Sunday, November 23, 2008

ജിവിതം ഒരു ജലകണിക.

ഇന്നു കുറച്ചു തവോയിസം വായിച്ചു.
ജീവിതം ഒരു ജലകണിക ആണ്,
ആകണം.
ജലം വളരെ മൃദു ആണ്, ലോലമാണ്,,
അത്
ഏറ്റവും താഴ്‌ന്ന സ്ഥലം അന്വേഷിക്കുന്നു.
'ഏവരെസ്റ്റ്' മല മുകളില്‍ മഴ പെയ്താലും,
ജലം അവിടെ നില്‍ക്കുന്നില്ല. അത് താഴ്വാരങ്ങള്‍ തേടി യാത്രയാകുന്നു. താഴ്വാരങ്ങളുടെ ഏറ്റവും അടിത്തട്ടിലേയ്ക്ക്
ജലം - അതിന് ലക്ഷ്യങ്ങളില്ല , യാത്രകള്‍ മാത്രം.
ആഗ്രഹങ്ങളില്ല,, സാധനകള്‍ മാത്രം,,
ഒന്നുമാകാതിരിക്കലാണ് ജലത്തിന്റെ സംതൃപ്തി !!
*************
ജലം - എന്നാല്‍ ചലനമാണ്,,
അത് എപ്പോഴും ഒഴുകികൊണ്ടിരിക്കുന്നു...
ഒഴുകാതിരിക്കുമ്പോള്‍
അത്
മലിനമാകുന്നു
അശുദ്ധമാകുന്നു
വിഷ മയമാകുന്നു ???
ഒഴുകാതിരിക്കുമ്പോള്‍ ജലം മരിക്കുന്നു!!
ജലം ജീവനാകുന്നത് ഒഴുകുമ്പോള്‍ ആണ്;
ജീവന്‍ ജലമാകുന്നത് ......
ഒഴുകുമ്പോള്‍ ആണ്

Saturday, November 01, 2008

എന്റെ ഇഷ്ടം ..... (വീണ്ടും ചില സൌഹൃദ ചിന്തകള്‍)

ഞാനെന്താണ് ഇഷ്ടപെടുന്നത്?

ഞാന്‍ എന്താണ് ആഗ്രഹിക്കുന്നത് ??

എന്താണ് എന്റെ മനസ്സില്‍ ???

സൌഹൃദം?

സ്നേഹം?

അടുപ്പം? - ചാരെ ഒരാള്‍ ....

പരിചയം?

മോഹം?

കാമം?

കൃത്യമായി അറിയില്ല. പക്ഷെ ??!!

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍ ...

എന്ന് ഞാന്‍ ,,,,

---------------------------------------------------------------------------

9.30 - ക്ക് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. കുറച്ചു നേരത്തെ ആയിരുന്നു. വല്ലാത്ത ബോറടി, . . .മനുകുട്ടന്‍ നേരത്തെ കിടന്നുറങ്ങി.

9.40 - നു റെയില്‍വേ സ്റ്റേഷനില്‍ എത്തി . കാറില്‍ തന്നെയിരുന്നു , റേഡിയോയില്‍ ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍ കച്ചേരി .

9.50 - അജിതയുടെ 'മിസ്ഡ് കാള്‍ ' കിട്ടി. ട്രയിന്‍ പിറവം റോഡു കഴിഞ്ഞു

10.05 - ആയി മുളന്തുരുത്തിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ .. ഇറങ്ങാന്‍ ആള്‍ കുറവായിരുന്നു.

------------------------------------------------------------------------------

മണ്ണുത്തിയില്‍ പഠിക്കാന്‍ ചേരുമ്പോള്‍ എനിക്ക് പ്രായം 17 മാത്രം. ആദ്യമായാണ് വീട്ടില്‍ നിന്നും മാറിനിന്നു താമസിക്കുന്നത്. കാര്‍ഷീക സര്‍വ്വകലാശാലയില്‍ രാഷ്ട്രീയം കൊടികുത്തി വാഴുന്ന സമയം. എന്തിലും ഏതിലും രാഷ്ട്രീയം. ഉണ്ണുന്ന ചോറില്‍ പോലും - മെസ്സില്‍ രാഷ്ട്രീയപരമായിട്ടാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നത് !! ആകെ മടുത്തുപോയി ആദ്യത്തെ കുറച്ചു നാള്‍.

ഹോസ്റ്റലിലെ സൌഹൃദം പോലും രാഷ്ട്രീയം നോക്കി മാത്രം. ഞങ്ങളുടെ ബാച്ചില്‍ 20 പേര്‍ ആദ്യം ചേര്ന്നവരില്‍ 19 പേരും SFI ക്കാരായി !! ഞാന്‍ മാത്രം KSU ? പോരെ പൂരം. ഒറ്റപ്പെടുത്തി പീഡിപ്പിക്കുക എന്നതായിരുന്നു സഖാക്കളുടെ തന്ത്രം. റാഗിങ്ങ് -നേക്കാള്‍ ദുഷ്കരം. പ്രത്യേകിച്ച് ആദ്യമായി ഹോസ്റ്റലിലും മറ്റും താമസിക്കുമ്പോള്‍. കോള്ളേജില്‍ ചെന്നാല്‍ പെണ്‍കുട്ടികള്‍ ആരും സംസാരിക്കാന്‍ വരില്ല. കാരണം അതാണ്‌ 'ഓര്‍ഡര്‍' !!!!!!!! KAU മണ്ണുത്തി യൂണിറ്റില്‍ ചൊല്ലികൊടുക്കുന്ന പാഠം? പിന്നെ ഞങ്ങളെ പോലുള്ള 'ആന്റി -സഖാ' വിദ്യാര്‍ത്ഥികളെ ക്കുറിച്ച് ഉളുപ്പില്ലാതെ കെട്ടുകഥകള്‍ പെണ്‍ കുട്ടികളുടെ ചെവിയില്‍ എത്തിക്കാന്‍ 'ആണും പെണ്ണും' കെട്ട് ചില മാന്യന്മാര്‍ ഉണ്ടായിരുന്നു. ഹൃദയം പ്രേമസുരഭിലവും മനസ്സു യൌവന യുക്തവുമായി കലാലയതിലെയ്ക്ക് കാല് ചവുട്ടിയ എനിക്കിതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും ഈ തിരുമോന്തയിലേക്ക് അവളുമാര്‍ ഒന്നു നോക്കുന്നു പോലുമില്ല. എന്ത്‌ കഷ്ടം!!

പിന്നെ തമാശയും സ്നേഹവുമൊക്കെയായി ഒന്നു പച്ച പിടിക്കാന്‍ ഏകദേശം 3 വര്ഷം എടുത്തു എന്നതാണ് സത്യം. അപ്പോഴത്തെക്ക് പെണ്‍ കൊച്ചുങ്ങള്‍ക്ക്‌ ഇത്തിരി വിവരം വച്ചു തുടങ്ങി, 'സ്റ്റഡി ക്ലാസ്സില്‍' ചൊല്ലി കൊടുക്കുന്നതില്‍ നിന്നും വേറിട്ട്‌ സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിയ്ക്കാന്‍ തുടങ്ങി നമ്മുടെ സുന്ദരിമാര്‍.

അക്കാലത്ത് എന്റെ ഒരു 'ഐഡിയ' ആയിരുന്നു. നാട്ടില്‍ ഒരു പ്രണയം ഉണ്ടെന്നഭിനയിക്കുക എന്നത്. പെണ്‍കുട്ടിയുടെ പേരു 'രേഷ്മ ഫിലിപ്പ്' (ഈ അടിപൊളി പേരൊപ്പിച്ചത് ഒരു മേയ് മാസപ്പുലരിയില്‍ എന്ന സിനിമയില്‍ നിന്നാണ്) വെറുതെ ബുക്കില്‍ ഈ പേരെഴുതിയിടുക, ക്ലാസ്സില്‍ ഇരുന്നു ആരെയോ സ്വപ്നം കാണുന്നപോലെ അഭിനയിക്കുക, . . . തുടങ്ങിയ പരിപാടികളിലൂടെ ഈ പ്രണയം സത്യമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞു കുറച്ചു കൂടി കൊഴുപ്പ്‌ കൂട്ടാന്‍ ഞാന്‍ നാട്ടില്‍ പോകുമ്പൊള്‍ കുറച്ചുസ്റ്റാമ്പ്‌ വാങ്ങി 'രേഷ്മ ഫിലിപ്പ്' എന്ന പേരില്‍ കത്തെഴുതി കോളജ് അഡ്രസ്സില്‍ അയക്കാന്‍ സുഹൃത്തിനെ എല്പ്പിക്കുമായിരുന്നു. അവന്‍ അത് ഭംഗിയായി ചെയ്തു പൊന്നു. നല്ല ചിത്രങ്ങള്‍ വരച്ച, വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ, I LOVE YOU - സ്റ്റിക്കര്‍ ഒട്ടിച്ച എഴുത്തുകള്‍ ആഴ്ചയില്‍ ആഴ്ചയില്‍ വന്നുകൊണ്ടിരുന്നു. ഇതു കണ്ടു ക്ലാസ്സിലെ പെണ്‍ കുട്ടികള്ക്ക് അസൂയയും, എന്നോട് ബഹുമാനവും, അടുപ്പവും, സൌഹൃദവും കൂടി ക്കൂടി വന്നു. (വേറെ മര്ഗ്ഗമില്ലത്തത് കൊണ്ടു ചെയ്തതാണേ ,,, ക്ഷമിക്കണം) പിന്നീട് ഞാനും പ്രീതയും ട്രീസയും ഒരുമിച്ചായി എറണാകുളത്തു നിന്നും വാരാന്ത്യങ്ങളില്‍ വരവും പോക്കും.

പിന്നെ ഒത്തിരി ഒത്തിരി 'സ്റ്റഡി ടൂറുകളും' NSS ക്യാമ്പുകളും എല്ലാം കൂടി 'പഠനം' രസകരമായി. ഞങ്ങളുടെ സൌഹൃദങ്ങള്‍ അരക്കിട്ട പോലെ ഉറച്ചു വന്നു. ഒരു രാഷ്ട്രീയത്തിനും പാര്ട്ടികള്‍ക്കും തടയനവാത്തവിധം പന പോലെ വളര്ന്നു. ഇന്നും ഒരമ്മയില്‍ ഒരിളം തെന്നലായ് ഓടിയെത്തുന്ന അനവധി നിമിഷങ്ങള്‍ ഞങ്ങളുടെ 'ക്യാമ്പസ്സില്‍' ഉണ്ടായി . . .

കഴിഞ്ഞ ദിവസം 'ഗൃഹലക്ഷ്മി' മാസികയില്‍ തിരക്കഥകൃത്ത് രണ്ജിതുമായുള്ള അഭിമുഖത്തിലെ ഒരു വാചകം ആണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്: 'സ്ത്രീകളില്‍ നിന്നുള്ള സൌഹൃദം സ്ത്രീകളില്‍ നിന്നേ കിട്ടൂ ' - (എത്ര സത്യം ,,, അതിന് വേണ്ടി പുരുഷന്‍ ദാഹിച്ചു കൊണ്ടിരിക്കും) എന്റെ കാര്യത്തിലും ഇതുവരെയുള്ള അനുഭവം മറിച്ചല്ല.

Tuesday, October 07, 2008

മാര്‍ക്സിസവും കത്തോലിക്കസഭയും - ഒരേ തൂവല്‍ പക്ഷികള്‍.

മാര്‍ക്സിസവും കത്തോലിക്കസഭയും രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് എന്റെ എളിയ അഭിപ്രായവും നിരീക്ഷണവും. ഇതിന് ചില സൂചനകള്‍ താഴെ നല്കുന്നു. നിങ്ങള്‍ക്ക് ഇതിനോട് യോജിക്കാം വിയോജിക്കാം. യോജിക്കുന്നവര്‍ക്ക് ഇതിനോട് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
എങ്ങിനെ ഉണ്ടായി?
യേശു ക്രിസ്തു / കാള്‍ മാര്‍ക്സ് എന്നിവരുടെ പേരിലാണ്‌ ഇവ രണ്ടും. (രണ്ടുപേര്‍ക്കും തടിയുണ്ട്) എങ്കിലും രണ്ടു നേതാക്കളും ഇതില്‍ ഉത്തരവാദികള്‍ അല്ല.
രണ്ടും വിദേശീയം.
ഭാരതത്തില്‍ ചിലയിടങ്ങളില്‍ മാത്രം വേരോടിയിരിക്കുന്ന സഭയും പാര്‍ട്ടിയും വിദേശീയം ആണ്. രണ്ടു കൂട്ടര്‍ക്കും ചെറിയ ശതമാനം ആളുകളെ മാത്രമെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുള്ളൂ. മത പരിവര്തനത്തിലൂടെയും അക്രമരാഷ്ട്രീയത്തിലൂടെയും അണികളെ/ വിശ്വാസികളെ പിടിച്ചെടുക്കാന്‍ ഇരുവരും കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു.
ലക്ഷ്യങ്ങള്‍ ഒന്ന്:
മര്‍ദ്ദിതരെയും ചൂഷിതരെയും അധ്വാനിക്കുന്നവരെയും സഹായിക്കുക എന്നതായിരുന്നു രണ്ടു നേതാക്കളുടെയും ലക്ഷ്യം.വര്‍ഗ്ഗ ഭേദങ്ങളില്ലാത്ത സ്വര്‍ഗരാജ്യം സ്വപ്നം കണ്ടവരാണ് ക്രിസ്തുവും മാര്‍ക്സും.
പാളിപോയ പ്രവര്ത്തനം:
അദ്ധ്വനിക്കുന്നവനെ മറന്നു ധനികരുടെയും അധികാര വര്‍ഗ്ഗത്തിന്റെയും അടുക്കളയില്‍ തിന്നു സുഖിക്കുന്നവരായിപ്പോയി ഇന്നത്തെ പ്രചാരകര്‍.
സ്വത്ത് സ്വരുക്കൂട്ടല്‍:
ഇന്നു കേരളത്തില്‍ ഏറ്റവുമധികം സ്വത്തു സമ്പാദ്യങ്ങള്‍ ഉള്ള രണ്ടു പ്രസ്ഥാനങ്ങള്‍ സഭയും മാ. പാര്‍ട്ടിയും ആണ്. ഇതു ഭൂസ്വത്ത് ആയാലും കെട്ടിടങ്ങള്‍ ആയാലും ശരിയാണ്.
സ്ഥാപന വല്‍കരണം:
സഭ നടത്തുന്ന സ്ഥാ‍പനങ്ങള്‍ ആശുപത്രികള്‍, സ്കൂളുകള്‍, കോളെജുകള്‍ എന്നിവയാണ്. ആതുരസേവനം എന്നപേരില്‍ പണമുണ്ടാക്കുകയാണ് ഈ സ്ഥാപനങ്ങളുടെ ലക്ഷ്യം. പാര്‍ട്ടി നടത്തുന്നത് സഹകരണ സ്ഥാ‍പനങ്ങള്‍ ആണ്. രണ്ടിടത്തും [സ്കൂള്‍, സഹകരണ സംഘം] സര്‍ക്കാര്‍ പണമാനോഴുകുന്നത്. എന്നാല്‍ നിയമനങ്ങളില്‍ കടുത്ത അഴിമതി നടത്തി ഇരു കൂട്ടരും വന്‍ ലാഭമുണ്ടാക്കുന്നു.
വിശുദ്ധന്മാര്‍:/രക്തസാക്ഷികള്‍ :
സഭ വിശുദ്ധന്മാരെ സൃഷ്ടിക്കുന്നതില്‍ വളരെ മുന്പതിയില്‍ ആണ്. നേര്ച്ച പെട്ടിയില്‍ കാശ് വീഴാന്‍ വിശുദ്ധന്മാര്‍ വളരെ ആവശ്യമാണ്‌. പാര്‍ട്ടി സൃഷ്ടിക്കുന്നത് രക്തസാക്ഷികളെ ആണ്. രണ്ടിടത്തും ആള്‍ദൈവങ്ങള്‍ അത്യാവശ്യമാണ്. കവലകള്‍ തോറും കപ്പേള/ കുരിശ്/ കൊടിമരം/ പ്രതിമകള്‍ എന്നിവ തീര്‍ക്കുന്നതില്‍ രണ്ടുകൂട്ടരും മത്സരത്തിലും ആണ്.
മൂലധനം:
സഭയുടെയും മാ. പാര്‍ട്ടിയുടെയും ആസ്തികള്‍ എത്രയെന്നു തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഏത് കള്ളന്റെ കയ്യില്‍ നിന്നും സംഭാവന സ്വീകരിക്കാനും അതുകൊണ്ട് മണിമന്ദിരങ്ങള്‍ കേട്ടിപോക്കാന്‍ മിടുക്കരാണിരുവരും.
കേഡര്‍ പ്രവര്ത്തന ശൈലി.
ഒരിടത്ത് കുടുംബ കൂട്ടയ്മയാണെങ്കില്‍ മറു വശത്ത് ലോക്കല്‍ (അയല്‍കൂട്ടം) കമ്മറ്റി ഉണ്ട്. പിന്നെ പല തലങ്ങളില്‍ പല കമ്മറ്റികള്‍, മീറ്റിങ്ങുകള്‍ . . . ഏറ്റവും മുകളില്‍ ഒരു മെത്രാന്‍ / പാര്‍ട്ടി സെക്രട്ടെരി. അനുസരണയുള്ള കുഞ്ഞാടുകള്‍ ആണ് ഇരുവരുടെയും ശക്തി. 'മഞ്ഞ' എന്ന് പറഞ്ഞാല്‍ 'മഞ്ഞ' എന്ന് ഏറ്റു പറയാന്‍ ലക്ഷം ലക്ഷം പിന്നാലെ.
സാമൂഹ്യനീതി / മനുഷ്യനന്മ:
നീതി, നന്മ എന്നൊക്കെ അടിക്കടി പറഞ്ഞു കൊണ്ടിരിക്കുകയും അനീതിയും അക്രമവും പ്രവര്‍ത്തിക്കുകയും ആണ് രണ്ടു പ്രസ്ഥാനങ്ങളുടെയും മുഖമുദ്ര.
തുല്യ ദു:ഖിതര്‍?
ഇന്ത്യയില്‍ കാര്യമായ വേരോടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ രണ്ടുകൂട്ടരും തുല്യദു:ഖിതരാണ്. എങ്കിലും സമ്പത്തും സ്ഥാപനങ്ങളും അധികാരവും ആവശ്യത്തിലധികം കയ്യാളാന്‍ ആയി എന്ന് സമാധാനിക്കാം.
മാധ്യമ വാഴ്ച:
സഭയ്ക്ക് ദീപികയും ശാലോം ടി.വിയും പാര്‍ട്ടിക്ക് ദേശാഭിമാനിയും കൈരളി ടി.വിയും. പിന്നെയും ഉണ്ട് ധാരാളം പ്രസിദ്ധീകരണങ്ങള്‍. ഏത് സംഭവത്തിന്റെയും ഒരു വശം മാത്രം കാണുന്ന കുറെ എഴുത്തുകാരും. വാര്‍ത്തകള്‍ വളച്ചോടിക്കുക എന്നതില്‍ വിദഗ്ദരാണീഈ പത്രങ്ങള്‍.
വൈരുദ്ധ്യാത്മകം:
എകലോക സമഭാവന, സര്‍വ്വ സാഹോദര്യത്വം, മനുഷ്യ നന്മ എന്നിവയൊക്കെയാണ് ക്രിസ്തുവും മാര്‍ക്സും പഠിപ്പിച്ചതെങ്കിലും അസഹിഷ്ണുത, ധന/ അധികാര ആര്‍ത്തി എന്നിവമൂലം മനുഷ്യനന്മ ചെയ്യാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്നു.
വിപ്ലവം:
വിപ്ലവം പറയാന്‍ മാത്രമുള്ളതാണ്. യേശു ക്രിസ്തു പഠിപ്പിച്ചതും വിപ്ലവം ആണ്. പ്രാര്‍ത്ഥന /കവലപ്രസംഗം എന്നിവയില്‍ ഒതുങ്ങിപോയ വിപ്ലവം എന്താണെന്നു പോലും മനസ്സിലാക്കന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല.

മൊത്തത്തില്‍ പറഞ്ഞാല്‍ സഭയും മാ. പാര്‍ടിയും കടുത്ത ശത്രുക്കള്‍ ആണെന്ന് തോന്നുമെങ്കിലും അടിസ്ഥാനപരമായി രണ്ടുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണ്. പുറമെ കാണിക്കുന്ന ശത്രുത ആണെന്കിലും പല കാര്യത്തിലും ഇരുവരും പരസ്പരം സഹായിച്ചിട്ടുണ്ട്. സഹായിക്കുന്നുമുണ്ട്. (ആരാ എയിഡ്ഡ്ഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ശമ്പളം ആദ്യമായി നടപ്പിലാക്കിയത്?)നമ്മുടെ നിത്യ ജീവിതത്തിലും ഇങ്ങനെ തന്നെയാണ്. പരസ്യമായി ചീത്ത വിളിക്കുന്ന പലരും അത് ചെയ്യുന്നത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ്.

Tuesday, September 30, 2008

അവിടുത്തെ കാരുണ്യം അനന്തമാണ്‌.

ഇന്നലെ ഞായറാഴ്ച [സെപ്ത: 28] പുറത്തിറങ്ങാതെ കഴിഞ്ഞുപോയി. അജിത ശനിയാഴ്ച വന്ന് തിങ്കളാഴ്ച പോകുന്നതിനാല്‍ ഞായറാഴ്ച വീട്ടില്‍ തന്നെയിരിക്കാമെന്നുവച്ചു. മനുകുട്ടനാണെങ്കില്‍ അമ്മച്ചിവന്നാല്‍ പിന്നെ ഉറക്കം പോലും ഇല്ല. അങ്ങിനെ നാലുമണിക്കുള്ള ചായകുടി കഴിഞ്ഞു മനു മിറ്റത്ത്‌ കളിക്കുന്നുണ്ടായിരുന്നു. ഇടക്ക് എന്റെ മൊബൈലില്‍ ഒരു കോള്‍ വന്നു. സംസാരിച്ചതിനുശേഷം മോബൈല്‍ മനുകുട്ടന്‍ വാങ്ങിയെടുത്തു, അവനതില്‍ പാട്ടു വച്ചുകൊടുത്തു. ആശാന്‍ അതും ചെവിയില്‍ വച്ച് നടക്കുന്നുണ്ടായിരുന്നു. എല്ലാവരും വീട്ടിലുണ്ട്, അപ്പച്ചന്‍, അമ്മച്ചി, അനിയത്തി, അനിയത്തിയുടെ രണ്ടു കുട്ടികള്‍, ഞാന്‍ & അജിത.

അജിത അടുക്കളയില്‍ ആയിരുന്നു. മനുക്കുട്ടന്‍ പടിഞ്ഞാറെ മിറ്റത്തു നിന്നും കിഴക്കേ മിറ്റത്തേക്കും തിരിച്ചും നടക്കുന്നുണ്ടായിരുന്നു. ചെവിയില്‍ അമര്‍ത്തിപിടിച്ച മൊബൈലില്‍ നിന്നും പാട്ടും കേട്ടുകൊണ്ട്. . . പെട്ടെന്ന് ആളെ കാണാതായി!!! 'വാനിഷിങ്ങ്‘ എന്നുപറയുന്ന പോലെ. മനു എവിടെ എന്ന് അനിയത്തിയാണ് ആദ്യം ചോദിച്ചത്. ഞാന്‍ ആദ്യം പടിഞ്ഞാറെ മുട്ടത്തു നോക്കി, അവിടെയില്ല? കിഴക്കെപ്രത്ത് കാണുമെന്നു കരുതി. അവിടെ ചെന്നപ്പോള്‍ അവിടെയും ആളില്ല??!! ആദി ലേശം കയറി തുടങ്ങി, വീടിനു ചുറ്റും ഓട്ടത്തില്‍ പ്രദക്ഷിണം വച്ചു. ഇല്ല ആള്‍ അവിടെയെങ്ങും ഇല്ല!!! അമ്മച്ചി ആര്‍ഷ മോളുമായി [അനിയത്തിയുടെ കുട്ടി] ഇതിനിടെ ‘ടെറസ്സിന്റെ’ മുകളിലേക്ക് കയറി പോയിരുന്നു. അമ്മച്ചിയുടെ ശബ്ദം കേട്ടാണ് മുകളിക്ക്‌ നോക്കിയത്. ധാ . . . അപ്പോള്‍ ടെറസ്സിന്റെ താഴെ ‘സണ്‍ ഷേഡില്‍’ കൂടി ഒരാള്‍ മൊബൈല്‍ ഫോണും ചെവിയില്‍ വച്ചു മന്ദം മന്ദം . . . നടന്നു നീങ്ങുന്നു!!! ഒരു നിമിഷം സ്തംഭിച്ചുപോയി. അപ്പോഴേക്കും അമ്മച്ചി മുകളില്‍ നിന്നെത്തി അവനെ പിടിച്ചിരുന്നു. ഞാന്‍ ഓടി ഗോവണി വഴി മുകളിലെത്തി. അമ്മച്ചി വിറക്കുന്നുണ്ടായിരുന്നു. അവനോ ... പാട്ടില്‍ മുഴുകിയിരിക്കുന്നു. ഞാനും മനുക്കുട്ടനുമായി പതുക്കെ നടന്നു പടികളിറങ്ങി. ‘സണ്‍ ഷേഡില്‍’ നടക്കുമ്പോള്‍ എന്റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഇതൊന്നും അറിയുന്നതേയില്ല. എല്ലാവരും അന്ധാളിച്ചിരിക്കുന്നു. അപ്പോഴും അവന്‍ പാട്ടുകെട്ടുകൊണ്ട് നടക്കുകയായിരുന്നു!!!

മുകളിലേക്കുള്ള പടികള്‍ തുറന്നു കിടക്കുകയാണെങ്കിലും ഇതുവരെ കുട്ടികളാരും അങ്ങോട്ടേക്ക് കയറാറുണ്ടായിരുന്നില്ല. ഇടക്ക് അമ്മച്ചി മുകളിലേക്ക് കയറി പോകുന്നത് അവന്‍ കണ്ടിരിക്കണം. അതാണു ആശാന്‍ കൂളായി മുകളിലേക്ക് കയറിയത്. ആരുമില്ലാത്തെ സ്ഥലത്തേക്ക് അവന്‍ പോകാറില്ല. ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ പോലും ആരെങ്കിലും കൂടെയുണ്ടോയെന്ന് തിരിഞ്ഞ് നോക്കും. ആരും ഇല്ല എന്നുതോന്നിയാല്‍ തിരികെപോരുകയാണ്‍ പതിവ്.

കുളിമുറിയില്‍ ബക്കറ്റില്‍ വീണകുട്ടികളെക്കുറിച്ച് പത്രത്താളുകളില്‍ വായിക്കുമ്പോള്‍ ‘ഇതെന്താ വീട്ടുകാര്‍ക്ക് ഇത്ര ശ്രദ്ധയില്ലേ’ എന്ന് തോന്നാറുണ്ട്. ഇന്നലെ മനസ്സിലായി - അല്പം ശ്രദ്ധതെറ്റിയാല്‍ മതി; അപകടം ഓടിയെത്താന്‍ എന്നു. നിമിഷങ്ങള്‍ മതി ഇവിടെ പലതും സംഭവിക്കാന്‍…

ദൈവത്തിനു സ്തുതി, അവിടുത്തെ കാരുണ്യം വലുതാകുന്നു!!

Wednesday, September 24, 2008

ദൈവം ഉണ്ടോ? “ഉണ്ട്” - അന്‍പേ ശിവം

ദൈവം എന്നത് ഈ പ്രപഞ്ചത്തെ നയിക്കുന്ന ഒരദൃശ്യശക്തിയാണ് - ഇതാണ് എന്റെ തോന്നല്‍।

ദൈവത്തെ കാണാന്‍ സാധിക്കില്ല; എന്നാല്‍ അറിയാന്‍‍ സാധിക്കും - ഇതാണ് എന്റെ അനുഭവം।


നാലഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ്, ഞാന്‍ മദ്രാസ്സില്‍ ജോലിനൊക്കുന്നസമയം। ‘മാര്‍ക്കറ്റ് റിസര്‍ച്ച്’ ആണു ജോലി, അതായത് യാത്രകളും സര്‍വേകളും തന്നെ - മാസം മുഴുവന്‍ പല പട്ടണങ്ങളിലും ചുറ്റിക്കറങ്ങി ആവശ്യത്തിനു ‘ഡേറ്റാ’ ശേഖരിച്ച് ഞങ്ങളുടേ കമ്പനിയുടെ ആസ്ഥാനത്തേക്ക് അയച്ചുകൊടുക്കും। അവരത് ചെത്തിമിനുക്കി വിറ്റ് കാശാക്കും। ഇങ്ങിനെയാണു ഞാന്‍ 5 - 6 വര്‍ഷം കഞ്ഞികുടിച്ചിരുന്നത്। കമ്പനിയുടെ പേര്: ‘ഓ.ആര്‍.ജി -ഐ.എം.എസ്.’ (ഇപ്പൊ A C Nielson)

2002 -ല്‍ ഒരു മാര്‍ച്ചിലാണു സംഭവം। ഒരു സുപ്രധാന സര്‍വ്വേ പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ എന്റെ ബൈക്കില്‍ തമിഴ്നാട്ടിലെ 8-10 ടൌണുകളില്‍ യാത്രചെയ്യാന്‍ തീരുമാനിച്ചു। പോണ്ടിച്ചേരി, കഡല്ലൂര്‍, മായാവാരം, കുംഭകോണം, ചിദംബരം,തഞ്ചാവൂര്‍, തിരുച്ചി . . . മദ്രാസ്സില്‍ നിന്നും ഒരു ഞായറാഴ്ച വൈകുന്നേരം പുറപ്പെട്ടു, കൂടെ എന്റെ ബോസ്സ് ശങ്കറും ഉണ്ടായിരുന്നു.

പോണ്ടിച്ചേരി, തിരുച്ചി, തഞ്ചാവൂര്‍ . . . എല്ലാ ടൌണ്‍സും ഭംഗിയായി പൂര്‍ത്തിയാക്കി। ശങ്കര്‍ പോണ്ടിച്ചേരിയില്‍ നിന്നുതന്നെ മടങ്ങിയിരുന്നു। പിന്നെ ഞാന്‍ ഒറ്റയ്കായിരുന്നു തമിഴ് പര്യടനം। വൈകുന്നേരങ്ങളില്‍ ഗ്രാമങ്ങളില്‍ കൂടി വണ്ടിയോടിച്ച് യാത്രചെയ്യുക നല്ലൊരനുഭവമാണ്। തമിഴ്നാടിന്റെ ഭൂരിഭാഗവും കൃഷിയിടങ്ങളാണല്ലോ। വൈകിട്ട് കൃഷിപ്പണിക്കാര്‍ വയലോലകളില്‍ നിന്നും കയറി തലച്ചുമടുമായി നടന്നുനീങ്ങുന്നതുകാണാം। ഈ സര്‍വ്വേ ഒരു സെന്‍സസ് ജോലിയാണ് - അതായത് നമ്മുടെ ജനസംഖ്യാ കണക്കെടുപ്പുപോലെ। വീട് വീടാന്തരം കയറുന്നതിനുപകരം ചില കടകളുടെ കണക്കെടുപ്പാണ്। പലയിടത്തും 50 മുതല്‍ 100 വരെ സന്ദര്‍ശനം നടത്തണം। അതുകൊണ്ടാണ് ഇത്തിരി റിസ്കാണെങ്കിലും ബൈക്കില്‍ തന്നെ ഈ സ്ഥലങ്ങളെല്ലാം കറങ്ങാന്‍ തീരുമാനിച്ചത്।

തിരുച്ചിയും കഴിഞ്ഞു। രണ്ടാഴ്ചയിലധികമായി ഈ കറക്കം। മുന്നൂറോളം ‘മരുന്ന് മൊത്തവിതരണക്കാരെ’ (Pharmaceutical Wholesale Distributors) സന്ദര്‍ശിച്ച് ഡേറ്റകളക്ഷന്‍ നടത്തി। ഇനി തിരിച്ച് മദ്രാസ്സിലേക്ക്। വൈകിട്ട് നാലുമണിക്ക് തിരുച്ചിയില്‍ നിന്നും തിരിച്ചു। ഏകദേശം നാലു-നാലര മണിക്കൂര്‍ യാത്രചെയ്താല്‍ പോണ്ടിച്ചേരിയില്‍ എത്താം। അവിടെ ഏതെങ്കിലും നല്ല ഹോട്ടലില്‍ റൂമെടുത്ത് കിടന്നുറങ്ങി രാവിലെ തുടര്‍ യാത്രചെയ്ത് മദ്രാസ്സിലെത്താം എന്നതായിരുന്നു പ്ലാന്‍।

ഏകദേശം എട്ട് മണിക്ക് വില്ലുപുരം എത്തി। ബൈക്കുനിര്‍ത്തി ഒരു ചായകൂടി കുടിച്ചു। പേഴ്സ് കാലിയായിരുന്നു। പത്തോ ഇരുപതോ രൂപകാണും। സാരമില്ല, അരമണിക്കൂര്‍ സമയം കൂടി യാത്രചെയ്താല്‍ പോണ്ടിച്ചേരി ആയി। ആദ്യം എ।ടി।എം, പണമെടുത്തിട്ട് ഹോട്ടല്‍, പിന്നെ കുളിച്ച് ഒന്നുരണ്ട് ബിയര്‍ അകത്താക്കി ശാപ്പാടും കഴിച്ച് സുഖമായുറങ്ങാം। । । സ്വപ്നം കണ്ട് പാട്ടൊക്കെ പാടിയായിരുന്നു ഞാന്‍ ബൈക്കോടിച്ചിരുന്നത്। കാരണം ഒരു ദീര്‍ഘദൂര-ദീര്‍ഘദിന ട്രിപ്പിന്റെ പരിസമാപ്തിയാണിത്। ഒട്ടും ബോറടിച്ചില്ല; പണിയെല്ലാം കഴിഞ്ഞതിനാല്‍ രണ്ടുദിവസം വിശ്രമിക്കാം।

വില്ലുപുരത്തുനിന്നും കൂടിവന്നാല്‍ മുപ്പത്തിയഞ്ചുകിലോമീറ്റര്‍। പോണ്ടിച്ചേരിയിലെത്താനുള്ള ത്രില്ലിലായിരുന്നു ഞാന്‍। കുറച്ച് ദൂരം വന്നു. വലവനൂര്‍ എന്ന ഊരില്‍ എത്തിയപ്പോഴാണ് ആ ദുരന്തം സംഭവിവിച്ചത്. എതിരേ വന്ന ഒരു ‘പാണ്ടി ലോറി’ എന്നെയും വണ്ടിയേയും തട്ടിയിട്ടു. എന്താണു സംഭവിച്ചതെന്ന് ഇന്നും കൃത്യമായി ഓര്‍മ്മയില്ല। എതിരേ ഒരു മരുതിക്കാര്‍ വരുന്നു, അതിനെ ഓവര്‍ട്ടേക്ക് ചെയ്ത് ദാ . . . ഒരു പാണ്ടില്ലോറീ‍ീ‍ീ‍ീ‍ീ‍ീ !!!!!!!! എന്റെ മുന്‍പിലാണെങ്കില്‍ റോഡുപണിക്കുള്ള മണ്ണിറക്കിയിട്ടിരിക്കുന്നകൂമ്പാരം। പൂഴിമണ്ണില്‍ എന്റെ ‘ബജാജ് ബോക്സര്‍’ തെന്നിത്തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ। ഹെല്‍മെറ്റ് വച്ചിട്ടുണ്ടായിരുന്നു, അത് തലയടക്കം ലോറിയുടെ സൈഡ് ബോഡിയില്‍ തട്ടി ഞാന്‍ ഇടത്തോട്ട് വീണു! ബൈക്കിന്റെ മുന്‍ ചക്രം ലോറിയുടെ വീലിനടിയില്‍ പെട്ട് ഞെരിഞ്ഞു; ഞാന്‍ പൂഴിമണ്ണില്‍ കുളിച്ച് കിടക്കുന്നു। കാര്യമായ പരിക്കൊന്നും ഇല്ല, എങ്കിലും എഴുന്നേറ്റ് നില്‍കാന്‍ കഴിയുന്നില്ല। ഇടതുകാലിന് അടികിട്ടിയിട്ടുണ്ട്। ഇടതുകാല്‍ നിലത്ത് കുത്തിയതിന്റെ ആഘാതവുമാവാം। ഒരു വിജന പ്രദേശം; ഞാന്‍ വഴിയരുകില്‍ കിടന്നാല്‍ ആ രാത്രിയില്‍ ആരും അറിയുകെയേയില്ല। എങ്കിലും ലോറി നിറിത്തു ഡ്രൈവര്‍ ഇറങ്ങി വന്നു, മാരുതി കാര്‍ നിറുത്തി ഒരാള്‍ ഇറങ്ങി വന്നു, ഇന്നെയും ആരോ വഴിയാത്രക്കാര്‍ ഓടിയെത്തി। ഒരുകുപ്പി തണുത്ത മിനറല്‍ വാട്ടര്‍ ആരോ കൊണ്ടുവന്നു തന്നു। (ആപ്പോള്‍ അതെവിറ്റേന്നു വന്നു എന്നത്ഭുതം!) ഹാവു, ആശ്വാസമായ । । । വസ്ത്രത്തിലാകെ ചുമന്നപൂഴിമണ്ണ്। മാരുതിക്കാറില്‍ അവരെന്നെ കയറ്റി അടുത്തുള്ള ജംഗ്ഷനില്‍ ഒരു ഡോക്ടറുടെ അടുത്തെത്തിച്ചു। (മലയാളിയാണെന്നതിന്റെ എല്ലാവിധ പ്രത്യേക പരിഗണനയും അന്നാട്ടുകാരില്‍ നിന്നും കിട്ടി; നമ്മളാണെങ്കിലോ?) ഞാനാണെങ്കില്‍ വേദനകൊണ്ട് പിടയുന്നു - ഒരു കാലില്ലാത്തതുപോലെ തൊന്നുന്നു। ഡോക്ടര്‍ പ്രാഥമീകപരിശോധനകള്‍ നടത്തി ഒരു കുത്തിവയ്പ്പും തന്നിട്ട്, ഒരു കുറിപ്പുനല്‍കി (ചീഫ് ഡോക്ടര്‍ക്ക്) പോണ്ടിച്ചേരി ജെനെറല്‍ ആശുപത്രിയിലേക്ക് അയച്ചു। ഇതിനിടയില്‍ ആരൊക്കെയോ ഡോക്ടറുടെ ഫീസുകൊടുക്കുകയും (എന്റെ പേഴ്സ് കാലിയായിരുന്നല്ലോ) എന്റെ സുഹൃത്തിനെ മദ്രാസ്സില്‍ വിളിച്ചറിയിക്കുകയും വണ്ടി അറേഞ്ച് ചെയ്ത് പോണ്ടിച്ചെരി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു।
അവിടെപ്പോയി അഡ്മിറ്റായി। നല്ല ആശുപത്രി, പ്രൈവറ്റിനേക്കാള്‍ വൃത്തിയും ഭംഗിയും!! ഇഞ്ചക്ഷന്‍ ഏറ്റിരുന്നു; വേദന കുറഞ്ഞുവന്നു। കട്ടിലില്‍ കിടന്ന പാടെ ഉറങ്ങിപ്പോയി। ഏകദേശം 3 മണി (രാത്രി) ആയിട്ടുണ്ടാവണം, എന്റെ സുഹൃത്തും സഹമുറിയനുമായ പദ്ദു [പത്മനാഭന്‍] മദ്രാസ്സില്‍ നിന്നും ഓടിയെത്തിയിരിക്കുന്നു। എനിക്കു വലിയ ആശ്വാസമായി। അന്യനാട്ടില്‍ ആദ്യമായി ഒരപകടത്തില്‍ പെട്ടതിന്റെ പരവേശം എന്നിലുണ്ടായിരുന്നു। അതു മാറി। പിന്നെയും ഉറങ്ങി। അങ്ങിനെ രണ്ട് ദിവസം അവിടെക്കിടന്നു। അപ്പോള്‍ ‘കണ്ണത്തില്‍ മുത്തമിട്ടാല്‍‘ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങ് [മാധവനും സിമ്രനും] അവിടെ നടക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് ഒരു കുട്ടികിടക്കുന്നുണ്ടായിരുന്നു. ദിണ്ടിവനത്തിനടുത്ത് ഒരപകടത്തില്‍ പരിക്കേറ്റ്. അവളുടെ അച്ഛനും അമ്മയും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചുപോയി. പേരുകേട്ട 'പഞ്ചവടി പഞ്ചമുഖ ആഞ്ജനേയ' കോവിലില്‍ തൊഴുവാന്‍ പോയി ബൈക്കില്‍ മടങ്ങുകയായിരുന്നു ആ കുടുംബം!! (ആ കുട്ടിയുടെ മുഖം കാണുമ്പോള്‍ അവര്‍ക്കുപകരം എന്നെ എടുക്കാഞ്ഞതെന്തേ ഈശ്വരാ എന്നുഞാനറിയാതെതന്നെ ചോദിച്ചുപോയി.) മൂന്നാം ദിവസം കാലെത്തെ പ്ലസ്റ്ററിട്ട് ഞാന്‍ മദ്രാസ്സിലേക്ക് പോന്നു. എന്റെ ഓഫീസ്സില്‍ നിന്നും സുഹൃത്തുക്കള്‍ വന്നിരുന്നു, ഒരു അംബാസിഡര്‍ കാര്‍ ഏര്‍പ്പാടാക്കി. മറ്റേ സുഹൃത്തുക്കളെ പിന്നീട് കണ്ടില്ല. മദ്രസ്സില്‍ രണ്ടുദിവസം വിശ്രമിച്ചശേഷം (ട്രെയിന്‍ ടിക്കറ്റ് ശരിയാകാന്‍) എര്‍ണാകുളത്തേക്ക് പോന്നു.
ആയിടയ്ക്ക് എന്റെ കസിന്‍ മാത്ത്യൂസ് ലിസ്സിആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലിചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ചേട്ടനെ (മാത്രം) വിളിച്ച് കാര്യം പറഞ്ഞു. ചേട്ടന്‍ റെയില്‍ വേ സ്റ്റേഷനില്‍ വണ്ടിവിളിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വിളിച്ച് ‘ന്യുമോണിയാ’ ആയിട്ട് വരികയാണ്; ലിസ്സി ആശുപത്രിയില്‍ കയറി ഡോക്ടറെ കണ്ടിട്ടേ വീട്ടിലേക്ക് വരൂ, എന്ന് പറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിയശേഷം ചേട്ടന്‍ വീട്ടില്‍ വിളിച്ച് ‘ജോസിയെ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്’ എന്നുപറഞ്ഞു. അതനുസരിച്ച് അമ്മച്ചി ഉച്ചത്തെ ചോറുമായി എത്തി. നല്ല ഉറക്കത്തിലായിരുന്ന ഞാന്‍ ഒരു കരച്ചില്‍ കേട്ടാണുണര്‍ന്നത്. നോക്കുമ്പോള്‍ അമ്മച്ചി!! കാലിലെ പ്ലാസ്റ്റര്‍ അത്രയ്ക്കുണ്ടായിരുന്നു. പിന്നെ വിശ്രമം, ആശുപത്രി, സ്റ്റ്രച്ചസ്സ് . . . നാലുമാസം അങ്ങിനെ പോയി. (എന്റെ ജീവിതത്തിലെ പ്രധാനമായ ഒരേട്.) ഗുരുതരമായ പരിക്കൊന്നും ഇല്ലാതെ തന്നെ. കാലിന്റെ മുട്ടിലെ ലിഗ്മെന്റ് വലിഞ്ഞ് പൊട്ടി -അത് സ്വാഭാവികമായി കൂടിച്ചേരാന്‍ കാലെത്തെ (അരമുതല്‍ പാദം വരെ) POP പ്ലാസ്റ്റര്‍ ഇട്ടു. രണ്ടുമാസം കഴിഞ്ഞ് അതുപൊട്ടിക്കുമ്പോള്‍ നടക്കാന്‍ പറ്റുന്നില്ല! പിന്നെ ഫിസിയോതെറാപ്പിയും മറ്റും. അങ്ങിനെ മാസങ്ങള്‍ നാലുകടന്നുപോയി.
തിരികെ മദ്രാസ്സിലെത്തുമ്പോള്‍ എന്റെ ബൈക്ക് /ബൈക്കിന്റെ അവശിഷ്ടം വരവാലൂരിലെ നല്ല മനുഷ്യര്‍ ഒരു പഴ്സല്‍ ലോറിയില്‍ കയറ്റി എത്തിച്ചിരുന്നു!! തിരിഞ്ഞു നോക്കുമ്പോള്‍ ആ പാതയോരത്ത് പൂഴിയില് പൂണ്ട് കിടക്കുമ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചവര്‍ ആരെല്ലാമായിരുന്നു?? എന്റെ വീട്ടുകാരോ സ്വന്തക്കാരോ സുഹൃത്തുക്കളോ അരുമല്ലായിരുന്നു. പിന്നെയോ, ഏതോ നട്ടിലെ ഏതോ മനുഷ്യര്‍ . . . ആരോരുമില്ലത്തവര്‍ക്ക് ദൈവം തുണ എന്ന് പറയാറുണ്ടല്ലോ. അത് സത്യമാണ്, നൂറുശതംമനം. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് ദൈവ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.
എല്ലാം തികഞ്ഞെന്നഭിമാനിക്കുന്നതും എനിക്കാരുമില്ലെന്നു പരിഭവിക്കുന്നതും തെറ്റാണെന്ന് ഈ സംഭവത്തിലൂടെ മനസ്സിലായി - അന്‍പേ ശിവം.