Wednesday, April 16, 2008

വിഷു, ഉത്സവം, ചക്ക, മാങ്ങ, ..... കോവക്ക.

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയി. പെരുമ്പിള്ളി പാടത്തുകാവ് ഭഗവതിയുടെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. സന്ധ്യവൈകിയാണ് നാട്ടിലെത്തിയത്. 7 മണി കഴിഞ്ഞിരിക്കും. കണയത്ത് ഗോപിചേട്ടന്റെ വീട്ടില്‍ നിന്നും താലം ഇറങ്ങുന്നു. എന്റെ വീടിനു രണ്ടുവീടു മുന്‍പാണ് ‘കണയത്തെ’ വീട്. ഞാന്‍ വീട്ടിലെത്തി കുളിയും ജപവും കഴിഞ്ഞ് അമ്പലത്തിലേയ്ക്കിറങ്ങി. 100 മീറ്ററ് കഷ്ടിദൂരം കാണും. പണ്ടത്തെപ്പോലെ അധികം ആള്‍ക്കൂട്ടം കണ്ടില്ല! ഒന്നു-രണ്ട് കളിപ്പാട്ട കച്ചവടക്കാരുണ്ട്. താലങ്ങള്‍ ഒന്നൊന്നായി ക്ഷേത്രത്തിനു വലം വച്ചുകൊണ്ടിരിക്കുന്നു. രണ്ടു താലങ്ങള്‍ തങ്ങളുടെ അവസരവും കാത്ത് പുറത്ത് കാത്തുനില്‍ക്കുന്നു. ചെണ്ടമേളം മുറുകുന്നു ... നല്ല ദീപകാഴ്ച തന്നെ. മോന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അവനു നല്ലൊരനുഭവം ആയിരുന്നേനെ എന്നു തോന്നി. ഉണ്ണികള്‍ക്ക് പുറം ലോകകാഴ്ചകള്‍ നല്ലോരനുഭവമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. 10.30 മണിവരെ അമ്പലപരിസരത്ത് താലപ്പോലിമ കണ്ടുനിന്നു.. 7-8 താലങ്ങള്‍ വന്നുകാണും. താലം എടിത്തിരുന്ന എല്ലാവരും ഉടനെ തന്നെ തിരികെ വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ അമ്പലപറമ്പില്‍ ശുഷ്കത അനുഭവപ്പെട്ടു. താലത്തോടൊപ്പം വന്ന ചെറുപ്പക്കാര്‍ ആര്‍പ്പുവിളികളുടെ ക്ഷീണത്താലും, കെട്ടിറങ്ങിയതിനാലും അവിടിവിടങ്ങളില്‍ ചായുന്നുണ്ടായിരുന്നു. പൊതുവേ ആള്‍ക്കൂട്ടം കുറവായിരുന്നു എന്നു തോന്നി. പക്ഷെ ഉത്സവ പൊലിമ കൂടിയിട്ടുണ്ടായിരുന്നു. (ഇന്നത്തെ കാലത്ത് സാമ്പത്തീകം ഒരു പ്രശ്നമല്ലല്ലോ?!!)



താലപ്പൊലിയുടെ മുന്‍പില്‍ നീങ്ങുന്ന ചെണ്ടക്കാരാണ്, പുരുഷകേസരികളുടെ ആകര്‍ഷണം. ശിങ്കാരി മേളത്തോടൊപ്പം വളഞ്ഞുകുത്തിയാടുന്നത് കേസരിമാരാണോ അതൊ ഉള്ളില്‍ കിടക്കുന്ന കള്ളാണോ എന്നൊരു സംശയം??!! ബ്രൂസ് ലിയുടെമാതിരി മുടിയും വളര്‍ത്തി ഒരുത്തന്‍ ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടിയില്ല. എന്നാല്‍ എവിടെയോ കണ്ട മുഖപരിചയം! പിന്നീട് ആലോചിച്ചെടുത്തൂ. കഴിഞ്ഞമാസം വീട്ടില്‍ അടയ്ക്ക പറിക്കാന്‍ വന്ന സുഹൃത്ത്.. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് 15 അടയ്ക്കാമരത്തില്‍ കയറി 100 രൂപയും വാങ്ങിപോയ ചുള്ളന്‍!! ആള്‍ അടിപൊളിയാണല്ലോയെന്നു അന്നു ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കോലത്തില്‍ ... തലകുത്തിനില്‍ക്കുന്നതു കണ്ടപ്പോള്‍ കഷ്ടം തോന്നി. കിട്ടുന്ന കാശു കള്ള് കുടിച്ചുനശിപ്പിക്കുന്നതെന്തിനിവര്‍?? ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന താലപ്പൊലി മാത്രമാവുമോ ഇവരുടെയൊക്കെ ആഘോഷം?!



തിരികെ പോരുമ്പോള്‍ വിജുവിന്റെ അമ്മയുണ്ടായിരുന്നു. അവരുടെ വീട്ടില്‍ കയറി കുറച്ചുനേരം സംസാരിച്ചിരുന്നു. വിജുവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിശേഷവും മറ്റും. കിടന്നപ്പോള്‍ 12 മണി ആയിട്ടുണ്ടാവും.



രാവിലെ വൈകി ആണ് എഴുന്നേറ്റത്. പറമ്പില്‍ ചെറുതായി ഒന്നു കണ്ണോടിച്ചു. മരങ്ങളും ചെടികളും അവരുടെ ദുഃഖം പറയാനാവാതെ വിതുമ്പുന്നുണ്ടയിരുന്നു. വീട്ടുകാരെല്ലാം അവറ്റകളെ ഉപേക്ഷിച്ച് തിരുവനന്തപുരത്തിനു കടന്നുകളഞ്ഞില്ലേ? അതിന്റെ ദുഃഖം!! എങ്കിലും ഇത്തവണ പ്ലാവില്‍ ചക്കയുടെ എണ്ണം വളരെ കൂടുതലായിരുന്നു. മാവും മോശമല്ല, നിറയെ മാങ്ങകള്‍!! പക്ഷെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടെറസ്സിന്റെ മുകളില്‍ ഉണ്ടായിരുന്ന ‘കോവല്‍ ചെടി’യാണ്. അപ്പച്ചന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍ അതിന്റെ കടയോടെ വെട്ടിക്കളഞ്ഞതാണ്. കാരണം കാടുപിടിച്ചു കിടന്നാല്‍ പാമ്പോ മറ്റിഴജന്തുക്കളോ വാസമുറപ്പിക്കുമെന്നു ഭയന്ന്.. ആ കോവല്‍ വള്ളിയില്‍ ഒരു കിലോയോളം കോവയ്ക്ക വിളഞ്ഞു കിടക്കുന്നു!!! മുഴുവന്‍ പറിച്ചെടുത്ത്, പോരാന്‍ നേരത്ത് അടുത്ത വീട്ടിലെ ലീലചേച്ചിക്ക് കൊടുത്തു.

ഇങ്ങിനെ ഓരോ പ്രാവശ്യം വരുമ്പോഴും അടയ്ക്ക, വാഴക്കുല, തേങ്ങ ... തന്നുകൊണ്ടിരിക്കുന്ന 18 സെന്റ് ഭൂമിയോട് വളരെ ബഹുമാനവും സ്നേഹവും തോന്നാതിരുന്നില്ല.

Tuesday, April 15, 2008

കൂടുതല്‍ അടുക്കുന്തോറും ....

എവിടെയോ വായിച്ചതോര്‍ക്കുന്നു:

‘കൂടുതല്‍ അടുക്കുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ അടുക്കാനാഗ്രഹിക്കുന്നു.

കൂടുതല്‍ അറിയുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ സുതാര്യനാവാനാഗ്രഹിക്കുന്നു.’

(ഇതൊരു വെറുക്കപ്പെട്ടവന്റെ സുവിശേഷമാവാം) അകലെ നിന്നു കാണുമ്പോള്‍ എല്ലാം സുന്ദരമാണല്ലോ, ബന്ധങ്ങള്‍ പോലും!! കൂടുതല്‍ അടുക്കുമ്പോഴാണല്ലോ, നമുക്ക് കൂടുതല്‍ അറിയാന്‍ അവസരം ലഭിക്കുന്നത്. പ്രണയത്തിലും, സൌഹൃദത്തിലും എന്തിനു ദാമ്പത്യജീവിതത്തില്‍ പോലും ഈ നിയമം ബാധകമാണ്. അല്ലെങ്കില്‍ ആ ബന്ധം വെറും ഉപരിപ്ലവമാണെന്നേ ഞാന്‍ പറയൂ.

കൂടുതല്‍ അടുക്കുമ്പോളാണ് നാം അപരന്റെ ബലഹീനതകള്‍, കന്നത്തരങ്ങള്‍, പോഴത്തരങ്ങള്‍, കുശുമ്പു-കുന്നായ്മകള്‍ മനസ്സിലാക്കുന്നത്. നമ്മുടെ ആദ്യത്തെ സ്വാഭാവിക പ്രതികരണം ‘വെറുപ്പ്’ ആയിരിക്കും.

അയ്യേ, ഇങ്ങേരെ/ ഇവളെ ആണോ ഞാന്‍ ഇത്ര നാളും എന്റെ ഹൃദത്തിന്റെ ശ്രീകോവിലില്‍ വച്ചാരാധിച്ചിരുന്നത്?

അയ്യേ, ഇവന്‍/ ഇവള്‍ ഇത്രയ്ക്കേ ഉള്ളോ?? കഷ്ടം! ഞാന്‍ വിചാരിച്ചത് ........... അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തു മഠയനാ?!

പക്ഷെ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. സിനിമയിലെ ‘Turning point' പോലെ. നിങ്ങള്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ അടുക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നാമാരും ഒരാളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുകയില്ല, കൂടുതല്‍ അറിയാന്‍ ആകാംഷ കാണിക്കുകയില്ല.

കേവലം ഒരു ‘ഹയ് - ബൈ’ യില്‍ നമുക്കു ബന്ധങ്ങള്‍ എത്രനാള്‍ വേണമെങ്കിലും തുടര്‍ന്നുപോകാം. പക്ഷെ ആത്മബന്ധങ്ങള്‍ ഉടലെടുക്കുന്നത് കൂടുതല്‍ അറിയുന്നതിലൂടെയാണ്. വെറുക്കുക എന്നത് അടുക്കുക എന്നതിന്റെ വിപരീതം അല്ല. മറിച്ച്, കോംപ്ലിമെന്ററി ആണ്. മാനസീകമായ ഒരല്പം അകല്‍ച്ചയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ രണ്ടുപേരും പരസ്പരം ലയിച്ച് ഒന്നായി മാറിയിട്ടുണ്ടാവും. കാരണം ഇനി അവറ്ക്കിടയില്‍ മറയൊന്നുമില്ലല്ലോ.

Saturday, April 05, 2008

ഇന്നലെ ഞാന്‍ കൃഷ്ണനെ കണ്ടൂ ...

ഒരു ഗാനം ഓര്‍മ്മ വരുന്നു,

ആശ്രിതവത്സലനേ കൃഷ്ണാ.. കൃഷ്ണാ..
ആലംബം നീയല്ലോ ...

(ബാക്കിയറിയില്ല, ആരെങ്കിലും സഹായിക്കൂ..)

കൃഷ്ണാ നീ, മാത്രമാണ് ഏക ആശ്രയം. കൃഷ്ണാ നീ വേഗം വരൂ.... ഈ ആശ്രിതനെ സഹായിക്കാന്‍.

എന്റെ വിജയം

എന്റെ മനസ്സ് ആര്‍ക്കും കാണുവാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ വിജയം ...
---------------
എന്റെ മുറിവുകള്‍ ആര്‍ക്കും ഉണക്കുവാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ദുഃഖം ...
---------------
എന്റെ വേദനകള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ജീവിതം ...

Thursday, March 13, 2008

ദില്ലി ... ദില്ലി (ഹല്ലോ ഹല്ലോ)

ഞാന്‍ മിനിയാന്ന് ദില്ലിയിലേയ്ക്ക് പറന്നെത്തി.
എല്ലാം പെട്ടെന്നായിരുന്നു. . . കെ.ജി. യോടുപോലും പറഞ്ഞില്ല.
ഇവിടെ കുറച്ചു ദിവസം കാണും.
(എന്നെപ്പോലുള്ള വായിനോക്കികള്‍ക്ക് നല്ലസ്ഥലം ആണ്.)
ഇവിടെ ഹിന്ദിപറഞ്ഞുള്ള മണ്ടത്തരങ്ങള്‍ ഞാന്‍ തീര്‍ച്ചയായും ബ്ലോഗ്ഗില്‍ എഴുതാം. (കുറേയുണ്ട്!!)

‘ജനക് പുരി’ യിലാണു എന്റെ ഓഫീസ്. ജനക് പുരി ഡിസ്റ്റിക്ട് സെന്ററിനു നേരേ മുന്‍പിലുള്ള ഷോപ്പിങ്ങ് ഏരിയായില്‍ ജൈന ടവറ് - 2 വിലാണ് ഓഫീസ്. ഇവിടെ സിനിമ മള്‍ട്ടിപ്ലെക്സ് മുതല്‍ മക്-ഡോണാള്‍ഡ്സ് മുതല്‍ തട്ടുകട വരെ ഉണ്ട്. എപ്പോഴും ജനക്കൂട്ടം ആണ്. നിറയെ സുന്ദരികളും സുന്ദരന്മാരും!! ഇവിടെ ധാരാളം റെസ്റ്റോറന്റ്സ് ഉണ്ട് - ദക്ഷിണേന്ത്യന്‍, പഞ്ചാബി, ചൈനീസ്, മുഗള്‍ .... വിനോദത്തിനും സല്ലാപത്തിനുമായി ധാരാളം തുറസ്സായ സ്ഥലം ഈ ഷോപ്പിങ്ങ് ഏരിയായില്‍ ഉണ്ട്.

----------------------------------------------


(20 March 2008) ഈ ബ്ലോഗെഴുതുന്നത് ‘സ്പൈസ് ജെറ്റ് 503’ യില്‍ ഇരുന്നു ആകാശസഞ്ചാരത്തിനിടയിലാണ്. മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതു നല്ല കാഴ്ച തന്നെയാണ്. ദൈവ സൃഷ്ടിയായ ഈ പ്രപഞ്ചം എത്ര സുന്ദരമാണെന്നു മനസ്സിലാവുന്നതു ആകാശപരപ്പിലൂടെ ഇങ്ങനെ സഞ്ചരിക്കുമ്പോളാണല്ലോ.

കഴിഞ്ഞ 9 ദിവസം ഞാന്‍‍ ദല്‍ഹിയില്‍ അയിരുന്നു. തിരികെ നാട്ടിലെത്തി ഭാര്യയെയും മോനെയും കാണാനുള്ള ഉന്മേഷത്തിലാണു ഞാനിപ്പോള്‍. ഇന്നു പെസഹാ വ്യാഴാഴ്ച, നാളെ ദു:ഖ വെളളി …… പി‍ന്നെ, “ഈസ്റ്ററ്”. പള്ളിയുമായി ചുറ്റിപറ്റി നടക്കേണ്ട വിശുദ്ധവാരം. കര്‍ത്താവിന്റെ പീഡാനുഭവ സ്മരണ പുതുക്കുന്നതോടൊപ്പം ക്രിസ്ത്യാനികള്‍ വീട്ടില്‍ ഒന്നിച്ചു കൂടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണിത്. അജിതയും മോനും എല്ലാം പെരുമ്പിള്ളിയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. ഇത്തവണത്തെ ഈസ്റ്റര്‍ വീട്ടില്‍ തന്നെ!!

ദല്‍ഹിയിലെ ഒന്‍പതു ദിവസവും വളരെ തിരക്കിട്ട ജോലികളില്‍ ആയിരുന്നു. ഞായറാഴ്ചപോലും ഒഫീസില്‍ ഇന്റ്ര്വ്യൂ ഉണ്ടായിരുന്നു! കുറച്ചു സമയമേ ദല്‍ഹി കാണാനായി ജൈയ്സിയും കുടുംബവുമായി പൊകാന്‍ സാധിച്ചുള്ളൂ. എങ്കിലും ഈ ദല്‍ഹി ട്രിപ്പ് നല്ല രസകരമായിരുന്നു. ആര്‍വിനും ആര്‍ഷയ്ക്കും വലിയ സന്തോഷമായി… (എന്റെ വരവു തന്നെ). കുറച്ചു മാത്രം ഷോപ്പിങ് നടത്തി. പാലികാ ബസാര്‍, സരോജിനി മാര്‍ക്കറ്റ്, ..etc. എന്നിവിടങ്ങളില്‍ കറങ്ങി, രാത്രി ഷോപ്പിങ് നടത്തി.

വേദാന്താ അക്കാദമിയിലെ സ്വാമി പാര്‍ത്ഥസാരഥിയുടെ ഗീതാപ്രഭാഷണം ‘ഫിക്കി’ ഹാളില്‍ 13 മുതല്‍ 16 വരെയുണ്ടായിരുന്നു. 2 ദിവസം അതില്‍ സംബന്ധിക്കാന്‍ കഴിഞ്ഞു. ഗീതയില്‍ അഗ്രഗണ്യനായ ഒരു ‘കോര്‍പ്പറേറ്റ് ഗുരു’വാണദ്ദേഹം. വാക്കുകള്‍ക്ക് വളരെ വ്യക്തതയും കൃത്യതയും ഉള്ള അപൂര്‍വം ചില പ്രഭാഷകരില്‍ ഒരാള്‍. ഇതിനു മുന്‍പ് ചെന്നൈ അണ്ണാശാലയിലുള്ള കാമരാജ ആഡിറ്റോറിയത്തില്‍ ഞാന്‍ ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചിട്ടുണ്ട്. (3-4 വര്‍ഷങ്ങള്‍ക്കു മുന്‍പായിരിക്കും).

ഹിന്ദി പഠിച്ചു തുടങ്ങിയിരുന്നെങ്കിലും നാവുളുക്കാതെ പറയാറായിട്ടില്ല.
ഓഫീസില്‍ വച്ച് പേന വേണ്ടി വന്നപ്പോള്‍ ‘മുജെ ഏക് കുര്‍സി ചാഹിയേ’ എന്നു പറഞ്ഞതു കേട്ട് ഓഫീസ് ബോയ് വായും പോളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. [അപ്പോള്‍ തന്നെ അബദ്ധം മനസ്സിലായി!!]

കാര്‍ ഡ്രൈവറോട് ‘കാറ് ഇവിടെ തന്നെ കാണണം‘ എന്നതിനു ‘ഗാഡി ഇധറ് ബൈഡോ’ എന്നു പറഞ്ഞതും നല്ല തമാശയായി തോന്നുന്നു. എന്തായാലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

ഒരു ദിവസം ഓഫീസിന്റെ മുന്‍പില്‍ നിന്നും ആട്ടോയില്‍ കയറി ‘റെഡ് സ്ട്രീറ്റ് ചലോ’ എന്നു പറഞ്ഞപ്പോള്‍ ആട്ടോക്കാരന്‍ ഗൌരവത്തില് എന്നെ ഒന്നു നോക്കിയിട്ട് ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ ആണ്‍ സംഗതിയുടെ വശ പിശക് മനസ്സിലായതു…. ‘റെഡ് ഫോര്‍ട്ട്’ എന്ന് പറയാന്‍ ഉദ്ധേശിച്ച് അതിനുപകരം ആണു ഞാന്‍ ‘റെഡ് സ്റ്റ്രീറ്റ്’ എന്നു പറഞ്ഞതു!!! അയ്യേ ഞാന്‍ ചമ്മി പോയി…

സാരല്ല്യാ ഇത്രേല്ലേ പറ്റിയുള്ളൂ… എന്നു സമാധാനിച്ച് ഞാന്‍ മടക്കയാത്രയിലിരുന്നു തന്നെ ചിരിച്ചു പോകുന്നു. (അടുത്തിരിക്കുന്ന മദാമ്മച്ചി എനിക്കു വട്ടാണെന്നു കരുതുമോ.. എന്തോ?)