Thursday, January 14, 2010
കുട്ടികളെ വളര്‍ത്തുന്നത്?
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട് അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട് ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ് തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ് തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ് കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ് ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ് അപ്പുവിന്റെ ബ്ലോഗ് വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!
കുട്ടികളില്‍.
(കുട്ടികളില്‍ ഇന്‍വെസ്റ്റ് ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)
Tuesday, January 12, 2010
ഗുരുവും ശിഷ്യനും
ഗുരുവും ശിഷ്യനും പ്രഭാതസവാരിയില്‍ ആയിരുന്നു.
ശിഷ്യന്‍: ഗുരോ, ഈ ലോകത്തില്‍ ഏറ്റവും സുഖം നല്‍കുന്നത് എന്താണ്?
ഗുരു: ഉറക്കം.
ശിഷ്യന്‍: ഉറക്കത്തില്‍ എനിക്ക് സുഖം അറിയാന്‍ സാധിക്കുന്നില്ല?
ഗുരു: നീ ഉണര്‍ന്നിരിക്കൂ
(ഗുണപാഠം - ഉറങ്ങുമ്പോള്‍ ഉറക്കത്തിന്‍റെ സുഖം അനുഭവിക്കാന്‍ കഴിയില്ല.)
Friday, January 01, 2010
എന്താണ് സന്തോഷം?
എന്താണ് സന്തോഷം? സന്തോഷം നിങ്ങളുടെ വാലിന്‍റെ അറ്റത്താണ്! പൂച്ചകളെ വേദാന്തം പഠിപ്പിക്കുന്ന ആശ്രമത്തില്‍ നിന്നും വേദാന്ത പഠനം പൂര്‍ത്തിയാക്കി ഒരു കുഞ്ഞി പൂച്ച നാട്ടിലെത്തി. ഒരു ദിവസം ഈ കുഞ്ഞിപൂച്ച വീട്ടിനുമുറ്റത്ത് നിന്ന് വട്ടം ചുറ്റി സ്വന്തം വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അവനു അതിനു സാധിച്ചില്ല. നിരാശനായി അങ്ങിനെ നില്‍ക്കുമ്പോള്‍ അമ്മൂമ്മ പൂച്ച അതുവഴി വന്നു. കുഞ്ഞിപൂച്ചയോട് ചോദിച്ചു: 'എന്താ നീ ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' അപ്പോള്‍ കുഞ്ഞിപൂച്ച പറഞ്ഞു: 'ഞാന്‍ പഠിച്ചത് സന്തോഷം കുടികൊള്ളുന്നത് എന്‍റെ ഈ വാലിന്‍റെ അറ്റത്താണെന്നാണ്. അതിനാല്‍ ഞാന്‍ എന്റെ വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയാണ്. എങ്കില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാമല്ലോ?' ഇതുകേട്ട അമ്മൂമ്മപൂച്ച പറഞ്ഞു: 'നീ വളരെയധികം പഠിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഇത്രമാത്രം പഠനം നടത്താന്‍ സാഹചര്യമുണ്ടായിട്ടില്ല. ഞാനും കേട്ടിട്ടുണ്ട്, സന്തോഷം ഇരിക്കുന്നത് എന്‍റെ വാലിന്‍റെ അറ്റത്താണെന്ന്. പക്ഷെ എന്‍റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് വാലിന്‍റെ അറ്റം പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്, മുന്നോട്ടു പോയാല്‍ അതു (നിന്‍റെ വാല്‍ - സന്തോഷം) നിന്നെ, തനിയെ പിന്തുടര്‍ന്ന് കൊള്ളും.
സാരം: നമ്മളാണ് തീരുമാനിക്കേണ്ടത്, എന്തിനാണ് പരമപ്രാധാന്യം നല്‍കേണ്ടതെന്ന്. എന്തൊക്കെയാണ് നിസ്സാരമായി തള്ളിക്കയേണ്ടതെന്ന്. ചുമ്മാതെ ആവശ്യമില്ലാതെ അപ്രധാന കാര്യങ്ങള്‍ക്ക് പിറകെ നടന്നാല്‍ നിങ്ങളുടെ ഊര്‍ജ്ജം വൃഥാ നഷ്ടപ്പെടുകയേ ഉള്ളൂ.
ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നാം തീരുമാനിക്കണം. ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു മുന്നേറാന്‍ ഇതുനമ്മെ സഹായിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മുന്‍പോട്ടു പോകുമ്പോള്‍ സന്തോഷവും സമാധാനവും താനേ നിങ്ങളുടെ പിറകേ വന്നു കൊള്ളും. അനാവശ്യകാര്യങ്ങളുടെ പിറകേ നടന്നു വെറുതേ അസ്വസ്ഥരാകേണ്ടതില്ല.
യേശു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകെണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. കാരണം ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും. (യോഹ. 14:27)
Wednesday, December 23, 2009
ക്രിസ്തുമസ് സമ്മാനം.
വീണ്ടുമൊരു ക്രിസ്തുമസ് വന്നണഞ്ഞു.
ഡിസംബര്‍ മാസത്തിലെ മഞ്ഞു പെയ്യുന്ന രാത്രികള്‍
എങ്ങും നക്ഷത്രവിളക്കുകളും ക്രിസ്മസ്-ട്രീയും പുല്‍ക്കൂടുകളും നിരന്നിരിക്കുന്നു. ആഘോഷത്തിന്റെ നിറക്കാഴ്ചകള്‍!! വൈകുന്നേരങ്ങളില്‍ ബസ്സിലിരുന്നു വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ടും വര്‍ണ-മാല ബള്‍ബുകള്‍ കൊണ്ടും വീടുകള്‍ അലങ്കരിച്ചിരിക്കുന്നത് കാണാന്‍ നല്ല കാഴ്ചയാണ്. കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും നക്ഷത്രങ്ങള്‍ തൂങ്ങികിടക്കുന്നുണ്ട്. ശരിക്കും ഈ ക്രിസ്മസ് കുട്ടികളുടെ ആണെന്ന് പറയാം. മുതിര്‍ന്നവര്‍ 'ബീവറേജു കൊര്‍പ്പറേഷന്' മുന്നില്‍ ഭക്തിയോടെ ക്യൂ നില്‍ക്കുന്നു. എന്തൊരു അച്ചടക്കമാണ്, അവിടെ. സൌഹൃദത്തിന്റെയും സന്തോഷത്തിന്റെയും ക്യൂ!! ആഘോഷം അടിപൊളി ആക്കണം, കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കണം എന്ന ആവേശം അവരുടെ മുഖത്ത് കാണാം. ഇതൊക്കെ നാട്ടുകാരുടെ കാര്യം, എന്റെ വീട്ടിലും ക്രിസ്മസ് വരവേല്‍ക്കാന്‍ ഒരുങ്ങി.
. . . . . . . .
മനുക്കുട്ടന്റെ മൂന്നാമത്തെ ക്രിസ്മസ്. ഇപ്പൊ അവന്‍ ക്രിസ്മസ്, സ്റ്റാര്‍, പുല്‍കൂട് എന്നൊക്കെ (എന്താണെന്നു മനസിലാക്കി) പറയാന്‍ തുടങ്ങി. ആര്‍വിനും ആര്‍ഷയ്ക്കും അവരുടെ പപ്പാ വന്നതിന്റെ സന്തോഷത്തില്‍ ആണ്. അവരുടെ പപ്പാ പട്ടാളത്തില്‍ ആണ്, ഇപ്പോള്‍ കാശ്മീരില്‍ 'ലെയ്' (LEH) എന്ന സ്ഥലത്താണ്. രണ്ടാഴ്ച ലീവ് കിട്ടി, നാട്ടില്‍ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഓടിഎത്തി, ഒരു കൂട ആപ്പിളുമായി.
. . . . . . . . .
അജിതയും, ഞാനും മനുക്കുട്ടനും അപ്പച്ചനും അമ്മച്ചിയും ആണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ക്ക് ഈ ക്രിസ്മസ് 'അടിപൊളി' അല്ല. പക്ഷെ തീര്‍ച്ചയായും സന്തോഷത്തിന്റെ ദിനങ്ങളാണ്. കാരണം ഞങ്ങളും ഒരു ഉണ്ണിയെ പ്രതീക്ഷിച്ച് ഇരിക്കുവാണ്. മനുക്കുട്ടന് ഒരു കുഞ്ഞനിയന്‍ /അനിയത്തി വരാന്‍ പോകുന്നു. ഈ ക്രിസ്മസ് ദൈവത്തിനു പ്രത്യേകം നന്ദി പറയേണ്ട സുദിനമാണ്. ചിത്രയുടെ ശബ്ദത്തില്‍ "പൈതലാം യേശുവേ . . ." എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു പ്രത്യേക സുഖമാണ്. പിന്നെയും ഉണ്ട് വിശേഷങ്ങള്‍ ... നീണ്ട രണ്ടര വര്‍ഷത്തെ തിരുവനന്തപുരം ജീവിതത്തിനു ശേഷം അജിതക്ക് എറണാകുളത്തേക്ക് മാറ്റം കിട്ടി. ഈ ട്രാന്‍സ്ഫര്‍ പ്രത്യേകിച്ചു ഈ സമയത്ത് കിട്ടിയത് ദൈവത്തിനെ പ്രത്യേകകരുണയാലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ ഞങ്ങളുടെ ഈ ക്രിസ്മസ് എത്ര നന്ദി പറഞ്ഞാലും തീരാത്തവിധം ദൈവം തമ്പുരാന്‍ മനോഹരമാക്കി തീര്‍ത്തിരിക്കുന്നു.
മനുകുട്ടന്‍ അവന്റെ അമ്മച്ചി വന്ന സന്തോഷത്തില്‍ ആണ്. ആഴ്ചയില്‍ മാത്രം കൂട്ടിനു കിട്ടിയിരുന്ന അവന്റെ അമ്മച്ചി ഇതാ ഇങ്ങെത്തിയിരിക്കുന്നു. കൂട്ടുകൂടാനും, വഴക്കിടാനും, പുന്നാരിക്കാനും, തല്ലുകൊള്ളാനും ഒക്കെയായി.
. . . . . . . .
'MERRY CHRISTMAS' എന്നാണല്ലോ ആശംസിക്കുക. മറ്റു പെരുന്നളുകള്‍ക്ക് ഒന്നും ഇല്ലാത്ത വിശേഷണം. 'MERRY' എന്നാല്‍ സന്തോഷത്തിനെ പാരമ്യതയാണ്. ഉണ്ണിഈശോ ബെത്ലഹേമിലെ പുല്‍കുടിലില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ ഒന്ന് ചേര്‍ന്ന് പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം." നമുക്ക് നഷ്ടപെട്ട/നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണല്ലോ സമാധാനം. അതുകൊണ്ട് ഓരോ ക്രിസ്മസും എനിക്ക് വിലപ്പെട്ടതായി തോന്നാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നത് തന്നെയാണ് ക്രിസ്മസിന്റെ സന്ദേശം. മനസ്സാണ് മനുഷ്യന്റെ ശക്തികേന്ദ്രം. (സന്‍) മനസ്സാണ് മനുഷ്യന് സമാധാനം നല്‍കുന്നത്. വിദ്വേഷമില്ലാതെ, കന്മഷമില്ലാതെ, വെറുപ്പില്ലാതെ, കാപട്യമില്ലാതെ, ദുഷ്ചിന്തയില്ലാതെ ഒരു നല്ല മനസ്സ് രൂപപ്പെടുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രവൃത്തികളെ, ബന്ധങ്ങളെ, ചിന്തകളെ ആ രീതിയിലേക്ക് രൂപപ്പെടുത്താം. അങ്ങിനെയുള്ള മനസ്സില്‍ നാം അറിയാതെ തന്നെ സമാധാനം വന്നു നിറയും.
പുല്‍കൂട് ലാളിത്യത്തിന്റെ പ്രതീകമാണ്. അങ്ങിനെ ആകണം. ദൈവം ഭൂമിയില്‍ വന്നു പിറന്നത് പുല്‍ക്കൂട്ടില്‍ ആണ്. കാലിത്തൊഴുത്തില്‍ ആണ്. വീടില്ലത്തവര്‍ അനുഭവിക്കുന്ന ദുരിതം അറിയാന്‍ ഡയാന രാജ്ഞിയുടെ പുത്രന്‍ - വില്ല്യം രാജകുമാരന്‍ ബ്രിട്ടനിലെ തെരുവോരത്ത് കിടന്നുറങ്ങിയ വാര്‍ത്ത ഇന്നത്തെ മനോരമയില്‍ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഈ ഭൂമിയില്‍ നിന്നും നന്മ വേരറ്റുപോയിട്ടില്ല.
"നന്ദി ദൈവമേ. . . നന്ദി ദൈവമേ. . .
നിത്യവും നിത്യവും നന്ദി ദൈവമേ . ."
Thursday, December 10, 2009
കടിഞ്ഞാണില്ലാത്ത കുതിരകള്‍ ....
പണ്ട്,
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍
കരുതിയിരുന്നത്
അമ്പിളിമാമന്‍ ദൂരെ ആ കാണും മരകൊമ്പത്ത് ആണെന്ന്
ഞാന്‍ വലുതാകുമ്പോള്‍ ആ മരകൊമ്പില്‍ കയറി അമ്പിളി മാമനെ തൊടുമെന്ന്
ഇന്ന്,
ഞാന്‍ അറിയുന്നു ആ സത്യം
ചന്ദ്രനിലേക്കുള്ള അകലം എത്രയോ കാതമകലെ?
എങ്കിലും എന്നാശ,,,
എന്നെങ്കിലും അമ്പിളിയെ ഒന്ന് തൊടണമെന്ന്!!
(ചുരുക്കം : സത്യം മനസ്സിലായാലും നമ്മള്‍ നമ്മുടെ ആശകളെ കൈവിടുന്നില്ല!)