Monday, September 05, 2011
ഒരു സൂപ്പര്‍ വിമാന യാത്ര!!
കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.
കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട് സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.
മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.
രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?
(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!
Subscribe to:
Post Comments (Atom)
1 comment:
പിന്നല്ല.. അടിപൊളി
Post a Comment