Saturday, September 03, 2011
മകനേ ഇതിന്ത്യയുടെ ഭൂപടം
ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ് ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?
എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത് നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?
ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത് വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത് അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!
ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?
"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)
Subscribe to:
Post Comments (Atom)
1 comment:
"...വരള്‍ വരകള്‍ നദികള്‍ പരമ്പരകളറ്റവര്‍ .. "
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ഒരു യാത്ര .. ഒരു സ്വപ്നമാണ്..
Post a Comment