Tuesday, September 22, 2009
ബോധ മനസ്സും ഉപബോധ മനസ്സും മനുക്കുട്ടനും
പോകുമ്പൊള്‍ അവനെ വിളിച്ച്ചെഴുന്നെല്പിച്ചു 'റ്റാറ്റാ' കൊടുത്തിട്ട് പോകണമെന്നു അജിതയ്ക്കുണ്ട്. പക്ഷെ അവന്റെ ഉറക്കം കണ്ടാല്‍ എഴുന്നേല്‍പ്പിക്കാന്‍ തോന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ മുങ്ങും. അവന്റെ അമ്മാമ്മ അടുത്തുണ്ടാവും, ഞാന്‍ പോയി ട്രെയിന്‍ കയറ്റി വിട്ടിട്ടു അര മണിക്കൂറിനകം തിരികെയെത്തുംപോഴും പുള്ളി സുഖ സുഷുപ്തിയില്‍ തന്നെയായിരിക്കും. ആശാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഏഴു മണിയാവും. അമ്മച്ചി ജോലി സ്ഥലത്തേക്ക് പോയതായി പോലും ഭാവിക്കില്ല. എവെടെയെന്നോ, കാണാനില്ലല്ലോ എന്നോ അന്വേഷിക്കയും ഇല്ല. യാതൊരു പരിഭവവും ഇല്ല, എല്ലാം സാധാ പോലെ തന്നെ.
അവനു അപ്പയുണ്ട്, അമ്മാമയുണ്ട് , അപ്പപ്പനുണ്ട്, .... പിന്നെ സമയം കളയാന്‍ പ്രയാസം ഇല്ല. അമ്മച്ചിയെ മറന്നപോലെ? പിന്നെയും മൂന്നു നാല് ദിവസം കഴിയുമ്പോള്‍ സന്ധ്യകഴിഞ്ഞു എന്നോട് പറയും 'പോവ്വാം,, ട്രെയിനില്‍ അമ്മച്ചി വരും.. വ്വാ, പോവ്വാം.'
ഇതിനിടയില്‍ എല്ലാ ദിവസവും അജിത മൂന്നുനേരം അവനെ ഫോണില്‍ വിളിക്കും. ഫോണ്‍ ബെല്ലടി കേട്ടാല്‍ മനുക്കുട്ടന്‍ ഓടും... ഫോണിന്റെ അടുത്തേക്കല്ല, നേരെ തിരിച്ചു... ഫോണിന്റെ അടുത്ത് കൊണ്ട് ചെന്നാല്‍ ആശാന്‍ ചെവി പൊത്തും.. . ഇതിപ്പോ ഒരു വര്‍ഷത്തിനടുത്തായി ഈ അങ്കം. അങ്ങിനെയാണ് ഞാന്‍ ഇതിനെപറ്റി ഒരു പഠനം നടത്തിയത്. എന്തുകൊണ്ടാണ് അവന്‍ ഇങ്ങിനെ പെരുമാറുന്നത്? അജിത ആഴ്ചവട്ടത്തില്‍ വീട്ടിലെത്തുമ്പോള്‍ അവനു യാതൊരു പരിഭവവും ഇല്ല!
ഞാന്‍ മനഃശാസ്ത്രം അരച്ച് കലക്കി കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലാകാതിരുന്ന ഒരു വിഷയം - ഉപബോധ മനസ്സ് - എന്താണെന്നും അതിന്റെ ശക്തി ഇത്രയുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി വരുന്നു. ഫ്രോയിഡ് -നെയും യുങ്ങ് -നെയും പല ആവര്‍ത്തി വായിച്ചെങ്കിലും 'ഉപബോധ മനസ്സ്' കൃത്യമായി ഇപ്പോഴാണ് മനസ്സിലാവുന്നത്. മനുക്കുട്ടന്റെ ഉപബോധ മനസ്സില്‍ അവന്റെ അമ്മച്ചി തിങ്കളാഴ്ച രാവിലെ അവനോടു പറയാതെ പോയതിലുള്ള പ്രതിഷേധം ആണ് അവന്‍ ഇങ്ങിനെ -ഫോണിലൂടെ സംസാരിക്കാതെ- പ്രകടിപ്പിക്കുന്നത്.
ഇത് അവന്‍ വേണമെന്ന് വിചാരിച്ചിട്ട് ചെയ്യുന്നതല്ല, പക്ഷെ അവനറിയാതെ തന്നെ 'ഓട്ടോമറ്റിക്' ആയി വന്നുപോകുന്നതാണ്. കാരണം ഞാന്‍ ചിലപ്പോള്‍ എന്റെ മൊബൈലില്‍ നിന്നും അജിതയെ വിളിച്ചു അവനു കൊടുക്കും, അപ്പോള്‍ അവന്‍ സംസാരിക്കും. യാതൊരു കുഴപ്പവും ഇല്ലാതെ.
അജിത വിളിക്കുമ്പോള്‍ ഫോണില്‍ അവനെ കൊണ്ട് സംസാരിപ്പിക്കാന്‍ അമ്മാമ്മ ധാരാളം ശ്രമിച്ചു നോക്കി. നോ ഫലം,, കൂടുതല്‍ ശ്രമിക്കുന്തോറും അവനു കൂടുതല്‍ വാശി. അങ്ങിനെ ആ ശ്രമം ഉപേക്ഷിച്ചു. അജിത വാരാന്ത്യത്തില്‍ വരുമ്പോള്‍ അവനോടു കെഞ്ചി നോക്കി, 'മോനെ ഈ ആഴ്ച അമ്മച്ചി തിരുവനന്തപുരത്തിന് പോയി അവിടെ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഓടി വരണേ.' ങ്ഹും... നോ രക്ഷ. അതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. അജിതയുടെ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചാല്‍ പത്തു പൈസയെ ഉള്ളൂ. എങ്കിലും മോനോട് സംസാരിക്കണമെങ്കില്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു കൊടുക്കണം.
കുട്ടി രാജാവ് നീണാള്‍ വാഴ്കൈ !!!
Monday, August 24, 2009
ഋതു: a movie by ശ്യാമ പ്രസാദ് - Seasons change - Do we?
ഓഫീസില്‍ വലിയ തിരക്കില്ലായിരുന്നു. 11 മണിക്ക് ഒന്ന് പുറത്തിറങ്ങി നേരെ 'സരിത' തീയറ്ററില്‍ പോയി മാറ്റിനിക്ക് ഒരു ടിക്കറ്റ് എടുത്തു.
ഋതു - ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം. (ആ ഒരു കാരണം മാത്രമായിരുന്നു പ്രചോദനം.)
ഉച്ചക്ക് ഭാര്യയെ വിളിച്ചു അനുവാദം വാങ്ങി.
കൃത്യം 2.50 -നു ഓഫീസില്‍ നിന്നും ഇറങ്ങി, സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീയറ്ററില്‍ എത്തി.
കൊള്ളാം.... നല്ല സിനിമ [ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍]
മൂന്നു യുവാക്കളുടെ സൌഹൃദത്തിന്റെ കഥ, വളരെ മനോഹരമായി പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ.
സണ്ണി എന്ന കഥാപാത്രം ഇത് നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു!!
ശ്യാമ പ്രസാദ് പറയുന്നത് തിരുവനന്തപുരംകാരായ മൂന്നു യുവാക്കളുടെ സൌഹൃദത്തെകുറിച്ചാണ്.
എന്തായാലും മൂന്നു പേരുടേയും സൌഹൃദത്തിന്റെ ഗാഡത വരച്ചു കാണിക്കുന്നതില്‍ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. (അങ്ങിനെ ഒരു അടിച്ചുപൊളി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ആരും കൊതിക്കും)
രണ്ടു യുവാക്കളുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന 'വര്‍ഷ ജോണ്‍' എന്ന കഥാപാത്രം റിമ കല്ലിങ്ങല്‍ നന്നായി ചെയ്തിരിക്കുന്നു. റിമക്ക് അഭിനയ രംഗത്ത് നല്ല ഭാവി ഉണ്ട്. ഇതുപോലെ സ്മാര്‍ട്ട് ആയ പെണ്‍കുട്ടികള്‍ ഇന്ന് നാട്ടില്‍ കുറവാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ പീഡനങ്ങളും/വാണിഭങ്ങളും എത്ര കുറഞ്ഞേനെ!! എല്ലാം ഒരു സ്വപ്നജീവികള്‍ പോലത്തെ പെണ്‍കുട്ടികള്‍. 'ഏതു ട്രാപ്പിലും വീഴാന്‍ ഞാന്‍ റെഡി' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചപോലെ നടന്നു പോകുന്ന പ്ലസ്-2 കുഞ്ഞുങ്ങള്‍. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ചൊക്കെ സ്മാര്‍ട്ട് ആവണം.
സിനിമ തുടങ്ങുന്നതേ നല്ല വര്‍ണ്ണശബളമായിട്ടാണ്. മനോഹരമായ 'പെയിന്റിങ്ങ്സ്' പോലെ പ്രകൃതി സൌന്ദര്യം ക്യാമറമാന്‍ ഒപ്പി എടുത്തിരിക്കുന്നു.
ഇടയ്ക്കു അല്പം കമ്യൂണിസം കലര്‍ത്തിയത് എന്തിനാണെന്ന് മനസിലായില്ല. അതൊഴിവാക്കികൂടായിരുന്നോ? കുടിയൊഴിപ്പിക്കലും ജന്മിത്വവും ഒക്കെ??!! എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നി. ആ തടിയനായ ബെയററും, ആ ഇടിയും, ചതഞ്ഞ മുഖവും ഒക്കെ കാട്ടി ചുമ്മാ അനാവശ്യമായ കമ്യൂണിസ്റ്റ് പ്രേമം നടിക്കുന്നത് പോലെ തോന്നി.
ശരത്തിന്റെ അച്ഛന്‍ മരിക്കുന്ന സീന്‍ വേണ്ടത്ര ജീവസുറ്റതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ആ സീന്‍ കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ചിരിക്കുന്നത് കേട്ടു!!
പുതിയ മുഖങ്ങള്‍ തിരഞ്ഞെടുത്തതിന് ശ്യാമ പ്രസാദിന് അഭിനന്ദനങ്ങള്‍. (മലയാളത്തിലെ സ്ഥിരം മുഖങ്ങള്‍ -ഗോഷ്ടികളും -കണ്ടു മടുത്തു.) എല്ലാവരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നിരിക്കുന്നു. ശരത്തും, സണ്ണിയും, വര്‍ഷയും എല്ലാം... മലയാള സിനിമയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
സൗഹൃദം, സാഹിത്യം, യുവത്വം, വര്‍ണ്ണം, സൌന്ദര്യം..... എല്ലാം ഒത്തു ചേരുന്ന ഒരു പ്രമേയം. മൊത്തത്തില്‍ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു. മറ്റുള്ളവര്‍ക്ക് 'റെക്കമെന്റ്' ചെയ്യാന്‍ ഞാന്‍ തുനിയില്ല. അതിനാലാണ് ഞാന്‍ തനിയെ പോയത്... ഭാര്യയെപോലും കൂട്ടാതെ!! എനിക്കറിയാം ചില സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാകും. പക്ഷെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ അവര്‍ (സിനിമ കണ്ടു കഴിഞ്ഞു) വന്നു എന്നെ തല്ലും. ഉദാ: Mr. & Mrs. Iyyer by Aparna Sen, Life is Beautiful by Roberto Benigni.
സിനിമ കാണുന്നെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ദയവായി സി.ഡി കാണരുത്. അതുപോലെ തന്നെ മൊബൈല്‍ ഓഫ് ചെയ്തു വച്ച് കാണണം. (ഇത് ഏതു സിനിമയ്ക്കും ബാധകം)
Friday, August 21, 2009
ചില ഓഫീസ് ചൊല്ലുകള്‍ (മാനേജ്‌മന്റ് മന്ത്ര -2 )
"DON'T SEEP MUD UNDER TO YOUR CARPET"
പൊടിയും അഴുക്കും അടിച്ചു വാരി 'കാര്‍പെറ്റ്' ഇന് അടിയില്‍ കൊണ്ട് വയ്ക്കരുത്. അതായത് പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തുന്ന രീതി. യാതൊരു കുഴപ്പവും ഇല്ല, എല്ലാം നന്നായി നടക്കുന്നു എന്ന് ഭാവിക്കുന്നവര്‍ ധാരാളമുണ്ട്. യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തില്‍ ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു! എന്തുകൊണ്ട്? വളരെയധികം പ്രശ്നങ്ങള്‍ ആ കുടുംബത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറത്താരും അറിയാതെ അവര്‍ അത് രഹസ്യമാക്കി വച്ച്. എല്ലാ അഴുക്കും പൊടിയും 'കാര്‍പെറ്റ്' -ഇനടിയില്‍ തൂത്ത് കൂട്ടി, പുറമേ എല്ലാം ഭംഗിയാണ് എന്ന് വരുത്തി.
പല സ്ഥപങ്ങളിലും കമ്പനികളിലും ഇതുപോലെ നടക്കാറുണ്ട്. കമ്പനിയുടെ സാമ്പത്തീകസ്ഥിതി / വളര്‍ച്ച എല്ലാം ഊതി വീര്‍പിച്ചു കാണിക്കും. കുറവുകള്‍ മറച്ചു വയ്ക്കും. പക്ഷെ എത്രനാള്‍. പ്രശ്നങ്ങളെ സമയാസമയത്ത് അറിഞ്ഞാല്‍ വേണ്ട നടപടിയെടുക്കാന്‍ സാധിക്കും. അറിഞ്ഞാലും മൂടി വയ്ക്കാനാണ് പല 'മാനേജര്‍' മാരും ശ്രമിക്കുക. അത് ദുരന്തത്തില്‍ ചെന്ന് കലാശിക്കുകയും ചെയ്യും. ഇയിടെ 'സത്യം കംപുറെര്സ്' നു സംഭവിച്ചത് ഇത് തന്നെ ആയിരുന്നു.
"DON'T PUT ALL YOUR EGGS IN ONE BASKET"
നിങ്ങളുടെ കയ്യിലുള്ള എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ വയ്ക്കരുത്. എന്ന് വെച്ചാല്‍, എല്ലാ മുട്ടകളും ഒരേ ബാസ്കറ്റില്‍ ആണെങ്കില്‍ ആ ബസ്കെറ്റ് കയ്യില്‍ നിന്നും താഴെ വീണാല്‍ എല്ലാ മുട്ടകളും പോട്ടിപോകും. പക്ഷെ നിങ്ങള്‍ ആ മുട്ടകള്‍ രണ്ടു ബാസ്കറ്റില്‍ ആണ് വച്ചിരുന്നതെങ്കില്‍ ഒരു ബസ്കെറ്റ് താഴെ വീണാലും മറ്റേ ബാസ്കറ്റില്‍ കുറച്ചു മുട്ടകള്‍ സുരക്ഷിതമായി ഉണ്ടാവും.
നിങ്ങളുടെ [പണം] നിക്ഷേപങ്ങള്‍ എല്ലാം, ഷെയര്‍ മാര്‍ക്കറ്റില്‍ മാത്രം ആണെങ്കില്‍ ഓഹരി വിപണി ഇടിയുമ്പോള്‍ നിങ്ങള്ക്ക് വലിയ നഷ്ടം ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ പണം ബാങ്കിലും, ഇന്‍ഷുറന്‍സ്സിലും, മ്യൂച്വല്‍ ഫണ്ടിലും, ചിട്ടിയിലും, ....ഒക്കെയായി വിഭജിച്ച് നിക്ഷേപിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു ഭാഗത്ത് അല്പം മാന്ദ്യം വന്നാലും നിങ്ങള്ക്ക് കുഴപ്പം ഉണ്ടാവില്ല.
ഓഫീസിലെ കാര്യം എടുക്കുകയാണെങ്കില്‍ ഇതേ നിയമം എങ്ങിനെ ബാധിക്കും എന്ന് നോക്കാം. ഒരു പരസ്യ ഏജന്‍സി ആണെന്ന് വയ്ക്കുക. നിങ്ങളുടെ 'ക്ലയിന്റ്സ്' എല്ലാം ഒരേ മേഖലയില്‍ നിന്നും ഉള്ളവരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ, എത്ര വലിയ 'ക്ലയിന്റ്റ്' ആയാലും ഒരാളില്‍ മാത്രം ആശ്രയിക്കുന്നതും തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ബിസിനെസ്സ് തന്നെ പൂട്ടി പോകേണ്ടി വന്നേക്കാം.
“Treat a man as he is, he will remain so. Treat a man the way he can be and ought to be, and he will become as he can be and should be."
'ഗോയതെ'യുടെ ഒരു വാചകം ആണ് മുകളില്‍ കൊടുത്തത്. ഇത് കൃത്യമായി എങ്ങിനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താം എന്നറിയില്ല. എങ്കിലും ഒരു കൈ ശ്രമിച്ചു നോക്കാം.
"നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ ആയിരിക്കുന്ന അവസ്ഥയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ തന്നെ ആയിരിക്കും. (പക്ഷെ) നിങ്ങള്‍ ഒരു വ്യക്തിയെ അയാള്‍ എങ്ങിനെ ആയിരിക്കണമോ / ആയിത്തീരാമോ ആ നിലയില്‍ കണക്കാക്കുകയാണെങ്കില്‍ അയാള്‍ അങ്ങിനെ ആയി തീരും."
ഇത് കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് ബാലരമയിലെ 'ശുപ്പാണ്ടി' എന്നാ കഥാപാത്രത്തെ ആണ്. ശുപ്പാണ്ടി, എന്നാ വ്യക്തി ശുപ്പാണ്ടി തന്നെ ആയിരിക്കാനാണ് വീട്ടുകാരും 'ബാലരമ'യും ആഗ്രഹിക്കുന്നത്. അവന്‍ അതുപോലെ തന്നെ ആയിരിക്കും.
നിങ്ങള്‍ നിങ്ങളുടെ ഓഫീസിലെ പ്യൂണിനെ അല്ലെങ്കില്‍ വീട്ടിലെ വേലക്കാരിയെ എങ്ങിനെയാണ് കാണുന്നത്? "ഓ,,, അവനോ അവന്‍ അത്രക്കെ ഉള്ളൂ..." / "അവനില്‍ നിന്നും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട!" ഇതാണോ നിങ്ങളുടെ മനോഭാവം? നിങ്ങളുടെ പ്യൂണ്‍/വേലക്കാരി അങ്ങിനെ തന്നെ ആയി തുടരും. എന്നാല്‍ അവനെകൊണ്ട് അതില്‍ കൂടുതല്‍ സാധിക്കും എന്ന് ചിന്തിച്ചു നോക്കൂ. വിശ്വാസം അര്‍പ്പിച്ചു നോക്കൂ. തീരച്ചയായും അവനില്‍/അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും.
ഒരു വ്യക്തിയില്‍ ഒളിഞ്ഞു കിടക്കുന്ന അനന്തസാധ്യതകള്‍ ചികഞ്ഞെടുക്കാന്‍, പരിപോഷിപ്പിക്കാന്‍, വളര്‍ത്താന്‍ 'ഗോയെതെ'യുടെ ഈ വചനം നമുക്ക് പ്രേരണ നല്‍കുന്നു.
ആരും 'ശുപ്പാണ്ടി'മാരായി ജനിക്കുന്നില്ല. ആരെയും 'ശുപ്പാണ്ടി'മാരായി മരിക്കാന്‍ അനുവദിക്കരുത്. നമ്മുടെ ഒരു ചെറിയ പ്രോത്സാഹനം പലരെയും വളര്‍ത്തിയെക്കാം.
ഇതോര്‍മ്മയിലിരിക്കട്ടെ!!!
Monday, August 03, 2009
വലിയ വലിയ മനുഷ്യരുടെ ചെറിയ ചെറിയ മനസ്സുകള്‍ ...
ഇത്തനൈ പെരിയ മനിതനിക്ക് ... ഇത്തനൈ ചെറിയ മനിമിരുക്കാ???
രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ ഒരു പിച്ചക്കാരന്‍ പാടിക്കൊണ്ടേയിരിക്കുന്നു. അയാളുടെ ഈണവും കയ്യിലിരിക്കുന്ന ചെറിയ മണിയില്‍ പഠിക്കുന്ന താളവും ചേരുമ്പോള്‍ ആരും കാതോര്‍ത്തുപോകും. പിന്നീടാണ് ഞാനതിലെ വരികളുടെ അര്‍ത്ഥം ശ്രദ്ധിച്ചത്. . . . എത്രയോ ചിന്താ ദീപ്തം. വാലിയുടെയോ കണ്ണദാസന്റെയോ വരികളാകും.
ഇത്തനൈ ചെറിയ പറവയ്ക്ക്.... ഇത്തനൈ പെരിയ അറിവിരുക്ക്!!!!
പിച്ചക്കാരന്‍ തമിഴന്‍ പാടിക്കൊണ്ടേയിരിക്കുന്നു.
ഇന്നലെ രണ്ടു മണിക്കൂറോളം അവനുമായി സംസാരിച്ചു. അവനു പറയാന്‍ ഒന്ന് മാത്രമേ ഉള്ളൂ. അവളുടെ കുറ്റങ്ങള്‍... അവളെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും. ഞാന്‍ ചോദിച്ചു: അപ്പോ നിങ്ങള്‍ക്കിടയിലെ ഈ രണ്ടു കുഞ്ഞുങ്ങളോ? അവരുടെ മനസ്സിനെ എന്തിനു വേദനിപ്പിക്കുന്നു? അതൊന്നും എനിക്കറിയണ്ട. . . അവളെ ഒരു പാഠം പഠിപ്പിക്കും ഞാന്‍.
കല്ലുപോലുള്ള ആ മനസ്സിന് മുന്‍പില്‍ അടിയറവുപറഞ്ഞു പടിയിറങ്ങേണ്ടിവന്നു. പുതിയ വീട്, . . .കാറ്, എല്ലാ സാമഗ്രികളും സൌകര്യങ്ങളും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലി, മാന്യമായ ശമ്പളം... കുട്ടികള്‍ നല്ല നിലയില്‍ പഠിക്കുന്നു. 4 -ഉം 6 -ഉം വയസ്സുള്ള ആ പിഞ്ചു കുട്ടികള്‍ എന്ത് പിഴച്ചു? ഈ കോഴി-പ്പോരിനു നടുവില്‍പ്പെടാന്‍? കുപ്പികള്‍ നിരത്തി വച്ച് കുടിച്ചാല്‍ ഭാര്യയെ തോല്‍പ്പിക്കാമെന്ന് കരുതുന്ന ഭര്‍ത്താവ്. ശണ്ടകൂടിയാല്‍ ഭര്‍ത്താവ് നന്നാവുമെന്ന് കരുതുന്ന ഭാര്യ.... കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍?
അവനെ എങ്ങിനെയെങ്കിലും പറഞ്ഞു മനസിലാക്കി ഒരു 'ഡി-അഡിക്ഷന്‍' കേന്ദ്രത്തില്‍ എത്തിക്കമെന്നുള്ള മോഹം വെറും വ്യാമോഹം മാത്രമായി. ഒരു കൊച്ചുകുടുംബത്തില്‍ പതിയെ വിള്ളല്‍ സംഭവിക്കുന്നത് ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാന്‍ മാത്രം. വിള്ളലിലൂടെ തോണിയിലേക്ക് വെള്ളം കയറി തുടങ്ങിയിരിക്കുന്നു. അവര്‍ അറിയുന്നില്ലേ? എന്തിനീ കൊച്ചു കൊച്ചു വാശികള്‍? [ഈശ്വരാ.. ഈ തോണി മുങ്ങരുതേ എന്നാ പ്രാര്‍ത്ഥന മാത്രം]
കേരളത്തില്‍ ദാമ്പത്യബന്ധങ്ങള്‍ തകര്‍ച്ചയിലാണോ? മാതൃഭൂമിയില്‍ ഒരു ലേഖനം കണ്ടു. പിന്നെ കാവ്യ മാധവന്റെ വാര്‍ത്ത. ആരാന്റമ്മയ്ക്കു ഭ്രാന്ത് പിടിക്കുമ്പോള്‍.... സ്വന്തം ദേഹത്ത് തട്ടുമ്പോഴേ ഏതു വേദനയും വേദനയാവൂ.
വലിയ വലിയ പ്രതീക്ഷകള്‍, വിട്ടുവീഴ്ചയില്ലായ്മ, അഹന്ത, സംശയം, മദ്യപാനം, പണത്തോടുള്ള ആര്‍ത്തി... ഇവയൊക്കെ കുടുംബകലഹത്തിനു കാരണമാകാമെങ്കിലും വിട്ടുവീഴ്ച(Adjustment) യില്ലായ്മ തന്നെയാണ് പ്രധാനകാരണമായി എനിക്ക് തോന്നിയിട്ടുള്ളത്. ദാമ്പത്യജീവിതം തികച്ചും ഒരു വിട്ടുവീഴ്ച(Adjustment) തന്നെയാണ്.
ഇനിയോരുവന്‍ വേദനൈ...
ഇവര്‍കള്ക്ക് വേടിക്കൈ [തമാശ]
ഇദയമറ്റ്ര മനിതനിക്ക്
[ഹൃദയമില്ലാത്ത മനുഷ്യര്‍ക്ക്]
ഇതുവെല്ലാം വാടിക്കൈ... [സാധാരണ]
തമിഴന്‍ ദൂരെ നടന്നു പോയി.... അയാളുടെ പാട്ടും. ബാക്കി വരികള്‍ ഗൂഗിള്‍ തപ്പിയെടുത്തു. [എം.ജി.ആര്‍ അഭിനയിച്ച 'ആശൈമുഖം' എന്ന പടത്തിലെ ഗാനം.]
Thursday, May 28, 2009
അഹങ്കാരി മോന്‍ (ഞാന്‍ തന്നെ!!)
"അവന്‍ മഹാ അഹങ്കാരിയാ, അവന്റെ അഹങ്കാരത്തിന് രണ്ടു 'ങ്ക' ഉണ്ട്." ഇത് എന്നെ പറ്റി ഒരാള്‍ പറഞ്ഞതാണ്. (എന്നോടല്ല) പറഞ്ഞതില്‍ സത്യമില്ലാതില്ല എന്ന് അറിഞ്ഞപ്പോള്‍ എനിക്കും തോന്നി.
**********************
എന്ത് കാര്യത്തിനും 'സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കണം' എന്നാണ് പണ്ട് നാലാം ക്ലാസ്സിലെ മലയാളം ടീച്ചര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ കമന്റ് ഏതു സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് പറഞ്ഞു എന്ന് കൃത്യമായി അറിയില്ല. ചില ഊഹാപോഹങ്ങള്‍ നടത്താമെന്ന് മാത്രം.
*************************
കുറേ കാലം കൂടി എന്റെ ഒരു ബന്ധു വീട്ടില്‍ വന്നു. (എന്റെ കനിഷ്ഠ സഹോദരി എന്നുപറയാം) ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം. കാര്യമിതാണ് - ആള്‍ ഒരു എല്‍.ഐ.സി ഏജന്‍സി എടുത്തു. ഞാന്‍ ഒരു പോളിസി എടുക്കണം. (സഹായിക്കണം) അവര്‍ എന്തുകൊണ്ടോ വളരെ പ്രതീക്ഷയില്‍ ആണ് വന്നത്. അത് എല്ലാ എല്‍.ഐ.സി-ക്കാരക്കും അനാവശ്യതത്തിലധികം ഉള്ളതാണല്ലോ? എനിക്ക് പോളിസി എടുക്കാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നു. കാരണം നിലവില്‍ ഒന്നിലധികം പോളിസികള്‍ എന്റെ പേരിലും, ഭാര്യയുടെ പേരിലും, മോന്റെ പേരിലും ഉണ്ട്. ആവശ്യത്തിലധികം സാമ്പത്തീകബാധ്യത ഇതിനാല്‍ ഇപ്പോള്‍ തന്നെയുണ്ട്. അതുകൊണ്ട് അടുത്തെങ്ങും ഒരു പോളിസിയും എടുക്കില്ല എന്നാ ഉറച്ച തീരുമാനം എടുത്തിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ. (പുതുവത്സര പ്രതിജ്ഞ!!) ഏജന്റ് -മാരുടെ പ്രലോഭനതിലോ, ഭീഷണിയിലോ, കെഞ്ചി-അപേക്ഷിക്കലിലോ, ബോധവല്‍ക്കരണത്തിലോ വീഴാതെ കാത്തുകൊള്ളനെ,,, എന്ന് ദിവസവും പ്രാര്‍ത്ഥിക്കാറുണ്ട്.
അതുകൊണ്ട് തന്നെ അവരെ കണ്ടപ്പോള്‍ ഇഞ്ചി കടിച്ചപോലെ ചിരിക്കാനേ കഴിഞ്ഞുള്ളൂ. പോളിസിയുടെ ഗുണഗണങ്ങളോ നേട്ടമോ വിവരിക്കാന്‍ നില്‍ക്കാതെ ബന്ധുബലത്തില്‍ ഒരു പോളിസി എടുപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. ഞാന്‍ തീര്‍ത്തും 'സാധ്യമല്ല' എന്ന് തന്നെ പറഞ്ഞു. എനിക്കും ഭാര്യക്കും ജോലി ഉണ്ട്, പിന്നെന്തുകൊണ്ട് പോളിസി എടുത്തുകൂടാ എന്നായി അവര്‍. ഒരു ചെറിയ സഹായം - അത്ര മാത്രം. എനിക്ക് മുഖത്തെ ചിരി ഒഴിവാക്കി, കണിശമായി പറയേണ്ടി വന്നു. (പറ്റില്ല!!!) അങ്ങിനെ പുഞ്ചിരിക്കുന്ന മുഖവും കനത്ത ഹൃദയവുമായി ആ ബന്ധു (അഥവാ എല്‍.ഐ.സി) ഞങ്ങളുടെ വീടിന്റെ പടിയിറങ്ങി.
ഇതില്‍ നിന്നും ഞാന്‍ രണ്ടു പാഠം പഠിച്ചു: 1) ബന്ധുക്കള്‍ ഇന്‍ഷുറന്‍സ് ഏജന്‍സി തുടങ്ങിയാല്‍ ബന്ധം അവസാനിക്കാന്‍ സാധ്യതയുണ്ട്. 2) ഇന്‍ഷുറന്‍സ് ഏജെന്റ്റ്‌മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ - സ്വന്തമായി ഒരു IRDA ലൈസെന്‍സ് എഴുതി എടുക്കുക.