Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...