തുന്നു. മൂന്നു ദിവസം, ഇത്

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ (അഗുസ്റ്റ് )തീരും. ഗുജറാത്തില്‍ നിന്നുള്ള ആഷിക്ക് അലി മുതലായവര്‍ നടത്തിയ മായാജാലപ്രകടനം ഹാളില്‍ തിങ്ങിനിറഞ്ഞ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. രണ്ടു മണിക്കൂര്‍ വളരെ അനുഭൂതി നിറഞ്ഞ മായാജാല കാഴ്ചകള്‍ക്ക് മുന്‍പില്‍ മറ്റെല്ലാം മറന്നു, ഇരിക്കുമ്പോള്‍ ...

സുഖമൊരു ബിന്ദു ...

Tuesday, September 30, 2008

അവിടുത്തെ കാരുണ്യം അനന്തമാണ്‌.

ഇന്നലെ ഞായറാഴ്ച [സെപ്ത: 28] പുറത്തിറങ്ങാതെ കഴിഞ്ഞുപോയി. അജിത ശനിയാഴ്ച വന്ന് തിങ്കളാഴ്ച പോകുന്നതിനാല്‍ ഞായറാഴ്ച വീട്ടില്‍ തന്നെയിരിക്കാമെന്നുവച്ചു. മനുകുട്ടനാണെങ്കില്‍ അമ്മച്ചിവന്നാല്‍ പിന്നെ ഉറക്കം പോലും ഇല്ല. അങ്ങിനെ നാലുമണിക്കുള്ള ചായകുടി കഴിഞ്ഞു മനു മിറ്റത്ത്‌ കളിക്കുന്നുണ്ടായിരുന്നു. ഇടക്ക് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സംസാരിച്ചതിനുശേഷം മോബൈല്‍ മനുകുട്ടന്‍ വാങ്ങിയെടുത്തു, അവനതില്‍ പാട്ടു വച്ചുകൊടുത്തു. ആശാന്‍ അതും ചെവിയില്‍ വച്ച് നടക്കുന്നുണ്ടായിരുന്നു. എല്ലാവരും വീട്ടിലുണ്ട്, അപ്പച്ചന്‍, അമ്മച്ചി, അനിയത്തി, അനിയത്തിയുടെ രണ്ടു കുട്ടികള്‍, ഞാന്‍ & അജിത.

അജിത അടുക്കളയില്‍ ആയിരുന്നു. മനുക്കുട്ടന്‍ പടിഞ്ഞാറെ മിറ്റത്തു നിന്നും കിഴക്കേ മിറ്റത്തേക്കും തിരിച്ചും നടക്കുന്നുണ്ടായിരുന്നു. ചെവിയില്‍ അമര്‍ത്തിപിടിച്ച മൊബൈലില്‍ നിന്നും പാട്ടും കേട്ടുകൊണ്ട്. . . പെട്ടെന്ന് ആളെ കാണാതായി!!! 'വാനിഷിങ്ങ്‘ എന്നുപറയുന്ന പോലെ. മനു എവിടെ എന്ന് അനിയത്തിയാണ് ആദ്യം ചോദിച്ചത്. ഞാന്‍ ആദ്യം പടിഞ്ഞാറെ മുട്ടത്തു നോക്കി, അവിടെയില്ല? കിഴക്കെപ്രത്ത് കാണുമെന്നു കരുതി. അവിടെ ചെന്നപ്പോള്‍ അവിടെയും ആളില്ല??!! ആദി ലേശം കയറി തുടങ്ങി, വീടിനു ചുറ്റും ഓട്ടത്തില്‍ പ്രദക്ഷിണം വച്ചു. ഇല്ല ആള്‍ അവിടെയെങ്ങും ഇല്ല!!! അമ്മച്ചി ആര്‍ഷ മോളുമായി [അനിയത്തിയുടെ കുട്ടി] ഇതിനിടെ ‘ടെറസ്സിന്റെ’ മുകളിലേക്ക് കയറി പോയിരുന്നു. അമ്മച്ചിയുടെ ശബ്ദം കേട്ടാണ് മുകളിക്ക്‌ നോക്കിയത്. ധാ . . . അപ്പോള്‍ ടെറസ്സിന്റെ താഴെ ‘സണ്‍ ഷേഡില്‍’ കൂടി ഒരാള്‍ മൊബൈല്‍ ഫോണും ചെവിയില്‍ വച്ചു മന്ദം മന്ദം . . . നടന്നു നീങ്ങുന്നു!!! ഒരു നിമിഷം സ്തംഭിച്ചുപോയി. അപ്പോഴേക്കും അമ്മച്ചി മുകളില്‍ നിന്നെത്തി അവനെ പിടിച്ചിരുന്നു. ഞാന്‍ ഓടി ഗോവണി വഴി മുകളിലെത്തി. അമ്മച്ചി വിറക്കുന്നുണ്ടായിരുന്നു. അവനോ ... പാട്ടില്‍ മുഴുകിയിരിക്കുന്നു. ഞാനും മനുക്കുട്ടനുമായി പതുക്കെ നടന്നു പടികളിറങ്ങി. ‘സണ്‍ ഷേഡില്‍’ നടക്കുമ്പോള്‍ എന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഇതൊന്നും അറിയുന്നതേയില്ല. എല്ലാവരും അന്ധാളിച്ചിരിക്കുന്നു. അപ്പോഴും അവന്‍ പാട്ടുകെട്ടുകൊണ്ട് നടക്കുകയായിരുന്നു!!!

മുകളിലേക്കുള്ള പടികള്‍ തുറന്നു കിടക്കുകയാണെങ്കിലും ഇതുവരെ കുട്ടികളാരും അങ്ങോട്ടേക്ക് കയറാറുണ്ടായിരുന്നില്ല. ഇടക്ക് അമ്മച്ചി മുകളിലേക്ക് കയറി പോകുന്നത് അവന്‍ കണ്ടിരിക്കണം. അതാണു ആശാന്‍ കൂളായി മുകളിലേക്ക് കയറിയത്. ആരുമില്ലാത്തെ സ്ഥലത്തേക്ക് അവന്‍ പോകാറില്ല. ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ പോലും ആരെങ്കിലും കൂടെയുണ്ടോയെന്ന് തിരിഞ്ഞ് നോക്കും. ആരും ഇല്ല എന്നുതോന്നിയാല്‍ തിരികെപോരുകയാണ്‍ പതിവ്.

കുളിമുറിയില്‍ ബക്കറ്റില്‍ വീണകുട്ടികളെക്കുറിച്ച് പത്രത്താളുകളില്‍ വായിക്കുമ്പോള്‍ ‘ഇതെന്താ വീട്ടുകാര്‍ക്ക് ഇത്ര ശ്രദ്ധയില്ലേ’ എന്ന് തോന്നാറുണ്ട്. ഇന്നലെ മനസ്സിലായി - അല്പം ശ്രദ്ധതെറ്റിയാല്‍ മതി; അപകടം ഓടിയെത്താന്‍ എന്നു. നിമിഷങ്ങള്‍ മതി ഇവിടെ പലതും സംഭവിക്കാന്‍…

ദൈവത്തിനു സ്തുതി, അവിടുത്തെ കാരുണ്യം വലുതാകുന്നു!!