ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?