Sunday, October 30, 2022

ദാരിദ്ര്യം പിടിച്ചവൻ (ദരിദ്രവാസി അല്ല!!)

നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിയ്ക്കലും നിങ്ങളുടെ തെറ്റല്ല എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്".

If you're born poor then it's not your mistake but if you die poor then it's definitely your mistake.”.

പലായവർത്തി കേട്ടിട്ടുള്ള ഒരു മഹദ് വചനം? എപ്പോൾ കേട്ടാലും ദഹിക്കാതെ പുളിച്ചു തികട്ടുന്ന ഒരു വാചകം! പണമുണ്ടാക്കുക, സമ്പന്നനാകുക ... സമ്പത്ത് കുമിഞ്ഞു കൂട്ടിവെച്ച് അതിനുമുകളിൽ സന്തോഷവാനായി ഇരിക്കാൻ ആഹ്വനം ചെയ്യുന്ന, മോട്ടിവേഷണൽ ട്രെയിനർമാർ തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഈ വാചകം എത്ര അരോചകമാണ്?

ഞാൻ കടങ്ങൾ ഒന്നും ഇല്ലാത്ത (ലോണുകൾ, ഇഎംഐ) ഒരു പരമ ദരിദ്രനാണ്. എന്റെ ഇന്നത്തെ ദാരിദ്ര്യത്തിൽ ഞാൻ സന്തോഷവാനാണ്, കാരണം 

1) ഞാൻ ഇന്ന് എന്റെ പ്രായമായ മാതാപിതാക്കൾ ക്കൊപ്പംആണ് താമസിക്കുന്നത്. എത്ര അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പിണക്കങ്ങൾ ഉണ്ടെങ്കിലും ഇതൊരു സുഖമാണ്. എനിക്ക് ഒരുപാട് കാശുണ്ടായിരുന്നെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും പോയി (നഗരത്തിൽ ഒരു ഫ്ലാറ്റ് വാങ്ങിയോ, വാടകയ്ക്ക് എടുത്തോ, അല്ലെങ്കിൽ വേറെ ഭൂമി വാങ്ങി വീട് വച്ചോ ഒക്കെ) താമസിച്ച് ജോലിയുടെ സൗകര്യം മക്കളുടെ സൗകര്യം എന്നൊക്കെ പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയേനെ!! പക്ഷെ ഇന്നെനിക്ക് അതിനുള്ള സാമ്പത്തീകം ഇല്ല, അതുകൊണ്ട് സ്വന്തം അപ്പന്റെയും അമ്മയുടെയും കൂടെ ഇണങ്ങിയും പിണങ്ങിയും പോകുന്നു 

2) ഞാൻ ഇന്ന് സർക്കാർ സംവിധാനങ്ങൾ ആണ് എന്റെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുന്നത്. അതിൽ കൂടുതലും ആയുർവേദ - ഹോമിയോപ്പതി വിഭാഗത്തിൽ ആണ് ചികിത്സകൾ. വീട്ടിൽ 7 പേരും കഴിഞ്ഞ പത്തു വർഷങ്ങൾ ആയി വളരെ തുച്ഛം അലോപ്പതി മരുന്നുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഒരു പക്ഷെ ഞാൻ സമ്പന്നൻ ആയിരുന്നെങ്കിൽ ആവശ്യമില്ലാതെ കൊച്ചിയിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾ കയറിയിറങ്ങി യേനെ? രാജഗിരി, അമൃത, ആസ്റ്റർ, റെനൈ മെഡ്‌സിറ്റി ഒക്കെ എന്റെ ഒരു സ്റ്റാറ്റസ് സിമ്പൽ ആയേനെ!! ഭാഗ്യത്തിന് ഞാൻ ഒരു ദരിദ്രൻ ആയിപോയി, ആരോഗ്യം കാത്തുസൂക്ഷിക്കുക പ്രാഥമീകമായി എന്റെ മാത്രം ചുമതലയാണ് എന്ന് എനിക്കും എന്റെ വീട്ടിലുള്ളവർക്കും നന്നായി അറിയാം 

3) കുട്ടികൾ കേന്ദ്ര സർക്കാർ , കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു. ഭാവിയിൽ അവർക്ക് സ്വകാര്യ -സ്വാശ്രയ കോളേജുകളിൽ സീറ്റ് വാങ്ങി നല്കാൻ ആരും ഇല്ല എന്ന ബോധ്യത്തോടെ


ദരിദ്രനായി ജനിച്ച് 

ദരിദ്രനായി ജീവിച്ച് 

ദരിദ്രനായി മരിക്കാൻ (സാധിക്കുമെങ്കിൽ)

ദൈവത്തിനു സ്തുതി!!!  

അവനവന്‍ സമ്പാദിച്ചതൊന്നും അവനവനു വ്യയം ചെയ്യാനാവാതെ മടങ്ങേണ്ടിവരുമ്പോള്‍ അവിടെ സ്ഫുരിക്കുന്നത് തന്റേതു മാത്രമെന്ന ചിന്തയാണ്.

സ്വന്തം ദാരിദ്ര്യം സഹനീയം ആക്കുക ലോഭരഹിതമായ ഒരു മനസ്സിനു സാധ്യമാണ്. മറിച്ച് ധനം, അളവറ്റ ധനം കാവ്യാത്മകമായി വിന്യസിക്കാന്‍ ഒരുപാട് പ്രയത്‌നം ആവശ്യമായി വരും; ഒരുപാട് പ്രതിഭ ആവശ്യമായി വരും. ആസ്തി വിവേചനപൂര്‍വ്വമായി ചെലവഴിക്കുക ഒരിക്കലും എളുപ്പമല്ല. 

"ദാരിദ്ര്യം, ഒരു ഔഷധസസ്യംപോലെ പോറ്റിവളര്‍ത്തുക"  - തൊറോ വാല്‍ഡനിന്‍ 

സ്വരൂപിച്ചു വെക്കലിന്റേയല്ല, വിനിമയം ചെയ്യുന്നതിന്റെ. Not accumulating, But Disseminate സ്വരൂപിച്ച് വെക്കുക എന്നത് ഏറ്റം കാവ്യരഹിതമായി ചെയ്യാവുന്ന ഒരു കാര്യമാണ്; അത് ആര്‍ക്കും ഗുണകരമായി ഭവിക്കുകയില്ല. ധനത്തിന്റെ ചലനാത്മകതയാണ് അവിടെ നിരോധിക്കപ്പെടുക. നമ്മുടെ ശരീരത്തിലെന്നപോലെ, കൊഴുപ്പ് അടിഞ്ഞുകിടക്കുന്ന ഒരു അവസ്ഥയ്ക്ക് തുല്യമാണ് ധനത്തിന്റെ കെട്ടിക്കിടപ്പും. ഇതിനെയാണ് രത്തന്‍ നാവല്‍ ടാറ്റ ഏറ്റവും ഭാവനാത്മകമായി പരിഹരിച്ചത്. തനിക്കു ചുറ്റുമുള്ള, അത്രതന്നെ സൗഭാഗ്യവാന്മാരല്ലാത്ത മനുഷ്യര്‍ക്ക് ധനംകൊണ്ട് എങ്ങനെ പ്രയോജനമുളവാക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്.


Saturday, October 15, 2022

നരബലിയും അന്ധവിശ്വാസവും:

 നരബലിയും അന്ധവിശ്വാസവും:

നരബലി വാർത്ത വന്നപ്പോൾ മുതൽ തുടങ്ങിയ ചർച്ചയാണ് മതം, വിശ്വാസം, അന്ധവിശ്വാസം, അനാചാരങ്ങൾ, നിരോധന നിയമം, ബില്ല് തുടങ്ങിയ  വിഷയങ്ങൾ. അന്ധവിശ്വാസ നിരോധന ബില്ല് പാസാക്കിയാലും ഇല്ലെങ്കിലും നാമൊന്ന് ആഴത്തിൽ ചിന്തിക്കുന്നത് നല്ലതാണ്. വിശ്വാസം - അന്ധവിശ്വാസം ഇവതമ്മിൽ തലനാരിഴ മാത്രം വ്യതാസപ്പെട്ടിരിക്കുമ്പോൾ ഇങ്ങിനെ ഒരു നിർമാർജ്ജന നിയമം നടപ്പിലാക്കുക എത്രമാത്രം അപ്രയോഗികമാണെന്ന് നിയമ-നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഏകദേശ ധാരണയുള്ള ആളുകൾക്ക് നന്നായറിയാം.

ഒരു പ്രശ്നം പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ തേടുമ്പോൾ, അതിന്റെ മൂലകാരണം കണ്ടെത്തി തിരുത്താൻ ശ്രമിക്കുന്നതല്ലേ ബുദ്ധി? അത് മനുഷ്യരുടെ രോഗം ആയാലും സമൂഹത്തിന്റെ രോഗം ആയാലും! ഇവിടെ നരബലികൾ നടക്കുമ്പോൾ ഉടനെ അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണം എന്ന ആവശ്യം ഉയരുക സ്വാഭാവികമാണ്. അതുപോലെ തന്നെ പ്രധിഷേധ പ്രകടനങ്ങളും. പക്ഷെ അതിൽ നിന്നും അല്പം ഉയർന്നു ചിന്തിച്ചാൽ, ഇത്തരം ദുരാചാരങ്ങൾ, കപടവിശാസങ്ങൾ, ആഭിചാരക്രിയകൾ ഇല്ലാതാക്കാൻ ചില പ്രായോഗിക സമീപനങ്ങൾ /ഇടപെടലുകൾ സമൂഹത്തിനും സർക്കാരിനും സാധിക്കും. ആന്ധ്രയിൽ കഴിഞ്ഞ വർഷം സ്വന്തം മക്കളെ കൊന്ന് ദൈവപ്രീതി തെറ്റിയവർ വളരെ ഉയർന്ന വിദ്യാഭ്യാസവും ഉദ്യോഗവും ഉള്ള മനുഷ്യർ ആയിരുന്നു. കേരളം ഒരു പുരോഗമന സംസ്ഥാനം ആയി നമ്മൾ കണക്കാക്കുമ്പോഴും നരബലി പോലെ നൂറുകണക്കിന് അനാചാരങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നുണ്ട്. കൊലപാതകത്തെക്കാൾ ക്രൂരമായി അനേകായിരങ്ങളുടെ ജീവിതം നശിപ്പിക്കുന്ന ഈ ദുരാചാരങ്ങൾ വളർത്തുന്നത് മതങ്ങൾ മാത്രമല്ല.

ഒരു സമൂഹത്തിൽ  ജനങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോൾ, ഭരണകൂടം അരാജകത്വം ആയി മാറുമ്പോൾ ആണ് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ആഭിചാരക്രിയകൾക്കും പിന്നാലെ പോകുന്നത്.

മനുഷ്യർക്ക് രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി ഇവയൊക്കെ ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം പ്രധാനം ചെയ്യാൻ ഒരു ഭരണകൂടം ഉണ്ടെന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മതങ്ങളും അന്ധവിശ്വാസങ്ങളും പതിയെ ഇല്ലാതാകും. ഇതാണ് നമ്മൾ ഫിൻലൻഡ്‌ മുതലായ സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ കണ്ട അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട്,  ഭാരതത്തിലും കേരളത്തിലും ദൈവവിശ്വാസം, മതവിശ്വാസം, അന്ധവിശ്വാസങ്ങൾ, ദുരാചാരങ്ങൾ ഏറി വരുന്നത് ഇവിടെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നതിന്റെ സൂചനയാണ് എന്നു ഞാൻ ഉറക്കെ പറയും.  പൗരന്മാരുടെ വിദ്യാഭ്യസം, ആരോഗ്യ ചികിത്സ ആവശ്യങ്ങൾ, തൊഴിൽ വരുമാന മാർഗ്ഗങ്ങൾ ഇവയൊക്കെ സുരക്ഷിതമായി ഒരുക്കി കൊടുക്കാൻ ഒരു സർക്കാരിന് കഴിയാതെ വരുമ്പോൾ ജനങ്ങൾ അരക്ഷിതരായി തീരുന്നു. രോഗപീഡകൾ, സാമ്പത്തീക തകർച്ചകൾ ഒക്കെ വരുമ്പോൾ സംരക്ഷിക്കാൻ ഒരു ഭരണകൂടം കൂടെയുണ്ട് എന്ന ബോധ്യം ഇല്ലാതെ വരികയും ദൈവം, പിശാച്, ചാത്തൻ ,മറുത  ഇങ്ങനെ ആരുടെയെങ്കിലും പുറകെ പോകുന്നു. കേരളത്തിൽ 99 ശതമാനം ആളുകളും ഇതുതന്നെയാണ് ചെയ്യുന്നത്. ജീവഹാനി ഉണ്ടാകുന്ന ആചാരങ്ങൾ തുലോം കുറവാണെന്നു മാത്രം. കറുത്ത ചരടിൽ തുടങ്ങി നരബലിൽ എത്തുമ്പോൾ നാം മൂക്കത്തു വിരൽ വച്ച് വായും പൊളിച്ചു നില്കുന്നു.

അന്ധവിശ്വാസ നിരോധന നിയമം, പാഠ്യപദ്ധതിയിൽ ശാസ്ത്രബോധം ഉൾെപ്പടുത്താൽ തുടങ്ങി ഒട്ടനവധി പരിഹാരമാർഗ്ഗങ്ങൾ ഈ അടുത്ത ദിവസങ്ങളിൽ നാം കേൾക്കുന്നു. പക്ഷെ അടിസ്ഥാനപരമായി ഭരണകൂടം, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സർക്കാർ ജീവനക്കാർ മനോഭാവത്തിൽ മാറ്റം വരുത്തുകയും പൊതുജന ക്ഷേമകരമായി പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ഈ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇനിയും വളർന്നുകൊണ്ടിരിക്കും.



അന്ധവിശ്വാസ നിരോധന നിയമം അനായാസം നടപ്പിലാക്കാവുന്ന ഒന്നല്ല. എല്ലാ മതങ്ങളിലും ഉള്ള ആചാരങ്ങൾ അന്ധവിശ്വാസങ്ങൾ തന്നെയാണ്. 100 വർഷങ്ങൾ എടുത്താൽ പോലും ഈ വിശ്വാസങ്ങളും ആചാരങ്ങളും ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യൻ എന്ന ഗോത്രവർഗ്ഗ ജീവിയുടെ ദൗർബല്യം ആണ് വിശ്വാസം. കേസ് എടുക്കാൻ തുടങ്ങിയാൽ രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുന്നവരെ പോലും പിടിച്ച് അകത്തിവേണ്ടി വരില്ലേ??!!

മതങ്ങളെ ഇല്ലാതാക്കി സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കാമെന്ന മിഥ്യാധാരണ ചിലർക്കുണ്ട്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്. മത ബിസിനസ്സും ആത്മീയ ബിസിനസ്സും ഇന്ന് സമൂഹത്തിന്റെ ഭാഗമാണ്. അതിലെ നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ചൂഷണ രീതികളെ സിവിൽ  നിയമം കൊണ്ട് തടയുവാൻ സാധിക്കും.  

അതുപോലെ നിയമം കൊണ്ട് നിരോധിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ടിവി, പത്ര മാധ്യമങ്ങളിൽ വരുന്ന അനാചാര, ആഭിചാര ആത്മീയ പരസ്യങ്ങൾ. 24 മണിക്കൂറും ആഭിചാര ക്രിയയുടെയും മാന്ത്രിക  ഏലസ്സിന്റെയും അത്ഭുത രോഗശാന്തിയുടെയും പരസ്യങ്ങൾ കാണിക്കുന്ന ടിവി ചാനലുകൾ മലയാളത്തിലും ധാരാളമുണ്ട്. കൂടാതെ യുട്യൂബ് പോലുള്ള സാമൂഹ്യമാധ്യമങ്ങളും ഈ മേഖലയിൽ ശക്തമാണ്. ശരിയായ ഒരു നിയമനിർമ്മാണനത്തിലൂടെ നമ്മുടെ സർക്കാരുകൾക്ക് ഇത്തരം പരസ്യങ്ങളും പരിപാടികളും നിരോധിക്കാൻ സാധിക്കും.

അന്ധവിശ്വാസങ്ങളുമായി ബന്ധമുള്ള കേസുകളിൽ നിലവിലുള്ള സിവിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്നത് (ഉദാ: പണം തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീപീഡനം, ലൈംഗീക ചൂഷണം, ഗുണ്ടായിസം, അക്രമങ്ങൾ മുതലായ) എത്രമാത്രം ഗൗരവമായി പോലീസ് കേസ് എടുത്ത് നടപടി എടുക്കുന്നുണ്ടെന്ന് ബഹുമാനപെട്ട ഹൈക്കോടതി നിരീക്ഷിക്കണം. കോടികളുടെ ബിസിനസ്സ് ആയതിനാൽ പലപ്പോഴും പണം കൊടുത്ത് ഒതുക്കാൻ ഇത്തരക്കാർക്ക് സാധിക്കുന്നു.



വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, തൊഴിൽ ഉറപ്പ്,സാമൂഹ്യ സുരക്ഷ, സ്ഥിര  വരുമാനം, വാർധക്യകാല സംരക്ഷണം  മുതലായ കാര്യങ്ങളിൽ "സർക്കാർ ഒപ്പമുണ്ട്" എന്ന അനുഭവത്തിൽ (വാചകം അല്ല!) നിന്നാണ് ഫിൻ ലാൻഡ് പോലുള്ള രാജ്യത്തെ ജനങ്ങൾ മതവും വിശ്വാസങ്ങളും ഒഴിവാക്കിയത്. അല്ലാതെ അവിടെ യുക്തിവാദ സംഘടനകൾ പ്രവർത്തിച്ചിട്ടോ ശാസ്ത്രബോധം പഠിപ്പിച്ചിട്ടോ അല്ല.

നമ്മുടെ രാജ്യത്തും എന്നെങ്കിലും ഒരു ശക്തമായ സർക്കാർ സംവിധാനം ഉണ്ടാകും, ജനങ്ങൾക്ക് അവരുടെ സർക്കാരിൽ വിശ്വാസം ഉണ്ടാകും അവർ മറ്റെല്ലാ വിശ്വാസങ്ങളും (അന്ധവും അല്ലാത്തതും) ദൂരെയെറിയും എന്ന പ്രതീക്ഷയിൽ നമുക്ക് മുന്നോട്ടു പോകാം.

----

ജോസി വർക്കി

മുളന്തുരുത്തി

(+91)9847732042

https://www.facebook.com/jossyvarkey

Friday, September 23, 2022

സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

 സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതണം

ഖാദർ കമ്മിറ്റി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അധ്യാപക സംഘടനകളും സമുദായ സംഘടനകളും തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അമിത നിയന്ത്രണത്താൽ ബലി  കൊടുത്ത, കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് ബോധ്യമുള്ള വിദ്യാഭ്യാസ ചിന്തകരും പുരോഗമന സംഘനകളും ഇവിടെയുണ്ട്. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യം വർഷങ്ങളായി അവശേഷിക്കുന്നു. ഇപ്പോഴത്തെ സർക്കാരിന് ഇക്കാര്യത്തിൽ ധീരമായ നിലപാട് എടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കുറച്ചു നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നു.
  1. സിലബസ് വളരെയധികം വെട്ടികുറയ്ക്കണം. കുട്ടികളുടെ പഠനഭാരം കുറയ്ക്കണം, ഹോംവർക്ക് നിരോധിക്കണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്രദമല്ലാത്ത കാര്യങ്ങൾ ആണ് ഇന്നത്തെ പാഠ്യപദ്ധതിയിൽ ഭൂരിഭാഗവും
  2. സിലബസിൽ കൂടുതൽ ആയി ജീവിത നൈപുണ്യ പരിശീലന ഭാഗങ്ങൾ ഉൾപ്പെടുത്തണം. വ്യക്തിശുചിത്വം, ലൈംഗീക വിദ്യാഭ്യാസം, മാലിന്യ പരിപാലനം, സാമൂഹ്യബോധം, ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ മര്യാദകൾ തുടങ്ങിയവ അനായാസമായി പഠിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടാവണം
  3. സ്‌കൂൾ സമയം 8 മുതൽ 1 മണിവരെ ആക്കാനുള്ള നിർദ്ദേശം വളരെ നല്ലതാണ്. കുട്ടികൾക്ക് രാവിലെ 5 മാണിക്കും മറ്റും ഉണരാനുള്ള ശീലം രൂപപ്പെടും. നേരത്തെ ഉറങ്ങി നേരത്തെ ഉണരുക എന്ന ശീലം എല്ലാവരും പരിശീലിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ടുവരേണ്ടതും ആണ്. രാത്രി ഏറെ വൈകിയുള്ള ടിവി ഷോകൾ, സോഷ്യൽ മീഡിയ ഉപയോഗം, അർദ്ധരാത്രി കഴിഞ്ഞും നീളുന്ന സിനിമാ പ്രദർശനങ്ങൾ ഒക്കെ നമ്മുടെ ഉറക്കത്തെയും ആരോഗ്യ ശീലങ്ങളെയും  കാര്യമായി ബാധിക്കുന്നുണ്ട്
  4. ശാരീരിക പ്രവർത്തങ്ങളും കായിക വിനോദങ്ങളും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ കൊറോണ യുടെ വരവോടെ അത് ഏതാണ്ട് പൂർണ്ണമായി ഇല്ലാതായിരിക്കുകയാണ്. ഉച്ചകഴിഞ്ഞു കുട്ടികൾക്ക് സ്‌കൂളുകളിൽ തന്നെ കായിക വിനോദങ്ങളും കലാസാംസാകാരിക പ്രവർത്തങ്ങളും ഏർപ്പെടുത്തണം. ക്‌ളാസിക് സിനിമകൾ കാണുക, നാടകം, പാട്ട്, ചിത്രരചന, ഗ്രൂപ്പ് ഗെയിംസ്, പ്രസംഗകല, തീയറ്റർ അധിഷ്ഠിത പരിശീലന കളരികൾ ഇവയ്കായി ഉച്ചകഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്താം. ഉറക്കക്ഷീണവും ബോറടിയും ഇല്ലാതെ കളിയും ചിരിയും ആയി കുട്ടികൾ ഇത്തരം പ്രവർത്തങ്ങളിലൂടെ ജീവിത നൈപുണ്യ പരിശീലനം നേടുന്ന രീതിയിൽ കരിക്കുലം ക്രമപ്പെടുത്തണം.
  5. ഒരു ക്‌ളാസിൽ 60 -70 കുട്ടികൾ തിങ്ങി ഞെരിഞ്ഞ് ഇരിക്കുകയും അധ്യാപകർക്ക് മുൻനിരക്കാരെ മാത്രം ശ്രദ്ധിക്കാൻ സാധിക്കുകയും ചെയ്യുകയുളളൂ എന്നത് ഇന്ന് നാം കാണുന്ന ഒരു ദുരന്തമാണ്. കൂടുതൽ അധ്യാപക തസ്തികകൾ സൃഷിച്ച് ഒരു ക്‌ളാസിൽ 25-30  കുട്ടികൾ എന്ന നിലയിൽ പറ്റുമെങ്കിൽ വട്ടത്തിൽ ഇരുത്തി എല്ലാ കുട്ടികളെയും മുഖത്തോടു മുഖം കണ്ടുകൊണ്ട് ക്‌ളാസ് നയിക്കാൻ അധ്യാപകർക്ക് കഴിയണം.
  6. മെന്റർ ടീച്ചർ പദ്ധതി കടലാസുകളിൽ മാത്രമായി ഒതുങ്ങിപോയി. ഇത് ഗൗരവമായി എടുക്കണം. ഒരു ടീച്ചർക്ക് 20 ഇൽ കുറഞ്ഞ എണ്ണം കുട്ടികളെ മെന്ററിംഗിനായി നൽകാം. അവരോട് ടീച്ചർ ഒരു ആത്മബന്ധം സ്ഥാപിക്കുക വഴി മയക്കുമരുന്ന്, മൊബൈൽ ഗെയിം, ലൈംഗീക ചൂഷണങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ മെന്റർ ടീച്ചറമാർക്ക് നല്ലരീതിയിൽ ഇടപെടാൻ സാധിക്കും
  7. ഭാഷ പഠനത്തിന് പ്രത്യേക ശ്രദ്ധനൽകുകയും ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലകരെ നിയമിക്കുകയും വേണം. ആത്മവിശ്വാസത്തോടെ അന്യഭാഷകൾ സംസാരിക്കുവാനും കൈകാര്യം ചെയ്യുവാനും 12 ക്‌ളാസ് കഴിയുമ്പോൾ നമ്മുടെ കുട്ടികൾ പ്രാപ്തരാകണം
  8. സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക -അനധ്യാപക നിയമനം പി എസ് സി വഴി ആക്കണം. അനധ്യാപകർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും സ്‌കൂളും പരിസരവും വൃത്തിയായി കിടക്കുന്നുണ്ടെന്ന് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധന നടത്തി ഉറപ്പുവരുത്തുകയും വേണം. നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം
  9. ഒരു സ്‌കൂളിൽ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം, എൽപി,യുപി, എച്ച്എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഖാദർ കമ്മിറ്റി നിർദ്ദേശം വളരെ ശരിയാണ്. വേണ്ടത്ര ഭൗതീക സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകൾ പരസ്യം, പ്രചാരണം ഇവ നടത്തി കൂടുതൽ കുട്ടികളെ കാൻവാസ്‌ ചെയ്ത് പ്രവേശനം നടത്തുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. വേണ്ടത്ര ക്ലസ്സ്മുറികൾ, ആഡിറ്റോറിയം, കളിസ്ഥലം, പൊതുസ്ഥലം (ഓപ്പൺ സ്‌പേസ്), ഒന്നും ഇല്ലാതെ കുട്ടികളെ കാൻവാസ്‌ ചെയ്തു എണ്ണം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച്  ഭൂവിസ്തൃതി നിബന്ധന വയ്ക്കണം 
  10. എയ്‌ഡഡ്‌ സ്‌കൂളിൽ വലിയ തുക (അമ്പരപ്പിക്കുന്ന കോഴ) തലവരിപ്പണം കൊടുത്ത് സർക്കാർ ശമ്പളത്തിൽ  അധ്യാപക ജോലി കരസ്ഥമാക്കുന്ന വരെ കുട്ടികളുടെ എണ്ണം കുറഞ്ഞു ഡിവിഷൻ ഫാൾ വരുമ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് പുനർ വിന്യസിക്കുന്ന അന്യായം അവസാനിപ്പിക്കുക. അത് മെറിറ്റിൽ പഠിച്ച് ടെസ്റ്റ് എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാര്ഥികളോട് ചെയ്യുന്ന അനീതിയും ക്രൂരതയും ആണ്. 
  11. പരീക്ഷാ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. കൊല്ലവസാന പരീക്ഷയും പത്തിലും പന്ത്രണ്ടിലും നടത്തുന്ന യമണ്ടൻ പരീക്ഷകളും മാറ്റി പകരം കുട്ടികളെ നിരന്തരം വിലയിരുത്തുന്ന സമ്പ്രദായം ആക്കാം. കുട്ടികളുടെ മാനസീക സംഘർഷം കുറയ്ക്കാൻ ഇതുപകരിക്കും. ആവശ്യമില്ലാത്ത അമിത പ്രാധാന്യം പത്തിലും പന്ത്രണ്ടിലും നടക്കുന്ന പരീക്ഷകൾക്ക് സമൂഹവും രക്ഷിതാക്കളും നല്കുന്നതു മൂലം കുട്ടികൾ കടുത്ത സമ്മർദ്ദത്തിൽ ആഴുന്നു. പന്ത്രണ്ടു വർഷങ്ങൾ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടി ചില പ്രത്യേക മുഹൂർത്തത്തിലെ പരീക്ഷകളിലൂടെ മാത്രം വിലയിരുത്തപ്പെടുന്നത് അശാസ്ത്രീയമാണ്. പരീക്ഷകൾ [വിലയിരുത്തലുകൾ ]കുട്ടികളിലെ കഴിവുകൾ കണ്ടെത്താൻ വേണ്ടി ആവണം, അല്ലാതെ തോൽവിയും ജയവും നിശ്ചയിക്കാൻ വേണ്ടിയാവരുത്
  12. കരിയർ ഗൈഡൻസ് - നമ്മൾ യാതൊരു പ്രാധാന്യവും കൊടുക്കാത്ത മേഖലയാണ് അഭിരുചി നിർണ്ണയ രീതികളും അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കരിയർ കൗൺസിലിംഗ് സേവനങ്ങളും. കുട്ടികളെ അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താതെ അവരിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ കണ്ടെത്തി മാർഗ്ഗനിർദ്ദേശം നല്കാൻ ഉള്ള പദ്ധതികൾ ഹൈസ്‌കൂൾ തലത്തിൽ നിന്ന് തന്നെ ഉണ്ടാവണം. കുട്ടികൾക്ക് അവരുടെ അഭിരുചികൾ, താല്പര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ, മുതലായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഭാവിയിലെ കോഴ്‌സുകളും തൊഴിൽ മേഖലകളും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും അങ്ങിനെ തിരഞ്ഞെടുത്താൽ ജീവിതത്തിൽ  കൂടുതൽ ശോഭിക്കാൻ കഴിയുമെന്നും പറഞ്ഞു കൊടുക്കുന്ന കരിയർ ഗൈഡൻസ് വിഭാഗം സ്‌കൂൾ തലത്തിൽ ശക്തമാക്കണം.
കേരളത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷകരും സാമൂഹ്യപ്രവർത്തകരും ഘോരഘോരം പലയാവർത്തി പ്രസംഗിക്കുന്ന വിഷയങ്ങളാണ്, പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹൊവാർഡ് ഗാർഡ്നർ 1983 ഇൽ   ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ പറഞ്ഞു വച്ച "ബഹുമുഖ ബുദ്ധി സിദ്ധാന്തം" (എല്ലാ
മനുഷ്യരും ബുദ്ധിമാന്മാരാണ്, ബുദ്ധി എന്നത് ഒരൊറ്റ കഴിവോ ഉള്ളടക്കമോ അല്ല എന്നും  പലതരം ബുദ്ധികളുണ്ട്. അവ ഉപയോഗിച്ചാണ് നാം ഫലപ്രദമായി ജീവിക്കുന്നത് എന്നും പറഞ്ഞു വച്ചു. ഓരോ വ്യക്തിയും സ്വതന്ത്രമായ നിരവധി മാനസികശേഷികളുടെ അഥവാ ബുദ്ധിശക്തികളുടെ ഉടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.), രണ്ടാമത് ഫിൻലൻഡ്‌ മാതൃകയും  (ലഘുവായ കരിക്കുലം, കളികൾക്ക് പ്രാധാന്യം, ഹോംവർക്ക് ഇല്ല, ട്യൂഷൻ നിരോധിച്ചിരിക്കുന്നു, എൻട്രൻസ് കോച്ചിങ് എന്ന വാക്കേ ഇല്ല, കുട്ടികൾക്ക് സ്വാതന്ത്ര്യം, ക്ലസ്സ്മുറികളിൽ ജനാധിപത്യം, മാർക്ക് /റാങ്ക് അധിഷ്ഠിതമല്ലാത്ത വിലയിരുത്തൽ രീതി, നിരവധിയായ പഠ്യേതര പ്രവർത്തനങ്ങൾ, ആഹ്ളാദകരമായ ക്ലസ്സ്മുറികൾ തുടങ്ങിയ പുത്തൻ ശൈലികൾ)    

എന്നാൽ ഇവ പ്രവർത്തിപഥത്തിൽ എത്തിക്കാനോ പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താൻ ഇവിടുത്തെ വിദ്യാഭ്യാസ വിദഗ്ദര്ക്കോ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ ഏറെ പ്രതീക്ഷ തോന്നുന്നു. മത -സാമുദായിക സംഘടകളും ഉദ്യോഗസ്ഥ -രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ അനിവാര്യമായ പാഠ്യപദ്ധതി പരിഷകരണത്തിന് തുരങ്കം വയ്ക്കാതെ, കേരളത്തിലെ വരും തലമുറയെ വിദ്യാഭ്യാസം എന്ന ചുമടിൽ നിന്നും കരകയറ്റണമെന്ന് അഭ്യർത്ഥിക്കുന്നു
---------------------
ജോസി വർക്കി
മുളന്തുരുത്തി   
   

Saturday, November 06, 2021

വ്യക്തിത്വ വികസനത്തിലെ തെറ്റായ പ്രവണതകൾ

വിജ്ഞാനം, കല തുടങ്ങി ജീവിതത്തിലെ ഏതൊരു കാര്യവും അതിന്റെ യഥാര്‍ത്ഥ യോഗ്യതയും കഴിവും ഇല്ലാത്തവരിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍ ആ വിജ്ഞാനത്തോടുള്ള അല്ലെങ്കില്‍ കലയോടുള്ള ജനങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ വികൃതമാകുന്നു. 

മാനവവിഭവ ശേഷി വളര്‍ത്തല്‍, വ്യക്തിത്വ വികാസ കോഴ്‌സുകളിലും ഈ രോഗം പ്രകടമാണ്. ഇത്തരം കോഴ്‌സുകള്‍ക്ക് വാണിജ്യമുഖം കൈവരികയും പെട്ടന്ന് വിജയം നേടാനും ലാഭം കൊയ്യാനും മോഹിക്കുന്ന ചിലരെല്ലാം ഈ മാര്‍ക്കറ്റിലേക്ക് കടന്നുവരികയും ചെയ്യുന്നു. 

മൂന്ന് ദിവസം കൊണ്ടെങ്ങനെ ഒരു ഭാഷ അനായാസം സ്വായത്തമാക്കാനാവും? ഒരാഴ്ച്ച കൊണ്ടെങ്ങനെ കോടീശ്വരനാകും? കഴിവും യോഗ്യതകളും നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പരിശ്രമം പോലും നടത്താതെ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ചിലര്‍ ട്രെയിനര്‍മാരും അതില്‍ നിന്ന് അന്താരാഷ്ട്ര ട്രെയിനര്‍മാരുമായി മാറുന്നു. 

മനുഷ്യമനസ്സിനെയും മനുഷ്യപ്രകൃതത്തെയും കുറിച്ച് വ്യക്തമായ കാഴ്ച്ചപാട് പകരുന്നതിനാവശ്യമായ മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിലൊന്നും മതിയായ പരിജ്ഞാനം നേടാതെയാണിത്.

ഇത്തരം കപടനാട്യക്കാരുടെ രംഗപ്രവേശം മാനവവിഭവ ശേഷിവികാസത്തെയും വ്യക്തിത്വവികാസത്തെയും കുറിച്ച് ആളുകളില്‍ തെറ്റായ കാഴ്ച്ചപ്പാടാണിത് ഉണ്ടാക്കുന്നത്. ഊഹങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കച്ചവടമായിട്ടാണവര്‍ അതിനെ കാണുന്നത്. അല്ലെങ്കില്‍ കോഴ്‌സ് തീരുന്നതോടെ ഫലവും അവസാനിക്കുന്ന മയക്കുമരുന്ന് ക്യാപ്‌സൂളുകളെ പോലെയാണവര്‍ അതിനെ കാണുക.

മനുഷ്യനിലെ സ്വഭാവഗുണങ്ങളെ കൈകാര്യം ചെയ്യുന്ന ഈ വൈജ്ഞാനിക ശാഖയോട് ചെയ്യുന്ന അനീതിയാണ് ഈ കാഴ്ച്ചപ്പാട്. ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് അനിവാര്യമായ വിജ്ഞാനമാണത്. ടൈം മാനേജ്‌മെന്റ്, മാനസികവും സ്വഭാവപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വ്യക്തിത്വത്തിലെ ദൗര്‍ബല്യങ്ങള്‍ മറികടക്കല്‍ തുടങ്ങിയവ നമുക്കെല്ലാവര്‍ക്കും ആവശ്യമായവയാണ്. ഈ പ്രശ്‌നങ്ങള്‍ കടവടതാല്‍പര്യക്കാരുടെയും നാട്യക്കാരുടെയും മുമ്പിലെത്തുമ്പോള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായ അതിശയോക്തിയും ഭയപ്പെടുത്തലും അതില്‍ കടന്നുവരികയും അതിലുള്ള ശാസ്ത്രീയ കാഴ്ച്ചപ്പാട് കുറയുകയും തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അറിവും ശേഷിയും നേടുന്നതിന് പരിശ്രമങ്ങള്‍ നടത്തുകയും അനുഭവസമ്പത്ത് കൈവശമാക്കുകയും ഈ രംഗത്ത് വേണ്ട ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുകയും ചെയ്തവരെയും അതൊന്നുമില്ലാതെ ഇതിലേക്ക് കടന്നുകയറിയവരെയും വേര്‍തിര്‍ക്കുന്നതിന്റെ പ്രധാന്യം ഇതാണ്.

വ്യക്തിത്വവികസവും അഹംഭാവവും:

സ്വന്തത്തെ വലിയ സംഭവമായി കാണുന്ന പ്രവണതയാണ് ഈ മേഖലയിലെ മറ്റൊരു പ്രശ്‌നം. സ്വന്തത്തെ കുറിച്ച മിഥ്യാധാരണകളില്‍ നിന്നും രൂപപ്പെടുന്ന അഹംഭാവം ധാര്‍മികവും സ്വഭാവപരവുമായ മൂല്യങ്ങളെ തകര്‍ത്തെറിയുന്നു. ചിന്താപരവും മാനസികവുമായ സന്തുലിതത്വം നഷ്ടപ്പെടുന്ന ഇത്തരാക്കാര്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും അതിതീവ്രത പുലര്‍ത്തുന്നു. ജീവിതം മുഴുവന്‍ വിജ്ഞാനസമ്പാദനത്തിനും ഗവേഷണത്തിനും ചെലവഴിച്ച മഹാപണ്ഡിതന്‍മാരുടെ പരിശ്രമങ്ങളെ പോലും ചവിട്ടിമെതിക്കാന്‍ അവര്‍ മടിക്കുകയില്ല. പണ്ഡിതന്‍മാര്‍ക്ക് തെറ്റുപറ്റുകയില്ലെന്ന് എനിക്ക് വാദമില്ല. അവരുടെ പിഴവുകളെ നമുക്ക് നിരാകരിക്കാം. എന്നാല്‍ അവരുടെ വൈജ്ഞാനിക പരിശ്രമങ്ങളെ നാം മാനിക്കേണ്ടതുണ്ട്.

ശ്രോതാക്കളെ വിലമതിക്കാതിരിക്കല്‍:

ശ്രോതാക്കളുടെ ബുദ്ധിയെയും മനസ്സിനെയും ചിന്താപരവും ധാര്‍മികവുമായ ഗുണങ്ങളെയും വിലമതിക്കാതിരിക്കുകയെന്നത് ചില ട്രെയിനര്‍മാരില്‍ കാണുന്ന പ്രശ്‌നമാണ്. ഉദ്ദേശ്യപൂര്‍വമല്ലെങ്കിലും തന്നെ കേള്‍ക്കുന്നവരെ തകര്‍ക്കുന്നതില്‍ പങ്കാളിയാവുകയാണ് അതിലൂടെ ചെയ്യുന്നത്. ചിലരുടെയെല്ലാം ആത്മവഞ്ചന ആദരണീയരായ വ്യക്തിത്വങ്ങളെ വരെ നിന്ദിക്കുന്നതിലും സദാചാര മൂല്യങ്ങൾ, പരസ്പരം സഹകരണം പോലുള്ള സാമൂഹ്യ മൂല്യങ്ങളെയും അടിസ്ഥാനങ്ങളെയും വരെ പുച്ഛിക്കുന്നതിലും എത്തിനില്‍ക്കുന്നു.




Friday, May 08, 2020

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി ആണ് എൻറെ ഗ്രാമം,  പെരുമ്പള്ളി എന്ന പേരുള്ള ഉള്ള രണ്ട് പ്രദേശങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ട്  എന്നുള്ളത് ഒരു പ്രത്യേകതയാണ്.ഒന്ന് എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തു, മറ്റേത് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും എന്നുള്ളതും ഒരു യാദൃശ്ചികതയാണ്
ഞാൻ ജനിച്ചുവളർന്നത് മുളന്തുരുത്തിയിൽ ഉള്ള പെരുമ്പള്ളിയിലാണ്. മറ്റേ പെരുമ്പള്ളി വൈപ്പിൻ -ഞാറക്കൽ പ്രദേശത്തുള്ള ഉള്ള ഒരു സ്‌ഥലമാണ്‌. പെരുമ്പള്ളി എന്ന പേര് എങ്ങനെ വന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ പ്രശസ്തമായ ഒരു യാക്കോബായ സുറിയാനി പള്ളി ഇവിടെ  സ്ഥിതി ചെയ്യുന്നുണ്ട് - സെൻറ് ജോർജ് സിംഹാസന പള്ളി. ഈ പള്ളി ഉള്ളതുകൊണ്ടാണ് പെരുമ്പള്ളി എന്ന പേര് വന്നതെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആ പള്ളിയുടെ ചരിത്രം അറിയാവുന്ന പല തലമുതിർന്ന ആളുകളും പറയുന്നത്  ഇതിനു മുൻപേ പെരുമ്പള്ളി എന്ന പേര് ഉണ്ടായിരുന്നു  എന്നാണ്. അങ്ങനെ ചിന്തിക്കുമ്പോൾ  'പള്ളി' എന്ന ഒരു പദം പ്രയോഗിച്ചിരുന്നത് ബുദ്ധമതത്തിലെ ബുദ്ധമത വിഹാരങ്ങൾക്കാണ് എന്നു കാണാം. അങ്ങനെ ഒരു പക്ഷെ  ബുദ്ധമതവുമായി ബന്ധം ചിലപ്പോൾ എൻറെ നാടിനും ഉണ്ടായേക്കാം. പെരുമ്പള്ളി എന്നുപറയുന്നത് പാലി ഭാഷയിലെ ബുദ്ധവിഹാരം. ആ പള്ളി തന്നെയായിരിക്കാം ഇതും!  ഇവിടെ അടുത്തുള്ള ഒരു പ്രദേശമാണ് അരയങ്കാവ്, ബുദ്ധമതവുമായി ബന്ധപ്പെടുത്തി നമുക്ക് കാണുവാൻ സാധിക്കും ആര്യങ്കാവ്, അരയൻ കാവ്  എന്നീ പ്രദേശങ്ങൾ എല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമതത്തിന്, വളരെ പണ്ട് കേരളത്തിൽ നല്ല വേരോട്ടം ഉണ്ടായിരുന്നു എന്ന് ചരിത്രപഠനങ്ങൾ ചേർത്തുവായിക്കുമ്പോൾ പെരുമ്പള്ളി പറയുന്ന ഒരു പള്ളി (ബുദ്ധവിഹാരം) ആയിരിക്കാനുള്ള സാധ്യത ഏറെയാണ്

ഒത്തിരി പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് എൻറെ നാട്. ഞാൻ ഓരോന്നായി വിവരിക്കാം, മുൻപ് സൂചിപ്പിച്ച പോലെ സെൻറ് ജോർജ് സിംഹാസന പള്ളി കേരളത്തിലെ അതിപ്രശസ്തമായ ഒരു യാക്കോബായ ക്രിസ്തീയ ദേവാലയമാണ്. പെരുമ്പള്ളി തിരുമേനി 1970-കളിൽ വളരെ പ്രശസ്തനായ ഒരു വൈദീക ശ്രേഷ്ഠൻ  ആയിരുന്നു. അക്കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നത് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് 1970 - 80 കാലഘട്ടത്തിൽ ആണ്, ഇതുകൂടാതെ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം എന്ന ഒരു വലിയ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിൻറെ കീഴിൽ ഞങ്ങളുടെ നാട്ടിൽ  ഉണ്ട്. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പെരുമ്പള്ളിയിൽ  തന്നെ വൈലപ്പിള്ളി  ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പാടത്ത് കാവ് ഭഗവതി ക്ഷേത്രം എന്നിവയും വളരെ പഴക്കം ചെന്ന രണ്ടു പ്രധാന ക്ഷേത്രങ്ങളാണ്.

നെയ്ത്ത് തൊഴിലാളികളുടെ ഒരു ഗ്രാമമായിരുന്നു പെരുമ്പള്ളി, നെയ്ത്തു തൊഴിൽ ഒരു ഉപജീവനമാർഗ്ഗമായികൊണ്ടുനടന്നിരുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെ വസിച്ചിരുന്നു. സഹകരണ മേഖലയിൽ ശക്തമായ ഒരു കൈത്തറി സംഘം എഴുപതുകളിൽ രൂപംകൊള്ളുകയും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. പെരുമ്പള്ളി കൈത്തറി കേരളത്തിലെ പ്രശസ്തമായ ഒരു കൈത്തറി മാത്രമല്ല, മികച്ച പ്രവർത്തന കാലഘട്ടത്തിൽ പെരുമ്പള്ളിയിൽ  ഖാദിബോർഡ് സഹകരണത്തോടുകൂടി കൈത്തറി പരിശീലന കേന്ദ്രവും നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുപ്പക്കാർ ഇവിടെ വന്ന് കൈത്തറി - നെയ്ത്ത് പരിശീലനം നടത്തി പോയിരുന്നത് 70 - 80 കാലഘട്ടങ്ങളിൽ ഒരു നല്ല ഓർമ്മയാണ്

കവിയത്രി വിജയലക്ഷ്മി:

കവിയത്രി വിജയലക്ഷ്മി ജനിച്ചതും വളർന്നതും പെരുമ്പിള്ളി ഗ്രാമത്തിലാണ് അവരുടെ അച്ഛൻ മുളന്തുരുത്തി  ഹൈസ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു. വിജയലക്ഷ്മി പഠിച്ചത് ചോറ്റാനിക്കര ഗവൺമെൻറ് ഹൈസ്കൂളിലാണ്, അതിനുശേഷം മഹാരാജാസ് കോളേജിലും. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്താണ് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ആയി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. വിജയലക്ഷ്മി ജനിച്ചു വളർന്ന വീട് ഇന്നും അതുപോലെ തന്നെ പെരുമ്പള്ളിയിൽ നിലനിൽക്കുന്നു.

"പരുമല തിരുമേനി" എന്ന് അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മുളന്തുരുത്തിയിലെ പെരുമ്പിള്ളി യിലാണ് ജനിച്ചുവളർന്നത് പെരുമ്പള്ളിയിലെ ചാത്തുരുത്തി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം 29 ആം വയസ്സിൽ മെത്രാനായി ഉയർത്തപ്പെട്ടു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്. മലയാളത്തിൽ ആദ്യമായി യാത്രാവിവരണം എഴുതിയ വ്യക്തിയുമാണ് പരുമല തിരുമേനി. 54 വയസ്സിൽ അന്തരിച്ച അദ്ദേഹത്തെ ഖബറടക്കിയത് പരുമല പള്ളിയിലാണ്

പെരുമ്പിള്ളി എന്നത് വളരെ ഗ്രാമീണ ഭംഗി നിലനിൽക്കുന്ന ഒരു പ്രദേശമാണ്.  ഏകദേശം 35 വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് "സന്മനസ്സുള്ളവർക്ക് സമാധാനം"  സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് 'കളത്തൂർ' എന്ന തറവാട് വീട്ടിലാണ് മോഹൻലാൽ നായകനായ, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച, ജനപ്രീതി നേടിയ  ഒരു സൂപ്പർ ഹിറ്റ് സിനിമയാണിത്. 1980 കളിലെ പെരുമ്പിള്ളി ഗ്രാമ ഭംഗി ഒപ്പിയെടുക്കാൻ  ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്

പെരുമ്പിള്ളി യുടെ ഒരു പ്രധാന ഭാഗം  "പാണർ" എന്നറിയപ്പെടുന്ന എന്ന ചെറു പുഴ അരഞ്ഞാണം പോലെ ചുറ്റപ്പെട്ടിരിക്കുന്നു, കോണോത്ത് പുഴ  എന്നും ഇത് അറിയപ്പെടുന്നു. മൂവാറ്റുപുഴയുടെ കൈവരി ആയി  വരുന്ന കോണോത്ത് പുഴ  വേമ്പനാട്ടുകായലിൽ പോയി ചേരുന്നു .പുഴയുടെ തീരം ആയതുകൊണ്ടും പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും പണ്ടുമുതലേ കാർഷിക സമ്പന്നമാണ് ഈ പ്രദേശം.  കുറച്ചുവർഷങ്ങളായി വെറുതെ കിടക്കുകയാണെങ്കിലും നെൽകൃഷി നല്ലതുപോലെ ഉണ്ടായിരുന്ന പ്രദേശമാണ് പെരുമ്പിള്ളി. പൂർണ്ണമായി ഇല്ലാതായെങ്കിലും മറ്റു കാർഷികവിളകളും നാണ്യവിളകളും നന്നായി കൃഷി ചെയ്തു വരുന്നു. പ്ലാവ്, മാവ്, തെങ്ങ്, പുളി,കൗങ്ങ് .....   ഇതുപോലെയുള്ള ഭഷ്യ വർഗ്ഗങ്ങൾ നാട്ടിൻപുറത്ത് ധാരാളമായി കാണാം. ഇതുകൂടാതെ ഈ പ്രദേശത്ത് പശു വളർത്തൽ  ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന ധാരാളം വ്യക്തികൾ ഉണ്ട്. 10 മുതൽ 15 വരെ പശുക്കളെ ഒരു ഫാമായി വികസിപ്പിച്ച വളർത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി പേർ ഈ നാട്ടിൽ ഉണ്ട്. അതുകൊണ്ടുതന്നെ 'പെരുമ്പിള്ളി മിൽമ പാൽ സൊസൈറ്റി' വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരോൽപാദക സഹകരണ സംഘം ആണ്.

മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാനം ആസ്ഥാനം പ്രവർത്തിക്കുന്നത് പെരുമ്പള്ളിയിലാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന 6 ഗ്രാമ  പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്, മുളന്തുരുത്തി ബ്ലോക്ക്.പെരുമ്പിള്ളി യിൽ പ്രവർത്തിച്ചുവരുന്ന മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാന മന്ദിരത്തിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു.

പെരുമ്പിള്ളിയിൽ 2 സ്കൂളുകളാണ് പ്രവർത്തിച്ചുവരുന്നത് - യുപിഎസ് പെരുമ്പിള്ളിയും ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും .

യുപിഎസ് പെരുമ്പിള്ളി ഒരു എയ്ഡഡ് സ്കൂൾ ആണ് ആണ്, എന്നാൽ ഇതിൻറെ മാനേജ്മെൻറ് സ്വകാര്യ വ്യക്തിയോ സംഘടനയോ അല്ല മറിച്ച് സ്കൂളിലെ അധ്യാപകരുടെ ഒരു ട്രസ്റ്റ് ആണ് സ്കൂളിലെ മാനേജ്മെൻറ്. ഒന്നു മുതൽ 7 ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുന്നത്, 1927 സ്ഥാപിതമായ  യുപിഎസ് പെരുമ്പിള്ളി സ്കൂളിൽ വളരെ പ്രഗൽഭരായ വ്യക്തികൾ പഠിച്ചു പോയിട്ടുണ്ട്.

ഹെയിൽ മേരി സ്കൂൾ 1987 ഏഴ് പെരുമ്പിള്ളി സിംഹാസന പള്ളിയുടെ കീഴിൽ സ്ഥാപിതമായ  ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. ഹെയിൽ  മേരി ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സ്ഥാപിച്ചത് പെരുമ്പള്ളി തിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്.

സമീപകാലത്തെ പ്രശസ്തവ്യക്തികൾ:

മലയാളസിനിമയിൽ അടുത്ത കാലത്ത് നായികാ പദവിയിലേക്ക് ഉയർന്നുവന്ന 'ഗ്രേസ് ആൻറണി' എന്ന സിനിമാ താരം പെരുമ്പള്ളിയിൽ ആണ് താമസിക്കുന്നത്. പെരുമ്പിള്ളി യുപിഎസ് സ്കൂളിലും മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിലും ആണ് അവർ വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്.

ലൂക്കോസ് കിഴക്കേടം എന്ന എഴുത്തുകാരനും ഗ്രന്ഥ രചയിതാവും ഇവിടെ ജനിച്ചു വളർന്ന വ്യക്തിയാണ്.  ഏകദേശം പത്തോളം കൃതികൾ ഇദ്ദേഹത്തിന്റെ  ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട രചനകളാണ് അധികവും നിർവഹിച്ചിട്ടുള്ളത്

ഡോക്ടർ എൻ വി ജോസഫ് കവിയും എഴുത്തുകാരനുമായ ഹോമിയോ ഡോക്ടർ, ധാരാളം കവിതകളും ഓർമ്മക്കുറിപ്പുകളും  ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം അഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇപ്പോൾ പെരുമ്പളളിയിൽ ആണ് താമസിക്കുന്നത്

എറണാകുളം ജില്ലയുടെ എഡിഎം (അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്) ആയി വിരമിച്ച ശ്രീ സി കെ പ്രകാശ് പെരുമ്പിള്ളി ദേശക്കാരനാണ്. കോട്ടയത്തെ പാലായിൽ ആർഡിഒ ചുമതല ഉണ്ടായിരുന്നു, എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആയി സേവനം ചെയ്തു വിരമിച്ച വ്യക്തിയാണ്

ശ്രീ. രവി എസ് മേനോൻ - കേരളത്തിലെ ഡ്രഗ്സ്  കൺട്രോളറായി അടുത്തിടെ വിരമിച്ച വ്യക്തിയാണ്. ഡ്രഗ്സ്  ഇൻസ്പെക്ടറായി തൻറെ ഉദ്യോഗ ജീവിതം  ആരംഭിക്കുകയും ഡ്രസ്സ് ഡിപ്പാർട്ട്മെൻറ് ഏറ്റവും ഉന്നത പദവി ആയ ഡ്രഗ്സ് കൺട്രോളറായി വിരമിക്കുകയും ചെയ്ത ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് ഫാർമസി ബിരുദം കരസ്ഥമാക്കിയത്.

ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഞങ്ങളുടെ ഗ്രാമത്തെ പറ്റി, പെരുമ്പിള്ളി എന്ന ദേശത്തെ കുറിച്ച്. ഇവിടെ പരാമർശിക്കാത്ത വ്യക്‌തികളും പ്രസ്ഥാനങ്ങളും ഇനിയും ഉണ്ട്. വീണ്ടും വരാം കൂടുതൽ വിശേഷങ്ങളുമായി.