ഇന്നലെ 'സാള്‍ട്ട് & പെപ്പെര്‍' കണ്ടു, പ്രതീക്ഷിച്ചതിലും കൊള്ളാം. മാറ്റിനി പദ്മയില്‍, അഞ്ചുമണിക്ക് പടം കഴിഞ്ഞു. പിന്നെ കുറച്ചു നേരം ചവറ ലൈബ്രറിയില്‍ പോയിരുന്നു കുറച്ചു ആഴ്ചപതിപ്പുകള്‍ (മാതൃഭൂമി, മാധ്യമം, കലാകൌമുദി) മറിച്ചു നോക്കി. മടങ്ങവേ കവിതയെ കണ്ടു, അവരുടെ ഓഫീസ് ചവറ ലൈബ്രറിയ്ക്കടുത്താണ്.
ഇന്ന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഒരു കഷണം കടലാസ്സില്‍ കുറിച്ചിട്ടു. ഇന്നലത്തെ 'മാജിക് വോഡ്ക' യാതൊരു ഹാങ്ങ് ഓവറും തരാതെ വെറുതെ മൂത്രമൊഴിച്ചു പോയി.
വാഴക്കുല വെട്ടണം
(തലമുടിയും)
നിഹസിന്റെ കല്യാണം
സുജയന്റെ വക്കീലിനെ കാണണം
തുണി കഴുകല്‍
(കാറും കഴുകണം)
മുമ്പ് പോയിട്ടില്ലാത്ത ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കാണണം
ദന്തിസ്റ്റ് -നെ കാണണം
ഒരു പുസ്തകം വാങ്ങണം (അഞ്ജലി ജോസഫ് എഴുതിയ സരസ്വതി പാര്‍ക്ക്.)
വല്യമ്മച്ചിയെ കാണണം
ഏകാന്തമായുള്ള ഞായര്‍ അറുബോറാണ്. തിരുവനന്തപുരം പോയിരുന്നെങ്കില്‍ മനുകുട്ടനുമായി കറങ്ങാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ അജിതയുമായി വൈകിട്ട് മുട്ടട പള്ളിയില്‍. വീട്ടിലിരുന്നാലും ബോറടിക്കില്ല, ഏഞ്ചല്‍/മനു വികൃതികള്‍ കണ്ടിരുന്നാല്‍ മതി. തല്ലിന്റെ വക്കത്തെത്തുമ്പോള്‍ പിടിച്ചു മാറ്റണമെന്ന് മാത്രം! കഴിഞ്ഞ ആഴ്ച മനുവിന് ഒരു 'പാമ്പും-കോണിയും' കളിക്കാന്‍ വാങ്ങി കൊടുത്തിരുന്നു. അവന്‍ അപ്പാപ്പന്റെ കൂടെ കളിച്ചതും അപ്പാപ്പനെ തോല്‍പിച്ചതും ഫോണ്‍ വിളിക്കുമ്പോള്‍ വീമ്പോടെ പറയും. (അപ്പാപ്പന്‍ എപ്പോഴും അവന്‍ ജയിച്ചു എന്ന് പറയുന്നതാവും.)
രാവിലെ വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടിട്ടു കാറ് കഴുകാന്‍ തുടങ്ങിയപ്പോള്‍, വടക്കേ വീട്ടിലെ തെങ്ങ് കയറാന്‍ ആരോ വന്നിരിക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പഴയ പരവന്‍ മുരളി! പ്രായമായതിനാല്‍ അങ്ങേരു തെങ്ങേല്‍ കയറുന്നില്ല, പകരം കൂടെയുള്ള തമിഴന്‍ ആണ് കയറുന്നത്. മുരളി ചേട്ടന്‍ താഴെ നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. അതിനനുസരിച്ച് തമിഴന്‍ തേങ്ങ വെട്ടിയിടുന്നു. മുരളിയുടെ 'ഐഡിയ' കൊള്ളാം, തന്‍റെ തൊഴില്‍ ഒരു തമിഴനെ വച്ച് 'ഔട്ട്‌സോഴ്സ്' ചെയ്യിക്കുന്നു!! തമിഴന് അറിയില്ല ഏതു തേങ്ങയാണ് വെട്ടിയിടെണ്ടതെന്നു. അത് മുരളി പറഞ്ഞു കൊടുക്കും. വീട്ടിലെ മൂന്നു തെങ്ങ് കയറാന്‍ ഉണ്ടായിരുന്നു, കയ്യോടെ പിടിച്ചു. മൂന്നിലും കൂടി 25 തേങ്ങ കിട്ടി, കൂലി 75 രൂപ കൊടുത്ത് അവരെ പറഞ്ഞയച്ചു.
അതോടെ എന്‍റെ രാവിലത്തെ കുറിപ്പിലെ പരിപാടികളുടെ താളം തെറ്റി. മൂപ്പെത്തിയ ഒരു വാഴക്കുലയും വെട്ടി, തേങ്ങയും കയറ്റി നേരെ ജെയ്സിയുടെ വീട്ടില്‍ കൊണ്ടിറക്കി. ചായകുടി കഴിച്ചു, ബാര്‍ബര്‍ ഷോപ്പില്‍ പോയി നോക്കുമ്പോള്‍ നാലു പേര്‍ നിരന്നിരിക്കുന്നു. അതുകഴിയണമെങ്കില്‍ ഒരു ഒന്നര മണിക്കൂറെങ്കിലും കഴിയും. സമയം 10 മണി, കാത്തിരിക്കാന്‍ സമയമില്ല. പതിനൊന്നരയ്ക്ക് ഒരു കല്യാണമുണ്ട്. വൈകിട്ട് വരാമെന്ന് പറഞ്ഞു അവിടെന്നൂരി.
വീട്ടില്‍ ചെന്ന് ബാക്കി തുണികളും കഴുകി, വെയിലത്തിട്ടു. ഒരു സിമ്പ്ലന്‍ കുളി പാസാക്കി, നേരേ ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും എല്ലാവരും കൂടി നിഹസിന്റെ നിക്കാഹിനു പോയി. വരണ വഴിയില്‍ അഡ്വ: ശശീന്ദ്രന്‍ സാറിനെ കണ്ട് സുജയന്‍ (തൃശൂര്‍) പറഞ്ഞയച്ച കേസിന്റെ ഫയലുകള്‍ വാങ്ങി. തിരികെ ഓഫീസില്‍ വന്നു, കുറച്ചു സമയം അവിടെയിരിന്നു. പിന്നെ എന്ത് ചെയ്യും? നേരേ 'ഒബറോണ്‍ മാളിലേക്ക്' പോയി. ഒരു സിനിമ കാണുകയായിരുന്നു ലക്‌ഷ്യം, എന്നാല്‍ മനസ്സിഷ്ടം തോന്നിയ സിനിമയൊന്നും ഇല്ല. കുറച്ചു നേരം റിലയന്‍സ് ബുക്ക് ഷോപ്പില്‍ കയറി പുസ്തകങ്ങള്‍ മറിച്ചു നോക്കി നടന്നു. (സരസ്വതി പാര്‍ക്ക് കിട്ടിയില്ല.)പിന്നെ കുറെ നേരം പുറത്തു കൂടി നടന്നു, വായിനോക്കി, തിരിച്ചു പോന്നു. മനസ്സില്‍ ശൂന്യതയാണെങ്കില്‍ എവിടെ പോയാലും കാര്യമില്ല!
തിരികെ വൈറ്റിലയില്‍ വന്നു, ഡോണ്‍ ബോസ്കോയില്‍ കയറി, പൊന്നുരുന്നി കപ്പൂച്ച്യന്‍ ആശ്രമത്തില്‍ കയറി, രണ്ടിടത്തും വൈകിട്ട് കുര്‍ബാന ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ 6 മണി. അവിടെ 5 മണിയ്ക്കായിരുന്നു കുര്‍ബാന. അന്നപൂര്‍ണ്ണയില്‍ കയറി ഒരു ദോശയും ചായയും കഴിച്ചു.
അപ്പോഴാണ് സുധി സ്വാമിയെ ഓര്‍മ്മ വന്നത്. നേരേ ചെത്തിക്കോട് നിത്യനികേതനത്തിലേക്ക് വിട്ടു. അവിടെയെത്തിയപ്പോള്‍ ആരും ഇല്ല. (ഇന്നത്തെ പ്ലാനുകള്‍ എടുത്തു നോക്കി, പോക്കറ്റില്‍ തന്നെ മടക്കി ഇട്ടു.) തിരിച്ചു ആമ്പല്ലൂര്‍ എത്തി, കൃഷ്ണന്‍കുട്ടിയുടെ കടയില്‍ തന്നെ തലമുടി വെട്ടി. തിരികെ വീട്ടില്‍ എത്തി, ഉണങ്ങിയ തുണികള്‍ എടുത്തു മടക്കി വച്ചു.
വീണ്ടും പോക്കറ്റിലെ കുറിപ്പടി എടുത്തു നോക്കി. എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു, കുറച്ചൊക്കെ ചെയ്തു. ഒരു ഞായറാഴ്ച്ചയുടെ ഫലം പൂര്‍ണമായി കിട്ടിയില്ല എന്ന് തോന്നി. കുറച്ചു നേരം 'മദര്‍ തെരേസ' വായിച്ചിട്ട് കിടന്നുറങ്ങി.
ആമേന്‍!!
P.S: ഭാരത് മാതാ കോളേജില്‍ സൈക്കോളജി പഠിപ്പിച്ചു കൊണ്ടിരുന്ന പ്രിന്സച്ചന്‍ എന്തിനായിരിക്കും ളോഹായൂരി, രണ്ടു കുട്ടികളുടെ മാതാവായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ പോയത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ആവോ, ഞാനെന്തിനു വെറുതെ തല പുകയ്ക്കണം?
Sunday, September 25, 2011
Subscribe to:
Post Comments (Atom)
1 comment:
വര്‍ഗീയം പറയാന്‍ നിങ്ങളാരു നരേന്ദ്ര മോഡിയോ ? :-))
Post a Comment