Saturday, December 10, 2011

മുല്ലപെരിയാര്‍ - ഊതിപെരുപ്പിച്ച ഭീതി

മുല്ലപെരിയാര്‍, മാധ്യമങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ഊതിപെരുപ്പിച്ച ഒരു 'സ്കൂപ്പ്' മാത്രമാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞപ്പോഴും ആളുകള്‍ എന്നെ കളിയാക്കി ചിരിച്ചു. അനാവശ്യമായ ഭീതി ജനിപ്പിച്ചു, കൈയ്യടി വാങ്ങാനാണ് പല ചാനലുകളും ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കേന്ദ്രമന്ത്രിമാരും ആഞ്ഞുപിടിച്ചിട്ടും (അല്ലെങ്കില്‍ അങ്ങിനെ അഭിനയിച്ചിട്ടും) അമ്മയുടെ (കുമാരി ജയലളിത) ഒരു രോമം പോലും പറിക്കാനായില്ല. അത് പോലെ കേന്ദ്രവും ഇക്കാര്യത്തില്‍ കാര്യമായ അനക്കമൊന്നും ഇതുവരെ നടത്തിയില്ല! ഈ പ്രഹസങ്ങള്‍ക്ക് മുന്‍പില്‍ ഞാനടക്കമുള്ള കേരളീയര്‍ വെറുതെ നാണം കെടുന്നു? 35 ലക്ഷം ജനങ്ങള്‍ മരിക്കുമാത്രേ? എന്നിട്ടെന്തേ കേന്ദ്രം അനങ്ങുന്നില്ല, അന്താരാഷ്ട്ര സംഘടനകള്‍ ഇടപെടുന്നില്ല, മറ്റു രാജ്യങ്ങള്‍ പ്രതികരിക്കുന്നില്ല? നമ്മള്‍ വെറുതെ പുളുവടിച്ചു സ്വയം ഇളിഭ്യരാകുകയാണോ? പുലി വരുന്നേ, പുലി വരുന്നേ എന്ന് വിളിച്ചു കൂവിയ ഇടയബാലനെ പോലെ?
എനിക്കൊരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് - ഇതിനു പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണ്? പുതിയ ഡാം പണിയാന്‍ എത്ര വര്‍ഷം എടുക്കും? അതിന്റെ കോണ്ട്രാക്റ്റ് കൊടുക്കാമെന്നു പറഞ്ഞു ആരെങ്കിലും ആരുടെ കയ്യില്‍ നിന്നെങ്കിലും തുട്ടു വാങ്ങിയിട്ടുണ്ടോ? തമിഴ്നാടിനു മുല്ലപെരിയാര്‍ ഡാം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മെച്ചങ്ങള്‍ കണ്ടിട്ട് നമുക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? അവര്‍ വെള്ളം കിട്ടാതെ ക്ഷാമവും വരുത്തിയും പട്ടിണിയും കൊണ്ട് വീണു മരിക്കുന്നത് നാമാരെങ്കിലും ഭാവന ചെയ്തു നോക്കിയിട്ടുണ്ടോ?

ഇന്നത്തെ മാതൃഭൂമിയില്‍ ഇങ്ങനെ ഒരു പ്രസ്താവന വായിച്ചു: "ഇടുക്കി റിസര്‍വോയറിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ വലിയ അപകടം പെട്ടെന്നുണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമില്‍ ആകെ വരാവുന്നത് 136 അടി വെള്ളമാണ്. അതായത് 11.2 ടി.എം.സി.വെള്ളം. ഇടുക്കി റിസര്‍വോയറില്‍ ഇപ്പോള്‍ 58 ടി.എം.സി.വെള്ളമുണ്ട്. 74 ടി.എം.സി. വെള്ളം അതിന് ഉള്‍ക്കൊള്ളാനാകും. മുല്ലപ്പെരിയാറിലേതുകൂടി സംഭരിക്കേണ്ടിവന്നാലും 69.2 ടി.എം.സി. വെള്ളം മാത്രമേ ആകുന്നുള്ളൂ. അതിനാല്‍ അപകടസാധ്യത കുറവാണ് - മന്ത്രി പറഞ്ഞു." ഇതില്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്, അല്ലാതെ വെറും വികാരപ്രകടനം അല്ല.

കേരളത്തിലെ തന്നെ മറ്റൊരു മന്ത്രി പറയുന്നത് പുതിയ ഡാം നിര്‍മിച്ചില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിച്ചു മരണം വരിക്കുമെന്നാണ്!! ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ മാനസീക വിഭ്രംശം സംഭവിച്ച പോലെ പറയാമോ? അദ്ദേഹത്തിന്റെ പൂര്‍വ്വകാല സംഭവങ്ങളും അടുത്തകാല പെരുമാറ്റങ്ങളും സൂചിപ്പിക്കുന്നത്, ലേശം മാനസീക'പിരി'മുറുക്കം അനുഭവിക്കുന്നുണ്ടെന്നാണ്. അങ്ങിനെയുള്ളവര്‍ മന്ത്രിസ്ഥാനതിരിക്കുന്നത് കേരളീയരുടെ ശാപം, അവരുടെ വാക്കുകള്‍ കേട്ട് ഭീതിയിലാഴുന്നത് അതിലേറെ കഷ്ടം.

കൊച്ചിയിലെ പല സ്കൂള്‍ കുട്ടികളിലും അനാവശ്യ ഭയം 'മുല്ലപെരിയാര്‍' വിഷയത്തില്‍ കണ്ടു വരുന്നുണ്ട്. ദയവായി ഈ ഭീതി ആളിക്കത്തിക്കരുതെന്നു അപേക്ഷിക്കുന്നു. സത്യം അന്വേഷിക്കുന്ന കോടതിയും ശാസ്ത്രഞ്ജരും ഇക്കാര്യത്തില്‍ ഇടപെട്ടു ഉചിതവും ന്യായവും ആയ നടപടികള്‍ കൈക്കൊള്ളട്ടെ. അതുവരെ മറ്റുള്ളവരുടെ (രാഷ്ട്രീയക്കാരുടെ)കോമാളിക്കളികള്‍ ഒഴിവാക്കുക. അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കുക.

2 comments:

Nice said...

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കെട്ടെ. ആമേന്‍.

Nice said...

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കെട്ടെ. ആമേന്‍.